20.5 C
Bangalore
December 17, 2018
Untitled

പട്ടാളക്കാരുടെ രക്തസാക്ഷിത്വത്തിന് പിന്നിൽ….

soldier

ഒരു പട്ടാളക്കാരൻ ആ പണിക്കു പോവുന്നത് ഒന്നുകിൽ കൊല്ലാനോ അല്ലെങ്കിൽ കൊല്ലപെടാനോ എന്ന പണിയുറപ്പിൽ. ആ പണിയാണ് ഭരണകൂടം ഏല്പിക്കുന്നത്!!.
കൊല്ലുന്നവർ വീരന്മാരും കൊല്ലപെടുന്നവർ ധീരരുമാവുന്ന വിരുദ്ധോക്തിയുണ്ട് ഭരണകൂടഭാഷയിൽ,  കൊല്ലുന്നവരെ അതുകൊണ്ട് ഭാഗ്യവാന്മാരായും കൊല്ലപെടുന്നവരെ നിർഭാഗ്യവന്മാരായും സമാധാനകാലത്ത് നാം പ്രകീർത്തിക്കുന്നു.
അല്ലാതെ റം കുടിച്ചു പൂസായി സഹപ്രവർത്തകരെ വെടിവെച്ചു കൊല്ലുന്ന പണിയും പട്ടാളക്കാർക്കിടയിലുണ്ട്, കാരണം ഒരു പട്ടാളക്കാരൻ എന്നാൽ licensed to kill ആണ്. കൊല്ലപെടില്ല എന്ന ഉറപ്പിൽ ഭരിക്കുന്നവർ കൊല്ലപെടുന്ന പട്ടാളക്കാർക്ക് ചാർത്തുന്ന പവിത്രതയാണ് രക്തസാക്ഷിത്വം എന്ന ഇമേജ്. അല്ലാതെന്ത്?
ഒരു പട്ടാളക്കാരന്റെ​ജീവിതം അടയാളപെട്ട ടി.എസ് എലിയറ്റിൻറെ  കവിതയുണ്ട്.കവിതയുടെ പേരോർമ്മയിൽ വരുന്നില്ല. ഒരു പട്ടാളക്കാരൻ യുദ്ധമുഖത്ത് സ്വപ്നം കാണുന്നു​ റിട്ടയർമെന്റിനു ശേഷമുള്ള സ്വസ്ഥജീവിതം. ഉമ്മറത്ത് ചാരുകസേരയിലിരുന്നു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന മക്കളെ നോക്കിയിരിക്കുന്ന, കൂട്ടിന് പ്രിയതമയുടെ സ്നേഹോഷ്മളതയുടെ പകലുകളിൽ, കെട്ടിപിടിച്ചുറങ്ങുന്ന രാത്രികളിൽ. പക്ഷെ അതിനിടയിൽ ആരാലോ എന്തിനെന്നോ അറിയാതെ ഒരു ബുള്ളറ്റിനാൽ കൊല്ലപ്പെടുന്നു. ഒറ്റ വരിയിൽ എലിയറ്റ് അക്കാര്യം വിശദീകരിക്കുന്നു, destination is not destiny.
റിട്ടയർമെൻറ്, തുടർന്നുള്ള കുടുംബമൊത്തുള്ള സ്വസ്ഥജീവിതം എന്ന destinationനിടയിൽ കൊല്ലപ്പെടുന്ന destiny വരുന്നു. സ്വന്തം കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഒരു ജോലി എന്ന നിലയിൽ കൊല്ലപ്പെടുകയാണെങ്കിൽ കൊല്ലപെടട്ടെ എന്ന് കരുതി ഒരു വ്യക്തി തീരുമാനിക്കുന്ന ഓപ്ഷനാണ് സോൾജ്യർ നിയമനം. സ്വന്തം രാജ്യം യുദ്ധം ചെയ്യുമ്പോൾ നോക്കി നിൽക്കാതെ യുദ്ധം ചെയ്യാൻ പോയ സാഹസികതയല്ല ഒരാളെ പട്ടാളക്കാരനാക്കുന്നത്.ആ സാഹസികത ഉള്ള ഒരാളായിരുന്നു ഏണസ്റ്റ് ഹെമിംഗ് വെ. രാഷ്ട്രത്തിനുവേണ്ടി യുദ്ധം ചെയ്യാൻ പോയി പട്ടാളക്കാരനായി.ആ ജീവിതം ചോദിച്ചുവാങ്ങുകയായിരുന്നു. Old man and Sea യിൽ ഉൾക്കടലിൽ ഒറ്റക്ക് മീൻ പിടിക്കാൻ പോയ ആ കിളവന്റെ ജീവിതം ഉണ്ടല്ലോ, ഹെമിംഗ്വെ ജീവിച്ച ജീവിതമായിരുന്നു അത്. അതുപോലൊരു ജീവിതം ആയിരുന്നു ആ പട്ടാളജീവിതം. ആ സാഹസികത ഏറ്റുവാങ്ങാൻ കെല്പില്ലാത്ത വാർധക്യജീവിതം ജീവിക്കാൻ സഹിക്കവയ്യാതെ ഒറ്റ ഷോട്ടിൽ ജീവിതം അവസാനിപ്പിച്ച സാഹസികനായിരുന്നു ഹെമിംഗ്വെ. ആ സാഹസികൻ ഒരിക്കലും തോല്പിച്ചവരെ കൊല്ലാകൊല ചെയ്യാൻ പോയില്ല, കൊല്ലാൻ വേണ്ടി ആരെയും കൊന്നില്ല. യുദ്ധമുഖത്തും സർഗാത്മകമായി ജീവിച്ചു. സ്വപ്നം കണ്ടു.പട്ടാളക്കാരും മനുഷ്യരല്ലോ. കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരിന്ത്യൻ പട്ടാളക്കാരൻറെ ഇടതുനെഞ്ചിൽ കോറിയിട്ട ബോളിവുഡ് നായികയുടെ ചിത്രം, കൊടുംമഞ്ഞിൽ ദിവസങ്ങളോളം ശത്രുവിനെ കാത്തിരുന്നു തണുത്തുറഞ്ഞു പോയ ആ പട്ടാളക്കാരൻറെ ശരീരം, ആ കൈത്തണ്ടയിൽ പ്രിയതമക്കായി എഴുതിവച്ച ഇഷ്ടവരികൾ വാർത്തകളിൽ നിറഞ്ഞു നിന്നത് ഓർമ്മയിൽ വരുന്നു.ഒരു രാജ്യത്തിന്റെയും പ്രതിരോധ മന്ത്രിയോ, വിദേശകാര്യ മന്ത്രിയോ, ആഭ്യന്തര മന്ത്രിയോ പ്രധാനമന്ത്രിയോ, പ്രസിഡന്റോ, രാജാവോ ഇതുവരെ ശത്രു സേനയുമായുള്ള നേരിട്ടുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട ചരിത്രം വായിച്ചതോ കേട്ടതോ കണ്ടതോ ആയ ഒരോർമ്മയില്ല. ഭരണകൂടങ്ങൾ ചാർത്തുന്ന വീരപതക്കങ്ങൾ എന്നത് ജീവിച്ചിരിക്കുന്നവരുടെ മോഹങ്ങളാണ്, മരിച്ചവനെന്തിന് പതക്കങ്ങൾ, മരിച്ചവർ ചത്തവരല്ലോ, six feet of earth makes all equal എന്ന് തോമസ് ഗ്രെ ശ്മാശനത്തിൽ നിന്നെഴുതുന്നു….

Related posts

1 comment

Rajesh Attiri
Rajesh Attiri May 18, 2018 at 4:59 pm

Great works

Reply

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: