26.4 C
Bengaluru
August 9, 2020
Untitled

അവഗണനയെ സംഗീതമാക്കിയ അരനൂറ്റാണ്ട്…

Arjunan_master_music_composer_malayalam

കാല യവനികക്കുള്ള ിൽ മറഞ്ഞാൽ മാത്രം കണക്കെടുപ്പുകൾ നടത്താനും പ്രശംസിച്ച്‌ അനുശോചിക്കാനും മുതലക്കണ്ണീരൊഴുക്കാനും ഇത്രകണ്ട് വൈദഗ്ദ്യം കാണിക്കുന്ന ഒരു ജനവിഭാഗം മലയാളികളെ പോലെ മറ്റൊരു ജനത ലോകത്തെവിടെയും ഉണ്ടോ എന്ന് സംശയമാണ്. ജീവിച്ചിരിക്കുക എന്നതാണ് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് തോന്നിപോകാറുണ്ട് ഇത്തരം കോലാഹലങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ, രോഗമുക്തി നേടി സന്തോഷത്തോടെ ഓഫീസിലെത്തിയ നായകൻ തൻ്റെ സഹപ്രവർത്തകൻ തന്നെക്കുറിച്ചഴുതി സൂക്ഷിച്ച മരണ കുറിപ്പ് മേശവലിപ്പിനകത്ത് കണ്ടു ഞട്ടിത്തരിച്ച്‌ ഹൃദയ വേദനയോടെ ഇറങ്ങി പോയി ആത്മഹത്യ ചെയ്യുന്നൊരു രംഗമുണ്ട് എം ടി വാസുദേവൻ‌ നായരുടെ ‘സുകൃതം’ എന്ന സിനിമയിൽ. ഓർക്കുന്നില്ലേ കാണികളെ ഒന്നടങ്കം ഇരുത്തിച്ചിന്തിപ്പിച്ച ഹൃദയഭേദകമായ ആ രംഗം ?. കാപട്യംനിറഞ്ഞ ഈ ലോകത്ത് അത് വെറുമൊരു സങ്കൽപ്പമല്ല ചിലരുടെയൊക്കെ ജീവിതമാണെന്ന് തോന്നിയിട്ടുണ്ട് ..

ഞാൻ ഇത്രയും എഴുതിയത് ഏതാണ്ട് 50 വർഷക്കാലം മലയാള സിനിമ സംഗീത ശാഖയിൽ എക്കാലത്തെയും മികച്ച മെലഡികൾ സൃഷ്ടിച്ചെങ്കിലും അതിനു തക്ക യാതൊരു അംഗീകാരവും ഗവൺമെൻറ്റിൽ നിന്നും ലഭിക്കാതെ അവഗണയുടെ മടിത്തട്ടിൽ കിടക്കേണ്ടിവന്ന അർജ്ജുനൻ മാഷ് എന്ന മാഹാരഥനെക്കുറിച്ചു ഓർത്തപ്പോഴാണ്. ഇതാ ഈ വർഷം അദ്ദേഹത്തെ തേടി മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ഗവൺമെൻറ്റിന്ൻ്റെ പുരസ്‌കാരം എത്തിയിരിക്കുന്നു. കാലം ഏറെ വൈകിയെങ്കിലും അത് കേട്ട് ആനന്ദാശ്രുക്കൾ പൊഴിക്കാനും അതേറ്റു വാങ്ങാനും അദ്ദേഹമുണ്ട് എന്നത് ആശ്വാസകരമാണ്.

മലയാള സിനിമയിൽ നിത്യഹരിതങ്ങളായ ഒട്ടനവധി ഗാനങ്ങൾ സംഭാവന ചെയ്ത എം കെ അർജുനൻ എന്ന അനുഗ്രഹീതനായ സംഗീത സംവിധായകനെ മലയാളികൾ വേണ്ടത്ര അംഗീകരിക്കുകയോ പുരസ്കാരങ്ങൾ നൽകി ആദരിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യയത്തിൽ സംശയമുണ്ട്. അർജുനൻ മാസ്റ്റർ മലയാളികൾക്ക് ആരാണ്? അദ്ദേഹം സംഗീതം നൽകിയിരുന്ന ഒരു ഗാനമെങ്കിലും മൂളാത്ത ഏതെങ്കിലും ഒരു മലയാളിയുണ്ടാകുമോ? അത് ചിലപ്പോൾ ‘നിൻ മണിയറയിലെ നിർമല ശയ്യയിലെ നീല നീരാളമായി?’ എന്ന ഗാനമാകാം. അല്ലങ്കിൽ ‘വാൽക്കണ്ണഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രി ഉണർന്നു’ എന്നാകാം. അതുമല്ലെങ്കിൽ ‘ആയിരം കാതമകലെയാണെങ്കിലും മായാതെ മക്ക മനസ്സിലുണ്ട്’ എന്ന ഗാനമാകാം. പക്ഷെ ഈഗാനങ്ങളൊക്കെ അർജുനൻ മാസ്റ്ററുടേതാണ് എന്ന് തിരിച്ചറിഞ്ഞവർ എത്ര പേരുണ്ടാകും? അത്തരത്തിൽ എത്ര ഹിറ്റ് ഗാനങ്ങൾ. നൂറോ ഇരുനൂറോ? എല്ലാം പാട്ടാസ്വാദകരുടെ മനസ്സിൽ നിത്യവസന്തം തീർത്തവ തന്നെ. എന്നിട്ടുമെന്തേ അർജുനൻ മാസ്റ്റർ മറ്റുള്ള വരെ പോലെ ആദരിക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യാതെ പോകുന്നത്? അദ്ദേഹത്തെ അവഗണിച്ചുകൊണ്ട് മലയാള സിനിമ സംഗീത പുസ്തകത്തിൻ്റെ താളുകൾ പൂർണ്ണമാകുമോ?

