27.5 C
Bengaluru
January 17, 2020
Untitled

ചാഞ്ചാടും  മനസ്സ് 

അമ്പലങ്ങളിൽ  രവീന്ദ്രൻ  അങ്ങനെ  പോകാറില്ല !

പക്ഷേ ….

അന്ന് , അവന്  സർക്കാർ  ജോലി  കിട്ടാൻ  വേണ്ടി  അമ്മ  നേർന്ന  ഒരു  വഴിപാടുണ്ടായിരുന്നു .

മകന്റെ കൂടെ  അമ്പലത്തിൽ  വന്നു  തൊഴണമെന്നു  ആ  അമ്മക്ക്  മോഹമുണ്ടായിരുന്നു .

മോഹങ്ങൾക്ക്  മേൽ  കരിനിഴൽ  വീഴ്ത്തി  തളർവാതം  ശരീരത്തെ  കീഴടക്കിയപ്പോഴും  തൻ്റെ  മകന്  ഒരു  ഉറച്ച  ജോലിയില്ലല്ലോ  എന്നായിരുന്നു  ആ  അമ്മയുടെ  സങ്കടം !

എന്നും  മറ്റുള്ളവർക്ക്  വേണ്ടി  മാത്രമാണ്  അവൻ  അമ്പലത്തിൽ  പോകാറുള്ളത് !

ദൈവവിശ്വാസിയല്ലാത്തതു  കൊണ്ടല്ല , മറിച്ചു  പ്രാർത്ഥന  കൊണ്ട്  ക്ഷമിക്കുന്ന  ശീലമെങ്ങാനും  വന്നു  ചേർന്നാൽ  കൊന്നു  കൊലവിളിക്കാൻ  ആയിരങ്ങൾ  കാത്തിരിക്കുന്നു !ക്ഷമിക്കുന്നതും  സഹിക്കുന്നതുമെല്ലാം  കഴിവില്ലാത്തവന്റെ  പ്രതീകങ്ങളത്രെ !

ഇന്ന്  അവനൊരു  ജോലിയായി .

ദൈവത്തോട്  നന്ദി  പറയാൻ  അവനെത്തിയിരിക്കുകയാണ് !

തിരക്കൊന്നുമില്ലാത്ത  അമ്പലമാണ് !

ഇത്തരം  അമ്പലങ്ങൾക്കല്ലേ  യഥാർത്ഥ  മനഃസുഖം  നൽകാൻ  കഴിയുക ?

തിരുനടയിൽ  കൈകൂപ്പി  കുറേനേരം  നിന്നു .

കണ്ണുതുറന്നു . പ്രസാദം  വാങ്ങി  നെറ്റിയിൽ  തൊട്ടപ്പോൾ  മനസ്സിനും  ശരീരത്തിനും  ഒരു  പ്രത്യേക  കുളിർമ്മ !

രവീന്ദ്രൻ  അമ്പലത്തിൽ  നിന്നും  പുറത്തുകടന്നു .

ബസ്സ്  കയറാനായി  സ്റ്റോപ്പിൽ  നിൽക്കുകയാണവൻ .

പെട്ടെന്ന്  ആരോ  അവൻ്റെ  തോളിൽ  കൈവെച്ചു .

താടിയും  മുടിയും  നീട്ടിവളർത്തിയ  ഒരു  ഒറ്റക്കാലൻ !

“മോനേ , നിനക്കെന്നെ  ഓർമ്മയുണ്ടോ ?”

തോളിൽ  താങ്ങുവടിയുമായി  നിൽക്കുന്ന  അയാളുടെ  മുഖം  വളരേ  പരിചയമുള്ള  പോലെ  തോന്നിക്കുന്നു ! ആരെന്നു  മാത്രം  ഓർത്തെടുക്കാൻ  കഴിയുന്നില്ല !

“മോനേ , നിന്നെ  കുട്ടിക്കാലത്തു  കണക്ക്  പഠിപ്പിച്ച  സഹദേവൻ  സാറാണ്

ഞാൻ !നിങ്ങളെയെല്ലാം  വല്ലാണ്ട്  അടിച്ചിരുന്നത്  കൊണ്ട്  എന്നെ  കാലൻ  എന്നാണ്  വിളിച്ചിരുന്നത് ! ദ്രോഹിച്ചവരെ  ഓർക്കാൻ  ആരും  ഇഷ്ടപ്പെടില്ലല്ലോ ?”

“ആരു  പറഞ്ഞു  ഇഷ്ടപ്പെടില്ലെന്ന് !അന്ന്  ഞങ്ങൾക്കൊക്കെ  ദേഷ്യമായിരുന്നെങ്കിലും  വലുതായപ്പോൾ  അങ്ങ്  തന്ന  അടിത്തറയുടെ  മാഹാത്മ്യം  ശരിക്കും  ബോദ്ധ്യപ്പെട്ടു ! എങ്ങനെയാണു  സാറിന്  കാൽ  നഷ്ടപ്പെട്ടത് ?”

