27.5 C
Bengaluru
January 17, 2020
Untitled

പൂക്കാത്ത പൂമരങ്ങള്‍.

ചെറുകഥ ഷൈനി. പൂക്കാത്ത പൂമരങ്ങള്‍.

പൂരപ്പറമ്പ് കയറിയ ചിന്നുവിനെ കുറിച്ച് ഗള്‍ഫില്‍ നിന്ന് തന്നെ അയാള്‍ അറിഞ്ഞിരുന്നു.
ഏറെക്കുറെ അതേ ദിവസം തന്നെ.
ജോലി കഴിഞ്ഞ് വന്ന് കമ്പനി റൂമിലെ ഇരട്ടക്കട്ടിലിന് മുകളില്‍ വിശ്രമിക്കുമ്പോഴാണ് നാട്ടില്‍ നിന്നും ഷാജു വിളിച്ചു പറഞ്ഞത്
‘ ടാ..ചിന്നു പൂരപ്പറമ്പ് കേറി’
അയാള്‍ ചിന്നുവിനെ ഓര്‍ത്തു കിടന്നു.
വെളുത്തു തുടുത്ത് വട്ടമുഖമുള്ള അല്‍പ്പം തടിച്ച ഒരു അഴകത്തിപ്പെണ്ണ്.
നാട്ടിലും വീട്ടിലും അവള്‍ തന്നെ സുന്ദരി
തൊട്ടാല്‍ ചോര ചീറ്റുന്ന കവിളും കൊളുത്തി വലിക്കുന്ന ഉണ്ടക്കണ്ണുമുള്ള ചിന്നു.
അവളെ പ്രേമിക്കാന്‍ കച്ചകെട്ടി നടന്ന ചെറുപ്പക്കാരില്‍ താനും ഉണ്ടായിരുന്നു.
അവളെ കുറിച്ചാണ് കേട്ടത്.
അയാള്‍ക്ക് വല്ലായ്മ തോന്നി
നാട്ടില്‍ നിന്ന് എന്തൊക്കെ വാര്‍ത്തകളാണ് കേള്‍ക്കുന്നത്.
സുഗുണേട്ടന്റെ ഭാര്യ രണ്ടു മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടി.
രമേഷിന്റെ ഭാര്യയെയും കാമുകനെയും മുറിയില്‍ നിന്ന് കൈയ്യോടെ പിടികൂടി
രാവുണ്യേട്ടന്റെ ഭാര്യയെയും മക്കളെയും വെല്ലുവിളിച്ച് ഏതോ ഒരു ഒരുമ്പെട്ടവള്‍ അയാളുടെ കൂടെ പൊറുതി തുടങ്ങി.
നല്ലതെന്തെങ്കിലും കേട്ടിട്ട് നാളു കുറേയായി.
അതോ എല്ലാവരും എപ്പോഴും ചീത്തക്കാര്യങ്ങള്‍ മാത്രം പറയാന്‍ ഇഷ്ടപ്പെടുന്നതു കൊണ്ടാണോ.
ഒന്നു രണ്ടു ദിവസം ചിന്നു ഒരു ഭാരം പോലെ അയാളുടെ മനസില്‍ കനത്തു കിടന്നു
പിന്നെ മറന്നു
അതിന് ശേഷം ഇപ്പോഴാണ് അവളെ കുറിച്ച് ഓര്‍ക്കുന്നത്.
നാട്ടിലെത്തിയതിന്റെ രണ്ടാമത്തെ മാസം.
അപ്രതീക്ഷിതമായി പൂരപ്പറമ്പില്‍ വെച്ച് അവളെ കണ്ടുമുട്ടിയപ്പോള്‍ മാത്രം.
അപ്പോഴേക്കും ചിന്നു പൂരപ്പറമ്പ് കേറിയിട്ട് രണ്ടു കൊല്ലവും അഞ്ചു മാസവും കഴിഞ്ഞിരുന്നു.
