27.1 C
Bengaluru
January 17, 2020
Untitled

രൂപാന്തരം

Untitled-1KKKKKKKKKKK

സ്വാമിജി സമാധിയായി .

പത്രക്കാരെല്ലാം വന്നു ചേർന്നു .

ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ജീവിതകഥ പത്രങ്ങളിലോ ആഴ്ചപ്പതിപ്പുകളിലോ വരേണ്ടേ ?

എവിടെ ചെന്നന്വേഷിക്കും ?

ശിഷ്യന്മാർക്കൊന്നും പൂർവ്വാശ്രമത്തെക്കുറിച്ചറിയില്ല !

തൻ്റെ പത്രത്തിൽ അല്ലെങ്കിൽ ആഴ്ചപ്പതിപ്പിൽത്തന്നെ ആദ്യം വരേണ്ടേ ?

എവിടെ നിന്ന് തുടങ്ങണം ? എങ്ങനെ തുടങ്ങണം ?

മഠത്തിലെ അന്ത്യകർമ്മങ്ങൾ കഴിഞ്ഞു പത്രക്കാരെല്ലാം മടങ്ങാൻ തുടങ്ങുമ്പോഴാണ് ആ ദീന രോദനം കേട്ടത് !

“സുരേന്ദ്രാ …..”

കീറിപ്പറിഞ്ഞ വസ്ത്രവുമായി ഒരു മധ്യവയസ്ക്കൻ . താടിയും മുടിയും നീട്ടിവളർത്തിയിട്ടുണ്ട് .

ആദ്യം റിപ്പോർട്ടർമാരിൽ ആരും തിരിഞ്ഞു നോക്കിയില്ല ! പക്ഷേ ,രവീന്ദ്രന് മാത്രം അങ്ങനെ കഴിഞ്ഞില്ല ! അവന് ഇനിയും സ്ഥാനമായില്ലല്ലോ ?

രവീന്ദ്രനും അയാളും മാത്രമായി .

“ആരാ ആ സുരേന്ദ്രൻ ?”

” ഇപ്പോൾ സമാധിയണഞ്ഞ സ്വാമിയില്ലേ അവരാണ് !”

“നിങ്ങൾക്ക് അവരെ അറിയാമെങ്കിൽ എന്തുകൊണ്ട് അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തില്ല ?

“എനിക്ക് അങ്ങോട്ട് പോകാൻ പറ്റില്ല !”

“കാരണം ?”

“ഞാനൊരു മുസ്ലിമാണ് .അവൻ്റെ കളിക്കൂട്ടുകാരനായിരുന്ന റഫീഖ് “

“നിങ്ങളെപ്പോലെ ഒരാളെയാണ് ഞാൻ തേടുന്നത് ! എനിക്ക് സ്വാമിയെക്കുറിച്ചു കുറേ കാര്യങ്ങൾ അറിയണം .”

“എന്നെനിക്കു ഒന്നും പറയാൻ പറ്റുന്ന അവസ്ഥയിലല്ല ! നാളെ , ഇതേ സമയം ഇവിടെ വരൂ . ഞാൻ കാത്തിരിക്കും !”

അങ്ങനെ പിറ്റേ ദിവസം രവീന്ദ്രൻ ആ സ്ഥലത്തെത്തി .

ഭാഗം -2 (രൂപാന്തരം )

“കുട്ടിക്കാലം . ഏതു മനുഷ്യനും തിരിച്ചു കിട്ടാൻ ആഗ്രഹിക്കുന്ന കാലം . എന്തൊരു രസമായിരുന്നെന്നോ ?”

“എനിക്കറിയേണ്ടത് സ്വാമിജിയുടെ ജീവിതത്തെക്കുറിച്ചാണ് !”

“ഞങ്ങൾ ജനിച്ചത് കേരളത്തിലെ ഒരു ഗ്രാമത്തിലാണ് .അവിടെ ഒരു പൊതു കുളമുണ്ടായിരുന്നു . എന്നും വൈകുന്നേരം ഞങ്ങൾ അതിൽ നീന്തിത്തുടിക്കുകയും ആമ്പൽത്തണ്ടു കൊണ്ട് മാലകൾ ഉണ്ടാക്കുകയും ചെയ്യുമായിരുന്നു .

അങ്ങനെയിരിക്കേ ഒരു ദിവസം ഞങ്ങൾ പതിവു പോലെ സ്കൂളിലേക്ക് പോകുകയായിരുന്നു .

പെട്ടെന്നാണ് ഒരു നായ ഞങ്ങളുടെ നേരെ ഓടി വന്നത് . ഞാൻ അവനെ വലിച്ചു ഒരു വശത്തേക്ക് മാറിനിന്നു . ആ നായയുടെ വായിൽ നിന്നും നുരയും പതയും വരുന്നുണ്ട് . അതാ , കുറേ ആൾക്കാർ വടികളുമായി ഓടിവരുന്നു .

“തല്ലിക്കൊല്ലടാ അതിനെ !”

അവർ നായയെ വളഞ്ഞിട്ടു പിടിച്ചു , അടിച്ചടിച്ചു കൊന്നു .

എന്തെന്നറിയില്ല സുരേന്ദ്രൻ അപ്പോൾ കരയുകയായിരുന്നു !

“അതും ഒരു ജീവനാണ് ! അതിനെ ഇങ്ങനെ കൊല്ലാമോ ?”

“അത് പേപ്പട്ടിയാണ് . അതിനെ കൊന്നില്ലെങ്കിൽ പലരേയും കടിക്കും !”

പിന്നീട് സുരേന്ദ്രൻ ഒന്നും പറഞ്ഞില്ല . പക്ഷേ , അന്ന് മുതൽ അവൻ ഒരു ആലോചനയിലായിരുന്നു . വൈകുന്നേരം കുളിക്കാൻ വിളിച്ചപ്പോൾ പോലും വന്നില്ല .അവൻ്റെ അച്ഛനും അമ്മയും അവനെ ആശ്വസിപ്പിച്ചു .

പക്ഷേ …..

പിന്നീട് അവൻ സ്ക്കൂളിൽ പോകാൻ കൂട്ടാക്കിയില്ല .

“നായ വരും ! എല്ലാരും അതിനെ അടിച്ചു കൊല്ലും !”- അതായിരുന്നു അവൻ്റെ കാരണം .

“ഇതൊക്കെ സാധാരണയല്ലേ ? പക്ഷേ , അവനതു വലിയ വിഷമമായിരുന്നു “

അങ്ങനെ ഒരു ദിവസം രാത്രി അവൻ എൻ്റെ വീട്ടിൽ വന്നു .

“റഫീഖെ , അന്റെ ചങ്ങായി ബന്ന്കണ് !”- ബാപ്പ വിളിച്ചു പറഞ്ഞു .

അവൻ എന്നെ സ്വകാര്യമായി ഒരിടത്തേക്ക് വിളിച്ചു കൊണ്ടു പോയി .

“റഫീഖെ , അതിൻ്റെ പ്രാണൻ പോണതും കരച്ചിലും എൻ്റെ മനസ്സിന്നു പോണില്ല !വീട്ടിലിരുന്നിട്ടു ഒരു സമാധാനോം ഇല്ല !”

“പൈസയൊന്നുല്യാതെ ഇയ്യ്‌ എങ്ങോട്ടു പൊഗ്ഗാനാണ് ?ബാപ്പാ , ഇങ്ങോട്ടൊന്ന് ബരീ !”

“എന്താ ?”- ബാപ്പ ഓടിയെത്തി .

“സുരേന്ദ്രൻ കുടീം നാടും ബിട്ടു പോകാൻ നിക്കിന്ന്‌ !”

“മോനേ , അന്റെ അച്ഛനും അമ്മയും ബെസമിക്കില്ലേ ? ബാ , ഞമ്മള് അന്നെ കൂടീ കൊണ്ടാക്ക ! പാത്തൂ , ആ ചൂട്ട് ഇങ്ങട്ട്താ !”

രൂപാന്തരം – ഭാഗം 3

ദിവസങ്ങൾ കടന്നു പോയി .

അന്ന് ഒരു ഞായറാഴ്ചയായിരുന്നു . അവൻ്റെ അച്ഛന് ഒഴിവുള്ള ദിവസം .

“മോനേ , നമുക്ക് എല്ലാവർക്കും കൂടി ഇന്ന് അമ്പലത്തിൽപ്പോയാലോ ?”-അച്ഛൻ ചോദിച്ചു .

ഒരിക്കലും ഈ ചോദ്യത്തിന് സുരേന്ദ്രന് എതിരഭിപ്രായം ഉണ്ടായിരുന്നില്ല . ഇടക്കയുടെ സ്വരവും സോപാന സംഗീതവും ആസ്വദിക്കാമല്ലോ ?

അവനും അച്ഛനും അമ്മയും പാട വരമ്പിലൂടെ നടക്കാൻ തുടങ്ങി . പച്ചപ്പാർന്ന ആ പാടത്തിലൂടെ നടക്കുന്നതു തന്നെ മനസ്സിന് കുളിർമ്മയാണ് . ഒരു ഇളംകാറ്റ് കൂടിയുണ്ടെങ്കിലോ . ഈ ഭൂമി എത്ര സുന്ദരം !

പിന്നെ , ആൽമരം . അതിനു വലം വക്കുകയല്ലേ അവൻ്റെ മറ്റൊരു വിനോദം ?

അച്ഛനുമമ്മയും പ്രദക്ഷിണം വെക്കുകയാണ് . സുരേന്ദ്രൻ പതിവുപോലെ ആലിന്റെ തറയിൽ ഓടിക്കളിക്കാനായി വന്നു .

പക്ഷേ ….

അവൻ ചാടിക്കയറുന്ന സ്ഥലത്തു പുഞ്ചിരിച്ചു കൊണ്ട് ഒരു സന്യാസി അതാ ഇരിക്കുന്നു !

“ആരാ ? എന്താ ഇവിടെ ഇരിക്കുന്നത് ?”

“ഞാൻ ഒരു സന്ന്യാസി ! എനിക്ക് വേറെ ഇരിക്കാൻ സ്ഥലമൊന്നുമില്ല ?”

“അതെന്താ , വീടില്ലേ ?”

“ഈ ലോകം തന്നെ എല്ലാവരുടെയും വീടല്ലേ ?”

“എന്താ ഇത്ര സന്തോഷം ? അച്ഛനെങ്ങാനും ഐസ്ക്രീം വാങ്ങിത്തന്നോ ?”

“എൻ്റെ അച്ഛനൊക്കെ ഈശ്വരന്റെ അടുത്തെത്തിയിട്ടു കുറേ കാലമായി കുട്ടീ !”

“പിന്നെയെന്താ ഇത്ര സന്തോഷിക്കാൻ ?”

“ദൈവത്തെ പ്രാർത്ഥിച്ചാൽ എപ്പോഴും സന്തോഷമുണ്ടാകും .”

“സ്വാമിക്ക് വീട്ടുകാരാരും ഇല്ലേ ? എന്തിനാണ് ഇവിടെ വന്നിരിക്കുന്നത് ? ഇങ്ങനെ നടന്നാൽ ആരും ചീത്ത പറയില്ലേ ?”

“കുട്ടീ , ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടാകുന്നതു നല്ലതു തന്നെ ! പക്ഷേ , അതിൻ്റെ ദൃഢത പണമുള്ളപ്പോൾ മാത്രമേയുള്ളൂ . രണ്ടു കൂട്ടർ മാത്രമേ പണത്തിന്റെ കാര്യം നോക്കാതെ സ്നേഹിക്കുകയുള്ളൂ – മാതാപിതാക്കളും ദൈവങ്ങളും !”

“ദൈവത്തിനു പണം വേണ്ടന്നോ ? പിന്നേ ഭണ്ഡാരത്തിലെന്തിനാണ് കാശ് ഇടുന്നത് ?”

“അതൊക്കെ ഒരു വിശ്വാസമാണ് കുട്ടീ !ചിലർ അത് നല്ല കാര്യങ്ങൾക്കും ചിലർ അത് വെറുമൊരു തട്ടിപ്പിനുള്ള മാർഗ്ഗമായും ഉപയോഗിക്കുന്നു !”

“സ്വാമീ ,എനിക്കും സന്തോഷം കിട്ടണം .മനസ്സിനൊരു സുഖമില്ല !”

“എന്താ വിഷമം ?”

“ആൾക്കാരെന്താ നായയെ തല്ലിക്കൊല്ലുന്നത് ? അത് ഒരു ജീവനല്ലേ ?”

“എല്ലാ ജീവികളോടും ദയ തോന്നുന്നത് ഈശ്വരസ്നേഹത്തിൻ്റെ ലക്ഷണമാണ് .നല്ലത് ! ഞാനിന്നു മറ്റൊരിടത്തേക്ക് പോകുകയാണ് .”

“ഞാനും കൂടെ വരട്ടേ ?”

“കുട്ടീ ! ഞാനൊരു വിനോദയാത്രക്കല്ല പോകുന്നത് !”

“അതെനിക്കറിയാം ! എന്നാലും എങ്ങനെ സന്തോഷം ഉണ്ടാക്കാമെന്ന് പറഞ്ഞു തരണം .”

“അച്ഛനമ്മമാർക്ക് വിഷമമാവില്ലേ ?”

“എൻ്റെ മനസ്സിന്റെ വിഷമവും മാറേണ്ടേ ?”

അവൻ സന്യാസിയുടെ ഭാണ്ഡം തോളിലിട്ടു തെയ്യാറായി നിന്നു .

രൂപാന്തരം – ഭാഗം -4

“വെള്ളം .. വെള്ളം …” സുരേന്ദ്രൻ തളർന്നു വീണു .

“ഈശ്വരാ ! കാട്ടുപാതയാണല്ലോ ? എത്രദൂരം ചെന്നാൽ വെള്ളം കിട്ടുമെന്ന് ആർക്കറിയാം ?മോനെ ഞാൻ എടുക്കാം . വേഗം കാട് കടന്നില്ലെങ്കിൽ മൃഗങ്ങൾ വന്നാലോ ?”

അയാൾ അവനെ തോളത്തിട്ടു നടത്തം തുടർന്നു .

അവസാനം അവർ ഒരു കാട്ടുചോലയുടെ അടുത്തെത്തി .

കുത്തിയൊഴുകുന്ന കാട്ടുചോല ! വെള്ളമെടുക്കാൻ വളരേ ബുദ്ധിമുട്ടാണ് .

അയാൾ അവനെ മണ്ണിൽ കിടത്തി ചുറ്റും നോക്കി .

അതാ ചെമ്പിന്റെ ഇലകൾ !

അയാൾ അത് കുമ്പിൾ കുത്തി ചോലയുടെ അടുത്തേക്ക് നടന്നു . ഒരു മരത്തിന്റെ കൊമ്പു ചാഞ്ഞു കിടക്കുന്നുണ്ട് . അതിൽ പിടിച്ചു ചോലയിലിറങ്ങി വെള്ളമെടുത്തു അവൻ്റെ അടുത്തേക്ക് വന്നു .

അവൻ ബോധമില്ലാതെ കിടക്കുകയാണ് . അയാൾ അവൻ്റെ തല തൻ്റെ മടിയിൽവെച്ചു മുഖത്ത് വെള്ളം തളിച്ചു .

അവൻ പതുക്കെ കണ്ണുകൾ തുറന്നു .

അയാൾ കുറേശ്ശേ കുറേശ്ശേയായി വെള്ളം അവൻ്റെ വായിലേക്ക് ഒഴിച്ച് കൊടുത്തു .

“കിടന്നോ ! ഞാൻ വെള്ളം കുടിച്ചിട്ട് വരാം !”

ഒരു മാൻ ഓടിവന്നു . അവനെ ഒന്ന് മണത്തുനോക്കി . പിന്നെ മുഖത്തേക്ക് നോക്കി . ചെവികൾ രണ്ടു മൂന്നു പ്രാവശ്യം ഇളക്കി തിരിച്ചോടിപ്പോയി .

എന്തോ അത് കണ്ടു അവൻ പുഞ്ചിരിച്ചു .

സന്യാസി വീണ്ടും കൊമ്പുകൾ പിടിച്ചു വെള്ളം എടുക്കാനൊരുങ്ങി .

പക്ഷേ …

കൊമ്പുകൾ മുറിയുന്നുവോ ?

രൂപാന്തരം – ഭാഗം -5 

കരഞ്ഞു  കൊണ്ട്  എത്ര  നേരം  അങ്ങനെ  കിടന്നുവെന്നു  അവന്  ഓർമ്മയില്ല !

“കാടല്ലേ ? ഇങ്ങനെ  ഇവിടെ  കിടന്നാൽ  ഏതെങ്കിലും  മൃഗങ്ങൾ  വന്നാലോ ?”

അവൻ  പതുക്കെ  എഴുന്നേറ്റു . വല്ലാണ്ട്  വിശക്കുന്നു ! എഴുന്നേറ്റു  നിൽക്കാൻ  ശ്രമിക്കുമ്പോൾ  കുഴഞ്ഞു  വീഴാൻ  തുടങ്ങുന്നു .

അവസാനം  ഒരു  കാട്ടുവള്ളിയിൽ  പിടിച്ചു  എഴുന്നേറ്റു  നിന്നു .

എങ്ങോട്ടു  പോകും ? വഴികളൊന്നും  ഓർമ്മ  കിട്ടുന്നില്ലല്ലോ ?

എന്തെങ്കിലും  കഴിക്കാൻ  കിട്ടുമോ ?

അതാ  ഒരു  മരത്തിൽ  കഴിക്കാൻ  പറ്റുന്ന  ഒരു  ഫലം !

പക്ഷേ ….

എങ്ങനേ  അതിന്മേൽ  കയറും ? ഒരു  പെരുമ്പാമ്പ്  അതിൻ്റെ  ചില്ലയിൽ  ചുറ്റിക്കിടക്കുന്നുണ്ട് !

എന്താ  ഒരു  കാൽപ്പെരുമാറ്റം ?

ങ്ഹേ !സിംഹത്തിൻ്റെ   കാലുകളല്ലേ  ആ  കുറ്റിച്ചെടികൾക്കിടയിൽ  കാണുന്നത് ?

പെട്ടെന്നാണ്  സിംഹം  അവൻ്റെ  നേരെ  ചാടിവന്നത് .

“രക്ഷിക്കണേ ! രക്ഷിക്കണേ !”

എന്ത്  ചെയ്യും ?

മരണം  ഉറപ്പു  തന്നെ !

അത്ഭുതം ! സിംഹമതാ  നിലത്തു  വീണു  കിടക്കുന്നു ! ആരോ  അതിനെ  അമ്പ്  എയ്തു  വീഴ്ത്തിയിരിക്കുന്നു !

കുറ്റിക്കാട്ടിൽ  നിന്നും  അമ്പും  വില്ലുമായി  പുലിത്തോലണിഞ്ഞ  ഒരു  വേടൻ  അവൻ്റെ  മുന്നിലേക്ക്  ഓടിവന്നു .

അവൻ്റെ  കരച്ചിൽ  അപ്പോഴും  നിന്നില്ല .

“കുട്ടി  ഏതാ ? എന്തിനാ  കാട്ടിൽ  വന്നത് ?”

“എനിക്കമ്മേ  കാണണം !”- അവൻ  കരച്ചിൽ  തുടർന്നു .

“വിഷമിക്കേണ്ട ! ഞാൻ  കാട്  കടത്തിത്തരാം . വീട്ടിലേക്കു  തന്നെ  പോകില്ലേ ?”

“പോയിക്കൊള്ളാം !” കരച്ചിലിനിടയിൽ  അവൻ  പറഞ്ഞു .

വേടൻ  മുട്ടുകുത്തി  നിന്ന്  അവൻ്റെ  കണ്ണീർ  തുടച്ചു .പിന്നീട്  ഒരു  പ്രത്യേക  തരം  ശബ്ദം  പുറപ്പെടുവിച്ചു .

ഒരു  ആന   അതാ  ഓടി  വരുന്നു !

അയാൾ  അവനെ   ആന പ്പുറത്തിരുത്തി  കാടിന്  പുറത്തേക്കു  യാത്രയാരംഭിച്ചു .

രൂപാന്തരം – ഭാഗം -6 


“ഒരേയൊരു  കുട്ടിയേ  നമുക്കുള്ളൂ ! അതിനേയും  ദൈവം  കൊണ്ടുപോയല്ലോ !”-അവൻ്റെ  അമ്മ  അലമുറയിട്ടു  കരഞ്ഞു .

“എത്ര  ദിവസങ്ങളായി  നമ്മൾ  തിരച്ചിൽ  തുടങ്ങിയിട്ട് ? പോലീസിലും  അറിയിച്ചു . ദൈവമായിട്ടു  കൊണ്ട്  പോയതല്ലേ ?  ദൈവമായിട്ടു  തന്നെ  കൊണ്ട്  വരും ! ഏതായാലും  നമുക്ക്  അമ്പലത്തിലേക്ക്  ഒന്ന്  പോകാം .”

അവർ  അമ്പലത്തിലെത്തി .

“ദൈവമേ , ഞങ്ങളുടെ  മോനെ  തിരികെത്തരണേ !”

കരഞ്ഞുകൊണ്ട്  അവർ  ശ്രീകോവിൽ  പ്രദക്ഷിണം  വെച്ച്  പുറത്തുകടന്നു .

അവർ  ആലിന്റെ  ചുവട്ടിലെത്തി .

“അമ്മേ !”

“മോന്റെ  ശബ്ദമല്ലേയത് ?”

“അതേ !”

അവർ  ചുറ്റും  നോക്കി . ആരെയും  കണ്ടില്ല .

“അമ്മേ !”

വീണ്ടും  ആ  വിളി  അവർ  കേട്ടു .

“അമ്മേ ! മുകളിലേക്ക്  നോക്കൂ !”

അതാ ! ആലിൻറെ  ഏറ്റവും  മുകളിലത്തെ  കൊമ്പിൽ  ചിരിച്ചുകൊണ്ട്  അവനിരിക്കുന്നു .

(തുടരും )

രൂപാന്തരം – ഭാഗം -7 


വർഷങ്ങൾ  കടന്നു  പോയി . ഒരു  പക്ഷേ , സുരേന്ദ്രൻ  കുട്ടിക്കാലത്തെ  ഈ  സംഭവങ്ങളെല്ലാം  മറന്നു  പോയിക്കാണും !

അങ്ങനെ  ഞാനും (റഫീഖ് ) സുരേന്ദ്രനും  കോളേജിൽ  ചേർന്നു .

സ്കൂളിനേക്കാൾ  സ്വാതന്ത്ര്യം  കിട്ടുന്ന  സ്ഥലമാണല്ലോ  കോളേജ് !

ആ  സ്വാതന്ത്ര്യം  ദുരുപയോഗം  ചെയ്യാൻ  ഞങ്ങൾ  ആഗ്രഹിച്ചിരുന്നില്ല .

പക്ഷേ …..

അന്ന്  കോളേജിലെ  ആദ്യദിവസമായിരുന്നു .

ജൂനിയർസിന്  സ്വീകരണം  നൽകാൻ   കാത്തിരിക്കുന്നു  സീനിയർസ് !

അതിനു  മാത്രമാണോ ?

വലിയവന്  ചെറിയവന്റെ  മേലെ  ആധിപത്യം  സ്ഥാപിക്കണ്ടേ ?

ഓരോ  മുക്കിലും  മൂലയിലും  കമിതാക്കളെക്കാണാം . ഭൂരിപക്ഷം  പേരും  പുതിയ  സ്റ്റൈലിലുള്ള  വസ്ത്രങ്ങൾ  ധരിച്ചവർ . പക്ഷേ , ഞങ്ങളോ  ആ  പഴയ  ഷർട്ടും  മുണ്ടും  തന്നെ  !

ആദ്യദിനമല്ലേ  ക്ലാസ്സുകൾ  വേഗം  വിടുമല്ലോ ? അങ്ങനെ  ഞങ്ങൾ  ഹോസ്റ്റലിലെത്തി .

പുറകിൽ  നിന്ന്  കുറെ  പേർ  പൊട്ടിച്ചിരിച്ചു  സംസാരിക്കുന്നതു  കേൾക്കാം .

“എടാ , പുതിയ  ഇരകൾ  വന്നെടാ ! ഒന്ന്  പരിചയപ്പെടേണ്ടേ ?”

“നീ  പോയി  വിളിച്ചോണ്ട്  വാ !”

ആരോ  വാതിൽക്കൽ  മുട്ടി . ഞാൻ  വാതിൽ  തുറന്നു .

” സാറന്മാര്  ഒന്ന്  എൻ്റെ   കൂടെ  വന്നേ ..”

“എന്തിനാ ?”

“ചോദ്യം  വേണ്ട ! വാ !”

ഞങ്ങൾ  അവനെ  പിന്തുടർന്നു .

ഹോസ്റ്റലിന്റെ  പിറകിലേക്കാണ്  അവൻ  ഞങ്ങളെ  കൂട്ടിക്കൊണ്ടു  പോയത് . അവിടെ  കുറെ  പേർ  വട്ടത്തിലിരുന്നു  മദ്യപിക്കുകയായിരുന്നു .

” സാറന്മാര്  ഒന്ന്  പേര്  പറഞ്ഞാട്ടെ !”

“ഞാൻ  റഫീഖ് , ഇവൻ  സുരേന്ദ്രൻ “

“ഓ ! ഇന്ദ്രനാണല്ലേ ! അപ്പോൾ  നല്ല  ശീലം  കാണും !പുതിയ  ഐറ്റമാ ! ഒന്നൊഴിക്കാം “

“ഞങ്ങൾ  കഴിക്കാറില്ല !”

“ദേവേന്ദ്രൻ  വരെ  കഴിക്കാറുണ്ട് ! പിന്നെയല്ലേ  സുരേന്ദ്രൻ !”

രണ്ടു  മൂന്ന്  പേർ  ഞങ്ങളുടെ  അടുത്ത്  വന്നു  നിന്നു .

“എടാ , കുടിയും  വലിയുമില്ലാത്ത  നീയൊക്കെ  ഒരു  ആൺ  ആണോടാ ? പണ്ടത്തെ  ഒരു  പാട്ടു  കേട്ടിട്ടുണ്ടോ ?

ഒരു  കുപ്പി  റമ്മടിച്ചാൽ  ഈശ്വരൻ  പിണങ്ങുമെങ്കിൽ  ചുമ്മാ  പിണങ്ങിക്കോട്ടെ !

ജെയിംസ് ,നമുക്കിന്നിവന്മാർക്കു  ആദ്യപാഠം  പഠിപ്പിക്കാം ! പാഠം  ഒന്ന്  ഒരു  കുളി ! ഒഴിക്കെടാ   അവന്മാരുടെ  തലയില് !”

ഞങ്ങൾ  ഓടി . പക്ഷേ , അവരുടെ  എണ്ണത്തിന്  മുന്നിൽ  ഞങ്ങൾ  ഒന്നുമില്ലായിരുന്നു . ചിലർ  ഞങ്ങളുടെ  കൈകാലുകൾ  പിടിച്ചു .തലയിലൂടെ  മദ്യം  ഒഴുകി .

“ഓ ! ഞാൻ  മറന്നുപോയി !കുളിച്ചു  കഴിഞ്ഞാൽ  പയ്യന്മാർക്കു  കുടിക്കാൻ  വല്ലതും  കൊടുക്കണ്ടായോ ?”

ഞങ്ങൾ  വായ  തുറക്കാതെ  കടിച്ചു  പിടിച്ചു . അവർ  ബലം  പ്രയോഗിച്ചു  കുപ്പികൾ  ഞങ്ങളുടെ  വായിൽ  കുത്തിക്കയറ്റി .

ഞങ്ങൾ  ചുമച്ചു .

“തുപ്പിയാൽ  ഞങ്ങൾ  ചവിട്ടിയരക്കും !”

“ഇന്നേക്ക്  ഇത്  മതിയെടാ ! നാളേയും  വേണ്ടേ  എന്തെങ്കിലും ?”

കുപ്പികൾ  വായിൽ  നിന്നും  വലിച്ചൂരി . ഞങ്ങൾ  ചുമ  തുടർന്നു .

“ഇവിടുത്തെ  ഗുരുക്കന്മാര്  ഞങ്ങളാ ! വരുമ്പോ  ബഹുമാനിച്ചേക്കണം . കേട്ടോടാ !”

മുഖത്ത്  രണ്ടു  ചവിട്ട്  ചവിട്ടി  അവർ  നടന്നു  നീങ്ങി .

രൂപാന്തരം – ഭാഗം -8 

പ്രിൻസിപ്പാളുടെ  ക്യാബിൻ . വില്ലന്മാരെല്ലാം  ഹോക്കിസ്റ്റിക്കുമായി  വന്ന്  നിൽക്കുന്നുണ്ട് .ഞങ്ങൾ(റഫീഖും  സുരേന്ദ്രനും ) പ്രിൻസിപ്പലിന്റെ  അടുത്താണ്  നിൽക്കുന്നത് .

“സുരേന്ദ്രാ , നിങ്ങളുടെ  പരാതി  ഞാൻ  സ്വീകരിച്ചിരിക്കുന്നു ! റാഗ്ഗിങ്  വലിയ  തെറ്റുതന്നെയാണ് . പക്ഷേ , ഇവരൊക്കെ  ആരാണെന്നറിയാമോ ?

പണവും  സ്വാധീനവും  ഉള്ളവരാണ് . അവര്  സീനിയർസ്  അല്ലേ ?

മുതിർന്നവരെ  ബഹുമാനിക്കണം  എന്ന്  കേട്ടിട്ടില്ലേ ? നിങ്ങൾ  രണ്ടുപേരും  അവരോടു  മാപ്പുപറയുക !”

“അവരല്ലേ  തെറ്റുചെയ്തത് ?ഞങ്ങളെന്തിന്  മാപ്പ്  അപേക്ഷിക്കണം ?”

“മക്കള്  കെടന്നു  തിളക്കേണ്ട !ഞങ്ങൾക്ക്  രാഷ്ട്രീയക്കാരുമായി  ബന്ധമുണ്ട് . മാപ്പ്  അപേക്ഷിക്കാനുള്ള  വരികൾ  ഞങ്ങൾ  പറഞ്ഞുതരാം . നിങ്ങളും  നിങ്ങളുടെ  കൂട്ടരും  ചെയ്‌ത  കുറ്റത്തിന്  ഞങ്ങൾ  മാപ്പപേക്ഷിക്കുന്നു ! പറയെടാ !”

“വേഗം  മാപ്പ്  പറഞ്ഞോ ! എന്നെ  കുഴപ്പത്തിലാക്കരുത് ! എനിക്ക്  കുടുംബമുള്ളതാ ! അവരെ  അനാഥരാക്കരുത് !” പ്രിൻസിപ്പാൾ  തൊഴുതുകൊണ്ടു  അപേക്ഷിച്ചു .

സുരേന്ദ്രൻ  വില്ലന്മാരുടെ  കയ്യിലുള്ള  ഹോക്കിസ്റ്റിക്കിലൊന്നു  തട്ടിപ്പറിച്ചു  മേടിച്ചു  നേതാവിൻ്റെ  മുഖത്തിനൊന്നു  കൊടുത്തു . അവരുടെ  പ്രതികരണത്തിന്  കാത്തുനിൽക്കാതെ  എൻ്റെ  കൈ പിടിച്ചു  പുറത്തേക്കോടി .

ഭാഗം -9 

ഹോസ്റ്റൽ . ഞാൻ  കസേരയിൽ  ഇരിക്കുന്നു . അവൻ  കിടക്കയിൽ  കിടക്കുകയാണ് .

“എടാ ,നിനക്കെങ്ങനെ  ഇത്ര  ധൈര്യമുണ്ടായി ? എന്തിനും  ഏതിനും  കരയുന്ന  കുട്ടിയായിരുന്നല്ലോ  നീ ?”

“വെട്ടാൻ  വരുന്ന  പോത്തിന്റെ  ചെവിയിൽ  വേദമോതിയിട്ടു  കാര്യമില്ല ! നമ്മൾ  മനുഷ്യത്വപരമായി  പെരുമാറിയാൽ, എല്ലാം  ക്ഷമിച്ചാൽ , ചവിട്ടിയരക്കുന്ന  കാലമാണിന്ന് !ക്ഷമ  ഒരു  കഴിവില്ലായ്മയായി  കണക്കാക്കുന്ന  ഈ  കാലത്തു  തിരിച്ചടിയാണ്  നല്ലത് !”

“സൂക്ഷിക്കണം ! അവറ്റകള്  എന്തും  ചെയ്യാൻ  മടിക്കാത്തവരാണ് !”

“നിനക്കറിയാലോ  ഞാൻ  സ്ക്കൂളിൽ  പഠിക്കുമ്പോൾ  നീ  ഒഴികെ  എല്ലാവരും  എന്നെ  ഉപദ്രവിച്ചിരുന്നു . ക്ഷമിക്കുന്തോറും  കൂടുതൽ  ഉപദ്രവിക്കുകയാണ്  ചെയ്തിരുന്നത് . അത്  കൊണ്ട്  ഞാൻ  ഇനിമുതൽ  ഒന്നിനും  ക്ഷമിക്കേണ്ട  എന്ന്  തീരുമാനിച്ചു !”

പെട്ടെന്നാണ്  വാതിൽക്കൽ  മുട്ടുന്ന  ശബ്ദം  ഞങ്ങൾ  കേട്ടത് . വാതിലിന്റെ  ഒരു  വശത്തു  കസേരയുമായി  ഞാനും  മറുവശത്തു  അവനും  നിന്നു .

രണ്ടു  തടിമാടന്മാർ  മുറിയിലേക്ക്  കയറിവന്നു . ഞാൻ  ആഞ്ഞു  രണ്ടിനേയും  കസേര  കൊണ്ടടിച്ചു  വേഗം  അത് നിലത്തിട്ടു  ഞങ്ങൾ  ലക്ഷ്യമില്ലാതെ  ഓടി .

അവസാനം  ഞങ്ങൾ  ഒരു  വീടിൻ്റെ  മതിൽ  ചാടി  പതുങ്ങിയിരുന്നു .

“ഇപ്പോൾ  മനസ്സിലായില്ലേ  ഡയലോഗ്  അടിക്കുന്നതുപോലെ  എളുപ്പമല്ല  കാര്യങ്ങളെന്ന് ?”- ഞാൻ  ചോദിച്ചു .

“ഏതായാലും  നാളെ  കോളേജിൽ  പോയേ  പറ്റൂ !”

“ആരാ  അവിടെ ?” വീട്ടിൽ  നിന്നും  ഒരു  പെൺകുട്ടി  ഇറങ്ങിവന്നു .

“ആ ! നിങ്ങള്  സുരേന്ദ്രനും  റഫീഖും  അല്ലേ ? ഞാൻ  നിങ്ങളുടെ  ക്ലാസ്സിൽ  പഠിക്കുന്ന  ശാന്തിയാണ് !”

“ഈ  കോളനിയിലാണോ  വീട് ? ഞങ്ങൾ  വിചാരിച്ചു  ഒരു  പണക്കാരിയായിരിക്കുമെന്ന് !”

“വസ്ത്രധാരണത്തിന്റെ  അടിസ്ഥാനത്തിൽ  ആരെയും  അളക്കരുത്  കൂട്ടുകാരെ !”

“ങ്ഹാ ! അതുപോട്ടെ , നിനക്കറിയോ  ഞങ്ങള്  വില്ലന്മാരുമായി  ഉടക്കിയ  കാര്യം ? ഇപ്പോൾ  ഹോസ്റ്റലിൽ  പോലും  നിൽക്കാൻ  പറ്റാത്ത  അവസ്ഥയായി !”

“നിങ്ങൾക്കറിയോ  അവരൊന്നും  എന്നോട്  കളിയ്ക്കാൻ  വരാറില്ല . ഞാൻ  കരാട്ടെ  പഠിച്ചിട്ടുണ്ട് ! കൂടാതെ  എൻ്റെ ഏട്ടൻ  പേരുകേട്ട  ഒരു  റൗഡിയാണ് !”

അപ്പോഴാണ്  തലയിൽ   സ്റ്റിച്ചുമായി  ഒരു  തടിമാടൻ  കേറിവന്നത് . അയാൾ  ഞങ്ങളെ  രൂക്ഷമായി  നോക്കി ! എന്ത്  ചെയ്യണമെന്നറിയാതെ  ഞങ്ങൾ  പരുങ്ങി

(തുടരും )

രൂപാന്തരം – ഭാഗം -10 

ശാന്തിയുടെ  വീട് . ശാന്തിയുടെ  ഏട്ടൻ  കട്ടിലിൽ  കിടക്കുകയാണ് . ഞങ്ങൾ (റഫീഖും  സുരേന്ദ്രനും ) കട്ടിലിനരികയിൽ  ഇരിക്കുന്നു . ശാന്തി  അടുക്കളയിലാണ് .

“നിങ്ങളെ  ഉപദ്രവിക്കണമെന്നു  ഞങ്ങൾ  ഒട്ടും  വിചാരിച്ചിട്ടില്ല ! ഞങ്ങളോട്  ക്ഷമിക്കണം !” – സുരേന്ദ്രൻ  അയാളുടെ  കൈകൾ  പിടിച്ചു  കൊണ്ട്  പറഞ്ഞു .

