27.5 C
Bengaluru
January 17, 2020
Untitled

പ്രവാചകന്‍

pravachakan - santhosh s cherumoodu

“എബ്രായക്കുട്ടിയാണെന്നു പറഞ്ഞുകൊണ്ടൊരുവള്‍,
പശയും കീലും തേച്ചുറപ്പിച്ച ഞാങ്ങണപ്പെട്ടിയില്‍ നിന്നും വാരിയെടുത്തപ്പോള്‍ തുടങ്ങിയ നിന്‍റെ ജീവിതം; എബ്രായനെ ആക്രമിച്ച ഈജിപ്തുകാരനെ നിര്‍ജ്ജീവമാക്കി മണലില്‍ പൂഴ്‌ത്തിയവന്‍; ഹോറോബില്‍ പര്‍വ്വത്തിലെ വിശുദ്ധ സ്ഥലത്ത്‌ ചെരുപ്പ് ധരിച്ച് കടന്നുകയറിയവന്‍; അബ്രഹാമിന്‍റേയും ഇസഹാക്കിന്‍റേയും യാക്കോബിന്‍റേയും ദൈവമായ എന്‍റെ മുഖത്തുനോക്കാന്‍ ഭയന്നു പോയവന്‍; നീ… നീ വേണം; ഈജിപ്തില്‍ നിലവിളി കേള്‍ക്കുന്നില്ലേ.?.ആ നിലവിളി എന്‍റെ ജനത്തിന്‍റേതാണ്‌.നീ.. അവര്‍ക്ക് തണലാവണം.കങ്കാണികള്‍ തീര്‍ത്ത അവരുടെ മുറിവുകളില്‍ നീ മരുന്നായി നിറയണം. അവരെ വീണ്ടെടുത്ത്‌ പുതിയ തട്ടകമെത്തിക്കാനെത്തിയ എന്‍റെയൊപ്പം നീ വേണം; വെറും അടയാളങ്ങളായി എന്‍റെ ജനം അവശേഷിക്കപ്പെടരുത്‌;പോകണം നീ… ഫറവോന്‍റെയടുത്തേയ്ക്ക്…. തിരിച്ചുകൊണ്ടുവരണം… എന്‍റെ ജനത്തിനെ.. യാതന മാത്രമെഴുതിച്ചേര്‍ത്ത അവരുടെ ജീവിത പുസ്തകത്താളുകളില്‍ നന്‍മയുടെ അക്ഷരപ്പൂക്കള്‍ വിടരണം; അവരുടെ കുഞ്ഞുങ്ങള്‍ പുതിയ പുതിയ പുലരികാണണം; മോശെ, ജീവനാക്കി ഭൂമിയില്‍നിന്നെ നിയോഗിച്ച എനിക്കൊരു ലക്ഷ്യമുണ്ട്‌, ആ ലക്ഷ്യം നിന്‍റെ കര്‍മ്മമാണ്. നിയോഗം നിറവേറ്റാനാണ് ജന്മങ്ങള്‍; അല്ലാത്തവ നികൃഷ്ടങ്ങളാണ്‌; ആ ഗണത്തില്‍ മോശയെന്ന നാമം പെടരുത്; അതുകൊണ്ട് പോ…. പോയിക്കൊണ്ടുവാ… എന്‍റെ ജനത്തിനെ.”

“മിദ്യാന്‍ ദേശത്തിലെത്തിയ ശേഷം ഈജിപ്തിലേയ്ക്കൊരുമടക്കം.. ചിന്തിച്ചിട്ടേയില്ല…. ഇവിടെ.. നീയിപ്പോള്‍ ദൈവമോ മാലാഖയോ എന്നതിനപ്പുറത്ത് ഉണര്‍ത്തപ്പെടുന്ന വാക്കുകളാണെനിക്ക്, ഞാന്‍ നിയോഗമോര്‍ക്കുന്നു… നിലവിളികേള്‍ക്കുന്നു… നിന്‍റെ സ്വരത്തില്‍ക്കാണുന്ന ആവശ്യത്തിന്‌ ഇറങ്ങിപ്പുറപ്പെടാനുള്ള അടയാളമെന്ത്.?. എന്നെ നേരിടുന്ന ചോദ്യങ്ങളെ ഞാനെങ്ങനെ നേരിടും.. ?. അവിടെന്‍റെയെതിര്‍പക്ഷം മനുഷ്യരാണ്..? അവിശ്വാസവും സംശയങ്ങളും നിറച്ചുണ്ണുന്നവര്‍… അവരെ നേരിടേണ്ടതല്ലേ.?.നിലവിളിക്കുന്ന ജനം പോലും എന്നെ അവിശ്വസിച്ചേക്കും.. ?. മോശ പ്രതിവചിച്ചു. “മോശേ” ദിഗന്തങ്ങള്‍ നടുങ്ങുന്നതായിരുന്നു ആ വിളി, തുടര്‍ന്നുള്ള പറച്ചിലും; “നിന്‍റെ വാക്കുകളിലാണ് യഥാര്‍ത്ഥ അവിശ്വാസം വായിച്ചെടുക്കാവുന്നത്.. മനുഷ്യന്‍ അവന്‍റെ സഹജ വാസനകള്‍ വച്ചുപുലര്‍ത്തുന്നവന്‍ തന്നെയാണ്… മനോദൌര്‍ബല്യങ്ങളാണ് അവനെ അവിശ്വാസിയും സംശയാലുവുമാക്കുന്നത്.. പക്ഷേ.. മോശാ..നീയങ്ങനെയാവരുത്.. നീ വെറും മനുഷ്യനാവരുത്… നാളമുതലുള്ള നിന്‍റെയിന്നലെകള്‍ ചരിത്രമാണ് ”

