25 C
Bangalore
December 17, 2018
Untitled

പെരിയാറിന്‍റെ തീരത്ത് ഉറങ്ങാതിരിക്കുമ്പോള്‍, എനിക്ക് നിങ്ങളോട് പറയാനുള്ളത്…

periyar-river

പെരിയാറിന്‍റെ തീരത്തായിരുന്നിട്ടും വെള്ളം കയറുമെന്ന ഭയമോ, ഒലിച്ചുപോകുമെന്ന ഭീതിയോ അല്ല എന്നെ വേട്ടയാടിയത്…
പുഴകാണാന്‍ വരുന്ന മനുഷ്യരും, അവരുടെ കൈകൊട്ടിച്ചിരികളും,
ഡാം തുറക്കുമ്പോഴുള്ള ആഹ്ളാദാരവങ്ങളുമാണ്…
കുറ്റപ്പെടുത്തലുകളാണ്…
ഓരോ കടവുകളിലും കലങ്ങിമറിഞ്ഞൊഴുകുന്ന പുഴകാണാനെത്തിയ നൂറുകണക്കിനാളുകള്‍..പാലത്തിലേക്ക് കയറിനിന്ന് വാഹനങ്ങള്‍ കുടുങ്ങിപ്പോവുന്ന വിധത്തില്‍ കാഴ്ച്ചക്കാരുടെ തിക്കും തിരക്കും…ഹോ..!എന്താണ് ഇവരുടെ ആനന്ദത്തിനുള്ള കാരണം..ക്യാമറകളുടെ ഫ്ളാഷ് ലൈറ്റുകള്‍ സന്ധ്യകഴിഞ്ഞും തുരുതുരെ മിന്നുന്നു….

മറുഭാഗത്ത് ഒരായുസ്സുകൊണ്ട് കൂട്ടിവെച്ച പലതും മഴയിലും മണ്ണിലും പൂണ്ടുപോയ മനുഷ്യരുടെ രോദനങ്ങള്‍ ആരുകേള്‍ക്കാന്‍.. ഒന്നുറങ്ങിയുണരുന്ന നേരം കൊണ്ട് ഭൂമിയില്‍ നിന്ന് മാഞ്ഞുപോയ ജീവീതവും ജീവനുകളും , വെറുമൊരു ഭാണ്ഡക്കെട്ടും തലയിലേറ്റി വഴിതെറ്റിയ പുഴമുറിച്ചു കടക്കുന്ന ഒരുപറ്റം മനുഷ്യര്‍… കുന്നിറങ്ങിപ്പോയ വീടുകള്‍ , കുരക്കാനും കരയാനും മറന്നുപോയ മിണ്ടാപ്രാണികള്‍..
കെട്ടിയിട്ട കയറില്‍ കുരുങ്ങിത്തീര്‍ന്ന നാല്‍ക്കാലികള്‍..

കാണാതെ പോവുന്ന ചിലകാഴ്ച്ചകളുണ്ട് ..ചിലത്….
പൊടുന്നനെ തുറന്നൊഴുകുന്ന ജലപ്രളയത്തിനിടയിലൂടെ പനിബാധിച്ച കുഞ്ഞിനേയും കൊണ്ട് കാലിളകിയ പാലത്തിലൂടെ പാലംകയറിയിറങ്ങുന്ന ചെളിവെള്ളത്തിലൂടെ ആ കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് മറുകരയെത്തുന്ന ദുരന്തനിവാരണ സേനയിലെ രക്ഷകര്‍…
കടപുഴകിയ മരം പാലത്തില്‍ തടഞ്ഞുനിന്നപ്പോള്‍ ജീവന്‍ പണയം വെച്ച് അത് മുറിച്ചുമാറ്റുന്നവര്‍…
തകര്‍ന്നുപോയ വീടുതിരയുന്ന ഫയര്‍സര്‍വീസിലേയും പോലീസിലേയും ജീവനക്കാര്‍…
കാറ്റുനിറച്ച വഞ്ചിയില്‍ സധൈര്യം സഞ്ചരിച്ച് ഒറ്റപ്പെട്ടുപോയവരുടെ വീടുകളിലെത്തുന്നവര്‍…
ചെളിയില്‍ പൂണ്ട കുഞ്ഞിനെ നെഞ്ചിലൊട്ടിച്ച് നടന്നുനീങ്ങുന്ന ജനസേവകര്‍…
അങ്ങനെ പലതും….
അവരും മനുഷ്യരാണ്…

”കുറ്റപ്പെടുത്തലുകളല്ല വേണ്ടത്,കൂടെ നില്‍ക്കുക മനസ്സുകൊണ്ടെങ്കിലും”
മറ്റൊന്ന്..
ഇടുക്കിഡാം തുറന്നു വിടുന്നതില്‍
സര്‍ക്കാരിന്‍റെ തീരുമാനം കൃത്യമായിരുന്നു…
ഭൂതത്താന്‍ കെട്ടും, ഇടമലയാറും , ലോവര്‍പെരിയാറും തുറന്നുവിട്ടതിനു ശേഷം ചെറുതോണിയിലെ ഷട്ടറുകള്‍ തുറന്നതുകൊണ്ട് ഒഴിവായത് വലിയൊരു ദുരന്തമാണ്…

സര്‍ക്കാരിനെ വിമര്‍ശിക്കാന്‍,രാഷ്ട്രീയക്കണ്ണുകള്‍ തുറന്നുവയ്ക്കാന്‍ നിങ്ങള്‍ മറ്റൊരവസരം കണ്ടെത്തുക….

സര്‍ക്കാര്‍ തീരുമാനങ്ങള്‍ ശക്തമാണ് …
കൂടെ നില്‍ക്കുക..

ഒരുപാടു ജീവിതങ്ങള്‍ പെരുവഴിയിലാണ്…

ഇപ്പോള്‍ നിങ്ങളെടുക്കുന്ന സെല്‍ഫികള്‍ക്ക്
മരിച്ചകണ്ണുകളിലെ കലക്കമാണുള്ളത്..!

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.