22 C
Bangalore
October 14, 2018
Untitled

ഉടല്‍ഭൗതികം

അജൈവമൂലകങ്ങൾ കൂടിച്ചേർന്നു പ്രപഞ്ചം അതിലേയ്ക്ക് ജീവൻ നിറച്ചു. ഞാൻ /നീ ജനിച്ചു. യാദൃച്ഛികതയുടെ സൃഷ്ടിയാണ് ഞാൻ /നീ.
ഭൗതികസ്വരൂപമായ മനുഷ്യനിൽ ആത്മാവ് കുത്തിനിറച്ചു. അതോടെ കാണാത്ത ആത്മാവ് സത്യവും മുന്നിലെ ഉടൽ മിഥ്യയുമായി.
ഒടുവിൽ എന്റെ /നിന്റെ ഉടൽ വിഘടിച്ചു് അജൈവമൂലകങ്ങളായി പിരിഞ്ഞു. ഞാൻ / നീ ഇല്ലാതായി.
നായിൽ, നരിയിൽ പുനർജ്ജനിച്ചു. അതിനിടയിൽ ഭൂമിയിൽക്കിടന്ന് ശരീരം കാട്ടിക്കൂട്ടിയ വിക്രിയകളാണ് ജീവിതം /നോവൽ /ചരിത്രം /സംസ്കാരം.
ആ വിക്രിയയാണ് ‘ഉടൽഭൗതികം ‘.

തികച്ചും വ്യത്യസ്തമായ ഒരു രീതിയിലാണ് ഷിനിലാൽ ഇവിടെ നോവൽ അവതരിപ്പിച്ചിരിക്കുന്നത്. (മൂന്ന് ഭാഗങ്ങൾ ; ദ്രവം, ഖരം, അഗ്നി ). ജീവനും രാധികയും ചന്ദീരാൻസ് വൈൽഡ് റിസോർട്ടിൽ (ച. വൈ. റി.) എത്തുന്നു. ഈ റിസോർട്ടിലെ ജീവിതശൈലി അതിപുരാതനമായ ‘സ്നോ ഏജ് ‘, ‘അയൺ ഏജ് ‘… പോലെ ഉള്ളതാണ്. ഇവിടെ രാധികയുടെ കഥയാണ് പ്രതിപാദ്യ വിഷയമെങ്കിലും ജീവനാണ് രണ്ടാം അദ്ധ്യായം തൊട്ട് അതെഴുതുന്നത്. ഒന്നാം ഭാഗത്തിൽ രാധികയുടെ മയിലാടും പാറ എന്ന ഗ്രാമത്തിലെ ജീവിതവും അനുബന്ധമായി ച. വൈ. റി. യിലെയും പറഞ്ഞുകൊണ്ട് കഥ പുരോഗമിക്കുന്നു.

രാധിക ശരിക്കും നോക്കുകയാണെങ്കിൽ പ്രകൃതിയുടെ ഒരു പ്രതീകമാണ്. എല്ലാവരാലും ചൂഷണം ചെയ്യപ്പെടുന്നു. രാധികയും ജീവനും തമ്മിൽ റീസോർട്ടിൽ സെക്സ് പാടില്ല എന്നവർ മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടെങ്കിലും അവസാന നാളിൽ ജീവൻ അത് ലംഘിക്കുന്നു, എന്നിട്ട്‌ അവളോട് പറയുന്നു “ലോകത്താദ്യമായി സ്വന്തം കഥാപാത്രത്തെ റേപ് ചെയ്യുന്ന എഴുത്തുകാരൻ എന്ന പദവി ഞാനെടുക്കുന്നു.”

മയിലാടുംപാറയും ചുറ്റുവട്ടവും ഉള്ള പാറകൾ ക്വാറിക്കാർ നശിപ്പിക്കുന്നു. പക്ഷെ എല്ലാ സമ്മര്ദങ്ങളെയും നിരസിച്ചു രാധികയും കൂട്ടുകാരി പ്രജിതയും തങ്ങളുടെ സ്ഥലത്തു ‘പ്രകൃതി ‘ എന്ന പേരിൽ കുടിൽ പണിതു താമസിക്കുന്നു. അധികാര കേന്ദ്രങ്ങളും അധോലോകങ്ങളും തമ്മിലുള്ള കൂട്ടുകെട്ടിന്റെ മുറുക്കത്തിൽ രാധികയുടെ ദൗത്യം പരാജയപ്പെടുന്നു, കൊല്ലപ്പെടുന്നു. (ഇതിലെ അബൂബക്കർ എന്ന കഥാപാത്രം പറയുന്നത് ശ്രദ്ധേയമാണ് “കാലം ഒരു റാഡ് റാളറാണ് “)

മുനുഷ്യചേതസ്സിലെ ആർദ്രത വറ്റുന്നതും അധികാര തൃഷ്ണ വന്നുചേരുന്ന ആഴവും വ്യാപ്തിയും വളരെ അച്ചടക്കത്തോടെ, കഥന വൈഭവത്തിലൂടെ, ചാരുതയോടെ ഷിനിലാൽ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. വായനക്കാരന് ഒരു പ്രത്യേക വായനാനുഭം കാഴ്ച്ചവെക്കുന്നു.

കാരൂർസ്മാരക നോവൽ പുരസ്കാരം പ്രഥമസ്ഥാനം ലഭിച്ച ഈ പുസ്‌തകം എൻ ബി എസ് ആണ് പബ്ലിഷേഴ്സ്.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.