2

നൈല്‍;ദൂരക്കാഴ്ച്ചയില്‍ നീല നിറത്തിന്‍റെ കേദാരമായിരുന്നു.നടന്നടുക്കുന്നത് അമ്മയിലേക്കായിരുന്നു.മോശയുടെ മനം കുളിരണിഞ്ഞു.ഒപ്പം നടക്കുന്ന അഹറോന്‍ അപ്പോള്‍ മൌന സഞ്ചാരിയായിരുന്നു.ഓളങ്ങള്‍ ഓര്‍മ്മകള്‍ മാത്രമായിരുന്ന താരാട്ടാക്കി മാറ്റുകയായിരുന്നു നൈല്‍;മോശയ്‌ക്കുവേണ്ടി.നിറം നിരത്തിയാണ് അവള്‍ മകനെ സ്വീകരിച്ചത്. ഞാങ്ങണപ്പെട്ടി ഓളക്കൈകളിലിളക്കി തീരത്തടുപ്പിക്കുന്നതുവരെ ചലിപ്പിച്ചുകൊണ്ടിരുന്നത് അവനെ താരാട്ടാനാണ്.അവന്‌ നോവാതിരിക്കണം.നൈല്‍ എന്ന ഞാന്‍ നാളെ ലോകം നിറയുമ്പോള്‍ പുളകിതനാവേണ്ടവനാണ്‌.അവനെ കേള്‍ക്കാനും അറിയാനും ആരാധിക്കാനും അനുസരിക്കാനും ആളുണ്ടാകുന്ന കാലവും പിന്നീടുള്ള യുഗങ്ങളില്‍ പ്രവാചകനെന്ന്‌ പ്രകീര്‍ത്തിക്കപ്പെടേണ്ടുന്നവന്‍.ഒരു ജനതതിയുടെയാകെ സ്വപ്ന സാക്ഷാത്ക്കാരത്തിന് ചുക്കാന്‍ പിടിക്കുന്ന നേതാവാവേണ്ടവന്‍. അവന്‍ പക്ഷ പാതിയാകും ചൂഷിതര്‍ക്കുവേണ്ടി, അവന്‍ ഒരു പക്ഷത്തിന്‍റെ മാത്രം നാവായിമാറും; വേദനിക്കുന്നവന്‍റെ പക്ഷത്തിന്‍റെ .അവനിലൂടെ ലോകം പോരട്ടം പഠിക്കും; അടിമകളെ നിര്‍മ്മിക്കുന്നവരോടുള്ള പോരാട്ടം. അവന്‍,വാക്കുകളില്‍ തേന്‍ നിറയ്ക്കും; പതിതരുടെ ദു:ഖ പാത്രങ്ങളില്‍ സന്തോഷമാ വാന്‍. അവന്‍,വാക്കുകളില്‍ തീ നിറയ്‌ക്കും; ഭരണ സിരാകേന്ദ്രങ്ങളുടെ നെറികേടുകളെ ചുട്ടെരിക്കാന്‍. സ്വജന രക്ഷയ്‌ക്കിറങ്ങുമ്പോള്‍ അവിശ്വാസത്തിന്‍റെ മുള്ളറുക്കാന്‍ അവന്‍ കാട്ടുന്ന അത്ഭുതങ്ങള്‍ വിശ്വാസ സംരക്ഷണത്തിനുള്ള കാലാതിവര്‍ത്തിയായ അടയാളങ്ങളാവും. പുത്ര സാമീപ്യത്തില്‍ നൈല്‍ തുടിച്ചൊഴുകി.
നൈല്‍ത്തീരത്ത് മോശയെ സ്വീകരിച്ചത്‌ ജന സഞ്ചയമാണ്‌.രക്ഷതേടുന്നവര്‍, രക്ഷകനെ തേടുന്നവര്‍.. ചിറകുതന്നാല്‍ പറന്നുയരാമെന്ന്‌ മൌനം പറയുന്നവര്‍.മോശ വികാരാധീനനായി;നോട്ടം നീണ്ടുനീണ്ട് ഏറ്റവും പിന്നില്‍ നില്‍ക്കുന്നവനിലെത്തി.ഹൃദയം കീറിപ്പോകുന്ന കാഴ്ച.ആര്‍ക്കുമാരേയുമാശ്വസിപ്പിക്കാന്‍ കഴിയാത്തവര്‍.വേദനിക്കുന്നെന്നു നിലവിളിക്കാന്‍ വേദനയനുവദിക്കാത്തവര്‍.മേനി നിറഞ്ഞ ചാട്ടവാര്‍ കൈയ്യൊപ്പുകളില്‍ ചുവന്ന മഷി കിനിയുന്നവര്‍. ചുണ്ട്‌ മുറിവുകള്‍ ചുംബനം നിഷേധിച്ച പ്രണയങ്ങള്‍….