ചിലർ മഹാന്മാരായി ജനിക്കുകയാണ്, മറ്റു ചിലരുടെ തലയിൽ മഹത്വം വർഷിക്കപ്പെടുകയാണ്. ചുരുക്കം ചിലർ തനിക്കന്യമായ ആ മഹത്വത്തെ സ്വ ജീവിതംകൊണ്ട് വെല്ലുവിളിയെന്നോണം ആർജ്ജിച്ചെടുക്കുകയാണ് ചെയ്യുന്നത്. വിശ്വപ്രസിദ്ധ നാടകകൃത്തായ ഷേക്സ്പിയറുടെ മഹാന്മാരെ കുറിച്ചുള്ള പ്രസ്തുത വിലയിരുത്തൽ പ്രകാരം മലയാള സിനിമ ശാഖയിൽ അനശ്വരങ്ങളായ ഒട്ടനവധി ഹിറ്റ് ഗാനങ്ങളുടെ കുലപതിയായ എം കെ അർജ്ജുനന് മാസ്റ്ററെ ഏതു ഗണത്തിലാണ് ഉൾപ്പെടുത്തുക? ജന്മംകൊണ്ട് മഹാനായിരുന്നില്ല അദ്ദേഹം. അതുപോലെ അദ്ദേഹത്തിൻ്റെ തലയിൽ ആരും തന്നെ മഹത്വം ധാരകോരി ഒഴിച്ചതുമല്ല. അദ്ദേഹം മലയാള സിനിമയിൽ വല്ലതുമായിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിൻ്റെ കഠിനാധ്വാത്തിൻ്റെ ഫലമായി സാധ്യമായതാണ്. പ്രതിഭ ഉണ്ടായതുകൊണ്ടു മാത്രം ഒരാൾക്ക് ജീവിതത്തിൽ വിജയിക്കാനാകില്ല. ഒപ്പം ഭാഗ്യത്തിൻ്റെ കരുണ കൂടി ഉണ്ടായാലേ മറ്റു പല രംഗത്തുമെന്ന പോലെ കലാരംഗത്തും വിജയിക്കാനാകുകായുള്ളൂ. അതുകൊണ്ടാണ് ‘ഞാന് ഭാഗ്യ നിർഭാഗ്യങ്ങളിൽ വിശ്വസിക്കുന്ന ആളാണ്. ടാലന്റ് കൊണ്ടുമാത്രം ഒരാൾ രക്ഷപ്പെടുമെങ്കിൽ രാവിലെ രക്ഷപ്പെട്ട ഒരാൾ ഉച്ചക്ക് എന്തുകൊണ്ടാണ് പരാജയപ്പെടുന്നത്’ എന്ന് മലയാള സിനിമയിലെ ജീനിയസ്സുകളിൽ ഒരാളായ ശ്രീനി വാസന് ചോദിക്കുന്നത്. ഇത് ഒരു അർജുനൻ മാസ്റ്ററുടെ മാത്രം കഥയല്ല. സംഗീത രംഗത്ത് വിദ്യാധരന് മാസ്റ്ററെ പോലെ, കണ്ണൂർ രാജനെപോലെ, എ ടി ഉമ്മറെ പോലെ എത്രയോ മഹത്തുക്കൾ ഈ ഗണത്തിൽപെട്ട് പോയവരാണ്. വായിൽ വെള്ള ിക്കരണ്ടിയുമായി ജനിച്ചവനായിരുന്നില്ല അർജ്ജുനൻ മാസ്റ്റർ. അതുപോലെ വരേണ്യതയുടെ പളപളപ്പേറിയ കുപ്പായവും അദ്ദേഹത്തിന് പാരമ്പർയമായി ലഭിച്ചിരുന്നില്ല. ഒരു ഗാനം പിറവിയെടുക്കുന്നത് ഒരാളുടെ മാത്രം മിടുക്ക് കൊണ്ടല്ല. അത് സിനിമയുടെ തിരക്കഥയിൽ നിന്നും ആരംഭിച്ച് ഗാന രചയിതാക്കളിലൂടെ സംഗീത സംവിധായകരുടെയും അറിയപ്പെടുന്നവരും അല്ലാത്തവരുമായ അനവധി വാദ്യോപകരണ വിദഗ്ധരുടെ അകമ്പടിയോടെ പിന്നണി ഗായകരുടെ ശബ്ദത്തിലൂടെ നാം കേൾക്കുയാണ്. ഇതിനിടയിർ നിർമാതാക്കളുടെയും സംവിധായകരുടേയും ഇഷ്ടാനിഷ്ടങ്ങളും കൂടി അനുകൂലമാകുമ്പോഴേ ആ ഗാനം നമ്മുടെ കാതുകളിൽ തേന്മഴയായി വന്നുപതിക്കുകയുള്ളൂ. അതായത് ഒരു ഗാനം ചിട്ടപ്പെടുത്തി സിനിമയിൽ ചിത്രീകരിക്കപ്പെടുന്നതിന് കടമ്പകളേറെയാണെന്നർഥം. ദേവരാജന് മാസ്റ്ററെ പോലെയുള്ള സംഗീത സംവിധായകർ തങ്ങളുടെ സർഗ സൃഷ്ടിയുടെ ഒരു മേഖലയിലും മറ്റുള്ള വരുടെ ഇടപെടൽ അനുവദിച്ചിരുന്നില്ല. എന്നാൽ മറ്റു പലർക്കും തങ്ങളുടെ മികച്ച ട്യൂണുകൾ നിർമാതാക്കളുടേയും സംവിധായകരുടേയും ഇടപെടൽ കാരണം ഹൃദയ വേദനയോടെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ചില ഗാനങ്ങൾ രചനാ ഗുണംകൊണ്ട് നമുക്ക് സ്വീകാർയമാകുമ്പോൾ മറ്റു ചിലത് ആലാപന മികവു കൊണ്ടാകും ആകർഷിക്കുന്നത്. എന്നാൽ ഒരു ഗാനത്തിനും സംഗീതത്തിൻ്റെ ചിറകുകൾ ഇല്ലാതെ ആസ്വാദകൻ്റെ ആകാശത്തേക്ക് പറന്നുയരാനാകില്ല. വാക്കുകൾ കൂട്ടിച്ചൊല്ലാനാകാത്ത കിടാങ്ങളുടെ നാവിലും ഒരു ഈണം തത്തിക്കളിക്കുന്നുവെങ്കിൽ അത് ആ ഗാനത്തിൽ അന്തർലീനമായ സംഗീതത്തിൻ്റെ അകമ്പടി കൊണ്ട് മാത്രമാണ്. ഭാഷ അറിയാത്തവർ പോലും ഗാനം ആസ്വദിക്കുന്നത് സംഗീതത്തിൻ്റെ മാധുര്യം നുണഞ്ഞുകൊണ്ടാണ്. ഹിന്ദി ഗാനങ്ങൾക്ക് ഇത്രമാത്രം ആഗോള പ്രചാരം സിദ്ധിച്ചത് എല്ലാവർക്കും ഹിന്ദി അറിവുള്ള ത് കൊണ്ടാണോ? ഒരു ഗാനത്തിൻ്റെ സംഗീതമാണ് നമ്മുടെ മനസ്സിലേക്കും ഓർമയിലേക്കും ആദ്യം പാദമൂന്നി എത്തുന്നത്. അതിന് അകമ്പടിയായേ പദാവലികൾ അനുഗമിക്കുകയുള്ളൂ.ഒരു ഗാനത്തിന് സംഗീത സംവിധായകൻ്റെ പങ്ക് എത്രമാത്രം ഉണ്ടെന്ന് ഊഹിക്കാവുന്നതേയുള്ള ു. ഇത്തരം സാഹചർയത്തിൽ നൂറുകണക്കിന് സൂപ്പർ ഹിറ്റ് ഗാനങ്ങൾ കൈരളിക്ക് ഈടുവെപ്പായി നൽകിയ ഒരു സംഗീത സംവിധായകന് ദേവരാജന് മാസ്റ്ററെ പോലെ, ബാബുരാജിനെ പോലെ, ദക്ഷിണാമൂർത്തിയെ പോലെയോ രാഘവന് മാസ്റ്ററെ പോലെയോ പ്രഥമ പന്തിക്ക് ഇലയിട്ടിരുത്തുവാന് നമ്മുടെ സിനിമാ ലോകവും ആസ്വാദക ലോകവും വൈമനസ്യം കാണിക്കുന്നത് എന്തുകൊണ്ടായിരിക്കും? കർണാട്ടിക് സംഗീതത്തിൻ്റെ ഗരിമ പോരായ്മ കൊണ്ടാകുമോ? അതോ പ്രേംനസീറിൻ്റെ കമ്മേഷ്യൽ പടങ്ങളിലെ മെലെഡികൾ ഒരുക്കിയത് കൊണ്ടാകുമോ? ‘രവിവർമ്മ ചിത്രത്തിന് രതി ഭാവമോ രഞ്ജിനി രാഗത്തിന് രോമാഞ്ചാമോ’ (രാജു റഹിം), ‘കണ്ണീരിന് കവിതയിതെ കരകവിയും കഥന മിതെ’ (നിറമാല), ‘ഉറങ്ങാന് കിടന്നാൽ ഓമനേ നീ ഉറക്കു പാട്ടാകും’ (പദ്മരാഗം), ‘അനുരഗമേ അനുരഗമേ മധുരമാധുരമാമനുരാഗമേ’ (ഹലോ ഡാർലിംഗ്), ‘ദ്വാരകെ ദ്വാരകെ ദ്വാപര യുഗത്തിലെ പ്രേമ സ്വരൂപൻ്റെ’ (ഹലോ ഡാർലിംഗ്), ‘യദുകുല രതി ദേവനെവിടെ രാധേ യദുകുല രതി ദേവനെവിടെ’ (റസ്റ്റ് ഹൗസ്), ‘മാനത്തിന് മുറ്റത്തു മഴവില്ലാൽ അയൽ കെട്ടും’ (കറുത്ത പൗർണമി), ‘നക്ഷത്ര കിന്നരിമാർ വിരുന്നു വന്നൂ’ (പുഷ്പാഞ്ജലി), ‘ചന്ദ്ര രശ്മി തന് ചന്ദന നദിയിൽ സുന്ദരിയാമൊരു മാന്പേട’ (അന്വേഷണം), ‘ഭാമിനി ഭാമിനി പ്രപഞ്ച ശിൽപികളുടെ വെറുമൊരു പഞ്ചലോഹ പ്രതിമയല്ലോ നീ’ (ആദ്യത്തെ കഥ) തുടങ്ങിയ ഗാനങ്ങളെല്ലാം കേവലം അടിപൊളി ഗാനങ്ങളായി മാത്രം പരിഗണിക്കാവുന്നവയാണോ? പ്രതിഭ ആംഗീകരിക്കപ്പെടുമെങ്കിൽ എന്തുകൊണ്ടാണ് അർജുനൻ മാസ്റ്റർക്ക് മലയാള സിനിമാ സംഗീത രംഗത്ത് മറ്റുള്ള വരെപോലെ ആദരവും അംഗീകരവും ലഭിക്കാതെ പോയത്? ഒരു അവാർഡ് പോലും ലഭിക്കാതെ പോയത്? സിനിമാ രംഗത്തെ രാഷ്ട്രീയ ചേരിതിരിവിൽ എവിടെയും ചെക്കേറാന് പറ്റാതെ പോയൊരു ഹതഭാഗ്യനാണ് യഥാർഥത്തിൽ അർജുനൻ മാസ്റ്റർ. ശ്രീകുമാരന് തമ്പി- അർജുനൻ കൂട്ടുകെട്ട് എന്നാൽ ഒരു കാലത്ത് ഹിറ്റുകളുടെ കോംബിനേഷൻ്റെ അപരനാമമായിരുന്നു. വയലാർ- ദേവരാജന്, പി ഭാസ്ക്കരന്- ബാബുരാജ്, തമ്പി- അർജുനൻ എന്നീ സംഗീത കൂട്ടുകെട്ടുകൾ തമ്മിൽ അക്കാലത്ത് ആരോഗ്യകരമായൊരു മത്സരം തന്നെ നടന്നുവെന്ന് പറയുന്നതാകും ശരി. അത് മലയാള സിനിമ ഗാനശാഖയുടെ സുവർണ യുഗത്തിനു തന്നെ കാരണമായി തീർന്നു.

