27.1 C
Bengaluru
January 17, 2020
Untitled

പേരയ്ക്ക

പേരയ്ക്ക-story-Shyni John

രതിചേച്ചിയുടെ വീടിന്റെ പുഴക്കല്ല് പാകിയ മുറ്റത്ത് ,
ഇടതുവശത്തായി മതിലിനോട് ചേര്‍ന്ന,് പടര്‍ന്നു നില്‍ക്കുന്ന ഒരു പേരമരമുണ്ട്.
ഇടത്തരം തേങ്ങയോളം വലുപ്പമുള്ള വലിയ പേരയ്ക്കകള്‍  കുലകുത്തി കായ്ച്ചു കിടക്കുന്ന പേരമരം.
പഴുത്തു വലിഞ്ഞു നില്‍ക്കുന്ന ഒരു വലിയ പരുവിനെ ഓര്‍മ്മിപ്പിക്കുന്ന മിനുമിനുത്ത പേരയ്ക്കകള്‍.
സൂചിമുന കൊണ്ടൊന്നു കുത്തിയാല്‍ അതില്‍ നിന്ന് ചോരയും ചലവും ഒലിക്കുമെന്ന് തോന്നും.
അത്ര സുതാര്യമാണ് അതിന്റെ തുടുപ്പ്.
ഇളംവെയിലിന്റെ മഞ്ഞ നിറമാണ് അവയ്ക്ക്.

ആ വഴി പോകുന്നവരെല്ലാം ആ പേരയ്ക്കമരത്തില്‍ കണ്ണു വെച്ചിട്ടാണ് പോക്ക്.
വായില്‍ കപ്പലോടിക്കാനുള്ള വെള്ളമുണ്ടെങ്കിലും ചോദിക്കാന്‍ ഭയം.
ചോദിച്ചിട്ട് കാര്യവുമില്ല.
‘ അതു കണ്ടിട്ടാരും കൊതിയ്ക്കണ്ട ‘ എന്ന് നിര്‍ദ്ദയം പറയും രതിചേച്ചി.
പിന്നെ ഒന്നു കാറിത്തുപ്പി വെട്ടിത്തിരിഞ്ഞ് അകത്തേക്ക് പോകും.
ചോദിക്കുന്നവര്‍ക്ക് മുഖമടച്ച് ഒരു പ്രഹരമേറ്റതു പോലെയാണ് തോന്നുക.
അതു കൊണ്ട് ഇലമുതല്‍ കട വരെ കണ്ണുവെച്ച് കടന്നു പോകും എല്ലാവരും.
നന്ദുവിനും ഒരു പേരയ്ക്ക കിട്ടിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു.
പക്ഷെ അപ്പുവും കണ്ണനും കു്ട്ടനും പറഞ്ഞു കൊടുത്ത കഥകള്‍ അവനെ പിന്തിരിപ്പിച്ചു.
ഏത് പാതിരാത്രിയിലും പേരമരത്തിന്റെ ചില്ല ഒന്നുലഞ്ഞാല്‍ രതിചേച്ചി അറിയുമെന്നാണ് നാട്ടിലെ കഥ.
പോരാത്തതിന് പേരയ്ക്ക് കാവല്‍ കിടക്കുന്ന കൂറ്റന്‍ ഡോബര്‍മാനെ ഗേറ്റ് തുറന്നു വിടാന്‍ പോലും അവര്‍ മടിക്കില്ലത്രേ.
ചില്ല നിറഞ്ഞ് തൂങ്ങി കിടക്കുന്ന പേരയ്ക്ക തിന്നാന്‍ അവര്‍ക്കൊരു കുട്ടിയുമില്ല.

കുട്ടിയുണ്ടാകാത്തതാണ് അവരുടെ ദേഹവടിവിന്റെ രഹസ്യമെന്ന് കണ്ണന്‍ അവന് പറഞ്ഞു കൊടുത്തിരുന്നു.
മധ്യവയസിലെത്തിയിട്ടും നെഞ്ചോ വയറോ ഒന്നും ഉടയാത്തത് കൊണ്ടാണെന്നും.
‘നോക്കി നില്‍ക്കുന്തോറും സൗന്ദര്യം കൂടി വരുന്ന ഇനം. കഥകളിലൊക്കെ വായിച്ചിട്ടുള്ളതു പോലെ സര്‍പ്പസൗന്ദര്യം’.- ഉണ്ണിയുടെ അഭിപ്രായമാണ്.
അത് ശരിയാണെന്ന് നന്ദുവിനും തോന്നി.
അവരെ കണ്ടപ്പോഴൊക്കെ അങ്ങനെ തന്നെയാണ് തോന്നിയത്.

അച്ഛന്റെ അനുജനോടൊപ്പം ന്യൂയോര്‍ക്കില്‍ നിന്നും നാട്ടിലേക്ക് പോരാന്‍ തോന്നിയ നിമിഷത്തെ പലപ്പോഴും ശപിച്ചിരുന്നു.
രതിചേച്ചിയെ കണ്ടതോടെയാണ് ആ മനസ്താപത്തിന് അല്‍പ്പം അയവുണ്ടായത്.
പാടത്തിന്റെ നടുവിലെ വീതിയുള്ള ടാറിട്ട വരമ്പിന്റെ അങ്ങേയറ്റത്താണ് നന്ദുവിന്റെ അച്ഛന്‍ ജനിച്ചു വളര്‍ന്ന പൂമുള്ളി തറവാട്.
വരമ്പും റോഡും കൂട്ടിമുട്ടുന്ന മൂലയില്‍ റോഡിനോട് ചേര്‍ന്നാണ് രതിചേച്ചിയുടെ വീട്.
തറവാട്ടിലേക്ക് വരുമ്പോഴും പോകുമ്പോഴും അവരുടെ വീടിന് മുന്നിലൂടെ പോകണം.
നാട്ടില്‍ വന്നതിന്റെ രണ്ടാംദിവസം വൈകുന്നേരമാണ് നന്ദു അവരെ ആദ്യമായി കാണുന്നത്.

ന്യൂയോര്‍ക്കില്‍ നിന്നും വീടിനുള്ളില്‍ ധരിക്കാന്‍ പാകത്തിലുള്ള ചെരിപ്പ് കൊണ്ടു വന്നിരുന്നില്ല.
ചെറിയച്ഛന്‍ പറഞ്ഞു
‘നീ അപ്പൂന്റെ കൂടെ ടൗണിലേക്കൊന്ന് ഇറങ്ങ്. ആവശ്യമുള്ളതൊക്കെ വാങ്ങിക്കോ. ഈ അര ട്രൗസറൊക്കെ കളഞ്ഞിട്ട് നല്ല പാന്റു തന്നെ ആയ്‌ക്കോട്ടെ. ഇവിടെ ദേവൂം ശ്രീക്കുട്ടീം നിന്റെ വേഷം കണ്ട് ചിരിക്യാണ്’
അതു ശരിയാണ്.
ചെറിയച്ഛന്റെ അഞ്ചിലും ഏഴിലും പഠിക്കുന്ന പെണ്‍മക്കള്‍ തന്നെ കാണുന്വോഴൊക്കെ വായ്‌പൊത്തി ചിരിക്കുന്നു.
ദേവനന്ദയും ശ്രീഭദ്രയും ബന്ധം കൊണ്ട് അനിയത്തിമാരാണ്.
പക്ഷേ ആദ്യമായി കാണുന്നതിലെ അകലം കൊണ്ട് വല്ലാത്ത നാണക്കേട് തോന്നി.
നന്ദുവിന്റെ സമപ്രായക്കാരനായ അപ്പു ടൗണിലേക്ക് പോകാന്‍ ഉത്സാഹത്തോടെ തയാറായി വന്നു.
കൂടെ വല്യച്ഛന്റെ മക്കളും വന്നു.
കണ്ണനും കുട്ടനും
കുട്ടനെ എല്ലാവരും വിളിക്കുന്നത് കുട്ടേട്ടനെന്നാണ്. കണ്ണനെ കണ്ണേട്ടനെന്നും.
അപ്പുവാണ് തന്റെ സമപ്രായക്കാരന്‍.
