വീടൊന്ന് വരച്ചെടുക്കുക
അത്ര എളുപ്പമല്ല.
ആദ്യം, 
ചങ്കുതകർന്ന്
ചിതയിലേക്കു നടന്നുപോയ
അച്ഛനെ,
ഉമ്മറം വരച്ച്, അതിലൊരു
ചാരുകസേരയിട്ടിരുത്തണം!
പിന്നെ,
വൃദ്ധസദനമെന്ന സ്ലേറ്റിൽ
കല്ലുപെൻസിൽകൊണ്ടു വരച്ച
അമ്മയെ, നിറം കൊടുത്ത്,
അടുക്കള വരച്ച്, പുകയാൻ വയ്ക്കണം!
അല്പം കരിചേർത്ത് അടുത്തൊരു
വീട്ടമ്മയെക്കൂടി വരയ്ക്കണം!
സ്വീകരണമുറിയിലെ
പ്രകാശചതുരത്തിനു മുന്നിൽ
കുഞ്ഞു കണ്ണുകൾ വരയ്ക്കണം!
അച്ഛന്റെ നെഞ്ചിലിടിവെട്ടി
പെയ്തിറങ്ങിപ്പോയൊരു മകളുടെ
മൂർച്ചയുള്ളൊരു ശബ്ദം വരയ്ക്കണം!
അമ്മയെ കൂടിന്റെ സുരക്ഷയിൽ പൂട്ടി
തിരികെപ്പോവും മകന്റെ
കാലടിപ്പാടും വരയ്ക്കണം!
മുറ്റം വരയ്ക്കണം,
ചതുരക്കട്ടകൾക്കടിയിൽ
നിവരാനാവാതെ വളയുന്ന
കുഞ്ഞു പുൽത്തുമ്പും വരയ്ക്കണം!
പിന്നെയെങ്ങും സ്ഥലമില്ലാത്തതിനാൽ
പണയരസീതിയുടെ പിന്നിൽ
സ്വന്തം ചിത്രം വരച്ചോളൂ…
ഇക്കാലത്ത്-
വീടു വരയ്ക്കുക തീരെ എളുപ്പമല്ല!

Pradeep Purushothaman
I am, Pradeep Purushothaman, from Pathanamthitta. Degree in Chemistry with post graduation in Ecology& Environment. Working as Senior Chemist at FACT, Udyogamandal. Do drawings, paintings and sculptures. Writes poems, short stories and other articles mainly on social media. Living at Kalamassery with wife and two children. Recently finished a challenge #100daysofsketching on Facebook

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.