കമലയെ അവസാനമായി കണ്ടത് മനയ്ക്കലെ ചെങ്കല്ലു പാകിയ കുളക്കരയുടെ ഓടപ്പൂക്കള്‍ വീണുചിതറിയ നാലാം പടവില്‍ വെച്ചായിരുന്നു..

വര്‍ഷങ്ങള്‍ക്കു മുമ്പുളള ഒരു മഞ്ഞുകാലസന്ധ്യയായിരുന്നു അത്.

മനയുടെ തെക്കുഭാഗത്തെ കവുങ്ങിന്‍ തോപ്പിനു നടുവില്‍ പച്ചനിറം പുതച്ച് ഉദാസീനമായി മാനം നോക്കിക്കിടക്കുന്ന കുളത്തിലെ വെളളം എല്ലായ്പ്പോഴും നിശ്ചലമായിരുന്നു.

അക്കരെയുളള പാണനും കൂട്ടരും മൂവന്തിനേരം കുളിക്കാന്‍ വരുന്നതു വരെ ഏതോ ഗതകാല സ്മൃതിയില്‍ ലയിച്ചെന്നപോലെ കുളക്കര നിശ്ശബ്ദതയില്‍ ആണ്ടുപോവും..

കുളത്തെ ഗാഢമായി പുണരാന്‍ വെമ്പി, മേലെ അരയാല്‍മരം അതിന്‍റെ ചില്ലകള്‍ താഴേയ്ക്കു നീട്ടുന്നുണ്ടാവും. കൊമ്പില്‍ മഞ്ഞയും കറുപ്പും നിറത്തിലൊരു പക്ഷി ചിറകുകള്‍ക്കുളളിലേയ്ക്ക് മുഖംപൂഴ്ത്തി ചിക്കിച്ചികയും.

”മറക്ക്വോ എന്നെ..?”

കിഴക്കന്‍ മലയിറങ്ങി വന്ന തണുത്ത കാറ്റിനോടെന്നവണ്ണം അവള്‍ ചോദിച്ചു.

ഞാന്‍ തലതാഴ്ത്തി കല്‍പ്പടവുകളിലിരുന്നു.

അവളുടെ കറുപ്പില്‍ മഞ്ഞപ്പൂക്കളുളള ദാവണി കാറ്റിന്‍റെ കൈകളില്‍ അനുസരണയില്ലാത്ത കുട്ടിയായി മാറി.

”ഒത്തിരി സ്നേഹിച്ചുപോയി.
നമ്മള്‍ കണ്ടുമുട്ടാന്‍ പാടില്ലായിരുന്നു.”

പിന്നെ അവള്‍ വിദൂരതയിലേയ്ക്കു നോക്കി മന്ദമായി ചിരിച്ചുകൊണ്ട് മൊഴിഞ്ഞു,

”അതൊന്നും തീരുമാനിക്കുന്നത് നമ്മളല്ലല്ലോ”.

ദൂരെ ചെമ്മണ്‍പാതയിലൂടെ ശൂരന്‍പോരിനു പോവുന്ന കരിമ്പു വില്‍പ്പനക്കാരുടെ ശബ്ദം..അവരുടെ വണ്ടിച്ചക്രങ്ങളുടെ ദുഃഖംമുറ്റിയ നിലവിളികള്‍..

”അല്ലെങ്കിലും മനയ്ക്കലെ വാല്യക്കാരിക്ക് കൊച്ചു തമ്പ്രാനെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍ എങ്ങനെ ധൈര്യം വന്നു?”

കമലയുടെ സ്വരമടഞ്ഞു.

”തെറ്റ് എന്‍റെയാണ്. എന്‍റേതുമാത്രം..”

അവള്‍ വിതുമ്പിക്കരഞ്ഞുകൊണ്ട് പടവുകള്‍ കയറി നിഴലുകളിളകുന്ന കവുങ്ങിന്‍ തോപ്പിലൂടെ നടന്നു പോയി.

