വിത്തുണങ്ങിപ്പോവുന്ന
വിളവുപാടങ്ങളിലെ
തീക്കാറ്റില്‍
പൊടിഞ്ഞുപോയൊരു
കടും ചോപ്പുള്ള നക്ഷത്രം
വിഷവണ്ടിപ്പുകയേറ്റ്
തുടുത്ത ഉടലിടങ്ങളിലെ
ദര്‍ഭച്ചുരുളുകളെ
മോതിരവിരലിലെ
അളവറിയാത്ത വട്ടമോതിരമാക്കിയ മണ്ണിടങ്ങളില്‍
വിയര്‍പ്പുമണികളിനി മുളപൊട്ടുമോ….
വേനലിരമ്പക്കൊളുത്തുകള്‍ വലിഞ്ഞ്
നോവുനീറ്റലിന്‍റെ അടിമയുഗങ്ങള്‍
താണ്ടിക്കഴിഞ്ഞെന്ന്
കാലമെഴുതിത്തോറ്റുപോയരവരുടെ
കുടിലുകള്‍ക്ക്
തീക്കൊളുത്തപ്പെട്ടതിന്‍റെ
അടയാളങ്ങളുടെ പശിമയില്‍ നിന്ന്
വിണ്ടുകീറി
ചുംബനങ്ങള്‍ നഷ്ടമായ
രാത്രികളുടെ
നിറം പൂശിയ ബലിക്കല്ലുകളില്‍
പകലുകത്തിച്ചുരുങ്ങിത്തിളങ്ങുന്ന
അതേ നക്ഷത്രത്തെയാണ്
നമ്മളറിയാതെ
വീണ്ടും വീണ്ടും
പുണര്‍ന്നുപോയതെന്ന
തീരാ വ്യഥകളുടെ അവസാനമാണ്
വെടിപ്പുരകള്‍ക്ക് തീപ്പിടിച്ചതും…
ചുവരില്‍ പതിച്ച
ജപ്തിച്ചുരുളുകളിലൊടുങ്ങിയ
കര്‍ഷകന്‍റെ ജഡമാണ്
നമ്മളീ ചില്ലലമാരയില്‍
മഞ്ഞള് പുതച്ച് കിടത്തിയിരിക്കുന്നത്….
തിളക്കമറ്റ് താഴെവീണടിഞ്ഞ
അതേ ഒറ്റനക്ഷത്രം….!

(ചിതയിലേക്കെടുത്ത് വയ്ക്കുന്ന കര്‍ഷകരുടെ സ്വപ്നങ്ങളെങ്കിലും നട്ടുവളര്‍ത്താം നമുക്ക് ..!)

Saji Kalyani
Writer and poet in malayalam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.