27.5 C
Bangalore
December 8, 2018
Untitled

കാടിന്റെ  മക്കൾ 

” ഹാവൂ ! വയ്യാണ്ടായി ! ഇനീം  കൊറേ  പോണലോ  ദൈവേ !”വൃദ്ധൻ  വൃദ്ധയുടെ  കൈ  പിടിച്ചു  പാറക്കല്ലിന്മേൽ  ഇരുന്നു . അടുത്ത്  മറ്റൊരു  പാറയിന്മേൽ   വൃദ്ധയും  ഇരുന്നു . വൃദ്ധ  തൻ്റെ   തോളിലുള്ള  ഭാണ്ഡം  മണ്ണിൽ  വെച്ചു . രണ്ടു  പേരും  കിതക്കുന്നുണ്ടായിരുന്നു .

വൃദ്ധ  ഭാണ്ഡം  തുറന്നു  ഒരു  തൂക്കുപാത്രം  എടുത്തു .

“ബായ  തുറന്നോളി . കൊറച്ചു  കഞ്ഞീടെ  ബെള്ളം  തരാ ”

അവർ  വൃദ്ധന്റെ  വായിലേക്ക്  കഞ്ഞി  ഒഴിച്ച്  കൊടുത്തു . ബാക്കി  അവരും  മോന്തി .

“നമ്മുടെ  കൂട്ടരെയെല്ലാം  ദൈവം  വിളിച്ചീലെ ? കാട്ടു  ദൈവങ്ങളെയെല്ലാം  അവര്  അടിച്ചു  തകർത്തിട്ടുണ്ടാകും !”

” അവസാനം  കാട്ടിലുള്ളോർക്കു  അതേ  സ്ഥലം  കിട്ടാൻ  നെയമം  ഇണ്ടാക്കീലോ ? ദൈവങ്ങള്  കാത്തു !”

“കൊറച്ചു  ആശ്വാസായി . നമുക്കിനി  നടക്കാം ല്ലേ ?”

“അന്ന്  നമ്മുടെ  മംഗലം  ഓർക്കിണ്ടോ  ? മൂപ്പൻ  എല്ലാർക്കും  തേൻ  കൊടുത്തു  ആട്ടവും  പാട്ടുമായി …..”

“മോന്റെ  കൊഞ്ചിയെ  ബർത്താനം  ഓർമ്മണ്ട ?”

“തേനിനേക്കാൾ  മധുരല്ലേ  അതിന് ?”

“ഓനെ  പട്ടണത്തിലയച്ചത്  തെറ്റായിപ്പോയിയല്ലേ ?”

“നേതാവ്  ചമയാൻ  പോയി , ഉയിരും  പോയി !”

വൃദ്ധ  ഒരു  നിമിഷം  നിന്ന്  തേങ്ങി .വൃദ്ധൻ  ആകെ  ഒന്ന്  പരുങ്ങി , പിന്നെ  അവളുടെ  കണ്ണീർ  തുടച്ചു .

“ഓനെ  പഠിപ്പിക്കാൻ  ബേണ്ടിട്ടല്ലേ  നമ്മള്  കുടില്   പണയം  ബെച്ചത് ?”

“കാട്  നമ്മുടെ  അമ്മ , എല്ലാം  തരുമെന്ന്  ബിചാരിച്ചിട്ടല്ലേ  കൊടുത്തത് ? പട്ടണക്കാര്  എല്ലാം  ഊറ്റിക്കൊണ്ടൊവുന്നു  ബിചാരിച്ചില്ല !”

“കൊള്ളപ്പലിശക്കാരൻ  ആട്ടിയിറക്കിയത്  മറന്നു  പോയോ ?”

“കാട്ടാന  ഓനെ  ചവിട്ടിക്കൊന്നൂന്നല്ലേ  പേപ്പറില്  കണ്ടത് ?”

കഞ്ഞി  കൊണ്ട്  നനഞ്ഞ  ആ  പേപ്പർ  അവൾ  അയാൾക്ക്‌  കൊടുത്തു .

അയാൾ  അതൊന്നു  നോക്കി  നെഞ്ചോടു  ചേർത്തു .

“എത്തി ! നമ്മൾ  എത്തി !”

പൊട്ടിപ്പൊളിഞ്ഞ  കല്ലുകൾ  ചിതറിക്കിടക്കുന്നു . കല്ലിൻപൊടിക്കിടയിൽ  അതാ  കിടക്കുന്നു  കുറച്ചു  കടലാസ്  കഷ്ണങ്ങൾ !

അവർ  പൊടിയെ  നീക്കി  അവ  എടുത്തു .

“ഇതാവുലെ  നമ്മുടെ  ആധാരം ?’

“ഒന്നും  തിരീണില്ല !”

പെട്ടെന്നാണ്  ആനയുടെ  ചിന്നം  വിളി  കേട്ടത് . അവർ  തിരിഞ്ഞു  നോക്കി . തൊട്ടു  പിറകിൽ  ഒരു  കാട്ടാന !

അവർ  അതിൻ്റെ  മുന്നിൽ  മുട്ടുകുത്തി  വീണു  മരിക്കാൻ  തെയ്യാറായി  വിറച്ചു  കൊണ്ട്  പറഞ്ഞു .

‘ഇയ്യും  കാടിന്റെ  മോനല്ലേ ? കൊല്ലണെങ്കിൽ  കൊന്നോ ?”

പക്ഷേ ….

ആ  തുമ്പിക്കൈ  അവരെ  എടുത്തു  പുറത്തു  വെച്ച്  കാട്ടിനുള്ളിലേക്കു  നടന്നു .

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.