21 C
Bangalore
September 23, 2018
Untitled
One India
  • Home
  • Malayalam
  • സൗഹൃദ പൂക്കളുടെ ഇതളുകൾ ആരും തല്ലി കൊഴിക്കാതിരിക്കട്ടെ
Malayalam

സൗഹൃദ പൂക്കളുടെ ഇതളുകൾ ആരും തല്ലി കൊഴിക്കാതിരിക്കട്ടെ

വാഹനത്തിന്റെ വലതുഭാഗത്തൊരു കണ്ണാടി എന്തിനാണ്‌ . . . ? പുറകിലെ കാഴ്‌ചകള്‍ കാണാന്‍ . . . . ! പുറകിലെ കാഴ്‌ചകള്‍ ഭംഗിയായി കാണുമ്പോഴേ മുന്നോട്ടുള്ള യാത്ര സുഖകരമാകൂ” ഇന്ത്യക്കാർ എക്കാലവും ബഹുമാനത്തോടെയും ആദരവോടെയും സ്നേഹത്തോടെയും ഓർമ്മിക്കുന്ന എ പി ജെ അബ്ദുൾ കലാമിന്റെ വാക്കുകളാണിത്. ഇന്ത്യക്കാരിൽ പലർക്കുമിന്ന് പിറകിലേക്കെന്നല്ല മുന്നിലേക്കും കാഴ്ചകളില്ലാ എന്നതാണ് വാസ്തവം. ഇരുവശങ്ങളിലേക്കും തീരെ നോട്ടമില്ല. അതിനാൽ അന്യനെ മാത്രമല്ല നമ്മളെ തന്നെ കണ്ടാലറിയാത്തൊര ജനതയായി നമ്മളിന്ന് മാറിയിരിക്കുന്നു. മതം മനുഷ്യനെ അത്രമാത്രം സങ്കുചിതമായി ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്ന ഒരു ഏക ശിലാ ഖണ്ഡമായി മാറിയിരിക്കുന്നു. സൗഹൃദങ്ങളിൽ ഇരുട്ടുപരത്തിയിരിക്കുന്നു. നിങ്ങളുടെ പേരുപോലും ഒരു ഘട്ടത്തിൽ നിങ്ങളെ ഒറ്റപ്പെടുത്താനും നിങ്ങളെ അന്യനാക്കാനും ഒറ്റതിരിഞ്ഞു ആക്രമിക്കാനും ഇടയാക്കുന്ന ഒന്നായി മാറിയിരിക്കുന്നു. വികാരം വിചാരത്തെ മറികടന്ന് ഭ്രാന്താവേശത്തോടെ സഹജീവികളുടെ ജീവിത വഴിയിലൂടെ ഓടുന്നത് കടിഞ്ഞാൺ പൊട്ടിയ മതമെന്ന ഭൂതാവേശത്തിന്റെ ശക്തിയിലാണെങ്കിൽ അത് മാനവിക വിരുദ്ധമാണ്. സൗഹൃദ നിരാസമാണ്. മുന്നും പിന്നും തെളിയാതെയുള്ള അത്തരക്കാരുടെ യാത്ര അപകടങ്ങളിൽചെന്നേ കലാശിക്കുകയുള്ളു.

ആ കാഷ്മീർ ബാലിക ഇന്നലെവരെ ഏതോ രക്ഷിതാക്കളുടെ അരുമയായ മകളായിരുന്നു. എന്നാൽ ഇന്നവൾ മതേതരജനാധിപത്യഇന്ത്യയുടെ കണ്ണീര് തുള്ളിയാണ്. അവള്ക്ക് നീതി ലഭിക്കേണ്ടത് മനസാക്ഷി നഷ്ടപ്പെടാത്ത ഓരോ ഇന്ത്യക്കാരന്റെയും ആവശ്യമാണ്. കടമയാണ് . ഉത്തരവാദിത്വമാണ്. അതിനായി മതേതര ഇന്ത്യൻ മന:സാക്ഷി ഏതറ്റം വരെയും പോരാടും. നീതി ഉറപ്പാക്കും. പക്ഷെ അക്കാരണം പറഞ്ഞു ഇവിടെയാരും വര്ഗ്ഗിയ വിഷം ചീറ്റി കലാപം ഉണ്ടാക്കാൻ ശ്രമി ക്കേണ്ട. ഗുജറാത്തിലും ഊരും പേരും അറിയാത്ത മറ്റൊരു കുഞ്ഞുണ്ട് കാമഭ്രാന്തന്മാരുടെ ക്രൂരമായ പേക്കൂത്തുകല്ക്ക് ഇരയായി ഉറുമ്പരിച്ച്‌ കിടക്കുന്നു. കുറ്റവാളികള് ഇപ്പോഴും തിരശീലക്ക് പിറകിലാണ്. ഉത്തരേന്ത്യയിലെ പലയിടങ്ങളിൽ നിന്നും ഇത്തരം കുഞ്ഞു രോധങ്ങൾ പ്രതിധ്വനിക്കുന്നുണ്ട്. ഉത്തര പ്രാദേശിൽ ഭരണകൂടം തന്നെ കുറ്റവാളിയുടെ സഹായിയായി മാറിയ അത്യന്തം ഭയാനകമായൊരവസ്ഥയും സംഭവിച്ചു. എവിടെയും സ്ത്രീകളും കുട്ടികളും തന്നെയാണ് ഇരകളാക്കപ്പെടുന്നത്.

കാശ്മീരിന്റെ തീരാക്കണ്ണീരിൽ കുതിരാത്ത മനുഷ്യരുണ്ടാകില്ല. വേദനിക്കാത്ത ഹൃദയമുണ്ടാകില്ല. മനുഷ്യത്വമുള്ള ഒരാൾക്കും അതിനോട് യോജിക്കാനാകില്ല. ഒരു കൂട്ടം സാമൂഹ്യദ്രോഹികൾ ചെയ്ത ഒരു മഹാപരതത്തെ അനുകൂലിക്കുന്നവർ ഉണ്ടാകാം പക്ഷെ ബഹുഭൂരിക്ഷം ഇന്ത്യക്കാരും ഒറ്റക്കെട്ടായി ആ ദാരുണ സംഭവത്തെ അവലംബിച്ചും പ്രതിഷേധിച്ചും പൊതു ഇടങ്ങലിൽ ഇറങ്ങിയെന്നത് മഹത്തായ ഇന്ത്യയുടെ പൈതൃകം നാം കൈവിട്ടില്ല എന്നതിന്റെ സൂചനയാണ്. സൗഹൃദങ്ങളുടെ വിളനിലത്ത് വിഭാഗിയതയുടെ വിത്തുപാകാൻ നാം ആരെയും അനുവദിച്ചുകൂടാ

വൃത്തിയുള്ള സ്പടിക ഗോളങ്ങളിൽ പതിയുന്ന ചളിഅടയാളങ്ങളും ചെറിയ പൊട്ടുകളും അതിന്റെ മുഴുവൻ സുതാര്യതയേയും നശിപ്പിച്ചു കളയും. ആയതിനാൽ സ്പടിക സമാനമായ സൗഹൃദങ്ങളെ മഞ്ഞ മസ്‌ലീം തുണികളാൽ പൊതിഞ്ഞു സൂക്ഷിക്കാൻ ശ്രമിക്കണം. മതം ഒരാളുടെ സ്വകാര്യമായ ജീവിതചര്യയാണ്. അതുകൊണ്ടാണല്ലോ അതിനോട് ആത്മീയത ചേർത്ത് പറയുന്നത്. അത് അന്യന്റെ വേലി തകർത്ത് അക്രമോൽസുകത കാണിക്കുമ്പോഴാണ് മതം ഒരു ഭ്രാന്തായി മാറുന്നത്. അധികാരത്തിലേക്കും സാമുദായിക മേൽക്കോയ്മയിലേക്കും മതത്തെ നയിച്ച് മുന്നേറാമെന്ന വ്യാമോഹം സമൂഹത്തിൽ അന്തഃഛിദ്രങ്ങൾ സൃഷ്ടിക്കും. മാനവികത ചവിട്ടിമെതിക്കപ്പെടും. സൗഹൃദത്തത്തിന്റെ അതിർവരമ്പുകളായി മതത്തെ പ്രതിഷ്ടിക്കാതിരിക്കുക. കാരണം ആപൽഘട്ടങ്ങളിൽ നമ്മളെ സഹായിക്കാനായി എത്തുന്നത് ഒരു പക്ഷെ നമ്മുടെ സ്വന്തം മതക്കാരനായിക്കൊള്ളണമെന്നില്ല. ദൃഷ്ടാന്തങ്ങൾ അധികം ചൂണ്ടിക്കാണിക്കേണ്ടതില്ല. വിഷലിപ്തമായ വാക്കുകളും ചെയ്തികളും മൂലം സംഭവിച്ചേക്കാവുന്ന മുറിവുകൾ കാലം കരിക്കുമായിരിക്കാം. പക്ഷെ അതിന്റെ പാട് നിലനിൽക്കുക തന്നെചെയ്യും. അതിനാൽ മുറിവുകൾ സംഭവിക്കാതിരിക്കട്ടെ. കാര്യണ്യത്തേക്കാൾ സൗഹൃദത്തേക്കാൾ പരസ്പര ബഹുമാനത്തേക്കാൾ മറ്റെന്ത് മഹത്തായ ജ്ഞാനമാണ് ഈ ലോകത്തുള്ളത്?

ഇന്ത്യ അതിമനോഹരമായ ഒരു പൂന്തോപ്പാണ് . നാനാജാതി മത സംസ്കാരങ്ങ ലുള്ള അതിലെ ഓരോ കുരുന്നുപൂവും അതീവസുഗന്ധം പൊഴിക്കുന്നവയാണ്. അസൂയയും സ്വാർത്ഥതയും സ്വജനപക്ഷപാതവും മൂലം അതിന്റെ ഭംഗിയും സൗരഭ്യവും കീർത്തിയും ആരും നശിപ്പിക്കാൻ തുനിയരുത്. ഒരാളുടെയും വിഭാഗീയതയുടെ കറുത്തകൈകൾ അവയുടെ മേൽ പതിയാൻ അനുവദിക്കരുത്.

Related posts