25 C
Bangalore
December 17, 2018
Untitled

തിന്മയുടെ  പട്ടാഭിഷേകം

 അന്ന്  അവൻ  വളരെ  വൈകിയാണ്  വീട്ടിൽ  തിരിച്ചെത്തിയത് . പൂമുഖത്തു  അവനെ  കാത്തു  അമ്മ  നിൽക്കുന്നുണ്ടായിരുന്നു .

“മോനേ , അച്ഛനിനിയും  തിരിച്ചു  വന്നിട്ടില്ല . ഒന്ന്  പോയി  നോക്കുമോ ?”

നഗരത്തിൽ  നിന്ന്  വളരേ  തിക്കു  തിരക്കുകൾ  സഹിച്ചു  ബസ്സിൽ  കയറി  ഇപ്പോഴേ  അവന്  വീട്ടിലെത്താൻ സാധിച്ചുള്ളൂ . പുറമേ  നിന്നും  കഴിക്കുന്ന  ശീലം  അവനില്ല .

“അമ്മ  വിഷമിക്കേണ്ട . ഞാൻ  പോകാം .”

അവൻ  അച്ഛന്റെ  ഓഫീസ്  സ്ഥിതി  ചെയ്യുന്ന  സ്ഥലത്തേക്ക്  നടന്നു .ഇരുപതിലധികം  കിലോമീറ്റർ  ഉണ്ട് . എങ്കിലും  അച്ഛൻ  എന്നും  നടന്നു  തന്നെയാണ്  തിരിച്ചു  വരാറുള്ളത് .

അവൻ്റെ  മനസ്സിൽ  ചില  ചിന്തകൾ  കടന്നു  കൂടി .

അച്ഛനെപ്പോലെ  സത്യസന്ധനും  ജോലിയിൽ  ആത്മാർത്ഥതയും  ഉള്ളവർ  വളരേ  വിരളമാണ് .കൈക്കൂലി  വാങ്ങിക്കാത്തതിനാൽ മറ്റുള്ള  ഉദ്യോഗസ്ഥരേക്കാൾ  സാമ്പത്തികമായി  വളരേ  പിന്നിലാണ് . അതേ  കാരണത്താൽ  അദ്ദേഹം  പലരുടെയും  കണ്ണിലെ  കരടാണ് .

അവൻ  നടത്തത്തിനു  വേഗം  കൂട്ടി .ഇരുട്ടായി  തുടങ്ങുന്നുണ്ട് . ഇനിയും  പത്തു  കിലോമീറ്റർ  സഞ്ചരിക്കാനുണ്ട് . വഴിയിൽ  രണ്ടു  മൂന്നു  പാലങ്ങളുമുണ്ട് .

ആദ്യത്തെ  പാലത്തിലൂടെ  അവൻ  നടക്കാൻ  തുടങ്ങി . ഇരുട്ടായി . ടോർച്ചും  എടുക്കാൻ  മറന്നു . പെട്ടെന്ന്  എന്തോ  തട്ടിത്തടഞ്ഞു  അവൻ  വീണു . അവൻ  അത്  തപ്പി  നോക്കി . ഒരു  മനുഷ്യന്റെ  ശരീരമല്ലേ  അത് !

പെട്ടെന്നാണ്  ഒരു  കാർ  എതിർദിശയിൽ  നിന്നും  വന്നത് . ആ  വെളിച്ചത്തിൽ ആ  ശരീരത്തിന്റെ  ഉടമയെ  അവൻ  തിരിച്ചറിഞ്ഞു .

അവൻ്റെ  അച്ഛനായിരുന്നു  അത് !

ചോരയിൽ  കുളിച്ച  ശരീരം  അവനെ  കണ്ടിട്ടുണ്ടെന്ന്  തോന്നുന്നു . ദയനീയമായ  ഒരു  സ്വരം  ആ  ശരീരത്തിൽ  നിന്നും  ഉയർന്നു .

“മോ …നെ ..”

അവൻ  അച്ഛനെ  പിടിച്ചു  പൊട്ടിക്കരയാൻ  തുടങ്ങി .

“മോ …നെ . എൻ്റെ ….എൻ്റെ …ജീവിതം …അവസാനിക്കാറായി . എനിക്ക് ….എനിക്ക് …ഒന്നേ …പ …പറയാനുള്ളൂ ….നന്മ …നന്മ .. ഒരു …ശാപമാണ് .