“സാരമില്ല ! ഗുണ്ടകളുടെ  ജീവിതം  അങ്ങനെത്തന്നെയാണ് . ഒരിക്കൽ  വീണാൽ  പിന്നീടൊരു  തിരിച്ചുവരവുണ്ടാവില്ല !”

“പ്രായശ്ചിത്തമായി  ഞങ്ങൾ  എന്താണ്  ചെയ്യേണ്ടത് ?”

“ഒന്നും  ചെയ്യേണ്ട ! ആരുടെയും  സഹതാപം  എനിക്ക്  വേണ്ട !പക്ഷേ , നിങ്ങളെ  ഞാൻ  കുറ്റം  പറയില്ല , കാരണം  ആരായാലും  ഇങ്ങനെയേ  ചെയ്യൂ ! നിങ്ങൾക്കറിയുമോ  മറ്റുള്ളവരുടെ  വേദന  കണ്ടു  സന്തോഷിച്ചവനാണ്  ഞാൻ ! ഇപ്പോൾ , വേദന  എന്തെന്ന്  സ്വയം  അറിയുന്നു !”

ശാന്തി  ഒരു  തട്ടിൽ  ഡവറകളിൽ  മൂന്ന്  ഗ്ലാസ്സ്  ചായയുമായി  വന്നു .

“ഏട്ടൻ  അധികം  സംസാരിക്കേണ്ട !ഇവർക്ക്  സ്വസ്ഥമായി  താമസിക്കാൻ  ഒരു  സ്ഥലമില്ല !”

“ഏതായാലും  നിങ്ങൾ  ഇവിടെ  താമസിക്കേണ്ട !ശാന്തീ , അടുത്ത  വീട്ടിലെ  കുട്ടിയോട്  ബ്ലേഡ്  എവിടെയാണെങ്കിലും പോയിക്കണ്ടു  ഇവർക്ക്  താമസിക്കാൻ  സ്ഥലം  കണ്ടെത്താൻ  പറയൂ !”

ശാന്തി  പുറത്തു  പോയി

“ഇവളെ  ഓർത്താണ്  എനിക്ക്  സങ്കടം ! ഞാൻ  പോയാൽ  ഇവൾക്ക്  ആരുണ്ട് ?  കരാട്ടെ  ഒക്കെ  അറിയുമെങ്കിലും  എത്ര  കാലം  അവൾക്കു  ഈ  ലോകത്തോട്  മല്ലിട്ടു  ജീവിക്കാൻ  കഴിയും ?”

“പേടിക്കേണ്ട ! ഞങ്ങളുണ്ട് !”

“ഇങ്ങനെ  പറയാൻ  പലരുമുണ്ടാകും !ആവശ്യം  കഴിഞ്ഞാൽ  വിട്ടു  പോകും ! ഒരു  താൽക്കാലിക  കളിപ്പാട്ടം,  അല്ലേ ?”

“എല്ലാവരെയും  ആ  കൂട്ടത്തിൽ  പെടുത്തരുത് ! ഒരു  കൂട്ടർ  ചീത്തയാണെന്നു  കരുതി  എല്ലാവരെയും  ആ  വിഭാഗത്തിൽ  പെടുത്തരുത് !”- സുരേന്ദ്രൻ  വാദിച്ചു .

“കൂടുതൽ  സംസാരിക്കേണ്ട ! വിശ്രമിച്ചോളൂ !”

“അച്ഛനുമ്മമ്മയുമില്ലാത്ത , ഒരു  പെങ്ങൾ  മാത്രം  കൂടപ്പിറപ്പായിട്ടുള്ള  ഒരാൾക്ക്  മനസ്സമാധാനത്തോടെ  വിശ്രമിക്കാൻ  കഴിയുമോ ?വേദന  എന്നെ  മയക്കത്തിലേക്ക്  കൊണ്ട്  പോകുന്നു . നിങ്ങൾ  എൻ്റെ  പെങ്ങളെ  ഒന്നും  ചെയ്യല്ലേ !” കൈകൾ  കൂപ്പിക്കൊണ്ട്  അയാൾ  മയക്കത്തിലേക്ക്  വഴുതിവീണു .

ഭാഗം -11 

ചേരിയിലെ  ഒരു  കുടിൽ . അത്  അഴുക്കുചാലുക്കൾക്കിടയിലാണ്  സ്ഥിതി  ചെയ്യുന്നത് . ഒരു  ആജാനുബാഹുവിനോടൊപ്പം  ഞങ്ങൾ  ആ  കുടിലിൽ  കയറി .

“ഈ  ബ്ലേഡിനെ  നിങ്ങൾക്കറിയാഞ്ഞിട്ടാണ് ! ഞങ്ങളുടെ  നേതാവിൻ്റെ  തലക്കടിച്ച  നിന്നെയൊന്നും  ജീവനോടെ  വിടാൻ  പാടില്ല ! പക്ഷേ , ശാന്തിയെ  ഓർത്തു  ഞങ്ങളെല്ലാം  ക്ഷമിക്കുന്നു . ഇത്  എൻ്റെ  മരിച്ചു  പോയ  അനിയന്റെ  കുടിലാണ് ! വാടകയൊന്നും  വേണ്ട ! പക്ഷേ , ഇവിടെയുള്ള  ആരോടെങ്കിലും  മോശമായിപെരുമാറിയൽ  തിരിച്ചു  വീട്ടിൽ  പോകുമെന്ന്  കരുതേണ്ട ! ഞാൻ  പോകുന്നു !”

” സുരേന്ദ്രാ , നമ്മളുടെ  വസ്ത്രങ്ങളും  പണവുമെല്ലാം  ഹോസ്റ്റലിലാണ് . എങ്ങനെ  അവിടെപ്പോയി  എടുക്കും ? തിരിച്ചു  പോയാൽ  ആ  കുട്ടിനേതാവിൻ്റെ  കൂട്ടുകാരുണ്ടാവില്ലേ ?”

“എത്ര  കൂട്ടിയാലും  അഞ്ഞൂറിനുമേലെ  ഒന്നും  ഉണ്ടാവില്ലല്ലോ ? നമുക്ക്  എന്തെങ്കിലും  ജോലി  കണ്ടെത്താം ! വായ  കീറിയ  ദൈവം  വഴിയും  കാണിക്കും !”

ഞങ്ങൾ  പുറത്തിറങ്ങി .

” നമ്മുടെ  ഓട്ടോ  ഷാജിക്ക്   കടുത്ത  പനിയാണ് ! ഞങ്ങൾക്കാർക്കും  ഓടിക്കാനറിയില്ല ! നിങ്ങൾക്കറിയാമെങ്കിൽ  ഒന്ന്  കൊണ്ടുപോകുമോ ?’- ഒരു  കുട്ടി  കിതച്ചു  ഓടിവന്നുകൊണ്ടു  ചോദിച്ചു .

ഞങ്ങളെ  ആ  കുട്ടി  ഓട്ടോഷാജിയുടെ  വീട്ടിലേക്കു  കൊണ്ടുപോയി .

“ഓട്ടോ  കുറേ  ദൂരെയാണ് ! ചേരി  തുടങ്ങുന്ന  സ്ഥലത്താണ് !” പോകുന്ന  വഴിയിൽ  കുട്ടി  പറഞ്ഞു .

ഓട്ടോ  ഷാജിയുടെ   കുടിൽ . ഞങ്ങൾ  അവനെ  താങ്ങിപ്പിടിച്ചു  പുറത്തേക്കു  കൊണ്ടുവന്നു . ചേരി  തുടങ്ങുന്ന  സ്ഥലത്തേക്ക്  ഞങ്ങൾ  പോകുമ്പോൾ  ചേരിക്കാരെല്ലാം  കൂടെ  വന്നു .

(തുടരും )

രൂപാന്തരം – ഭാഗം 12 

ഗവണ്മെന്റ്  ഹോസ്പിറ്റൽ . ഞങ്ങൾ  ഷാജിയെ  അവിടെ  അഡ്മിറ്റാക്കി . ഞങ്ങൾ  ഓട്ടോയുടെ  അടുത്ത്  നിൽക്കുകയാണ് . സമയം  അർദ്ധരാത്രിയാവാറായിട്ടുണ്ട് .

വടിയും  കുത്തി  ഒരു  വൃദ്ധ  ഞങ്ങളുടെ  അടുത്തേക്ക്  വന്നു .

“മക്കളേ ….”

“എന്താ ?”

“ഒരു  ഉപകാരം  ചെയ്യാമോ ?”

“പറയൂ !”

“ഡിസ്ചാർജിന്റെ  കടലാസ്  ഇപ്പോഴാണ്  കയ്യിൽ  കിട്ടിയത് .   അദ്ദേഹത്തിനാണെകിൽ  നടക്കാനും  വയ്യ ! ഒന്ന്  വീട്  വരെ  കൊണ്ടൊവ്വോ  ?”

“അതിനെന്താ ?”

“എൻ്റെ  കൂടെ  ഒന്ന്  മുറിയിലേക്ക്  വര്വോ ?”

ഞങ്ങൾ  അവരെ  പിന്തുടർന്നു .

വൃദ്ധനെ  ഞങ്ങൾ  താങ്ങിപ്പിടിച്ചു  ഓട്ടോയിൽ  ഇരുത്തി . വൃദ്ധയും  ഓട്ടോയിൽ  കയറി .

ഓട്ടോ  പുറപ്പെട്ടു . വൃദ്ധ  പറഞ്ഞ  വഴിയിലൂടെ  ഞങ്ങൾ  യാത്ര  തുടർന്നു .

“ഇവിടെ  നിർത്താം !”

ഞങ്ങൾ  ചുറ്റും  നോക്കി . ഒരു  പീടികത്തിണ്ണ  മാത്രം  കാണുന്നുണ്ട്

“ഇവിടെയോ ?”

“അതേ  മക്കളേ ! ഇതാണ്  ഞങ്ങളുടെ  വീട് !”

വൃദ്ധൻ  നന്നായി  ചുമക്കുന്നുണ്ട് . പുറത്തു  നല്ല  മഞ്ഞുമുണ്ട് .

അവർ  ഇറങ്ങി . വൃദ്ധ  വൃദ്ധനെത്താങ്ങി  പീടികത്തിണ്ണയിലേക്കു  നടന്നു .

ഓട്ടോ  തിരിക്കാൻ  ഞങ്ങൾക്ക്  മനസ്സ്  തോന്നിയില്ല .

ഞങ്ങൾ  ഓട്ടോയിൽ  നിന്നിറങ്ങി  അവരുടെ  അടുത്തേക്ക്  നടന്നു .

“ഞങ്ങളുടെ  ആദ്യത്തെ  ട്രിപ്പ്  ആയിരുന്നു ! പക്ഷേ , ഈ  പണം  ഞങ്ങൾക്ക്  വേണ്ട !”

സുരേന്ദ്രൻ  പണം  വൃദ്ധയുടെ  കൈകളിൽ  വെച്ച്  കൊടുത്തു .

“ഞങ്ങളുടെ  കൂടെ  വരുന്നോ ? കുഞ്ഞികുടിലാണെങ്കിലും  ഉള്ളത്  ഒന്നിച്ചു  കഴിക്കാം “

“വേണ്ട ! വേണ്ടാത്ത  ഭാണ്ഡങ്ങൾ  ചുമക്കേണ്ട ! സ്വന്തം  മക്കൾക്ക്  വേണ്ടാത്ത  ഞങ്ങളെ  നിങ്ങൾ  എന്തിനു  ഏറ്റെടുക്കണം ?”

“ആരും  ആർക്കും  ഒരു  ഭാരമല്ല ! അഹങ്കാരമാണ്  അങ്ങനെ  തോന്നിക്കുന്നത് .ഞങ്ങളും  നിങ്ങളെപ്പോലെയാണ് . ഒന്നുമില്ലാത്തവന്  ഒന്നുമില്ലാത്തവർ  കൂട്ട് ! വരൂ !”

ഞങ്ങൾ  വണ്ടി  തിരിച്ചു .

