26.4 C
Bengaluru
August 9, 2020
Untitled

തിരിച്ചടി

Thirichadi

“അച്ഛനെന്തിനാ ഈ മൊട്ടക്കുന്നിൽ സ്ഥലം മേടിച്ചത് ?”

“എൻ്റെ പണം ഞാൻ ഇഷ്ടംപോലെ ചിലവാക്കും . നീയാരാ ചോദിയ്ക്കാൻ ?”

“മക്കൾക്ക് വേണ്ടിയല്ലേ സാധാരണ മാതാപിതാക്കൾ സമ്പാദിക്കാറുള്ളത് ?”

“പക്ഷേ , ഞാൻ എനിക്ക് വേണ്ടി മാത്രം സമ്പാദിക്കുന്നു !”

“മരിക്കുമ്പോൾ ആരും എല്ലാംകൊണ്ടു പോകാറില്ല !”

“ഞാൻ എൻ്റെ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട് എൻ്റെ സമ്പാദ്യമെല്ലാം ചിതയിൽ അടക്കണമെന്ന് !”

“വല്ലാത്ത ജന്മം തന്നെ !അറുത്ത കൈക്ക്‌ ഉപ്പുതേക്കാത്ത നിങ്ങളുടെ കൂടെ ജീവിക്കുന്നതിനേക്കാൾ ഭേദം ഒറ്റയ്ക്ക് താമസിക്കുന്നതാണ് !”

“അതാണ് നല്ലത് ! എൻ്റെ ചിത കൊളുത്താൻ പോലും നീ വരേണ്ട ! അച്ഛനെ ഉപദേശിക്കാൻ വന്നിരിക്കുന്നു !”

അങ്ങനെ അച്ഛനുമായി വഴക്കിട്ട് സുദേവൻ കുടുംബവുമായി വീട് വിട്ടിറങ്ങി .

കൈകളിൽ രണ്ടുകുപ്പി വെള്ളവും ഉടുതുണിയും മാത്രമായി ആ നഗരത്തിൽ അവർ എത്തിച്ചേർന്നു .

“അച്ഛന്റെ ചിലവിലുള്ള ജീവിതം നന്നല്ലെന്നു ഏട്ടനോട് ഞാൻ പറഞ്ഞതല്ലേ ? ഇതു വരെ ജോലിയില്ലാതെ കഴിഞ്ഞു ! ഇനിയെങ്ങനെ ജീവിതം മുന്നോട്ടു പോകും ?”

“വാ കീറിയ ദൈവം വകയും നൽകും ! പണമില്ലെങ്കിലും അദ്ധ്വാനിക്കാനുള്ള ഒരു മനസ്സ് എനിക്കുണ്ട് ! അത് എല്ലാം കൊണ്ടുവന്നു തരും !”

“ഈ സന്ധ്യാനേരത്തു നമ്മൾ എവിടെപ്പോയി മുറിയന്വേഷിക്കും ? പണമില്ലാത്ത നമുക്ക് ആര് മുറി തരും ?”

“തൽക്കാലം നമുക്ക് റെയിൽവേ സ്റ്റേഷനിൽ പോയിക്കിടക്കാം !”

അങ്ങനെ അവർ റെയിൽവേ സ്റ്റേഷനിലെ പരുപരുത്ത പ്ലാറ്റ്‌ഫോമിൽ കൈകൾ തലയിണയാക്കി കിടന്നു .

അവർ മുഖത്തോടു മുഖം നോക്കിയാണ് കിടക്കുന്നത് .

“മക്കളില്ലാത്തതു ഭാഗ്യം അല്ലേ ?” ദുഃഖം കലർന്ന ഒരു ചിരിയോടെ സുദേവൻ ഭാര്യയോട് ചോദിച്ചു .

“ഉള്ളവർക്ക് ഉള്ളതിന്റെ ആധി , ഇല്ലാത്തവന് ഇല്ലാത്തതിന്റെ ആധി !”

ക്ഷീണം ഉറക്കത്തെ മാടിവിളിച്ചു . രാത്രിവണ്ടികൾ സ്വപ്നങ്ങളെ പൂർത്തീകരിക്കുന്നതിൽ കല്ല് കടിയായി വന്നു ചേർന്നു .

അങ്ങനെയിരിക്കുമ്പോഴാണ് അർദ്ധരാത്രിക്കുള്ള വണ്ടി വന്നു നിന്നത് . യാത്രക്കാർ ഇറങ്ങി . പക്ഷേ , ഒരാൾ മാത്രം അവരെ ചുറ്റിപ്പറ്റി നിന്നു .

