27.5 C
Bengaluru
January 17, 2020
Untitled

പാട്ടുകൾ പെറ്റിടുന്ന ഓർമ്മകൾ

ഓർമ്മകൾ . . ഓർമ്മകൾക്ക് ഒരാധികാരികതയുണ്ട്. ഈ ആധികാരികതയുടെ അടിത്തറയിലാണ് ഭാവനയുടെ ചില്ലുമേടകൾ നാം പടുതുയര്ത്തുന്നത്. ഓർമ്മകൾ നൈരന്തര്യമാകുമ്പോൾ ഏതാണ് ഭാവന ഏതാണ് യാഥാര്ത്ഥ്യം എന്ന് തിരിച്ചറിയാനാകാതെ ഭൂതവർത്തമാന കാലങ്ങളിലെ നിഗൂഡമായ വിഭ്രാന്തിയിലകപ്പെട്ടുപോകും നമ്മൾ . ആകസ്‌മികമായ സമയത്ത് ഒരു റോസാപ്പൂവിന്റെ സുഗന്ധം അനുഭവിച്ചറിയുന്നത് പോലെ, മറവിയിലേക്ക് ആണ്ടുപോകാൻ വിസമ്മതിക്കുന്ന പ്രിയപ്പെട്ട ഒരു നാമം ആരുടെയെങ്കിലും ചുണ്ടിൽ പൊട്ടിവിരിയുന്നതുപോലെ, ഗൃഹാതുരതത്വം അനുഭവിച്ചറിയുന്ന ഒരു വീഥിയിലൂടെ വീണ്ടും കടന്നുപോകാൻ ഇടവരുന്നതുപോലെ. ഒരു മരം അതിന്റെ സകല ആഹ്ലാദാനന്ദത്തോടെയും കണ്മുന്നിൽ പൂത്തുലഞ്ഞു പരിലസിച്ചു നിൽക്കുംപോലെ, ഹൃദ്യമായ ഓരോ ഗാനവും ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നതുപോലെ നമ്മിളിലേക്ക് വിവിധങ്ങളായ ഓർമ്മകളാണ് ഒഴുക്കി വിട്ടുകൊണ്ടിരിക്കുന്നത്. അതു ചിലപ്പോൾ നമ്മുടെ ബാല്യകൗമാരകാലങ്ങളെ പുനർ സൃഷ്ടിസിച്ചേക്കാം. ആദ്യപ്രണയത്തെ മുന്നിൽ കൊണ്ടുവന്ന് പുനരാവിഷ്കരിച്ചെന്നുവരാം. കൊഴിഞ്ഞു പോയ വർഷങ്ങളിലൂടെ മനസ്സ് തപ്പിത്തടഞ്ഞു പോവുകയാണ്. ചെറുതും വലുതുമായ സംഭവങ്ങൾ ഓരോന്നായി തെളിയുന്നു . ഒരു നിമിഷം അതാ ആ സംഭവം. നമ്മളും കടന്നുപോയിട്ടില്ലേ അസുലഭമായ ഈ അനുഭൂതിവിശേഷത്തിലൂടെ . ഉണ്ടാകും തീർച്ചയായും. ഇല്ലെങ്കിൽ ഈ കഥാ സന്ദർഭം ഒന്ന് വായിച്ചു നോക്കൂ ഓർമ്മവരും

മാർക്കേസിന്റെ “THE SEA OF LOST TIME” എന്ന കൃതിയിൽ ഒരു ഗ്രാമഫോണുമായി ഒരാൾ പഴയൊരു നഗരത്തിലെ കടൽത്തിരത്തേക്ക് വരുന്നൊരു രംഗമുണ്ട്. പഴയ പാട്ടുകളുടെ റിക്കാര്ഡുകളാണ് അയാൾ ജനങ്ങൾക്ക് കേൾപ്പിക്കുന്നത്. ആ പാട്ടുകൾ കേട്ടതോടെ ഓരോരുത്തരായി പരിസരം മറന്നു അവിടെവിടെയായി അയാൾക്ക് ചുറ്റുമായി ഇരിക്കുകയാണ് . ഓരോ പാട്ടും ഓരോരുത്തർക്കും ഓരോ ഓര്മ്മകളായിരുന്നു. ഓരോ പാട്ടിലും മരണമോ, പ്രണയമോ, സ്പർശനമോ, വിരഹമോ, വിപ്ലവമോ, ചോരയോ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരുന്നു. അന്തിയായിട്ടും ഓർമ്മകൾ തീരാത്തവര് അവിടെ തന്നെയിരുന്നു നേരം പുലരുവോളം. പാട്ടുകൾ കേട്ട് കൊണ്ടേയിരുന്നു (ശ്രീഅജയ്. പി. മങ്ങാടിന്റെ”ഏകാന്തതയുടെപുരാവൃത്തത്തിലൂടെ)
ഓരോ പഴയ പാട്ടുകേൽക്കുമ്പോഴും നമ്മളും ഈ കഥയിലെ കഥാപത്രങ്ങളെ പോലെ ഓരോരോ ഓര്മ്മകളെ പുറത്തെടുത്ത് തഴുകി തലോടി ആസ്വദിച്ച് തിരിച്ചു യഥാസ്ഥാനത്ത് വെക്കുകയല്ലേ ചെയ്യുന്നത്. മറ്റൊരവസരം വരുവോളം. .

ഹൃദ്യവും അർത്ഥ സമ്പന്നവുമായ പഴയ പാട്ടുകേൽക്കുമ്പോൾ നമ്മളും ഈ കഥയിലെ കഥാപത്രങ്ങളെ പോലെ ഓരോരോ ഓര്മ്മകളെ പുറത്തെടുത്ത് തഴുകി തലോടി ആസ്വദിച്ച് തിരിച്ചു യഥാസ്ഥാനത്ത് വെക്കുകയല്ലേ ചെയ്യുന്നത്. മറ്റൊരവസരം വരുവോളം. പാട്ടുകളാൽ അനുഭൂതി പകരാത്തവരായി ആരാണീലോകത്തുള്ളത് ?. വരികൾ ഒരു പക്ഷെ പിഴച്ചേക്കാം എന്നാലും ആ പാട്ട് നിങ്ങളിൽ ഉൽപ്പതിപ്പിച്ച സുഗന്ധം നില നിൽക്കും ആയിരം യുഗങ്ങളാതാസ്വദിക്കും എന്നല്ലേ യുഗപ്രഭാവനായ സാക്ഷാൽ വയലാർ കുറിച്ചിട്ടിട്ടുള്ളത്. പാട്ടുകൾ മനുഷ്യർ മാത്രമല്ല സകല ജീവജാലങ്ങളും ആസ്വദിക്കാറുണ്ടെന്നാണ് പ്രകൃതിശാസ്ത്രമതം. ‘രാസാത്തി ഉന്നെ കാണാതെ നെഞ്ചം കാറ്റാടി പോലാടുതെ’ എന്ന ജയചന്ദ്രന്റെ അതി പ്രശസ്തമായ തമിഴ് പാട്ടുകേൾക്കാൻ കാട്ടിൽ നിന്നും കൂട്ടമായി ആന ഇറങ്ങി ഓല കോട്ടായിയുടെ അടുത്തെത്തറുണ്ടായിരുന്നു എന്നൊരു വാർത്ത പണ്ടപ്പൊഴോ വായിച്ചതായി ഓർക്കുന്നു

ഒരു പാട്ട് ഒരു പക്ഷെ നിങ്ങളുടെ നഷ്ടങ്ങളുടെ കണക്ക് പുസ്തകം തന്നെ തുറന്നിടാം. ചിലപ്പോൾ വർത്തമാനകാലത്തുനിന്നും നിങ്ങളെ ഭൂതകാല ചരുവിലിലേക്ക് തള്ളിയിട്ടെന്നും വരാം. ദുഖത്തിന്റെ പടുകുഴിയിൽനിന്നും സന്തോഷത്തിന്റെ വെള്ളിമേഘത്തേക്ക് പരത്തി വിട്ടെന്നും വരാം. ഒരാളുടെ വർത്തമാന നിമിഷങ്ങളെ മറ്റൊരുലോകത്തേക്ക് നയിക്കാനും മരണത്തിന്റെ കൈകളിൽനിന്നും ജീവിതത്തിന്റെ ചുവന്ന പരവതാനിയിലേക്ക് കൊണ്ടുവരാനും മനോഹരമായ ഒരു ഗാനം മതി. ഓർമ്മ കൾക്ക് നിത്യയൗവനമാണ്. അത് നമ്മളെയുംകൊണ്ട് പോകൂ. എന്നാലും നമ്മൾ മറ്റുള്ളവരുടെ ഓർമ്മയുടെ നിലനിൽക്കും അതൊരു നൈരന്തര്യമായി തുടരും ഒരു യയാതിജന്മം പോലെ. മരണം പോലും നിഷ്പ്രഭമാക്കുന്ന നിമിഷമാണിത്.

‘കടലേ നീല കടലേ നിൻ ആത്മാവിലും നീറുന്ന ചിന്തകലുണ്ടോ നീറുന്ന ചിന്തകലുണ്ടോ എന്ന് കടലിനെ നോക്കി തലത്ത് മുഹമ്മദ്‌ പാടുമ്പോൾ വിലപിച്ചാ ർത്തിരമ്പാറില്ലേ നമ്മളിലും ഒരു കടൽ ‘ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേയെ ഓർക്കുന്ന ദുഷ്യന്തനെപോലെ നമ്മളും ചിലപ്പാട്ടുകൾ കേൾക്കുമ്പോൾ ചിലരുടെ മുഖം ഓർത്തെടുക്കാൻ ശ്രമിക്കും. . റാഫിയും, കിഷോറും, ദാസും, ജാനകിയും,  ജാനമ്മ ഡേവിഡും, സൌന്ദര് രാജനും, സുശീലാമ്മയും, മഹേദ്ര കപൂറും, മുകേഷും, പിബി ശ്രീനിവാസും, എ എം രാജയും, കെ പി ഉദയഭാനുവും പാടുമ്പോൾ നമ്മളും അനുഭവിച്ചറിയുകയാണ് മാർക്കേസിന്റെ ഗൃഹാതുരത അനുഭവിക്കുന്ന ആ കഥാപാത്രങ്ങളുടെ മാനസ്സിക വ്യാപാരങ്ങൾ. പാട്ടുകൾ വെറും പാട്ടുകളല്ല. അത് മായാജാലക വാതിൽ തുറക്കുന്ന മധുരസ്മരണകളാണ്. മന്ദസ്മിതമാം മണിവിളക്കുഴിയും മന്ത്രവാദിനികളാണ്. മഞ്ജുഭാഷിണികളാണ്. . .

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.