രൂപാന്തരം  ബാക്കി  ഭാഗം

ഭാഗം -13

“പ്രിയപ്പെട്ട  അമ്മയ്ക്ക് ,

ഞാനിപ്പോൾ  ഒരു  ചേരിയിലാണമ്മേ  താമസം ! ഓടയിൽ  നിന്ന്  ഒഴുകിയെത്തുന്ന  അഴുക്കുവെള്ളം  വീട്ടുമുറ്റത്തു  കൂടെ  ഒഴുകുന്നത്  കാണാം ! ആദ്യമൊക്കെ  വല്ലതും  കഴിക്കുമ്പോൾ  ഛർദ്ദി  വരുമായിരുന്നു . ഇപ്പോൾ  ഒന്നും  തോന്നാറില്ല . അച്ഛനിപ്പോഴും  പറമ്പിൽ  നനക്കാൻ  പോകാറുണ്ടോ ? എനിക്കൊരു  നല്ല  ജോലി  കിട്ടിയിട്ട്  വേണം  അച്ഛനോട്  വീട്ടിൽത്തന്നെ  ഇരിക്കാൻ  പറയാൻ ! ഇപ്പോൾ  രാത്രികളിൽ  ഓട്ടോറിക്ഷയുടെ  ട്രിപ്പുമായി  ഞാൻ  പോകാറുണ്ട് . അതിൻ്റെ  ഡ്രൈവർ  ആയ  ഷാജിയേട്ടന്  സുഖമായി  വരുന്നത്  വരെ  എന്നോട്  ട്രിപ്പ്  എടുത്തോളാൻ  പറഞ്ഞു . റഫീഖ്  കൂടെയുള്ളതാണ്  ഒരു  ആശ്വാസം . നമ്മൾ  മോശക്കാരാണെന്നു  കരുതുന്ന  ചേരിയിലെ  ആൾക്കാർ  ഉണ്ടല്ലോ ?

അവർ യഥാർത്ഥത്തിൽ  നല്ല  സ്‌നേഹമുള്ളവരാണ് . ഒന്നുമില്ലായ്മയാണ്  .

.പലരേയും  തെറ്റിലേക്ക്‌  നയിക്കുന്നത് . പലരും  ഗുണ്ടാപ്പണിയൊക്കെ  നിർത്തി  സ്വന്തമായി  പല  പണികളും  തുടങ്ങി .എല്ലാവരും  ഇപ്പോൾ  മാന്യമായി  ജീവിക്കുന്നു  അമ്മേ ! ചിലർ  പറയുന്നു  ഞാനാണ്  ആ  മാറ്റം  കൊണ്ട്  വന്നത്  എന്ന് ! ഞാനെന്തു  ചെയ്തു ? ഞാൻ  എനിക്കും  റഫീഖിനും  പഠിക്കാനും  കഴിക്കാനുമുള്ള  വക  ഉണ്ടാക്കുന്നു  എന്ന്  മാത്രം ! ഒരു  നല്ല  മുത്തശ്ശനെയും  മുത്തശ്ശിയേയും  ഞങ്ങൾക്ക്  കിട്ടിയിട്ടുണ്ട് ! . അടുത്തയാഴ്ച  അങ്ങോട്ട്  വരുമ്പോൾ  അവരെ  കൂട്ടി  വരാം .

എന്ന്  സ്വന്തം  മകൻ

സുരേന്ദ്രൻ

(ഒപ്പ് )

(തുടരും )

– ഭാഗം -14 

കോളേജ് . കളിസ്ഥലത്തിലെ  ഒരു  ഒഴിഞ്ഞ  കോണിലുള്ള  ദേവതാരു  മരത്തിന്റെ  ചുവട്ടിൽ  ഞങ്ങളിരിക്കുന്നു . ഒപ്പം  ശാന്തിയുമുണ്ട് .

“അങ്ങനെ  നമ്മുടെ  പഠനകാലം  അവസാനിക്കാൻ  പോകുന്നു !”- ഞാൻ (റഫീഖ് ) പറഞ്ഞു . “സുരേന്ദ്രന്  നിന്നോട്  ഒരു  കാര്യം  പറയാനുണ്ടെന്ന്  എന്നോട്  പറഞ്ഞിട്ട്  കുറേക്കാലമായി !”

“എനിക്ക് … എനിക്ക് .. എങ്ങനെ .. പറയണമെന്ന്  അറിയില്ല ! എന്തോ  എനിക്ക്  തന്നോട്  ഒരു  ഇഷ്ടം  തോന്നുന്നു! “-സുരേന്ദ്രൻ  നിന്ന്  പരുങ്ങി .

“അത്  ഏതു  തരത്തിലുള്ള  ഇഷ്ടമാണെന്നു  എനിക്കറിയാം ! നിങ്ങളുടെ  ഇഷ്ടം  എന്നോടോ  എൻ്റെ  ശരീരത്തോടോ ?”

“നിന്നോട് ….”- സുരേന്ദ്രൻ  എങ്ങനെയോ  പറഞ്ഞൊപ്പിച്ചു .

“നോക്കൂ , നമ്മളിപ്പോൾ  പഠിക്കുന്നവരാണ് . എന്നോട്  താല്പര്യം  തോന്നിയതിൽ  ഞാൻ  എതിരൊന്നും  പറയുന്നില്ല . പക്ഷേ , കാമുകൻ  കാമുകി  കളിച്ചു  നടക്കാൻ  ഉള്ള  ഒരു  മനസ്സും  എനിക്കില്ല ! പ്രേമിക്കാൻ  പണം  ആവശ്യമില്ല , എന്നാൽ  ജീവിക്കാൻ  അതില്ലാതെ  പറ്റില്ല ! മൂന്നുനേരം  ഭക്ഷണത്തിനായി  എൻ്റെ  ഏട്ടൻ   ജീവിതത്തിൽ കഷ്ടപ്പെട്ടതു  കൺമുന്നിലുണ്ടാകുമ്പോൾ  മനസ്സിലേക്ക്  മധുരവാക്കുകൾ  ഇറങ്ങില്ല ! പഠിത്തം  കഴിഞ്ഞു  നല്ല  ജോലിയാവുന്നതു  വരെ  ഞാൻ  കാത്തിരിക്കാം , നിങ്ങളും  അതേ  മനസ്സോടെ  ഉണ്ടെങ്കിൽ !”

“നാളത്തോടു  കൂടി  പഠിത്തം  കഴിയുമല്ലോ ? എത്രയും  വേഗം  ഒരു  ജോലിയുമായി  ഞാൻ  തിരിച്ചുവരും !”

“എൻ്റെ  മനസ്സും  ശരീരവും  പരിശുദ്ധിയോടെ  നിങ്ങൾക്കായി  കാത്തിരിക്കും !”

ഞങ്ങൾ  ആ  കലാലയത്തിൽ  നിന്ന്  പടിയിറങ്ങി .

ഭാഗം -15 

ശാന്തിയുടെ  വീട് .സമയം  വൈകുന്നേരം .

ഞങ്ങൾ   അവളുടെ  ഏട്ടനെ  കാത്തു  നിൽക്കുകയാണ് .

അയാൾ  വിയർപ്പു  തോളത്തുള്ള  തോർത്തുമുണ്ട്  കൊണ്ട്  തുടച്ചു  അവിടെയെത്തി . ബനിയനും  ലുങ്കിയുമാണ്  വേഷം .

“ഞങ്ങൾ  നാളെ  ഇവിടെ  നിന്നും  പോകുകയാണ് .”

“നിങ്ങളൊക്കെയാണ്  എൻ്റെ  കുത്തഴിഞ്ഞ  ജീവിതത്തെ  നേരെയാക്കിയത് . അന്നത്തെയത്ര  വരുമാനമില്ലെങ്കിലും  മനസ്സമാധാനമുണ്ട് !”

“ഈ  സുരേന്ദ്രന്  നിങ്ങളുടെ  ശാന്തിയെ  കൊടുക്കുമോ ? ഞാൻ (റഫീഖ് ) ചോദിച്ചു .

“കൊടുക്കാൻ  അവളെന്താ  പശുവോ  മറ്റോ  ആണോ ?” ചിരിച്ചു  കൊണ്ട്  അയാൾ  തുടർന്നു ,”നിങ്ങൾ  ചതിക്കില്ലെന്നറിയാം . എങ്കിലും  നിങ്ങള്  അച്ഛനുമമ്മയേയും  കൂട്ടിയിട്ടു  വാ . നാലാൾ  കാൺകെ  ഞാൻ  അവളെ  നിങ്ങളെയേൽപ്പിക്കാം .”

ശാന്തി  അവിടെയുണ്ടായിരുന്നെങ്കിലും  സാധാരണ  കുട്ടികൾക്ക്  ഇത്  കേൾക്കുമ്പോഴുണ്ടാകുന്ന  സന്തോഷം  ആ  മുഖത്തില്ലായിരുന്നു . എല്ലാം  വരുന്നതുപോലെ  വരട്ടെ  എന്ന  ഭാവത്തിൽ  നിർവ്വികാരയായിട്ടായിരുന്നു   അവൾ  നിന്നത് .

“എന്താ  മോളെ , ഞാൻ  നിന്നെ  ഇവന്  വിവാഹം  കഴിച്ചു  കൊടുക്കട്ടെ ?”

ഒരു  നേരിയ  മൂളൽ  മാത്രമായിരുന്നു  മറുപടി !

“വീണ്ടും  വരാം !കാത്തിരിക്കൂ !” സുരേന്ദ്രൻ  അവർക്കുനേരെ  കൈവീശി  എന്നോടൊപ്പം  നടക്കാൻ  തുടങ്ങി . അപ്പോഴും  അവളുടെ  മുഖം  നിർവ്വികാരം !

രൂപാന്തരം – ഭാഗം -16 

അങ്ങനെ  ഞങ്ങൾ  ആ  മുത്തച്ഛനും  മുത്തശ്ശിയുമായി  സുരേന്ദ്രൻ്റെ  വീട്ടിലെത്തി . അച്ഛനുമമ്മയും  ഞങ്ങളെ  കാത്തു  നിൽക്കുന്നുണ്ടായിരുന്നു . എൻ്റെ  ബാപ്പയും  ഉമ്മയും  അവിടെ  എത്തിച്ചേർന്നിട്ടുണ്ട് .

അവൻ്റെ  അച്ഛനുമമ്മയും  അവരെ  വീട്ടിലേക്കു  കൂട്ടിക്കൊണ്ടുപോയി .

എൻ്റെ  ബാപ്പ  എൻ്റെ  അടുത്തേക്ക്  വന്നു .

“മോനെ ,ഇജ്ജ്  പടിപ്പുള്ളോനായി ! വാപ്പക്ക്  പെരുത്ത്  സന്തോഷായി ! ഇനി  ഒരു  പണീം  കൂടി  കിട്ടിക്കണ്ടാ  ഞമ്മക്ക്  കണ്ണടക്കാം !”

“വാപ്പയും  ഉമ്മയുമില്ലാതെ  എനിക്ക്  മാത്രം  ഗതിയുണ്ടായിട്ടെന്താ  വാപ്പാ ?”

” ഓരോ  വാപ്പമാരുടെയും  ഖൽബിൽ  പുള്ളാരെക്കുറിച്ചു  സ്വപ്നങ്ങളുണ്ട് ! മക്കള്  നന്നായാല്  വാപ്പാന്റെയും  ഉമ്മാടേയും   ഉള്ള്  നിറയും ! അത്  മതിയെട ! ഇയ്യും  സുരേന്ദ്രനും  ഞമ്മടെ  മക്കളാണ് ! രണ്ടാളും  നന്നാവട്ടെ,  അള്ളാ !” ബാപ്പ  ഞങ്ങളെ  ചേർത്ത്  പിടിച്ചു .

“മോനെ , ഞമ്മക്ക്  പോവ്വാ !”

ബാപ്പയുടെയും  ഉമ്മയുടെയും  കൂടെ  ഞാൻ  നടക്കാൻ  തുടങ്ങി . സുരേന്ദ്രൻ  വീട്ടിലേക്കും  കയറി .

ഭാഗം -17 (രൂപാന്തരം )

ഒരു  ദിവസം  സുരേന്ദ്രൻ  എൻ്റെ  വീട്ടിലേക്കു  ഒരു  കവറുമായി  ഓടി  വന്നു.

“നമ്മൾ  അന്ന്  ബാങ്കിലെ  ജോലിക്കു  അയച്ചില്ലേ ? അതിൻ്റെ  മറുപടി  വന്നു !

ഇന്റർവ്യൂവിനു  ചെല്ലാനുള്ള  കടലാസാണെടാ  ഇത് !”

“പക്ഷേ , എനിക്ക്  വന്നില്ലല്ലോ ! നിന്റെ  അത്ര  മാർക്ക്  ഇല്ലാത്തതു  കൊണ്ടായിരിക്കും !” നിരാശയോടെ  ഞാൻ  പറഞ്ഞു .

അവൻ്റെ  മുഖത്തെ  സന്തോഷം  മാഞ്ഞുപോയി .

“നിനക്കില്ലാതെ  എനിക്ക്  കിട്ടുമ്പോൾ  എങ്ങനെയാ  ഞാൻ  പോവുക ?ഞാൻ   വിചാരിച്ചത്  നിനക്കും  കിട്ടിയിട്ടുണ്ടാകും  എന്നാണ് ! നീ  എന്നോട്  പറയാൻ വിട്ടുപോയതാകും  എന്നാണ്  കരുതിയത്  !”