അഹറോന്‍റെ മൌനങ്ങളിലേയ്‌ക്കു വീണ മോശയുടെ നോട്ടം അവനോട്‌ ചോദിച്ചു; “നിനക്കിതെങ്ങനെ ഗൂഢ സ്മിത്തോടെ നോക്കാന്‍ കഴിയുന്നു അഹറോന്‍.” അഹറോന്‍ പറഞ്ഞു; “എനിക്ക് വിശ്വാസമുണ്ട്,അചഞ്ചലമായ വിശ്വാസം,നിന്‍റെ നാവായി എന്നെ അയച്ചവനില്‍ .അവരെ നോക്കുക; അമ്മമാരെക്കണ്ടില്ലേ.?. അമ്മിഞ്ഞയ്‌ക്കുവേണ്ടി അമ്മ നെഞ്ചിനോട് പടവെട്ടുന്ന കുഞ്ഞുചുണ്ടുകളെക്കണ്ടില്ലേ.?. ഫലമോ ശൂന്യത. അപ്പോള്‍ ഇവിടെ പ്രശ്നം വിശപ്പാണ്. വിശപ്പ് ;അത് വിഷപ്പാമ്പിനെപ്പോലെയാണ്.ക്ഷമകെടുന്നതുവരെ സ്വയം പ്രതിരോധിക്കും.അതുകഴിയുമ്പോള്‍ ഉഗ്ര കോപത്തോടെ ആഞ്ഞുകൊത്തും.അതനുഭവിക്കുന്ന ഇവരുടെ മുന്നില്‍ നിയോഗം പേറുന്ന നീ, നിര്‍വികാരനാകുന്നതാണ് എന്‍റെ മൌനത്തിന് കാരണം. നമുക്കുപിന്നില്‍ ശക്തിയുണ്ട്‌ അഭൌമ ശക്തി. ഇപ്പോഴും നീയതില്‍ അവിശ്വാസിയാണ്, അല്ലെങ്കില്‍ അല്പ വിശ്വാസിയാണ്.” മോശ പറഞ്ഞു; “ഇല്ല അഹറോന്‍ ഇപ്പോള്‍,സകലത്തിന്‍റേയും നാഥനില്‍ അവിശ്വാസിയോ അല്പ വിശ്വാസിയോ അല്ല ഞാന്‍.ഇഷ്ടികക്കളങ്ങളിലെ കളിമണ്ണുമൂടിയ മുറിവുകളാല്‍ നൊന്തുനീറിയ ഈ ശരീരങ്ങള്‍ എന്‍റെ നെഞ്ച്‌ നീറ്റുന്നു.നൈല്‍ ജലത്തിന്‍റെ തണുപ്പും അവള്‍ നല്‍കുന്ന കാറ്റും മാത്രം ആശ്വാസമാകുന്ന ഈ ജീവ കോലങ്ങളെക്കാണുമ്പോള്‍ ഞാനും അവരിലൊരാളായിപ്പോകുന്നു. “പാടില്ല.. എനിക്ക് നിന്‍റെ നാവാവാന്‍ മാത്രമേ കഴിയൂ.. ഉണ്ടല്ലോ ഇസ്രായേല്‍ മൂപ്പന്മാരൊപ്പം. ഇവിടെ നിങ്ങളുടെ സംഘ ശക്തി പ്രവര്‍ത്തിച്ചേ മതിയാകൂ. ഒരാവശ്യത്തിനുവേണ്ടിയോ ഒരവകാശത്തിനുവേണ്ടിയോ സമൂഹമാകമാനം ശബ്ദമുയര്‍ത്തിയാല്‍ അത് കേട്ടെന്നുവരില്ല.അവരുടെ അക്ഷമ കലാപമാകും.അധികാരം അതടിച്ചമര്‍ത്തും.ആ നാട്ടില്‍ സ്വേച്ഛാധിപത്യം അരങ്ങുവാഴും.ജനം വെറും ഉപകരണമായിമാറും .നടന്നതും നടക്കുന്നതും നടക്കാനിരിക്കുന്നതും അതു തന്നെയാണ്.”

തുടരും ..

Related posts

1 comment

Avatar
MT Rajalekshmi July 10, 2018 at 2:09 pm

അസ്സലായി. തുടരട്ടെ യാത്ര…..

Reply

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: