27.1 C
Bengaluru
January 17, 2020
Untitled

വിശന്നവൻറെ കുറിപ്പ്

vishappu

ഇതാണ് കേരളം, ഇതുമാണ് കേരളം.നാം കേരളീയർ പുരോഗമനകാരികൾ, അങ്ങേയറ്റം വികസിച്ചവർ, ലോകപൗരർ, എവിടെയും വേരുള്ളവർ, കാൽ കുത്താൻ ഇടം ലഭിച്ചാൽ അവിടെ മറ്റൊരു ലോകം ഉണ്ടാക്കാൻ മിടുക്കുള്ളവർ.
ആ കേരളത്തിൽ മണ്ണപ്പം തിന്നു ജീവിക്കുന്ന ആദിവാസികൾ ഉണ്ടെന്ന് നാം സമ്മതിച്ചുകൊടുക്കില്ല,ആ കേരളത്തിൽ ഊരുകളിൽ ആദിവാസി കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവ് മൂലം മരണപെടുന്നു എന്ന യാഥാർത്ഥ്യം നാം അംഗീകരിക്കില്ല. ആ കേരളത്തിൽ ട്രാൻസ്ജെൻഡേഴ്സുണ്ട്, അവർക്കും ജീവിതം ഉണ്ട്, ജീവിക്കാൻ അവകാശം ഉണ്ട് എന്ന് നാം അംഗീകരിക്കില്ല.നാം എല്ലാം തികഞ്ഞ സമൂഹമാണ്.അതുകൊണ്ട് നാം കണ്ടില്ലെന്നു നടിക്കുന്നു ആദിവാസികളെ, ട്രാൻസ്ജെൻഡേഴ്സുകളെ,ദലിതുകളെ അല്ലെങ്കിൽ നമുക്ക് നാണക്കേടാണ് ആ ജീവിതങ്ങൾ എന്ന് കരുതുന്നു.
മണ്ണപ്പം തിന്നുന്നവരായ ആദിവാസികൾ തരം കിട്ടിയാൽ മോഷ്ടിക്കും ഉഭയലിംഗർ കുട്ടികളെ മോഷ്ടിക്കും വ്യഭിചാരം നടത്തും എന്നിങ്ങനെ പൊതു ബോധം കൃത്രിമമായി സൃഷ്ടിച്ച് നാം ഒരു പ്യൂരിറ്റൻ വംശമാണെന്നു ഞെളിയുന്നു.കേരളം മെയ്യോടുമെയ്യു ചേർന്നുണ്ടാക്കിയ വികസനമോഡലിൽ ഈ ജനതകളില്ലല്ലോ.അതുകൊണ്ട് അവരെ ആട്ടിയോടിക്കുക, വേട്ടയാടുക, കുറ്റം വിധിച്ചു തല്ലികൊല്ലുക എന്നത് ആ വികസന മാതൃകയിൽ അഭിരമിക്കുന്നവരുടെ ധർമ്മമാണ്.ആ ബോധമാണ് ആദിവാസിയുവാവിനെ കള്ളൻ എന്ന് വിളിച്ചു തല്ലികൊല്ലാൻ പ്രേരിപ്പിച്ചത്.അക്കാര്യത്തിൽ നാം കേരളീയർ ഒറ്റ ജാതിയാണ്, ഒറ്റ മതമാണ്, ഒറ്റ രാഷ്ട്രീയമാണ്, ഒറ്റ വംശമാണ്.നാം പരിഷ്കൃതരും മറ്റുള്ളവർ അപരിഷ്കൃതരും എന്ന വരേണ്യവും സവർണവുമായ ചോരയോട്ടം നമ്മുടെ സിരകളിൽ ഉണ്ട്.
ആദിവാസികൾക്ക്​സ്വന്തം കൊടി പാടില്ല, സ്വന്തം മുദ്രാവാക്യം പാടില്ല, നാം പിടിക്കുന്ന നമ്മുടെ കൊടി പിടിക്കേണ്ടവരാണ്, നാം വിളിക്കുന്ന മുദ്രാവാക്യം നമ്മുടെ മുദ്രാവാക്യം ഏറ്റുവിളിക്കേണ്ടവരാണ്. നാം ചോര ചാലുകൾ നീന്തി കടന്നു വന്നവരാണ്, ആയതിനാൽ ഇനിയും മറ്റൊരു ചോരചാലുകളോ, ഇല്ലേയില്ല, നാമൊരു വിപ്ലവാനന്തരമായ സമൂഹമാണ്, ഇനിയും മറ്റൊരു വിപ്ലവമോ.ആയതിനാൽ കാട്ടിൽ ആദിവാസികൾക്ക് മറ്റൊരു ലോകം അനുവദനീയമേയല്ല. നാട്ടിലും കാട്ടിലും കാലുകുത്താൻ ഇടമില്ലാതെ ആദിവാസികൾ കേരളത്തിൽ വേരറ്റു.
നാട്ടിൽ ആദിവാസികൾക്ക് നാം കോൺക്രീറ്റ് കാടുകൾ ഉണ്ടാക്കി അവിടം പാർപ്പിച്ചു, കോടികൾ ചെലവഴിച്ചു ആദിവാസികളുടെ പേരിൽ വികസനം എന്ന പേരിൽ,ഈ കൈ കൊണ്ടു കൊടുത്തു,ആ കൈ കൊണ്ടു തിരിച്ചെടുത്തു, ആദിവാസികൾ അനുദിനം വറുതിയിലായി, ബ്യൂറോക്രസി തടിച്ചു കൊഴുത്തു.നാം നമ്മുടെ പരിഷ്കാരങ്ങളിലേക്ക് ആദിവാസികളെ നിർബന്ധപൂർവം കൂട്ടികൊണ്ടു വന്നു, ഞങ്ങളാണ്, ഞങ്ങളുടെ മാതൃകകളാണ് ശരി എന്ന പ്രലോഭനത്തിൽ.അതോടെ കാടും നാടും നഷ്ടപെട്ടു.കാട് കുത്തകപാട്ടകാരും വനംവകുപ്പും വീതിച്ചെടുത്തു.ആ കാട്ടിൽ നിന്ന് ആദിവാസികളെ തുരത്താൻ ഭരണകൂടത്തിന് വഴിയൊരുക്കാൻ മാവോയിസ്റ്റുകളെയും സൃഷ്ടിച്ചു.ആദിവാസികൾ നമ്മുടെ ഭരണഘടന പൊതുസമൂഹത്തിനു മുന്നിൽ വച്ച് ഭരണഘടനാപരമായ ഉറപ്പുകൾ പാലിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ സ്വയംഭരണമോ റിപ്പബ്ലികിനുള്ളിൽ മറ്റൊരു റിപ്പബ്ലികോ എന്ന് ഭയം വിതറി.ആദിവാസികളുമായി ഭരണഘടനാപരമായ ഒരു സംവാദത്തിന് നാം തയ്യാറായില്ല.ആദിവാസികൾക്കെന്തിന് അവരുടേതായ മറ്റൊരു ലോകം, അവരുടെ താല്പര്യങ്ങൾക്കൊപ്പം ഞങ്ങളുണ്ടല്ലോ, ഞങ്ങളുടെ കൊടികളുണ്ടല്ലോ എന്ന് നാം കൊണ്ടു നടന്നു കൊല്ലുന്ന നയം പുലർത്തി.ആ നയം ഇപ്പോഴും തുടരുന്നു.അങ്ങേയറ്റം അസഹിഷ്ണുതയോടെ നാം ആദിവാസികളുടെ ഇടയിൽ ഉണ്ടാവുന്ന എല്ലാ തരം ഉണർച്ചകളെയും ഇകഴ്ത്തുന്നു. കാട്ടിലെ മൃഗങ്ങൾ നാട്ടിലിറങ്ങിയാൽ നാം മയക്കുവെടിവച്ചു വീഴ്ത്താറാണ് പതിവ്. കൊല്ലാറില്ല, മയക്കികിടത്തി കാട്ടിലേക്ക് വീരപരിവേഷത്തോടെ സർക്കാർ ചെലവിൽ അയക്കാറാണ് പതിവ്. അത് ആനയായാലും സിംഹമായാലും പുലിയായാലും കടുവയായാലും ആ മൃഗങ്ങൾ നാട്ടിൽ ഇറങ്ങിയുണ്ടാക്കിയ നാശനഷ്ടങ്ങൾ പോലും പരിഗണിക്കാതെ. ആ വന്യമൃഗങ്ങൾക്കു കൊടുക്കുന്ന പരിഗണന കാടിറങ്ങി നാട്ടിലിറങ്ങിയ വിശന്നുവലഞ്ഞു നടന്ന ഒരാദിവാസി ചെറുപ്പക്കാരന് നാം കൊടുത്തില്ല. മയക്കുവെടിയുടെ ദാക്ഷിണ്യം നാം ആ മനുഷ്യന് കൊടുത്തില്ല. പകരം നാം അവനെ കള്ളൻ എന്ന് വിളിച്ചു കൈകൾ കൂട്ടി കെട്ടി നിൽക്കുന്നിടത്തുനിന്ന് അനങ്ങാൻ സമ്മതിക്കാതെ അടിച്ചു കൊന്നു.ആ ദൃശ്യങ്ങളുടെ സെൽഫിയെടുത്തു അഭിമാനം കൊണ്ടു.അങ്ങനെ ചെയ്തവർക്കറിയാം ഈ ആദിവാസി ജീവിതം നമ്മുടെ കേരള മോഡൽ വികസനത്തിന് എതിരായതിനാൽ ഒരിക്കലും ശിക്ഷിക്കില്ല എന്ന്, നിയമത്തിന്റെ, ജാതിയുടെ, മതത്തിന്റെ, രാഷ്ട്രീയത്തിന്റ പിന്തുണ ഉണ്ടാവും എന്ന്.കാരണം നാം കേരളീയർ ആദിവാസികളുടെ കാര്യത്തിൽ അവർക്കെതിരെ ഒറ്റ ജാതിയാണല്ലോ, ഒറ്റ മതമാണല്ലോ, ഒറ്റ രാഷ്ട്രീയമാണല്ലോ, ഒറ്റ വംശമാണല്ലോ. നമുക്ക് അവരുടെ താളം, ജീവിതം ആവശ്യമാണ് കവിതയെഴുതാൻ, കഥകളെഴുതാൻ, സിനിമയെടുക്കാൻ. അതിനപ്പുറം നമുക്ക് ആദിവാസിയിൽ താല്പര്യം ഇല്ല. നമ്മുടെ നിയമസഭയിൽ 140 പേർ ആദിവാസികൾക്കെതിരെ കൈ പൊക്കിയ ആ ചരിത്രസന്ദർഭമുണ്ടല്ലോ,ആ കാട്ടാള കവിത പോലും ആദിവാസികൾക്കൊപ്പം നിന്നില്ല. ആയതിനാൽ ഈ അവസരം ആദിവാസികൾക്കൊപ്പം നിൽക്കാനുള്ള താണ്. ഈ അവസരത്തെ വികാരപരമായി പ്രകടനം നടത്തി അലക്കി തുലച്ചു കളയരുത് എന്റെ കേരളമേ. ആയതിനാൽ കൊല്ലപെട്ട മധുവിനൊപ്പം എന്നതിനാൽ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന ആദിവാസികൾക്കൊപ്പം എന്ന് തിരുത്തണം ഈ അവസരത്തെ. കാരണം ഇന്ന് പുറത്തിറങ്ങിയ മുഖ്യധാരാ മലയാള ദിനപത്രങ്ങളിൽ വന്ന മധു മരണപ്പെട്ടതു സംബന്ധിച്ച വാർത്തയിലുണ്ട് ആദിവാസി വിരുദ്ധമായ കേരള മോഡൽ വികസനത്തിനോടുള്ള ആരാധന.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.