27.1 C
Bengaluru
January 17, 2020
Untitled

സുഡാനി ഫ്രം നൈജീരിയ

sudani from Nigeria Malayalam movie

ഇങ്ങനെയും ഒരു ഇസ്ലാമുണ്ട്,ഇങ്ങനെയും ഒരു മലപ്പുറമുണ്ട് എന്നു കൂടി സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കാണിക്കുന്നുണ്ട്. മലപ്പുറത്തെ കുറിച്ച് മലപ്പുറത്തെ ഭൂരിപക്ഷ സമുദായമായ മുസ്ലീങ്ങളെ കുറിച്ച് മറ്റു പല സിനിമകളിലും പലപ്പോഴും മറ്റൊരു ചിത്രമാണ് നാം കണ്ടിരുന്നത്. കൊടിയ വർഗീയവാദികളും പണമുണ്ടാക്കാൻ കള്ളക്കടത്തടക്കമുള്ള ഏത് നിയമവിരുദ്ധവും അധാർമ്മികവുമായ പ്രവൃത്തികളിൽ മനസ്ഥൈര്യത്തോടെ ഏർപ്പെടുന്നവരാണ് മുസ്ലീങ്ങൾ എന്നും മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള മലപ്പുറം ജില്ല കേരളത്തിൽ മതഭീകരതയുടെ പ്രഭവകേന്ദ്രമാണ് എന്നുമുള്ള വളരെ കണ്ടീഷൻഡായ വാർത്തകൾ നിരന്തരമായി ആവർത്തിക്കപ്പെട്ടു എന്ന് മാത്രമല്ല അത്തരം വാർത്തകളെ ആശ്രയിച്ചുള്ള, സാധൂകരിക്കുന്ന പ്രമേയവത്ക്കരണം മലയാള സിനിമകളിൽ തൊണ്ണൂറുകൾ മുതൽ വളരെ ആസൂത്രിതമായി നടന്നു വരികയുമുണ്ടായി. പൊതുവെ കണ്ടുവന്ന മറ്റൊരു രീതി എന്നാൽ, അല്ലെങ്കിൽ പച്ച ബെൽറ്റു ധരിച്ച,നിസ്കാരതയമ്പുള്ള,ഞെരിയാണി മേൽ വരെ മാത്രം മുണ്ട് ഇറക്കിയുടുക്കുന്ന, തലേക്കെട്ടുള്ള, ഒറ്റ നോട്ടത്തിൽ വീഭത്സത തോന്നിക്കുന്ന, അപരിഷ്കൃതമായ പുരുഷരൂപമോ,വായ നിറയെ വാക്കുകളുള്ള വിഡ്ഢിത്തം മാത്രം വിളമ്പുന്ന തലയിൽ തീരെ ഓളമില്ലാത്ത സ്ത്രിരൂപമോ ഒക്കെ യായിരുന്നു മുസ്ലീങ്ങൾ സിനിമയിൽ. പെരുപ്പിച്ചു കാണിച്ച ആ കാഴ്ചകൾ നമ്മുടെ പൊതുബോധത്തെ നിർമ്മിക്കുകയുമുണ്ടായി. ബിരിയാണി ചെമ്പ് കാണുമ്പോൾ കമിഴ്ന്നു വീഴുന്നവരായും എങ്ങനെയെങ്കിലും പണം ഉണ്ടാക്കാനും തിന്നാനും മാത്രം ജനിക്കുന്ന പ്രത്യേക തരം മനുഷ്യരായും മാത്രം മുസ്ലീങ്ങളെ കണ്ടു. ഇങ്ങനെ വാർപ്പു മാതൃകയിൽ മുസ്ലിം കഥാപാത്രങ്ങൾ നിറഞ്ഞാടാൻ തുടങ്ങിയ കാലത്തിനു ചരിത്രത്തിൽ മതവിഭജനത്തിന്റെ ദൗത്യമുണ്ട്.

തൊണ്ണൂറുകൾ മുതൽ റിലീസ് ചെയ്യപ്പെട്ടതും പ്രദർശനവിജയം നേടിയതുമായ പല സിനിമകളുടെയും പ്രമേയത്തിൽ, അവതരണത്തിൽ ഒരു ട്രെൻഡായി മുസ്ലിങ്ങൾ വില്ലന്മാരായും സവർണ ഹിന്ദുക്കൾ നായകരായും നിറഞ്ഞാടിയത് യാദൃച്ഛികതയല്ല. ആരുടെയൊക്കെയോ തലച്ചോറുകൾ വർഗീയതയുടെ ലബോറട്ടറിയായി നമ്മുടെ സാമൂഹിക ശരീരത്തിൽ പ്രവർത്തിച്ചിരുന്നതായി തിരിഞ്ഞു നോക്കുമ്പോൾ കാണാൻ സാധിക്കും. തൊണ്ണൂറുകൾക്കു ശേഷം രൂപപ്പെട്ട കേരളത്തിലെ സാമൂഹിക ഘടനയിൽ അങ്ങനെ സാരമായ പരിക്കേറ്റിട്ടുണ്ട്. ഇന്ത്യാ-പാക് വിഭജനമോ, മാപ്പിള ലഹള എന്ന് മുദ്രകുത്തപെട്ട മലബാർ കലാപമോ കേരളത്തിൽ മതപരമായ ധ്രുവീകരണം ഇത്രത്തോളം ഉണ്ടാക്കിയിരുന്നില്ല. തൊണ്ണൂറുകൾക്കു മുന്പുള്ള മലയാള സിനിമകളിൽ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുസ്ലീങ്ങളും ഹിന്ദുക്കളും സഹവർത്തിക്കുന്ന സാമൂഹിക ചരിത്രമാണ് അക്കാലത്തെ സിനിമകളിൽ. ഈ
രണ്ടു മതങ്ങളിൽ പെട്ടവർ തമ്മിലുള്ള പ്രണയവും വിവാഹവും ലൗ ജിഹാദിന്റെ പരിധിയിൽ അക്കാലത്ത് വന്നില്ല. ഇരു സമുദായത്തിൽപെട്ടവർക്കിടയിലെ സ്നേഹബന്ധങ്ങളും പ്രണയവും പ്രകീർത്തിക്കപെട്ടില്ലെങ്കിലും ഹിംസിക്കപെട്ടിരുന്നില്ല സിനിമയിലും ജീവിതത്തിൽ എന്ന പോലെ. അത്തരം പ്രണയം വഴിതെറ്റലായി കണ്ടതേയില്ല. വ്യക്തികളുടെ ഇടപാടായി മാത്രം അത്തരം ബന്ധങ്ങളെ കണ്ടു. അതിനപ്പുറം അമിതപ്രാധാന്യമോ ശ്രദ്ധയോ നൽകിയില്ല. പ്രണയിച്ചു വിവാഹം കഴിച്ചൊടുവിൽ ആണിന്റെ മതം പെണ്ണ് വരിക്കുമ്പോൾ ഉപേക്ഷിക്കപ്പെട്ട മതത്തിനോ മതസ്ഥർക്കോ അഭിമാനക്ഷയബോധമുണ്ടായിരുന്നില്ല. എത്ര വ്യതിരിക്തമെങ്കിലും ഒരേവഴിയിലാണ് ജീവിതം എന്ന് എല്ലാവരും ഏറെക്കുറെ മതാതീതമായി ഉൾകൊണ്ടു ജീവിച്ചു. ഭൂരിപക്ഷഹിതം അതിനനുകൂലവുമായിരുന്നു. എന്നാൽ തൊണ്ണൂറുകൾക്കുശേഷം മുസ്ലീങ്ങളും ദലിതരും വ്യാപകമായി വില്ലന്മാരായും സവർണ ഹിന്ദുക്കളായ ക്ഷത്രിയരും ബ്രാഹ്മണരും നായകരായും നിറഞ്ഞുനിന്ന് അധർമ്മികളായ വില്ലന്മാരെ അതിക്രൂരമായി കൊന്നൊടുക്കി ആ രക്തത്തിൽ പുതിയ ചരിത്രം എഴുതി. അതുവരെ കേരളം സഞ്ചരിച്ച അത്രയും ദൂരം കേരളം പിറകോട്ടു പോവുന്ന കാഴ്ച്ചയാണ് അതുവഴി നാം കണ്ടത്.

