22 C
Bangalore
October 14, 2018
Untitled

വ്യാകരണവിശേഷങ്ങൾ

ക യുടെ പിന്നാലെ സ്വരങ്ങൾ, മൃദുക്കൾ, മദ്ധ്യമങ്ങൾ, അനുനാസികം എന്നിവ വന്നാൽ ‘ക’യുടെ സ്വഭാവം മാറും.

ത്വക്+രോഗം=ത്വഗ്രോഗം, ഭിഷക്+വരൻ=ഭിഷഗ്വരൻ, വാക്+ഈശ=വാഗീശ, വാക്+ദേവത=വാഗ്ദേവത, വാക്+ദാനം=വാഗ്ദാനം, വാക്+വൈഭവം=വാഗ്‌വൈഭവം, വാക്+വിലാസം=വാഗ്വിലാസം, വാക്+വാദം=വാഗ്വാദം, വാക്+ഈശ്വരി=വാഗീശ്വരി, ഋക്+വേദം=ഋഗ്വേദം ഇവിടെയൊക്കെ ക അതിന്റെ മൃദുവായിവരും. വാക്+മയം=വാങ്മയം – ഇവിടെ ക അതിന്റെ അനുനാസികമാകും.

സംസ്കൃതത്തിലെ വ്യഞ്ജനസന്ധിയാണിത്. ഇതൊന്നും സാധാരണന്മാർ മനസ്സിലാക്കിയിരിക്കണമെന്നില്ല; പഠിച്ചിട്ട് വലിയ കാര്യവുമില്ല. പക്ഷേ, തെറ്റായ വാക്കുകൾ പഠിക്കാതെ, ശരിയെന്തെന്ന് ഉപബോധമനസ്സിലെങ്കിലും അറിഞ്ഞിരിക്കണം എന്നുമാത്രം. അതിന് പത്രക്കാരും പുസ്തകം അച്ചടിക്കുന്നവരും അവരുടെ സ്ഥാപനങ്ങളിൽ നല്ല വൈയാകരണന്മാരെ നിയമിച്ചിരിക്കണം, നല്ല ഭാഷ അച്ചടിക്കണം. നിർഭാഗ്യവശാൽ നമ്മുടെ സർക്കാരും വിദ്യാഭ്യാസവകുപ്പും ഇതൊന്നും ശ്രദ്ധിക്കുന്നില്ല; അവരും ജനങ്ങളെ വഴിതെറ്റിക്കാൻ ഇങ്ങനെയുള്ള പിശകുകളാണെഴുതുന്നത് !

ഇന്നു പന്ത്രണ്ടേമുക്കാലിനുള്ള പ്രകാശധാര എന്ന പരിപാടിയിൽ ഒരു വൈദ്യനുമായുള്ള അഭിമുഖം ആകാശവാണി എഫ് എം പ്രക്ഷേപണം ചെയ്തതിൽ നിലയാംഗം ത്വക്കുരോഗം എന്നാണു പറഞ്ഞത്. വൈദ്യർ പക്ഷേ, സോറിയാസിസിനെക്കുറിച്ചാണ് പറഞ്ഞത് !

പക്ഷേ, ത്വക്കു രോഗം എന്നെഴുതിയാൽമാത്രമേ ത്വഗ്‌രോഗികൾ അവിടെച്ചെല്ലൂ; വ്യാകരണമനുസരിച്ച് ത്വഗ്രോഗം എന്നൊരു ബോർഡ് വച്ചോണ്ടിരുന്നാൽ “ഇതെന്തൊരു കുന്ത്രാണ്ടം ? ഇങ്ങനെയൊരു രോഗമുണ്ടോ ?” എന്നാളുകൾ അദ്‌ഭുതപ്പെടും. ചുരുക്കത്തിൽ വൈദ്യന് ഈച്ചയടിക്കാം എന്നുമാത്രം.

അതാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഗുണം !!!

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.