25 C
Bangalore
December 17, 2018
Untitled

ജീവിത  ചക്രം 

ഭാഗം -1

അന്ന്  മേഘനാഥന്റെ  ആദ്യത്തെ  കച്ചേരിയാണ് .

വെളുത്ത  ജുബ്ബയും  മുണ്ടും  ധരിച്ചു  പക്കമേളക്കാരുടെ  നടുവിൽ  സൂര്യതേജസ്സോടെ  അതാ  അവനിരിക്കുന്നു !

അവനു  മുന്നിൽ  അനന്തസാഗരമായ  സദസ്സ് . അവൻ  സദസ്സിനെ  വന്ദിച്ചു . ഒരു  നിമിഷം  കണ്ണുകളടച്ചു  കൈകൂപ്പി  വിശ്വചൈതന്യത്തെ  സ്മരിച്ചു .ആദ്യ  കീർത്തനം  തേന്മഴയായി  ശ്രവണപുടങ്ങളിൽ  ഇറ്റിവീണു .

അടുത്ത  കീർത്തനം  തുടങ്ങുന്നതിനു  മുമ്പ്  വെറുതേ  അവൻ  സദസ്സിലേക്ക്  നോക്കി . അതാ  വാതിലിൽ  ചാരി  ഊന്നുവടിയുമായി  നിൽക്കുന്നു  ഒരു  വൃദ്ധൻ ! നീണ്ട  താടിയും  മുടിയും  ജുബ്ബയും  പൈജാമയും  ധരിച്ച  തോളിൽ  തുണിസ്സഞ്ചിയുമായി  നിൽക്കുന്ന  ആ  രൂപം  കണ്ട്  അവനൊന്നു  ഞെട്ടി .

ശരീരത്തിലാകെ  ഒരു  വിറയൽ !

ഒരു    വിധം  മനസ്സിനെ  നിയന്ത്രിച്ചു  അവൻ  പാടാനൊരുങ്ങി . ദൈവമേ ! സ്വരം  പുറത്തേക്കു  വരുന്നില്ലല്ലോ ! കണ്ണിൽ  ഇരുട്ട്  പടരുന്നു ! അശ്രുവിന്റെ  ഗംഗാനദി  അവൻ്റെ  കവിളുകളാകുന്ന  താഴ്വരകളിലൂടെ  ഒഴുകാൻ  തുടങ്ങിയോ ? അവസാനം  കൈകൾ  കൂപ്പി  ഇടറുന്ന  സ്വരത്തിൽ  അവൻ  പറഞ്ഞൊപ്പിച്ചു .

“എനിക്ക് …. എനിക്ക് … പാടാനാകില്ല …. മാപ്പ് … മാപ്പ് ….” അവൻ  മുഖം  താഴ്ത്തി  തേങ്ങിക്കരഞ്ഞു .

“ഇത്രയ്ക്കു  ആത്മവിശ്വാസമില്ലാത്ത  ആളുടെ  കച്ചേരിക്ക്  വന്നു  സമയം  മെനക്കെടുത്തിയ  നിന്നെയൊക്കെ  തല്ലിക്കൊല്ലുകയാണ്  വേണ്ടത് !” ആക്രോശിച്ചുകൊണ്ടു  കാണികളിലൊരാൾ  മേഘനാഥന്റെ  നേരെ  കുതിച്ചു .

“നിൽക്കൂ ! അയാളും  ഒരു  മനുഷ്യനാണ് ! മനസ്സിനെ  തളർത്തുന്ന  എന്തെങ്കിലും  കാരണമുണ്ടായിക്കാണും ! ദയവായി   അയാളെ  ഒന്നും

ചെയ്യരുത് !” വൃദ്ധന്റെ  സ്വരം  ആ  കുതിപ്പിനെത്തടഞ്ഞു . കാണികൾ  ശാന്തമായി  വിടവാങ്ങി . പക്കമേളക്കാർ  തങ്ങളുടെ  വാദ്യോപകരണങ്ങളുമായി   സ്റ്റേജിന്റെ  ഇരുവശങ്ങളിലേക്കുമായി  പിൻവാങ്ങി .

മേഘനാഥൻ  പതുക്കെ  കലങ്ങിയ  കണ്ണുകൾ  ഉയർത്തി  വൃദ്ധനെ  നോക്കി . പതുക്കെ  എഴുന്നേറ്റു  അയാളുടെ  അടുത്തേക്ക്  വന്നു .

“ഗുരോ … മാപ്പ് …..!” കൈകൾ  കൂപ്പി  അവൻ  വൃദ്ധന്റെ  കാൽക്കൽ  വീണു .

“എഴുന്നേൽക്കൂ .  ആദ്യമായി  തട്ടകത്തിൽ  കയറുമ്പോൾ  ഗുരുവിന്റെ  അനുഗ്രഹം  നിനക്ക്  വേണ്ട  അല്ലേ ?”

“ഞാൻ  കരുതി …..”

” ഞാൻ  മരിച്ചുപോയെന്ന് … അല്ലേ ?”

“അല്ല ! അങ്ങയെ  അഭിമുഖീകരിക്കാൻ  ധൈര്യമില്ലാത്തതു  കൊണ്ട് !ശാപവാക്കുകളെ  ഭയക്കുന്നത്  കൊണ്ട് !”

” ശപിക്കാൻ  ഒരു  യഥാർത്ഥ  ഗുരുവിനു  കഴിയില്ല  കുട്ടീ ! അഥവാ  ശപിച്ചാൽ  അതിൻ്റെ  ഫലം  സഹിക്കാൻ  ഒരു  ശിഷ്യനുമാകില്ല ! വാ  എൻ്റെ  കൂടെ  എൻ്റെ  വീട്ടിലേക്ക് ! ചില  സത്യങ്ങൾ  നീ  അറിയാനുണ്ട് !”

അവർ  പുറത്തേക്കു  കടന്നു .

ഗുരുവിനെ  മുൻസീറ്റിൽ  ഇരുത്തി  മേഘനാഥൻ  കാറിന്റെ  ഡ്രൈവറുടെ  സീറ്റിൽ  വന്നിരുന്നു .

കാർ  മുന്നോട്ടു  പോകുന്നുണ്ടെങ്കിലും  അവരുടെ  മനസ്സ്  പിറകോട്ടായിരുന്നു സഞ്ചരിച്ചിരുന്നത് .

ഭാഗം -2-

മേഘനാഥൻ  ഇപ്പോഴും  ചിന്തകളുടെ  കടലാഴങ്ങളിൽ  നീന്തിത്തുടിക്കുകയാണ് .

അച്ഛനാരെന്നോ  അമ്മയാരെന്നോ  സ്വന്തം  പേരെന്തെന്നു  പോലും  അറിയാത്ത  ശരീരം  മുഴുവൻ  ചളി  കട്ട  പിടിച്ചു   ഒരു  ചെറിയ  മുണ്ടും  ധരിച്ച  ഒരു  കുട്ടിയുടെ  രൂപം  അവൻ്റെ  മുന്നിൽ  തെളിഞ്ഞുവന്നു . ആരും

സഹായിക്കാനില്ല ! ആരോടും  കൂട്ടില്ല ! വീണേടം  വിഷ്‌ണുലോകമായ

ഒരു  ജീവിതം !കുപ്പത്തൊട്ടിയിൽ  വന്നു വീഴുന്ന  പേരറിയാത്ത  ഭക്ഷണസാധനങ്ങളും  ഓടയിലൂടെ  ഒഴുകിവരുന്ന  കറുത്ത  വെള്ളവുമാണ്

ജീവനെ  നിലനിർത്തിയിരുന്നത് .

അന്ന്  അലഞ്ഞുതിരിഞ്ഞു  രാത്രിയായപ്പോൾ  എത്തിച്ചേർന്നത്  ഒരു  ബസ് സ്റ്റോപ്പിലാണ് .കൈകാലുകൾ  കുഴയുന്നു . കാത്തിരിപ്പുകേന്ദ്രത്തിലെ

കോൺക്രീറ്റ്  ബെഞ്ചിൽ  അവൻ  കിടന്നു .

പെട്ടെന്നാണ്  ഒരു  ജീപ്പിന്റെ  ശബ്ദം  അവൻ  കേട്ടത് . അവൻ  ഞെട്ടി  എഴുന്നേറ്റു .

ജീപ്പ്  നിർത്തി  ഒരു  പോലീസുകാരൻ  ഇറങ്ങി .

“എന്താടാ  ഇവിടെ ? ഇവിടെ  കിടന്നുറങ്ങാൻ  പാടില്ലെന്ന്  അറിയില്ലേ ? ഓടെടാ !”

അവൻ  എങ്ങോട്ടെന്നില്ലാതെ  ഓടി . ലക്ഷ്യമില്ലാത്ത  ഓട്ടം !

വയ്യ ! ഇനി  ഓടാൻ  വയ്യ ! അവൻ  തളർന്നു  റോഡിന്റെ  നടുവിൽത്തന്നെയിരുന്നു !

പെട്ടെന്നാണ്  ഒരു  കാർ  സഡൻ  ബ്രേക്  ഇട്ടു  നിന്നത് .

“ഓരോ  ശവങ്ങള്  വരും  മനുഷ്യനെ  ബുദ്ധിമുട്ടിക്കാൻ !” ഡ്രൈവർ  പിറുപിറുത്തുകൊണ്ട്  പുറത്തിറങ്ങി .

“എന്താ  പ്രശ്‍നം ?” പിന്നിലിരുന്ന  ഒരു  ആജാനുബാഹുവായ  ആൾ  പുറത്തിറങ്ങി .

അയാൾ  കുട്ടിയെ  ഒറ്റതവണയേ  നോക്കിയുള്ളൂ ! അയാൾ  അത്ഭുതപ്പെട്ടു  നിന്ന്  പോയി . മരിച്ചു  പോയ  തൻ്റെ  മകന്റെ  ഏകദേശം  സാമ്യമുള്ള  മുഖം !

“അവനെ  ഒന്നും  ചെയ്യേണ്ട !” ആ പരുക്കൻ  സ്വരത്തെ  അനുസരിക്കാതിരിക്കാൻ  ഡ്രൈവർക്കായില്ല .

“എന്താ  കുട്ടീ  ഈ  രാത്രീല്  ഇറങ്ങി  നടക്കണത് ? വീട്ടിൽ  പോയ്ക്കൂടെ ?”

“എനിക്ക്  വീടില്ല ! ”

“എന്തിനാ  പേടിച്ചു  വിറക്കുന്നത് ?”

” പോലീസ്  എന്നെ  ഓടിച്ചതാ !”

“എന്തിന് ?”

“ബസ് സ്റ്റോപ്പിൽ  ഉറങ്ങാൻ  നോക്കിയതിന് !”

“പേടിക്കേണ്ട ! ആരും  ഒന്നും  ചെയ്യില്ല ! മോന്റെ  പേരെന്താ ?”

“അറിയില്ല്യ ! ആരും  എന്നെ  ഒന്നും  വിളിച്ചു  കേട്ടിട്ടില്ല്യ . ആരുമായും

എനിക്ക്  കൂട്ടില്യാ !”

“മോന്  എന്താ  അറിയുന്നത്  ഉള്ളത് ?”

” വിശപ്പ് ! വിശപ്പ്  മാത്രം ! സാർ  എന്താ  എന്നെ   ചീത്ത  പറഞ്ഞു  ഓടിക്കാത്തെ  ?”

“എൻ്റെ  കൂടെ  വാ ! തിന്നാൻ  ബുദ്ധിമുട്ടില്ല ! ആരും  നിന്നെ  ഉപദ്രവിക്കില്ല !”

“എനിക്ക്  എഴുന്നേൽക്കാൻ  വയ്യ !”

അയാൾ  അവനെ  കൈകളിൽ  കോരിയെടുത്തു  പിൻസീറ്റിൽ  കൊണ്ടുവന്നിരുത്തി  കാറിൽ  കയറി .

“സാറെ , വേണ്ടാത്ത  വയ്യാവേലി  ഏറ്റെടുക്കണോ ?” ഡ്രൈവർ  ചോദിച്ചു .

“നീ  വണ്ടി  ഓടിക്കുന്നത്  മാത്രം  നോക്കിയാൽ  മതി !”

കാർ  മുന്നോട്ടു  നീങ്ങി .

നേരം  പുലർന്നു . കാർ  ഒരു  വലിയ  തറവാടിന്റെ  മുന്നിൽ  വന്നു  നിന്നു .

കുട്ടിയോടൊപ്പം  അയാൾ  കാറിൽനിന്നിറങ്ങി . പൂമുഖത്തു  ഒരു  സ്ത്രീയും  പെൺകുട്ടിയും  നിൽപ്പുണ്ടായിരുന്നു .

“എവിടെനിന്നു  കിട്ടീ  നമ്മുടെ  മോനെപ്പോലെയൊരു  കുട്ടിയെ ?”

“എല്ലാം  ഞാൻ  പിന്നീട്  പറയാം ! നീ  അവനെ  കുളിപ്പിച്ച്  വല്ലതും  തിന്നാൻ  കൊടുക്ക് !”

“വാ !” സ്നേഹത്തോടെ  ആ  സ്ത്രീ  ആ  കുട്ടിയുടെ  കൈ  പിടിച്ചു .

കുളം . തെളിഞ്ഞ  വെള്ളം  കണ്ടു  അവൻ  അത്ഭുതപ്പെട്ടു  നിന്നു .

“വാ , വെള്ളത്തിൽ  ഇറങ്ങിക്കോ !”

” വേണ്ട ! വെള്ളം  ചീത്തയാവും !”

ആ  സ്ത്രീ  അവനെ  പൊക്കിയെടുത്തു  പതുക്കെ  കുളത്തിൽ  മുക്കി  സോപ്പു  തേക്കാൻ  തുടങ്ങി . ചെളിയുടെ  കട്ടകൾ  ആ  ശരീരത്തിൽ  നിന്ന്  ഒഴുകാൻ  തുടങ്ങി .

കുളിപ്പിക്കാനായി  അവൻ്റെ  നാറിയ  മുണ്ട്  ആ  സ്ത്രീ ഊരി .

അവൻ  കുനിഞ്ഞിരുന്നു .

“നാണിക്കേണ്ട ! മോന്റെ  അമ്മയാണെന്ന്  കരുതിയാൽ  മതി !”

“അമ്മ .. അമ്മ ..” അവൻ്റെ  കണ്ണുകൾ  നിറഞ്ഞത്  സന്തോഷം  കൊണ്ടോ  സങ്കടം  കൊണ്ടോ  എന്ന്  അവനു  പോലും  അപ്പോൾ  അറിയില്ലായിരുന്നു !

.കുളി  കഴിഞ്ഞു . അവനെ  ഒരു  തോർത്തുമുണ്ടുടുപ്പിച്ചു  അവർ  മുറിയിൽ  കൊണ്ട്  വന്നു . അലമാര  തുറന്ന്  ഒരു  ട്രൗസറും  ഷർട്ടും  നൽകി . അവനു  അത്  വളരേ  പാകം !

“മോന്റെ  കുപ്പായമായിരിക്കും . മോൻ  വന്നാൽ  എന്നെ  ചീത്ത  പറയില്യേ ?”

“ഇല്യ ! അവൻ  പോയി !” അവർ  ഒന്ന്  വിതുമ്പിയോ ?

“എങ്ങടാ  പോയെ ?”

“ഈശ്വരന്റെ  അടുത്തേക്ക് !”

“ഒറ്റയ്ക്ക്  പോയിയോ ?”

“ഒറ്റക്കേ  പോകാൻ  പറ്റൂ  മോനെ . മോന്  അതൊന്നും  ഇപ്പൊ  മനസ്സിലാവില്യ . വാ ! കഴിക്കാൻ  തരാം ! മോളേ , കഴിക്കാൻ  വന്നോ !”

അടുക്കള . ആ  പെൺകുട്ടിയും  അവനും  ദോശ  കഴിക്കുകയാണ് .

“മോളേ , ദൈവം  അനിയൻകുട്ടന്  പകരം  നമുക്ക്  തന്നതാ  ഇവനെ ! മോനെ , ഇനി  മുതൽ  ഇവള്  നിന്റെ  ചേച്ചിയാ !”

അവൻ  തലയാട്ടി .

“എങ്ങന്യാ  അനിയൻ  കുട്ടൻ  ദൈവത്തിന്റെ  അടുത്തേക്ക് പോയേ ?”

ആ  ചോദ്യം  കേട്ട്  അമ്മയും  മകളും  പരസ്പരം  നോക്കി .

ഭാഗം -3-

“എല്ലാം  പറയാം  മോനേ , അതിന്  മുമ്പ്  ഞങ്ങളാരൊക്കെയാണെന്നു  മോൻ  അറിയേണ്ടേ ? മോനെ  ഇവിടെ  കൊണ്ട്  വന്നത്  പ്രശസ്ത  ശാസ്ത്രജ്ഞനായ

രവിചന്ദർ  ആണ് . ഞാൻ  അവരുടെ  ഭാര്യ  ചന്ദ്രിക . ഇവൾ   ഞങ്ങളുടെ  മകൾ  രൂപിണി . ഇനി  എൻ്റെ  മോന്റെ  ഫോട്ടോ  ഞാൻ  കാണിച്ചു  തരാം .”

ചന്ദ്രിക  അടുത്ത  മുറിയിലേക്ക്  പോയി  ഒരു  ഫോട്ടോയുമായി  തിരികെവന്ന്  അത്  അവൻ്റെ  കൈയ്യിൽ  കൊടുത്തു .

“ഈ  കുട്ടി  എന്നെപ്പോലെയുണ്ടല്ലോ ?”

“അതേ ! അതുകൊണ്ടു  തന്നെയാണ്  നിന്നെ  അദ്ദേഹം  ഇവിടേയ്ക്ക്  കൊണ്ടുവന്നത് . ഞങ്ങളുടെ  മോൻ  മേഘനാഥൻ  വെള്ളച്ചാട്ടത്തിൽ  അറിയാതെ  വഴുതിവീണു  ഈശ്വരന്റെ  അടുത്തേക്ക്  പോയിട്ട്  രണ്ടു  വർഷമായി !നിന്നെ  ഞങ്ങൾ  മേഘനാഥൻ  എന്ന്  വിളിച്ചോട്ടെ ?”

“എനിക്ക്  നല്ല  ഉടുപ്പും  നല്ല  ഭക്ഷണവും  തന്ന  ദൈവത്തിനു  എനിക്ക്  എന്ത്  പേര്  വേണമെങ്കിലും  ഇടാം !”

അങ്ങനെ  അവനു  ഒരു  പേര്  ലഭിച്ചു !

ദിവസങ്ങൾ  കടന്നുപോയി .

അങ്ങനെയിരിക്കെ   ഒരു  നാടോടി  ഭക്ഷണത്തിനായി  ആ  വീട്ടിൽ  വന്നു .

ചന്ദ്രിക  അയാൾക്ക്‌  ഊണ്  വിളമ്പിക്കൊടുക്കുമ്പോഴാണ്  അയാൾ  മുറ്റത്തു  രൂപിണിയോടൊപ്പം  മണ്ണപ്പം  ചുട്ടു  കളിക്കുന്ന  മേഘനാഥനെക്കണ്ടത് .

“അറിയാതെയാണെങ്കിലും  എത്തേണ്ട  ഇടത്തു  അവനെത്തി !”- ആരോടെന്നില്ലാതെ  അയാൾ  പറഞ്ഞു .

“ആരുടെ കാര്യമാണ്  നിങ്ങൾ  പറയുന്നത് ?”

“ആ  ആൺകുട്ടിയെപ്പറ്റി !” മേഘനാഥനെ  ചൂണ്ടി  അയാൾ  പറഞ്ഞു .

“അവനെ  നിങ്ങൾക്കറിയാമോ ?”

“അറിയും ! പക്ഷേ , പേരറിയില്ല ! വെള്ളച്ചാട്ടത്തിനു  താഴെയുള്ള  കാട്ടിലെ  ആദിവാസികളുടെ  കൂടെ  ഞാൻ  താമസിച്ചിരുന്ന  കാലത്തു  പുഴയോരത്തു  അവൻ്റെ  ശരീരം  അടിഞ്ഞതായി  കണ്ടു .ഞാൻ  അവനെ  മൂപ്പന്റെ  അടുത്തെത്തിച്ചു  ചികിത്സിച്ചു . മുറിവുകളൊക്കെ  ഉണങ്ങിയെങ്കിലും  അവനു  പഴയതൊന്നും  ഓർമ്മയില്ല ! സ്വന്തം  പേര്  പോലും !”

“എത്ര  കാലമായി  അത്  നടന്നിട്ട് ?”

“രണ്ടു  വർഷം ! അന്ന്  അവൻ  അവിടെ  കിടക്കുമ്പോൾ  സ്കൂൾ  മാഷ്  എടുത്ത  ഒരു  ഫോട്ടോ  എൻ്റെ  കൈയ്യിലുണ്ട് .അവനു  ഭേദമായിക്കഴിഞ്ഞിട്ടു  പത്രത്തിൽ  കൊടുക്കാമെന്നു  വെച്ചു . പക്ഷേ … ഭേദമായ  ഉടനെ  അവൻ  അവിടെ  നിന്നും  ഓടിപ്പോയി . മാഷ്  സ്ഥലം  മാറിപ്പോകുന്നതിനു  മുമ്പ്  എനിക്ക്  ഫോട്ടോ  തന്നു .”

അയാൾ  ഫോട്ടോ  ചന്ദ്രികക്ക്  കൈമാറി . വെള്ളച്ചാട്ടത്തിൽ  വീഴുന്നതിനു

മുമ്പ്  മോൻ  ധരിച്ചിരുന്ന  അതേ  വസ്ത്രങ്ങൾ !

“അവൻ  ഞങ്ങളുടെ  മകനാണെന്ന്  നിങ്ങൾക്കെങ്ങനെ  മനസ്സിലായി ?”

“അന്ന്  വെള്ളച്ചാട്ടം  കാണാൻ  മാഷും  വന്നിരുന്നു . പരിസരം  മറന്നു  നിലവിളിച്ച  നിങ്ങളുടെ  മുഖം  മനസ്സിനെ  എപ്പോഴും  വേട്ടയാടുന്നെന്നു  അവര്  പറയുമായിരുന്നു . മാഷിന്  ഈ  നഗരത്തിലാണ്  ഇപ്പോൾ  ജോലി .  പട്ടണത്തിൽ  വെച്ച്  നിങ്ങളെക്കണ്ടപ്പോൾ  മറ്റുള്ളവരോട്  അന്വേഷിച്ചു  വീട്  എവിടെയെന്ന്  മനസ്സിലാക്കി . അപ്പോഴാണ്  കറങ്ങിത്തിരിഞ്ഞ്  ഞാനീ  നഗരത്തിലെത്തിയത് . അപ്പോൾ  നിങ്ങളുടെ  മകൻ  ജീവിച്ചിരിപ്പുണ്ടെന്നു  ചെന്ന്  പറയാൻ  എന്നോട്  പറഞ്ഞു . പക്ഷേ , അവനിവിടെ  എത്തിച്ചേരുമെന്ന്  ഒട്ടും  വിചാരിച്ചിട്ടില്ല !”

“അവൻ്റെ  അതേ  ഛായ  ഈ  കുട്ടിക്കുണ്ട് . പക്ഷേ , എൻ്റെ  മോന്റെ

ഇടത്തെ  ചെവിക്കു  പിന്നിൽ  ഒരു  മറുകുണ്ട് .”

“അതും  അവനുണ്ട് ! ഞാനിറങ്ങുകയാണ് . ചോറ്  തന്നതിന്  നന്ദി !”

അയാൾ  ഗേറ്റിനു  പുറത്തു  കടന്നു .

“മോനേ , ഇവിടെ  വാ !”

മേഘനാഥൻ  ചന്ദ്രികയുടെ  മുന്നിലെത്തി .

അവൾ  അവൻ്റെ  ഇടത്തേ  ചെവിയുടെ  പിറകിൽ  നോക്കി .

അതേ ! ഇവൻ  തൻ്റെ  നഷ്ടപ്പെട്ട  മകൻ  തന്നെ !

അവൾ  അവനെ  കെട്ടിപ്പിടിച്ചു  കരഞ്ഞു . ഒന്നും  മനസ്സിലാകാതെ  അവൻ  അന്തം  വിട്ടു  നിന്നു .

“അമ്മ  എന്തിനാ  കരയുന്നേ ?”  ചന്ദ്രികയുടെ  കരച്ചിൽ  കേട്ട്  രൂപിണി  ഓടി

വന്നു .

“ഇത്  നമ്മുടെ  അനിയൻ  കുട്ടൻ  തന്നെയാണ്  മോളേ !”

ശബ്ദം  കേട്ട്  രവിചന്ദറും  അവിടേക്കു  ഓടിയെത്തി . ചന്ദ്രിക  കാര്യങ്ങളെല്ലാം  അവരോടു  പറഞ്ഞു . അവിശ്വസനീയമായ  എന്തോ  കാര്യം  കേൾക്കുന്നത്  പോലെ  മേഘനാഥൻ  എല്ലാം  കേട്ടു .

ഭാഗം -4-

പ്രശസ്ത  മനഃശാസ്ത്രജ്ഞൻ  ഗോപിനാഥന്റെ  വീട് . സോഫയിൽ  ഡോക്ടർ  ഇരിക്കുന്നു . അടുത്ത്  രവിചന്ദർ  ഇരിക്കുന്നു .

“ഗോപീ , ഒരു  സുഹൃത്തെന്ന  നിലയിൽ  എൻ്റെ  ജീവിതത്തിലെ  എല്ലാ  സംഭവങ്ങളും  നിനക്കറിയാമല്ലോ ! മേഘനാഥന്റെ  ഓർമ്മ  തിരിച്ചു  കിട്ടാൻ  ഞങ്ങളെന്ത്  ചെയ്യണം ?”

“ഞാൻ  പറയുന്നത്  ഒരു  പക്ഷേ  ക്രൂരമായിരിക്കാം ! പക്ഷേ , അതേ  പോലെയുള്ള  ഒരു  സാഹചര്യം  ഉണ്ടായാൽ  മാത്രമേ  അവനു  പഴയ  പടി

ആകാൻ  കഴിയൂ ! അത്  കൊണ്ട്  ഒരിക്കൽക്കൂടി  നിങ്ങൾ  കുടുംബസമേതം  ആ  അപകടം  നടന്ന  വെള്ളച്ചാട്ടത്തിന്റെ  അടുത്തേക്ക്  പോകണം . എന്നാൽ  വീണ്ടും  അവൻ  വീണു  പോകാതിരിക്കാൻ  പ്രത്യേകം  ശ്രദ്ധിക്കണം !”

“ശരി ! ഒന്നു  പരീക്ഷിച്ചു  നോക്കാം  അല്ലേ ?”

“അതേ ! ദൈവം  എല്ലാം  ശുഭമായി  വരുത്തട്ടെ !”

രവിചന്ദർ  ഡോക്ടറുടെ  വീട്ടിൽ  നിന്നിറങ്ങി .

പിറ്റേ  ദിവസം  ജോലി  കഴിഞ്ഞു  രവിചന്ദർ  നേരത്തേ  വീട്ടിലെത്തി .

“ചന്ദ്രികേ , നമുക്ക്  ഇന്ന്  കുട്ടികളെക്കൂട്ടി  വെള്ളച്ചാട്ടം  കാണാൻ  പോകാം .”

“വേണ്ട ! പഴയ  സംഭവങ്ങൾ  മനസ്സിൽ  നിന്നും  ഇപ്പോഴും  മാഞ്ഞു  പോകുന്നില്ല !”

“ഒരു  പക്ഷേ , ആ  സ്ഥലം  അവൻ്റെ  ഓർമ്മകളിലേക്ക്  അവനെ  തിരികേ  കൊണ്ടു  വന്നാലോ ?”

“എങ്കിലും  ഒരു  പരീക്ഷണം  വേണോ ?”

“വേണം ! ഉറക്കം  തൂങ്ങിയായ , ഒന്നിനും  ഉത്സാഹമില്ലാത്ത  ഇന്നത്തെ  മേഘനാഥനെ  കാണുമ്പോൾ  മനസ്സില്  ദുഃഖം  കൂടിക്കൂടി  വരികയാണ് . നമുക്ക്  ആ  പഴയ  തുള്ളിച്ചാടി  നടക്കുന്ന  അവനെ  തിരികെ  കിട്ടേണ്ടേ ?”

“ആരുടേയും  ജീവന്  കുഴപ്പമൊന്നും  സംഭവിക്കില്ലെന്ന്  ഉറപ്പു  തരാൻ  പറ്റുമോ ?”

“പറ്റും !”

“അത്രയ്ക്ക്  വിശ്വാസമാണെങ്കിൽ  നമുക്ക്  പോകാം !”

അങ്ങനെ  അവർ  വർഷങ്ങൾക്കു  ശേഷം  ആ  വെള്ളച്ചാട്ടത്തിന്റെ  അടുത്തെത്തി . അവരുടെ  കണ്ണുകൾ  മേഘനാഥനിലായിരുന്നു .

പക്ഷേ ….

നിർവ്വികാരനായി   അവൻ  നിൽക്കുന്നത്  കണ്ടു  അവർ അത്ഭുതപ്പെട്ടു .

ഒരുപാടു  കുടുംബങ്ങൾ  വെള്ളച്ചാട്ടം  കാണാനായി  എത്തിച്ചേർന്നിട്ടുണ്ട് .

അതിൽ  ഒരു  പെൺകുട്ടി  പതുക്കെ  പതുക്കെ  കമ്പി  പിടിച്ചിറങ്ങാൻ  നോക്കുകയാണ് . വഴുക്കലുള്ള  പാറയിലേക്കാണ്  അവൾ  ഇറങ്ങാൻ  നോക്കുന്നത് . ആരും , പ്രത്യേകിച്ച്  അവളുടെ  കൂടെ  വന്നവർ  അവളെ  ശ്രദ്ധിച്ചില്ല . അവിടെ  നിന്ന്  വഴുതിയാൽ  രണ്ടാമത്തെ  വെള്ളച്ചാട്ടത്തിലേക്ക്  വീഴും !

പെട്ടെന്നാണ്  മേഘനാഥൻ  അത്  ശ്രദ്ധിച്ചത് !

“വേണ്ടാ ! വേണ്ടാ ! ഇറങ്ങേണ്ട !” അവൻ  ഈളിയിട്ടു  കരയാൻ  തുടങ്ങി . അധികം  വൈകാതെ  കരഞ്ഞു  തളർന്നു  ബോധം  കെട്ടു  വീണു .

അവൻ്റെ  ഈ  പ്രവർത്തികളിൽ  രവിചന്ദറും  കുടുംബവും  ഇടപെട്ടില്ല . ഒരു  പക്ഷേ  അത്  അവനിൽ  മാറ്റം  വരുത്തിയാലോ !

അവനു  ബോധം  പോയപ്പോൾ  അവനെയെടുത്തു  അവർ  കാറിൽ  കയറി  ആശുപത്രിയിലേക്ക്  പുറപ്പെട്ടു . ഇതിനകം  പെൺകുട്ടി  സുരക്ഷിതയായി  മുകളിലേക്ക്  കയറിക്കഴിഞ്ഞിരുന്നു !

മണിക്കൂറുകൾ  കടന്നു  പോയി . അവനു  ബോധം  വന്നു  ചുറ്റും  നോക്കി . കുറേ  നേഴ്സുമാർ  അവിടെ  നിൽക്കുന്നുണ്ട് .

“ഞാനെവിടെയാ ? എനിക്കെന്താ  പറ്റിയത് ? ആരാ  എന്നെ  ഇവിടെ  കൊണ്ടുവന്നത് ?”

ഒരു  നേഴ്സ്  ഐ . സി . യു  വിന്റെ  വാതിൽ  തുറന്നു  പുറത്തേക്കു  വന്നു .

“ആരാ  മേഘനാഥന്റെ  കൂടെ  വന്നത് ?”

രവിചന്ദറും  ചന്ദ്രികയും  രൂപിണിയും  അവിടേക്കു  ഓടിച്ചെന്നു .

“മോന്  ബോധം  വന്നു ! അവൻ  വിളിക്കുന്നുണ്ട് !”

അവർ  അകത്തു  കയറി .

“അച്ഛാ , അമ്മേ , ചേച്ചീ ” അവരെക്കണ്ടു  അവൻ  വിളിച്ചു . “ഞാൻ  വെള്ളച്ചാട്ടത്തിൽ  വീണിട്ടു  ദേഹത്ത്  മുറിവൊന്നുമില്ലാതെ  അത്ഭുതകരമായി  രക്ഷപ്പെട്ടു !”

“അതൊക്കെ  നടന്നിട്ടു  കുറേ  കാലമായി  മോനേ !”- ചന്ദ്രിക  പറഞ്ഞു . പിന്നീട്  എങ്ങനെ  അവൻ  തിരികെയെത്തിയെന്ന  കഥ  അവനോടു  വിവരിച്ചു .

“രണ്ടു  വർഷം  അച്ഛനുമമ്മയുമില്ലാതെ  ഞാനൊറ്റക്ക്  തെരുവിൽ  കഴിഞ്ഞെന്നോ ! ഓടയിൽ  നിന്ന്   അഴുക്കു  വെള്ളം  കുടിച്ചു  ജീവിച്ചിരുന്നെന്നോ !” അവൻ  അത്ഭുതത്തോടെ  ചോദിച്ചു .

“അതേ  മോനേ ! ദൈവം  നിന്നെ  ഞങ്ങൾക്ക്  തിരികെത്തന്നു .

അവർ  ഓരോരുത്തരായി  അവനെ  ആലിംഗനം  ചെയ്തു .

ആ  ഒത്തുചേരലിന്റെ  ആമോദത്തിനു  അല്പായുസ്സായിരുന്നുവോ ?

ഭാഗം -5 –

ആ  ആമോദത്തിനു  അല്പായുസ്സായിരുന്നില്ല !

വർഷങ്ങൾ  കടന്നു  പോയി .

ഒരു ക്രിസ്തുമസ്   അവധിക്കാലത്തു  അവർ  കുടുംബസമേതം  ഊട്ടിയിലേക്ക്  പുറപ്പെട്ടു .

എല്ലാവരും  വളരേ  സന്തോഷത്തിലായിരുന്നു .

മേഘനാഥൻ  ആണ്  കാറോടിക്കുന്നത് . ഇരുപതുകളിൽ  ആണ്  അവൻ്റെ  പ്രായമിപ്പോൾ .

കനത്ത  മൂടൽമഞ്ഞു  കാഴ്ച്ചയെ  മറക്കുന്നു . കാർ  ഇപ്പോൾ  ഒരു  ചുരം  കയറുകയാണ് . കയറ്റത്തിൽ  വണ്ടി  നിർത്താനാകില്ലല്ലോ ?

ചുരം  കയറിക്കഴിഞ്ഞു  വളരേ  ശ്രദ്ധിച്ചു  നോക്കി  അവൻ  കാർ  റോഡരികിൽ  പാർക്ക്  ചെയ്തു .

“നീയാ  ചാവി  ഒന്ന്  തന്നേ ! ഞാൻ  ഡിക്കി  തുറന്ന്  അല്പം  ബിയർ  അടിച്ചു  ശരീരമൊന്നു  ചൂടാക്കട്ടെ !”- രവിചന്ദർ  പറഞ്ഞു .

മേഘനാഥൻ  നൽകിയ  ചാവിയുമായി  അയാൾ  പുറത്തിറങ്ങി . ഒന്നും  കാണുന്നില്ല ! തപ്പിപ്പിടിച്ചു  ഡിക്കിയുടെ  സമീപത്തെത്തി .

അരമണിക്കൂർ  കടന്നുപോയി . ബാക്കി  എല്ലാവരും  കാറിൽത്തന്നെ  ഇരിപ്പാണ് .

“അച്ഛനെന്താ  വരാത്തെ ?”- രൂപിണി  ചോദിച്ചു .

“നീ  ഒന്ന്  ഇറങ്ങിനോക്ക്  മേഘനാഥാ !”-ചന്ദ്രിക  അവനോടായി  പറഞ്ഞു .

അവൻ  പുറത്തിറങ്ങി . അച്ഛനെപ്പോലെ  അവനും  തപ്പിപ്പിടിച്ചു  ഡിക്കിയുടെ  സമീപത്തെത്തി .

“അച്ഛാ ! അച്ഛാ !”

ആ  വിളിക്കു  മറുപടിയുണ്ടായിരുന്നില്ല !

അവൻ  നിന്ന  സ്ഥലത്തു  തന്നെ  ഇരുന്നു  കൈ  കൊണ്ട്  കാറിന്റെ  സമീപപ്രദേശങ്ങളെല്ലാം  തപ്പിനോക്കി .

“ദൈവമേ ! അച്ഛൻ  എവിടെപ്പോയി ? ഇവിടെയെങ്ങും  കാണുന്നില്ലല്ലോ !”

അവൻ  തപ്പിപ്പിടിച്ചു  വന്ന്  കാറിന്റെ  ഡോർ  തുറന്നു .

“അമ്മേ ! അച്ഛനെ  ഇവിടെയെങ്ങും  കാണുന്നില്ല !”

“ന്റെ  ദൈവേ …..!” ചന്ദ്രിക  തേങ്ങാൻ  തുടങ്ങി .

“അമ്മ  കരയേണ്ട ! വെയിൽ  ഉറച്ചാൽ  മഞ്ഞു  മാറും . അച്ഛൻ  അടുത്ത്  എവിടെയെങ്കിലും  ഫിറ്റായി  കിടക്കുന്നുണ്ടാകും !”- രൂപിണി  ആശ്വസിപ്പിച്ചു .

മണിക്കൂറുകൾ  കടന്നുപോയി . വെയിലുറച്ചു . അവർ  വീണ്ടും  തിരച്ചിൽ  തുടർന്നു . മഞ്ഞില്ലാത്തതിനാൽ  എല്ലാം  തെളിഞ്ഞു  കാണാം !

അതാ  വളരേ  അകലെയായി  റോഡരികിൽ  കമിഴ്ന്നു  കിടക്കുന്നു  രവിചന്ദർ !

അവർ  വേഗം  അങ്ങോട്ടോടി  അയാളെ  താങ്ങിപ്പിടിച്ചു  കാറിൽക്കയറ്റി

അടുത്തുള്ള  ആശുപത്രിയിലേക്ക്  കുതിച്ചു .

ആശുപത്രി . കാഷ്വാലിറ്റിയിൽ  രവിചന്ദറെ  കയറ്റി . ബാക്കിയെല്ലാവരും  പുറത്തു  കാവൽ  നിൽക്കുകയാണ് .

അൽപസമയം  കഴിഞ്ഞു . ഡോക്ടർ  പുറത്തു  വന്നു .

” എന്നാച്ചു ?എൻ  അപ്പാവുക്കു  എപ്പടി  ഇറുക്ക്‌ ?”

“അയാം  സോറി ! അവരെ  കടവുൾ  തിരുമ്പി  വിളിച്ചിട്ടാര് ! തേർഡ്  അറ്റാക്ക്  താൻ !”

ഡോക്ടർ  നടന്നു  നീങ്ങി .

ചന്ദ്രിക  ബോധം  കെട്ടു  വീണു . അവരേയും  ആശുപത്രിയിൽ  അഡ്‌മിറ്റാക്കി . രൂപിണി  എന്ത്  ചെയ്യണമെന്നറിയാതെ  തേങ്ങിക്കരയുകയാണ് .

അല്പസമയം  കടന്നുപോയി . ചന്ദ്രികക്ക്  ബോധം  വന്നു .

“ഇല്ല ! ഇല്ല ! നിങ്ങളുടെ  അച്ഛൻ  പോവില്ല ! മരിച്ചെന്ന്  കരുതിയ  നീ  തിരിച്ചു  വന്നില്ലേ  മേഘനാഥാ ? അത്  പോലെ  അവരും  വരും !”

ഈ  സംഭാഷണം  അവർ  ആവർത്തിച്ചു  കൊണ്ടിരുന്നു .

ആംബുലെൻസ്  തെയ്യാറായി . രവിചന്ദറെ  അതിൽ  കയറ്റി  അവരും  അതിൽ  കയറി .ശവത്തിനു  അടുത്ത്  തന്നെയാണ്  ചന്ദ്രിക  ഇരിക്കുന്നത് . ഇപ്പോൾ  അവരുടെ  മുഖത്തു  ഒരു  പുഞ്ചിരിയാണ് !

“മക്കളേ ! അച്ഛൻ  ബിയർ  അടിച്ചു  മയങ്ങിക്കിടക്കുകയാണ് . ഉണർത്തല്ലേ !”

മക്കളുടെ  കണ്ണീരും  വറ്റിക്കഴിഞ്ഞിരുന്നു . എല്ലാം  നിർവ്വികാരമായി  അവർ  കേട്ടിരുന്നു .

വീട്ടിലെത്തി . ആംബുലൻസിന്റെ  ശബ്ദം  കേട്ട്  അയൽക്കാർ  ഓടി  വന്നു . എല്ലാവരും  ചേർന്ന്  രവിചന്ദറിനെ  വീട്ടിലെ  ഹാളിൽ  കിടത്തി . ചിലർ  ദഹിപ്പിക്കാനുള്ള  ഒരുക്കങ്ങൾ  നടത്താൻ  തുടങ്ങി . ചന്ദ്രിക  അപ്പോഴും  തൻ്റെ  ഭർത്താവിന്  ബോധം  വരും  എന്ന  പ്രതീക്ഷയിൽ  ആ  മുഖത്തേക്ക്  നോക്കിയിരിക്കുകയാണ് .

സമയം  കടന്നു  പോയി . അയൽക്കാരിൽ  തലമുതിർന്ന  ഒരാൾ  മേഘനാഥന്റെ  ചെവിയിൽ  സ്വകാര്യമായി  പറഞ്ഞു .

“ചിത  തെയ്യാറായി ! കുളിച്ചു  വന്നോളൂ ! ക്രിയകൾ  പറഞ്ഞുതരാൻ  തിരുമേനിയേയും  കൊണ്ടുവന്നിട്ടുണ്ട് .ഒന്നും  വിഷമിക്കേണ്ട ! ഒക്കെ  ഞങ്ങൾ  നോക്കിക്കോളാം !”

പെട്ടെന്നാണത്  സംഭവിച്ചത് . ഒരലർച്ചയോടെ  ചന്ദ്രിക   പുറത്തേക്കു  ഇറങ്ങി

ഓടി ! പിന്നാലെ  രൂപിണിയും !

ഭാഗം -6 –

അലച്ചിൽ ! അന്തമില്ലാത്ത  അലച്ചിൽ ! എന്നിട്ടും  വല്ല  ഫലമുണ്ടോ ?

പോലീസും  അന്വേഷിച്ചു  മടുത്തു .

എവിടെപ്പോയിരിക്കും  അമ്മയും  ചേച്ചിയും ? ദൈവത്തിന്  മാത്രം  അറിയാം !

കുട്ടിക്കാലത്തു  രണ്ടു  വർഷം  ഏതോ  ലോകത്തു  ഒറ്റക്കായിരുന്നു !

പിന്നീട്  ഓർമ്മ  തിരിച്ചു  കിട്ടിയപ്പോൾ  ജീവിതത്തിന്റെ  വസന്തകാലമായിരുന്നു !

വീണ്ടും  താൻ  ഒറ്റയ്ക്ക് ! പക്ഷേ , ഇന്ന്  പണം  കൂട്ടിനുണ്ട് !

എങ്ങനെയെങ്കിലും  മനസ്സിന്റെ  ചിന്തകൾ  തിരിച്ചു  പ്രതീക്ഷയുടെ

ലോകത്തേക്ക്  തിരിച്ചു  വിട്ടേ  പറ്റൂ !

പൊള്ളുന്ന  മനസ്സുകൾക്ക്  സാന്ത്വനമേകുവാൻ  സംഗീതത്തിന്  കഴിയുമെന്ന്  കേട്ടിട്ടുണ്ട്.

സംഗീതം  പഠിച്ചാലോ ?

ആരുടെ  കീഴിൽ  പഠിക്കും ?

അസ്വസ്ഥമായ  ഈ  ചിന്തകളുമായി  മേഘനാഥൻ  ഇരിക്കുന്നത്  അതേ  വെള്ളച്ചാട്ടത്തിന്റെ  അടുത്താണ് .

അവൻ  ചുറ്റും  നോക്കി .

ഇന്നെന്തോ  വെള്ളച്ചാട്ടം  കാണാൻ  ആളുകൾ  വളരേ  കുറവാണല്ലോ ?

അതാ  കുറച്ചകലെയായി  ചിന്താമഗ്നയായി  ഒരു  യുവതി  ഇരിക്കുന്നു . അവൻ  അവളുടെ  അടുത്തേക്ക്  ചെന്നു .

“എന്താ  ഒറ്റക്കിരിക്കുന്നത് ? കൂടെ  ആരും  വന്നില്ലേ ?”

“എല്ലാവരും  തിരക്കിന്റെ  ലോകത്താണ് !എന്നേയും  എൻ്റെ  കാര്യങ്ങൾ

നോക്കാനും  ആരുമില്ല ! എന്നും  അവർ  തരുന്ന  നോട്ടുകെട്ടുകൾ  മാത്രമേ  കൂട്ടിനുള്ളൂ !”

“അപ്പോൾ  നമ്മൾ  തുല്ല്യ  ദുഃഖിതരാണ് !ആരുമില്ലാതെ  ആരുമില്ലാത്തവനായി  ഞാനും  എല്ലാവരുമുണ്ടായിട്ടും  ആരുമില്ലാത്തവളായി  നീയും !”

“മനസ്സിന്  ആശ്വാസം  കിട്ടാൻ  എന്താണൊരു  മാർഗ്ഗം ?”

“ഈ  ചോദ്യം  ഞാൻ  കുറേ  നേരമായി  എന്നോട്  തന്നെ  ചോദിക്കുകയായിരുന്നു ! എനിക്ക്  കിട്ടിയ  ഉത്തരം  സംഗീതം  പഠിക്കുക  എന്നതാണ് !”

“ശരിയാണല്ലോ , അടുത്തൊരു  ഭാഗവതർ  ഉണ്ടായിട്ടു  പോലും  അങ്ങനെയൊരു  സാധ്യതയെക്കുറിച്ചു  ചിന്തിച്ചില്ല !”

“ആ ! ഇങ്ങനെ  പരസ്പരം  പരിചയപ്പെടാതെ  ബഡായി  അടിച്ചാൽ  മതിയോ ?

ഞാൻ  മേഘനാഥൻ , പ്രശസ്ത  ശാസ്ത്രജ്ഞനായ  രവിചന്ദറിന്റെ  മകൻ .”

“ഞാൻ  ലക്ഷ്മി . പ്രശസ്ത  ബിസിനസ്സുകാരൻ  ആദിത്യ വർമ്മയുടെ  മകൾ !”

“വീടെവിടെയാ ?”

“ഇവിടെ  നിന്നും  നടക്കാനുള്ള  ദൂരമേയുള്ളൂ !”

“എനിക്ക്  ആ  ഭാഗവതരുടെ  വീട്  ഒന്ന്  കാണിച്ചു  തരാമോ ?”

“അതിനെന്താ ? വരൂ !”

അവർ  ഒരുമിച്ചു  നടക്കാൻ  തുടങ്ങി .

അവർ  ഒരു  പഴയ  തറവാടിന്റെ  മുന്നിലെത്തി .

കോളിങ്ങ്‌ബെല്ലിൽ  അവൻ  വിരലമർത്തി .

കുടുമ  കെട്ടിവെച്ചു  ബാക്കി  തല  മുണ്ഡനം   ചെയ്ത്  സ്വർണ്ണക്കര  തോർത്തും തോളിലിട്ട്  സ്വർണ്ണക്കര  മുണ്ടും  ധരിച്ച  ഒരു  ആജാനുബാഹു  ഇറങ്ങിവന്നു .

“ആ ! ലക്ഷ്മിക്കുട്ടിയോ ! ഇതാരാ ?”

“സംഗീതം  പഠിക്കണമെന്നാഗ്രഹിച്ചു  വന്നതാണ് . പേര്  മേഘനാഥൻ .”

“മത്സരത്തിന്  പോകാൻ  ആണോ ?”

“അല്ല !”

“എങ്കിൽ  കാരണവന്മാരുടെ  അനുഗ്രഹം  മേടിച്ചു  നാളെ  മുതല്  വന്നോളൂ !”

“ശരി !” അവൻ  തിരികെ  നടന്നു .

കാരണവന്മാരായി  തനിക്കു  ആരാണുള്ളത് ? ഉള്ളവർതന്നെ  എവിടെയാണാവോ ?

വെള്ളച്ചാട്ടം  കാണാൻ  വരുന്നവർ  കാർ  പാർക്ക്  ചെയ്യുന്ന  സ്ഥലത്തു  അവനെത്തി .

എന്തായിത് ?

തൻ്റെ  കാറിന്റെ  ടയറുകൾ  ആരോ  ഊരിക്കൊണ്ടു  പോയിരിക്കുന്നു !

സെക്യൂരിറ്റി  അതാ  വെള്ളമടിച്ചു  ബോധം  കെട്ടുകിടക്കുന്നു .

എങ്ങനെ  തിരിച്ചു  പോകും ?

സ്വന്തം  വാഹനമില്ലാതെ  വരാൻ  പറ്റാത്ത  റൂട്ടാണ് !

അവൻ  എങ്ങോട്ടെന്നില്ലാതെ  നടന്നു .

ഭാഗം -7 –

.”നിൽക്കവിടെ !”.മേഘനാഥൻ  തിരിഞ്ഞു  നോക്കി . അതാ  കുന്തവുമായി  കുറേ  ആദിവാസികൾ !

അവന്  ഒന്നും  പറയാൻ  പറ്റാത്ത  അവസ്ഥയിലായിരുന്നു ! അവർ  അവൻ്റെ  കൈകൾ  കാട്ടുവള്ളികൾ  കൊണ്ട്  വരിഞ്ഞു  മുറുക്കി  എങ്ങോട്ടോ  വലിച്ചിഴച്ചു  കൊണ്ടുപോകാൻ  തുടങ്ങി .

സന്ധ്യ  മയങ്ങാൻ  തുടങ്ങിയിരിക്കുന്നു .അന്തിയുറങ്ങാൻ  ഒരു  കൂര  വേണം ! അത്  ബന്ദിയായിട്ടാണെങ്കിലും  അല്ലെങ്കിലും !

അതാ  അങ്ങകലെ  കുറേ തീപന്തങ്ങൾ  വെച്ചിരിക്കുന്നു . കുറേ  പാറക്കഷ്ണങ്ങളിന്മേൽ  ഇലകൾ  കൊണ്ട്  നാണം  മറച്ച  കുറേ  പേർ  ഇരിക്കുന്നു . അവർക്കു  നടുവിൽ ചുവപ്പു  തുണി  ധരിച്ചു കമ്പിളിപ്പുതപ്പ്  കൊണ്ട്  ദേഹം  മറച്ചു മൂപ്പനും ഭാര്യയും ഇരിക്കുന്നു .

മേഘനാഥനെ  വലിച്ചിഴച്ചു  കൊണ്ട് വരുന്ന  ആദിവാസികൾ  മൂപ്പന്റെ  മുന്നിൽ  അവനെ  ഹാജരാക്കി .

മൂപ്പൻ  മേഘനാഥന്റെ  മുഖത്തേക്ക്  നോക്കി .

“ഇബനെ  എടയോ  കണ്ടിട്ടിണ്ടല്ല ! ആ ! കൊറേ  കാലങ്ങൾക്കു  മുമ്പ് ബെള്ളത്തിൽ  കിട്ടിയ  കുട്ടി ! ബലുതായിട്ടും  ബലിയ  മാറ്റല്യ ! ഓനെ  അയിച്ചി  ബിടി !”

അവർ  അവൻ്റെ  കെട്ടഴിച്ചു .

“മോനേ ,കൊറച്ചു  കാലം ബയ്യാണ്ട്  മോൻ  ഇബടെ  കെടന്നീനി  .ബെള്ളച്ചാട്ടത്തിന്ന്  ഒയുകി  ബന്നതാണെന്നാ  അന്നത്തെ  മാഷ് പറഞ്ഞത് !”

അവൻ  മൂപ്പനെ  തൊഴുതു .എന്ത്  പറയണമെന്ന്  അറിയില്ല ! എന്ത്  പറഞ്ഞാലാണ്  അവർക്കു  മനസ്സിലാവുക  എന്നറിയില്ല !

“ഏതായാലൂം  ഞാളുടെ  കുടീല്  നിന്നോ ! ബെളിച്ചാവുമ്പോ  ഇബര്  കാട്ടിനു പൊറത്തേക്കു  കൊണ്ട്  പോയി  ബിടും !” മൂപ്പൻ  എഴുന്നേറ്റു  വന്നു  അവൻ്റെ  കൈ  പിടിച്ചു  എങ്ങോട്ടോ  നടന്നു .

മൂപ്പന്റെ  കുടിൽ . മൂപ്പനും  ഭാര്യയും  നിലത്തു  മൂന്നു  ചെമ്പിന്റെ  ഇല  വെച്ചു . അതിൽ  വേവിച്ച  ഓരോ  കാട്ടുകിഴങ്ങുകളും  വെച്ചു .

“മോനിരിക്കി !”

മൂപ്പനും  ഭാര്യയും  രണ്ടു  ഇലകളുടെ  അടുത്തിരുന്നു .അവൻ  സംശയിച്ചു  നിന്നു .

“കുട്ടീനെ  സ്വന്തം  മോനെപ്പോലെ  നോക്കി  ഉയിര്  തിരിച്ചു  കൊണ്ട്  ബന്ന  ആളാണ്  പറേണത് ! ഇരിക്കി  കുട്ട്യേ !”

അവൻ  ഇരുന്നു . തങ്ങളുടെ  പങ്കിൽ  നിന്ന്  ഓരോ  കഷ്ണം  അവർ  അവൻ്റെ  വായിൽ  വെച്ച്  കൊടുത്തു . അവൻ്റെ  കണ്ണുകൾ  നിറഞ്ഞു .

“ഞാടെ  കെയങ്ങു  ഇഷ്ടല്ലായിരിക്കും ! അതോണ്ടാവും  അന്ന്  ഓടിപ്പോയത് , അല്ലേ ?”-മൂപ്പൻ  ചോദിച്ചു .

“അതൊന്നും  ശരിക്കു  ഓർമ്മയില്ല !”

“അന്നും   മോന്ക്ക്  ഒന്നും  ഓർമ്മല്യ ! സാരല്യ ! മോൻ  കെയ്‌ക്കി !”

അവൻ  ബുദ്ധിമുട്ടി  കിഴങ്ങു  കഴിക്കുന്നത്  അവർ  നോക്കി  നിന്നു .

അത്താഴം  കഴിഞ്ഞു . ഇലകൾ  പുറത്തേക്കു  കളഞ്ഞു . ആ  ഒറ്റമുറിയേ  അവർക്കുള്ളൂ . അതു  തന്നെയാണ്  അവരുടെ  അടുക്കളയും  കിടപ്പുമുറിയുമെല്ലാം !

ഒരു  കയറിന്റെ  കട്ടിൽ  മുറിയുടെ  ഒരു  മൂലയിൽ  കിടപ്പുണ്ട് .അതിന്മേൽ

പായ  വിരിച്ചു  മൂപ്പൻ  പറഞ്ഞു .

“മോന്  ഈടെ  കെടന്നോ ! ഞാള്  നിലത്തു  കെടക്ക !”

മൂപ്പനും  ഭാര്യയും  ചാണകം  മെഴുകിയ  നിലത്തു  കിടന്നു .

സമയം  കടന്നു  പോയി . നേരം  പുലർന്നു .

“ഇന്നിനി  കുളിച്ചു  ശുദ്ധമായി  ഭാഗവതരുടെ  അടുത്തേക്ക്  പോകാൻ  സാധിക്കില്ല ! മാറാനൊരു  വസ്ത്രം  പോലുമില്ലല്ലോ !” അവൻ  വിചാരിച്ചു .

അവൻ  കട്ടിലിൽ  എഴുന്നേറ്റിരുന്നു . അപ്പോഴേക്കും  മൂപ്പനും  ഭാര്യയും  ഉണർന്നു .

“മോൻ  പ്രാതല്  കയിച്ചിട്ടു  പോയാ  മതി !”- മൂപ്പത്തി  പറഞ്ഞു .

“ഞാൻ  പല്ലു  തേച്ചില്ല !”- അവൻ  പറഞ്ഞു .

മൂപ്പൻ  ഭാര്യയുടെ  നേരെ  തിരിഞ്ഞു  പറഞ്ഞു :”ഓന്ക്  കൊറച്ചു  മൊന്തേല്  ബെള്ളം  കൊടുക്ക് ! ഒന്ന്  കുലുക്കുഴിഞ്ഞു  തുപ്പിയാല്  എല്ലാം  ശെര്യാവും !”

അവൾ  മൂപ്പനെ  അനുസരിച്ചു . മേഘനാഥൻ  വായ കഴുകി .

“ഞാൻ  പിന്നെ  കഴിച്ചോളാം !എന്നെ  ഒന്ന്  കാടു  കടത്തി  തന്നാൽ  മതി !”

മൂപ്പൻ  കുടിലിന്റെ  പുറത്തേക്കു  വന്നു .

“ചോപ്പോ,  പൂയ് !” അയാൾ  നീട്ടി  വിളിച്ചു .

ചോപ്പൻ  ഓടി  വന്നു .

“ഓനെ  കാടു  കടത്തിക്കൊടുക്ക്‌ !”

“ശരി  മൂപ്പാ !”

മേഘനാഥൻ  ചോപ്പനോടൊപ്പം  നടക്കാൻ  തുടങ്ങി .

പെട്ടെന്നാണ്  ഒരു  കാട്ടാനയുടെ  ചിന്നം  വിളി  അവർ  കേട്ടത് . മേഘനാഥൻ  പേടിച്ചു  വിറക്കാൻ  തുടങ്ങി .

ഭാഗം -8 –

അൽപ്പ നേരമേ  നടന്നുള്ളൂ  അപ്പോഴേക്കും  അതാ  കാട്ടാന  മുന്നിൽ !

“കദംബ , ഓൻ  വെടി  വെക്കാൻ  ബന്നതല്ല !പൊയ്‌ക്കോ !”-ചോപ്പൻ  ഉറക്കെപ്പറഞ്ഞു .

ആന  ശാന്തമായി  തിരികേ  നടന്നു .

എന്താ  ഒരു  പാടു  നടന്നിട്ടും  കാടിന്റെ  അതിർത്തിയിൽ  എത്താത്തത് ?

“വയ്യ ! ഇനിയും  നടക്കാൻ  വയ്യ !”- മേഘനാഥൻ  തളർന്നിരുന്നു .

ചോപ്പൻ  അവൻ്റെ  മുന്നിൽ  കുനിഞ്ഞിരുന്നു .

“പൊറത്തു  കേറിക്കോളി !”

തലക്കു  ഇരുവശത്തും  കാലിട്ടു  മേഘനാഥൻ  അയാളുടെ  തോളിൽക്കയറി .

അവൻ്റെ  ഇരുകാലുകളും  കൈകൾ  കൊണ്ട്  പിടിച്ചു കൊണ്ട് ചോപ്പൻ  നടത്തം  തുടർന്നു .

കാടിന്റെ  അതിർത്തിയിലെത്തിയപ്പോഴേക്കും  സമയം  ഉച്ചയായിക്കഴിഞ്ഞിരുന്നു . വിശപ്പ്  ശരീരത്തെ  കാർന്നു  തിന്നാൻ തുടങ്ങി .

“ഇനി  പൊയ്ക്കോ ! ഞാള്  അങ്ങോട്ട്  ബരുന്നില്ല !”-ചോപ്പൻ  മേഘനാഥനെ  താഴെയിറക്കി .

നടക്കാനൊന്നും  വയ്യ ! കനത്ത  വെയിൽ ! അവനെ  ഇറക്കിയ  സ്ഥലത്തു  തന്നെ  അവൻ  ഇരുന്നു .

“മോന്  ബെസക്കിണ്ടാവും ! അല്ലേ ?”- ചോപ്പൻ  അങ്ങനെ  ചോദിച്ചു  കൊണ്ട്  ചുറ്റും  നോക്കി .

“അയ്യോ ! കയ്യിക്കിന്നതൊന്നും ഈടെ  ഇല്യാലോ ! ഞാള്ക്കു  പോയേ  പറ്റൂ ! മൂപ്പൻ  പണി  ഏൽപ്പിച്ചിട്ടുണ്ട് !”

ചോപ്പൻ  നടന്നു  നീങ്ങി .

മേഘനാഥൻ  അടുത്ത്  കണ്ട  കുറേ  ഇലകൾ  ആർത്തിയോടെ  തിന്നു . വയറിനു  അല്പം  ആശ്വാസം  തോന്നിയപ്പോൾ  നടത്തം  തുടർന്നു .

അങ്ങനെ  വീണ്ടും  അവൻ  വെള്ളച്ചാട്ടത്തിന്റെ  അടുത്തെത്തി .

ഒഴുകിക്കൊണ്ടിരിക്കുന്ന  ജലം  ജീവിതമല്ലേ ?

എത്ര  ഉയരത്തിലുള്ള  വെള്ളത്തിനും  താഴേക്ക്  പതിച്ചേ  പറ്റൂ !

മനുഷ്യന്റെ  പദവികളും  അങ്ങനെത്തന്നെയല്ലേ ?

തിരിച്ചുവരവിന്  ശേഷം  പത്തുവർഷത്തോളം  സന്തോഷത്തിന്റെ പാരമ്യതയിലായിരുന്നില്ലേ ? ഇപ്പോൾ  വീണ്ടും  വീഴ്ചകളുടെ  സമയം !

അപ്പോൾ  സെക്യൂരിറ്റി  അവൻ്റെ  അടുത്തേക്ക്  ഓടിവന്നു .

‘സാറിന്റെ  കാർ  നേരെയാക്കിയിട്ടുണ്ട് ! എൻ്റെ  അനിയനൊപ്പിച്ച  പണിയായിരുന്നു . ലഹരിയുടെ  പുറത്തായത്  കൊണ്ട്  ഞാനൊന്നുമറിഞ്ഞില്ല . എന്നെക്കുറിച്ചു  ആരോടും  പരാതി  കൊടുക്കരുതേ !എൻ്റെ  ഈ  മാസത്തെ  ശമ്പളം  മുഴുവൻ  തീർന്നുവെങ്കിലും  എനിക്കിപ്പോൾ  മനസ്സമാധാനമാണ് ! എൻ്റെ  തെറ്റ്  ഞാൻ  തന്നെ  തിരുത്തിയല്ലോ !”

“സാരമില്ല ! എങ്ങനെയായാലും  നേരെയാക്കിയല്ലോ ?”- അവൻ  കുറച്ചു  തുക  സെക്യൂരിറ്റിക്ക്  കൊടുത്തു,

“ഇതിൽ  കൂടുതൽ  ചിലവായിട്ടുണ്ടെങ്കിൽ  എൻ്റെ  വീട്ടിൽ  വരിക . ഇതാണെന്റെ  അഡ്രസ്സ്‌ !”- അവൻ  തൻ്റെ  അഡ്രസ്സ്  പ്രിന്റ്  ചെയ്ത  കാർഡ്  സെക്യൂരിറ്റിക്ക്  നൽകി .

മേഘനാഥൻ  കാറിന്റെ  അടുത്തേക്ക്  നടന്നു .

അപ്പോഴാണ്  ശ്രുതിമധുരമായ  ഒരു  ഗാനം  അവൻ്റെ  കാതുകളെ  കീഴടക്കിയത്. അവൻ  അതിൻ്റെ  ഉത്ഭവം  തേടി  നടന്നു .വെള്ളച്ചാട്ടത്തിൽ  നിന്ന്  അല്പം  അകലെയുള്ള  ഒരു  അരുവിയുടെ  അടുത്തുള്ള  പാറയിന്മേൽ  ഇരുന്നു  ഒരാൾ  പാടുന്നു !താടിയും  മുടിയും  നീട്ടിവളർത്തിയിട്ടുണ്ട് . ജുബ്ബയും  പൈജാമയുമാണ്  വേഷം .

അവൻ  പാട്ടു  തീരാനായി  കാത്തു  നിന്നു .

“താങ്കൾ  ആരാ ?”

“ഞാൻ  ദേവദത്തൻ . ഒരു  ഭാഗവതരായിരുന്നു . ആ ! എന്ത്  ചെയ്യാം ! ആ  പ്രതാപകാലമൊക്കെ  കഴിഞ്ഞു  പോയി ! ഇപ്പോൾ  വീണേടം  വിഷ്ണുലോകമായി  ജീവിക്കുന്നു . ഇടയ്ക്കു  ഇവിടെ  വന്നു  എന്തെങ്കിലും  മൂളും . ഭ്രാന്താണെന്നാണ്  ചിലർ  പറയാറുള്ളത് ! എനിക്ക്  പരിസരബോധമില്ലത്രേ !”

“എൻ്റെ  കൂടെ  വന്നു   എന്നെ  പാട്ടു  പഠിപ്പിക്കാമോ ?”

“സഹതാപമാണെങ്കിൽ  വേണ്ട !”

“സഹതാപമല്ല , പാട്ടു  പഠിക്കാനുള്ള  മോഹം  കൊണ്ട്  തന്നെയാണ് !”

“ശരി ! ഞാൻ  വരാം ! പക്ഷേ  ഞാൻ  ഒരു  ഭാരമാണെന്നു  നിങ്ങൾക്കോ  എനിക്കോ  തോന്നിയാൽ  ഞാൻ  ആ  നിമിഷം  ഇറങ്ങിപ്പോകും !”

“സമ്മതം ! വരൂ !” അയാളുടെ  കൈ  പിടിച്ചു  മേഘനാഥൻ  കാറിന്റെ  അടുത്തേക്ക്  നടന്നു .

ഭാഗം -9 –

സംഗീതത്തിന്റെ  വസന്തകാലമായിരുന്നു  മേഘനാഥന്റെ  വീട്ടിൽ  അന്നു  മുതൽ  ആരംഭിച്ചത് .

അതിനിടയിൽ  അവനു  ബാങ്കിൽ അക്കൗണ്ടന്റ്  ആയി  ജോലി  കിട്ടി .

ഇനി  അവനു  വേണ്ടത്  ഒരു  കുടുംബമാണ് . വിവാഹത്തെക്കുറിച്ചു  അവൻ  സ്വപ്‍നം  കാണുമ്പോഴെല്ലാം  അവൻ്റെ  മനസ്സിൽ  കയറി  വരുന്ന  രൂപം  ലക്ഷ്മിയുടേതാണ് .

ഒരു  ഞായറാഴ്ച  തൻ്റെ  ഗുരുവിനേയും  കൂട്ടി  അവൻ  ലക്ഷ്മിയുടെ  വീട്ടിലെത്തി .

ലക്ഷ്മിയുടെ  അച്ഛൻ  ആദിത്യവർമ്മയും  അമ്മ  സുഭദ്രയും  അവരെ  ഉപചാരപൂർവ്വം  സ്വീകരിച്ചു .

“അവളെ  നിങ്ങൾക്ക്  വിവാഹം  കഴിച്ചു തരുന്നതിൽ  ഞങ്ങൾക്ക്  സന്തോഷമേയുള്ളൂ !കാരണം  നിങ്ങളുടെ  കൂടെ  അച്ഛനുമമ്മയുമൊന്നും  ഇല്ലല്ലോ !”- ആദിത്യവർമ്മ  പറഞ്ഞു .

അങ്ങനെ  സന്തോഷത്തോടെ  അവർ  വീട്ടിലേക്ക്  തിരിച്ചു  പോന്നു .

നിശ്ചയം  കഴിഞ്ഞപ്പോൾ  മുതൽ  മേഘനാഥൻ  പലപ്പോഴും  സ്വപ്നലോകത്തായിരുന്നു . എങ്കിലും  സംഗീതപഠനത്തെ  അത്  ബാധിച്ചില്ല .

ദേവദത്തനും  അത്യാവശ്യം  സാമ്പത്തികപരമായി  ഭേദപ്പെട്ട  അവസ്ഥയിലെത്തി .

അങ്ങനെ  ലക്ഷ്മിയുടെ  അയൽവാസിയും  ഭാഗവതരുമായ  സുബ്രഹ്മണ്യ  അയ്യരുടെ  കാർമ്മികത്വത്തിൽ  അവരുടെ  വിവാഹം  നടന്നു .

അന്ന്  വൈകുന്നേരം  തന്നെ  ദേവദത്തൻ  പെട്ടിയും  കിടക്കയുമായി  ആ  വീട്ടിൽ  നിന്ന്  ഇറങ്ങാനൊരുങ്ങി .

“ഗുരോ !  അങ്ങ് എങ്ങോട്ടാണ്  പോകുന്നത് ?”

“ഇനി  ഞാൻ  വേറെ  താമസിച്ചോളാം ! സ്വർഗ്ഗത്തിലെ  കട്ടുറുമ്പാകാൻ  ഞാൻ  ആഗ്രഹിക്കുന്നില്ല !”

“വേണ്ട ! അച്ഛന്റെ  സ്ഥാനത്തു  നിന്നാണ്  അങ്ങ്  എൻ്റെ  വിവാഹം  നടത്തിത്തന്നത് ! ഇനിയുള്ള  കാലം  അതേ  പോലെത്തന്നെ  എൻ്റെ  കൂടെ

ഉണ്ടാകണം !”- മേഘനാഥൻ  പെട്ടിയും  കിടക്കയും  വാങ്ങി  മുറിയിൽ  കൊണ്ട്  വെച്ചു .

ലക്ഷ്മി  മുഖം  കോട്ടി  കനത്ത  കാൽവെപ്പുകളോടെ  മണിയറയിലേക്ക്  കയറി .

സമയം  രാത്രി . മേഘനാഥനും  ലക്ഷ്മിയും  കട്ടിലിലിരിക്കുന്നു  .

“ഒരു  കുടുംബം  എന്ന്  പറഞ്ഞാൽ  ഭർത്താവും  ഭാര്യയും  കുട്ടികളും  മാത്രമാണ് ! മാതാപിതാക്കളും  ഗുരുവും  കുരുവുമൊന്നും  ഉണ്ടാകാൻ പാടില്ല !മാതാപിതാക്കൾ  വേണമെന്നുണ്ടെങ്കിൽ  എൻ്റെ  മാതാപിതാക്കളെ  അങ്ങനെ  കണക്കാക്കിക്കൊള്ളൂ ! നിങ്ങളുടെ  അമ്മയും  ചേച്ചിയും  തിരിച്ചു  വന്നാൽ  പോലും  കൂടെത്താമസിക്കാൻ  എന്നെക്കിട്ടില്ല !എനിക്കാവില്ല  ആ  വയസ്സന്  വെച്ച്  വിളമ്പാൻ ! നിങ്ങള്  ഓഫീസിൽ  പോകാൻ  തുടങ്ങുമ്പോൾ  കൂടെ  കൊണ്ട്  പൊയ്‌ക്കോ !”-ആദ്യദിവസം  തന്നെ  ലക്ഷ്‌മി  തൻ്റെ  നിലപാട്  വ്യക്തമാക്കി .

ദിവസങ്ങൾ  കടന്നുപോയി . ലീവ്  കഴിഞ്ഞു  ജോലിക്കുപോകാൻ  തുടങ്ങുന്ന  ദിവസം  മേഘനാഥൻ  ദേവദത്തനെ  കൂടെക്കൂട്ടി .

“ഞാൻ  നിനക്ക്  ഒരു  ഭാരമായി  അല്ലേ ? ഞാൻ  പറഞ്ഞതല്ലേ  വേറെ  താമസിക്കാമെന്ന് ?”

“വേണ്ട ! അങ്ങ്  എൻ്റെ  കൂടെ  വേണം !”

“പക്ഷേ , നിന്റെ  ഭാര്യക്കതു  ഇഷ്ടമല്ല ! വെറുതെയെന്തിനാ  ഒരു  കുടുംബപ്രശ്നമുണ്ടാക്കുന്നത് ? ഇപ്പോൾത്തന്നെ  പരിഹാസത്തോടെ  നായക്ക്  തിന്നാൻ  വെച്ചുകൊടുക്കുന്നതു  പോലെയാണ്  എനിക്ക്  ഭക്ഷണം  തരാറ് ! ഇനിയും  പരിഹാസഭാവം  സഹിച്ചു  നിൽക്കാനാവില്ല !”

“അത്രയ്ക്ക് നിർബന്ധമാണെങ്കിൽ  ഞാൻ  എൻ്റെ  നഗരത്തിലെ  ഫ്ലാറ്റിൽ  കൊണ്ടാക്കാം !”

അങ്ങനെ  ഗുരുവിനോടൊപ്പം  അവൻ  വീട്ടിൽനിന്നിറങ്ങി .

ഭാഗം -10

ഇപ്പോൾ  മേഘനാഥൻ  സംഗീതം  പഠിക്കുന്നില്ല !

എങ്ങനെ  പഠിക്കും ? വേലക്കാരുണ്ടെങ്കിലും  അവൻ  തന്നെ  പാചകം  ചെയ്യണം ! പറ്റില്ലെന്ന് പറയരുത് ! പറഞ്ഞാൽ  ഉടനെ  അവൾ  ആത്മഹത്യക്കൊരുങ്ങും ! അങ്ങനെ  ഭക്ഷണമുണ്ടാക്കി  വീടുമുഴുവൻ  അടിച്ചുവാരി  തുടച്ചു  അവൻ  ജോലിക്കു  പോകാൻ  തുടങ്ങി . അവസാനം  അവൻതന്നെ  വേലക്കാരെ  പിരിച്ചു  വിട്ടു .

അങ്ങനെ  സഹികെട്ടിരിക്കുമ്പോൾ  ഒരു  ദിവസം  അവൻ  ലക്ഷ്മിയുടെ  വീട്ടിലേക്കു  അവളോടൊപ്പം  പോയി .

“എന്തായാലും  അവളുടെ  അച്ഛനമ്മമാരോട്  ഇതൊക്കെ  പറഞ്ഞിട്ട്  തന്നെ  കാര്യം !”- അവൻ  വിചാരിച്ചു .

അവിടെയെത്തുമ്പോഴതാ  ഒരു  പുളിച്ച  തെറി  ആ  പരിസരത്തു  അലയടിക്കുന്നു .

ആർക്കാണിത്ര  വലിയ  തെറി  പറയുന്നത് ? ലക്ഷ്മിയുടെ  അമ്മയുടെ  സ്വരമല്ലേ  അത് ?

അതാ  പേടിച്ചു  വിറച്ചു  തൊഴുതു  കൊണ്ട്  നിൽക്കുന്നു  ലക്ഷ്മിയുടെ  അച്ഛൻ !

“അമ്മേ ! എന്തായിത് ? നാട്ടുകാര്  മുഴുവൻ  കേൾക്കുമല്ലോ ?”- അവൻ  ചോദിച്ചു .

സ്വന്തം  ഭർത്താവിന്റെ  നേരെ  വിരൽ  ചൂണ്ടിക്കൊണ്ട്  അവൾ  തുടർന്നു .

“വീട്  മുഴുവൻ  അടിച്ചുവാരി  തുടച്ചിട്ട്  ക്ഷീണമാണത്രെ ? വിറകു  വെട്ടാൻ  വയ്യ  പോലും ! വെട്ടിവിഴുങ്ങാൻ  നേരത്തു  വരാൻ  ക്ഷീണമൊന്നുമില്ലല്ലോ ? വിറകു  വെട്ടി  വരാതെ  പച്ചവെള്ളം  പോലും  തരില്ല !”

തളർന്നിരിക്കുന്ന  ആദിത്യവർമ്മയോടായി  അവൻ  പറഞ്ഞു :

“വരൂ ! നമുക്കൊന്ന്  പുറത്തു  പോകാം !”

ആദിത്യവർമ്മ  അവനോടൊപ്പം  നടക്കാനിറങ്ങി . നടത്തത്തിനിടയിൽ  തൻ്റെ  കുടുംബപ്രശ്നങ്ങൾ  മേഘനാഥൻ  അയാളുടെ  മുന്നിൽ  അവതരിപ്പിച്ചു .

“അവൾ  എല്ലാ  ആഗ്രഹങ്ങളും  സാധിച്ചാണ്‌  വളർന്നുവന്നത് ! ഞങ്ങൾ  രണ്ടുപേരും  ജോലിത്തിരക്കിലായിരുന്നത്  കൊണ്ട്  കാണുമ്പോഴെല്ലാം  അവൾ  ചോദിച്ചതെല്ലാം  സാധിപ്പിച്ചു . അതിൻ്റെ  വാശി  അവൾക്കുണ്ട് ! നിങ്ങൾ  ഒരു  കാര്യം  ചെയ്യ് ! നട്ടുച്ചക്ക്  പോലും  അവൾ  അർദ്ധരാത്രിയാണെന്നു  പറഞ്ഞാലും  അങ്ങ്  സമ്മതിച്ചു  കൊടുക്കണം . ആത്മഹത്യയെങ്ങാനും  ചെയ്താലോ  വനിതാ  കമ്മീഷനിൽ  പരാതി  കൊടുത്താലോ  നീ  തന്നെയാണ്  കുടുങ്ങുക !”

മേഘനാഥന്റെ  മുഖം  വാടി .

ഇനി  പ്രശ്‍നം  ആരോട്  പറയും ? പറഞ്ഞാലും  പുരുഷനെ  സഹായിക്കാൻ  ആര്   തെയ്യാറാവും ?

അന്ന്  ഉച്ചയ്ക്കുശേഷം  ലക്ഷ്മിയുടെ  അമ്മ  അവളെ  തൻ്റെ  മുറിയിലേക്ക്  കൂട്ടിക്കൊണ്ടുപോയി  വാതിലടച്ചു .

“നിന്നെക്കൊണ്ട്  ഒന്നിനും  കൊള്ളാഞ്ഞിട്ടാണ് !”

“എന്തിന്റെ  കാര്യാണ്  അമ്മ  പറേണത് ?”

“ആ  ഗുരുവിന്റെ  കാര്യം !”

“അയാളെ  ഞാൻ  വേഗം  ഇവിടെനിന്നും  കെട്ടുകെട്ടിച്ചില്ലേ ?പിന്നെന്താ ?”

“ഇപ്പോഴും  അവൻ  അയാൾക്ക്‌  ചിലവിനു  കൊടുക്കുന്നില്ലേ ?ഇപ്പോഴാണെങ്കിൽ  അവൻ  പാട്ടും  പഠിക്കുന്നില്ല ! നീയ്യും   നിന്റെ  ജനിക്കാൻ  പോകുന്ന  കുട്ടികളും  അനുഭവിക്കേണ്ട  സ്വത്തല്ലേ  കണ്ടവനുവേണ്ടി  ചിലവഴിക്കുന്നത് ?”

“ഞാനെന്താ  ചെയ്യേണ്ടത് ? അയാളെ  ഏട്ടന്  വലിയ  വിശ്വാസാണ് ?”

അവളുടെ  അമ്മ  അവളുടെ  കാതിൽ  എന്തോ  സ്വകാര്യം  പറഞ്ഞു .

ഭാഗം -11 –

വൈകുന്നേരം . ദേവദത്തന്റെ  മൊബൈലിലേക്ക്  പെട്ടെന്ന്  ലക്ഷ്മിയുടെ  വിളിവന്നു .

“എന്താ  കുട്ടീ ?”

“പെട്ടെന്ന്  എങ്ങോട്ടെന്ന്  വര്വോ ? ഏതോ  ഒരാൾ  വീടിൻ്റെ  പുറത്തു  വന്നു  നിൽക്കുന്നുണ്ട് ! കണ്ടിട്ട്  പേടിയാകുന്നു !”

“ശരി ! ഞാൻ  വേഗം  വരാം !”

അല്പസമയം  കടന്നുപോയി . ദേവദത്തൻ  ഒരു ഓട്ടോറിക്ഷയിൽ  മേഘനാഥന്റെ  വീട്ടുമുറ്റത്തു  വന്നിറങ്ങി .

മുറ്റത്തു  സാധാരണ  കാണാത്ത  ഒരു  ബൈക്ക്  കിടപ്പുണ്ട് ! പക്ഷേ , ആരെയും  കാണുന്നില്ല !

അയാൾ  കോളിങ്ങ്  ബെല്ലടിച്ചു .

വാതിൽ  തുറന്നു  ഉലഞ്ഞ  സാരിയുമായി  ലക്ഷ്മി  പുറത്തു  വന്നു ! പിന്നാലെ  ഒരു  യുവാവും !

“നീ  മേഘനാഥനെ  ചതിക്കുകയായിരുന്നു ! അല്ലേടീ ?”- അയാൾ  ലക്ഷ്മിയുടെ  നേരെ  കുതിച്ചു .

യുവാവ്  അയാളെ  തള്ളിമാറ്റി . അയാൾ  എഴുന്നേറ്റുവന്ന് യുവാവിന്റെ  ചെകിട്ടത്തടിച്ചു .

അപ്പോഴേക്കും  ജോലി  കഴിഞ്ഞു  മേഘനാഥൻ  കാറിൽ  അവിടെയെത്തി .

മേഘനാഥൻ  കാറിൽനിന്നിറങ്ങിയ  ഉടനെ  ലക്ഷ്മിയുടെ  ഭാവം  മാറി . അവൾ  പെട്ടെന്ന്  തേങ്ങിക്കരയാൻ  തുടങ്ങി .

“കണ്ടോ  എൻ്റെ  വസ്ത്രം ? നിങ്ങളുടെ  ഗുരുവെന്നു  പറയുന്ന  ആളുണ്ടല്ലോ  മകളുടെ  പ്രായം  മാത്രമുള്ള  എന്നെ  കേറിപ്പിടിക്കാൻ  വന്നു !ഭാഗ്യത്തിന്  ഈ  യുവാവ്  എൻ്റെ  കരച്ചില്  കേട്ട്  ഓടിവന്നതുകൊണ്ടു  ഞാൻ  രക്ഷപ്പെട്ടു ! അതിനു  ചെവി  അടിച്ചുപൊട്ടിച്ചു  അയാൾ  കിടന്നു  പിടയുന്നത്  കാണുന്നില്ലേ ?”

“ഞാൻ … ഞാൻ …” ദേവദത്തൻ  തൻ്റെ  നിരപരാധിത്വം  ബോദ്ധ്യപ്പെടുത്താൻ  ശ്രമിച്ചു .

“ഒന്നും  പറയേണ്ട ! ഞാൻ  നിങ്ങളെ  എൻ്റെ  അച്ഛനെപ്പോലെ  സ്നേഹിച്ചില്ലേ ? എന്നിട്ടും ….?”

മേഘനാഥൻ  ദേവദത്തന്റെ  അടിവയറ്റിൽ  കാൽമുട്ട്  കൊണ്ടിടിച്ചു . അയാൾ  വേദനകൊണ്ടു  പുളഞ്ഞു  കുഴഞ്ഞുവീണു .

“നിങ്ങളെ  പോലീസിൽ  ഏൽപ്പിച്ചിട്ടു  തന്നെ  കാര്യം !”

ദേഷ്യത്തോടെ  മേഘനാഥൻ  വീട്ടിനുള്ളിലേക്ക്  ഫോൺ  വിളിക്കാനായി  കയറി . പിന്നാലെ  ലക്ഷ്മിയും !

അധികം  വൈകാതെ  ഒരു  പോലീസ്  ജീപ്പ്  വീട്ടുമുറ്റത്തെത്തി .

ഭാഗം -12 –

മേഘനാഥൻ  അറസ്റ്റിൽ !

അക്കൗണ്ടിൽ  എഴുതിയ  പണം  ബാങ്കിൽ  ഇല്ലത്രെ !

അക്കൗണ്ടന്റ്  അല്ലേ  ഉത്തരവാദി ?

എന്താണ്  സംഭവിച്ചത് ?

കാഷ്യറെയും  കാണാനില്ല !

വാർത്ത  പരന്ന  പിറ്റേ  ദിവസം  അയാളുടെ ശവം  റോഡരികിൽ !

അയാളെ  മേഘനാഥൻ  കൊന്നതാണോ ?

ഈ  ചോദ്യങ്ങൾ  വെറും  ചോദ്യങ്ങൾ  മാത്രമായി  തുടരുന്നു !

അതാ  അവനെ  വിലങ്ങു  വെച്ച്  സെൻട്രൽ  ജയിലിലേക്ക്  കൊണ്ടുവരുന്നു .

അവനു  വേണ്ടി  വാദിക്കാൻ  ഒരു  വക്കീലും  തെയ്യാറായില്ല !

ഏകപക്ഷീയമായ  വിധി – അഞ്ചു  വർഷത്തെ  കഠിനതടവ് !

ഇപ്പോൾ  അവനിരിക്കുന്നതു  സെല്ലിനുള്ളിലാണ് . ജയിൽപുള്ളിയുടെ  വേഷത്തിൽ  നിരാശാഭാവത്തിൽ  ചുമരിനോട്  ചേർന്നിരിക്കുന്നു .

സെല്ലിൽ  അവൻ  ഒറ്റയ്ക്കാണ് !

ഒരു  കണക്കിന്  അതും  നല്ലതല്ലേ ?

ശാരീരികപരമായും  മാനസികപരമായും  ആരും  കുത്തിനോവിക്കില്ലല്ലോ ?

ദിവസങ്ങൾ  കടന്നു  പോയി .

തൃപ്തികരമല്ലാത്ത  ഭക്ഷണം  അല്പം  ജീവൻ  കിടക്കാൻ  മാത്രം  കഴിച്ചു .

എല്ലും  തോലും  മാത്രമായ  ഒരു  രൂപം !

നീണ്ടതാടിയും  നീണ്ടമുടിയുമെല്ലാം  അവനെ  ഒരു  ഭ്രാന്തനെപ്പോലെ  തോന്നിച്ചു .

ഇടക്കെല്ലാം  അവൻ  എന്തൊക്കെയോ  പിറുപിറുക്കാറുണ്ട് !

ഉച്ചക്കുള്ള  ഭക്ഷണം  കഴിച്ചു  പായയിൽ  മയങ്ങാൻ  കിടക്കുകയാണവൻ !

“വാ ! നിന്നെക്കാണാൻ  ആരോ  വന്നിട്ടുണ്ട് !” സെല്ല്  തുറന്നുകൊണ്ടു  ഒരു  പോലീസുകാരൻ  പറഞ്ഞു .

“എന്നെക്കാണാനോ ? ഞാൻ  അത്ര  വലിയ  ആളാണോ ?” അവൻ  പൊട്ടിച്ചിരിക്കാൻ  തുടങ്ങി . ചിരി  പെട്ടെന്ന്  കരച്ചിലായി  മാറി . എന്തിനെന്നറിയാതെ  തേങ്ങുന്ന  അവന്റെ   കൈകൾ  പിടിച്ചു  പോലീസുകാരൻ  സെല്ലിൽ  നിന്നും  പുറത്തു  കടന്നു .

ഭാഗം -13 –

സന്ദർശകർ  പ്രതികളെ  കാണുന്ന  സ്ഥലം .

കമ്പികൾക്കിടയിലൂടെ  അവൻ  പുറത്തേക്കു  നോക്കി .

ആരെയും  കാണുന്നില്ലല്ലോ ?

അവൻ  തിരിഞ്ഞു  നടക്കാൻ  തുടങ്ങി .

“മോനേ … മേഘനാഥാ ..”

അമ്മയുടെ  സ്വരമല്ലേ  അത് ?

അവൻ  വീണ്ടും  കമ്പികളുടെ  അടുത്തേക്ക്  വന്നു .

വടികുത്തി  ഒരു  കൈ  അരയിൽ  താങ്ങിക്കൊണ്ടു  ചുക്കിച്ചുളിഞ്ഞ  മുഖവും  നരച്ച  മുടിയുമായി  അതാ  അമ്മ  കമ്പികളുടെ  അടുത്തേക്ക്  വരുന്നു .കൂടെ  ചേച്ചിയും ! ചേച്ചിയുടെയും  തലമുടി  നരച്ചിട്ടുണ്ട് !

“മോനേ , അമ്മ  മനോരോഗിയായി  ഇത്രയും  നാൾ  ഭ്രാന്താശുപത്രിയിൽ  ചികിത്സയിലായിരുന്നു . കഴിഞ്ഞ  ആഴ്ചയാണ്  ഡിസ്ചാർജ്  ചെയ്തത് . ദൈവം  പോലെയുള്ള  ഒരു  ഡോക്ടർ  ഇത്രയും  കാലം  ഒരു  പൈസയും  മേടിക്കാതെ  അമ്മയുടെ  രോഗം  വേരോടെ  പിഴുതെറിഞ്ഞു . തീവണ്ടിയിൽ  പിച്ചതെണ്ടാനിറങ്ങിയപ്പോൾ  ആരോ  ഉപേക്ഷിച്ചിട്ട്  പോയ  ഒരു  പഴയ  പത്രത്തിൽ  നിന്നാണ്  മോന്റെ  കാര്യം  അറിഞ്ഞത് ! ഉടനേ  ഇങ്ങോട്ടു  പോന്നു !”

“എന്ത്  കോലമാണെടാ  മോനേ  നിനക്ക് ? ഭ്രാന്തമാരെ  പോലെ  തോന്നുന്ന  രൂപമാണല്ലോ  ഭഗവാനേ !”- ആ  അമ്മ   തേങ്ങുവാൻ  തുടങ്ങി .

“കരയരുത്  അമ്മേ ! ഈ  ലോകത്തിൽ  ഭ്രാന്തില്ലാതെ  ജീവിക്കാനാണ്  വിഷമം ! പണമുള്ളവർക്ക്  പണവും പദ വിയുമുണ്ടെന്ന  അഹങ്കാരമെന്ന  ഭ്രാന്ത് ! അല്ലാത്തവർ  സമൂഹത്തിൽ  നിന്ന്  നേരിടുന്ന  അവഗണനയും  പരിഹാസവും  കൊണ്ട്  എപ്പോഴും  ഭ്രാന്ത്  പിടിക്കാവുന്ന  അവസ്ഥയിലും അല്ലേ  !”- മേഘനാഥൻ  താടി  തടവിക്കൊണ്ട്  പറഞ്ഞു .

“സത്യം  പറ ! നീ  തെറ്റ്  ചെയ്തോ  മോനേ ?”- അമ്മ  ചോദിച്ചു .

“ഇല്ല  അമ്മേ ! ഇതാരോ  ചെയ്ത  കെണിയാണ് !” അവനും  കരച്ചിൽ  വന്നു .

“ഇനി  മോന്  പുറത്തിറങ്ങാൻ  യോഗമുണ്ടായാൽ  ഈ  അമ്മയെക്കാണാൻ

പറ്റിയില്ലെങ്കിലോ  എന്ന്  കരുതി  വന്നതാണ് ! വരട്ടേ !”

അവൻ  മുഖം  പൊത്തിക്കരഞ്ഞു .

“മതി ! തിരിച്ചു  പോകാം !” പിന്നിൽ  നിന്ന്  ഒരു  ആജ്ഞ !

അവൻ    കണ്ണുകൾ  തുറന്നു . അമ്മയും  ചേച്ചിയും  മുന്നിലില്ല !

പ്രതീക്ഷയറ്റ  മനസ്സുമായി  അവൻ  തിരികെ  നടന്നു .

ഭാഗം -14 –

“ഇന്നുമുതൽ നിങ്ങൾ  സ്വതന്ത്രനാണ് !”- ജെയിലറുടെ  വാക്കുകൾ  മേഘനാഥനെ  അത്ഭുതപ്പെടുത്തി .

“ഞാൻ … ഞാനിവിടെ  വന്നിട്ട്  അഞ്ചുവർഷമായോ ?”

“ഇല്ല ! പക്ഷേ , യഥാർത്ഥ  പ്രതിയെ കിട്ടി ! ഇൻകം  ടാക്സുകാരാണ്  അയാളെ  കണ്ടെത്താൻ  സഹായിച്ചത് !”

“ആരാണയാൾ ?”

“ഒരു  തെരുവുഗുണ്ട ! കാഷ്യർ  ആരും  കാണാതെ  ബാഗിൽ  പണം  ഒളിപ്പിച്ചുവെച്ചു  അന്ന്  വീട്ടിലേക്കു  പോകുകയായിരുന്നു . പെട്ടെന്നാണ്  ബസ്സുകാർ  മിന്നൽപണിമുടക്ക്  നടത്തിയത് . അങ്ങനെ  രാത്രിയിൽ  നടന്നുപോകുമ്പോൾ  ആ  ഗുണ്ട  അവൻ്റെ  മുഖത്തെ  പരിഭ്രമവും  കയ്യിലെ  ബാഗ്  നെഞ്ചോടു  ചേർത്തുപിടിച്ചതും  കണ്ടു  ഭീഷണിപ്പെടുത്തി  പണം  കൈക്കലാക്കാൻ  ശ്രമിച്ചു . മൽപ്പിടുത്തതിൽ  കാഷ്യർ  കൊല്ലപ്പെട്ടു .”

മേഘനാഥൻ  സെല്ലിൽ  നിന്നിറങ്ങി . അപ്പോൾത്തന്നെ  അതാ  പോലീസുകാരുടെ  അകമ്പടിയോടെ ആരും  പേടിച്ചു പോകുന്ന  ഒരു  രൂപം !

മേഘനാഥൻ  പേടിച്ചു  ഒരു  തൂണിന്റെ  പിന്നിൽ  ഒളിച്ചു  നിന്നു . അത്  കണ്ടു  ജെയ്‌ലർ  ചിരിച്ചു . പുതിയ  പ്രതി  അഴിക്കുള്ളിൽ  കേറിയെന്നു  ഉറപ്പുവന്നപ്പോൾ  അവൻ  ജെയിലറുടെ  അടുത്തേക്ക്  വന്നു .

“അയാൾ  പെട്ടെന്ന്  നഗരത്തിൽ  കൊട്ടാരം  പോലൊരു  വീടുണ്ടാക്കിയതാണ്  അയാൾക്കുതന്നെ  വിനയായത് ! ഏതായാലും  നിങ്ങൾക്ക്  സന്തോഷമായി വീട്ടിൽ  പോകാമല്ലോ ?”

“എന്നെ  അറസ്റ്റ്  ചെയ്ത  അന്നുതന്നെ  വീട്  ജപ്തി  ചെയ്തിരുന്നുവല്ലോ ? പിന്നെയെങ്ങനെ  വീട്ടിൽ  പോകും ?”

” അത്  നിങ്ങൾക്ക്  തിരികെത്തരാനുള്ള  ഉത്തരവായിട്ടുണ്ട് ! ഇവിടെ  നിന്ന്

പോകുമ്പോൾ  ആ  കടലാസും  കിട്ടും !”

അങ്ങനെ  വർഷങ്ങൾക്കു  ശേഷം  സ്വാതന്ത്ര്യത്തിന്റെ  പ്രകാശം  അവൻ്റെ

കണ്ണിൽ  വന്നുപതിച്ചു .

അവൻ  വീട്ടുമുറ്റത്തെത്തി . മുറ്റം  മുഴുവൻ  ഇലകൾ  കൊണ്ട്  നിറഞ്ഞിരിക്കുന്നു .എല്ലായിടത്തും  മാറാലയും  പൊടിയും !

അവൻ  വീടിൻ്റെ  പിറകിൽ  പോയി  ചൂലെടുത്തു  തിരികെവന്നു .

എല്ലാം  വൃത്തിയാക്കിക്കഴിഞ്ഞപ്പോഴേക്കും  അർദ്ധരാത്രിയായി . ഭക്ഷണം  കഴിക്കാതെ  ആകെ  തളർന്ന  അവൻ  വാതിലൊന്നും  അടക്കാതെ  സിറ്റൗട്ടിൽ  വെറും  നിലത്തു  കിടന്നു .

കണ്ണുകളെ  നിദ്ര  മാടിവിളിച്ചു .

സമയം  തൻ്റെ  രഥചക്രത്തിന്റെ  വേഗം  കൂട്ടിയോ ?

നേരം  വെളുത്തു .

അവൻ  എഴുന്നേറ്റു  എങ്ങോട്ടെന്നില്ലാതെ  നടന്നു .

ലക്ഷ്മിയുടെ  വീട് . ഗേറ്റ്  തുറന്നു  അവൻ  ബെല്ലടിച്ചു . ഒരു  ചെറിയ  ആൺകുട്ടി  വന്ന്  വാതിൽ  തുറന്നു .

“അമ്മേ , ഒരു  പിച്ചക്കാരൻ  വന്നിട്ടുണ്ട് !”

“മോൻ  അവിടെ  നിൽക്കേണ്ട ! വേഗം  വാതിലടച്ചു  ഇങ്ങോട്ടു  പോര് !”- വീട്ടിനുള്ളിൽ  നിന്നും  ലക്ഷ്മിയുടെ  സ്വരം  അവൻ  കേട്ടു .

“എന്റെ ….മോൻ …” അവന്റെ  ചുണ്ടുകൾ  മന്ത്രിച്ചു .

പെട്ടെന്ന്  ആ  കുട്ടി  അകത്തേക്ക്  കേറി  വാതിലടച്ചു .

അവൻ  തിരികേ  നടന്നു . അപ്പോഴതാ  ലക്ഷ്മിയുടെ  അച്ഛൻ  റോഡിൽ

നിന്നും  വീട്ടിലേക്കു  വന്നു  കൊണ്ടിരിക്കുന്നു . അവൻ  കൈ  നീട്ടി  അയാളുടെ  വഴി  തടഞ്ഞു   നിന്നു .

അയാൾ  മേഘനാഥന്റെ കൈ  തട്ടിമാറ്റിക്കൊണ്ടു  പറഞ്ഞു :

“ഓ ! ലക്ഷ്മിയെ  കൂട്ടിക്കൊണ്ടുപോകാൻ  വന്നതായിരിക്കും ! പണമില്ലാത്ത  ആൾക്കാരെയൊന്നും  സ്നേഹിക്കാൻ  അവൾക്കും ഞങ്ങൾക്കും  താല്പര്യമില്ല ! വേഗം  പോകുന്നതാണ്  നിനക്ക്  നല്ലത് !”

“എനിക്കെന്റെ  മോനെയെങ്കിലും  ശരിക്കൊന്നു  കാണണം !”

“പോ , പിച്ചക്കാരാ ! അത്  നിന്റെ  മോനൊന്നുമല്ല !”

“ഞാൻ  ജെയിലിൽ  പോകുമ്പോൾ  അവൾ  ഗർഭിണിയായിരുന്നു !”

“അതേ ! നിന്റെ  മോൻ  തന്നെയാണ് ! പക്ഷേ , അവൻ  ഒരു  പിച്ചക്കാരന്റെ  മകനായി  വളരാൻ  നീ  ആഗ്രഹിക്കുന്നുവോ ?”

“ഇല്ല !”

“എങ്കിൽ  നീ  തിരിച്ചു  പോ !”

വാടിയ  മുഖവുമായി  മേഘനാഥൻ  തിരികെ  നടന്നു .

ഈ  ലോകത്തു  പണമുണ്ടെങ്കിൽ  മാത്രമേ  ആരും  സ്നേഹിക്കപ്പെടുകയുള്ളൂ !

അല്ലാത്തവർക്കും  ജീവിക്കേണ്ടേ ?

ഒരിക്കൽ  ജീവൻ  കവർന്നതും  ജീവിതം  നൽകിയതും  വെള്ളച്ചാട്ടമാണ് .

പ്രകൃതി  എന്ന  മാതാവ്  അവനെ  ആശ്വസിപ്പിക്കുമോ ?

ഭാഗം -16 –

വെള്ളച്ചാട്ടം  നോക്കിക്കൊണ്ടു  ചിന്താമഗ്നനായി  നിൽക്കുകയാണ്  മേഘനാഥൻ .

“ഏയ് !”

ആരോ  വിളിച്ച  പോലെ  അവനു  തോന്നി .

അവൻ  തിരിഞ്ഞു  നോക്കി .

പരിചയമില്ലാത്ത  ഏതോ  ഒരു  ചെറുപ്പക്കാരൻ !

വിളിച്ചു  എന്നത്  തനിക്കു  തോന്നിയതായിരിക്കും !

മേഘനാഥൻ  വീണ്ടും  തൻ്റെ  ശ്രദ്ധ  വെള്ളച്ചാട്ടത്തിലേക്ക്  തിരിച്ചുവിട്ടു .

വീണ്ടും  ആ  വിളി  താൻ  കേട്ടുവോ ?

ആരോ  തൻ്റെ  തോളിൽ  ഒരു  കൈ  വെച്ചുവോ ?

“ഓർക്കുന്നുണ്ടോ  എന്നെ ?”- അയാൾ  ചോദിച്ചു

“ഇല്ല !” എന്ന  ഭാവത്തിൽ  മേഘനാഥൻ  തലയാട്ടി .

“നിങ്ങളുടെ  പേര്  എനിക്കറിയില്ല , പക്ഷേ  നിന്റെ  മുഖം  എൻ്റെ  മനസ്സിൽ

നിന്നും  മായില്ല ! അന്ന്  നീ  കുട്ടിയായിരുന്നു .ആരോടും  നിനക്ക്  കൂട്ടില്ലായിരുന്നു ! ഭക്ഷണം  കഴിക്കാനാകാതെ , പനിപിടിച്ചു  അഴുക്കുചാലിൽ  വീണു  കിടന്ന  നിന്നെ  മറ്റൊരു  തെരുവുതെണ്ടിയായ  ഞാൻ  തോളിലിട്ട്  ഞങ്ങളുടെ  തുണി  കൊണ്ടുണ്ടാക്കിയ  ടെന്റിലേക്കു  കൊണ്ടുപോയി .പലപ്പോഴും  എനിക്കും  സമപ്രായക്കാരായ  മറ്റു  കുട്ടികൾക്കും  തിന്നാനില്ലെങ്കിലും  തെണ്ടിക്കിട്ടിയതുകൊണ്ടു  നിന്നെ  ഊട്ടി ! നിനക്ക്  എഴുന്നേറ്റു  നിൽക്കാവുന്ന  അവസ്ഥയായപ്പോൾ  പെട്ടെന്ന്  നിന്നെ

കാണാതായി .ദൈവം  ഏതോ  ഒരു  മനുഷ്യന്റെ  രൂപത്തിൽ  വന്നു  ഞങ്ങളെയെല്ലാം  അനാഥാലയത്തിലേക്കാക്കി.അനാഥാലയത്തിന്റെ  സ്ക്കൂളിലും കോളേജിലും  പഠിപ്പിച്ചു  കളക്ടറാക്കി . അവർ  എനിക്ക്  നൽകിയ  പേര്  രവി . നിനക്ക്  മേഘനാഥൻ  എന്ന് പേര്  കിട്ടിയെന്നു  നിന്നെ  അറസ്റ്റ്  ചെയ്തതിന്റെ  പിറ്റേ  ദിവസത്തെ  പത്രത്തിൽ  നിന്നാണറിഞ്ഞത് !

ഞാനാണ്  നിന്റെ  കേസ്  പുനരന്വേഷണത്തിനു  അപേക്ഷ  കൊടുത്തു നിന്നെ  പുറംലോകം  കാണിക്കാൻ  ഇടയാക്കിയ  ആൾ !”

“അന്ന്  നിങ്ങൾ  കുട്ടിക്കാലത്തു  എന്നെ  രക്ഷിച്ചു ! ഇപ്പോൾ  വലുതായപ്പോഴും ! എങ്ങനെ  നന്ദി  പറയണമെന്ന്  അറിയില്ല ! തിരിച്ചറിയാത്തതിൽ  മാപ്പു  ചോദിക്കുന്നു !”- അവൻ അയാളെ  ആലിംഗനം  ചെയ്തു . പെട്ടെന്ന്  മേഘനാഥൻ  തേങ്ങിക്കരഞ്ഞു  കൊണ്ട്  ആലിംഗനത്തിൽ  നിന്ന്  ഒഴിഞ്ഞുമാറി .

“എന്തിനാ  കരയുന്നത് ?”

“ഈ  വൃത്തികെട്ട  വസ്ത്രവും  രൂപവുമായി  അങ്ങയെ  കെട്ടിപ്പിടിച്ചു  വസ്ത്രങ്ങളും  ശരീരവും  വൃത്തികേടാക്കിയല്ലോ  ഞാൻ !”

“തെരുവിൽ  വളർന്ന  എനിക്ക്  അത്തരം  വിചാരങ്ങളൊന്നുമില്ല .നിന്റെ  മനസ്സ്  അന്നത്തെപ്പോലെ  പരിശുദ്ധമാണെങ്കിൽ  നീ  എൻ്റെ  കൂടെ  വരണം . വീണ്ടും  ആ  തെരുവുതെണ്ടിയായി  മാറാൻ  ഞാൻ  അനുവദിക്കില്ല !”

“ഇപ്പോൾ  അതേ  അവസ്ഥയിൽത്തന്നെയാണ്  ഞാൻ ! വലിയ  ഒരു

വീടും  കുറച്ചു  പറമ്പുമുണ്ടെങ്കിലും  നയാപൈസ  കൈയ്യിലില്ലാത്തവൻ !”

“നീ  എൻ്റെ  കൂടെ  വന്നു  താമസിക്കണം ! നിന്റെ  വീടും  പറമ്പും  വിൽക്കാനുള്ള  ഏർപ്പാടാക്കിത്തരാം . അത്  വിറ്റുകഴിയുന്നതുവരെ  എൻ്റെ  വീട്ടിൽ  കഴിയാം ! ഏകാന്തത  മനുഷ്യനെ  ചെകുത്താനാക്കി  മാറ്റും !”

അയാൾ  മേഘനാഥന്റെ  കൈപിടിച്ചു  തൻ്റെ  കാറിൽ  കയറ്റി .

അവരുടെ  സംഭാഷണം  കേൾക്കാതെ  ഈ  രംഗം  കണ്ടുനിന്ന  ആൾക്കാർ ഇത്  കണ്ടു  അത്ഭുതപ്പെട്ടു  നിന്നു .

ഭാഗം -17 – ജീവിത  ചക്രം – എഴുതിയത് -രാജേഷ്  ആട്ടീരി -താനൂർ

ഇപ്പോൾ  മേഘനാഥൻ  ജീവിക്കുന്നത്  രവിയുടെ  വീടിനടുത്തുള്ള  ഒരു  ലോഡ്ജിലാണ് .

ഞായറാഴ്ചയുടെ  ആലസ്യം  ആസ്വദിച്ചു  കിടക്കുകയാണ്  മേഘനാഥൻ .

പെട്ടെന്നാണ്  ശ്രുതിമധുരമായ  ഒരു   കീർത്തനം  അവൻ  കേട്ടത് . അവൻ

അതിൻ്റെ  ഉറവിടം  തേടി  നടന്നു .

അതേ ! ലോഡ്ജിലെ  തൊട്ടടുത്ത മുറിയിൽ  നിന്നാണ്  ആ  തേൻമധുരം  ഒഴുകിവന്നത് !

അവൻ  ആ  മുറിയുടെ  അടുത്തെത്തി . വാതിൽ മലക്കെത്തുറന്നു  കൊണ്ട്  കിടക്കുന്നു . കേറുന്ന  മുറിയുടെ  ഒരു  മൂലയിലായി  തംബുരു  മീട്ടി  കീർത്തനത്തിൽ  മുഴുകിയിരിക്കുന്നു . അവൻ  കേറി  വരുന്നത്  അയാൾ  കണ്ടുവെങ്കിലും  കീർത്തനം  നിർത്താതെ  തൻ്റെ  അടുത്തേക്ക്  വരാൻ  ആംഗ്യം  കാണിച്ചു . അവൻ  അയാളുടെ  അടുത്തു  വന്നിരുന്നു . കീർത്തനത്തിലെ  അടുത്ത  വരിമുതൽ  അവനും  പാടാൻ  തുടങ്ങി .

അവസാനം  കീർത്തനം   അവസാനിച്ചു .

“നീ  പാട്ടു  പഠിച്ചിട്ടുണ്ടല്ലേ ?”- അയാൾ  മേഘനാഥനോടു  ചോദിച്ചു .

“ഉവ്വ് ! കുറച്ചു  കാലം ! ഈ  കീർത്തനം  ഞാൻ  പഠിച്ചിട്ടുണ്ട് !”

“ആരാണ്  നിന്റെ  ഗുരു ?”

“ദേവദത്തൻ  ഭാഗവതർ ”

“ഞാൻ  ഗോപിനാഥൻ .എന്റെയും  ഗുരു  അദ്ദേഹമാണ് . നിന്റെ  ആലാപനശൈലിയിൽ  നിന്ന്  തന്നെ  അദ്ദേഹം  പഠിപ്പിച്ചതായിരിക്കുമെന്നു  എനിക്ക്  തോന്നി . ആട്ടെ ! എന്താ  നിങ്ങളുടെ  പേര് ?”

“മേഘനാഥൻ “- അത്  കേട്ട്  അയാൾ  ഒന്ന്  ഞെട്ടിയോ ?

“ഓഹോ , അപ്പോൾ  നിങ്ങളാണല്ലേ  ഗുരുവിനെ  ജെയിലിലാക്കിയ  ആൾ ! ഏതായാലും  അദ്ദേഹം  ഇപ്പോൾ  പുറത്തിറങ്ങി . നിങ്ങളിൽ  നിന്ന്  മോശം

പെരുമാറ്റം  അദ്ദേഹം  ഒട്ടും  പ്രതീക്ഷിച്ചിരുന്നില്ല !”

“ഞാനെന്റെ  കണ്ണുകളെ  അവിശ്വസിക്കണോ ?”

“കാണുന്നതെല്ലാം  ചിലപ്പോൾ  സത്യമാകണമെന്നില്ല ! അദ്ദേഹത്തിനെതിരെ

താങ്കളുടെ  ഭാര്യ  നടത്തിയ  ഒരു  ചതിയായിരുന്നു  അത് !”

അയാൾ  തനിക്കു  ദേവദത്തനിൽ  നിന്നു  കിട്ടിയ  വിവരങ്ങളെല്ലാം  അവനോടു  പറഞ്ഞു .

“ഇനി  ഒരു  കാര്യം  കൂടി  തനിക്കറിയാണോ ? ഈ  ചതിയുടെ  പേരിൽ  തൻ്റെ  ഭാര്യ  ഇപ്പോൾ  ജെയിലിലാണ് !”

“ഞാനെന്റെ  ഗുരുവിനോട് …..” മേഘനാഥൻ    പശ്ചാത്താപം  കൊണ്ട്  തേങ്ങിക്കരയുവാൻ  തുടങ്ങി .

“എന്തിനു  ഖേദിക്കണം ! പഴയ  കാലമല്ല  ഇപ്പോൾ ! ഗുരുക്കന്മാരെ  അപമാനിക്കുന്നതിൽ  അഭിമാനം  കൊള്ളുന്ന , മനസ്സാക്ഷിക്കുത്തില്ലാത്ത  ഒരു  തലമുറയുടെ  കാലമാണ് ! നിനക്കും  നാലാളോട്  പൊങ്ങച്ചം  പറഞ്ഞു  നടന്നൂടെ  ഗുരുവിന്റെ  വയറ്റിൽ  കാൽമുട്ടുകൊണ്ടു  കുത്തിയെന്ന്‌ ?”

“ഞാൻ  പഴയ  തലമുറയിൽ  പെട്ട  ആളാണ് ! അറിയാതെ  പറ്റിയ  ഒരു  അബദ്ധമാണ് !” -അവൻ  കരച്ചിൽ  തുടർന്നു .

ഗോപിനാഥൻ  അവനെ  ആശ്വസിപ്പിച്ചു . അല്പം  ആശ്വാസമായപ്പോൾ  അവൻ  അയാളോട്  ചോദിച്ചു :

“ഇത്  വരെ  താങ്കളെ  ഇവിടെ  കണ്ടിട്ടില്ലല്ലോ ? ഇന്നലെയാണോ  വന്നത് ?”

“അതെ ! നാളെ  ഇവിടെയടുത്തുള്ള  ഒരു  ഓഫീസിൽ  എനിക്ക്  ജോയിൻ

ചെയ്യാനുണ്ട് !”

“പറയുന്നത്  അപരാധമാണെങ്കിൽ  ക്ഷമിക്കണം ! എനിക്ക്  പാട്ടു  തുടർന്നു  പഠിച്ചാൽ  കൊള്ളാമെന്നുണ്ട് !”

“എൻ്റെ  ഗുരുവിന്റെ  ഗതി  എനിക്കും  വരുമോ ?”

“ഇല്ല ! നിങ്ങളെ  ചതിക്കാൻ  ഇപ്പോൾ  എൻ്റെ  കൂടെ  ആരുമില്ല !”

“പഠിപ്പിക്കുന്നതിൽ  വിരോധമില്ല ! പക്ഷേ , ഞായറാഴ്ചകളിൽ  മാത്രമേ  പറ്റൂ !”

“ശരി !”- അവൻ   ഗോപിനാഥനെ  തൊഴുതു  തിരികെ  നടന്നു .

ജീവിതം  അങ്ങനെയാണ് . പ്രതീക്ഷിക്കാത്തപ്പോൾ  നഷ്ടപ്പെട്ടത്  തിരികെക്കൊണ്ടുവന്നു  തരും !

ഭാഗം -18

ആറേഴു  വർഷങ്ങൾ  കടന്നുപോയി .

അന്ന്  ആദ്യമായി  കച്ചേരിക്കൊരുങ്ങിയ  മേഘനാഥൻ  ദേവദത്തനെ  കണ്ടുമുട്ടി . അവർ  ദേവദത്തന്റെ  വീട്ടിലേക്കു  പുറപ്പെട്ടു .(ഭാഗം -1 )

ദേവദത്തന്റെ  വീട് . ദേവദത്തൻ  കോളിങ്‌ബെല്ലടിച്ചു . വാതിൽ  തുറന്നു  വന്നവരെക്കണ്ടു  മേഘനാഥൻ  അന്തം  വിട്ടു  നിന്നു .

അവൻ്റെ  അമ്മയും  ചേച്ചിയുമായിരുന്നു  അവർ !

“നിന്റെ  കൂടെ  താമസിക്കുമ്പോൾ  ഇവരുടെ  ഫോട്ടോകൾ  ഞാൻ  കണ്ടിരുന്നു . രണ്ടു  ദിവസം  മുമ്പ്  തീവണ്ടിയിൽ  വെച്ചാണ്  ഇവരെക്കണ്ടത് .

എല്ലാം  ചോദിച്ചു  മനസ്സിലാക്കി  അവരെ  ഞാൻ  ഇവിടേയ്ക്ക്  കൂട്ടിക്കൊണ്ടു  വന്നു .”

“വാ , മോനെ !”- അമ്മയുടെ  വാത്സല്യം  നിറഞ്ഞ  വിളി .

അവർ  മുന്നോട്ടു  വന്നു  അവനെ  അകത്തേക്ക്  കൂട്ടി .

അല്പസമയം  കടന്നു  പോയി .

“ഇനിയും  ഒരു  സത്യം  നിന്നെ  കാത്തിരിക്കുന്നുണ്ട് !”- ദേവദത്തൻ  മേഘനാഥനോടായി  പറഞ്ഞു .

“എന്താണത് ?”

“എൻ്റെ  കൂടെ  വരൂ !”

അവൻ  ദേവദത്തനെ  പിന്തുടർന്നു .

അവർ  പോയത്  ആ  വീടിന്റെ  ഔട്ട്  ഹൗസിലേക്കാണ് . അവിടെ  രണ്ടു  മുറികൾ  പൂട്ടിക്കിടക്കുന്നു !

“ഇവിടെയെന്താണ്  കാണാനുള്ളത് ?”

“ഇപ്പോൾ  അറിയാം !”- ദേവദത്തൻ  ഒരു  മുറി  താക്കോൽ  കൊണ്ട്  തുറന്നു .

അതാ  കുഷ്ഠരോഗം  ബാധിച്ചു  തളർന്നു  എഴുന്നേൽക്കാനാവാതെ  ഒരൊറ്റ  കട്ടിലിൽ  മൂന്നു  പേർ !

ലക്ഷ്മിയും  മാതാപിതാക്കളും !

“മാപ്പ് … മാപ്പ് ..” കിടന്ന  കിടപ്പിൽ  അവർ  മേഘനാഥനെ  നോക്കി  തൊഴുതു  കൊണ്ട്  പറഞ്ഞു .

“സ്നേഹമെല്ലാം  പണത്തിന്റെ  അടിസ്ഥാനത്തിൽ  തീരുമാനിച്ചവരല്ലേ  നിങ്ങളെല്ലാം ! നിങ്ങൾ  ഇപ്പോൾ  പണക്കാരല്ലാത്തതു  കൊണ്ട്  പണക്കാരനായ  ഞാൻ  മാപ്പു  തരുന്നില്ല ! ഗുരോ ! ദൈവം  കൊടുത്ത  ശിക്ഷ  സഹിക്കാൻ  വീണ്ടും  അവരെ  പൂട്ടിയിട്ടോളൂ ! പണത്തെ  മാത്രം  സ്നേഹിക്കുന്നവർക്ക്  ഇവരുടെ  അഹങ്കാരവും  പതനവും  ഒരു  പാഠമാകട്ടെ !”

അവർ  തിരികേ  നടക്കുമ്പോൾ  ദേവദത്തൻ  അവനോടായി  പറഞ്ഞു :

“തെറ്റുകൾ  മനുഷ്യ  സഹജമാണ് . അത്  പൊറുക്കുന്നതു  ദൈവീകവും ! ജീവിതചക്രം  ഉരുളുമ്പോൾ  കറുപ്പും  വെളുപ്പുമായ  അനുഭവങ്ങളുണ്ടാകും . ഇരുട്ടിന്റെ  കാലം  ഇനിയും  നിന്നെ  വേട്ടയാടാതിരിക്കട്ടെ !”

(അവസാനിച്ചു )

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.