ചിലര്‍ അങ്ങിനെയാണ്..
തന്നോളം ഭാരമുള്ള കല്ല്
മറ്റാര്‍ക്കും കയറിപ്പോവാനാവാത്ത
അത്രയും ഉയരത്തിലേക്ക്
ഉരുട്ടിക്കയറ്റി,
ഒന്നുറപ്പിച്ചശേഷം
പൊടുന്നനെ, താഴേക്ക്
ചവിട്ടിയുരുട്ടും.

ആര്‍ത്തട്ടഹസിക്കും.

പിന്നീട്
കരഞ്ഞുകരഞ്ഞ്
താഴേക്കിറങ്ങിവന്ന്
കല്ലുവന്ന വഴിനോക്കി
മുറിഞ്ഞ ചില്ലകളെ തലോടി
ചതഞ്ഞ ഇലകളെടുത്ത്
ഉടഞ്ഞ കല്ലിന്‍റെ
മുറിവില്‍ പുരട്ടി
ഊതിയൂതിത്തണുപ്പിച്ച്
നെഞ്ചൊടടുക്കി
ചൂടുകൊണ്ട് പൊതിയും.

പിന്നെ
പൊട്ടിയില്ലല്ലോയെന്നോര്‍ത്ത്
പതിയെപ്പതിയെ
അതേ താളത്തില്‍
തന്നോളം ഭാരമെടുത്ത്
ഉരുട്ടിക്കയറ്റും.
ഉടഞ്ഞ ഭാഗം മണ്ണിലമര്‍ന്ന്
കല്ലൊന്നിരിക്കുമ്പോഴേക്കും
അതിലേറെ വേഗത്തില്‍
താഴൊട്ടുരുട്ടും.
ആളെ കൂട്ടും പൊട്ടിച്ചിരിക്കും.
ഉടഞ്ഞില്ലല്ലോയെന്ന് പരിതപിക്കും.
കരയും, ചിരിക്കും…
കൈകൊട്ടിപ്പാടും….

അവസാനം
തള്ളിത്തള്ളിത്തേഞ്ഞുപോയൊരു കല്ലിനെ
ഉള്ളംകൈയിലമര്‍ത്തി
ചുരുട്ടിപ്പിടിച്ച്
രണ്ടു മലകടത്തിയെറിയും.
അപ്പോഴും, അപ്പോഴും…..
ആരുമറിയാതെ,
അത്രമേലുച്ചത്തില്‍
കരഞ്ഞിരുന്ന ഒന്നാണത്രേ
സ്നേഹം .!

Saji Kalyani
Writer and poet in malayalam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.