നല്ലവരെ …ആർക്കും …ആർക്കും ..വേ …വേണ്ട …നീ …നീയ്യെങ്കിലും ….ചീത്തവനാകൂ … ലോകം … നിന്നെ .. വാഴ്ത്തും …” അയാൾ  അവൻ്റെ  തലയിൽ  കൈവെച്ചു . പെട്ടെന്ന്  ആ  കൈ  കുഴഞ്ഞു  വീണു .കരഞ്ഞു  കൊണ്ട്  അവൻ  ആ  കണ്ണുകൾ  അടച്ചു .ആയാസപ്പെട്ട്  അച്ഛനെ  തോളിലേറ്റി  തിരിച്ചു  നടക്കാൻ  തുടങ്ങി .

അതേ,  ശരിയാണ് ! നല്ലവനായി  ജീവിച്ചു  അച്ഛൻ  എന്ത്  നേടി ?സത്യസന്ധതക്കും  ആത്മാർത്ഥതക്കും  പുല്ലുവിലയുള്ള  ഈ  കാലത്തു നാട്യക്കാർ  രാജാക്കന്മാർ ! ജീവിക്കണോ  സാമർഥ്യം  ഉണ്ടാകണം .അതായതു  ആത്മാഭിമാനം  പണയം  വെച്ചും  അധികാരികളുടെ  കാലുകൾ  നക്കിയും ഉയർന്നുവരണം .തൻ്റെ  ദാരിദ്ര്യം  തീരണമെങ്കിൽ  തെറ്റിന്റെ  പാത  സ്വീകരിച്ചേ  പറ്റൂ !തെറ്റിന്റെ  പാത  സ്വീകരിക്കാത്തത്  കൊണ്ട്  ഒന്നിനും  കൊള്ളാത്തവൻ , കഴിവില്ലാത്തവൻ  എന്നൊക്കെയുള്ള  ബിരുദങ്ങൾ  എത്രപേർ  തനിക്കു  ചാർത്തിത്തന്നിട്ടുണ്ട് ?

“നാടോടുമ്പോൾ  നടുവേ  ഓടണം .”അപമാനിതനായി  ജീവിതം  തുടരണോ  അതോ  തെറ്റിന്റെ  പാത  സ്വീകരിച്ചു  രാജാവായി  ഉയർന്നു  വരേണമോ ?

അസ്വസ്ഥ  മനസ്സുമായി  അവൻ  വീട്ടിലെത്തി . അമ്മ  കരഞ്ഞുകൊണ്ട്  ഓടിവന്നു . പിന്നീട്  കണ്ണീർ  തുടച്ചു  അകത്തുപോയി  നിലത്തു  പായ  വിരിച്ചു .അവൻ  അച്ഛനെ  പായയിൽ  കിടത്തി . അമ്മയുടെ  അടക്കി  വെച്ച  കരച്ചിൽ  അണ  പൊട്ടി  ഒഴുകി . കരഞ്ഞു  കൊണ്ട്  അവൻ  പറഞ്ഞു :

“അമ്മേ , എനിക്ക്  വെള്ളം  തരാൻ  അമ്മ  കാത്തിരുന്നു . പക്ഷേ , അച്ഛന്  അവസാനമായി  ഒരു  തുള്ളി  വെള്ളം  നല്കാൻ ഞാൻ  പോലും  ഉണ്ടായില്ലല്ലോ !”

അച്ഛന്റെ  കാലുകൾ  തൊട്ടു  കൊണ്ട്  അവൻ  തുടർന്നു :

“അമ്മേ , ഞാൻ  ശപഥം  ചെയ്യുകയാണ് .എങ്ങനെയെങ്കിലും  പണം  സമ്പാദിക്കും ! ഇന്നത്തെ  ലോകത്തു  പണമില്ലാത്തവനും  ആത്മാർത്ഥതയുള്ളവനും  സ്ഥാനമില്ല ! തെറ്റിന്റെ  കിരീടം  ഞാനിതാ  എന്നെന്നേക്കുമായി  അണിയുന്നു . ഇനി  എൻ്റെ  കാലം …” അവൻ  കണ്ണീർ  തുടച്ചു .

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.