എല്ലാവരുമായും നന്ദു പെട്ടന്ന് ഇണങ്ങി
ഒന്നിച്ചു ചേരുമ്പോള്‍ ബന്ധങ്ങളുടെ കണ്ണികള്‍ എത്ര വേഗത്തിലാണ് വിളങ്ങിച്ചേരുന്നത്.
വയല്‍വരമ്പിലൂടെ നടന്നാണ് പോയത്.
‘ പതിനൊന്നിന്റെ അര്‍ച്ചനയ്ക്ക് പോകാം’
എന്ന് കുട്ടേട്ടന്‍ പറഞ്ഞു.
ബസില്‍ കയറണമെന്ന് ചിന്തിച്ചപ്പോള്‍ തന്നെ മനസിടിഞ്ഞു.
ഇതേവരെ ബസില്‍ കയറിയിട്ടില്ല.

ആ പേടിയൊട റോഡിലേക്ക് കാലെടുത്ത് വെച്ചപ്പോള്‍ തന്നെ തൊട്ടുമുന്നില്‍ ഒരു പേരയ്ക്ക വന്നു വീണു.
‘ രതിചേച്ചീടെ പേരയ്ക്ക’
കണ്ണന്‍ അപ്രതീക്ഷിതമായ ആ കാഴ്ചയില്‍ അമിതാഹ്‌ളാദത്തോടെ വിളിച്ചു കൂവി.
‘ എടുക്കെടാ നന്ദൂ’ എന്ന് കുട്ടേട്ടന്‍ അലറി.
നന്ദു ഓടിച്ചെന്ന് അതെടുത്തു.
കൈവെള്ള നിറഞ്ഞ് മിനുത്ത് തെല്ല് ഗമപൂണ്ട് ഒരു വലിയ പേരയ്ക്ക.
‘ ആളെപ്പോലെ തന്നെ.. എന്തു രസാണ് കാണാന്‍’
കണ്ണന്‍ അത് വാങ്ങി വാസനിച്ചു
‘ എന്തൊരു മണം’
അവരെ പോലെ മദിപ്പിക്കുന്ന മണം.
‘ എന്തൊരു തുടുതുടുത്ത പേരയ്ക്ക’
കണ്ണന്‍ അര്‍ഥഗര്‍ഭമായി അതില്‍ ചുംബിച്ചു.
പേരയ്ക്ക കാഴ്ചയ്ക്ക് സുന്ദരമാണ്. നല്ല മണവുമുണ്ട്.
പക്ഷേ അപ്പുവും കുട്ടേട്ടനും കണ്ണേട്ടനും അതിന്‍മേല്‍ ഇത്ര ആര്‍ത്തിയോടെ തൊട്ടു തലോടുന്നതെന്തിനാണ്.
‘ അതിങ്ങോട്ട് തന്നേക്കൂ കുട്ട്യോളേ’
എന്ന ശബ്ദം കേട്ടതോടെ ആവേശപ്രകടനം നിലച്ചു
മതില്‍ക്കെട്ടിന് അപ്പുറത്ത് പടര്‍ന്നുവീണു പൂത്ത മഞ്ഞക്കോളാമ്പികള്‍ക്ക് അരികെ നില്‍ക്കുന്നു രതിചേച്ചി
ഓറഞ്ചു നിറമുള്ള സാരിയുടുത്ത ഒരു ദേവാംഗന.
നാല്‍പ്പത്തഞ്ചു വയസുണ്ടാകണം.
അംഗപ്രത്യംഗ സുന്ദരി. കൈനീട്ടി നില്‍ക്കുന്ന അവരില്‍ നിന്ന് കണ്ണു പറിക്കാന്‍ തോന്നിയില്ല നന്ദുവിന്.
നല്ല ഉയരമുണ്ട് അവര്‍ക്ക്.
ചന്ദനത്തില്‍ കൊത്തിവെച്ചതു പോലെയുണ്ട് മുഖവടിവ്.
വലിയ താമരയിതള്‍ കണ്ണുകളും നീളന്‍ മൂക്കും.
കണ്ണേട്ടന്റെ കൈയ്യിലിരിക്കുന്ന പേരയ്ക്കയുടെ നിറമാണ.
മാറത്തേക്ക് വിടര്‍ത്തിയിട്ട നീണ്ടു ചുരുണ്ട മുടിയിഴകളില്‍ മഞ്ഞ നിറമുള്ള ഒരു പേരയില വീണ് ഉടക്കി കിട്ക്കുന്നു.
‘ കുട്ടീ ആ പേരയ്ക്ക ഇങ്ങു തരൂന്നേയ്’
അവരുടെ കൊത്തിവെച്ച ചുണ്ടുകള്‍ ചലിച്ചു
ദേഷ്യമാണ് ഭാവം.
ശുണ്ഠി.
കണ്ണന്‍ പേരയ്ക്ക അവരുടെ മതിലിനിപ്പുറത്തേക്ക് നീട്ടിയ കൈയ്യിലേക്ക് വെച്ചു കൊടുത്തു.
‘ നീ ഡിഗ്രി പാസായോടാ.. അതോ ഇക്കുറിയും തോറ്റോ’ അവര്‍ ചോദിച്ചു.
ചോദ്യം കുട്ടേട്ടനോടാണ്.
‘ ആ..’ കുട്ടന്‍ തല ചൊറിഞ്ഞു.
‘ ഇനിയെന്താ പരിപാടി. നിന്റെ ചെറിയച്ഛന്റൊപ്പം അമേരിക്കേല് പോവ്വാ,,’?
ആകാംക്ഷയോടെയാണ് ചോ്ദ്യം.
‘ എനിക്കൊന്നും ഇഷ്ടല്ല അമേരിക്ക’
കുട്ടേട്ടനും ശുണ്ഠി വന്നു
‘ ആ.. ഇവിടിങ്ങനെ കാള കളിച്ച് നടന്നോള്.’
അവര്‍ നീണ്ടു തുടുത്ത കൈവിരലുകളില്‍ പേരയ്ക്കയും ഒതുക്കിപ്പിടിച്ച് നടന്നു പോയി.
അറ്റം വെട്ടിവെച്ചതു പോലെയുള്ള അല്‍പ്പം തടിച്ച ചുവന്ന ചുണ്ടുകളുടെ ചലനം ഹൃദയത്തില്‍ കൊളുത്തിപ്പിടിച്ചത് പോലെ തോന്നി നന്ദുവിന്.
അവര്‍ പോയപ്പോള്‍ എന്തെന്നില്ലാത്ത നഷ്ടബോധം.

‘ പിശുക്കി’
അപ്പുവിന് ദേഷ്യം വന്നു
‘ റോഡില്‍ വീണ പേരയ്ക്ക പോലും ആര്‍ക്കും കൊടുക്കില്ല ജന്തു’
‘ കൊടുക്കും’
കുട്ടേട്ടന്‍ ഊന്നിപ്പറഞ്ഞു
‘ ഇഷ്ടം തോന്നുന്നോര്‍ക്ക് മാത്രം… ‘എന്തും’ ‘
ആ എന്തും വല്ലാത്ത കനത്തോടെയാണ് ഉച്ചരിച്ചത്.
അവരെ കണ്ടാല്‍ ആര്‍ക്കായാലും ഇഷ്ടപ്പെടും.
പക്ഷേ അവര്‍ക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടാകുമോ.
അമേരിക്കയിലൊന്നും രതിചേച്ചിയെ പോലെ ഒരു മായാജാലമില്ല.
കാന്തം പോലെ മനസിനെ ആകര്‍ഷിച്ച് കൊണ്ടു പോകുന്ന എന്തോ ഒരു മാന്ത്രികതയുണ്ട് അവര്‍ക്ക്.
ഈ നാട്ടിന്‍പുറത്തിന്റെ മനോഹാരിതയും.
ഇന്നത്തെ ദിവസം അവരെ കണ്ടത് മറക്കാനേ പറ്റുന്നില്ല.
ത്രിസന്ധിച്ച് കുളിച്ചു് മുടിയില്‍ ഈറനോടെ മുറ്റത്തെ തുളസിത്തറയ്ക്ക് മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്ന കാഴ്ച.
ചുറ്റുവിളക്കിന്റെ നാളങ്ങള്‍ അവരുടെ മുഖത്താണ് പ്രകാശിച്ചിരുന്നത്.
ഗേറ്റിന്റെ അഴികള്‍ക്കിടയിലൂടെ നോക്കി അന്തിച്ചു നിന്നു.
‘ ന്റെ രതിചേച്ചീ എന്തൊരു നല്ല പേരയ്ക്ക.’
മുടിയിലേ നനവേറ്റു വാങ്ങി വസ്ത്രം നനഞ്ഞൊട്ടിയ മാറിലേക്ക് നോക്കി കുട്ടേട്ടന്‍ ചുണ്ടു നനച്ചു.
ആ ദീപനാളങ്ങള്‍ നന്ദുവിനെയും എരിച്ചു തുടങ്ങി.
വല്ലാത്തൊരു ആസക്തി.

രാത്രി നടുത്തളത്തിലെ കാവിയിട്ട തറയില്‍ നിരന്നു കിടക്കുമ്പോള്‍ പതുക്കെ ചോദിച്ചു
‘ രതിചേച്ചീന്നാണോ അവരുടെ പേര്’
‘ കള്ളന്‍’ കണ്ണേട്ടന്‍ ആര്‍ത്തു ചിരിച്ചു.
‘ നീയിപ്പഴും അവളെ ഓര്‍ത്തു കിടക്ക്വാലേ’
അപ്പുവും കണ്ണനും ചിരിയില്‍ പങ്കു ചേര്‍ന്നു.
കുട്ടേട്ടന്‍ എഴുന്നേറ്റിരുന്നു.
‘ അവരുടെ പേര്  ഗായത്രിയെന്നാ..രതിചേച്ചീന്ന് വിളിക്കുന്നതിന് വേറെ കാരണംണ്ട്’
കുട്ടന്‍ തറയിലൂടെ നിരങ്ങി ടിവിയ്ക്ക് മുന്നിലെത്തി.
സിഡി ബോക്‌സ് തുറന്ന് എന്തൊക്കെയേ തപ്പിയെടുത്തു.
‘ നീയിതൊന്ന്  കണ്ടു നോക്ക് നന്ദൂ.. എല്ലാം മനസിലാകും’
അവന്‍ രഹസ്യം പറഞ്ഞു.
മൂന്നുപേരും എഴുന്നേറ്റിരുന്നു.
നന്ദു ഉരുളന്‍ തൂണില്‍ ചാരിയിരുന്നു.
‘ ശ്വേതേടെ വേണോ.. ജയഭാരതീടെ വേണോ’
കുട്ടന്‍ അഭിപ്രായമാരാഞ്ഞു.
‘ ജയഭാരതീടെ മതി’ കണ്ണനും അപ്പുവും ഒന്നിച്ചു പറഞ്ഞു.
‘ അതാ കുറച്ചൂടി ബെറ്റര്‍’
ഡിവിഡി പ്ലയര്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
ടിവിയില്‍ ചിത്രങ്ങള്‍ തെളിഞ്ഞു.
സിനിമ.
രതിനിര്‍വേദം.
നന്ദു എന്താണ് സംഭവമെന്നറിയാതെ പകച്ചിരുന്നു.
‘ മലയാളം വായിക്കാനറിയ്യോ ഇംഗ്ലീഷൂട്ടിയ്ക്ക്’
കണ്ണന്‍ ചോദിച്ചു.
‘ ഇല്ല’ നന്ദു പറഞ്ഞു.
പക്ഷേ മലയാളം സിനിമ കാണാന്‍ അറിയാം.
മലയാളം സംസാരിക്കാനുമറിയാം.
അത് അച്ഛന് നിര്‍ബന്ധമാണ്.
ഗൃഹാതുരത്വം മൂത്ത് ന്യൂയോര്‍ക്കിലെ വസതിയില്‍ മലയാളം ചാനലുകളാണ് കൂടുതല്‍ വെക്കുക.
മണിച്ചിത്രത്താഴും വാത്സല്യവും കിലുക്കവും താളവട്ടവുമെല്ലാം എപ്പോ വന്നാലും അച്ഛന്‍ കുത്തിയിരുന്ന് കാണും.
