Untitled

പരിഹാസ ട്രോളുകൾ രോഗിയോടല്ലവേണ്ടൂ

സഖാവ് പിണറായി വിജയൻ അമേരിക്കയിൽ ചികിത്സക്കായി പോയത് ചിലർക്കോന്നും ഒട്ടും രസിച്ചില്ല എന്ന് പലരുടെയും ട്രോളുകളിൽ നിന്നും മനസ്സിലാക്കാം. അദ്ദേഹം ഒരു കടുത്ത കമ്യുണിസ്റ്റല്ലേ പിന്നെ എന്തിനാണ് മുതലാളിത്ത രാജ്യമായ അമേരിക്കയിൽ നിന്നും ചികിത്സ സ്വീകരിക്കാൻ പോയാത് എന്ന രീതിയിൽ പരിഹാസത്തോടെയുള്ള പോസ്റ്റുകളാണ് ഏതാണ്ട് ഒട്ടുമിക്കവയും. സങ്കുചിതമായ രാഷ്രീയം നമ്മളെയൊക്കെ ഏതളവുവരെ എത്തിച്ചിരിക്കുന്നു എന്നുള്ളതിന്റെ വ്യകതമായ ഒരു ചിത്രം ഇത്തരം പോസ്റ്റുകളിൽ തെളിഞ്ഞുകാണാവുന്നതാണ്. പിണറായി ഒരു കമ്യുണിസ്റ്റുകാരനും അമേരിക്ക ഒരു മുതലാളിത്ത രാജ്യവും തന്നെയാണ് ഇപ്പോഴും. അതിന് ഇനിയും മാറ്റങ്ങളൊന്നും സംഭവിക്കാൻ പോകുന്നില്ല.

അമേരിക്കയോടുള്ള കമ്യുണിസ്റ്റുകളുടെ എതിർപ്പ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. റഷ്യയിൽ കമ്യുണിസ്റ് വിപ്ലവം നടക്കുന്നതിന് മുമ്പേ തന്നെ ആശയപരമായ ഭിന്നിപ്പ് ആരംഭിച്ചിരുന്നു എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. കമ്യുണിസം എന്ന ആശയം തന്നെ മുതലാളിത്ത നയങ്ങൾക്കെതിരായ സമാന്തര ലോകം ആഹ്വാനം ചെയ്തുകൊണ്ടായിരുന്നല്ലോ പിറവിയെടുത്തിരുന്നത്. അതുകൊണ്ടുതന്നെ സോവിയറ്റു യൂണിയന്റെ രൂപീകരണത്തോടെ ഭയവിഹ്വാലരായ അമേരിക്കയുടെ എതിർപ്പ് പൂർവാധികം ശക്തിപ്പെടുകയും ആഭ്യന്തര വൈദേശിക നയങ്ങൾ അതിനനുസൃതമായി രൂപീകരിക്കുകയും ലോകം ഇരു പക്ഷങ്ങളിലേക്ക് വഴിമാറാൻ ആരംഭിക്കുകയും ചെയ്തിരുന്നു. വാസ്തവത്തിൽ ഹിറ്റലർ പോലും അമേരിക്കയുടെ ലാലാളനയേറ്റു വളർന്ന ശിശുവായിരുന്നു. സോവിയറ്റ് യൂണിയനെതിരെ പരോക്ഷമായി അവർ ഉപയോഗിച്ച ഫാസിസ്റ്റു ശക്തിയായിരുന്നല്ലോ ഹിറ്റ്ലർ. ലീഗ് ഓഫ് നേഷൻസിന്റെ’നിബദ്ധനകളിൽ വെള്ളംചേർത്ത് ഹിറ്റ്ലർക്ക് വളരാനുള്ള അവസരം ഒരുക്കികൊടുത്തതിൽ ബ്രിട്ടനോടാപ്പം അമേരിക്കയും ഉണ്ടായിരുന്നല്ലോ?. അമേരിക്കയുടെ വാർഷിക വരുമാനത്തിന്റെ സിഹാഭാഗവും വിനിയോഗിച്ചത് കമ്യുണിസത്തെ എതിർക്കാനും നശിപ്പിക്കാനും വേണ്ടിയായിരുന്നു എന്നത് ചരിത്രം പഠിച്ചവർക്കറിയാം. സ്റ്റാലിൻ സോവിയറ്റു യൂണിയന് ചുറ്റും ഒരു ഇരുമ്പുമറ സൃഷ്ടിച്ചത് വെറുതെയായിരുന്നില്ല. ഇന്ത്യ സ്വാതത്രം പ്രഖ്യാപിച്ച കാലംതൊട്ടു അമേരിക്കയെക്കാൾ കൂടുതൽ അടുപ്പം കാണിച്ചിരുന്നത് സോവിയറ്റ് യൂണിയനോടായിരുന്നു എന്നത് ഇന്ന് കമ്യുണസത്തെ വെറുക്കുന്ന ചിലരെങ്കിലും ഓർക്കുന്നത് നല്ലതാണ്. നെഹ്രുവുവിന്റെയും ഇന്ദിരയുടെയും കാലത്തെ തള്ളിക്കളയാൻ കോൺഗ്രെസ്സുകാർക്കാകുമോ? ഒരർത്ഥത്തിൽ ഇന്ത്യയുടെ ”ചേരിചേരാനയം’ പോലും ‘സോവിയറ്റ് പരവതാനിയിലാണ് വളർത്തിയെടുത്തത് എന്നുപറയേണ്ടിവരും. സ്റ്റാലിന്റെ ഇരുമ്പുമറയെ പരിഹസിച്ചവരുടെ പിന്മുറക്കാരാണ് ഇന്ന് സഖാവിന്റെ അമേരിക്കൻ യാത്രയെ വിമർശിക്കുന്നതിലും ആക്ഷേപിക്കുന്നതിലും മുൻപന്തിയിൽ എന്നത് വിരോധാഭാസമാണ്. പക്ഷെ ആ ഇരുമ്പു മറതകർന്നതും അതിനോടനുബന്ധിച്ചുണ്ടായ ആഗോള രാഷ്രീയ സംഭവവികാസങ്ങളും എന്തൊക്കെയായിരുന്നു എന്നുള്ളത് മോഡേൺ ചരിത്രം വസ്തുനിഷ്ഠമായി പഠിക്കുന്നവർക്കറിയാം. അവർ ഗ്ലാസ്‌നോസ്റ്റിനെയും പെരിസ്‌ട്രോയിക്കയേയും കണ്ണെടച്ചങ്ങു പിന്താങ്ങിയെന്നുവരില്ല.

ചരിത്രത്തിന്റെ വൈരുധ്യമെന്നോണം സംഭവിച്ച ‘ആഗോളീകരണം’ കേവലം സുഖകരമായ ചരക്കുകൈമാറ്റം മാത്രമായിരുന്നില്ല. മറ്റെല്ലാത്തിനും എന്നപോലെ ആശയരംഗത്തും വലിയ മാറ്റങ്ങൾ അത് സൃഷ്ടിക്കുകയുണ്ടായി. അതിന്റെ ഫലം ലോകത്തെമ്പാടും സംഭവിച്ചു. ഇന്ത്യയോടപ്പം കേരളത്തിലും അതിന്റെ അനുരണങ്ങൾ ഉണ്ടായിട്ടുണ്ട്. മുതലാളിത്ത രാജ്യങ്ങൾക്കുതന്നെ അവയുടെ പാരമ്പര്യ നിലപാടുകളിൽ നിന്നും ആശയങ്ങളിൽ നിന്നും പിന്നോക്കംപോയിട്ടുണ്ട് വിപണിയായിരുന്നു എല്ലാത്തിന്റെയും മൂല്യം നിശ്ചയിച്ചിരുന്നത്. ഒരു കമ്യുണിസ്റ് രാജ്യമായ ചൈന(?)അമേരിക്കയുടെ ഏറ്റവുംവലിയ വ്യാപാര പങ്കാളിയായി മാറി. ആശയ ഭിന്നിപ്പ് ഒരിക്കലും കൊടുക്കൽ വാങ്ങലുകൾക്ക് തടസ്സമായില്ല എന്നർത്ഥം.

പിന്നെ ശാസ്ത്രീയ നേട്ടങ്ങളും കണ്ടെത്തലുകളും സങ്കുചിതമായ രാഷ്രീയ മൗലിക കോട്ടകെട്ടി എവിടെയും ഒതുക്കിനിർത്താൻ ആരും ശഠിച്ചിരുന്നില്ല . സോവിയറ്റ് യൂണിയന്റെ ഏത്രയോ നേട്ടങ്ങൾ അമേരിക്കയും അമേരിക്കയുടെ നേട്ടങ്ങൾ തിരിച്ചും’ ശീതയുദ്ധകാലത്തും’ പങ്കുവെച്ചിരുന്നു. ഇന്ന് ലോകം ഒരു കുടക്കിഴിലാണ്. പരസ്പര കൈമാറ്റമാണ് എവിടെയും നടക്കുന്നത്. ആരോഗ്യ ശിശ്രൂഷ രംഗത്തും മറ്റെന്തിനേക്കാളും അത് ഏറെ പ്രകടമാണ്

ഇത്തരമൊരു സാഹചര്യത്തിൽ ഒരാളുടെ രോഗത്തിന് ഉചിതമായ ചികിത്സ അമേരിക്കയിൽ ഉണ്ടെങ്കിൽ അത് നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രിക്ക് ലഭ്യമാകുമെങ്കിൽ കേവലം രാഷ്രീയ ഭിന്നത കൊണ്ട് അതിനോട് മുഖം തിരിക്കേണ്ടതുണ്ടോ ?. അവിടെ സങ്കുചിതമായ രാഷ്രീയവിഭാഗിയതക്ക്  ഇടം കൊടുക്കേണ്ടതുണ്ടോ? മികച്ച പല ഉപകരണങ്ങളും മയോക്ലിനിക്കിൽ ലഭ്യമാണെങ്കിൽ അത് മുഖ്യമന്ത്രിക്ക് ലഭിക്കട്ടെ ഇന്ത്യയിൽ ലഭ്യമല്ലാത്ത പ്രോട്ടോൺ ബീം തെറാപ്പി പോലുള്ള ട്രീറ്റമെന്റ് അദ്ദേഹത്തിന് ആവശ്യമെങ്കിൽ അതും ലഭിക്കട്ടെ. നമ്മുടെ മുഖ്യമത്രിയുടെ ആരോഗ്യമാണ് പ്രധാനം.

സ്വാതന്ത്ര്യസമരമുഖത്തും പുസ്തകവും മരുന്നും ബ്രിട്ടനിൽ നിന്നയാൽ പോലും അതിനോട് മുഖം തിരിക്കില്ല എന്നുപറഞ്ഞൊരു പ്രധാനമന്ത്രി ഭരിച്ച നാടാണ് നമ്മുടേത്. അത്തരം വിവേകമുള്ള ഭരണാധികാരികളുടെ കാറ്റേറ്റ് സുഗന്ധം പരത്തുന്ന നാട്ടിലുള്ള പക്വമതികളായ ജനത ഒരിക്കലും ചികിത്സക്കായി അമേരിക്കയിലേക്ക് യാത്രതിരിച്ച സഖാവ് പിണറായിക്കെതിരെ ട്രോളില്ല അധിക്ഷേപിക്കില്ല. വിശ്വാസികളാണെങ്കിൽ മനം നൊന്തു പ്രാർത്ഥിക്കുകയേയുള്ളു. അതാണ് നാനാജാതി മതസ്ഥർ ജീവിക്കുന്ന ഇന്ത്യയുടെ പൈതൃകം.

രോഗത്തിന്റെ കാര്യത്തിലും മരണത്തിന്റെ കാര്യത്തിലും വ്യക്തി വിരോധവും രാഷ്രീയ വിരോധവും പ്രകടിപ്പിക്കുന്നത് ഏതായാലും നമ്മുടെ സംസ്കാരമല്ല എന്ന് ചിലരെങ്കിലും തിരിച്ചറിയേണ്ടതുണ്ട്

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.