sudani from nigeria malayalam movie

നവോത്ഥാനബോധം കീഴ്മേൽ മറിഞ്ഞു. എന്തിനോ ആർക്കോ വേണ്ടി നമ്മുടെ സാമൂഹിക ജീവിതത്തെ ഫാബ്രിക്കേറ്റു ചെയ്യുകയായിരുന്നു. അങ്ങനെ അതിവേഗതയിൽ കേരളം വർഗീയവത്ക്കരിക്കപെടാൻ തുടങ്ങി. മുസ്ലീങ്ങൾ നോട്ടപുള്ളികളാവുന്ന സാഹചര്യം ഉടലെടുത്തു. ഈ സാഹചര്യം മുതലെടുത്തുകൊണ്ട് മുസ്ലീങ്ങൾക്കിടയിൽ വർഗീയ, വിഭാഗീയ, തീവ്രവാദ, വിധ്വംസക സംഘങ്ങൾ ആവിർഭവിക്കുന്ന പ്രതിപ്രവർത്തനം വളരെ പ്രതിലോമകരമായി മുളച്ചു പൊങ്ങി. പലപ്പോഴും
മലപ്പുറമായിരുന്നില്ല ആ മണ്ണ്. മലപ്പുറത്തിന് പുറത്താണ് ആ മാറ്റത്തിന് വേര് മുളച്ചത്. എന്നിട്ടും മലപ്പുറത്തെ മുസ്ലീങ്ങളാണ് ഏറെ ആക്ഷേപമേറ്റു വാങ്ങിയത്. മുസ്ലീങ്ങളെ കല്ലെറിയാൻ മലപ്പുറത്തെ അധിക്ഷേപിച്ചാൽ മതി എന്ന രീതിശാസ്ത്രം ആഞ്ഞ് പ്രയോഗിച്ചു. മുസ്ലീങ്ങൾ പ്രതിരോധത്തിലാവുന്ന സ്ഥിതി വന്നു. ഈ അടുത്ത കാലം വരെ ഇതായിരുന്നു സ്ഥിതി. സിനിമയിലൂടെ നമ്മുടെ പൊതുബോധത്തിൽ ഉള്ളലിഞ്ഞ ഈ യാഥാർത്ഥ്യത്തെ ധീരമായി പ്രതിരോധിക്കുന്നു എന്നതാണ് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ ചരിത്രപരമായ ദൗത്യം. ഇത് കാണാനായില്ലെങ്കിൽ ആ സിനിമ കാണേണ്ട രീതിയിൽ കണ്ടില്ലെന്നാണർത്ഥം. പ്രേക്ഷകർ സിനിമയിൽ കാണുന്ന യാഥാർത്ഥ്യത്തെ filmed reality എന്ന് ഗൊദാർദ് വിശേഷിപ്പിച്ചിരുന്നു. പ്രേക്ഷകർ സിനിമയിൽ യാഥാർത്ഥ്യം കാണുന്നത് വസ്തുതയുടെ രൂപത്തിൽ നിന്നാണ്, വസ്തുതയുടെ ഉള്ളടക്കത്തിൽ നിന്നല്ല എന്നായിരുന്നു ഗൊദാർദിൻറെ നിരീക്ഷണം. സിനിമയിൽ കാണിക്കുന്ന വസ്തുതകളുടെ രൂപം പ്രേക്ഷകരിൽ ഒരു made belief സൃഷ്ടിക്കും. കാരണം വസ്തുതകളെ പിൻപറ്റിയെടുക്കുന്ന സിനിമ made belief ആയി മാറും. ഉണ്ടാക്കിയെടുക്കുന്ന വിശ്വാസം ഊട്ടിയുറപ്പിക്കും. ആ രീതിയിൽ കഥാപാത്രങ്ങളെ റിയലിസ്റ്റിക്കായി വാർത്തെടുക്കും. ഈ രീതിശാസ്ത്രത്തെ അതിന്റെ രൂപത്തിലും ഉള്ളടക്കത്തിലും ഉടച്ചുവാർക്കാൻ വലിയ രീതിയിൽ സുഡാനി ഫ്രം നൈജീരിയ ശ്രമിക്കുന്നു. അക്കാര്യത്തിൽ സിനിമ വിജയിക്കുന്നുമുണ്ട്. മലപ്പുറത്തെ ചെറുപ്പക്കാർക്കിടയിൽ ജ്വരമായി പടരുന്ന കാൽപന്തുകളിയുടെ പശ്ചാത്തലത്തിൽ അവിടുത്തെ സാമൂഹിക ജീവിതമാണ് സിനിമ ആവിഷ്കരിക്കുന്നത്. അത് വളച്ചു കെട്ടില്ലാതെ തന്മയത്തോടെ ആവിഷ്കരിച്ചിരിക്കുന്നു. അത് കണ്ടീഷൻ ചെയ്യപ്പെട്ട നമ്മുടെ പൊതുബോധത്തെ തിരുത്തുന്നു. നാം കേട്ട മലപ്പുറമല്ല, മുസ്ലീങ്ങളല്ല, നാം കാണുന്ന മലപ്പുറം എന്നും നാം കാണുന്ന മുസ്ലീങ്ങൾ എന്നും സിനിമ തിരുത്തുന്നു.