“എഴുത്തുകാരൻ സുദേവനാണോ ?”

“അതേ !”

“എന്താ ഇവിടെ ഭിക്ഷക്കാരെപ്പോലെ കിടക്കുന്നത് ?”

“അക്ഷരങ്ങൾ അന്നം തരില്ലെന്നുറപ്പായപ്പോൾ , അപമാനത്തിന്റെ കൂരമ്പുകൾ മനസ്സിൽ തറച്ചപ്പോൾ, ആത്മാഭിമാനം എന്ന ധനം മാത്രമെടുത്തു വീടുവിട്ടിറങ്ങി .കൂടില്ലാത്ത പറവകളാണ് ഞങ്ങൾ !”

“ഗതികെട്ട് നിൽക്കുമ്പോഴാണ് ഇങ്ങേരുടെ ഒരു സാഹിത്യം ?”

“നിങ്ങൾക്ക് സുദേവൻ സാറിനെക്കുറിച്ചു അറിയാഞ്ഞിട്ടാണ് ! എനിക്ക് താങ്കളുടെ കഥകൾ വളരേ ഇഷ്ടമാണ് . എൻ്റെ കൂടെ വീട്ടിലേക്കു വരൂ ! നാളേക്ക് വേറേ മുറി റെഡിയാക്കാം .”

അങ്ങനെ അവർ അയാളുടെ വീട്ടിൽ അഭയാർത്ഥികളായി .

പിറ്റേ ദിവസം പുലർന്നു . ആരാധകൻ വാക്ക് പാലിച്ചു . ഉച്ചയ്ക്ക് മുമ്പ് അവർ പുതിയൊരു ” കൂട് “കണ്ടെത്തി .

“സൂര്യൻ അസ്തമിക്കുന്നതു പുതിയ പ്രകാശത്തോടെ ശക്തനായി തിരികെ വരാനാണ് . നമ്മളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ സൂര്യൻ ഉദിക്കട്ടെ !”

“വരൂ , ഞാൻ ഒരാളുടെ അടുത്തേക്ക് കൊണ്ടുപോകാം .”- ആരാധകൻ അവനെ ക്ഷണിച്ചു .

“എങ്ങോട്ട് ?”

“എനിക്ക് പരിചയമുള്ള ഒരു സ്ക്കൂൾ മാനേജരുണ്ട് . അവരെ നമുക്ക് കാണാം .”

അവരുടെ യാത്ര എഴുത്തുകാരനിൽ ഭാവിയുടെ സൂര്യനെ ഉണർത്തി .

അദ്ധ്യാപനം മാധുര്യമാർന്ന അനുഭവമായി മുന്നോട്ടു പോയി . പക്ഷേ , വയറു നിറയാൻ മനസ്സിന്റെ സംതൃപ്തി മാത്രം പോരല്ലോ ?

അങ്ങനെ അവൻ മനുഷ്യത്വമില്ലായ്മക്കു പേര് കേട്ട ഒരു സ്ഥാപനത്തിൽ മെച്ചപ്പെട്ട സാമ്പത്തികാവസ്ഥ കണ്ടെത്തി . അച്ഛന് മുമ്പിൽ വളയാതിരുന്ന നട്ടെല്ല് അധികാരവർഗ്ഗത്തിന്റെയും അഹങ്കാരത്തിന്റെയും മുമ്പിൽ വളക്കാൻ നിർബന്ധിതനായി .

വർഷങ്ങൾ കടന്നു പോയി . ദൈവം അവരുടെ ജീവിതത്തിൽ ഒരു അതിഥിയെ സന്തോഷത്തിന്റെയും ദുഖത്തിന്റെയും രൂപത്തിൽ പറഞ്ഞയച്ചു .ആ നിഷ്കളങ്ക രൂപത്തെ അസുഖമെന്ന വ്യാളി വിഴുങ്ങിയിരുന്നു !

“ഓപ്പറേഷന് പോകുമ്പോൾ അമ്മയെക്കൂടെ വിളിക്കാം . അല്ലേ ?”

” നിങ്ങളുടെ ഇഷ്ടം !”

അങ്ങനെ വീണ്ടും അവർ അച്ഛന്റെ മുമ്പിലെത്തി .

“ഹും ! എന്താ വന്നത് ? ഞാൻ ചത്തുവോ എന്ന് നോക്കാൻ വന്നതാണോ ?”

“മോന് സുഖമില്ല ! ആശുപത്രിയിൽ നിൽക്കാൻ അമ്മയെ വിടണം ”

“പറ്റില്ല ! അപ്പോൾ ആര് എനിക്ക് ഭക്ഷണം ഉണ്ടാക്കിത്തരും ?”

“എന്നെ വിടില്ലെങ്കിൽ വിടേണ്ട ! പേരക്കുട്ടിയുടെ കാര്യമല്ലേ ? അവനു കുറച്ചു രൂപയെങ്കിലും കൊടുക്കൂ !”

“എൻ്റെ പണം എൻ്റെ മാത്രം ! നിനക്ക് അസുഖം വന്നാൽപോലും ചില്ലിക്കാശ് ഞാൻ തരില്ല !”

“നിങ്ങള് വെള്ളം പോലും കുടിക്കാതെ ചത്ത് പോകുകയേയുള്ളൂ !”

“നമുക്ക് നോക്കാം എന്റെയാണോ നിന്റെ മോന്റെയാണോ ശ്രാദ്ധം ആദ്യം ചെയ്യേണ്ടി വരികയെന്നത് !”

“നിങ്ങളെക്കാണാൻ വന്ന എന്നെ വേണം തല്ലാൻ !”

അങ്ങനെ അവർ വീണ്ടും അവിടെനിന്നും പടിയിറങ്ങി .

വർഷങ്ങൾ കടന്നുപോയി . ദൈവാനുഗ്രഹത്താൽ ആ പിഞ്ചുപൈതൽ രോഗമാകുന്ന വ്യാളിയെ കീഴ്‌പ്പെടുത്തി .

ഒരു ദിവസം നിർദ്ദയം സ്ക്കൂളിലെ അടിമപ്പണി കഴിഞ്ഞു സുദേവൻ വീട്ടിലെത്തി .

“അമ്മ വിളിച്ചിരുന്നു !”

“എന്താ ?”

“അസുഖമാണത്രെ ! ഡോക്ടറെക്കാണിക്കാൻ അച്ഛൻ കൊണ്ടുപോകില്ലത്രേ ! ഇന്ന് വൈകുന്നേരം ഇവിടെയെത്തും .”

പറഞ്ഞുതീരുന്നതിനു മുമ്പ് കോളിങ്‌ബെല്ലിന്റെ ശബ്ദം കേട്ടു .

“അമ്മേ … വരൂ ..”

“മോനേ , അച്ഛൻ ചെയ്‌ത ദ്രോഹങ്ങൾക്കെല്ലാം ഞാൻ മാപ്പു ചോദിക്കുന്നു . ഇനി ഞാൻ നിന്റെ കൂടെയാണ് .”

” അമ്മ മാപ്പുചോദിക്കരുത് . അമ്മയാണ് എല്ലാവർക്കും കൺകണ്ട ദൈവം !”

“അച്ഛനേയും ബഹുമാനിക്കണം . പക്ഷേ , ഒറ്റപ്പെടുത്തുന്നവരെ സ്നേഹിക്കരുത് !”

ആശുപത്രി . അമ്മ കിടക്കയിൽ കിടക്കുകയാണ് .സുദേവൻ ഒരു കസേരയിൽ ഇരിക്കുന്നു .

വാതിൽക്കൽ ആരോ ശക്തമായി മുട്ടുന്നു .

തുറന്നപ്പോൾ ……

കീറിപ്പറിഞ്ഞ വസ്ത്രവുമായി അച്ഛൻ !

“ദല്ലാള് ചതിച്ചെടാ ! ഓഹരിയിൽ നിക്ഷേപിച്ചത് മുഴുവൻ പോയെടാ !”

അച്ഛൻ അവൻ്റെ മുന്നിൽ തളർന്നു വീണു .

“വെള്ളം …. വെള്ളം ..”

അയാൾ മകന്റെ സ്നേഹം പണത്തിനു മേലെയാണെന്നു ആദ്യമായി തിരിച്ചറിഞ്ഞു .

“എന്തൊക്കെ പറഞ്ഞാലും അച്ഛൻ , അച്ഛൻ തന്നെയല്ലേ ? ഞാൻ ഉണ്ടാകും കൂടെ . കഴിഞ്ഞതെല്ലാം മറന്നേക്കൂ .”

“എടാ … എന്റെ …എൻ്റെ .. ശ്രാദ്ധം .. തന്നെ ആദ്യം !” അത് അവസാനത്തെ വാക്കുകൾ ആയിരുന്നുവോ ?

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.