Untitled

വരൂ മനുഷ്യരാകാം

Being Human

ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും വീട്ടിലേക്ക് തിരിച്ചുപോകാനാവാതെ ക്യാമ്പിനുള്ളിലും ബന്ധുവീടുകളിലും കുടുങ്ങിക്കഴിയുന്നുണ്ട്. അത് വിസ്മരിച്ചുകൊണ്ട് പലരും വിലകുറഞ്ഞ രാഷ്ട്രീയലാഭത്തിനുവേണ്ടി പോരാടുന്നതു കാണുമ്പോള്‍ ലജ്ജതോന്നുകയാണ്..
എല്ലാം ശരിയായി എന്ന് കേരളസര്‍ക്കാരും എല്ലാം ശരിയാക്കിത്തരാമെന്ന് കേന്ദ്രവും അവരുടെ പിണിയാളുകളും അഹോരാത്രം നിലവിളിക്കുന്നുണ്ട്…
ചത്തമനുഷ്യരുടെ ജഡം വാരിയതിനും ചത്തുജീവിക്കുന്നവരെ രക്ഷപ്പെടുത്തിയതിനും അവകാശവാദമുന്നയിക്കുന്ന തരംതാണ രാഷ്ട്രീയധാര്‍ഷ്ട്യത്തിനോട് തികഞ്ഞ പുച്ഛമാണെന്നേ പറയാനുള്ളൂ…
നിങ്ങളൊന്നും ഒന്നു വിയര്‍ക്കുകകൂടി ചെയ്തിട്ടില്ല…
പ്രളയം വന്നപ്പോള്‍ സ്വന്തം മണ്ഡലത്തിലെ വീടുകള്‍ സന്ദര്‍ശിച്ച എത്ര മന്ത്രിമാരും എംഎല്‍ എ മാരും ഉണ്ടിവിടെ..?
നിങ്ങള്‍ വെളുത്ത കളസം വലിച്ചെറിഞ്ഞ് പ്രളയഭൂമിയിലേക്കിറങ്ങുക. ഓരോരുത്തരും കൂടെയുണ്ടാവും..
പഠിക്കുന്ന പുസ്തങ്ങള്‍ മുതല്‍ പൗഡര്‍ ടിന്നില്‍ സൂക്ഷിച്ച ചില്ലറകള്‍ വരെ നഷ്ടപ്പെട്ട വലിയൊരു ജനത തെരുവിലുണ്ട്..
ലോണെടുത്തുവാങ്ങിയ പശുക്കളേയും, ആടുമാടുകളേയും ഒരുനിമിഷം കൊണ്ട് അപ്രത്യക്ഷമായിപ്പോയ പാവം കര്‍ഷകരുണ്ട്..വിളവെടുക്കാതെ ഒലിച്ചുപോയ കാര്‍ഷിക വിഭവങ്ങളുടെ കണ്ണുനീരുണ്ട്..മറക്കരുത്…സിംഹാസനത്തിലിരിക്കുന്ന ഒരുത്തനും ഒന്നും നഷ്ടപ്പെട്ടിട്ടില്ല…

ചോരവിയര്‍ത്ത്, ജീവന്‍പണയം വെച്ച് പ്രളയഭൂമിയിലിറങ്ങിയ ഒരുപറ്റം മനുഷ്യരില്ലായിരുന്നുവെങ്കില്‍,
ലക്ഷക്കണക്കിനു ശവങ്ങള്‍ക്കൊണ്ട് കേരളം കെട്ടുനാറിയേനെ….

മത്സ്യത്തൊഴിലാളികള്‍ മുതല്‍ നീന്തലറിയാത്ത വിദ്യാര്‍ത്ഥികള്‍ വരെ രക്ഷാപ്രവര്‍ത്തനം നടത്തിയത്, നിങ്ങളുടെ നാറിയ രാഷ്ട്രീയം നോക്കിയിട്ടല്ല…

ഇനിയെന്തു ചെയ്യാന്‍ പറ്റും എന്നുമാത്രം ആലോചിക്കുക…
രണ്ടുകൈ നിറച്ചുമുള്ളത് പകുത്ത് നമ്മളുടെ കൈയകലത്തിലുള്ളവര്‍ക്ക് കൊടുത്തുതുടങ്ങാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു…കെട്ടിയുയര്‍ത്തിയ മതിലുകള്‍ പലതും പുഴ പിഴുതുകളഞ്ഞു..ബാക്കിയുള്ളത് നമുക്കും തകര്‍ക്കാം…

വരൂ നമുക്ക് മനുഷ്യരാകാം…

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.