27.5 C
Bengaluru
January 17, 2020
Untitled

വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കൈവിടൂ..

umberto eco

വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കൈവിടൂ, ആ പുസ്തകങ്ങളിൽ വായനക്കാർ എന്ന നിലയിൽ പിന്നെ എന്തിനു ഉടമസ്ഥത, വായിച്ചുകഴിഞ്ഞാൽ ഉപേക്ഷിക്കൂ, ബുക്ക് ഷെൽഫുകളിൽ നിന്ന് എടുത്തു മാറ്റൂ, ആർക്കെങ്കിലും കൈമാറിയൊഴിവാക്കൂ വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ, പകരം സ്ഥാനം പിടിക്കട്ടെ വായിക്കാനുള്ള, ഇനിയും വായിക്കാതെപോയ, വായന കാത്തിരിക്കുന്ന പുസ്തകങ്ങൾ. എന്തൊരു പുസ്തക ശേഖരമാണ് സാറെ, ഇവയൊക്കെ ഈ ആയുസിനുള്ളിൽ വായിച്ചു തള്ളിയല്ലോ എന്റെ പഹയാ എന്ന് എന്തിന് പറയിപ്പിക്കുന്നു. വായനാദിനത്തിൽ ഉംബെർട്ടൊ എക്കൊയുടെ ആൻറി ലൈബ്രറി ആശയം വായനക്കാരനെ പ്രകോപിക്കുന്നു, വായനയെ പ്രചോദിപ്പിക്കുന്നു. എത്ര പുസ്തകങ്ങൾ ഇതുവരെ വായിച്ചു തള്ളി, കൈയും കണക്കും ഉണ്ടോ, എന്നിട്ടെന്തായി, എന്തു നേടി? ഈ ചോദ്യം വായനക്കാർ ഏതെങ്കിലും ഒരു ഘട്ടത്തിൽ സ്വയം ചോദിച്ചതോ, വായനക്കാരെ തേടി വന്നാരോ ചോദിച്ചതോ ആണ്. ഒരു വായനക്കും വായനക്കാരിലോ വായനക്കാരുടെ സമൂഹത്തിലോ സവിശേഷമായതൊ ന്നും സംഭവിപ്പിക്കാനാവുന്നില്ല എങ്കിൽ പിന്നെ എന്തിനാണ് വായിക്കുന്നത്. പുസ്തകവായന ബുദ്ധിജീവികളെ മാത്രമല്ല ക്വിക്സോട്ടുകളെയും സൃഷ്ടിച്ചിട്ടുണ്ട്. മലമുകളിൽ കാണുന്ന കാറ്റാടി യന്ത്രം കാറ്റത്തിളകുന്നത് കണ്ടിട്ട് പിശാച് തന്നെ യുദ്ധത്തിന് മാടിവിളിക്കുകയാണ് എന്ന് കരുതി കൈയിൽ കിട്ടിയ വടിയുമേന്തി യുദ്ധം ചെയ്യാൻ പോയ ക്വിക്സോട്ട് ഒന്നാം തരം പുസ്തകവായനക്കാരനായിരുന്നു. ഒരേതരം പുസ്തകങ്ങൾ വാരിവലിച്ച് വായിച്ചു. വായനക്കുമുണ്ട് യൂനിഫോം. ഒരേ നിറത്തിൽ ഒരേ ബോധത്തിൽ ഒരേ ഇഷ്ടത്തിൽ തൻറെ നിലനില്പിനാവശ്യമായ ഇന്ധനം എന്ന നിലയിൽ. ഒന്നും വായിക്കാതിരുന്ന സാഞ്ചൊപൻസ നിരന്തരം ക്വിക്സോട്ടിനെ തിരുത്താൻ ശ്രമിച്ചിട്ടുണ്ട്. കൂട്ടുകാരനായിരുന്ന സാഞ്ചൊപാൻസ പുസ്തകങ്ങളേ വായിച്ചിരുന്നില്ല. വായിച്ചുവായിച്ച് കിളിപോയ ക്വിക്സോട്ടിന് സാഞ്ചൊ പാൻസെ ഊന്നുവടിയായി, വഴികാട്ടിയായി യാഥാർത്ഥ്യത്തിലേക്ക് നടത്തി. യഥാതഥമായതൊന്നും ക്വിക്സോട്ട് കണ്ടില്ല, കാണാൻ ശ്രമിച്ചതേയില്ല. സാഞ്ചൊ പുസ്തകങ്ങൾ വായിച്ചതേയില്ല, അനുഭവങ്ങളിൽ നിന്ന് ജീവിതം വായിച്ചു, മനനം ചെയ്തു, പഠിച്ചു. നമ്മിൽ പലരും പുസ്തകങ്ങൾ വായിക്കുന്നത് നമ്മിലെ ആയുധങ്ങളെ മൂർച്ച കൂട്ടാനാണ്, അല്ലെങ്കിൽ ബൗദ്ധികമായ പ്രതിരോധത്തിന്റെ ഭാഗമായി വായിക്കുന്നു. നിരുപാധികമേയല്ല ആ വായന. അരത്തിൻറെ പണി വായന ചെയ്യുന്നു. അരയും തലയും മുറുക്കി എപ്പോഴും ശത്രുവിനെ അഭിമുഖീകരിക്കാൻ സന്നദ്ധമായി നിൽക്കുന്ന യുദ്ധോത്സുക മനോഭാവത്തിൽ. ആൻറിലൈബ്രറിസംപ്രസക്തമാവുന്ന സന്ദർഭമാണിവിടെ. വായന നമ്മെ നഷ്ടപ്പെടുത്തുന്നു. നാം മറ്റാർക്കോ വേണ്ടി വായിക്കുന്നു. രണ്ടു തരം ചാവേറുകൾ ഉണ്ടല്ലോ. കായികമായി ഇല്ലാതാക്കുന്ന ചാവേറും ബൗദ്ധികമായി ഇല്ലാതാക്കുന്ന ചാവേറും. പേനയുടെ യുദ്ധമുറകളുണ്ടായിട്ടുണ്ടല്ലോ, പുസ്തകങ്ങളുടെ യുദ്ധങ്ങളുണ്ടായിട്ടുണ്ടല്ലൊ, എഴുത്തുകാർ ചേരിതിരിഞ്ഞ് യുദ്ധം ചെയ്തിട്ടുണ്ടല്ലൊ. വാക്കേറ്റ്, വാക്കിനാൽ മുറിവേറ്റു എത്രയോ പിടഞ്ഞു വീണിട്ടുണ്ട്, അവരുടെ നിലവിളികളാൽ മുഖരിതമായിട്ടുണ്ട്. അങ്ങനെ വരുമ്പോൾ പുസ്തകവായന അത്രമേൽ വാഴ്ത്തപെടേണ്ട ഒന്നല്ല. Books are dull, its endless strife എന്ന് എഴുതിയ വേഡ്സ് വെർത്ത് സ്വന്തം സുഹൃത്തിനെ ക്ഷണിക്കുന്നു, പുസ്തകം ഉപേക്ഷിച്ചു വരൂ, ഈ മണ്ണിൽ ചവിട്ടി വരൂ കാട്ടിലേക്ക്, അവിടുത്തെ പാട്ടു കേൾക്കൂ, പുസ്തകത്തിൽ നിന്ന് നിന്റെ ഗുരുക്കന്മാർ പഠിപ്പിച്ചതിനേക്കാൾ പാഠങ്ങൾ ഉണ്ട് കാട്ടിലെ പാട്ടിൽ. ഇതു തന്നെയാണല്ലോ തോറ ജീവിതത്തിൽ അഭ്യസിച്ചത്. അപരിഷ്കൃതമെന്ന് നാഗരികൻ ഇകഴ്ത്തുന്ന ഗ്രാമസത്തയുടെ ആത്മാംശങ്ങളിൽ കാട് നമ്മെ നിറക്കുന്നു. നാമൊന്നും വായിച്ചിട്ടില്ല, നാം വായിച്ചതൊക്കെയും നാടിനും കാടിനും അവിടുത്തെ ജീവിതത്തിനും എതിരായിരുന്നു എന്നൊക്കെ തിരിച്ചറിയുമ്പോൾ നമ്മിൽ നടക്കുന്ന പൊളിച്ചെഴുത്തുണ്ടല്ലോ, യഥാർത്ഥത്തിൽ അതാണ് അപനിർമ്മാണം. എല്ലാരിലും വായന അത് സാധ്യമാക്കണമെന്നില്ല. എത്ര ഊർജത്തോടെയാണ് വാക്കൗട്ട്(walk out) നടത്തിയത്, അതേ ഊർജത്തോടെ വാക്കിൻ (walk in) നടത്തുന്നവരാണേറെ. ഇരങ്ങിപോരൽ അത്ര എളുപ്പമുള്ള കാര്യമല്ല. ബുദ്ധനാവുക അത്ര എളുപ്പമല്ല, ബുദ്ധിസ്റ്റാവുന്നത് പോലെ എളുപ്പമല്ല അത്. വല്ലാത്തൊരു negative capability നമ്മിൽ സാധിച്ചെടുക്കാനുണ്ട്. അത്രയെളുപ്പമല്ല ആ പ്രക്രിയ. നാമൊരിക്കലും സ്വയം പൊളിയാനേ തയ്യാറല്ല. ഏതു പ്രളയത്തിലും നാം ഒരു കണ്ടെടുക്കുന്നു.

രക്ഷപെടാനൊരു ദ്വീപ് നമ്മിലെന്നോ ഉണ്ടല്ലോ. ആത്മത്തെ തകർക്കുക വഴി കൈവരുന്ന മറ്റൊന്നിലേക്കുള്ള പരാവർത്തനമാണ് വായനകൊണ്ട് സാധ്യമാവുന്ന കെമിസ്ട്രി. അപ്പോൾ ഞാൻ നിന്നെ വായിക്കുന്നു എന്നാവുന്നു, നീ എന്നെ വായിക്കുന്നു എനാവുന്നു. I am become you are എന്നൊരു ആയിതീരൽ. ഞാൻ നീയായും നീ ഞാനായും മാറുന്ന സംക്രമണങ്ങളിലൂടെ ജീവിതം പുതിയ വസന്തം സൃഷ്ടിക്കുന്നു. മറ്റൊരു വായന സാധ്യമാക്കുന്ന സാധ്യത, ആ വായനക്ക് പുസ്തകവുമായിട്ടേ ബന്ധമില്ല. ഗാന്ധിജി വെറുതെ പറഞ്ഞതല്ല അൺ ടും ദ ലാസ്റ്റ്, ഭഗവത് ഗീത, ഖുർആൻ, ബൈബിൾ. .   ഇവ നാലെണ്ണമാണ് ഞാൻ വായിച്ചതെന്ന്, മറ്റാരും വായിക്കാത്ത നിലയിൽ ആ പുസ്തകങ്ങൾ ഗാന്ധി വായിച്ചു. അങ്ങനെയാണ് അദ്ദേഹത്തിന് ഒരു ജനതയെ സ്വന്തം മാറോടു ചേർത്ത് നിർത്താനായത്. ആ വായനയുള്ള ഒരാളും പിന്നീട് ഉണ്ടാകാത്തതിന്റെ നിർഭാഗ്യമാണ് ഈ നാടിന്റെ നിലക്കാത്ത നിലവിളി. . . നമ്മുടെ ഊന്നുവടികൾ ഓരോന്നായി നമുക്ക് നഷ്ടപ്പെട്ടു.  ഊന്നുവടികളുടെ നിലതെറ്റിച്ചത് അതിവായനയോ ലളിതവായനയോ ആണ്. വായിച്ചുവായിച്ചു നിലതെറ്റി. മൂലധനവും കമ്യൂണിസ്റ്റ് മാനിഫെസ്റ്റൊയും എഴുതിയ കാൾ മാർക്സിൽ ഒരു മിൽട്ടൺ, ഷെയ്ക്സ്പിയർ, ബൈബിൾ വായനക്കാരനുണ്ട്. ആ വായനക്കാരനെ മാർക്സ് ആവോളം തൃപ്തിപെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഷെയ്ക്സ്പിയർ നാടകങ്ങളിൽ വർഗരാഷ്ട്രീയം പഠിക്കാൻ ഒരുമ്പെടുകയും ഷെയ്ക്സ്പിയറിൻറേത് കമ്യുണിസ്റ്റ് വിരുദ്ധസാഹിത്യമാണെന്ന് ലേബലൊട്ടിക്കാൻ തുനിയുകയും ചെയ്ത ആ രീതിയിൽ വിമർശനമെഴുതിയ അർണോൾഡ് റൂഷിനെ മരതലയൻ എന്ന് മാർക്സ് വിളിക്കേണ്ടി വന്നത്. അതിവായനയുടെ അപകടം മാർക്സ് മുൻകൂട്ടി കണ്ടിരുന്നു. മറ്റൊരു ഘട്ടത്തിൽ ഞാൻ മാർക്സിസ്റ്റേയല്ല എന്ന് അദ്ദേഹത്തിന് വെളിപെടുത്തേണ്ടിവന്നതും. ആൻറിലൈബ്രറിസം പല രീതിയിൽ പല കാലങ്ങളിൽ പ്രവർത്തിച്ചതായി കാണാം. ഞാൻ വായിക്കാറേയില്ല, instead I meditate എന്നൊരു കമന്റ് ഒ. വി. വിജയൻ നടത്തിയിട്ടുണ്ട്. നമ്മെ നിർമ്മിക്കുന്ന, അപനിർമ്മിക്കുന്ന വിരലിലെണ്ണാവുന്ന പുസ്തകങ്ങളേയുള്ളൂ, ബാക്കിയെല്ലാം
ഈ പുസ്തകങ്ങളുടെ കോപ്പിയോ പുനസന്ദർശനങ്ങളോ ആണ്,  ഒറിജിനൽ വായിച്ചു കഴിഞ്ഞാൽ, അനന്തരം പിന്നെയും​ മറ്റ് പലതും വായിച്ചു കൊണ്ടിരിക്കുന്നുവെങ്കിൽ അതിനർഥം വായനക്കാരൻ യന്ത്രമായിപോയി എന്നാണ്, ധ്യാനാത്മകതയില്ലാത്ത ആ വായനക്കാരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. നിലച്ച ഘടികാരം അല്ലെങ്കിൽ മറ്റെന്താണ് ആ വായനക്കാരൻ.

ആയതിനാൽ ആൻറി ലൈബ്രറിസം നീണാൾ വാഴട്ടെ. ആ ആശയം വികസിപ്പിച്ച ഓർമ്മ പുസ്തകത്തിൽ ഇനിയും മരിക്കാത്ത പ്രിയ എഴുത്തുകാരൻ ഉംബെർട്ടൊ എക്കൊ, ആ ആശയത്തെ അങ്ങനെയൊരു പേരിട്ടു വിളിച്ച നിക്കോളോവോസ് ടാലിബ്. . . നന്ദി.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.