27.5 C
Bengaluru
January 17, 2020
Untitled

Prothalamion- translation

ആമുഖം

ഇംഗ്ലീഷ്  കവിതാ  സാഹിത്യ  ശാഖയിൽ “കവികളുടെ  കവി ” എന്നറിയപ്പെടുന്ന  ശ്രീ . എഡ്മണ്ട്  സ്‌പെൻസർ  രചിച്ച  രണ്ടു

വിവാഹ  മംഗള  ഗാനങ്ങളായ  കവിതകളാണ്  Prothalamion and Epithalamion .

എഡ്വേർഡ്  സോമെർസെറ്റിന്റെ  മക്കളായ  എലിസബത്ത് , കാതറിൻ  എന്നിവർ  ഹെൻറി  ഗിൽഫോർഡിനെയും  വില്യം  പീറ്ററെയും  വിവാഹം  ചെയ്യുന്ന  സന്ദർഭത്തിൽ  രചിച്ച  മംഗള  ഗാനമാണ്  Prothalamion.  വിവാഹത്തിന്  മുന്നോടിയായ  ഗാനം  എന്ന്  അർത്ഥം  വരുന്ന  ഈ  പദം  കവി  തന്നെ  കണ്ടുപിടിച്ചതാണ് .

ഇതിന്റെ  ഒരു  പരിഭാഷ  നടത്താനുള്ള  ശ്രമമാണ്- രാജേഷ്  ആട്ടീരി – താനൂർ

                    PROTHALAMION

1 . ദിനം  ശാന്തം .

    മാധുര്യമാം  സുഗന്ധം  പൊഴിച്ച്  കൊണ്ട്

    തൻ  തന്ത്രികൾ  മീട്ടുന്നു

    പടിഞ്ഞാറൻ  മന്ദമാരുതൻ  സൈഫ്റ്സ് .

    ഭരണ  കാര്യങ്ങളാം  കാർമേഘങ്ങൾ

    എൻ  മനസ്സാം  സൂര്യരശ്മിയെ  മറക്കുമ്പോൾ

     ഹേ ! തേംസ്  നദീ ! നിൻ  മാതൃ  കരങ്ങളിൽ

     ശിശുവായി  ഞാൻ  വന്നണയുന്നു !

     പുഷ്പശയ്യയൊരുക്കി  നിൻ  തീരങ്ങൾ

     കാത്തിരിക്കുന്നുവോ  ആ  സുദിനത്തിനായി ,

     മംഗല്യ  ദിനത്തിൽ  കന്യകമാർ  തൻ

     കിരീടത്തിൻ  അലങ്കാരമാകുവാൻ !

     മധുരമാം  തേംസ്  നദീ

     അനുസ്യൂതമായി  പ്രവഹിക്ക  നീ

     എൻ  ഗാനം  നിലക്കും  വരെ !

2 . കണ്ടു  ഞാൻ  നിൻ  തീരത്തെ  പുൽമേടയിൽ

    പച്ചയാം  മുടിച്ചുരുൾ  വിടർത്തി  നിൻ

     ഓളങ്ങൾ  തൻ  പുത്രിമാരെ !

     ലോലമാം  ആ  വിരലുകൾ

     പുഷ്പങ്ങളെ  തഴുകി  ആനയിക്കുന്നുവോ

     ആ  കൈകളിൽ  ഊയലാടും

     ചൂരൽ  കുട്ടകളിലേക്ക് !

     കാത്തിരിക്കുന്നുവോ  ഓരോ  പുഷ്പവും

     മണിയറകൾ  സുഗന്ധപൂരിതമാക്കുവാൻ ?

     മധുരമാം  തേംസ്  നദീ

     അനുസ്യൂതമായി  പ്രവഹിക്ക  നീ ,

     എൻ  ഗാനം  നിലക്കും വരെ !

3  .ഒഴുകി  വരുന്നുവോ  ലീ  നദിയിൽ 

   (തേംസ്  നദിയുടെ  ഉപനദി )

    ഹിമകണം  പോൽ  ശ്വേതമാം   അരയന്നങ്ങൾ !

    കണ്ടീലാ  ഞാനീ  ഭൂവിലെങ്ങും 

    ഇത്രയും  തൂവെണ്ണയാം  ഖഗങ്ങളെ !

    വെള്ളപ്പുതപ്പ്  പുതച്ച  പിൻഡസ്  ശിഖരങ്ങളും 

    ഒളി  മങ്ങിയോ  അവർ  തൻ  ശോഭയിൽ !

    പ്രണയ  സാഫല്യത്തിനായി 

    അരയന്ന  ജന്മമെടുത്ത  ജൂപ്പിറ്റർ  ദേവാ ,

    അങ്ങയുടെ  ചൈതന്യവും  നിഷ്പ്രഭമെന്നോ 

     ഇവർ  തൻ  സ്വർഗ്ഗീയ  തേജസ്സിൻ  മുന്നിൽ !

     (ലിഡയുടെ  പ്രേമം  ലഭിക്കുവാനായി  ജൂപ്പിറ്റർ  ദേവൻ  അരയന്നമായി 

      അവതരിച്ചു . അങ്ങനെ  രണ്ടു  മുട്ടകൾ  ഉണ്ടായി . ആദ്യത്തേതിൽ  നിന്ന് 

      Castor,Clytemnestra  എന്നിവരും  രണ്ടാമത്തേതിൽ  നിന്ന്  Pollux, Helen

      എന്നിവരും  ഉണ്ടായി .)

     മടിക്കുന്നുവോ  ഓളങ്ങളും 

     അവയെ  സ്പർശിച്ചു  അപവിത്രമാക്കുവാൻ !

     ഈ  സ്വർഗ്ഗീയ  പ്രകാശം  കാത്തിരിക്കുന്നുവോ 

     ആ  സുദിനത്തിനായി ?

      മധുരമാം  തേംസ്  നദീ , ശാന്തമായി  ഒഴുകുക  നീ,

      എൻ  ഗാനം  നിലക്കും  വരെ !

  4 .പുഷ്പങ്ങൾ  തൻ  സാമ്രാജ്യം  തീർത്ത  ജലകന്യകമാർ ,

      ഓടിയണഞ്ഞുവോ  ഈ  താരകങ്ങളെ  ദർശിക്കുവാൻ !

      സർവ്വവും  വിസ്മയിച്ചു  നിന്ന്  പോയോ  അവർ 

      ഈ  അഭൗമ  സൃഷ്ടികൾ  തൻ  മായാവലയത്തിൽ !

      വീനസ്  എന്ന  സൗന്ദര്യ  ദേവത  ഈ  ധരിത്രിയിൽ 

      സ്നേഹ  കുസുമങ്ങൾ   പൊഴിച്ചതു  ഇവർ  തൻ  രഥത്തിൽ  നിന്നോ ?

       ഈ  വസന്ത  കാലത്തെ  സുഗന്ധപൂരിതമാക്കി  ആ 

       സുദിനത്തിനായി  ഒരുക്കുന്നുവോ ?

       മധുരമാം  തേംസ്  നദീ , ശാന്തമായി  ഒഴുകുക  നീ ,

        എൻ  ഗാനം  നിലക്കും  വരെ !

        

       

5 .    സുഗന്ധപൂരിതമാം  പുൽമേട  തൻ  അഭിമാനത്തെ 

        വർഷിച്ചുവോ  ആ  ദൈവീക  സൃഷ്ടികൾ  തൻ  മേൽ !

        പുഷ്പാലംകൃതമാം  നദിയും  തീരവും 

        സ്മരിപ്പിച്ചുവോ  പുണ്യമാം  ആ  പെന്യൂസ്  നദിയെ !

        ( പിൻഡസ്  പർവ്വത  നിരകളിൽ  നിന്ന്  ഉത്ഭവിച്ചു  ടെമ്പേ   

         താഴ്വരയിലൂടെ  ഒഴുകിയിരുന്ന  ഈ  നദി  തേർമ  എന്ന 

         കടലിടുക്കിൽ  ലയിച്ചു  ചേർന്നിരുന്നു )

         ലില്ലി  പുഷ്പങ്ങൾ  തൻ  വെള്ളപ്പുതപ്പ് 

         മണിയറ  പോലെ  ശോഭിച്ചുവോ ?

         ചാർത്തീ  ആ  തൂവെണ്ണയാകും  ശിരസ്സിന്മേൽ 

         പുത്തൻ  വസന്തത്തിൻ  മാലകൾ !

         ആ  സുദിനത്തിനായി  ഒരുക്കിയ  ഗാനം 

         ഒഴുകിയെത്തിയോ 

         ജലകന്യകമാരിൽ  ഒരുവൾ  തൻ  തേനൂറും  അധരങ്ങളിലൂടെ !

         മധുരമാം  തേംസ്  നദീ , ശാന്തമായി  ഒഴുകുക  നീ ,

         എൻ  ഗാനം  നിലക്കും  വരെ !

6 .    ഓ ! അഭൗമ  സൗന്ദര്യമേ ! പ്രപഞ്ചത്തിൻ  അലങ്കാരമേ !