“സാരമില്ലെടാ ! നീ  ജോലിക്കു  പോണം ! നിനക്ക്  എന്തായാലും  ജോലി  കിട്ടും . നീയായാലും  ഞാനായാലും  ഒന്നുതന്നെയല്ലേടാ ? നിന്നെ  കാത്തിരിക്കാൻ  ഒരാളുണ്ട് ! എനിക്ക്  എൻ്റെ  ബാപ്പയും  ഉമ്മയും  മാത്രമല്ലേയുള്ളൂ ? എനിക്കും  ശരിയാവുമെടാ ! നീ  വിഷമിക്കേണ്ട ! നീ പോ ! അച്ഛനുമമ്മയെയും  ആ  മുത്തശ്ശനെയും  മുത്തശ്ശിയേയും  ഓർത്തു  വിഷമിക്കേണ്ട ! അവരൊക്കെ  എന്റേതും  കൂടെയല്ലേ ?”

ഞങ്ങൾ  കെട്ടിപ്പിടിച്ചു  കരഞ്ഞു .

“കരയെല്ലെടാ ! എനിക്കും  ധൈര്യം  ചോർന്നു  പോകും !” അവൻ  പറഞ്ഞു .

അപ്പോഴാണ്  ബാപ്പ  മുറിയിലേക്ക്  കയറിവന്നത് .ഞങ്ങൾ  കണ്ണീർ  തുടച്ചു .

“വാപ്പാ , സുരേന്ദ്രന്  ഒരു   ജോലികിട്ടാൻ  സാധ്യതയുണ്ട് !”

“അള്ളാ , നന്നായി  വരട്ടെ !” ബാപ്പ  അവൻ്റെ  തോളിൽ  തട്ടി .

” റഫീക്കെ , ഇജ്ജ്  വിഷമിക്കേണ്ട ! അണക്കും  കിട്ടും  ജോലി .”

ഭാഗം -18 

ഒരു  പ്രൈവറ്റ്  ബാങ്കിന്റെ  ഇന്റർവ്യൂവിനാണ്  സുരേന്ദ്രൻ  പോയത് . മാനേജർ  പോസ്റ്റിനാണ്  അവൻ  അയച്ചിരുന്നത് .

മറ്റു  അപേക്ഷകരെപ്പോലെ  എപ്പോഴാണ്  വിളിക്കുക  എന്ന  അസ്വസ്ഥതയോടെ  അവനും  ഇരുന്നു .

അവസാനം  അവൻ  മുറിയിലേക്ക്  കയറി .

“ഇരിക്കൂ !”

“താങ്ക്  യൂ !”

അവൻ  ഇരുന്നു  സർട്ടിഫിക്കറ്റുകൾ  കൈമാറി .

” ഓ ! നല്ല  വിദ്യാഭ്യാസ  യോഗ്യതയുണ്ടല്ലോ ? പിന്നെന്തിനാ  ക്ലർക്കിന്റെ  ജോലിക്ക്  അപേക്ഷിച്ചത് ?”

“ഞാൻ  മാനേജർ  പോസ്റ്റിനാണല്ലോ  അയച്ചത് ?”

“ആയിരിക്കാം ! പക്ഷേ , തൊട്ടു  മുമ്പേ  വന്ന  ആളെ  ആ  പദവിയിൽ  നിയമിച്ചു . നിങ്ങൾക്ക്  തെയ്യാറാണെങ്കിൽ  ക്ലാർക്ക്  ആവാം !”

“ശരി ! ഞാൻ  തെയ്യാറാണ് !”

ഇന്റർവ്യൂ  ചെയ്യുന്നയാൾക്കു  കൈ  കൊടുത്തു  അവൻ  പുറത്തിറങ്ങി . അപ്പോഴാണ്  ഒരാൾ  കൈകൊട്ടി  വിളിച്ചത് .

അവൻ  തിരിഞ്ഞു  നോക്കി ! താൻ  പത്താം  ക്‌ളാസ്സിൽ  പഠിക്കുമ്പോൾ  പത്തിൽ  പത്തു  പ്രാവശ്യം  തോറ്റു  തൊപ്പിയിട്ടിരുന്ന  ഗോപൻ !

“ഞാനാണ്  പുതിയ  മാനേജർ !”

“നീ  പത്താം  ക്ലാസ്സ്  എപ്പോൾ  പാസ്സായി ?”

“ഞാൻ  പിന്നെ  പഠിച്ചിട്ടില്ല ! കുറേ  രൂപാ  കൊടുത്തു , രാഷ്ട്രീയക്കാരെ  സ്വാധീനിച്ചു  ഇത്  നേടിയെടുത്തു . വിദ്യാഭ്യാസമല്ല , പണവും  അധികാരവും  സ്വാധീനമൊക്കെയാണ്  ഒരു  ജോലി  കിട്ടാൻ  വേണ്ടതെന്നു  നിനക്കിപ്പോൾ  മനസ്സിലായില്ലേ ? മെനക്കിട്ടു  പഠിച്ചു  ജീവിതം   പാഴാക്കിയ  വിഡ്ഢി , ഇനി  നീ  എൻ്റെ  കീഴിൽ  ജോലി  ചെയ്യും !”

“എന്ത്  ചെയ്യാം ! പണമില്ലാത്തവന്    ഒരിക്കലും  വിലയില്ല !”

തളർന്ന  മനസ്സോടെ  അവൻ  അവിടെനിന്നിറങ്ങി .

രൂപാന്തരം -ഭാഗം -19 

ഒരു  വർഷം  കടന്നു  പോയി . ഞങ്ങൾ  ശാന്തിയോടുള്ള  വാക്ക്  പാലിക്കാൻ  വേണ്ടി  അവൾ  താമസിച്ചിരുന്ന  സ്ഥലത്തെത്തി .

കാളിങ്  ബെൽ  അടിച്ചു . വാതിൽ  തുറക്കപ്പെട്ടു .

ഏതോ  പരിചയമില്ലാത്ത  ആൾക്കാർ !

“ഇവിടെ  താമസിച്ചിരുന്നവർ ….?”

” ഞങ്ങൾക്കറിയില്ല ! ഞങ്ങൾ  വന്നിട്ട്  ഒരു  മാസമേ  ആയുള്ളൂ ! മറ്റാരോടെങ്കിലും  ചോദിച്ചു  നോക്കൂ !”

ഞങ്ങൾ  തിരികെ  നടന്നു .

“ഏതായാലും  നമുക്ക്  അന്ന്  താമസിച്ച  ചേരിയിൽ  ഒന്ന്  പോകാം !”- അവൻ  പറഞ്ഞു .

ഞങ്ങൾ  ചേരിയിലേക്കു  കടക്കാൻ  തുടങ്ങുമ്പോൾ  അതാ  നടന്നു  വരുന്നു  ഓട്ടോ  ഷാജി !

“ഷാജിയേട്ടാ , എന്താ  സുഖമല്ലേ ?”

“അങ്ങനെയൊക്കെ  കഴിഞ്ഞു  പോകുന്നു !”

“എൻ്റെ കൂടെ  പഠിച്ച  ഒരു  ശാന്തിയെ  അറിയാമല്ലോ ? അവളിപ്പോൾ  എവിടെയാണെന്നു  അറിയുമോ ?”

“അവളിപ്പോൾ  നഗരത്തിൽ  ഒരു  വലിയ  ബംഗ്ലാവിലാണ്  താമസം !”

“അവളുടെ  ഏട്ടൻ  എന്ത്  ചെയ്യുന്നു ?”

“അവർക്കു  ഗുണ്ടാപ്പണിയായിരുന്നല്ലോ ? പിന്നീടത്  നിർത്തിയെങ്കിലും  പല

ഉന്നതന്മാരുടെയും  രഹസ്യങ്ങൾ  അവന്  അറിയാമായിരുന്നു . അവർ  അവനെ എന്നെന്നേക്കുമായി  ഇല്ലാതാക്കി !”

“അവളെങ്ങനെ  പണക്കാരിയായി ?”

“അത്  നിങ്ങൾ  നേരിട്ട്  ചോദിച്ചോള്ളൂ ! ഞാൻ  ഓട്ടോയെടുത്തു  വരാം !”

ഓട്ടോയെടുക്കാനായി  അയാൾ  പോയി .

ഭാഗം -20 


കൊട്ടാരസദൃശ്യമായ  ഒരു  വീടിൻ്റെ  മുന്നിൽ  ഞങ്ങൾ  ഇറങ്ങി

കാളിങ്  ബെൽ  അടിച്ചു .

ഒരു  വേലക്കാരി  വന്നു  വാതിൽ  തുറന്നു .

“എന്ത്  വേണം ?”

“റഫീഖും  സുരേന്ദ്രനും  വന്നിട്ടുണ്ടെന്ന്  നിന്റെ  കൊച്ചമ്മയോടു  ചെന്ന്  പറയൂ .”

“ശരി ! കയറി  ഇരിക്കൂ !”

പതു  പതുത്ത  സോഫാ സെറ്റികൾ . അതിൽ  രണ്ടു  സെറ്റികളിലായി  ഞങ്ങൾ  ഇരുന്നു . ഒരു  വലിയ  സെറ്റി  കൂടി  കാണാം .

അതി  ഗംഭീരമായ  കോണിയും  പടികളും  ആ  മുറിയിൽ  നിന്ന്  മുകളിലേക്ക്  പോകുന്നുണ്ട് .

അതാ  ഇറങ്ങി  വരുന്നൂ  പട്ടുസാരിയണിഞ്ഞു  സർവ്വാഭരണ  ഭൂഷിതയായി ശാന്തി ! അന്നത്തെപ്പോലെ  ഇന്നും  ഗൗരവഭാവം !

അവൾ  സെറ്റിയിൽ  കാലിന്മേൽ  കാലുംവെച്ചു  ഇരുന്നു . ഞങ്ങളുടെ  നേരെ  ഒരു  പുച്ഛ  ഭാവത്തിൽ  നോക്കി  ചോദിച്ചു .

“എന്താ  വന്നത് ?’

“ഞാൻ  പണ്ടൊരു  വാക്ക്  തന്നിരുന്നു …”-സുരേന്ദ്രൻ  അത്  പറയണോ  പറയണ്ടേ  എന്ന  സംശയത്തിലായിരുന്നു .

“എന്ത്  വാക്ക് ?”

“നിന്നെ  കല്യാണം  കഴിച്ചോളാമെന്ന് !”

“എന്നെയോ ?” അവൾ  പൊട്ടിച്ചിരിക്കാൻ  തുടങ്ങി . അവസാനം  ആ  ചിരി  വീണ്ടും  ഗൗരവമായി .

“എന്താടോ  തനിക്കിപ്പോ  ജോലി ?”

” ഒരു  സ്വകാര്യ  ബാങ്കിൽ  ക്ലാർക്ക്  ആണ് !”

അവൾ  വീണ്ടും  പൊട്ടിച്ചിരിച്ചു .

“ഞാനിപ്പോൾ  കഴിക്കുന്ന  ആഹാരം  വാങ്ങിക്കാൻ  തൻ്റെ  ഒരു  മാസത്തെ  ശമ്പളം  വേണ്ടിവരും ! പിന്നേ , താൻ  മരിച്ചാൽ  എനിക്ക്  എന്ത്  കിട്ടും ?ഒരു  സാദാ  ക്ലർക്കിന്റെയോ  സമൂഹത്തിലെ  ഏറ്റവും  നാണം  കേട്ട  വർഗ്ഗങ്ങളായ     അദ്ധ്യാപകരുടെയോ   ഭാര്യയാവുന്നതിനേക്കാൾ  ഭേദം  ഒരു  ഡോക്ടറുടെയോ  എൻജിനീയരുടെയോ  വെപ്പാട്ടിയാകുന്നതാണ് !”

“കരാട്ടെ  പഠിച്ച  നീയും  ഈ  മാർഗത്തിൽപ്പെട്ടുവോ  ?”- ഞാൻ (റഫീഖ് ) ചോദിച്ചു .

“കരാട്ടെ  ഉള്ളത്  കൊണ്ട്  മാത്രം  വയറു  നിറയുമോ ?ഏട്ടനെ  കൊന്നവർ  എന്നെ  പിടിച്ചു  കൊണ്ട്  പോയി  പലർക്കും  സമർപ്പിച്ചു . അന്ന് എന്നെ  നശിപ്പിച്ചവർ  ഇന്നെന്റെ  വാലാട്ടിപ്പട്ടികളാണ് . ഞാൻ  വിലപേശി  എല്ലാം  നേടി .ഇന്ന്  ഞാൻ  വിചാരിച്ചാൽ  മന്ത്രിസഭപോലും  വീഴും !   വാക്ക്  തെറ്റിച്ചതിനു  നഷ്ടപരിഹാരമായി  എത്ര  രൂപ  വേണം ?”