പണ്ടത്തേക്കാള്‍ മെല്ലിച്ച ഉടലില്‍ മഞ്ഞസാരി കഴിയുന്നത്ര താഴ്ത്തിയുടുത്ത് വെളുത്ത വയര്‍ പാതിയും പ്രദര്‍ശിപ്പിച്ച് വല്ലാത്തൊരു
ഭാവത്തോടെ നടന്നു വരികയായിരുന്നു അവള്‍.
നേര്‍ക്കുനേരെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി
‘ചിന്നു’ എന്ന് അറിയാതെ വിളിച്ചപ്പോള്‍ അവളുടെ വിളര്‍ത്ത മുഖം മങ്ങി.
‘ ജോസേട്ടന്‍ എപ്പോ വന്നു’
മുഖത്ത് അടിഞ്ഞ വല്ലായ്മയെ ചിരിച്ചു തുരത്തിക്കൊണ്ട് അവള്‍ ചോദിച്ചു
അറിയാതെ ചുറ്റും നോക്കിപ്പോയി
കല്യാണം കഴിച്ചിട്ട് ഒരു മാസം തികയുന്നതേയുള്ളു.
ഇതാരെങ്കിലും കണ്ടാല്‍ അതുമതി.
കുടുംബ ജീവിതം ഇത്രപെട്ടന്ന് താറുമാറാക്കാന്‍ വയ്യ
‘ എന്താ മറുപടി പറയാത്തത്’
തെല്ല് പരിഹാസത്തോടെ ചിന്നു ഞെളിഞ്ഞു നിന്നു
‘ഒന്നുമില്ല..നീ വഴീന്ന് മാറ്’
എന്ന് അയാള്‍ അല്‍പ്പം ശബ്ദം കടുപ്പിച്ചു.
അത് വിലപ്പോയില്ലെന്ന് അപ്പോള്‍ തന്നെ മനസിലായി
‘ ജോസേട്ടനോട് എനിക്കൊരു കാര്യം പറയാന്ണ്ട്.. നിങ്ങളോടല്ലേ പണ്ടും ഞാന്‍ കൂട്ടു കൂടീര്‍ന്നത്.. ഓര്‍മയില്ലേ സ്‌കൂളിലേക്ക് പോണ വഴി ജോസേട്ടന്‍ എത്ര പച്ചപ്പുളിങ്ങ എറിഞ്ഞു തന്നിരിക്കണ്’
ബാല്യ കൗമാരങ്ങളൊന്നും ഓര്‍ക്കാനുള്ള മാനസികാവസ്ഥയായിരുന്നില്ല അയാള്‍ക്ക്.
എങ്ങനെയെങ്കിലും രക്ഷപെട്ടാല്‍ മതിയെന്ന് ആലോചിക്കുമ്പോള്‍ ചിന്നുപറഞ്ഞു
‘ നിങ്ങളോട് എനിക്കൊരു കാര്യം പറയാനുണ്ട് ജോസേട്ടാ’ അവളുടെ യാചിക്കുന്ന കണ്ണുകളും വിലപിക്കുന്ന ഭാവവും കണ്ടപ്പോള്‍ എന്തോ ആ പഴയ പാവാടക്കാരിയെ അയാള്‍ ഓര്‍ത്തു
‘ ചിന്നു .. നിന്നോട് സംസാരിച്ചാല്‍ അതെനിക്കും ചീത്തപ്പേരാകില്ലേ’ എന്ന് ചോദിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ പിടഞ്ഞു.
അവള്‍ വേഗം വേഗം നടന്ന് റോഡരികില്‍ ചെന്ന് ഒരു ഓട്ടോ കൈകാട്ടി നിര്‍ത്തി.
പിന്നെ പിന്നിലേക്ക് നോക്കി വിളിച്ചു
‘ വേഗം വന്ന് കേറ് ജോസേട്ടാ’
അയാള്‍ കയറി.അവളും.
ഓട്ടോ വേഗം പുത്തന്‍പള്ളിയുടെ പിന്‍ഭാഗത്തേക്ക് തിരിഞ്ഞു
വളവില്‍ അല്‍പ്പം വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ചിന്നു നിര്‍ത്താന്‍ കല്‍പിച്ചു.
ആദ്യം തന്നെ ഓട്ടോക്കാരന്‍ ഉദാരതയോടെ ഇറങ്ങി.
‘ ഓ.. ഇനി നിങ്ങളായി നിങ്ങള്‍ടെ പാടായി.. ഞാന്‍ ടൈം ആകുമ്പോള്‍ വരാം’ എന്ന് പറഞ്ഞ് ആഞ്ഞു നടന്നു.
‘ ഡാ.. ശ്രീജീ.. ഇത് നീയുദ്ദേശിക്കണ ആളല്ല.. ഇങ്ങ് പോരേ’ എന്ന് അവള്‍ ഓട്ടോയില്‍ നിന്ന് ചാടിയിറങ്ങി ഉറക്കെ വിളിച്ചു
അയാള്‍ ആകെ ഉള്‍വലിഞ്ഞ് ഒരു എലിക്കെണിയില്‍ പെട്ട ഭാവത്തില്‍ ഇരിക്കുകയായിരുന്നു.
ഓട്ടോക്കാരന്‍ തിരിച്ചു വന്ന് ഡ്രൈവിംഗ് സീറ്റിലിരുന്നു.
പിന്നില്‍ അയാള്‍ക്കരികില്‍ അവള്‍ വീണ്ടും കയറിയിരുന്നു.
‘ എനിക്ക് പറയാനുള്ളതൊന്ന് കേള്‍ക്കണം ജോസേട്ടാ’ എന്ന് പറഞ്ഞ് പെട്ടന്ന് ചിന്നു ആയത്തില്‍ പെയ്യാന്‍ തുടങ്ങി
വല്ലാത്തൊരു കരച്ചില്‍.
ഇടിമുഴക്കം പോലെ ഇടയ്ക്ക് വിതുമ്പല്‍ ചീളുകള്‍ തെറിച്ചു.
അയാള്‍ അന്തംവിട്ട് ഇരുന്നു.
‘ നിങ്ങളറിയില്ലേ ദാസേട്ടനെ’
എന്ന് ഇടയ്ക്ക് അവള്‍ വിങ്ങിക്കൊണ്ട് ചോദിച്ചു
‘ ഏത്.. കുന്നംപുറത്തെ ദാസനോ’
എന്ന അയാളുടെ ചോദ്യത്തില്‍ അത്ഭുതമായിരുന്നു ഏറെ.
‘ അതെ.. ഞാനെന്താ ഇങ്ങനായേന്ന് ചോദിക്ക്.. അയാള് കാരണമാ.. നിങ്ങളൊക്കെ ഇഷ്ടടാണെന്ന് പറഞ്ഞ് പുറകേ നടന്നപ്പോളും ഞാന്‍ സ്‌നേഹിച്ചത് അയാളെയാ.. പക്ഷെ ആ പട്ടി നാലുവര്‍ഷം എന്നെ ഉപയോഗിച്ചു. കൂടെ കെടത്തിയിട്ട് ഇന്നു കെട്ടും നാളെ കെട്ടും എന്നു പറഞ്ഞ് പറഞ്ഞ് ചതിച്ചു’
കോരിച്ചൊരിഞ്ഞ കരച്ചിലിനിടയിലും അവളുടെ കണ്ണുകളില്‍ കടുത്ത രോഷത്തിന്റെ മിന്നല്‍പ്പിണരുകള്‍ പുളയുന്നത് അയാള്‍ കണ്ടു
‘ അയാളോടുള്ള ദേഷ്യം തീര്‍ക്കാനാ ഞാന്‍ പൂരപ്പറമ്പ് കേറിയത്.. പേടിയായിരുന്നു. ഒരു മാവും ചോട്ടില്‍ വന്ന് കൊറേ നേരം ഇരുന്നു. അപ്പോ ഒരു കറുത്തു കൂനിയ മനുഷ്യന്‍ വന്ന് വരുന്നോ എന്ന് ചോദിച്ചു. അയാള്‍ടെ കൂടെ കെടക്കുമ്പോ ദാസേട്ടനെ പച്ചയ്ക്ക് കത്തിക്കണ പോലെയാ തോന്നിയത്… ഒരു സുഖം’
ഭാര്യയും മക്കളുമായി ഓണവും വിഷുവും ആഘോഷിച്ച് മാന്യരില്‍ മാന്യനായി കഴിയുന്ന ദാസേട്ടനെ തന്നെ ഓര്‍ക്കുകയായിരുന്നു അയാള്‍.
അത് ഖണ്ഡിച്ച് അവള്‍ പറഞ്ഞു.
‘ ഇപ്പോ ആരുല്യാതെയായി.. വീട്ടുകാരും ഇല്ല നാട്ടുകാരും ഇല്ല.. ‘
‘ ഈ പണിയ്ക്കിറങ്ങിയാല്‍ ആരാ പെണ്ണേ നിന്നെ സ്വീകരിക്കുക’
തന്റെ ശബ്ദത്തില്‍ പെട്ടന്നൊരു പിതൃഭാവം കലര്‍ന്നതു പോലെ അയാള്‍ക്ക് തോന്നി
വാക്കുകളിലേക്ക് കിനിഞ്ഞിറങ്ങിയ സഹതാപം അയാള്‍ കഴിയുന്നത്ര മറച്ചു പിടിച്ചു
‘ എന്നാലും ചിന്നു.. നിനക്കെങ്ങനെ തോന്നി.. പെട്ടു പോയില്ലേ നീ.. ഇനി രക്ഷയുണ്ടോ’
്അവള്‍ കുനിഞ്ഞിരുന്ന് തേങ്ങിത്തേങ്ങി അയാളുടെ ചോദ്യത്തിന് മൗനം കൊണ്ട് മറുപടി പറഞ്ഞു.
പിന്നെ മാറിലേക്ക് വലിച്ചിട്ടിരുന്ന സാരിത്തുമ്പ് വലിച്ചു നീക്കി ബ്ലൗസ് അല്‍പ്പം താഴ്ത്തി മാറിടം കാണിച്ചു.
ചെത്തിപ്പൂളിയ മാങ്ങപോലെ വിണ്ട് കീറി ചുവന്നളിഞ്ഞ മാംസം.
അയാള്‍ അതുകണ്ട് ഞെട്ടിത്തരിച്ചു.
‘ ഇന്നലെ കിട്ടിയ സമ്മാനമാ.. കാര്യം കഴിഞ്ഞപ്പോ ഒരുത്തന്‍ കുടിച്ച കുപ്പി കുത്തിപ്പൊട്ടിച്ച് തന്ന സമ്മാനം’
അയാള്‍ക്ക് അതു കാണാനുള്ള കരുത്തുണ്ടായിരുന്നില്ല.
അവള്‍ കണ്ണുതുടച്ച് പുറത്തിറങ്ങി
‘ ജോസേട്ടനെ എവിടേക്കാച്ചാല്‍ കൊണ്ടു വിടെടാ ശ്രീജീ’ എന്ന് ഓട്ടോക്കാരനോട് കല്പിച്ചു
ഒന്നുമറിയാത്തതു പോലെ ആ ചെറുപ്പക്കാരന്‍ ഓട്ടോ ഓടിച്ചു .
പിന്നീട് എങ്ങോട്ടു പോകാനും അയാള്‍ക്ക് തോന്നിയില്ല.
സ്റ്റാന്‍ഡിലിറങ്ങി. വീട്ടിലേക്കുള്ള ബസ് അവിടെ കിടപ്പുണ്ടായിരുന്നു.
‘എന്നാലും ചിന്നു.. നിനക്കെങ്ങനെ തോന്നി.. പെട്ടു പോയില്ലേ നീ.. ഇനി രക്ഷയുണ്ടോ’
അവളോട് ചോദിച്ച അതേ ചോദ്യം പിന്നെ അയാളെ വിടാതെ പിന്തുടര്‍ന്നു.
അതിന്റെ മറുപടി പലപ്പോഴും അയാള്‍ നേരില്‍ കാണുകയും ചെയ്തു.
ചിന്നുവിന്റെ സൗന്ദര്യം ഇല്ലാതെയായി.
കാലില്‍ നീരുവന്ന് കെട്ടി .
ആ കാലും വലിച്ച് അവള്‍ ദൈവങ്ങളുടെ പടങ്ങള്‍ വിറ്റു നടന്നു.
അയാള്‍ക്കത് കണ്ടു ചിരി വന്നു
‘ ദൈവങ്ങള്‍ പടത്തില്‍ മാത്രമേ ഉള്ളോ ‘ എന്ന് ചോദിച്ചതിന് അയാളുടെ ഭാര്യ അയാളെ വലിയ ശബ്ദത്തില്‍ ശകാരിച്ചിരുന്നു.
കുറേനാള്‍ കഴിഞ്ഞ് ബസ്റ്റാന്‍ഡിന്റെ തിരക്ക് കുറഞ്ഞ മൂലയില്‍ കുത്തിയിരുന്ന് അവള്‍ പടങ്ങള്‍ വില്‍ക്കുന്നതും അയാള്‍ കണ്ടു.
അയാളെ തൊട്ടടുത്ത് കണ്ടിട്ടും അവള്‍ അറിഞ്ഞ ഭാവം നടിച്ചില്ല
‘ എന്റെ കാലു തളര്‍ന്നുപോയി’ എന്ന് അയാള്‍ക്ക് മനസിലാകുന്ന വിധത്തില്‍ അവള്‍ ശബ്ദമുയര്‍ത്തി പറഞ്ഞു
അത്രമാത്രം.
‘ വല്ലാത്ത ജാതി വെടി ആയിരുന്നു. ഒരു കാല് തളര്‍ന്നു. മറ്റേ കാലിനും പണി കിട്ടീന്നാ തോന്നണേ.. വില്‍ക്കുന്നത് ദൈവങ്ങളുടെ ഫോട്ടോയാണെങ്കിലും അവള്‍ടെ പണി വേറെയാ.. സപ്ലേ.. അവളുടെ കീഴില്‍ കുറേ പടക്കങ്ങള്‍ ഉണ്ട് ‘
പൊതു ശുചിമുറിയ്ക്കരികിലേക്ക് നീങ്ങി നിന്ന് രണ്ടുപേര്‍ പരിഹസിച്ച് ചിരിക്കുന്നത് അയാള്‍ കേട്ടു.
പഴയ ഹൃദയ ഭാരമൊന്നും അത്രയ്ക്കധികം തോന്നിയില്ല
ചിന്നുവിന്റെ വിധിയുമായി താനും താദാത്മ്യം പ്രാപിച്ചുവെന്ന് അയാള്‍ ആശ്ചര്യത്തോടെ ഓര്‍ത്തു.
ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയ വര്‍ഷവും ബസ്സ്റ്റാന്‍ഡില്‍ അറിയാതെ അയാള്‍ അവളെ തേടിയിരുന്നു.
കാണാതായപ്പോള്‍ പതിവു പോലെ മറന്നു
ദാസേട്ടന്‍ മകളുടെ വിവാഹം വിളിയ്ക്കാന്‍ വന്നപ്പോഴാണ് പിന്നെയും ഓര്‍മ്മ വന്നത്.
‘ നിങ്ങളാ പാവം പെണ്ണിനെ ചതിച്ച് ഇല്ലാതാക്കിയല്ലേ’
ഭാര്യ ചായയെടുക്കാന്‍ പോയ തക്കത്തിന് അയാള്‍ ദാസേട്ടനോട് അമര്‍ഷം കാണിച്ചു
അത്രയെങ്കിലും ചോദിക്കാതിരിക്കുന്നത് നീതികേടാണെന്ന് അയാള്‍ക്ക് തോന്നിയിരുന്നു.
ദാസേട്ടന്‍ ഒന്നും സംഭവിക്കാത്തത് പോലെ ഒച്ചയെടുത്ത് ചിരിക്കുകയാണുണ്ടായത്.
:’ എന്റെ ജോസൂട്ടീ.. ഞാനവളെ ആത്മാര്‍ഥമായി സ്‌നേഹിച്ചതാ.. കല്യാണം കഴിക്കാനിരുന്നപ്പോഴല്ലേ അവള് പൂരപ്പറമ്പ് കേറിയത്’
ആ പച്ചക്കള്ളം കേട്ട് ദാസേട്ടന്റെ മോന്തയ്ക്ക് ആട്ടിയിറക്കാന്‍ തോന്നിയെങ്കിലും അയാള്‍ നിയന്ത്രിച്ചു
‘ ഈച്ചയ്ക്കും പൂച്ചയ്ക്കും അറിയാത്ത ഇക്കാര്യം നീയെങ്ങനെ അറിഞ്ഞു.’
എന്ന ദാസേട്ടന്റെ അതിശയിച്ച ചോദ്യത്തിന് അയാള്‍ മറുപടി പറഞ്ഞില്ല.
‘ ഇത്രയൊക്കെ അവള്‍ കാട്ടിക്കൂട്ടിയിട്ടും എന്നെ ഒറ്റാന്‍ കൂട്ടാക്കിയില്ല.. ഭാഗ്യം’ എന്നു ദാസേട്ടന്‍ വീരസ്യം പറഞ്ഞു.
അയാള്‍ കേള്‍ക്കാത്ത ഭാവത്തിലിരുന്നു.
‘ എന്തായിരുന്നു കല്യാണം വിളിക്കാന്‍ വന്നയാളോട് ഒരു കശപിശ’ എന്ന് രാത്രി ഭാര്യ തിരക്കി
എന്തോ അപ്പോള്‍ അയാള്‍ക്ക് എല്ലാം പറയണമെന്ന് തോന്നി.
ചിന്നുവിനെ കുറിച്ചെല്ലാം പറഞ്ഞു.
‘ പാവം .. മരിച്ചോന്നറിയില്ല’ എന്ന സഹതാപത്തോടെയാണ് അവസാനിപ്പിച്ചത്.
എല്ലാം കേട്ട് അവള്‍ കുറേ നേരം നിശബ്ദയായി കിടന്നു
പിന്നെ ഒരു ആപ്തവാക്യം പോലെ പറഞ്ഞു
‘ അല്ലെങ്കിലും സ്‌നേഹം ഇല്ലാതായി പോകുമ്പോള്‍ വല്ലാത്തൊരു ശൂന്യതയാണ്. അതു നിറയ്ക്കാന്‍ പെണ്ണുങ്ങള്‍ എന്തും ചെയ്യും. നല്ലതായാലും. ചീത്തയായാലും’
ഒരു പുസ്തക കടലാസ് പോലും വായിക്കാത്ത അവള്‍ വലിച്ചെറിഞ്ഞ വാക്കുകളുടെ മുന അയാളുടെ നെഞ്ചില്‍ കൊളുത്തി .
അയാള്‍ സ്തബ്ധനായി കിടന്നു
അപ്പോള്‍ മങ്ങിയ ഇരുട്ടില്‍ അവളുടെ നിശ്വാസം കേട്ടു.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.