‘ രതിനിര്‍വേദം എന്നു പറഞ്ഞാല്‍ എന്താണെന്നറിയ്യോ’ കാറ്റൂതുന്ന രഹസ്യത്തില്‍ കുട്ടേട്ടന്‍ ചോദിച്ചു.
‘ നോ ഐഡിയ’ നന്ദു അജ്ഞത മറച്ചില്ല.
‘ രതി എന്നു വെച്ചാല്‍ സെക്‌സ്.. നിര്‍വേദം….അതെന്താ..’ അതിന്റെ അര്‍ഥം ആര്‍ക്കും പിടികിട്ടിയില്ല.
‘ സെക്‌സ് ക്ലൈമാക്‌സ്.. അത്രയും അറിഞ്ഞാല്‍ മതി’
കുട്ടന്‍ പ്രശ്‌നം പരിഹരിച്ചു.

ഉറങ്ങുന്നവരെ ഉണര്‍ത്താതെ ജാഗ്രത പാലിച്ച് പരമാവധി ശബ്ദം കുറച്ച് സിനിമ കണ്ടു തുടങ്ങി.
നന്ദു ശ്വാസം അടക്കിപ്പിടിച്ചിരുന്ന് കണ്ടു.
നന്ദുവിനേക്കാള്‍ രണ്ടുവയസ് കുറവാണ് അതിലെ നായകന്‍ പപ്പുവിന്.
എന്നാലും തന്റെ ഉള്ളില്‍ വീര്‍പ്പുമുട്ടുന്ന വികാരങ്ങള്‍ തന്നെ പപ്പുവിനും
അഭിനിവേശം.
ഗായത്രി എന്ന രതിചേച്ചി ഒരു തീക്കനലായി ശരീരമൊന്നാകെ ഞരമ്പുകളെ പൊള്ളിക്കുകയാണ്.
‘ വിഡ്ഢി’
പടം കഴിഞ്ഞപ്പോള്‍ അപ്പു പറഞ്ഞു.
‘ വെറുതേ കൊണ്ടോയി പാമ്പിന് കൊടുത്തു. സേഫായ സ്ഥലം നോക്കണ്ടേ’
എനിക്കെന്തായാലും ആ പേരയ്ക്കയുടെ സ്വാദൊന്നറിയണം’
കുട്ടന്‍ തന്റെ തീവ്രാഭിലാഷം കുടഞ്ഞിട്ടു.
‘ രതിചേച്ചി ആള് മഹാ പോക്കാണ്. പക്ഷേ മനസില്‍ പിടിച്ചവര്‍ക്കേ കൊടുക്കൂ’
‘ വെറുതെ പറയാണ് ആളുകള്’
കണ്ണന് സംശയം.
‘ വെറുതെയൊന്ന്വല്ല’ കുട്ടന്‍ വീണ്ടും രഹസ്യം പറഞ്ഞു.
‘ എനിക്കൊരു കൂട്ടുകാരനുണ്ട്. ഹരി.. അവന് കിട്ടിയതാ’
ആറുകണ്ണുകളില്‍ ആകാംക്ഷ വിടര്‍ന്നു.
അസൂയ നോട്ടങ്ങളിലേക്ക് ഉറ്റു നോക്കി കുട്ടന്‍ ആ കഥ പറഞ്ഞു.
‘ കാണാന്‍ നല്ല ചൊങ്കനാണ് ഹരി. ഒരിക്കല്‍ ഹരി പേരയിലേക്ക് നോക്കി നടന്നു പോകുമ്പോള്‍ മതിലിനരികില്‍ നിന്ന്
ശൂ..ശൂ ന്ന് വിളിച്ചു ഇവര്.. എന്നിട്ട് ‘ ടിവി കേടായി.. ഒന്നു നോക്കാമോ’  എന്ന് ചോദിച്ചു. ഹരി ചെന്നപ്പോള്‍ പൂമുഖ വാതില്‍ അടച്ചു കുറ്റിയിട്ടു. തീരെ പ്രതീക്ഷിക്കാതെ ഇട്ടിരുന്ന നൈറ്റി ഒരൊറ്റ ഊരല്.. അടിയില്‍ ഒന്നുമില്ലായിരുന്നു’
മൂന്നു ഹൃദയങ്ങളുടെ ചലനമറ്റു.
