Untitled

ജീവിതത്തിലെ  മഹാധനങ്ങൾ 

വർഷങ്ങൾക്കു  ശേഷം  രവീന്ദ്രൻ  നാട്ടിലേക്കു  വരികയാണ് !

 അവൻ  പോയിട്ട്   പതിനെട്ട്  ആണ്ടുകൾ  കഴിഞ്ഞിരിക്കുന്നു !

വർഷങ്ങൾക്കു  മുമ്പ്  അവൻ  തൻ്റെ  നാടിനോട്  വിട  പറഞ്ഞ  ആ  ദിനം  തീവണ്ടിയുടെ  ജനലരികിൽ  ഇരുന്നു  അവൻ  ഓർത്തു .

അന്ന്  അച്ഛന്റെ  ആണ്ടായിരുന്നു . ബലികർമ്മങ്ങൾ  ചെയ്തു  വീട്ടിലെത്തിയ  അവനും  അവൻ്റെ  അമ്മയും  പെങ്ങളും  കണ്ടത്  ബാങ്കുകാർ  വീട്ടിൽ  നിന്നും  പുറത്തേക്കിട്ട  സാധനങ്ങളും  അടച്ചു  പൂട്ടിയ  ഗെയ്റ്റുമാണ് .

നോട്ടീസ്  മുമ്പേ  കിട്ടാഞ്ഞിട്ടല്ല ! വിവരങ്ങൾ  അറിയാഞ്ഞിട്ടുമല്ല ! ആ  ദൃശ്യം  നേരിട്ട്  കാണാതിരിക്കാൻ  ഉള്ള  ഒരു  ഒളിച്ചോട്ടമായിരുന്നു  അന്നത്തെ  യാത്ര . മരിച്ചവരുടെ  ആത്മാവ്  അലയാതിരിക്കാനുള്ള  കർമ്മങ്ങൾ  ചെയ്തുവന്നപ്പോഴേക്കും  ജീവിച്ചിരിക്കുന്നവർക്കു  അലയേണ്ട  അവസ്ഥയായി !

വിധിക്കു  കീഴടങ്ങി  ജലാശയത്തിന്റെ  ഭാഗമായി  മാറണോ  അതോ  പൊരുതി  നേടണോ ?

ഒറ്റക്കാണെങ്കിൽ  എന്തും  നേരിടാം ! പക്ഷേ .. അമ്മയും  പെങ്ങളും ?

കാലം  മൃഗങ്ങളുടേതാകുമ്പോൾ  അവർ  മാംസക്കഷ്ണങ്ങളാകാതെ

കാക്കേണ്ടത്  ഒരു  സഹോദരന്റെ  കടമയല്ലേ ?

“തൽക്കാലം  നമുക്ക്  അമ്മാവന്റെ  അടുത്തേക്ക്  പോകാം .”- പെങ്ങൾ  പറഞ്ഞു .

“അതാണ്  നല്ലത് ! ഞാൻ  ഒന്ന്  പച്ച  പിടിക്കുന്നത്  വരെ  അവിടെ  നിൽക്കുന്നതിൽ  അമ്മാവനും  വിരോധമുണ്ടാവില്ല ! എനിക്ക്  ജോലി  അന്വേഷിച്ചു  പോകാനും  പറ്റും !”-അവൻ  പറഞ്ഞു .

“അപ്പോൾ  ഇപ്പോൾ  ഉള്ള  ജോലിക്കു  എന്ത്  പറ്റി  മോനേ ?”- അമ്മ  ചോദിച്ചു .

“ക്ഷമയും  അർപ്പണബോധവും  ഉള്ളവൻ  കൂടുതൽ  അപമാനിക്കപ്പെടുന്ന  മേഖല  അല്ലേ  ഇന്ന്  അദ്ധ്യാപനം ? കുട്ടികൾ  ചെയ്ത  തെറ്റുകൾ  തിരുത്താൻ  ശ്രമിച്ചപ്പോൾ  തെറ്റിദ്ധരിച്ചു  അവർ  പരാതി  നൽകി  എൻ്റെ  ജോലി  തെറിച്ചു !”

“ഇനി  നീ  ഒരിക്കലും  അധ്യാപകനാകരുത് ! ആനച്ചോറുപോലെ  ഒരു  കൊലച്ചോറാണത് !”- അമ്മ  ഉപദേശിച്ചു .

