20.5 C
Bangalore
December 17, 2018
Untitled

ഒരു വിമാന ദുരന്തം

aeroplane

കേൾവിക്കാർക്ക് തമാശയും വിവരമില്ലാത്ത ഒരു സ്ത്രീയുടെ മണ്ടത്തരങ്ങൾ   എന്ന്  തോന്നിപ്പിക്കുന്ന “എന്റെ ആദ്യത്തെ വിമാനയാത്ര”.

അന്ന് എനിക്ക് 27 വയസ്സ് മാത്രം പ്രായം.  അതായത് ഇന്ന് ഞാൻ ഒരു മധ്യവയസ്കയാണ്‌. അമ്പതു വയസ്സ്.  അന്ന്  ഭർത്താവ് ഖത്തറിൽ ജോലി ചെയ്യുന്നു. അങ്ങിനെ ഞാനും അഞ്ചും മൂന്നും വയസ്സുള്ള 2 ആൺ മക്കളും കൂടെ ഖത്തറിലേക്ക് ആദ്യമായി, ഖത്തറിലേക്ക് എന്നല്ല  ഒരു വിദേശയാത്ര പോലും ചെയ്തിട്ടില്ലാത്ത ഞങ്ങൾ പേടിച്ചുവിറച്ചു പോകുകയാണ്. പരിചയമുള്ള ആരും കൂടെ യാത്ര ചെയ്യാൻ ഇല്ല. എന്റെ തോളിൽ ആണെങ്കിലോ 30 കിലോഗ്രാം വരുന്ന ഒരു മാറാപ്പ് സഞ്ചി, ഒക്കത്ത് വാശി പിടിച്ചു കരയുന്ന എന്റെ മൂന്നു വയസ്സുകാരൻ മകൻ.  അവന് അവന്റെ  അമ്മാമയുടെ  കൂടെ പശുവിന്റെ ചാണകം മണത്തു  കിടന്നുറങ്ങണമത്രെ. എത്രയൊക്കെ ആശ്വസിപ്പിച്ചിട്ടും  കാര്യമില്ല. നിർത്താതെയുള്ള  “കാറൽ”. മൂത്തമകൻ ആണെങ്കിലോ അവന്റെ തള്ളയെയും അനിയനേയും ഇടയ്ക്കിടെ തിരിഞ്ഞു നോക്കും രൂക്ഷമായി, എന്നിട്ട് ആത്മഗതം പറയും “കൺട്രി ഫെല്ലോസ്”. അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവൻ ജനിച്ചതേ  ഒരു വിദേശ യായിട്ടാണ്. “ഒരു ഇംഗ്ലീഷുകാരന് പിറക്കാതെപോയ മകൻ”.

അങ്ങനെ ഞങ്ങൾ ഏന്തി വലിഞ്ഞ് എയർപോർട്ടിന്റെ ഉള്ളിൽ കടന്നു. അതിന്റെ ഉള്ളിലെ കഷ്ടപ്പാട് എന്ന് പറഞ്ഞാൽ, ഓരോ സ്ഥലത്ത് അതായത് ഇന്ന് നമ്മൾ അതിനെ കൗണ്ടർ എന്ന് പറയും, അവിടെയൊക്കെ ചെല്ലുമ്പോൾ ഓരോ ഫോമുകൾ  പൂരിപ്പിച്ചു കൊടുക്കണം. എല്ലാം ഇംഗ്ലീഷിലാണ്. കുഴഞ്ഞത്  തന്നെ. വീട്ടു ജോലികളും ചെയ്ത് രണ്ട് മക്കളെയും നോക്കി വെറുതെയങ്ങിനെ  ദിവസങ്ങൾ തള്ളിനീക്കിയിരുന്ന  ഞാൻ ഇംഗ്ലീഷിൽ എന്ത് പൂരിപ്പിച്ച് കൊടുക്കാനാണ്? പരീക്ഷയുടെ ക്വസ്റ്റിയൻ  പേപ്പർ  കയ്യിൽ കിട്ടിയ ഒരു കുട്ടിയുടെ മാനസികാവസ്ഥയായിരുന്നു അപ്പോഴെനിക്ക്. ആ ഒരു സംഭവം 50 വയസ്സു കഴിഞ്ഞിട്ടും എന്നെ പേടിപ്പെടുത്തി കൊണ്ടേയിരിക്കുകയാണ്. ഒക്കത്തിരിക്കുന്ന  മൂന്ന് വയസ്സുകാരന്റെ നിർത്താതെയുള്ള കാറൽ വേറെയും. എനിക്ക് വായിച്ചിട്ട് മനസ്സിലായത് മാത്രം പൂരിപ്പിച്ചു കൊടുക്കും അത്രതന്നെ. ഇനിയിപ്പോൾ വിമാനത്തില്  കയറുവാൻ പറ്റില്ലാന്ന് അവരു  പറഞ്ഞാൽ തിരിച്ചു വീട്ടിലേക്ക് പോകുന്നതായിരിക്കും  ഇതിലും നല്ലത് എന്ന് തോന്നി തുടങ്ങിയിരുന്നു അപ്പോഴേക്കും. അത്രയ്ക്കും പീഡനമായിരുന്നു ഈ ഇംഗ്ലീഷിലുള്ള ഫോർമുകൾ പൂരിപ്പിക്കൽ. ഇടയ്ക്കു ഒരു സഹായത്തിനു വേണ്ടി ഞാൻ എന്റെ മൂത്ത മകനെ വളരെ ദയനീയമായി നോക്കും. അവൻ അപ്പോഴും ആ  രൂക്ഷമായ നോട്ടം മാത്രം.

അങ്ങനെ എല്ലാം നൂലാമാലകളും കഴിഞ്ഞ് ഞങ്ങൾ വിമാനത്തിന്റെ കോണി കയറുവാൻ തുടങ്ങി. ഓരോന്ന്  ചെയ്യുമ്പോഴും ഭയമാണ്. യേശു പറഞ്ഞ പോലെ “ഞാൻ ചുറ്റും തിരിഞ്ഞു നോക്കി പരിചയമുള്ള ഒരു മുഖവും ഞാൻ കണ്ടില്ല”. കോണിയുടെ അടുത്തെത്തിയപ്പോൾ എന്റെ ഭയം ഒന്ന് കൂടെ കൂടി. വിമാനത്തിന്റെ അടുത്തേക്ക് താൽക്കാലികമായി  വയ്ക്കുന്ന കോണി, ഞാനും, എന്റെ 30 കിലോയുടെ ഒരു തോൾ സഞ്ചിയും, പിന്നെ ഒക്കത്ത് ഒരു കൊച്ചും. കോണിയുടെ ആദ്യത്തെ സ്റ്റെപ്   കയറുവാൻ  തുടങ്ങുമ്പോഴേക്കും വിമാനത്തിന്റെ കവാടത്തിന്റെ അരികെ വലിയൊരു പാവ. കറുത്ത മിഡ്‌ഡിയും സ്വർണ നിറമുള്ള നെറ്റിന്റെ ടോപ്പും, നെറ്റിന്റെ തന്നെ തൊപ്പിയും വച്ച് നല്ലൊരു  ബൊമ്മ . പാവയെ കണ്ട അത്ഭുതത്തിൽ നമ്മുടെ മോന്റെ കാറൽ ഒരല്പ  സമയത്തേക്ക് നിന്നു. ഞങ്ങളും  നോക്കി നിന്നുപോയി. ഞങ്ങൾ അടുത്തെത്തിയതും പാവ  ചിരിച്ചുകൊണ്ട് “ most welcome” എന്ന് ഇംഗ്ലീഷിൽ പറയുകയും ചെയ്തപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. അത് എയർഹോസ്റ്റസ് ആയിരുന്നു. എന്റമ്മോ എന്തൊരു ചന്തം എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് വിമാനത്തിന്റെ ഉള്ളിലേക്ക് കയറി. നേരത്തെ കണ്ട പാവയെപ്പോലത്തെ രണ്ടുമൂന്നെണ്ണം അതിന്റെ ഉള്ളിലും ഉണ്ടായിരുന്നു. അതിൽ ഒരെണ്ണം ഞങ്ങളുടെ അടുത്തെത്തി പറഞ്ഞു, “sit down and put your seatbelt”. അത് കേട്ടതും നമ്മുടെ മൂത്ത മകൻ വളരെ കൃത്യമായി കാര്യങ്ങളൊക്കെ ചെയ്ത് പാട്ട് കേൾക്കുവാനുള്ള headset ഉം തലയിൽ വെച്ച് (അത് ഓരോ സീറ്റിനും ഓരോന്ന് വീതം ഉണ്ട് ) സീറ്റിൽ ഇരിപ്പായി.

ഞാനൊന്ന് അവനെ നോക്കി. അവന്റെ അമ്മയെയും അനുജനെയും ഒട്ടും പരിചയമില്ലാത്ത പോലെ ഇരിക്കുകയാണ്. ആ ഇരുപ്പു കണ്ടാൽ തോന്നും അവനെന്നും സ്കൂളിലേക്ക് പോകുന്നത് വിമാനത്തിൽ ആണെന്ന്. ഞാനും എന്റെ രണ്ടാമത്തെ  സന്താനവും കൂടി നിൽക്കുകയാണ്. സീറ്റിലൊന്നു  ഇരിക്കുവാനോ കരച്ചിൽ നിർത്തുവാനോ അവൻ തയ്യാറല്ല. അവന് അവന്റെ അമ്മാമ്മയുടെ  അടുത്തേക്ക് പോകണം, തൊഴുത്തിൽ  കിടന്ന് ഉറങ്ങണം. കോഴി മുട്ടയിട്ടോ, മുട്ടവിരിഞ്ഞോ, ഇത്യാദി പ്രശ്നങ്ങൾ അവനെ അലട്ടികൊണ്ടേയിരുന്നു. എയർ ഹോസ്റ്റസുമാർ മാറിമാറിവന്ന്  അവനെ സീറ്റ്ബെൽറ്റ് ഇടീച്ചിരുത്തും. പിടിച്ചിരുത്തും . അവർ പോയി ഒരു മിനിറ്റ് കഴിയുമ്പോഴേക്കും അവൻ സീറ്റ്ബെൽറ്റ് ഊരി സീറ്റിൽ ചാടിയെണീറ്റു നിൽക്കും. ഈ പ്രക്രിയ പലവട്ടം തുടർന്നു.  എയർഹോസ്റ്റസിന്റെ ക്ഷമയുടെ നെല്ലിപ്പലകയും തകർന്നു. പിന്നെ പിന്നെ അവർ ഭീഷണിപ്പെടുത്തി തുടങ്ങി. അവന്റെ  ചേട്ടൻ ആകട്ടെ അതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല. അനിയൻ ഒരു ശല്യം ആയല്ലോ എന്ന മട്ടിൽ ഞങ്ങളെ ഒന്ന് നോക്കി അത്ര തന്നെ.

