പഞ്ഞമാസമെന്നൊക്കെ പറയുമെങ്കിലും, കര്‍ക്കിടകത്തിലെ മുപ്പത്തിരണ്ടു ദിവസങ്ങള്‍ ഏറ്റവും രസകരമായ, രുചികരമായ ദിവസങ്ങളാണ്. കാരണം മാങ്ങ ഉപ്പിലിട്ട ഭരണിതുറക്കുന്നത് ഈ മാസത്തിലാണ്. പരമാവധി അമ്പത് മാങ്ങകള്‍ നിറച്ചുവയ്ക്കാവുന്ന , കടും പച്ചയും വെള്ളയും നിറമുള്ള ആ ഭരണിക്കുള്ളില്‍ കര്‍ക്കിടകത്തിന്‍റെ രുചിക്കൂട്ടാണ്. ഉയരം കൂടിയ കാലുകളുള്ള മുത്തശ്ശിയുടെ കട്ടിലിനു കീഴെ, വെള്ളത്തുണികൊണ്ട് മുറുക്കിക്കെട്ടി മൂടിയ ഉപ്പുമാങ്ങയുടെ ജീവിതം സുരക്ഷിതമാണ്.

തുറന്നാല്‍ പുഴുനിറയുമെന്നും തുറന്നവരെ പുഴുമാങ്ങാ കഴിപ്പിക്കുമെന്നുമുള്ള ഭീഷണിയോടെ മുന്നില്‍ നാക്കിലൂറിയ വെള്ളം, ചാണകം മെഴുകിയ അകത്തേക്ക് തന്നെ നാക്കുതാഴ്ത്തി തുപ്പിയിട്ട് വേനലവധിയും , വിഷുവും , എടവപ്പാതിയും മിഥുനവും മറികടക്കും. കടയിലെ മരപ്പെട്ടിയില്‍ നിന്നും പാട്ടയ്ക്ക് അളന്നുതരുന്ന കല്ലുപ്പ് വാരിയിട്ട് വെള്ളം കുടഞ്ഞ് ,മുട്ടവലിപ്പമുള്ള മാങ്ങകളെ ഭരണിക്കുള്ളില്‍ അടുക്കിവെച്ച് തുണിയിട്ട് മൂടിക്കെട്ടും. ആ കെട്ട് കത്തികൊണ്ടല്ലാതെ മുറിച്ചടുക്കാനാവില്ല. കാരണം പഴയ മുണ്ടിന്‍റെ അരിക് കീറിയെടുത്ത് ചുരുട്ടിച്ചുരുട്ടി വലിച്ചുമുറുക്കിയങ്ങനെ കെട്ടും.

മലയാളമാസം ചൊല്ലിപ്പഠിച്ചത് ഉപ്പിലിട്ടമാങ്ങയുടെ വരവോര്‍ത്താണ്. കാരണം മുത്തശ്ശിയുടെ കണക്കുകളെല്ലാം മലയാളമാസം വഴിയായിരുന്നു. മുത്തശ്ശിയുടെ കട്ടിലിനടുത്തായിരുന്നു എന്‍റെയുറക്കം.

വീട്ടിലെ മൂത്തവര്‍ ഉപയോഗിച്ച് ചിതറിപ്പോയ ഓലപ്പായയെ കടയില്‍ ശര്‍ക്കരപൊതിഞ്ഞുവരുന്ന ഓലയുമായി കൂട്ടിയിണക്കി, മുറിവുകള്‍ തുന്നി വൃത്തിയാക്കി നീളം കുറഞ്ഞൊരു കുട്ടിപ്പായ എനിക്കുവേണ്ടി നിര്‍മ്മിക്കപ്പെടും.. അവിടെക്കിടന്നാണ്, മാസങ്ങളും നക്ഷത്രങ്ങളും പക്കങ്ങളും ചൊല്ലിയുറങ്ങിയത്. പന്ത്രണ്ട് മാസവും ഇരുപത്തിനാല് നക്ഷത്രങ്ങളും ചൊല്ലി, പക്കത്തിലെത്തി നവമിയും ദശമിയും കഴിഞ്ഞ് ഏകാദശിയെത്തിയാല്‍, ഉറങ്ങിയില്ലെങ്കിലും ഉറങ്ങും. കാരണം ദ്വാദശി ഒരിക്കലും കിട്ടില്ല, അതുമാത്രമല്ല എല്ലാദിവസവും കട്ടിലില്‍ ചെരിഞ്ഞുകിടന്ന് തല്ലാന്‍ പാകത്തിലായിരിക്കും മുത്തശ്ശിയുടെ ഉറക്കം.

അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഉപ്പുമാങ്ങാഭരണി തുറക്കുന്ന ദിവസം വരുമ്പോഴാണ്, അടുത്തവീട്ടിലെ മുത്തശ്ശിയുമായി മുറുക്കിനിടയിലുണ്ടാക്കിയ കരാര്‍ പുറത്തുവരിക. മാങ്ങാപ്പുളിയുടെ മണം മുത്തശ്ശിയുടെ മുറിവിട്ട് പുറത്തേക്ക് വരുന്നത് മണ്‍കോപ്പയില്‍ വാഴയിലകൊണ്ട് മൂടിയ അഞ്ചാറ് മാങ്ങകളുടെ രൂപത്തിലാണ്…അത് അടുത്തവീട്ടിലെ മുത്തശ്ശിക്ക് പഴംകഞ്ഞിയില്‍ ചേര്‍ത്ത് കഴിക്കുവാനുള്ളതാണ്. അതു കൊണ്ടുകൊടുക്കാനുള്ള ദൗത്യം എന്നെയേല്‍പ്പിക്കുമ്പോള്‍ ഞാന്‍ ആദ്യത്തെ യുദ്ധകാഹളം മുഴക്കും. ”കൂലിയായി മാങ്ങകിട്ടാതെ ഒരടി മുന്നോട്ടില്ല ” വലിയ ബലമൊന്നും പിടിക്കാതെ മുത്തശ്ശി ചിരട്ടത്തവികൊണ്ട് കോരിയെടുത്ത ഉടയാത്തൊരു മാങ്ങ കൈയിലെത്തും. അത് കഴിക്കുന്നതും രസമാണ് . തവികൊണ്ട് കോരിയെടുത്ത മാങ്ങകുതിര്‍ന്ന ഉപ്പുരസത്തെ നാക്കുകൊണ്ട് ഒപ്പിയെടുത്ത് ഞെട്ടിന്‍റെ ഭാഗം കടിച്ചെടുത്ത് അതിലെ ചവര്‍പ്പ് ആസ്വദിക്കും. പിന്നെ ഒരുകൈയില്‍ അടുത്തവീട്ടിലേക്കുള്ള മാങ്ങയും മറുകൈയില്‍ എന്‍റെ അവകാശവുമേന്തി പതുക്കെ നടക്കും .അയലത്തെ വീട്ടിലെത്തുന്നതിനു മുമ്പേ ഉപ്പുമാങ്ങയുടെ പുറംഭാഗം തിന്നുതീര്‍ക്കും. അതുകഴിഞ്ഞ് മാങ്ങയണ്ടി നെടുകെ പിളര്‍ന്ന് അതിനുള്ളിലെ പരിപ്പ് കഴിക്കും. പിന്നെയാണ് ചകിരിപോലുള്ള ഭാഗം വായിലേക്കിടുന്നത്. അത് ചവച്ചരച്ച് ച്യൂയിംഗം പോലെ പലമണിക്കൂറുകള്‍ താണ്ടും..ഉപ്പുമാങ്ങയുടെ ഏറ്റവും രസമുള്ള ഭാഗം ഏതെന്നുചോദിച്ചാല്‍ ചകിരിത്തോട് ആണെന്ന് നിസ്സംശയം ഞാന്‍ പറയും…

”കര്‍ക്കിടകത്തിലെ വിശപ്പിനുമേല്‍ പെയ്തിറങ്ങിയിരുന്ന ഉപ്പുമഴയുടെ ഓര്‍മ്മകൊണ്ട് ഞാനിന്നും എന്‍റെ വയറു നിറയ്ക്കുന്നു ”

Saji Kalyani
Writer and poet in malayalam

Leave a Reply