രതിചേച്ചിയുടെ ആ നില്‍പ്പ് അവര്‍ മനസില്‍ കണ്ടു.
പഴുത്ത പേരയ്ക്കയുടെ നിറമുള്ള ശരീരം.
കടഞ്ഞെടുത്ത ഇടയൊതുക്കങ്ങള്‍.
നെഞ്ചില്‍ തേന്‍ കിനിയുന്ന രണ്ട് വലിയ പേരയ്ക്കകള്‍.
‘ അന്ന് വൈകുന്നേരത്താ അവര് ഹരിയെ പറഞ്ഞുവിട്ടത്’

കുട്ടന്‍ ഉപസംഹരിച്ച കഥ വീണ്ടും വീണ്ടും ഓര്‍ത്തെടുത്ത് നന്ദു കിടന്നു.
സര്‍പ്പക്കാവില്‍ പിണഞ്ഞു ചേരുന്ന ഉടലുകളും സര്‍പ്പദംശനമേറ്റ് നീലിച്ച കാലടിയും നൈറ്റി ഊരിയെടുത്ത് നിലത്തേക്കിടുന്ന രതിചേച്ചിയും നിദ്ര കവര്‍ന്നെടുത്തു.
ഉറക്കമില്ലാതായി.
എങ്ങനെയെങ്കിലും അവരെ പ്രാപിക്കാതെ ഇനി ഒന്നിനും വയ്യ.
അവരെ കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ടായിരുന്നു.
വരമ്പിലിരുന്ന് തോട്ടിലേക്ക് ചൂണ്ടയിട്ട് മീന്‍പിടിക്കുകയായിരുന്ന കാര്യസ്ഥന്‍ ഗോപാലനാണ് ബാക്കി കഥകള്‍ പറഞ്ഞത്.
‘ കേള്‍ക്കണത് മൊത്തം ശരിയൊന്നുമല്ല നന്ദൂട്ടാ. കുറേയൊക്കെ കല്ലുവെച്ച നുണകളാണ്. അതൊരു പാവം പെണ്‍കുട്ടിയായിരുന്നു. അതിനെ പെഴപ്പിച്ചതാ.’
‘ പെഴപ്പിച്ചതാ’ എന്ന വാക്കിന്റെ അര്‍ഥം കുട്ടനാണ് പറഞ്ഞു കൊടുത്തത്.
റേപ് ചെയ്യുക.അല്ലെങ്കില്‍ പ്രേമം നടിച്ച് മാനം കവരുക.
അതു കേട്ടപ്പോള്‍ വിഷമം തോന്നി.
ആരോ ഒരാള്‍ പണ്ട് പതിനേഴുകാരിയായ ആ സുന്ദരിപ്പെണ്‍കിടാവിനെ മോഹിപ്പിച്ച് ഗര്‍ഭിണിയാക്കി. ആ കഥ നാട് മുഴുവനും അറിഞ്ഞപ്പോള്‍ രാത്രിയ്ക്ക് രാത്രി പയ്യനെ വീട്ടുകാര്‍ നാടുകടത്തി. ഇപ്പോള്‍ അയാള്‍ ദൂരെ ദൂരെ എവിടെയോ കുടുംബമായി വലിയ നിലയില്‍ ജീവിക്യാത്രേ. അയാള്‍ നാടുവിട്ടു പോയതോടെ അവളുടെ വീട്ടുകാര്‍ എന്തൊക്കെയോ മരുന്നു കൊടുത്ത് ഗര്‍ഭം അലസിപ്പിച്ചു. കുറേക്കാലം കഴിഞ്ഞ് ഗള്‍ഫുകാരനായ ഒരു കരിമന്തിയെ കൊണ്ട് അവളുടെ വിവാഹം നടത്തി മാനം രക്ഷിക്യായിരുന്നു. അതില്‍പ്പിന്നെ അവര്‍ക്കു കുട്ടികളും ഉണ്ടായില്ല’

രതിചേച്ചിയെ കുറിച്ച് ഓര്‍ത്തപ്പോള്‍ നന്ദുവിന് വേദന തോന്നി.
പൂര്‍വചരിത്രം ആലോചിച്ചാല്‍ അവര്‍ സഹതാപം അര്‍ഹിക്കുന്നുണ്ട്.
‘ ആ പേരമരത്തിന്റെ കഥയറിയ്യോ’ കാര്യസ്ഥന്‍ ചിരിച്ചു.
‘ അവളുടെ ആ കാമുകന്‍ അവര്‍ക്ക് പ്രണയസമ്മാനമായി കൊടുത്തതായിരുന്നു ആ പേരയുടെ തൈയ്യ്’
കാര്യസ്ഥന് പലതുമറിയാം.
ഒന്നും വിട്ടു പറയുന്നില്ലെങ്കിലും.
അതില്‍പിന്നെ പേരമരത്തില്‍ നോക്കുമ്പോള്‍ ഒരു പ്രണയ സ്മാരകമാണെന്ന് തോന്നിച്ചു.
താജ്മഹല്‍ പോലെ ഒരുപാട് ദുരന്തകഥകള്‍ ഉള്ളിലൊളിപ്പിച്ച് മധുരമധുരമായ ഓര്‍മ്മകളില്‍ വിലയം പൂണ്ട് നില്‍ക്കുകയാണ് അത്.
‘ എന്താ നോക്കണേ’
മതിലിനപ്പുറത്ത് നിന്നൊരു ശബ്ദം
പച്ചയില്‍ നിറയെ ചുവന്ന റോസാപ്പൂക്കള്‍ വീണു കിടക്കുന്ന സാരിയുടുത്ത് രതിചേച്ചി അല്ല -ഗായത്രി.
അവരുടെ ചുവന്ന കല്ലുവെച്ച മുക്കുത്തി തിളങ്ങി.
‘ തനിച്ചേയുള്ളോ’
ആര്‍ദ്രമായ ചോദ്യത്തിന് ഹൃദയമിടുപ്പുകള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ച് നന്ദു തലയാട്ടി മറുപടി നല്‍കി.
‘ നീയിങ്ങുവാ.. അടുത്തു വാ..’
അവരുടെ കണ്ണുകളില്‍ നിഗൂഢത മിന്നി.
കുട്ടേട്ടന്റെ കഥയിലെ ഹരിയെ ഓര്‍മ്മിച്ചു.
അടുത്തേക്ക് മാടിവിളിച്ച് ..അകത്തു കയറ്റി …വാതിലടച്ച് ..
കാലുകളില്‍ ഒരു തരിപ്പ് പടര്‍ന്നു.

ഒരു മതിലിന് അപ്പുറവും ഇപ്പുറവും ചേരാവുന്നത്രയും ചേര്‍ന്നു നില്‍ക്കുമ്പോള്‍ അവര്‍ പറഞ്ഞു.
‘ എന്തൊരു ഭംഗിയാ നിന്നെ കാണാന്‍.. മിടുക്കന്‍.. ഞാനിന്നലെയാ അറിഞ്ഞത്..ട്ടോ’
അവരുടെ വാക്കുകളില്‍ വാത്സല്യമുണ്ടോ..
ആ തുടുത്ത ഇടതുകരം തനിക്കു നേരെ നീളുന്നത് നന്ദു കണ്ടു.
താമഴയിതള്‍ കണ്ണുകളില്‍ നനവ്..
വല്ലാതെ അമ്പരന്നു നില്‍ക്കുമ്പോള്‍ മുടിയിഴകള്‍ക്കുള്ളിലൂടെ അവര്‍ വിരലോടിക്കുന്നു.
അമ്മയെ ഓര്‍മ്മ വന്നു. അതേ അമ്മയെ പോലെ തന്നെ..
‘ വാസുവേട്ടന്റെ മോനാണല്ലേ’
അവരുടെ നനുത്ത ചോദ്യത്തിന് മറുപടിയായി തലയാട്ടി.
‘ ഗായത്രി ചോദിച്ചെന്ന് പറയണംട്ടോ’
അവര്‍ മതിലിനപ്പുറത്ത് മറഞ്ഞിരുന്ന വലതുകൈ ഉയര്‍ത്തി
പഴുത്തു തുടുത്തൊരു പേരയ്ക്ക അവനു നേരെ നീട്ടി.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.