പത്താം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന കാര്യമായ ജോലിക്കൊന്നും പോവാതെ സെവൻസ് ഫുട്ബോൾ ടീമുമായി നാട്ടുമ്പുറത്തെ ടൂർണമെന്റുകളിൽ സജീവ സാന്നിധ്യമായ, അങ്ങനെ കിട്ടുന്നത് വീതിച്ചെടുത്ത് സംതൃപ്തരായി വീടണയുന്ന കുറച്ചു കൂട്ടുകാർ സമ്പാദ്യമായുള്ള മജീദും ആ ടീമിൽ കളിക്കുന്ന സാമ്യുവെൽ എന്ന നൈജീരിയനുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. മജീദിലൂടെ മലപ്പുറത്തേക്കും സാമ്യുവെലിലൂടെ നൈജീരിയയിലേക്കും സിനിമ സഞ്ചരിക്കുന്നു. ഫുട്ബോൾ കളിക്കാരെ തേടി നൈജീരിയ അടക്കമുള്ള രാജ്യങ്ങളിൽ മജീദ് പോയിട്ടുണ്ട്. സാമ്യുവെൽ ബാത്ത് റൂമിൽ വീണതിനെ തുടർന്നുണ്ടായ ഗുരുതരമായ പരിക്ക് മജീദിന്റെ ഉറക്കം കെടുത്തി. ആരുടെയോ കാരുണ്യത്താൽ കിട്ടിയ പണം കടം വാങ്ങി ചികിത്സിച്ചു. സാമ്യുവെലിനെ ഉപേക്ഷിച്ചു കടന്നു കളയാൻ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല അതിന് സാധിക്കുകയുമില്ല. മജീദാണ് സാമ്യുവെലിൻറെ ഇന്ത്യയിലെ സ്പോൺസർ. മജീദിലൂടെ സിനിമ മജീദിന്റെ ഉമ്മയിലേക്കും ഉമ്മയുടെ രണ്ടാം ഭർത്താവിലേക്കും ഉമ്മയുടെ കൂട്ടുകാരിയും കൂടിയായ ബന്ധുവിലേക്കും മജീദിന്റെ നിസ്വാർത്ഥരായ കൂട്ടുകാരിലേക്കും എത്തുന്നു. അതുവഴി മലപ്പുറത്തെ നിഷ്കളങ്കരായ മനുഷ്യരുടെ മനസിലേക്കാണ് സിനിമ സഞ്ചരിക്കുന്നത്. ആ മനുഷ്യർ അക്ഷരാഭ്യാസമുള്ളവരല്ല,ഇസ്തിരിയിട്ട ഭാഷയോ എടുപ്പുള്ള ജീവിതമോ ഉള്ളവരല്ല. കൊണ്ടും കൊടുത്തും പരസ്പരം ആശ്രയിച്ചു സ്നേഹത്തോടെ ജീവിക്കുന്നു. സൂഫി ജീവിതം പോലെ ഓരോ നിമിഷവും ഓരോ നിശ്വാസവും ദൈവത്തിനുള്ള സങ്കീർത്തനമാവുന്നു. സ്നേഹിച്ചാൽ കരളു പറിച്ചു കൊടുക്കുന്ന മട്ടിൽ. നിരക്ഷരരായ ആ മനുഷ്യർക്ക് ലോകത്തിന്റെ കാപട്യമറിയില്ല,കപടരായ മനുഷ്യരുമായി ബന്ധമില്ല,ഇക്കാണുന്നതൊക്കെ പരമപ്രധാനമായ സത്യമെന്ന് വിശ്വസിക്കുന്ന സത്യവിശ്വാസികളത്രെ. അവർ അവരുടെ വേദനയിൽ കൂടെയുള്ളവരുടെ വേദനയിൽ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഉമ്മ രണ്ടാം വിവാഹം കഴിച്ചതോടെ ഉമ്മയുമായി മാനസികമായി അകന്ന മജീദ് രണ്ടാം വാപ്പ വീട്ടിൽ വരുമ്പോൾ പ്രതിഷേധമെന്നോണം വീടുവിട്ടിറങ്ങി സുഹൃത്തുക്കൾ താമസിക്കുന്ന ലോഡ്ജിൽ അന്തിയുറങ്ങുന്നു. ഇതൊഴിവാക്കാൻ രണ്ടാനുപ്പ പല രാത്രികളിലും വീട്ടിൽ കിടന്നുറങ്ങാതെ സെക്യൂരിറ്റി പണിക്ക് പോവുന്നു. ഉമ്മയിൽ മാത്രമല്ല ആ രംഗം കണ്ണുനിറക്കുന്നത്, സിനിമ കാണുന്നവരുടെയും കണ്ണ് നിറയുന്നു. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ രണ്ടാം കെട്ട് അത്ര മോശം കാര്യമല്ല എന്ന് തന്നെ സിനിമ ഊന്നുന്നു. സിനിമ കാണുന്നവനും അത് സ്വീകാര്യമാവുന്നു. തന്റെ ഭർത്താവിനോടും തന്നോടുമുള്ള മകന്റെ നിഷേധാത്മക നിലപാടിൽ കടുത്ത മനോവേദന ഉമ്മ അനുഭവിക്കുന്നുണ്ടു. ഒരു പണിയും തൊരവുമില്ലാതെ നടക്കുന്ന മകന് പെണ്ണുകിട്ടാത്തതിൽ ഉമ്മക്ക് നൊമ്പരമുണ്ട്. മലപ്പുറത്തെ പെൺക്കുട്ടികൾക്ക് എസ് എസ് എസ് എൽ സി തോറ്റ, പണിയും തൊരവും ഇല്ലാത്ത വലിയ സൗന്ദര്യമൊന്നുമില്ലാത്ത വെറുമൊരാണ് പോരയിന്ന് പുയ്യാപ്ലയായി. നാം കേട്ടുതഴമ്പിച്ച മലപ്പുറത്തെ മുസ്ലീം പെൺകുട്ടികളല്ല ഇവിടെ. ആരാവണം അവരുടെ ഭർത്താവെന്ന് അവരും കൂടി തീരുമാനിക്കുന്ന രീതിയിൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞിട്ടുണ്ട്. തലമൂത്തവർ എവിടെയെങ്കിലും തീരുമാനിച്ചെടുക്കുന്ന വിവാഹാലോചനകൾക്ക് സ്വന്തം തലവെച്ച് കൊടുക്കാൻ പുതിയ കാലത്തെ മലപ്പുറം പെൺകുട്ടികൾ തയ്യാറല്ല. ആ കാലം കുറെയേറെ മാറിപ്പോയിരിക്കുന്നു. നാം കേൾക്കുന്ന മലപ്പുറമല്ല സിനിമയിൽ നാം കാണുന്ന മലപ്പുറം. വിദ്യാഭ്യാസത്തിലൂടെ വളർന്നുവന്ന സ്വന്തം ബോധമുള്ള പെൺജീവിതവുമുണ്ടെന്ന് സിനിമയിൽ അനാവരണം ചെയ്യപ്പെടുന്നു. മജീദ് തന്റെ നിരാശയെ ഫുട്ബോളിലൂടെ മറികടക്കുന്നു. ടീമിൻറെ മാനേജരായി ടൂർണമെന്റിൽ നിന്ന് ടൂർണമെന്റിലേക്ക്. എല്ലാവർക്കും വീതിച്ചുകൊടുത്തതിനു ശേഷം ബാക്കിയാവുന്ന ഇച്ചിരി തുകയിൽ ജീവിതം സംതൃപ്തി കാണുന്നു. അങ്ങനെ ജീവിച്ചു പോരുന്ന മജീദിന്റെ ജീവിതം ഉലഞ്ഞു പോവുന്നുണ്ട് സാമ്യുവെലിന് പരിക്കേറ്റതോടെ. ആശുപത്രിചെലവിന് കടം വാങ്ങി തുലഞ്ഞു. ഒടുവിൽ പരിചരണത്തിന് സാമ്യുവെലിനെ മജീദിന്റെ വീട്ടിലേക്ക് മാറ്റി. അവനു സ്നേഹം വെച്ചു വിളമ്പുന്ന ഊട്ടുന്ന ഉമ്മ മലപ്പുറത്തെ ഒരു ശരാശരി ഉമ്മയാണ്. സാമ്യുവെലിൻറെ വല്ല്യുമ്മ മരിച്ചതറിഞ്ഞു സങ്കടപെട്ടുകരയുന്ന സാമ്യുവെലിന് വേണ്ടി അവന്റെ മതാചാരപ്രകാരം മൂന്നാം നാൾ മരണാനന്തര ചടങ്ങ് സംഘടിപ്പിക്കണമെന്നു പറയുന്ന ഉമ്മ, സ്വന്തം മകന്റെ സ്നേഹം നിരാകരിക്കപെടുന്നത് കണ്ട് അവനോടൊപ്പം സാമ്യുവെലിനേയും മറ്റൊരു മകനായി കണ്ടു തുടങ്ങുന്ന ഉമ്മ സാമ്യുവെൽ നാട്ടിലേക്ക് പോകേണ്ടി വരുന്ന അനിവാര്യതയിൽ കാര്യങ്ങൾ ചെന്നു നിൽക്കുന്ന സാഹചര്യത്തിൽ ഉമ്മയും അയൽവാസിയും ബന്ധുവുമായ വല്ല്യുമ്മയും സാമ്യുവെലിനുവേണ്ടി മമ്പുറം പള്ളിയിൽ പോയി പ്രാർത്ഥിക്കാൻ പോകുന്ന രംഗമുണ്ട്. പോവുന്നതിനു മുന്പ് സാമ്യുവെലിന് ഉമ്മ കാണിച്ചു കൊടുക്കുന്നു യാചകർ ആരെങ്കിലും വന്നാൽ അവർക്ക് കൊടുക്കാൻ സൂക്ഷിച്ചു വെച്ച പണപ്പെട്ടി. ഇതും കൂടിയാണ്, ഈ കരുതൽ കൂടിയാണ് മലപ്പുറത്തെ ഇസ്ലാം. ഇതുംകൂടിയാണ്,ഈ കരുതൽ കൂടിയാണ്

sudani from nigeria malayalam movie

മലപ്പുറത്തെ മുസ്ലീം ജീവിതം. കൾച്ചറൽ ഇസ്ലാമിന്റെ സൗന്ദര്യം നിറയുന്നുണ്ട് അങ്ങനെ സിനിമയിൽ. ആ ജീവിതത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിന് മേൽക്കൈ നൽകുന്നില്ല. മറക്കാനും പൊറുക്കാനും അറിയുന്ന മലപ്പുറത്തിൻറെ പച്ച മനസ്സാണ് സിനിമ നിറയെ. അല്ലെങ്കിൽ അങ്ങനെ ആയിരിക്കണം മലപ്പുറം എന്ന് കൂടി സിനിമ വിളംബരം ചെയ്യുന്നു. ഒരേസമയം പൊളിറ്റിക്കൽ ഇസ്ലാമിനോട് അകലം പാലിച്ചുകൊണ്ട് കൾച്ചറൽ ഇസ്ലാമുമായി കൂട്ടുചേരണ്ടതുണ്ട് മലപ്പുറത്തെ മുസ്ലിം ജീവിതം എന്ന് സിനിമ നിർണ്ണയിക്കുന്നു. ഈ സിനിമയിൽ വരുന്ന അമുസ്ലിം കഥാപാത്രങ്ങളിലും ആ നന്മയുണ്ട്. സാമ്യുവെൽ അവരിലുമൊരാളാവുന്നു. സാമ്യുവെലിന് ഗരുഡൻ നില്പ് കാണിച്ചു കൊടുക്കുന്ന കളരി നായർ, മജീദിന്റെ വീട്ടിൽ ജോലിക്ക് സഹായിക്കാൻ വരുന്ന ആ സ്ത്രീ യുമൊക്കെ മുസ്ലീമിതര മലപ്പുറം ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരങ്ങളത്രെ. മലപ്പുറം എന്നാൽ വർഗീയവാദികളുടെയും തീവ്രവാദികളുടെയും പലവിധ മാഫിയയുടെയും കള്ളക്കടത്തുകാരുടെയും ഹവാലക്കാരുടെയും ഹബാണ് എന്ന കേട്ടു തഴമ്പിച്ച, ഏതു സമയവും പൊട്ടി തെറിക്കാവുന്ന