27.5 C
Bengaluru
January 17, 2020
Untitled

ജീവിത  പാഠങ്ങൾ 

മുറ്റത്തു  ഒരു  ഓട്ടോറിക്ഷ  വന്നു  നിന്നു .അതിൽനിന്ന്  ഒരു  വൃദ്ധൻ  പതുക്കെ  ഇറങ്ങി  ഓട്ടോയിൽ  പിടിച്ചു  നിന്നു . പിന്നീട്  ഒരു  മദ്ധ്യ  വയസ്കൻ  ഇറങ്ങി  വൃദ്ധനെ  പിടിച്ചു  പതുക്കെ  വീട്ടിനുള്ളിലേക്ക്  കയറി .ശാരീരികമായ  അവശതകളാൽ  ആ  വൃദ്ധൻ  വിറക്കുന്നുണ്ടായിരുന്നു . അയാൾ  ഒരു  മുറിയിലേക്ക്  കടന്നു  വൃദ്ധനെ  കട്ടിലിൽ  കിടത്തി .

“അച്ഛനെന്താ  വേണ്ടത് ?കഞ്ഞിയാണോ  പലഹാരമാണോ ?”

“ഒന്നും  വേണ്ട ! ഞാൻ  കുറച്ചൊന്നു  മയങ്ങിക്കോട്ടെ !”

അച്ഛന്റെ  കണ്ണുകൾ  പതുക്കെ  അടയുന്നതു  കണ്ടു  മകൻ  മുറിയിൽ  നിന്ന്  പുറത്തിറങ്ങി .

കാലൊച്ച  കേൾക്കാതായപ്പോൾ  അയാൾ  കണ്ണ്  തുറന്നു .

മനസ്സ്  അസ്വസ്ഥമാണ് .തെറ്റിന്റെ  ഓർമ്മകൾ  മനസ്സിനെ  വേട്ടയാടുന്നുവോ ?

ഈ  മകന്  താൻ  കുട്ടിക്കാലത്തു  മാനസികമായി  സുരക്ഷ  നൽകിയിരുന്നവോ ?

മതപരമായ  കാര്യങ്ങൾക്കു  മാത്രം  പ്രാധാന്യം  കൊടുത്ത  താൻ  അവനെ  സ്നേഹിക്കാൻ  മറന്നു  പോയോ ?

സ്നേഹം  എന്നും  ഉള്ളിലുണ്ടായിരുന്നു . പക്ഷേ , കുട്ടികൾക്ക്  വേണ്ടിയിരുന്നത്  പ്രകടിപ്പിക്കുന്ന  സ്നേഹമല്ലേ ?

മതപരമായ  തന്റെ  ആദർശങ്ങൾക്കു  വിരുദ്ധമായിരുന്ന  തൻ്റെ  സഹോദരങ്ങൾ  അവരുടെ  പരിഹാസമാകുന്ന കൂരമ്പുകൾകൊണ്ടു തൻ്റെ  മൂത്തമകന്റെ  മനസ്സിന്റെ രക്തം  പൊടിച്ചപ്പോൾ  അവൻ  ഈശ്വരനിൽ  ലയിച്ചു .

എന്നിട്ടും  താൻ  അതിനിയന്ത്രണങ്ങൾ  കുറച്ചില്ലല്ലോ ?

അവസാനം  ഈ  മകൻ  സമനിലതെറ്റി  തെരുവുകളിലൂടെ  ഓടിനടന്നില്ലേ ?

തന്നെ  വിമർശിച്ചപ്പോഴെല്ലാം  ഭ്രാന്തനെന്നു  പറഞ്ഞു  അവനു  ഷോക്ക്  നല്കാൻ  താൻ  ഏർപ്പാടാക്കിയിരുന്നില്ലേ ?

എല്ലാവരും  തൻ്റെ  ആജ്ഞാനുവർത്തികളായിരുന്നില്ലേ ?

എന്നെങ്കിലും  താൻ  അവൻ്റെ  അഭിപ്രായം  ചോദിച്ചിട്ടുണ്ടോ ?

അന്ന്  ആജ്ഞാപിച്ച  താനിപ്പോൾ  ശബ്ദിക്കാൻ  ത്രാണിയില്ലാത്ത  കിടക്കുന്നു ! സഹായിക്കാൻ  താൻ  ഏറ്റവും  ദ്രോഹിച്ച  മകനും !

വീണ്ടും  കാലൊച്ച  കേൾക്കുന്നു !വാതിലിനടുത്തേക്കു  അവൻ  വരുന്നുണ്ടോ ?

“അച്ഛൻ  ഉറങ്ങിയില്ലേ ?”

“മരിക്കുന്നതിന്  മുമ്പ്   ജീവിതത്തിന്റെ  കണക്കെടുക്കുകയായിരുന്നു !”

“മരണത്തെക്കുറിച്ചും  പഴയകാലത്തെക്കുറിച്ചും  അച്ഛൻ  ചിന്തിക്കേണ്ട !പ്രകടിപ്പിക്കാത്ത സ്നേഹമായിരുന്നെങ്കിലും  ആ  മനസ്സിന്റെ  സ്നേഹത്തിന്റെ  ആഴം  ഇന്നെനിക്കറിയാം ! ഏതായാലും  ഉറങ്ങിയില്ലല്ലോ ? ഞാൻ  കഞ്ഞിയുമായി  വരാം ”

മകൻ  വീണ്ടും  മുറിയിൽ  നിന്നും  പുറത്തിറങ്ങി .

വീണ്ടും  ആ  ഒറ്റപ്പെടൽ ! പക്ഷേ , അത്  വേഗം  അവസാനിച്ചു , അവൻ  പിഞ്ഞാണത്തിൽ  കഞ്ഞിയും  കോരിക്കുടിക്കാൻ  പ്ലാവിലയുമായി  വന്നു .

“അച്ഛാ ! വായ  തുറക്കൂ !”

അയാൾ  പ്ലാവിലയിൽ   കഞ്ഞി  കോരി  ആ  വായിൽ  വെച്ച്  കൊടുത്തു .

ഒരു  അനുസരണയുള്ള  കുട്ടിയെപ്പോലെ  അയാൾ  അത്  കഴിക്കാൻ  തുടങ്ങി .

“നീ  കടങ്ങൾ  തീർക്കുകയാണല്ലേ ?”

“ഇതൊന്നും  കടങ്ങളല്ല , കടമകളാണച്ഛാ ! ആര്  നമ്മളെ  ദ്രോഹിച്ചു  എന്നല്ല  അവർ  നമ്മുടെ  ആരാണ്  എന്ന്  തിരിച്ചറിയുകയും  പ്രതികാരം  ചെയ്യാതെ  സ്നേഹിക്കുകയാണ്  വേണ്ടതെന്ന  പാഠം  എന്നെ  പഠിപ്പിച്ചത്  ആദ്ധ്യാപകരോ  അച്ഛനോ  അല്ല ! എൻ്റെ   അമ്മയാണ് !”

“നിന്റെ  അമ്മയും  നേരത്തെ  എന്നെ  വിട്ടുപോയി . ഇപ്പോൾ  എന്റെ  കൂട്ടുകാരൻ  പഴയ  ഓർമ്മകൾ  മാത്രമാണ് ! നിന്റെ  സ്നേഹം  എന്നെ  പഠിപ്പിച്ച  പാഠം  ഇനിയെങ്കിലും  എന്നെപ്പോലെ  അതിനിയന്ത്രണങ്ങളാൽ  ബാല്യങ്ങളെ  കരിയിക്കുന്ന  അച്ചന്മാർ  ഉണ്ടാകാതിരിക്കട്ടെ  എന്നാണ് ! എന്ത്  ചെയ്യാം  ജീവിതത്തിൽ  തിരിച്ചുപോക്ക്  സാധ്യമല്ലല്ലോ !”

“സാരമില്ല  അച്ഛാ ! ജീവിതം  എന്താണെന്നു  ഞാൻ  പഠിച്ചു ! അതാണ്  ഒരു  അച്ഛൻ  മകന്  നൽകേണ്ട  വലിയ  പാഠം . ഏതു സർട്ടിഫിക്കറ്റിനേക്കാൾ

വിലയുള്ള  പാഠം !”

“നിന്റെ  സ്നേഹത്തിന്റെ  മുന്നിൽ  ഞാൻ  തോറ്റു  പോകുന്നു ! കഞ്ഞി  മതി ! സ്നേഹം  കൊണ്ട്  വയറു  നിറഞ്ഞു !”

മകൻ  പിഞ്ഞാണവുമായി  അടുക്കളയിലേക്കു  തിരിച്ചു  പോയി .

വീണ്ടും  ഏകാന്തതയിൽ  അയാൾ  ചിന്തയുടെ  ആഴങ്ങളിലേക്ക്  ഊളിയിട്ടു .തെറ്റുകൾ  എണ്ണിപ്പറഞ്ഞു  മനസ്സിനോട്  മാപ്പിരക്കാൻ  തുടങ്ങി .

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.