“ഒരു  പക്ഷേ , നിങ്ങളെപ്പോലെയുള്ള  കുട്ടികളുടെ  ശാപമായിരിക്കാം !

എങ്ങനെയെന്നറിയില്ല  പെട്ടെന്നൊരു  മുറിവ്  വന്നു . അത്  പഴുത്തു ഉണങ്ങാതെ  കിടന്നു ! പ്രമേഹമുള്ളവർക്കു  ഒന്നും  വേഗം  മാറില്ലത്രേ !കുറച്ചു  കാലം  ചികിത്സിക്കാതെ  നടന്നു . അവസാനം  കാലു  മുറിച്ചു  കളയാനാണ്  യോഗം !”

“കുടുംബം …?”

“സ്നേഹിക്കാനും  സ്നേഹിക്കപ്പെടാനും  ആഗ്രഹിക്കാത്ത  ഏതു  മനസ്സാണുള്ളത് ? സ്നേഹിക്കാനാഗ്രഹിച്ചപ്പോൾ  സദാചാരത്തിന്റെ  രാക്ഷസ  രൂപങ്ങൾ  ഹൃദയത്തിൽ  നിന്ന് ആ  രൂപത്തെ  കീറിമുറിച്ചു  മാറ്റി .

അന്ന്  ഞാൻ  ഒരു  തീരുമാനമെടുത്തു , എനിക്കൊരു  കുടുംബം  വേണ്ടെന്ന് !”

“വിവാഹം  കഴിച്ചിരുന്നെങ്കിൽ  ഇന്ന്  താങ്ങായി  ഒരാൾ  ഉണ്ടാകുമായിരുന്നില്ലേ ?”

“ഇന്നത്തെക്കാലത്തു  ആ  കാര്യത്തിൽ  എന്ത്  ഉറപ്പാണുള്ളത്‌ ? ഞൊണ്ടിയും  വൃദ്ധനുമായ  എനിക്ക്  ഈ  പ്രായത്തിൽ  കുത്തുവാക്കുകളും  പരിഹാസങ്ങളും  സഹിക്കാൻ  വയ്യ !”

“അങ്ങനെയൊന്നും  കരുതരുത് ! എല്ലാം  ശരിയാകും ! ”

“എല്ലാവരും  ഉപദേശിക്കും  ശുഭാപ്തി  വിശ്വാസം  വേണമെന്ന് ! പുറമേനിന്ന്  ഉപദേശിക്കാൻ  ആർക്കും  കഴിയും ! പക്ഷേ , കടുത്ത  ജീവിതയാഥാർഥ്യങ്ങളെ  നേരിടുമ്പോൾ  പലപ്പോഴും  അത്  സാധ്യമാകില്ല !”

“സാറിപ്പോൾ  എവിടെയാണ്  താമസിക്കുന്നത് ?”

“വൃദ്ധമന്ദിരത്തിൽ !”

“സാർ  എൻ്റെ  വീട്ടിൽ  വന്നു  താമസിച്ചോള്ളൂ !”

“വേണ്ട , മോനേ , കറിവേപ്പിലകൾ  എന്നും  വലിച്ചെറിയപ്പെടും !വരട്ടെ , എന്നെങ്കിലും  വിധിയുണ്ടെങ്കിൽ  വീണ്ടും  കാണാം !”

സഹദേവൻ  മാസ്റ്റർ  ഞൊണ്ടി  ഞൊണ്ടി  മുന്നോട്ടു  നടന്നു .

ആ  താങ്ങുവടിയുടെ  ആത്മാർത്ഥത  പോലും  പലപ്പോഴും  ഇന്നത്തെ  കുടുംബ  ബന്ധങ്ങളിൽ  കാണാറില്ലെന്നത്  സത്യമാണ് ! എങ്കിലും  അദ്ദേഹത്തിന്റെ  തീരുമാനം  ശരിയെന്നു  പറയാനാകുമോ ?

രോഗിയായ  അമ്മ  താൻ  വിവാഹം  കഴിച്ചു  കൊണ്ട്  വരുന്നവൾക്കു  ഒരു  ശല്യമാകുമോ ?

അവൻ്റെ  മനസ്സിൽ  ഒരു  ത്രാസ്സ്  രൂപപ്പെട്ടു !

അമ്മയോ  കുടുംബജീവിതമോ  വലുത് ?

ഒരു  തീരുമാനമെടുക്കും  മുമ്പ്  ബസ്സ്  വന്നു .

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.