ബോംബിനുമേലാണ് ആ നാട് നിലനിൽക്കുന്നത് എന്ന് മലപ്പുറത്തിനു പുറത്ത് മലപ്പുറത്തിനെതിരെ നടക്കുന്ന ദുഷ്പ്രചരങ്ങളെ ശക്തമായ പ്രതിരോധിക്കുന്ന ഡിജിറ്റൽ ആഖ്യാനമാണ് സുഡാനി ഫ്രം നൈജീരിയ. ആയതിനാൽ ഈ സിനിമയുടെ പേര് അങ്ങനെയല്ല ആവേണ്ടിയിരുന്നത്, മറിച്ച് ഇസ്ലാം ഫ്രം മലപ്പുറം എന്നോ അല്ലെങ്കിൽ സുഡാനി ഫ്രം മലപ്പുറം എന്നോ ആവാമായിരുന്നു എന്ന് ക്യാമറയുടെ കലയാണ് സിനിമ എന്ന് ഒന്നു കൂടി ഉണർത്തുന്ന ഈ സിനിമ നമുക്ക് നേരെ ചൂണ്ടുന്നു. മലപ്പുറത്തിൻറെ ആത്മകഥയും നൈജീരിയയുടെ ആത്മകഥയും ഉണ്ട് സിനിമയിൽ. സാമ്യുവെലിൻറെ ജീവിതം സാമ്യുവെൽ തന്നെ പറയുന്നു മനസിലാവില്ല മറ്റുള്ളവർക്ക്. സിവിൽവാറിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ടു. പെങ്ങന്മാർക്ക് ആകെ തണലായുണ്ടായിരുന്ന വല്ല്യുമ്മയും മരണപെട്ടതോടെ അനാഥമായ പെങ്ങന്മാർ. അവരുടെ ജീവിതം കരുപ്പിടിപ്പിക്കാനാണ് അഭയാർത്ഥി ക്യാമ്പിൽ നിന്ന് രക്ഷപെട്ട് എങ്ങനെയൊക്കെയോ കള്ളപാസ്പോർട്ടൊപ്പിച്ചു ഫുട്ബോൾ കളിച്ചു നാല് കാശുണ്ടാക്കാൻ ഇന്ത്യയിലേക്ക് പോന്നത്. ഇവിടെ എത്തിപെട്ടപ്പോഴുണ്ടായ നിയമത്തിന്റെ നൂലാമാലകൾ വേറെയും. അധികാരവും നിയമങ്ങളും എവിടെയാണെങ്കിലും ഒറ്റപ്പെട്ടു പോവുന്ന മനുഷ്യർക്കെതിരെ ഒറ്റക്കെട്ടാണ് എന്ന് കൂടി സിനിമ പറയുന്നു. നിയമവും അതിന്റെ നൂലാമാലകളും കണക്കിലെടുക്കാതെ സാമ്യുവെലിനൊപ്പം നിൽക്കുന്ന മലപ്പുറത്തിന്റെ ആ പച്ച മനസുണ്ടല്ലോ ആ മനസ് ഇസ്ലാമിന്റെ കൂടി മനസ്സാണ്. ആ മനസിന് വില പറയുകയാണ് പൊളിറ്റിക്കൽ ഇസ്ലാം ചെയ്യുന്നത് ചാവേറുകളാവുന്നവർക്കറിയില്ല ആ ഇസ്ലാമിന്റെ സൗന്ദര്യം. ആ സൗന്ദര്യം അറിയാൻ മുസ്ലീമാവണ്ട, മലപ്പുറവുമായി കുറഞ്ഞ തോതിലെങ്കിലും അറിയുന്ന ഒരു ചെറിയ അടുപ്പം മതി. കൾച്ചറലായതൊക്കെ ശരിയാണ് ആ ബന്ധം നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും. അതാണ് സുഡാനി ഫ്രം നൈജീരിയയുടെ സാംസ്കാരിക ദൗത്യം. അക്കാര്യം നിർവഹിച്ചതിന് സംവിധായകൻ സക്കരിയ മുഹമ്മദിന് അകമഴിഞ്ഞ നന്ദി. . . . . . .

malayalam movie Zakariya

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.