ഓര്‍മ്മകള്‍ കൈകൊട്ടി വിളിക്കുന്നു…

അന്തിയൂര്‍ക്കുന്ന് ഉത്സവം..

കാലത്ത് ശീവേലിയുണ്ട്.
ഉച്ചയ്ക്ക് പടിഞ്ഞാറെ നടപ്പുരയില്‍ ഓട്ടന്‍തുളളല്‍..

കമല കൈകോര്‍ത്ത് പിടിച്ച് കൗതുകം തുടിക്കുന്ന കണ്ണാലെ തന്‍റെ കൂടെ..

കത്തിച്ചുവെച്ച പെട്രോമാക്സുകളുടെ വെളിച്ചത്തില്‍ അവളുടെ മുഖത്തിന് ആയിരംശോഭ തോന്നി.

സ്റ്റേജില്‍ ബാലെയോ നൃത്തമോ ഉണ്ടാകും.

ആസ്വദിച്ചു കാണുമ്പോള്‍ അവളെ ഒളിക്കണ്ണിട്ടു നോക്കും. മുഖത്തെ ഭാവഭേദങ്ങള്‍ ഒരു കൊച്ചുകുഞ്ഞിന്‍റെ നിഷ്ക്കളങ്കതയെ ഓര്‍മ്മിപ്പിച്ചിരുന്നു.

ആയിരം തിരികള്‍ കത്തുന്ന ചുറ്റുവിളക്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ആര്‍ദ്രമാവുന്ന അവളുടെ കണ്ണുകള്‍…
സ്വര്‍ണ്ണനിറമണിയുന്ന മുഖം..

ഊട്ടുപുരയില്‍ കഥകളിവേഷങ്ങള്‍ ഒരുങ്ങുന്നു..
ചുട്ടികുത്തിയ ഭീമനും ദുര്യോധനനും ഹനുമാനും..

മടക്കത്തില്‍, വഴിവക്കിലെ കെട്ടിയുണ്ടാക്കിയ കടയില്‍ നിന്നും വാങ്ങിച്ചു കൊടുക്കുന്ന കുപ്പിവളയും മൂക്കുത്തിയും കമ്മലും..

ഓര്‍മ്മയുടെ കല്‍പ്പടവുകള്‍ ഇപ്പോഴും പലതും ഓര്‍മ്മിപ്പിക്കുകയാണ്.

പൊഴിഞ്ഞു വീഴുന്ന ഓടപ്പൂക്കള്‍ക്ക് ഇന്നും മഞ്ഞനിറം തന്നെ.

സായന്തനത്തില്‍ കുളിക്കാന്‍ വരുന്ന പാണന്‍മാര്‍ ഒരു സ്മൃതിചിത്രമായി.

ചില നേരങ്ങളില്‍ ഇവിടെ, ഈ പടവുകളിലിരിക്കുമ്പോള്‍‍ ഒരു രവിവര്‍മ്മ ചിത്രം പോലെ കമല തെളിഞ്ഞു വരുന്നു.

”ന്‍റെ തെറ്റാ എല്ലാം..ന്‍റെ പൊട്ടത്തരം..”

നനഞ്ഞൊട്ടി അടര്‍ന്നു പോയതു പോലെ അവളുടെ സ്വരം കാറ്റിലലിഞ്ഞു പോവുന്നു..

കുളക്കര ഒരു ഓര്‍മ്മക്കടവായി മാറുകയാണ്..

പാതിയില്‍ വഴിപിരിഞ്ഞുപോയ ഒരാളുടെ നേര്‍ത്ത ഗദ്ഗദം ഇന്നും ഈ പടവുകളില്‍ വീണു ചിതറുന്നു..

 

——————
ഈയിടെ പുറത്തിറങ്ങിയ എന്‍റെ കഥാസമാഹാരം ‘വീണ്ടും പൂക്കുന്ന ഗുല്‍മോഹറില്‍ നിന്ന്.

Jabir Malayil
Writer, Malayalam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.