Untitled

ചരിത്രപരമായ വിധിതീർപ്പുകളുടെ കാലം

സ്ത്രീകളെ അന്തസ്സില്ലാതെ കാണുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497 ആം വകുപ്പ് എടുത്തുകളയുകയും സ്ത്രീകളെ പുരുഷനോടപ്പം തുല്യപദവിയിലേക്കുയർത്തുകയും ചെയ്ത സുപ്രീം കോടതിയുടെ വിധിയുടെ തൊട്ടു പിറകേയാണ് ചരിത്ര പ്രധാനമായ മറ്റൊരു വിധിയിലൂടെ ശബരിമല സ്ത്രീ പ്രവേശനസമ്മന്ധമായ വിധിയും പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. വിവാഹേതരലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്നുള്ള എന്നുള്ള കോടതിപരാമർശത്തിൽ ചിലർക്കെങ്കിലും അതൃപ്തിയോ ആശങ്കയോ ഉണ്ടാകാമെങ്കിലും സ്ത്രീകളുടെ പദവി പുരുഷനോടപ്പം ഉയർത്തിക്കാണിക്കാനുള്ള വിധിയിലെ മാനവിക പരാമർശം ഏവരും അംഗീകരിക്കും എന്ന കാര്യത്തിൽ സംശയമില്ല. വിവാഹമെന്നത് ആരും ആരുടെയും അടിമയോ ഉടമയോ ആക്കാനുള്ള ഒരു ഉടമ്പടിയല്ല. അതൊരു തുല്യ നീതിയുടെ, പരസ്പര ധാരണയുടെ, വിട്ടുവീഴ്ചകളുടെ ഒരു കൂട്ടുകെട്ടാണ്.’ വിട്ടുവീഴ്ച’ എന്നത് പരുഷാധിപത്യപരവുമല്ല.

അതുപോലെ ശബരിമല സ്ത്രീപ്രവേശനവും ‘സ്വാതന്ത്ര്യം സമത്വം സാഹോദര്യം’ എന്ന വിശ്വോത്തര സങ്കല്പം മാനിച്ചുകൊണ്ടുള്ള വിധിയായി മാനിക്കേണ്ടപ്പെടേണ്ടതാണ് എന്നാണ് എന്റെ പക്ഷം. പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് ശാസ്താ ദർശനം അനുവദിച്ചു എന്നാണ് കോടതി വിധി. അല്ലാതെ പലരും ആക്ഷേപിക്കുന്നതുപോലെ ആർത്തവം നടന്നുകൊണ്ടിരിയ്ക്കുന്ന ദിവസങ്ങളിൽ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാം എന്ന് കോടതി എവിടെയും പറയുന്നില്ല. ചിലരുടെയെങ്കിലും ഉറഞ്ഞുതുള്ളൽ കാണുമ്പോൾ അങ്ങനെ പലരും തെറ്റിധരിക്കാൻ ഇടയുണ്ട്. പിന്നെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യുവതികളായ സ്ത്രീകൾക്ക് ശബരിയിൽ പ്രവേശിക്കാമോയെന്നാണ് ചോദ്യമെങ്കിൽ അത് കോടതിയുടെ പരിഗണനയിൽ വരുന്ന കാര്യമല്ല. ഓരോ സ്ത്രീയും സ്വയം തീരുമാനിക്കേണ്ട കാര്യമാണ്. അത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്.

‘ശാസ്താവ്’ എന്നത് ഒരുകാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ബുദ്ധ സങ്കല്പവുമായി ബദ്ധപ്പെട്ടുകിടക്കുന്ന ബിംബമാണെന്ന് ചില പുരാവസ്തു ഗവേഷകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ശരണം വിളികളുടെ ശൈലി ബുദ്ധ വിഹാരങ്ങളിൽ മുഴങ്ങിക്കേൾക്കാറുള്ള ‘ബുദ്ധ ശരണം ഗച്ഛാമി’ സംഘം ശരണം ഗച്ഛാമി’ എന്നതിന്റെ ഒരു പതിപ്പ് മാത്രമാണെന്നവർ വാദിക്കുന്നു. അതുപോലെ ശാസ്താവിഗ്രഹത്തിന്റെ ഇരിപ്പും കാനനവാസവും ഹൈന്ദവ രീതിയെക്കാളുപരി ബുദ്ധവിശ്വാസവുമായി ഏറെ സാദൃശ്യമുള്ളതാണെന്നും അവർ പറയുന്നു. സംഘകാലത്ത് കേരളത്തിൽ പ്രബലമായിരുന്ന ബുദ്ധമതസാന്നിധ്യം മറ്റിടങ്ങളിൽ നിന്നെല്ലാം ഇല്ലായ്മ ചെയ്ത പോലെ ശബരിമലയും ബുദ്ധമതവിശ്വാസികൾക്ക് നഷ്ടപ്പെടുകയും അവയെല്ലാം ക്രമേണ ഹൈന്ദവ തത്സ്വരൂപങ്ങളായി പരിണമിക്കുകയും ചെയ്യുകയായിരുന്നു എന്ന് ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാകാം ഹൈന്ദവ ക്ഷത്രങ്ങളിൽ പൊതുവെ പതിവില്ലാത്ത ചില കർശന ചിട്ടവട്ടങ്ങൾ ആദ്യകാലത്ത് ശാസ്താവിനെ ദർശിക്കാനായി പോകുമ്പോൾ ശ്രദ്ധിച്ചിരുന്നത്. ബ്രഹ്മചര്യവ്രതം, സ്വഗൃഹങ്ങളുമായി കാര്യമായി ഇടപെടാതെ തികച്ചും സസ്യബുക്കായി സംഘം ചേർന്ന് മഠങ്ങളിലും മറ്റുമുള്ള കിടപ്പു, വൃശ്ചിക ശൈത്യത്തിന്റെ സൂചിമുനകൾ കുത്തികയറുന്ന അതിരാവിലെയുള്ളകുളി ആഡംബരനിരാസം തുടങ്ങിയ ബുദ്ധമാർഗ്ഗത്തിലെ ചില പീഢനമുറകളെല്ലാം ആദ്യകാല ശബരിമല സ്വാമിമാരുടെ പൊതു മുദ്രകളായിരുന്നു. ആദ്യകാലത്ത്‌ ശാസ്താദർശനം ലഭിക്കണമെങ്കിൽ ഇങ്ങനെ ഒരു ഹൃസ്വകാലമെങ്കിലും സർവസംഘ പരിത്യാഗികളായി മാറിയാലേ സാധ്യമാകുകയുള്ളൂ എന്നർത്ഥം

പണ്ടൊക്കെ 41 ദിവസത്തെ കഠിനമായ വ്രതമെടുത്ത് കാൽനടയായി ശബരിമലക്ക് പോകുന്ന തികച്ചും നൈഷ്ഠിക ബ്രഹ്മചാരികളായവരുടെ ഒറ്റക്കും കൂട്ടവുമായരുടെ ശരണംവിളികൊണ്ടു മുഖരിതമായിരുന്നു നേഷനൽഹൈവേ. കാലിൽ ചെരുപ്പുപോലും ധരിക്കാതെ മൈലുകളോളം ഉള്ള അത്യന്തം കഠിനമായയാത്ര. അത്യന്തം ദുർഘടമായ വഴികൾ, കാടും ക്രൂരമൃഗങ്ങളും, ഇഴ ജന്തുക്കൾ. തിരിച്ചെത്തിയാൽ കാണാം എന്നുള്ള യാത്രാമൊഴികൾ. പോയവരിൽ ചിലരെ നരിപിടിച്ചും രോഗം വന്നും മരിച്ചുപോയെന്നുള്ള ശ്രുതി. അക്കാലത്ത് സ്ത്രീകൾക്ക് ശബരിമലയിൽ ചെന്നത്തുകയെന്നത് തികച്ചും ദുർഘടവും അസാധ്യവുമായിരുന്നു ഇതൊക്കയായിരുന്നു ഒരു കാലത്തെ ശബരിമലയാത്ര വിശേഷമെങ്കിൽ കാലം മാറിയപ്പോൾ കാൽനടയാത്ര വേണ്ടന്നായി ബസുകളിലും മറ്റു വാഹനങ്ങളിലുമായി യാത്ര. 41 ദിവസകഠിനവൃതം എന്നത് മൂന്നോ നാലോ ദിവസമായി ചുരുങ്ങി. ചിലർ മറ്റു ക്ഷേത്രങ്ങളിൽ പോകുന്ന പോലെ ലാഘവത്തോടെ ശബരിമലക്കും പോകുന്ന അവസ്ഥയുണ്ടായി. കാലത്തു പോയി രാത്രി തിരിച്ചെത്തുന്ന തികച്ചും സാധാരമായ ഒരു യാത്രയായി ശബരിമല യാത്രയും. കാലം മാറിയ സാഹചര്യത്തിൽ ഗതാഗത സൗകര്യങ്ങൾ സുഖമമായ ഈവാവസരത്തിൽ മറ്റു ക്ഷേത്രങ്ങളിൽ എന്നപോലെ ശബരിമലയിലും എന്തുകൊണ്ട് സ്ത്രീകൾക്കും പ്രവശിച്ചുകൂടാ എന്ന് കോടതിയും നിരീക്ഷിച്ചുകാണണം.

ശാസ്ത്രം വളർന്നതോടപ്പം മനുഷ്യരുടെ ചിന്താധാരകളും കാലാനുസൃതമായ മാറ്റം വന്നു. ഭൂമി പറന്നതെല്ലെന്നും ഉരുണ്ടതെന്നും ശാസ്ത്രം കണ്ടെത്തി അതിനായി പലർക്കും ജീവൻ ഹോമിക്കേണ്ടിവന്നു. മനുഷ്യരുടെ ശാരീരിക വ്യത്യയാനങ്ങളെ ‘മെഡിക്കൽ വ്യൂ പോയിന്റിൽ’ കാണാൻ സാധാരണക്കാർക്കും പറ്റുന്ന അവസ്ഥയുണ്ടായി. അതെല്ലാം ആചാര അനിഷ്ടങ്ങളെയും വിശ്വാസ പ്രമാണങ്ങളെയും കാലാകാലങ്ങളിൽ പുതുക്കിപ്പണിതിട്ടുണ്ട്. 1829ൽ സതി നിരോധിക്കുമ്പോൾ അന്നുള്ള ബഹുഭൂരിപക്ഷവും അതിനെ എതിർത്തു. രാജാറാം മോഹൻറായ്‌ക്കെതിരെ പ്രകടനം നയിച്ചവരിൽ മുൻപന്തിയിൽ അദ്ദേഹത്തിന്റെ അമ്മയും ഉണ്ടായിരുന്നു എന്നതാണ് ചരിത്രം.
1936 അവർണ്ണർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുമ്പോൾ അതിനായി മുന്നിട്ടിറങ്ങിയ കൃഷ്ണ പിള്ളക്കും ഏ കെ ഗോപാലിനും കേളപ്പജിക്കും കേട്ട തെറിക്കും മർദ്ദനത്തിനും ചരിത്രം സാക്ഷിയാണ് 1822-ൽ സ്വന്തം മാറിടം മറക്കുന്ന വേഷം ധരിച്ച് കൽക്കുളം ചന്തയിലൂടെ ഒരു ചാന്നാർ സ്ത്രീ നടന്നപ്പോൾ മാറു മറക്കാത്ത മുഴുവൻ സ്ത്രീകളും പറഞ്ഞു അത് നിയമ വിരുദ്ധമാണെന്ന്. 1800കളിൽ വസൂരിക്ക് വാക്സിൻ കണ്ടു പിടിച്ചപ്പോഴും, ശാസ്ത്രജന്മാർ മംഗൾയാൻ വിക്ഷേപിച്ചു പഠനം നടത്തുമ്പോഴും ഒരു കണ്ണാൽ ശാസ്ത്രത്തെ ശ്ലാഘിച്ചവർ മറുകണ്ണാൽ എതിർക്കുകയും വിശ്വാസത്തെ വിടാതെ മുറുകെപ്പിടിക്കുകയും ചെയ്തു എന്തിനും ഏതിലും നെഗറ്റീവ് ചിന്ത വെച്ചുപുലർത്തുന്നവർക്കു എന്നും ഇത്തരം വിധികളും നീക്കങ്ങളും ഉൾക്കൊള്ളാനാകില്ല.

ഇത്തരം ഒരു സാഹചര്യത്തിലാണ് ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകണമെന്നു കോടതി വിധി പ്രഖ്യാപിക്കുന്നതും അതിനെതിരെയുള്ള എതിർപ്പുകളും ഉണ്ടാകുന്നതു എന്ന് ആലോചിക്കേണ്ടതുണ്ട്. ശബരിമലയിലെ സ്ത്രീ സാനിധ്യം ഇനിയും നിഷേധിക്കുന്നത് കടുത്ത വിവേചനമല്ലേ എന്ന ചോദ്യം ബഹുമാനപ്പെട്ട കോടതിക്കെന്നപോലെ സാധാരണക്കാർക്കും തോന്നി തുടങ്ങിയിട്ട് കാലം കുറേയായി. പിന്നെ സ്ത്രീകളുടെ സുരക്ഷയാണ് പ്രശ്നമെങ്കിൽ അത് ഭരണകൂടത്തിന്റെയും ദേവസ്സം ബോർഡിന്റെയും ഉത്തരവാദിത്വമാണ് അതവർ കാര്യക്ഷമമായിചെയ്യട്ടെ. പിന്നെ പാരമ്പര്യവിശ്വാസം മുറുകെപ്പിടിക്കുന്ന സ്ത്രീകളാണെങ്കിൽ അവർക്ക് കാത്തിരിക്കാം സമയം ആകുന്നതുവരെ. കോടതി ആരെയും നിർബന്ധിക്കുന്നില്ല ഒന്നിനും.

വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്നുള്ള സുപ്രീം കോടതിയെ എങ്ങനെയാണോ പലരും നോക്കികാണുന്നത് അതുപോലെയൊരുസമീപനം ശബരിമല സ്ത്രീ പ്രവേശന കാര്യത്തിലും സ്വീകരിച്ചാൽ മതിയല്ലോ? നിങ്ങൾക്ക് ആ വിധി സ്വീകാര്യമെങ്കിൽ അതിനെ പിൻപറ്റി ജീവിക്കാം. അതെല്ലാം വ്യക്തി പരതയുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണ്. മൗലികതയും ധാർമ്മികതയും കൈമോശം വരാതെ ജീവിക്കാനാണ് ജനം ആഗ്രഹിക്കുന്നതെങ്കിൽ കോടതി വിധിയെ മാനിക്കാതെയും ഇക്കാര്യത്തിൽ ജീവിക്കാം. കൂടാതെ ശബരിമല അത്യന്തം പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. മനുഷ്യന്റെ കരാളഹസ്തം ചെന്നുവീഴാത്ത ധാരാളമിടങ്ങൾ ഇനിയുമേറെയുള്ള ശബരിമലയെ ടൂറിസ്റ്റു മാഫിയ ലക്ഷ്യമിടുമെന്നകാര്യത്തിൽ രണ്ടഭിപ്രായമുണ്ടാകില്ല. സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു ഉയർന്നുവരാനിരിക്കുന്ന കോൺഗ്രീറ്റ് വനങ്ങളിലായിരിക്കും ഇക്കൂട്ടരാടെ കണ്ണ്. അക്കാര്യത്തിലും ഭരണകൂടം ജാഗ്രത പാലിക്കണം.

പക്ഷെ നിയമം എല്ലാവര്ക്കും ബാധകമായതിനാൽ, അത് ഉൾക്കൊണ്ടു നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ ബാധ്യസ്ഥരുമാണ്. എന്തായാലും അടുത്ത ദിവസങ്ങളിലായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധികൾ ചരിത്ര പ്രധാനവും വിപ്ലവകരവുമാണ്. നാളെ അത് മറ്റു മേഖലയിലേക്കും ഇത്തരം നിരീക്ഷണങ്ങളും വിധികളും ഉണ്ടാകുമെന്നുള്ള സൂചനകൂടി ഈ വിധികൾ നെല്കുന്നുണ്ട്. വിവേചനം എവിടെയുണ്ടെങ്കിലും അത് പൊളിച്ചടക്കണം എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകില്ല.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.