“ഒന്നും  വേണ്ട ! ഞങ്ങളിറങ്ങുന്നു !”

“ഒരു  എഞ്ചിനീയർ  വരാനിരിക്കുമ്പോഴാണ്  ഈ  ശവങ്ങളുടെ  വരവ് !” അവൾ  പിറുപിറുത്തു .

(തുടരും )

രൂപാന്തരം – ഭാഗം -21 


അന്ന്  അവൻ  ജോലിക്കു  പോകാനായി  ഒരുങ്ങുകയായിരുന്നു .

“ഇന്ന്  പോണ്ട  മോനെ !” അവൻ്റെ  അച്ഛൻ  പറഞ്ഞു .

“എന്താ  അച്ഛാ  അങ്ങനെ  പറഞ്ഞത് ?”

“എന്തോ  മനസ്സിനൊരു  വല്ലായ്മ  പോലെ ?”

‘അത്  സാരമില്ല , അച്ഛാ . ഒന്നുമുണ്ടാവില്ല ! അച്ഛനും  പഴയപോലെ  നന്നായി  ജോലി  ചെയ്യാൻ  പറ്റാത്ത  അവസ്ഥയായില്ലേ ? ഉള്ള  വരുമാനം  തുച്ഛമാണെങ്കിലും ആ  മുത്തശ്ശനെയും  മുത്തശ്ശിയേയും  കയ്യൊഴിയാൻ  തോന്നുന്നില്ല ! ഞാൻ  ജോലിക്കു  പോയാലല്ലേ  ഇപ്പോൾ  കുടുംബം  മുന്നോട്ടു  പോകൂ .”

അവൻ  ഓഫീസിൽ  പോകാനായി  ഇറങ്ങി .

ബാങ്കിലെ  ജോലിക്കിടയിലും  അച്ഛന്റെ  വാക്കുകളായിരുന്നു  അവൻ്റെ  മനസ്സിൽ !

എത്രയും  വേഗം  വീട്ടിലെത്തണം  എന്നായിരുന്നു  അവൻ്റെ  പ്രാർത്ഥന .

അങ്ങനെ  ജോലി  കഴിഞ്ഞു  അവൻ  വീട്ടിലെത്തി . അച്ഛൻ  പൂമുഖത്തു  തന്നെ  കാത്തു  നിൽക്കുന്നുണ്ടായിരുന്നു .

“മോനെ , രാവിലത്തെ  ഭക്ഷണം  കഴിച്ചു  ആ  മുത്തശ്ശൻ  പുറത്തു  പോയി  വന്നു  മുറിയിൽ  കയറി . പിന്നീട്  പുറത്തേക്കു  വന്നിട്ടില്ല !”

“മുത്തശ്ശാ , മുത്തശ്ശാ  വാതിൽ  തുറക്കൂ !”

ഒരു  മറുപടിയും  ഉണ്ടായില്ല .

അവൻ  സർവ്വ  ശക്തിയും  ഉപയോഗിച്ച്  വാതിൽ  തള്ളിത്തുറന്നു .

അതാ  വെറും  നിലത്തു  ആ  മുത്തച്ഛനും  മുത്തശ്ശിയും  കിടക്കുന്നു . അടുത്ത്  തന്നെ  ഒരു  കുപ്പിയുമുണ്ട് !

എന്താ  ആ  കുപ്പിയിൽ  എഴുതിയിരിക്കുന്നത് ?

വിഷം ! ദൈവമേ  ! അവരെന്തിനിതു  ചെയ്തു ?

അതാ  മേശപ്പുറത്തു  ഒരു  എഴുത്ത് !

“മോനെ , ഞങ്ങളോട്  ക്ഷമിക്കൂ ! കുടുംബം  നോക്കാൻ  നീ  പാടുപെടുന്നത്  കണ്ടിട്ട്  സഹിക്കുന്നില്ല . ആരോരുമില്ലാത്ത  ഞങ്ങളെ  നോക്കാനും  അച്ഛനമ്മമാരെ  നോക്കാനും  വേണ്ടി  നീ  ചക്രശ്വാസം  വലിക്കുന്നത്  കാണുമ്പോൾ  നിന്റെ  ഭാരം  കുറക്കാൻ  ഇതേ  ഞങ്ങൾക്ക്  ചെയ്യാൻ  കഴിയൂ !”

“എന്നെ  സ്നേഹിച്ചവരെല്ലാം  എന്നെ  വിട്ടു  പോകുകയാണല്ലോ ? ഞാനിത്ര  പാപിയാണോ ? എല്ലാവരെയും  സ്നേഹിക്കാനാണ്  അച്ഛനുമമ്മയുമെല്ലാം  പഠിപ്പിച്ചത് . സ്നേഹിക്കുന്നവരെല്ലാം  മനസ്സിൽ  മുറിവ്  മാത്രം  നൽകിയാൽ  സ്നേഹിക്കുന്നതിനു  എന്ത്  അർത്ഥം ?”

അവൻ  അവരെ  കെട്ടിപ്പിടിച്ചു  കരഞ്ഞു .

ഭാഗം -22(രൂപാന്തരം )

സുരേന്ദ്രൻ  ആ  മുത്തശ്ശന്റെയും  മുത്തശ്ശിയുടെയും  ചിതകൾക്കു  തീ  കൊടുക്കാനായി  നിൽക്കുകയാണ് .പെട്ടെന്നാണ്  അവിടെ  ഒരു  കാർ  വന്നു  നിന്നത് .

കൂളിംഗ് ഗ്ലാസ്  ധരിച്ച  ഒരു  ആജാനുബാഹുവായ  മനുഷ്യൻ !

“നിർത്തൂ ! എൻ്റെ  അച്ഛന്റെ  കർമ്മങ്ങൾ  നീ  ചെയ്യേണ്ട ! അച്ഛൻ  ആധാരം  വീട്ടിൽ  വെക്കാതെയാണ്  പോന്നത് . അതും  നീ  തട്ടിയെടുത്തു  കാണും !”

“എനിക്കാരുടേയും  ഒന്നും  വേണ്ട ! അവരുടെ  ഭാണ്ഡം  മുറിയിലുണ്ട് .”

“ആധാരം  കിട്ടുന്നതുവരെ  തീ  കൊളുത്തരുത് !”

അയാൾ  സുരേന്ദ്രന്റെ  വീട്ടിലേക്കോടി .

എന്ത്  ചെയ്യണമെന്നറിയാതെ  കുറേ  നേരം  സുരേന്ദ്രൻ  ഈറൻ  വസ്ത്രവുമായി  നിന്നു .

അതാ  വരുന്നൂ  ചിരിച്ചു  കൊണ്ട്  അയാൾ !

“ഹാവൂ ! അച്ഛൻ  എൻ്റെ  പേരിൽത്തന്നെയാണ്  ആധാരം  എഴുതിയിട്ടുള്ളത് !

ഇനി  വേണമെങ്കിൽ  നീ  ക്രിയകൾ  ചെയ്തോ !”

അയാൾ  കാറിൽ  കയറിപ്പോയി .

“സ്വന്തം  അച്ഛനമ്മമാരേക്കാൾ  പണത്തെ  സ്നേഹിക്കുന്ന  കാലം !” ചിതക്ക്  തീ  കൊടുക്കും  മുമ്പ്  ആരോടെന്നില്ലാതെ  സുരേന്ദ്രൻ  പറഞ്ഞു.

ഭാഗം -23 

ഒരു   ശനിയാഴ്ച  സുരേന്ദ്രൻ  ഓഫീസിൽ  നിന്ന്  തിരികെ  വരികയായിരുന്നു . എന്തോ  കാരണത്താൽ  കുറേ  നേരമായി   വാഹനങ്ങൾ  വഴിയിൽ  ബ്ളോക്  ആയി  കിടക്കുകയാണ് .

അവൻ  ബസ്സിൽ  നിന്നിറങ്ങി . അങ്ങകലെ  ഒരു  ജനക്കൂട്ടം . എന്താണാവോ ?

ജനങ്ങൾക്കിടയിൽ  തിക്കിത്തിരക്കി  അവനൊന്നേ  നോക്കിയുള്ളൂ ! ഞെട്ടിത്തിരിഞ്ഞു  പിറകോട്ടുമാറി .

ശാന്തിയല്ലെ  മരിച്ചു  കിടക്കുന്നത് ! ശരീരമെല്ലാം  ഉറുമ്പരിക്കുന്നു !

“ഒരിക്കൽ  നിന്റെ  ശരീരം  പണക്കാർ  ഭക്ഷിച്ചു . ഇപ്പോൾ  ഉറുമ്പുകളും  ! പണവും  പദവിയും  നീർക്കുമിളകൾ !”- അവൻ  മറ്റാരും  കേൾക്കാതെ  പറഞ്ഞു .

അൽപ്പ  സമയം  കഴിഞ്ഞു . അവൻ  ബസ്സിൽ  തിരിച്ചു  കയറിയില്ല . വാഹനങ്ങൾ  മുന്നോട്ടു  പോയി .

സമയം  രാത്രി . നഗരം  വിജനം .അവൻ  ശാന്തിയെ  കൈകളിൽ  കോരിയെടുത്തു .

“ആരെയും  ഉപേക്ഷിക്കുന്ന  ശീലം  എനിക്കില്ല !”-അവൻ  വീട്ടിലേക്കായി  നടന്നു .

ഭാഗം -24

വർഷങ്ങൾ  കടന്നു  പോയി .

എനിക്കും  ജോലി  കിട്ടി . ഒരു  ഓഫീസിൽ  തൂപ്പുകാരനായിട്ടാണ്  ജോലി .

സെർട്ടിഫിക്കറ്റുകളും  വിദ്യാഭ്യാസവും   വെറും  കടലാസ്  കഷ്ണങ്ങളാകുന്ന  അവസ്ഥ !

ഏതായാലും  മൂന്ന്  നേരം   ഭക്ഷണം  കഴിക്കാനുള്ള  വകയായല്ലോ ?

എങ്ങനെയായാലും  ഞങ്ങളുടെ  സൗഹൃദത്തിന്  ഒരു  ഉലച്ചിലും  സംഭവിച്ചില്ല . അങ്ങനെയിരിക്കെയാണ്  അവൻ്റെ  ജീവിതത്തിൽ  അനിശ്ചിതത്വം  ഉണ്ടാക്കി  ആ  സംഭവം  നടന്നത് .

അന്ന്  ഞങ്ങൾ  ഞങ്ങളുടെ  മാതാപിതാക്കളേയും  കൂട്ടി  ഒരു  വിനോദയാത്രക്ക്  പോകാൻ  തീരുമാനിച്ചു .

ഒരു  കാർ  വാടകക്കെടുത്തു  ഞങ്ങൾ  യാത്ര  പുറപ്പെട്ടു . അവനായിരുന്നു  വണ്ടി  ഓടിച്ചിരുന്നത് .

ഞങ്ങൾ  വീട്ടിൽ  നിന്ന്  തന്നെ  ഭക്ഷണം  തെയ്യാറാക്കിയാണ്  യാത്ര .

ഞങ്ങൾ  റോഡരികിൽ  വണ്ടി  നിർത്തി . തുണി  വിരിച്ചു  അതിൽ  കഴിക്കാനുള്ളത്  കൊണ്ട്  വന്ന  പാത്രങ്ങൾ  വെച്ചു .

അവൻ്റെ  അമ്മ  ചോറ്  കുഴച്ചു  ഒരു  ഉരുള  അവൻ്റെ  വായിലും  എൻ്റെ  വായിലും വെച്ചു  തന്നു . അതുപോലെ  എൻ്റെ  ഉമ്മയും  ഓരോ  ഉരുള  ഞങ്ങളുടെ  വായിൽ  വെച്ച്  തന്നു .

എൻ്റെ  ബാപ്പ  അവൻ്റെ  അച്ഛനും  അവൻ്റെ  എൻ്റെ  ബാപ്പക്കും  ചോറ്  ഉരുളകൾ  നൽകി .

” ഇനി  ഞങ്ങൾ  അമ്മമാർക്കും  അച്ഛന്മാർക്കും  തരാം !”- അവൻ  പറഞ്ഞു . അവൻ  ഒരു  ഉരുള   അമ്മയുടെ  വായിലേക്ക്  വെക്കാനൊരുങ്ങി .

പെട്ടെന്നാണ്  ഒരു  ലോറി  ലക്കും  ലഗാനുമില്ലാതെ  പാഞ്ഞു  വന്നത് .

ഞങ്ങൾ  പെട്ടെന്ന്  അവരെയും  കൊണ്ട്  ഓടാൻ  ശ്രമിച്ചു .

പക്ഷേ …..

ചോര  പെട്ടെന്ന്  ഞങ്ങളുടെ  മുഖത്തേക്ക്  ചീറ്റി .

നാല്  ശരീരങ്ങൾ  അവിടെക്കിടന്നു  പിടയുന്നു .

“അള്ളാ ! ഞമ്മന്റെ  കാല്  മുറിഞ്ഞേ …!” ബാപ്പ  നിലവിളിച്ചു .

ചോരയിൽ  കുളിച്ചു  കിടക്കുന്നു  അവൻ്റെ  അച്ഛനുമമ്മയും !

ശരീരത്തെ  അരച്ച്  വണ്ടി  നിർത്താതെ  പോയിരിക്കുന്നു  ആ  ദുഷ്ടന്മാർ !

“അച്ഛാ ! അമ്മേ ! കുട്ടിക്കാലത്തെപ്പോലെ  തിരിച്ചും  ഒരു  ഉരുള  ചോറ്  തരാൻ  ദൈവം  അനുവദിച്ചില്ലല്ലോ !”

ഏതായാലും  കരഞ്ഞു  കൊണ്ട്  രണ്ടു  ചെറിയ  ഉരുളകൾ  ഉണ്ടാക്കി  ആ  ചുണ്ടുകളിൽ  അവൻ  തൊടുവിച്ചു .

(തുടരും )

രൂപാന്തരം – ഭാഗം -25  


അച്ഛനമ്മമാരുടെ  വേർപാട്  അവനെ  മാനസികമായി  തളർത്തി . വീട്ടിൽ  നിന്നും  എങ്ങോട്ടും  പുറത്തിറങ്ങാതെ  ഒരേ  ഇരിപ്പായിരുന്നു .

ഒരു  ദിവസം  പതിവിൽ  നിന്നും  വ്യത്യസ്തമായി  തോളിൽ  ഒരു  തുണിസഞ്ചിയുമായി  അവൻ  വീട്ടിൽ  വന്നു .

“ഞാൻ  ഇവിടെത്തന്നെ  നിന്നാൽ  മനസ്സ്  മരവിച്ചു  പോകും . അതുകൊണ്ടു  ഒരു  തീർത്ഥാടനത്തിന്‌  പോകുകയാണ് . എന്ന്  തിരിച്ചു  വരും  എന്നറിയില്ല !”

“നിന്റെ  മനസ്സിന്  ആശ്വാസം  കിട്ടുമെങ്കിൽ  പോയിവാ !”

അങ്ങനെ  അവൻ  യാത്രയാരംഭിച്ചു .പല  ദേവാലയങ്ങളിൽ സന്ദർശിച്ചു  അവസാനം  കൈലാസത്തിലെത്തി  ദർശനം  കഴിഞ്ഞതും  തളർന്നു  വീണു . അവൻ  ഉണർന്നപ്പോൾ  ഒരു  സന്യാസി  അടുത്തുണ്ടായിരുന്നു .

“ഭഗവാനെ  കാണാനായി  വന്നതാണ്  അല്ലേ ?”

“അതേ !”

“എത്ര  അമ്പലങ്ങളിൽ  പോയി ?”

“ഒരു  പാട് !”

“ദൈവത്തെ  കാണാൻ  കഴിഞ്ഞോ ?”

“ഇല്ല !”

“എങ്ങനെകാണും ?മനുഷ്യന്റെ  മനസ്സ്  കസ്‌തൂരി  മാനിനെപ്പോലെയാണ് . കസ്‌തൂരി  മാൻ  തൻ്റെ  ശരീരത്തിലുള്ള  കസ്തുരിയുടെ  ഗന്ധം  അന്വേഷിച്ചു  മറ്റുള്ളയിടത്തു  പോകുന്നത്  പോലെ  മനുഷ്യൻ  തൻ്റെ  മനസ്സിലുള്ള  ദൈവത്തെ  കണ്ടെത്താതെ  പുറമേ  അതിനെ  കണ്ടെത്താനായി  അലയുന്നു .”(ഹിന്ദി  കവി  കബീർദാസോ  സൂർദാസോ  പറഞ്ഞ  ഒരു  വരിയുടെ  ആശയം )

“ഞാൻ  എന്ത്  ചെയ്യണം ?”

“നീ  കാണുന്ന  ഒരു  വസ്തുവിലേക്കു  മനസ്സിനെ  കേന്ദ്രീകരിക്കുക . മനസ്സിൽ  വരുന്ന  നല്ലതും  ചീത്തയുമായ  ചിന്തകൾ  കടന്നു  പോകട്ടെ ! നോട്ടം  തുടരുക . ക്രമേണ  മനസ്സിൽ  ഒരു  പ്രകാശം  തെളിയും !കൂടാതെ  എല്ലാവരിലും  ഈശ്വരനെ  കാണുക ! അവനവനും  മറ്റുള്ളവരും  എല്ലാം  ഈശ്വരചൈതന്യമാണ്‌ !”

അവൻ  തൻ്റെ  മൂക്കിന്റെ  അറ്റത്തേക്ക്  മാത്രം  ശ്രദ്ധ  കേന്ദ്രീകരിച്ചു .

ഏകാഗ്രതയുടെ  ഉന്മാദത്തിലേക്കു  അവൻ  ഊളിയിട്ടു .

മണിക്കൂറുകൾ  കടന്നു  പോയി .

“സ്വാമീ , ഞാൻ  ഇത്  വരെ  അനുഭവിച്ചിട്ടില്ലാത്ത  ഒരു  ആനന്ദം  മനസ്സിൽ  അനുഭവിച്ചു ! ഇത്  എന്നും  ആസ്വദിക്കാൻ  ദയവായി  അങ്ങ്  എനിക്ക്  സന്യാസം  തരിക !”

അങ്ങനെ  അവൻ  സന്യാസിയായി .

അപ്പോഴും  ഞാനുമായുള്ള  ബന്ധം  അവൻ  വേർപെടുത്തിയിട്ടുണ്ടായിരുന്നില്ല . എനിക്ക്  ഇടയ്ക്ക്  കത്തുകൾ  എഴുതാറുണ്ടായിരുന്നു .

ഒരു  ദിവസം  ആ  സന്യാസിക്ക്  ശ്വാസതടസ്സം  അനുഭവപ്പെട്ടു .

“ഗുരോ ! ഞാൻ  എന്താണ്  ചെയ്യേണ്ടത് ? കാതങ്ങളോളം   സഞ്ചരിച്ചാലേ  ചികിത്സകരെ  കിട്ടാൻ  മാർഗ്ഗമുള്ളൂ !”

“സാരമില്ല ! ദൈവം  വിളിച്ചപ്പോൾ  വന്നു ! ദൈവം  വിളിക്കുമ്പോൾ  പോകണം ! ഒരു  കടലാസും  പേനയും  കൊണ്ട്  വരൂ !”

അവൻ  കടലാസും  പേനയും  കൊടുത്തു .

‘ഈ  കത്തുമായി  വരുന്ന  ആനന്ദ സ്വാമികൾ  എൻ്റെ  ശിഷ്യനാണ് . അവനെ  മഠത്തിന്റെ  അനന്തരാവകാശിയാക്കുക ! മറ്റു  സ്വാമിമാരൊന്നും  എതിര്  പറയില്ലെന്ന്  കരുതുന്നു ! അധികാരമോഹികളായ  അവരെ  അവനെ  ഉപദ്രവിക്കുന്നതിൽ  നിന്നും  അകറ്റി  നിർത്തുക !”

“ഈ  കത്ത്  മഠത്തിന്റെ  നടത്തിപ്പുകാരന്  കൊടുക്കണം .”

അങ്ങനെ ആ  ഗുരു അന്ത്യശ്വാസം  വലിച്ചു .

അവൻ  ആ  ശരീരവുമായി  മഠത്തിലെത്തി .

മറ്റു  സന്യാസിമാരുടെ  നിർദേശപ്രകാരം  കർമ്മങ്ങൾ  ചെയ്തു .

അവൻ്റെ  പെരുമാറ്റം  എല്ലാവർക്കും  ഇഷ്ടപ്പെട്ടു .

അങ്ങനെ  അവൻ  ആ  സ്ഥാനം  ഏറ്റെടുത്തു .

ഭാഗം -26

.ഒരു  ദിവസം  അവൻ  മഠത്തിന്റെ  വരാന്തയിൽ  ഇരിക്കുകയായിരുന്നു . പെട്ടെന്നാണ്  ഒരു  മുസ്ലീം  പേടിച്ചു  കൊണ്ട്  അവിടേക്കു  ഓടിവന്നത് . അയാൾ  കിതക്കുന്നുണ്ടായിരുന്നു .

“എന്താ ?”

“ഒരാൾ  വടിവാളുമായി  എന്നെ  കൊല്ലാൻ  വരുന്നു !”

പറഞ്ഞു  തീർന്നപ്പോഴേക്കും  അലറിക്കൊണ്ട്  ഒരാൾ  വടിവാളുമായി  അവിടെയെത്തി .

അവൻ  അവർക്കിടയിൽ  നിന്നു .

“എന്താ  പ്രശ്‍നം ?”

“ഞാൻ  ഒരു  ഹിന്ദു . ഇവൻ  എൻ്റെ  പേരക്കുട്ടിക്ക്  മധുരപലഹാരങ്ങൾ  വാങ്ങിച്ചു  കൊടുത്തു . അവരോടു  സ്നേഹം  കാണിക്കാൻ  അയാളാരാ ?”

“സ്നേഹിക്കാൻ  എന്തിനാണ്  സ്വന്തബന്ധങ്ങൾ ? കുട്ടികൾ  ആരുടേതായാലും  ചോര  ഒന്ന്  തന്നെയല്ലേ ? ഒരു  കുട്ടിയോട്  സ്നേഹം  കാണിച്ചത്  എങ്ങനെ  തെറ്റാകും ? എന്തിനാ  ഇങ്ങനെ  വടിവാളുമായി  ഈ  നിസ്സാരകാര്യത്തിനു  കൊല്ലാൻ  നടക്കുന്നത് ?”

“അവൻ  ഒരു  മുസ്ലീമാണ് !”

“അത്  കൊണ്ടെന്താ ? എൻ്റെ മാതാപിതാക്കളെ കുറേക്കാലം  നോക്കിയത്  ഒരു  മുസ്ലീമാണ് . മരിക്കാറാകുമ്പോൾ  വെള്ളം  തരുന്നത്  ഹിന്ദുവാണോ  മുസ്ലീമാണോ  എന്ന്  നിങ്ങൾ  നോക്കാറുണ്ടോ ?”

“എന്നെ  പിന്തിരിപ്പിക്കാനായി  നിങ്ങൾ  പറയുന്നതാണ് !”

“അല്ല ! തെളിവിനായി  ഞാൻ  എൻ്റെ  പ്രാണന്  തുല്യമായ  സുഹൃത്തിനെ  കൂട്ടിക്കൊണ്ടു  വരാം !”

അങ്ങനെ  എന്നെ  കൂട്ടിവരാനായി ആ  മുസ്ലീമിനെക്കൂടി  അവൻ  പുറപ്പെട്ടതാണ് .

അവന്  അവസാനത്തെ  വെള്ളം  കൊടുത്തതും  ആ  മുസ്‌ലീം  ആയിരുന്നു !

തീവണ്ടിയിൽ  വെച്ച്  കടുത്ത  നെഞ്ച്  വേദന  വന്നുവെന്നാണ്  പത്രത്തിൽ  നിന്ന്  വായിച്ചറിഞ്ഞത് . ഞാൻ  ഓടിയെത്തിയപ്പോഴേക്കും  അവനെ  മഠത്തിലേക്ക്  കേറ്റിക്കഴിഞ്ഞിരുന്നു . ആ  മുസ്‌ലീം  അപ്പോഴും  പുറത്തു  കാത്തു  നിന്നു . ഇനി  ഞാൻ   മതം  ഏതെന്നു  മറച്ചു  വെച്ച്  അവനു  വേണ്ടി ബലിയിടും !കാക്കകൾ  എൻ്റെ  ബലിച്ചോറു  സ്വീകരിക്കും . അവൻ്റെ  എല്ലാമെല്ലാമല്ലേ  ഞാൻ !

(അവസാനിച്ചു )

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.