“ഒട്ടും  പ്രതീക്ഷിച്ചില്ല , അല്ലേ ?”

ആ  ചോദ്യം  കേട്ട്  അയാൾ  തിരിഞ്ഞുനോക്കി .ഈ  വയസ്സാംകാലത്തു  തന്നോട്  ഈ  ചോദ്യം  ചോദിക്കുന്ന  ഈ  സ്ത്രീ  ആരായിരിക്കും ?

“ആരാ ? നിങ്ങൾക്കെങ്ങനെ  എന്നെയറിയാം ?”

“സുദർശനൻ  എന്നല്ലേ  പേര് ?”

“അതേ ! എങ്ങനെ  അറിയാം ?”

“ഒരു  മുപ്പതു  വർഷങ്ങൾക്കു  മുമ്പുള്ള  കാര്യങ്ങൾ  ഒന്ന്  ഓർത്തുനോക്കിയാൽ  നിങ്ങൾക്കെന്നെ  തിരിച്ചറിയാൻ  പറ്റും !”

“ഇല്ല ! പഴയതൊന്നും  എനിക്ക്  ഓർമ്മയില്ല ! അത്  മാറാനാണ്  ഞാനിവിടെ  ചികിത്സക്ക്  വന്നത് !”

“സുശീല  എന്ന  പേര്  ഓർക്കുന്നില്ലേ ?”

“സുശീലയോ ? അതാരാ ?”

“ഞാൻ !”

“ഞാനെന്നു  പറഞ്ഞാൽ  എനിക്കെങ്ങനെയാ  മനസ്സിലാവുക ?”

“നിങ്ങളാരാണെന്ന്  നിങ്ങൾക്ക്  ഓർമ്മയുണ്ടോ ?”

“പേര്  സുദർശനൻ  എന്ന്  മാത്രം  ഓർമ്മയുണ്ട് .പഴയതൊന്നും  ഓർക്കാൻ  പറ്റാത്തതാണ്  എൻ്റെ  അസുഖമെന്നു  മറ്റുള്ളവർ  പറയുന്നു !”

“നിങ്ങൾ  ഒരു  കോളേജ്  അദ്ധ്യാപകനായിരുന്നു .”

“ആണോ ? ആയിരുന്നിരിക്കാം !”

“നിങ്ങൾ  ചെയ്ത  ഉപകാരം  ഞാനെങ്ങനെ  മറക്കും ?”

“ഞാൻ  എന്താ  ചെയ്തത് ?”

“ഞാൻ  സ്കൂളിൽ  പഠിക്കുന്ന  കാലത്തു  എന്നെ  അവിടെനിന്നും  പുറത്താക്കി . എൻ്റെ  മാതാപിതാക്കൾക്ക്  എയ്‌ഡ്‌സ്‌  ആണത്രേ ! സമൂഹത്തിന്റെ  പരിഹാസം  കേട്ട്  അവർ  ആത്മഹത്യ  ചെയ്തു . ആരോ  പറഞ്ഞുകേട്ട്  നിങ്ങൾ  എന്നെ  ദത്തെടുത്തു .ജീവിതകാലം  മുഴുവൻ  അവിവിവാഹിതനായിരുന്ന് എന്നെ  പഠിപ്പിച്ചു  കളക്ടർ  ആക്കി . പെട്ടെന്നാണ്  നിങ്ങളെ  കാണാതായത് !”

“ആണോ ? ഒന്നും  ഓർമ്മയില്ല !”

‘ഞാൻ  നിങ്ങളെ  കൂട്ടികൊണ്ടു  പോകാൻ  വന്നതാണ് .”

“എങ്ങോട്ട് ?”

“എൻ്റെ  വീട്ടിലേക്ക് !”

“എന്തിന് ?”

“നിങ്ങളെ  പരിചരിച്ചു  സുഖപ്പെടുത്താൻ !”

“ഓരോരുത്തര്  വയസ്സായ  മാതാപിതാക്കളെ  വലിച്ചെറിയാനാണ്  നോക്കുന്നതെന്ന്  പറഞ്ഞു  കേട്ടിട്ടുണ്ട് . അപ്പോൾ  എന്തിനാ  നീ  ഈ  ഓർമ്മയില്ലാത്ത  ഭ്രാന്തനെ  ഏറ്റെടുക്കുന്നത് ?”

“നിങ്ങൾക്കുവേണ്ടി  കാത്തിരിക്കുന്ന  ഒരാൾ  എൻ്റെ  കൂടെയുണ്ട് !”

“ആരാ ?”

“നിങ്ങളെ  വിവാഹം  കഴിക്കാൻ  ആഗ്രഹിച്ചിരുന്ന  ഒരു  സ്ത്രീ ! പേര്  പറഞ്ഞാലും  ഓർമ്മയിൽ  വരില്ല  എന്നതുകൊണ്ട്  ഞാൻ  പറയുന്നില്ല . എയ്ഡ്സ്  ഉള്ള  കുട്ടിയെ  ദത്തെടുത്തതുകൊണ്ടു  മുടങ്ങിപ്പോയതാണ്  നിങ്ങളുടെ  വിവാഹം .അവരും  വിവാഹം  കഴിച്ചിട്ടില്ല . കാത്തിരുന്ന്  കാത്തിരുന്ന്  നിരാശയായി  സമനില  തെറ്റി  അവർ  ഭ്രാന്താശുപത്രിയിൽ

ആയിരുന്നു . അവിടെ  നിന്നിറങ്ങി  എങ്ങോട്ടെന്നില്ലാതെ  നടന്ന്  വിശന്നു  തളർന്നു  റോഡിൽ  കിടന്ന  അവരെ  ഞാൻ  എൻ്റെ  വീട്ടിലേക്കു  കൊണ്ട് വന്നു .”

“ഒരു  ഭ്രാന്തന്  പറ്റിയ  ജോഡി  ഭ്രാന്തി  തന്നെ , അല്ലേ ?”

“ഞാനവരെ  വിളിക്കാം .”

അൽപ്പ  സമയം  കഴിഞ്ഞപ്പോൾ  സുശീല  ഒരു  വൃദ്ധയേയും  കൂട്ടിവന്നു .

“സുദര്ശനേട്ടാ , ഇത്  ഞാനാ , നിങ്ങളുടെ  മുറപ്പെണ്ണ്  ശ്രീജയ !”

ആ  വൃദ്ധർ  പരസ്പരം  കണ്ണുകളിലേക്കു  കുറേ  നേരം  നോക്കി . അവർ  ഒരു  പക്ഷേ  തിരിച്ചറിഞ്ഞു  കാണും ! രണ്ടുപേരുടെയും  കണ്ണുകൾ  നിറഞ്ഞിരുന്നു

“സ്നേഹത്തിന്  പ്രായമില്ല ! അതിനു  തിരിച്ചു  കൊണ്ടുവരാൻ  കഴിയാത്ത  ഓർമ്മകളില്ല !” സുശീല  ആ  വൃദ്ധരുടെ  കൈകളെ  ചേർത്ത്  പിടിപ്പിച്ചു .

Rajesh Attiri
Writer, Malayalam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.