അന്ന്  രമേശന്റെ  അച്ഛന്റെ  ശ്രാദ്ധ  ദിനമായിരുന്നു . എല്ലാ  വർഷവും  നിളാ  തീരത്തു  ഈ  നാളിൽ  അച്ഛന്  ബലിയിടാനായി  അവൻ എത്താറുണ്ട് .

                               അന്നും  പതിവുപോലെ  കർമ്മങ്ങൾ  നിർവ്വഹിച്ചു  അവൻ  കൈകൾ  കൊട്ടി  കാക്കകളെ  ബലിച്ചോറുണ്ണാനായി  വിളിക്കാൻ തുടങ്ങി .

                        കാക്കകൾ  അങ്ങകലെയുള്ള  ഓലയിന്മേൽ  കൂട്ടമായി  ഇരുന്നു .

ഒരു  വറ്റുപോലും  കൊത്തിത്തിന്നാൻ  അവ  പറന്നണഞ്ഞില്ല !

                                          “നിന്റെ  അച്ഛന്റെ  ആത്മാവിന്  നിന്റെ  ക്രിയകള്  തൃപ്തിപ്പെട്ടിട്ടുണ്ടാവില്ല !”- ക്രിയകൾ  പറഞ്ഞു  കൊടുക്കുന്ന  പോറ്റി

അവനോടായി  പറഞ്ഞു .

                        പോറ്റി  പറഞ്ഞത്  ഒരു  പക്ഷേ  ശരിയായിരിക്കാം ! അച്ഛന്റെ

മനഃസാക്ഷി  സൂക്ഷിപ്പുകാരനായിരുന്നില്ലേ !

                        “മോനേ ! നീ  വിശക്കുന്നവർക്ക്  ആർക്കെങ്കിലും  തിന്നാൻ

കൊടുക്കാതിരുന്നിട്ടുണ്ടോ ?”

                       “ഇന്ന്  കീറിപ്പറിഞ്ഞ  വസ്ത്രോം  ഒട്ടിയ  വയറുമായി  തോളിൽ  ഒരു  ഭാണ്ഡത്തിൽ  ഒരു  കൈക്കുഞ്ഞിനേയും  തൂക്കി  ഒരു  പിച്ചക്കാരി  വന്നിരുന്നു .”

                   “അവർക്ക്  നീ  തിന്നാൻ  വല്ലതും  കൊടുത്തോ ?”

                   “ഇല്യാ !”

                               “വിശക്കുന്ന  വയറുകളെ  അവഗണിച്ചാൽ  ഒരു  ആത്മാവും  പൊറുക്കില്ല  കുട്ട്യേ ! ആദ്യം  അവരെ  തേടിപ്പിടിച്ചു  വല്ലതും  കൊടുക്കുവാ !”

              ക്രിയകൾ  അവസാനിപ്പിച്ച്  പുഴയിൽ  മുങ്ങി  നിവർന്നു  ഈറനോടെ

അവൻ  നാവാമുകുന്ദ  ക്ഷേത്രത്തിന്റെ  നടയിൽ  വന്നു  നിന്ന്  തൊഴുതു .

          “ഭഗവാനേ ! അവരെ  എനിക്ക്  കാണിച്ചു  തരണേ !”

         അപ്പോഴാണ്  ഒരു  കുഞ്ഞിന്റെ  ദയനീയമായ  കരച്ചിൽ  അവൻ  കേട്ടത് .

അതാ  അയ്യപ്പ  ക്ഷേത്രത്തിന്റെ  പുറത്തു  ഒരു  മൂലയിൽ  ഇരിക്കുന്നു  ആ  അമ്മയും  കുഞ്ഞും !

       ബലിച്ചോറിലെ  രണ്ടു  ഉരുളകളുമായി  പോറ്റി  അവിടേക്കു  വന്നു . അതിനു  മുകളിൽ  ഓടത്തിൽ  നിന്ന്  അല്പം  തൈരൊഴിച്ചു .

    “ഇത്  കൊടുത്തോളൂ ! മറ്റുള്ളവരുടെ  വിശപ്പടക്കുന്നതാണ്  ഒരു  ആത്മാവിനോട്  ചെയ്യാവുന്ന  ഏറ്റവും  വലിയ  പുണ്യ  കർമ്മം !”

     രമേശൻ  ഒരു  ഉരുള  ആ  സ്ത്രീയുടെ  വായിൽ  വെച്ചുകൊടുത്തു .

ഒരു  നേരിയ  പുഞ്ചിരി  ആ  മുഖത്ത്  വിടർന്നുവോ ? ആ  കണ്ണുകൾ

ഈറനണിഞ്ഞുവോ ?

                      അപ്പോഴും  തോളത്തെ  ഭാണ്ഡത്തിലിരുന്നു  ആ  കൈക്കുഞ്ഞു                 കരയുന്നുണ്ടായിരുന്നു . അവൻ ആ  കുട്ടിയുടെ  നിറുകയിൽ  തലോടി

        രണ്ടാമത്തെ  ഒരുളയിലെ  വറ്റുകൾ  അമർത്തി  ആ  വായിൽ                          കുറേശ്ശേയായി    തേച്ചു  കൊടുത്തു . തന്നെ  എടുക്കാനായി  ആ  കുട്ടി  കൈകൾ  നീട്ടി . അവൻ  ഭാണ്ഡത്തിൽ  നിന്ന്  ആ  കുട്ടിയെ  തോലെത്തെടുത്തു  കവിളിൽ  ചുംബിച്ചു .

             കാക്കകളുടെ  കൂട്ടക്കരച്ചിൽ  കേട്ട്  അവൻ  അങ്ങോട്ട്  നോക്കി . ബലിക്കാക്കകൾ  ബലിച്ചോറു  കൊത്തിത്തിന്നാൻ  തുടങ്ങിയിരുന്നു !

Rajesh Attiri
Writer, Malayalam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.