ഈ കലാപരിപാടിക്ക് ഇടയ്ക്കെപ്പോഴോ  എയർഹോസ്റ്റസ് ഒരു ട്രോളിയും തള്ളി കൊണ്ടുവരുന്നു. “tea or coffee”, “tea or coffee”  എന്നു പറയുന്നുണ്ട്. ഞാനാദ്യം ഓർത്തു ചായയ്ക്ക് പൈസ കൊടുക്കേണ്ടി വരുമോ എന്ന്. ഒന്നും അറിയില്ലല്ലോ. ഭർത്താവിനെ വിളിച്ച് ചോദിക്കാമെന്ന് വച്ചാൽ ഇന്നത്തെ പോലെ മൊബൈൽ ഫോണിന്റെ സഹായം ഒന്നും ഇല്ല. ഒരാഴ്ച മുൻപ് ഏതോ ഒരു ബൂത്തിൽ വച്ച് സംസാരിച്ചു. ഇനി നേരിട്ട് കണ്ട് സംസാരിക്കാമെന്നും പറഞ്ഞു  ഫോൺ  വെച്ചതാണ്. ആ കാലത്ത് അത്രയൊക്കയെ സാധിക്കുകയുള്ളൂ. പ്രധാനമായും കത്തിലൂടെയുള്ള ആശയവിനിമയ മാത്രമേയുള്ളൂ. അങ്ങനെ മറ്റുയാത്രക്കാരെ ഒന്ന് വീക്ഷിച്ചപ്പോൾ  എല്ലാവരും ചായ വേടിച്ചു കുടിക്കുന്നുണ്ട്, കുഴപ്പമില്ല. ഞങ്ങൾക്കും ചായ വേണം എന്ന് പറഞ്ഞു. അങ്ങനെ കപ്പിൽ ചായ വന്നു. കൂടെ കുറെ  കൊച്ചുകൊച്ചു പാക്കറ്റുകളും. ഏകദേശം teabag ന്റെ  അത്ര വലിപ്പമുള്ളത്. കരഞ്ഞു തളർന്നു പോയ മകനും അവനെ മേയ്ച്ചും, ആകപ്പാടെയുള്ള ടെൻഷനും  കാരണം ചായ കണ്ടതും ഞങ്ങൾക്ക് ആശ്വാസമായി.

അങ്ങനെ ഞങ്ങൾ മൂന്നാളും ചായ  കപ്പിൽ നിന്നും ഓരോ കവിൾ വലിച്ചു കുടിച്ചതും  തൊണ്ടവരെ എത്തിയ ചായ പുറത്തേക്കു തുപ്പി  കളയണമെന്ന് തോന്നി. അത്രയ്ക്ക് കയ്പ് . മക്കൾ രണ്ടാളും മുഖം വക്രിച്ചിട്ട്  പറഞ്ഞു “മമ്മി ഇത് കയ്ചിട്ടു  വയ്യ. ഇതിൽ പാലും മധുരവും ഒന്നും ഇല്ലല്ലോയെന്ന് “. എനിക്കും  സങ്കടമായി. കാരണം ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും കനപ്പുള്ള  ചായ കുടിക്കുന്നത്. കുറച്ച് ചായില  ഇട്ടാൽ പോരായിരുന്നില്ലേ അവർക്ക്, എന്നും പറഞ്ഞു ഞാൻ ആ ചായ മൊത്തം  കുടിച്ചു. അത്രയ്ക്ക് ക്ഷീണം  ഉണ്ടായിരുന്നു എനിക്ക്. മാനസികസമ്മർദം തന്നെ. പപ്പയുടെ അടുത്ത് എത്തിക്കഴിഞ്ഞാൽ  നമുക്ക് നല്ല ചായയും  പലഹാരവും  ഒക്കെ വേടിച്ച് തരില്ലേ, മക്കള്  ഇപ്പോൾ തൽക്കാലം ഇതു