        കമിതാക്കൾ  തൻ  അനുഗ്രഹീതമാം  വള്ളിക്കുടിലിലേക്കു 

         മന്ദം  ഗമിച്ചാലും !

         ആമോദവും  സംതൃപ്തിയും  നിങ്ങൾ  തൻ  നിത്യ  മിത്രങ്ങളാകട്ടെ !

         പ്രേമദേവത  വീനസും  അവൾ  തൻ  പുത്രനും 

         സദാ  നിങ്ങളിൽ  പുഞ്ചിരി  പൊഴിക്കട്ടെ !

         ആ  പുഞ്ചിരിയിൽ  വിദ്വേഷവും  തിന്മ  തൻ  സാമ്രാജ്യവും 

         തകർന്നിടിയട്ടെ !

         നിങ്ങളുടെ  ഹൃദയങ്ങളിൽ  സദാ  ശാന്തിയും  സമാധാനവും 

         നൃത്തമാടട്ടെ !

         സമൃദ്ധി  തൻ  ജീവിതം  നിത്യപ്രകാശം  ചൊരിയട്ടെ !

         രിപുകൾ  തൻ  ഹൃദയഭേദകമാം  മേഘഗർജ്ജനമായും 

          നിങ്ങൾ  തൻ  നയനാമൃതമായും 

          സന്തതികൾ  വാഴട്ടെ !

          ആസന്നമാം  ആ  സുദിനത്തെ  വാഴ്ത്തി 

          ശാന്തമായൊഴുകുക  മാധുര്യമാം  തേംസ്  നദീ ,

          എൻ  ഗാനം  നിലക്കും  വരെ !

         

          

7 . ആ  തേൻമധുരം  ഇറ്റിത്തീർന്നുവോ ?

       തോഴിമാർ  ആ  സുദിനത്തിൻ  ഗമനം 

       വിളംബരം  ചെയ്തുവോ ?

       ആ  നാദങ്ങൾ  ശ്രവണപുടങ്ങളിൽ  അലയടിച്ചുവോ ?

       ആമോദത്തിൽ  നീരാടിയ  ആ  ഖഗങ്ങൾ 

       ലീ  നദിതൻ  ഓളങ്ങളെ 

       മൃദുലമാം  തൂവലാൽ  തഴുകി  നീങ്ങിയോ ?

       ആഹ്‌ളാദത്തിൻ  നേർത്ത  മർമ്മരസ്വരം 

       തൻ  പ്രതിധ്വനിയാക്കിയോ  ആ  നദി !

       റോമാക്കാർ  തൻ  ചന്ദ്രിക  സിന്ദിയ 

       താരകങ്ങളിൻ  മുന്നിൽ  ശിശുവെന്നപോലെ 

       ആ  സ്ഫടികത്തിലെ  കളങ്കങ്ങൾ  വണങ്ങി  മാറിയോ 

       പരിശുദ്ധമാം  ആ  അതുല്യർക്കു  മുന്നിൽ !

       ശാന്തമായി  ഒഴുകുക  നീ  മാധുര്യമാം  തേംസ്  നദീ ,

       എൻ  ഗാനം  നിലക്കും  വരെ !

8 .   എൻ  ആത്മനൊമ്പരങ്ങൾക്കു  പ്രാണൻ  നൽകിയ 

       ലണ്ടൻ  നഗരത്തിലെത്തിയോ  ആ  ജന്മങ്ങൾ !

       അക്ഷരങ്ങൾ  തൻ  പോറ്റമ്മ  വേറെയെങ്കിലും 

       പെറ്റമ്മയെ  വിസ്മരിച്ചീടാമോ ?

       നിയമജ്ഞർ  തൻ  അതുല്യമാം  നാടേ ,

       എൻ   ചിന്തകളെ  പൂവണിയിച്ച  പ്രഭുവേ ,

       (ലെയ്‌സെസ്റ്റർ  പ്രഭു  കവിയുടെ  രചനകൾക്ക്  സാമ്പത്തിക  പിന്തുണ                  നൽകി .)

        താങ്കളുടെ  അസാന്നിദ്ധ്യം  എന്നെ  ഏകനാക്കുന്നുവോ ?

        ആമോദത്തിൻ  നിമിഷങ്ങളാം  തിരമാലകൾ 

        വ്യഥ  തൻ  ഓർമ്മകളെ  വിഴുങ്ങട്ടെ !

        ആ  സുദിനത്തിൻ   സുവർണ്ണ  നിമിഷങ്ങൾക്കായി  കാത്തിരിക്കാം !

        ശാന്തമായി  ഒഴുകുക  നീ  മാധുര്യമാം  തേംസ്  നദീ 

        എൻ  ഗാനം  നിലക്കും  വരെ !

9 .    അവിടെ  വസിക്കുന്നുവോ 

        ലോകത്തിൻ  അത്ഭുതവും 

        ഇംഗ്ലണ്ടിന്  അഭിമാനവുമായ 

        എസ്സെക്സ്  പ്രഭു ?

        സ്പെയിനിനേയും  ഹെർക്കുലീസിൻ 

        നെടും  തൂണുകളെയും  വിറപ്പിച്ച 

        ആ  നാമം  മറന്നീടുമോ ?

        (സ്പാനിഷ്  അർമാദ  എന്ന  സ്പെയിൻ  കപ്പൽ  നശിപ്പിക്കാൻ  എസ്സെക്സ് 

         എന്ന    പ്രദേശത്തെ  നാട്ടുരാജാവ്  ഇംഗ്ലണ്ടിന്  നേതൃത്വം  നൽകി . 

        ഗിബ്രാൽത്തർ  കടലിടുക്കിനു  സമീപം  യൂറോപ്പിനും  ആഫ്രിക്കക്കും 

        അഭിമുഖമായി  നിൽക്കുന്ന  കാൽപ് , അബില  എന്നീ    പാറകളുടെ 

        കൂട്ടങ്ങളെയാണ്  ഹെർക്കുലീസിന്റെ  നെടുംതൂണുകൾ  എന്ന് 

        വിശേഷിപ്പിച്ചത് . കാരണം  അദ്ദേഹത്തിന്റെ  യാത്രകളുടെ         

        പടിഞ്ഞാറൻ     അതിർത്തിയായി   അവയെ  കണക്കാക്കുന്നു .)

        അഭിമാനത്തിന്റെയും  വീരത്വത്തിന്റെയും  പ്രതീകമാം  നായകാ 

        അങ്ങ്  രാജ്യത്തിൻ  പുകൾ  വാനോളമുയർത്തിയല്ലോ !

        അങ്ങയുടെ    വിജയാഹ്ളാദം  അനശ്വരമായീടട്ടെ !

        വിദേശ  ശക്തികൾ  തൻ  മുനയൊടിച്ചു 

        എലിസബത്ത്  റാണി  തൻ  പ്രൗഢി  യുഗങ്ങളോളം 

        ഹൃദയങ്ങളിൽ      അലയടിച്ചില്ലേ ?

        അത്  പോലൊരു  ആമോദമാം  സുദിനത്തിനായി  കാത്തിരിക്കാം 

        ശാന്തമായി  ഒഴുകുക  നീ  മാധുര്യമം  തേംസ്  നദീ ,

        എൻ  ഗാനം  നിലക്കും  വരെ !

 10 . ചക്രവാളത്തിൽ  നിന്നുത്ഭവിക്കും 

        സ്വർഗ്ഗീയമാം  ആ  നദി  തന്നിൽ 

        തൻ  സുവർണ്ണ  കേശഭാരം  തഴുകിയുണർത്തി 

        സായാഹ്‌ന  നക്ഷത്രമാം  ഹെസ്‌പെർ  പോൽ 

        പ്രത്യക്ഷപ്പെട്ടുവോ  ആ  മഹാൻ !

        അദ്ദേഹത്തിൻ  അകമ്പടിയായി 

        നിൽക്കുന്നുവോ  രണ്ടു  വീര  യോദ്ധാക്കൾ !

        (ഹെൻറി  ഗിൽഫോഡ് , വില്യം  പീറ്റർ – വരന്മാർ )

        രൂപലാവണ്യത്തിൽ  വെല്ലാനാരുണ്ട് 

        അതുല്യരാകും  ഈ  പുരുഷ  കേസരികളെ !

        ജൂപ്പിറ്റർ  തൻ  ഇരട്ടപുത്രർ 

        കാസ്റ്ററെയും  പോലക്സിനെയും 

        അനുസ്മരിപ്പിച്ചുവോ  ആ  ബലശാലികൾ !

        അപ്സരസ്സുകളായി  മാറി  ആ  കൈകൾ  കവർന്നുവോ 

        അതുല്യസൃഷ്ടിയാം  അരയന്നങ്ങൾ !

        ( എലിസബത്ത് , കാതറിൻ – വധുക്കൾ )

        ആ  സുദിനം  സമാഗതമായി 

        ശാന്തമായി  ഒഴുകുക  നീ  മാധുര്യമാം  തേംസ്  നദീ ,

        എൻ  ഗാനം  നിലക്കും  വരെ !

       ( അവസാനിച്ചു )

       

        

        

         

       

       

       

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.