ധൈഷണിക വ്യക്തിത്വങ്ങളുടെ പ്രതിഭാ വിലാസം വിമർശന വിധേയമാക്കപ്പെടുമ്പോൾ സാധാരണയുണ്ടാക്കുന്ന വാദ പ്രതിവാദങ്ങൾ ആശയങ്ങളുടെ പുതിയ രൂപങ്ങളെ ഉല്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ശരി തെറ്റുകൾ തുലനം ചെയ്യപ്പെടുമെങ്കിലും യഥാർത്ഥത്തിൽ സംഭവിക്കുന്നത് മറ്റൊന്നാണ്. അതായത് ;പരിചിതവും പ്രശസ്തവുമായ ഒരു സിദ്ധാന്തത്തിൽ ഉറച്ചു നിന്നു കൊണ്ടു തന്നെ വ്യത്യസ്ത വീക്ഷണ കോണുകളിലൂടെയുള്ള അപഗ്രഥനമാണ് അവിടെ സംഭവിക്കുന്നത് . പല പല ചിന്തകൾ ഇവിടെ മാറ്റുരയ്ക്കപ്പെടുന്നു. അത് വഴി കേന്ദ്രീകൃത വിഷയത്തിലേയ്ക്ക് അപര ശ്രദ്ധകൾ കൂടുതൽ ആകർഷിക്കപ്പെടുകയും, തദ്വാരാ പ്രസ്തുത വിഷയം ആവർത്തിച്ചാവർത്തിച്ച് വിചിന്തന വിനിമയമാക്കപ്പെടുകയും ചെയ്യുന്നു. ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട സിദ്ധാന്തമാണ് ‘മാർക്സിസം’. അതു മൂലമുണ്ടായ ഏറ്റവും വലിയ ഉല്പന്നമേതെന്ന ചോദ്യത്തിന് അതിന്റെ കാലാതിവർത്തിത്വം എന്നുമാത്രമാണുത്തരം. വർഗ്ഗസമരമാണ് ജീവ വ്യവസ്ഥയുടെ പരിണാമ സൂചികയെന്ന് അടിവരയിട്ട് പറയുന്ന കാറൽ മാർക്സ് ഇതിനോട് പൂരകമായി നില്ക്കുന്ന പ്രതിലോമാവസ്ഥകൾക്കുനേരേ കണ്ണടയ്ക്കുന്നുമില്ല. മാർക്സിയൻ ചിന്താ ധാര വിമർശിക്കപ്പെട്ട പ്രധാന വശങ്ങളെ മുൻ നിർത്തി ലോക പ്രശസ്ത മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ ടെറി ഈഗിൾട്ടൺ (Terry Eagleton) എഴുതിയ ‘എന്തുകൊണ്ട് മാർക്സ് ശരിയായിരുന്നു . ?. (Why marx was right – പരിഭാഷ ശ്രീ. പി . ജെ. ബേബി) എന്ന പുസ്തകം മാർക്സിയൻ വിമർശനങ്ങൾക്കുള്ള വിമർശനത്തിലൂടെയുള്ള മാർക്സിലെ ശരികളെ കണ്ടെത്തലുകളാണ് . എങ്കിലും ഇവിടെ മാർക്സും വിമർശന വിധേയനാകുന്നു. മാർക്സിന്റെ ശരികളെ മാറോട് ചേർക്കുകയും സാമൂഹിക ജീവിതത്തിൽ അതിന്റെ സ്വാധീനമെന്ത് ?. ആ സ്വാധീനത്തിന്റെ ആവശ്യമെന്ത് ?. എന്നിവയുടെ വെളിപ്പെടുത്തലുകളാണ് ഇതിൽ. മതം, സമൂഹം, തൊഴിൽ, തൊഴിലാളി, തൊഴിലിടം, മുതലാളി, വിപണി, വ്യാപാരം, ലാഭം, നഷ്ടം, തുടങ്ങി സമസ്തവശങ്ങളും മാർക്സിയൻ കാഴ്ചപ്പാടുകളിൽ നിന്നു കൊണ്ട് സാധൂകരിക്കുകയും വിമർശിക്കുകയും അതിലൂടെ, മാർക്സ് എന്ന ശരിയേ വെളിപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ് ടെറി ഈഗിൾട്ടണിന്റെ Why marx was right എന്ന പുസ്തകം.

Santhosh S Cherumoodu
പ്രണയമേയുള്ളൂ നിറയേ ... പ്രണയിക്കാനാരുമില്ലാതിരുന്നിട്ടും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.