“അധ്യാപനത്തിന്റെ  കുഴപ്പമല്ലമ്മേ  ഇന്നത്തെ  അർത്ഥശൂന്യമായ  ചില  നിയമങ്ങൾ  സത്‌സ്വഭാവം  നഷ്ടപ്പെടുത്തുന്നതിനു  കാരണമാകുന്നു !”

“എന്തായാലും  നമ്മളിനി  എന്ത്  ചെയ്യും ?”

“അമ്മേ , സ്നേഹിക്കാനുള്ള  മനസ്സും  അദ്ധ്വാനിക്കാനുള്ള  ശരീരം  എന്നീ  ധനങ്ങളുള്ളപ്പോൾ  എന്തിനു  പേടിക്കണം ?”

“സാധനങ്ങൾ  അമ്മാവനെക്കൊണ്ട്  എടുപ്പിക്കാൻ  ഏർപ്പാട്  ചെയ്യാം . അത്

വരെ  അവ  നോക്കാൻ  അയൽക്കാരോട്  പറഞ്ഞിട്ട്  ഞാൻ  വരാം .”- അവൻ  തൊട്ടടുത്ത  വീട്ടിലേക്കു  നടന്നു .

അങ്ങനെ  അവരെ  അമ്മാവന്റെ  വീട്ടിലാക്കി  അന്ന്  പോയതാണ് !

പല  പല  ജോലികൾ  ചെയ്തു  കുടുംബത്തിലേക്ക്  പണമയച്ചു .

പെങ്ങളുടെയും  അമ്മാവന്റെ  മക്കളുടെയും  വിവാഹത്തിന്  സഹായിച്ചു .

പക്ഷേ , ഒന്നിലും  പങ്കെടുക്കാൻ  കഴിഞ്ഞില്ല !

പ്രഭാതമായി . അവൻ  ഉണർന്നു  ബാഗിനായി  തിരഞ്ഞു .

ദൈവമേ ! എല്ലാം  നഷ്ടപ്പെട്ടിരിക്കുന്നു !

ആർക്കും  ഒന്നും  കൊടുക്കാൻ  കഴിയാതെ  പോയല്ലോ !

ഇനി  വീണ്ടും  ഒന്ന്  മുതൽക്കു  തുടങ്ങണം .

തീവണ്ടി  സ്റ്റേഷനിൽ  നിർത്തി  അവനിറങ്ങി .

അതാ  അമ്മയും  പെങ്ങളും  അമ്മാവനും  അമ്മായിയും  എല്ലാവരും  തന്നെക്കാത്തു  അവിടെ  നിൽക്കുന്നു !

കരഞ്ഞു  കൊണ്ട്  അവൻ  അവരുടെ  അടുത്തേക്കെത്തി .

“എന്തിനാ  മോനേ , കരയുന്നത് ?”

“നിങ്ങൾക്കെല്ലാം  വേണ്ടി  ഞാൻ  വാങ്ങിക്കൊണ്ടുവന്നതെല്ലാം  പോയി . എൻ്റെ കയ്യിലെ  പണവും  നഷ്ടമായി !” തേങ്ങിത്തേങ്ങി  അവൻ  പറഞ്ഞു .

അമ്മാവൻ  അവൻ്റെ  തോളിൽ  തട്ടി  പറഞ്ഞു .

“നിന്റെ  വലിയ  മനസ്സും  സ്നേഹവും  കഠിനാദ്ധ്വാനവും  ഉണ്ടെങ്കിൽ  എല്ലാം  തിരികേ  വരും!”

അതെ ! സ്നേഹം , വിശ്വാസം , കഠിനാദ്ധ്വാനം  എന്നീ    ധനങ്ങളുണ്ടെങ്കിൽ  കാലക്രമേണ  ദുരിതങ്ങൾ  വഴിമാറും ! നന്മയുള്ളവർ  കൂടെയുണ്ടാവണമെന്നു  മാത്രം !

യഥാർത്ഥത്തിൽ  അവരുടെ  പിന്തുണയെന്ന  ധനമല്ലേ  ഏറ്റവും  വലുത് ?

അതുണ്ടെങ്കിൽ  മനസ്സും  ശരീരവും  തളരില്ല !

ഇനി  നന്മയുടെയും  സന്തോഷത്തിന്റെയും  വസന്തകാലം !

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.