ഫോർട്ട് കൊച്ചിയിലെ മാളിയേക്കൽ കൊച്ചുകുഞ്ഞിന്റേയും പാർവതിയുടെയും 14 മക്കളിൽ പതിനാലാമനായാണ് അർജുനൻ ജനിച്ചത്. ആറ് മാസം പ്രായമായിരിക്കെ അച്ഛന് മരിക്കുകയും കുടുംബം അനാഥവും ദരിദ്രവുമായി തീരുകയും ചെയ്തു. കഷ്ടപ്പാടുകൾ സഹിക്കാനാകാതെ അമ്മ പാർവതി അർജുനനെയും ചേട്ടന് പ്രഭാകരനേയും പളനിയിലുള്ള ജീവചൈതന്യ ആശ്രമത്തിലേക്ക് അയക്കുകയും അവിടെ വെച്ച് അവർ പായ നെയ്യാന് പഠിക്കുന്നതിനിടയിൽ സന്ധ്യ നേരത്തെ ഭജനകളിൽ പാടി തങ്ങളുടെ കഴിവ് തെളിയിക്കുകയും ചെയ്തു. അർജുനൻ്റെ പാടാനുള്ള കഴിവ് കണ്ടറിഞ്ഞ ആശ്രമ ഗുരു അദ്ദേഹത്തെ കുമാരപിള്ള എന്ന സംഗീത തപസിയുടെ കീഴിൽ സംഗീത അഭ്യാസത്തിന് അയക്കുകയായിരുന്നു. ഏഴ് വർഷത്തെ ആശ്രമ ജീവിതത്തിനിടയിൽ ഗീതങ്ങളും വർണ്ണങ്ങളും പഠിച്ചു. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ അർജുനൻ 14 വയസ്സ് വരെ മറ്റു ജോലികളിൽ ഏർപ്പെട്ടതോടൊപ്പം ഹാർമോണിയം വാദനവും തുടർന്നു. ഇതിനിടയിൽ നാട്ടിലെ ചില അമേച്വർ നാടകങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച് സംഗീതത്തിലെ പ്രാവീണ്യം തെളിയിച്ചു. തുടർന്ന് കെ പി എ സി അടക്കമുള്ള പ്രൊഫഷണൽ നാടകങ്ങൾക്ക് സംഗീതമൊരുക്കി പ്രസിദ്ധനായിത്തീർന്നു.

1961ൽ കേരളത്തിലെ പ്രശസ്ത നാടക സമിതിയായ കാളിദാസ കലാകേന്ദ്രത്തിൽ വെച്ച് ദേവരാജന് മാസ്റ്ററെ കാണുകയും അത് ജീവിതത്തിൻ്റെ വഴിത്തിരിവാകുകയും ചെയ്തു. ദേവരാജന് മാസ്റ്റർക്ക് അക്കാലത്തൊരു ഹാർമോണിസ്റ്റിനെ ആവശ്യമുണ്ടായിരുന്നു. നല്ലൊരു ഹാർമോണിസ്റ്റായ അർജുനനും ദേവരാഗങ്ങളുടെ ശിൽപിയായ മാഷും തമ്മിലുള്ള സൗഹൃദം ഏതാണ്ട് അഞ്ചര പതിറ്റാണ്ട് നീണ്ടുനിൽക്കുകയുണ്ടായി. 1968ൽ നാടകകൃത്തായ സി പി ആന്റണി കറുത്ത പൗർണമി എന്നൊരു ചിത്രം നിർമിക്കാന് തീരുമാനിക്കുകയും അതിൻ്റെ സംഗീത സംവിധാന ചുമതല അർജുനനെ ഏൽപ്പിക്കാന് തയ്യാറാവുകയും ചെയ്തു. രചന പി ഭാസ്ക്കരന് മാസ്റ്ററായിരുന്നു. എന്നാൽ നിർമാതാവും സംവിധായകനും അർജുനൻ്റെ കാർയത്തിൽ രണ്ട് നിലപാടുകൾ സ്വീകരിച്ചപ്പോൾ തർക്ക പരിഹാരമെന്ന നിലയിൽ ഭാസ്ക്കരന് മാസ്റ്റർ ഇടപെടുകയും തൻ്റെ മൂന്ന് പാട്ടുകൾക്ക് ഈണമിടാന് ഭാസ്ക്കരന് മാസ്റ്റർ അർജുനനെ ഏൽപ്പിക്കുകയും ചെയ്തു. അങ്ങനെ മലയാള ചലച്ചിത്ര ശാഖയിലെ എക്കാലത്തേയും ഹിറ്റുകളായ ജാനകിയമ്മ പാടിയ ‘മാനത്തെ മുറ്റത്ത് മഴവില്ലാൽ അഴൽ കെട്ടും മധുമാസ ചന്ദ്രലേഖ’ എന്ന ഗാനവും യേശുദാസിൻ്റെ ഹൃദയഹാരിയായ ശബ്ദത്തിൽ പിറന്ന ‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ കഥനം നിറയുമൊരു കഥ പറയാം’ എന്ന ഗാനവും പിറന്നു. തൊട്ടടുത്ത (1969) വർഷം ശ്രീകുമാരന് തമ്പിയുടെ രചനയിൽ ‘റസ്റ്റ് ഹൗസ്’ എന്ന ചിത്രം പുറത്തിറങ്ങിയതോടെ തമ്പി- അർജുനൻ കൂട്ടുകെട്ട് സാന്ദ്രമായൊരു പാട്ടൊഴുക്കിൻ്റെ പേരായി മാറുകയായിരുന്നു. ‘മുത്തിന് മുത്തയ മണി മുത്ത് കിട്ടി മുത്തം തരാനൊരു മരതകം കിട്ടി’, ‘പൗർണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചു പത്മരാഗം പുഞ്ചിരിച്ചു’, ‘പാടാത്ത വീണയും പാടും’, ‘യമുനേ യദുകുല രതിദേവനെവിടെ രാധേ’ എന്നീഗാനങ്ങൾ പാടാത്ത ഏതു ചുണ്ടുകളേയും പാടിക്കുമെന്ന അവസ്ഥ സൃഷ്ടിച്ചു. അർജുനൻ എന്ന ഒരു പാവം മനുഷ്യന് ഇങ്ങനെയൊക്കെ സംഗീതം നൽകി ആസ്വാദകരെ വശീകരിക്കുമോയെന്നു സംശയം തോന്നിയ ചിലർ അദ്ദേഹം സംഗീതം ദേവരാജന് മാസ്റ്ററിൽ നിന്നും മറ്റും കടം കൊള്ള ുകയാണെന്ന് ആരോപിക്കുക വരെയുണ്ടായി. അത് ഉറപ്പു വരുത്താനായി ‘പുഷ്പാഞ്ജലി’ എന്ന ചിത്രത്തിൻ്റെ നിർമാതാവ് അർജുനൻ മാസ്റ്ററെ ഒരു മുറിയിൽ തടവുകാരനാക്കി തൻ്റെ ചിത്രത്തിൻ്റെ പാട്ടൊരുക്കുവാന് ആവശ്യ പ്പെടുകയും അദ്ദേഹം അത് വിജയകരമായി കംപോസ് ചെയ്യുകയും ചെയ്തു. ആ പരീക്ഷണത്തിൽ നിന്നും മലയാളികൾക്ക് ലഭിച്ചതാണ് എക്കാലത്തെയും ഹിറ്റുകളായ ‘പവിഴം കൊണ്ടൊരു കൊട്ടാരം പളുങ്കു കൊണ്ടൊരു കൊട്ടാരം’, ‘ദു:ഖമേ നിനക്ക് പുലർക്കാല വന്ദനം കാലമേ നിനക്കഭിനന്ദനം’, ‘നക്ഷത്ര കിന്നരിമാർ വിരുന്നു വന്നു നവരത്ന ചിത്രവേണി അണിഞ്ഞൊരുങ്ങി യാമിനി’, ‘പ്രിയതമേ പ്രഭാതമേ പുലരൊളി ചിന്നും’ എന്നീ അതിമനോഹരങ്ങളായ ഗാനങ്ങൾ. ഇതിൽ പി സുശീല പാടിയ ‘നക്ഷത്ര കിന്നരിമാർ’ എന്ന ഗാനം സുശീലാമ്മയുടെ എക്കാലത്തേയും മികച്ച ഹിറ്റുകളിൽ ഒന്നായി തീരുകയും ചെയ്തു.

‘മലരമ്പനറിഞ്ഞില്ല മധുമാസമറിഞ്ഞില്ല’, ‘സിന്ദൂര പൊട്ടുതൊട്ടൂ ശൃംഗാരക്കയ്യും വീശി’ (രക്ത പുഷ്പം), ‘നിന് മണിയറയിൽ നിന് മലർ ശയ്യയിലെ നീല നിശീഥിനി നിന് മലർവാടിയിൽ’ (സി ഐ ഡി നസീർ), ‘ചന്ദ്രരശ്മി തന് ചന്ദന നദിയിലെ സുന്ദരിയാമൊരു മാന്പേട’ (അന്വേഷണം), ‘ഭാമിനി ഭാമിനി പ്രപഞ്ച ശിൽപ്പിയുടെ വെറുമൊരു പഞ്ചലോക പ്രതിമയല്ല നീ’ (ആദ്യത്തെ കഥ), ‘കുയിലിൻ്റെ മണിനാദം കേട്ട് കട്ടിൽ കുതിര കുളമ്പടി കേട്ട്’, ‘നക്ഷത്രക്കണ്ണുള്ള സുന്ദരി പെണ്ണെ നാടന് പൈങ്കിളി പെണ്ണെ’, ‘ആദമിൻ്റെ സന്തതികൾ ആവേലും ആയേലും’, ‘പാലാഴി കടവിൽ പഞ്ചമി വിടരും കടവിൽ’ (പത്മവ്യൂഹം), ‘മുത്തു കിലുങ്ങി മണി മുത്തു കുലുങ്ങി’ (അജ്ഞാത വാസം), ‘പരിഭവിച്ചോടുന്ന പവിഴക്കിളി നിൻ്റെ പരിഭവവും ഒരു കവിത’ (പച്ച നോട്ടുകൾ), ‘സ്വയംവര കന്യകേ സ്വപ്ന ഗായികേ’ (യാമിനി), ‘സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു’ (ഇത് മനുഷ്യനോ), ‘മല്ലികപ്പൂവിന് മധുര ഗന്ധം നിൻ്റെ മന്ദസ്മിതം പോലും’ (ഹണി മൂണ്), ‘പാതിരാ നക്ഷത്രം കതകടച്ചു വസന്തമിന്നൊരു ചന്ദ്രികയായോ ചന്ദ്രിക ഇന്നൊരു വസന്തമായോ ലജ്ജാവതി ലജ്ജാവതി നിന് മിഴികളടഞ്ഞോ’ (പുലിവാൽ), കണ്ണീരിന് കവിതെയിതെ’ (നിറമാല), ‘തേടിത്തേടി ഞാന് അലഞ്ഞു പാടിപ്പാടി’, ‘ചെട്ടി കുളങ്ങരെ ഭരണി നാളിൽ’, ‘ഈ ചിരിയോ പൂച്ചിരിയായി നിന് അധരത്തിൽ’ (സിന്ധു), ‘പൂവിനു കോപം വന്നാൽ അത് മുള്ള ായി മാറുമോ’, ‘നാൽ കാലുള്ള ൊരു നങ്ങേലി പെണ്ണിനെ ജയിക്കാനായി ജനിച്ചവന് ഞാന്’, ‘സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയിൽ തരി വളകൾ’ (ചട്ടമ്പി കൽയാണി), ‘ഉറങ്ങാന് കിടന്നാൽ ഓമനേ നീ ഉറക്ക് പാട്ടാകും’, ‘ഉഷസ്സും സ്വർണത്താമര വിരിഞ്ഞു ഉപവനങ്ങൾ’ (പദ്മരാഗം), ‘തിരുവോണപ്പുലരിയിൽ തിരുമുൽ കാഴ്ച കാണാന്’, എത്ര സുന്ദരി എത്ര പ്രിയങ്കരി എൻ്റെ ഹൃദയസ്വരി’ (തിരുവോണം), ‘മല്ലിശായക നിയെന് മനസ്സിൽ’ (സൂർയവംശം), ‘അനുരാഗമേ അനുരാഗമെ’ (ഹലോ ഡാർലിംഗ്), കാറ്റിന് ചിലമ്പൊലിയോ, ദ്വാരകെ ദ്വാരകെ ദ്വാപര യുഗ (ഹലോ ഡാർലിംഗ്), രാരിരം പാടുന്നു രാക്കിളി, ചന്ദ്രക്കല മാനത്ത്, കസ്തൂരി മണക്കുന്നല്ലോ, ശിൽപ്പികൾ നമ്മ, വാൽക്കണ്ണെഴുതി വന പുഷ്പം ചൂടി, ഓടിപ്പോകും വസന്ത കാലമേ (പിക്നിക്), സ്നേഹ ഗയികേ നിന് സ്വപ്നവേദിയി, മാവിൻ്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു, സ്നേഹത്തിൽ പൊന് വിലക്കെ ത്യാഗത്തിൽ (പ്രവാഹം), തളിര വലയോ താമര വലയോ താളിപ്പും വലയോ പൂതുരെയിലരയൻ്റെ പൊന്നനുജത്തി (ചീനവല), സങ്കൽപ്പത്തിൽ സ്വർണ മരം പൂത്തുലഞ്ഞു, പൂക്കളെ പോലെ ചിരിക്കണം (സീമന്ത പുത്രനെ), സുമംഗലാതിര രാത്രി ഇന്ന് (സ്വിമ്മിംഗ് പൂൾ), സ്വപ്നഹാര മണിഞ്ഞെത്തും മദന ചന്ദ്രികയോ, ഉദയ ദ്വീപിക കണ്ടു തോഴുതുന്ന പുലർകാല മേഘങ്ങൾ (പിക്ക് പോക്കറ്റ്), രണ്ടു നക്ഷത്രങ്ങൾ കണ്ടു മുട്ടി, വിധുമുഖി നിന് ചിരി കണ്ടു തൊഴുന്നേ (കന്യാ ദാനം), മൈലാഞ്ചി കാട്ടിലെ പാറി പറന്നു വന്ന (കായംകുളം കൊച്ചുണ്ണിയുടെ മകന്), അഷ്ടമംഗൽൽയ സുപ്രഭാതത്തിൽ അർച്ചന പുഷ്പമായി (ചെന്നായ വളർത്തിയ കുട്ടി), ആയിരം അജന്ത ശിൽപങ്ങളെ ആ മഹാബലിപുര (ശംഖു പുഷ്പം), ആയിര വല്ലിതന് തിരുനടയിൽ (ആശിർവാദം), തിരയും തീരവും ചുംബിച്ചുറങ്ങി (അവൾ വിശ്വസ്തയായിരുന്നു), ചെമ്പക തൈകൾ പൂത്ത മാനത്തെ പൊന്നമ്പിളി, ശാഖനഗത്തിൽ ശശികാന്തം ചൊരിയും (കാത്തിരുന്ന നിമിഷം), രവിവർമ്മ ചിത്രത്തിന് (രാജു റഹിം), എല്ലാ ദുഃഖവും എനിക്ക് തരൂ എൻ്റെ പ്രിയ സഖി പോയി വരൂ…… ഈ ഗാനങ്ങളെല്ലാം ഒരു തവണയെങ്കിലും മൂളാത്തവരായി കേരളക്കരയിൽ ആരുമുണ്ടായിരുന്നില്ല എന്നതല്ലേ വാസ്തവം. ഇന്നും അവ പ്രിയ ഗാനങ്ങൾ തന്നയാണ് മലയാളികൾക്ക്.

ആധുനിക റോക്ക് സംഗീതത്തിനിടയിലും മലയാളി മനസ്സറിഞ്ഞു കേൾക്കുന്നത് ഒരു കാലത്ത് അർജുനൻ മാസ്റ്ററെ പോലെയുള്ള പ്രതിഭകൾ സൃഷ്ടിച്ച കാലത്തെ അതിജീവിക്കുന്ന ഇത്തരം ഗാനങ്ങൾ തന്നയാണ്.
ജോളി അബ്രഹാം, സുജാത, ജാന്സി എന്നീ പിന്നണി ഗായിക- ഗായകന്മാരെ മലയാളത്തിനു പരിചയപ്പെടുത്തിയത് അർജുനൻ മാസ്റ്ററായിരുന്നു. കീ ബോർഡ് ആർട്ടിസ്റ്റായും പിന്നീട് ഒട്ടനവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതമൊരുക്കി പ്രസിദ്ധനായിത്തീർന്ന ആർ കെ ശേഖർ (എ ആർ റഹ്മാന് എന്ന ലോകപ്രശസ്ത സംഗീതജ്ഞൻ്റെ പിതാവ്) അർജുനൻ മാസ്റ്ററുടെ ശിഷ്യനായാണ് കരിയർ ആരംഭിച്ചത്. ശ്രീകുമാരന് തമ്പി- അർജുനൻ കൂട്ടുകെട്ട് മലയാള സിനിമ സംഗീത്തിൻ്റെ സാന്ദ്രമായൊരു പാട്ടൊഴുക്ക് കാലത്തെയാണ് പ്രതിനിദാനം ചെയ്യുന്നത്. 1969ൽ റസ്റ്റ്ഹൗസ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച മെലഡി രാജാക്കന്മാരുടെ ആ പ്രതിഭാ വിളയാട്ടം 2017 ൽ ജയരാജിൻ്റെ ‘ഭയാനകം’ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിലൂടെ സംസ്ഥന ഗവർമെന്റിൻ്റെ ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം അർജ്ജുനൻ മാസ്റ്റർ നേടിയടുത്തിരിക്കുന്നു.

നാടകങ്ങൾക്ക് സംഗീതമൊരുക്കിയതിന് 14 തവണ കേരള സംസ്ഥാന പുരസ്കാരം ലഭിച്ചെങ്കിലും ആദ്യമായാണ് സിനിമ ഗാനത്തിലൂടെ ഒരു പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്.ഓരോ മനുഷ്യനും ഭൂമിയിൽ ചുരുങ്ങിയത് ഒരടയാളമെങ്കിലും അവശേഷിപ്പിക്കുമെന്നിരിക്കെ അർജുനൻ മാസ്റ്ററും തന്റേതായ ഒരു മുദ്ര നമ്മുടെയെല്ലാം മനസ്സിൽ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്, തൻ്റെ അനശ്വരമായ ഒരുപിടി മെലഡികളിലൂടെ.
അദ്ദേഹം മലയാള ചലച്ചിത്ര ഗാനശാഖക്ക് നൽകിയ നിസ്തുല സംഭാവനകൾ മാനിച്ചു ജെ സി ഡാനയേൽ പുരസ്ക്കാരം നൽകി അർജുനൻ മാസ്റ്ററെ ആദരിക്കണമെന്ന ആഗ്രഹം കൂടി ഇതോടൊപ്പം പങ്കുവെക്കുന്നു. (ചില അറിവുകൽക്ക് നെറ്റിനെ ആശ്രയിചിട്ടുണ്ട്.)

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.