ഇരുട്ടിനെ സ്വയം പ്രത്യയശാസ്ത്രമായിസ്വീകരിച്ച ആൺ സമൂഹത്തിൻറെ റിപ്പബ്ലിക്കായ തെരുവിൽ രാത്രി അകപെട്ട പെണ്ണിന്റെ ആത്മകഥനമാണ് എസ്. ദുർഗ്ഗ . ശക്തിയുടെ ദേവതയാണ് ദുർഗ്ഗ ,എന്നാൽ ആ ശക്തി ഒരു പെണ്ണിലേക്ക് പരാവർത്തനം ചെയ്യപ്പെടുന്ന ജീവിത യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ ആണിനാവില്ല. ഇക്കാര്യത്തിൽ ആൺ ഒറ്റ വംശമാവുന്നു, ഒറ്റ മതമാവുന്നു, ഒറ്റ ജാതിയാവുന്നു, ഒറ്റ ദേശമാവുന്നു, ഒറ്റ ദേശീയത തന്നെയാവുന്നു. ജീവിതത്തിൻറെ വിളനിലങ്ങളെല്ലാം പെണ്ണിനെതിരായ ആണിന്റെ പോർനിലങ്ങളാവുന്നു. തെരുവാണ് ആ യാഥാർത്ഥ്യത്തിന്റെ നേർപകർപ്പ്. തെരുവ് ഒരാണായി സ്ത്രിയെ പിന്തുടരുന്നു. പല ഉടലുകളിൽ ആൺ ഒരു സത്വമാവുന്നു. സമൂഹമൊരു പുല്ലിംഗമായി പല പേരുകളിൽ വേട്ടക്കിറങ്ങുന്നു. ഏതു സമയവും എന്തും സംഭവിക്കാം എന്ന നിലയിൽ വയലൻസ് ആചാരമാവുന്നു. വ്രതമാവുന്നു. ദൈവത്തിൻറെ പെൺപകർപ്പായ ദുർഗ്ഗ യുടെ പ്രീതിക്കായി സ്വയം ഹോമിക്കുന്ന,ആത്മപീഢയുടെ ലഹരിയിൽ ആറാടുന്ന ആണിന് അതേ ദേവതയുടെ മനുഷ്യാവസഥയിൽ ലിംഗബോധം മതമാകുന്നു. പെൺദൈവത്തിൻറെ പ്രീതിക്കായി സ്വയം പീഢനമേറ്റുങ്ങുന്ന തെരുവിൽ പെണ്ണിനെ വെറും ശരീരമായി കാണുന്ന വിരുദ്ധോക്തി പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിന്റെ ഉടൽന്യായമാണ്. തെരുവിൽ അനുഭവപ്പെടുന്ന ആളനക്കങ്ങൾ ഓരോ നിമിഷവും പലവിധത്തിൽ പിന്തുടരുന്ന പുരുഷ കാമാർത്തിയുടെ സൈനിക പരേഡിങ് തന്നെ. ലിംഗം ഏത് സമയത്തും ഒരു വാളായി, കഠാരയായി,റിവോൾവറായി, ഇരുട്ടിൽ പതുങ്ങി നിൽക്കുന്ന ഹിംസജന്തുവായി പെണ്ണിനുമേൽ ചാടി വീഴാം. സാധ്യതയല്ല തീർച്ചയാണ് ആ പെണ്ണവസ്ഥ. ആ പെണ്ണനുഭവങ്ങളിൽ കാലം മാറുന്നില്ല, ദേശം മാറുന്നില്ല, ജീവിതം മാറുന്നില്ല. ആൺ എന്ന ഒറ്റ സംസ്കാരത്തിൽ പെണ്ണ് നീറുന്നു. ആദ്യം സ്വന്തം ശരീരത്തിൻറെ മാനം, ഒടുവിൽ ജീവൻ എന്ന നിലയിൽ പെൺജീവിതം ഇരുട്ട് പടർന്ന ആൺറിപ്പബ്ലിക്കിൽ നിലവിളിക്കുന്നു.

പെണ്ണിന്റെ ശരീരത്തിലേക്ക് ഇരച്ചു കയറാൻ പെണ്ണിനെ ദേവതയായി കാണുന്ന ആണിന് ഏതു സമയവും സാധ്യമാണ്. ദേവതയിലുള്ള വിശ്വാസത്തിൽ, ആചാരങ്ങളിൽ പുലർത്തുന്ന ഭക്തിയിൽ നിന്ന്, ആർത്തിയിൽ നിന്ന് പെൺശരീരത്തിലേക്ക് ഏത് സമയത്തും ഷിഫ്റ്റ് ചെയ്യുന്ന കാമം, ഒന്ന് മറ്റൊന്നിൽ നിന്ന് വേർപെട്ടതല്ല ആണിൽ. രാത്രിയിൽ തെരുവിൽ പെണ്ണിന് കൂട്ടായിട്ട് ഒപ്പം ഇഷ്ടപ്രിയനുണ്ടായിട്ടും സ്വന്തം ശരീരത്തിലേക്ക് ആർത്തിരമ്പുന്ന ആൺക്കൂട്ടത്തിൽ നിന്ന് ഒരു വിരലനക്കവും ഇല്ലാതിരുന്നിട്ടും വാക്കുകളിലും ചേഷ്ടകളിലും ഭയം വിട്ടകലുന്നില്ല. പെണ്ണ് ദേവതയാണ്,അമ്മയാണ്,പെങ്ങളാണ്, പ്രകൃതിയാണ് എന്നത് ആണിന് എക്സ്ക്യൂസാണ് ഓരോ കയ്യേറ്റങ്ങൾക്കും. പെണ്ണായതൊക്കെ ആയതിനാൽ ആക്രമിക്കപ്പെടുന്നു. ഭയം പൊതുമതമായി ആചരിക്കുന്ന, അഭ്യസിക്കുന്ന ആൺദേശമാണ് സിനിമയിൽ. അങ്ങനെ സിനിമ നമ്മുടെ, നാം ജീവിക്കുന്ന സമൂഹത്തിന്റെ പരിച്ഛേദമാവുന്നു. പല വിധത്തിൽ ഭയം ശീലമായി മാറിയ സമൂഹത്തിൻറെ ഉടലിൽ,ആത്മാവിൽ ആൺരീതിശാസ്ത്രം അൺസിവിലൈസ്ഡാണ് അങ്ങേയറ്റം.

എന്തിനാണ് ഈ സിനിമക്കെതിരെ നമ്മുടെ നാട്ടിലെ അക്കാഡമികൾ മുഖം തിരിച്ചതെന്ന് ഇനിയെങ്കിലും വെളിപെടുത്തേണ്ടതുണ്ട്. ഈ ദുർഗ്ഗ സെക്സിയേയല്ല. ദുർഗ്ഗ യുടെ സെക്സ് പക്ഷേ പുരുഷനെ വേട്ടക്കാരനാക്കുന്നു. സ്ത്രി എന്നാൽ യോനി മാത്രമായി പോവുന്ന സാമൂഹിക ദുരന്തത്തിൽ പെണ്ണിനല്ല ഉത്തരവാദിത്തം. പെണ്ണെന്നാൽ വെറുമൊരു ശരീരമല്ല എന്ന് നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ട് ഈ സിനിമയിൽ. സെക്സി എന്ന് കേൾക്കാൻ ആഗ്രഹിക്കാത്ത ആണധികാരത്തിനെതിരെ ഓരോ പെണ്ണും നെറ്റിയിൽ ആലേഖനം ചെയ്യേണ്ട ടാഗ് ലൈനാണ് ആയതിനാൽ സെക്സി എന്ന വിശേഷണം. അങ്ങനെ നിർബാധം, നിരന്തരം ആണധികാരത്തെ പൊള്ളിച്ചില്ലെങ്കിൽസമൂഹത്തിൻറെ നേർപാതിയുടെ നിർണയാവകാശമാണ് തുടച്ചു നീക്കപെടുക. ഒരുത്സവ പറമ്പും ഒമ്നിവാനും നീണ്ടു നിവർന്നു കിടക്കുന്ന രാവുറങ്ങുന്ന നിരത്തുംനിഴലും വെളിച്ചവും അതിന്റെ സ്വാഭാവിക തയിൽ ഒപ്പുന്ന ക്യാമറയും ഉണ്ടെങ്കിൽ നാം ജീവിക്കുന്ന സമൂഹം നമ്മുടെ മുന്നിൽ വിവസ്ത്രയാവും എന്നതിൻറെ തെളിവാണ് എസ്. ദുർഗ്ഗ സംവിധായകൻ സനൽകുമാർ ശശിധരനും ഛായാഗ്രാഹകൻ പ്രതാപ് ജോസഫിനും എന്റെ സല്യൂട്ട്…….

Pk Genesan
Film critic, Writer, Blogger