രാത്രി. നഗരത്തിൽ എങ്ങുനിന്നൊ വന്നു ചേർന്നൊരു വൃദ്ധൻ കിടന്നുറങ്ങാനിടം കണ്ടെത്തിയത് ഒരു കടത്തിണ്ണയിലാണ്‌. നരച്ച നീണ്ടമുടിയും താടിയും, പുകചുറ്റിയ കണ്ണുകൾ, അഴുക്കൊട്ടിയ മെല്ലിച്ച ശരീരം, പിഞ്ഞിക്കീറിയ വസ്ത്രങ്ങൾ – ഇത്രയും ചേർത്തുവെച്ചാൽ അയാളുടെ രൂപമായി.

ഒരു മദ്യസത്ക്കാരത്തിൽ അഘോഷപൂർവ്വം പങ്കെടുത്ത് ഇടറിയ കാലുകളോടെ മടങ്ങുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ആ വഴി വന്നു. മുഷിഞ്ഞ ഭാണ്ഢം തലയിണയാക്കി വെച്ചു കിടക്കുന്ന വൃദ്ധന്റെ നേർക്ക് അവർ നിലയുറയ്ക്കാത്ത കാൽവെയ്പ്പുകളോടെ നടന്നു. കൂട്ടത്തിൽ ഒരുവൻ മറ്റുള്ളവരെ നോക്കി കണ്ണിറുക്കി കൊണ്ട് ഭാണ്ഢം വലിച്ചെടുത്തു. തണുത്ത വൃദ്ധശരീരം ഒരു വശത്തേക്ക് മറിഞ്ഞു.

വട്ടം ചേർന്നിരുന്ന് കൂട്ടം, ഭാണ്ഢം തുറന്ന് പരിശോധിക്കാനാരംഭിച്ചു. കുറേ പഴഞ്ചൻ വസ്തുക്കൾ, പഴകി പിന്നിയ വസ്ത്രങ്ങൾ, തുരുമ്പിച്ച ചില പെട്ടികൾ, കുറേ നാണയങ്ങൾ..അവയോരോന്നുമെടുത്ത് ചെറുപ്പക്കാർ ഓരോന്നും പറഞ്ഞ് ചിരിക്കാനാരംഭിച്ചു. എത്ര നിസ്സാരമായ വസ്തുക്കൾ!. ഒരാൾ തുരുമ്പിച്ച ഒരു ചെറിയ പെട്ടി തുറന്ന് തറയിൽ കുടഞ്ഞിട്ടു. അതിൽ കുറെ ചെറിയ വസ്തുക്കളുണ്ടായിരുന്നു. കുറച്ച് ബട്ടണുകളും മറ്റും. താഴെ വീണ ഒരു പഴയ ഫോട്ടോ നോക്കി ചെറുപ്പക്കാർ ഉറക്കെ ചിരിക്കാൻ തുടങ്ങി.

കൂട്ടത്തിൽ ഒരുവൻ മാത്രം ആ ഫോട്ടോ കണ്ടു പൊടുന്നനെ നിശ്ശബ്ദ്ധനായി.

1 Comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: