പകലവൻ!
……………………
കാലത്തിനൊപ്പം നടക്കാൻ
സൂര്യൻ കാലു കുത്തുന്ന നേരത്തെ
നമ്മൾ ‘കാലത്തെ’യെന്നു പറയും.
ഉച്ചിക്കുമുകളിലവനെത്തുന്ന നേരത്ത്
‘ഉച്ച’യായെന്നു പുലമ്പും.
പാവമല്പം പടിഞ്ഞാട്ടു പോയാൽ
ദേണ്ടെ … ‘ഉച്ചതിരിഞ്ഞെ’ന്നു കേൾക്കാം.
വൈകാതിരിക്കാനവൻ ശ്രമിക്കുന്നത് ‘വൈകുന്ന നേര’വുമാക്കി.
വെറുതെയല്ലിവനു നാം പകലവനെന്നൊരു പര്യായമിട്ടത് കേട്ടോ ..
അനിയത്തി!
……………………
പാവയ്ക്ക് പാവാട തുന്നും
പ്ലാവിലപ്പാത്രം മയക്കും
പാരാതിലക്കറി വയ്ക്കും
നല്ല കണ്ണൻ ചിരട്ടയിൽ ചോറും.
മണ്ണുകൊണ്ടുള്ള ചോറുണ്ണാനവൾ
എന്നെയും കൊഞ്ചി വിളിക്കും
ചെന്നില്ലയെങ്കിൽ ചിണുങ്ങും
പിന്നെക്കൊഞ്ചൽ കരച്ചിലായ് മാറും.