കുടിക്ക്  എന്നും പറഞ്ഞ്, അവരെ രണ്ടാളെയും ഞാൻ ചായ കുടിപ്പിച്ചു. കഷായത്തിന്റെ  കൂടെ ഒരു മേമ്പൊടിയും കൂടി  കഴിച്ച ഒരു പ്രതീതി അപ്പോൾ അവരുടെ മുഖത്തുണ്ടായിരുന്നു. എങ്കിലും രണ്ടാളും ആ ചായ മൊത്തം  കുടിച്ചുതീർത്തു. അങ്ങനെ ആ പരിപാടി വിജയകരമായി പൂർത്തിയാക്കി. വേറെ ഒന്നും ചെയ്യുവാനില്ല. ഇഷ്ടം പോലെ സമയം ബാക്കി. ഞങ്ങളുടെ മുന്നിൽ ഇരിക്കുന്ന ട്രേകളിലെ പാക്കറ്റുകൾക്ക് യാതൊന്നും സംഭവിച്ചിട്ടില്ല. നേരം പോകാതെ ആയപ്പോൾ ഒരു രസത്തിനുവേണ്ടി ഓരോരോ പാക്കറ്റ് ആയി ഞങ്ങൾ പൊട്ടിച്ചു തുടങ്ങി. അപ്പോൾ കണ്ട  കാഴ്ച  പെറ്റ തള്ള സഹിക്കുകേല. ഒരു പാക്കറ്റ് പാല്, മറ്റൊന്നിൽ പഞ്ചസാര, ഇതെല്ലാം കൂടി ഇട്ട് ഇളക്കുവാൻ ടീസ്പൂൺ. മക്കൾ ഇതെല്ലാം കണ്ടതും, പിന്നെ എന്താണ് അവിടെ സംഭവിച്ചിട്ടുണ്ടാവുക എന്ന് നിങ്ങൾക്ക്  ഊഹിക്കാമല്ലോ? ഈ ബോധമില്ലാത്ത അമ്മയുടെ കൂടെയാണല്ലോ തുടർന്നും  ഞങ്ങൾ യാത്ര ചെയ്യേണ്ടത് എന്നോർത്ത് എന്റെ രണ്ടു മക്കളും കരച്ചിലിന്റെ വക്കത്തെത്തി.

അപ്പോഴാണ് ഞാൻ നമ്മുടെ അടുത്തുള്ളവർ എന്താണ് ചെയ്യുന്നത് എന്ന് ശ്രദ്ധിച്ചത്. അവർ പാക്കറ്റുകൾ ഓരോന്നും പൊട്ടിച്ച് ചായക്കപ്പിൽ  ഒഴിച്ച്, ഇളക്കി ചായ ആസ്വദിച്ച് കുടിച്ചു കൊണ്ടിരിക്കുകയാണ്. ഇനി അടുത്ത ഭക്ഷണം കൊണ്ടു വരുമ്പോഴെങ്കിലും എല്ലാ പോരായ്മകളും മാറ്റി, ചേർക്കേണ്ടത് എല്ലാം ചേർത്ത്, രുചിയായി  കഴിക്കണം എന്ന് ദൃഢനിശ്ചയവും ചെയ്തു അങ്ങിനെ ഇരിപ്പായി. കുറച്ചു കഴിഞ്ഞതും അതാ വരുന്നു ട്രോളിയും തള്ളിക്കൊണ്ട് പാവ ചേച്ചികൾ. ഓരോരുത്തരുടെ അടുത്ത് വന്ന് അവർ എന്തൊക്കെയോ ഇംഗ്ലീഷിൽ ചോദിക്കുന്നുണ്ട്. മനസ്സിലായവർ മറുപടിയും പറയുന്നുണ്ട്. അങ്ങനെ ഞങ്ങളുടെ ഊഴമായി. ഞങ്ങളോടും എന്തൊക്കെയോ ചോദിച്ചു. അറിയാവുന്ന തരത്തിൽ മറുപടിയും കൊടുത്തു. ഞങ്ങളുടെ മുന്നിൽ ഉച്ച ഭക്ഷണത്തിന്റെ ട്രേ നിരത്തിവച്ച് അവർ പോയി.

ഞാനും മക്കളും ഇനിയും ഒരബദ്ധം  പറ്റാതിരിക്കുന്ന  തരത്തിൽ  വളരെ ശ്രദ്ധിച്ച് ഭക്ഷണം കഴിച്ചുതുടങ്ങി. ചോറും എന്തോ ഒരുതരം കറിയും, പിന്നെ വെറുതെ പുഴുങ്ങിയെടുത്ത പലതരം പയറുകറികളും. വായിൽവച്ചപ്പോഴേ അതിൽ ഉപ്പും മുളകും ഒന്നുമില്ല. നിങ്ങളുടെ മുന്നിലിരിക്കുന്ന ട്രേയിലേക്ക് ഒന്ന് കണ്ണോടിച്ചു. അതായിരിക്കുന്നു ചെറിയ ചെറിയ പാക്കറ്റുകൾ. ഉപ്പ്, മുളക്, കുരുമുളക് പൊടി എല്ലാമുണ്ട്. എല്ലാ പൊടികളും കുറേശ്ശെ വാരിയിട്ട്, എല്ലാം കൂടി കൂട്ടി കുഴച്ചു വാരിയങ്ങട്  തിന്നോളാൻ മക്കൾക്ക് നിർദ്ദേശം കൊടുത്ത്‌ ഞാനും എന്തൊക്കെയോ വാരിത്തിന്നു. ഒന്നും വേണ്ട ഒരിത്തിരി  ചമ്മന്തി എങ്കിലും കിട്ടിയിരുന്നെങ്കിൽ വായക്ക്  ഒരു ചൊടി  ഉണ്ടായേനേ  എന്ന് മനസ്സിൽ ധ്യാനിച്ച് കൊണ്ട് വെറുതെ കണ്ണടച്ചിരുന്നു. പിന്നെ കൈയും വായും ഒന്നും കഴുകേണ്ട കാര്യമില്ലല്ലോ, എല്ലാ ഭക്ഷണവും ടീസ്പൂൺ  ഉപയോഗിച്ചാണല്ലോ ഞങ്ങൾ കഴിച്ചത്. പിന്നെ ഭർത്താവിന്റെ  നാട്ടിലെത്തിയാൽ കിട്ടുവാൻ പോകുന്ന സൗഭാഗ്യങ്ങൾ ഓർത്തു ഞാനും  മക്കളും എല്ലാമങ്ങട് ക്ഷമിച്ചു.

പക്ഷേ ഭർത്താവിന്റെ അടുത്തെത്തിയപ്പോഴാണ് കക്ഷി  ഞങ്ങളോട് ഒരു കാര്യം പറഞ്ഞത്. പ്ലെയിനിൽ ഭക്ഷണം കൊണ്ടു വരുന്നതിനു മുൻപ് ഞങ്ങളോട് അവർ വെജ് ഓർ നോൺവെജ് എന്ന ചോദ്യം ചോദിച്ചു കാണുമെന്നും, ഒരുപക്ഷേ അതിന്റെ അർത്ഥം  അറിയാത്തത് കൊണ്ട് നിങ്ങൾ വെജ്  എന്ന് മറുപടി പറഞ്ഞു കാണും എന്നുമാണ്  ചേട്ടൻ പറഞ്ഞത്. കുട്ടികൾക്ക് സ്വീറ്സ് വേണമെന്ന് ആവശ്യപ്പെട്ടാൽ  അവർ ഇഷ്ടംപോലെ മിട്ടായി തരുമെന്നും  പറഞ്ഞു. ഒന്നിനും കർമ്മം ഉണ്ടായില്ല എന്നാലോചിച്ച് നെടുവീർപ്പിട്ടു. അബദ്ധങ്ങൾ പറ്റാത്തവരുണ്ടോ? തുടരെ തുടരെയുള്ള മണ്ടത്തരങ്ങൾ ആയപ്പോൾ മൂത്തമകൻ മാത്രമല്ല രണ്ടാമത്തെ മകനും എന്നെ രൂക്ഷമായി നോക്കി തുടങ്ങി. മക്കളുടെ മുന്നിൽ ഞാനും വെറും “സീറോ” ആയ അമ്മയായി മാറി. വല്ല വല്ലവിധേനയും ഒന്ന് ഭർത്താവിന്റെ അടുത്ത് എത്തിയാൽ മതി എന്നായി എനിക്ക്. എന്റെ ഇത്രയും ദയനീയമായ അവസ്ഥ കണ്ടിട്ടാവണം ഒരു യാത്രക്കാരൻ പ്ലെയ്നിൽ  നിന്നും ലഗേജ് എടുത്തു ഇറങ്ങാൻ സഹായിച്ചിരുന്നു.

ഇതിലും രസകരമായ ഒരു കാര്യം തീറ്റയും  കൂടിയും ഒക്കെ കഴിഞ്ഞു ഒന്ന് മയങ്ങി തുടങ്ങിയപ്പോൾ, വാശിക്കാരൻ മകന്  അടുത്ത പ്രശ്നം. “ഒന്ന്  മൂത്രമൊഴിക്കണം”. ആദ്യമായി പ്ലെയിനിൽ കയറിയതല്ലേ, എവിടെ ഒഴിക്കും എന്നതിനെക്കുറിച്ചു  യാതൊരു  ഊഹവുമില്ല. വിമാനത്തിൽ നിന്ന് ഇറങ്ങിയിട്ട്  നമുക്ക് മൂത്രമൊഴിക്കാം എന്ന് ഞാൻ വളരെ ദയനീയമായി അവനോടു  പറഞ്ഞു. പക്ഷേ ഒരു രക്ഷയും ഇല്ല. അവന്  ഇപ്പോൾതന്നെ മൂത്രമൊഴിക്കണം. ഗതികെട്ട ഞാൻ അവനെയും കൊണ്ട് എയർഹോസ്റ്റസിന്റെ അടുത്തെത്തി പറഞ്ഞു. “മോന് ഒന്ന് മൂത്രമൊഴിക്കണം. എന്താ  ചെയ്യുകയെന്നു”. ഉടനെ മറുപടി കിട്ടി. “ദാ  അവിടെയെന്ന്”. കക്ഷി ചൂണ്ടിക്കാട്ടിയ ദിശയിലേക്ക് ഞാൻ ഒന്ന് നോക്കി. എനിക്ക് പക്ഷേ പ്രത്യേകിച്ച് ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല. സാമാന്യ നിലയിൽ ടോയ്‌ലെറ്റിന്  ഒരു ഡോർ എങ്കിലും കാണേണ്ടേ? സംശയത്തിൽ ഞാൻ ഒന്നും കൂടി പുള്ളിക്കാരിയെ നോക്കി. ഒരല്പം ദേഷ്യത്തിൽ അതേ ദിശയിലേക്ക്  വിരൽ ചൂണ്ടി പറഞ്ഞു. “അവിടെയാണ് ടോയ്‌ലറ്റ്”. അപ്പോഴേക്കും എന്റെ മകൻ കരച്ചിലായി. ഒരു  സഹായത്തിനായി ഞാൻ എന്റെ മൂത്ത മകനെ നോക്കി. അവനപ്പോൾ ഞങ്ങളെ തീരെ  പരിചയമില്ലാത്ത പോലെ ഇരുന്നു. ഗതികെട്ട് ഞാനും മകനും കൂടി ടോയ്‌ലെറ്റിന് നേരെ നീങ്ങി. ഒരിടത്തും ഡോറോ പിടിയോ ഒന്നും കണ്ടില്ല. പതുക്കെ ഞാൻ വിരലുകൊണ്ട് ചുമരിന്മേൽ കുത്താൻ തുടങ്ങി. പലയിടത്തും മാറിമാറി കുത്തി നോക്കി. ഭാഗ്യം എന്ന് പറയട്ടെ, ഒരു സ്ഥലത്ത് കുത്തി നോക്കിയപ്പോൾ ഞങ്ങൾക്ക് ഉള്ളിലേക്ക് കടക്കുവാനുള്ള ഒരു വിടവ് കണ്ടു. അതാണ് ടോയ്‌ലെറ്റിന്റെ ഡോർ. അങ്ങനെ ഞങ്ങൾ ഉള്ളിലേക്ക് പ്രവേശിച്ചു കാര്യം സാധിച്ചു. പക്ഷേ അപ്പോഴേക്കും ഡോർ  ഒരു ജോയിൻ്റ്  പോലും  കണ്ടുപിടിക്കാൻ സാധിക്കാത്തവിധം അടഞ്ഞുപോയി. ഞങ്ങൾക്ക് ടോയ്‌ലെറ്റിന്റെ  ഉള്ളിൽ നിന്നും പുറത്തു കടക്കുവാൻ സാധിക്കുന്നില്ല. വീണ്ടും വിരൽ വെച്ച് കുത്തി തുടങ്ങി. കുറച്ചു സമയത്തെ പരിശ്രമത്തിന്റെ ഫലമായി വീണ്ടും ഡോർ  തുറക്കുവാൻ സാധിച്ചു. ഞങ്ങൾ പുറത്തുകടന്നു.

ഈ വിക്രിയകളൊക്കെ കഴിഞ്ഞു സമാധാനമായി സീറ്റിലിരുന്നു അധികം കഴിയുന്നതിനു മുൻപ് തന്നെ ഞങ്ങൾക്ക് ഇറങ്ങേണ്ട സ്ഥലമെത്തി.  അതായത് ഖത്തർ എയർപോർട്ട്. ഞാനും മക്കളും ഞങ്ങളുടെ ലഗേജ് എടുത്തു പതുങ്ങി  ഇറങ്ങിത്തുടങ്ങി. അപ്പോഴേക്കും വിമാനത്തിൽ ഉള്ളവരെല്ലാം ഏകദേശം ഇറങ്ങിക്കഴിഞ്ഞിരുന്നു. അങ്ങനെ ഞങ്ങൾ കോണിയിറങ്ങി താഴെ ഇറങ്ങിയതും കുറച്ചകലെയായി ഒരു ബസ്സ് നിൽക്കുന്നതു കണ്ടു . എന്നെയും മക്കളെയും അതിനുള്ളിൽ ഉള്ളവർ കൈകാട്ടി വിളിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങൾക്ക് ആകപ്പാടെ ഭയമായി. എന്റെ മൂത്ത മകൻ പറഞ്ഞു, മമ്മി  നമുക്ക് ആ ബസ്സിൽ കയറാം. എല്ലാവരും അതിൽ കയറിയിട്ടുണ്ട്. നമുക്കു വേണ്ടിയിട്ടാണ് ആ ബസ് കാത്തു കിടക്കുന്നതെന്ന് .  പക്ഷെ ഞാൻ സമ്മതിച്ചില്ല. ഈ ബസിന്റെ കാര്യം പപ്പ മമ്മിയോട് പറഞ്ഞിട്ടില്ല, നമ്മൾ  കുറച്ചുദൂരം നടന്നു പോയാൽ പപ്പ അവിടെ കാറുമായി കാത്തു നിൽപ്പുണ്ടാവും. പരിചയമില്ലാത്ത സ്ഥലമാണ്, പരിചയമില്ലാത്തവർ വിളിച്ചാൽ പോകുവാൻ പാടില്ല, അവര്  നമ്മളെ തട്ടിക്കൊണ്ടുപോകുമെന്ന്  പറഞ്ഞ് ഞങ്ങൾ ആ ബസ്സിൽ കയറാൻ കൂട്ടാക്കിയില്ല. ബസ് ഞങ്ങൾക്കുവേണ്ടി വെയിറ്റ്  ചെയ്തു മടുത്തു. ബസിലുള്ളവർ  ഞങ്ങളെ മാറിമാറി വിളിച്ചിട്ടും, ബസിൽ കയറുവാൻ ഞാൻ സമ്മതിച്ചില്ല. അവസാനം ഗതികെട്ട് തന്റെ ജോലിയിൽ ഉത്തരവാദിത്തബോധമുള്ള ഒരു ജോലിക്കാരൻ ഇറങ്ങിവന്ന് ഞങ്ങളെ നിർബന്ധപൂർവ്വം ആ ബസിൽ വിളിച്ചു കയറ്റി. ബസിൽ  കയറിയപ്പോഴാണ് മനസ്സിലായത്, അതിൽ ഏതാനും പേരും മലയാളികളാണ് എന്നും, എയർപോർട്ടിന്റെ അടുത്ത് എത്താൻ കുറച്ചു ദൂരം പോകേണ്ടതുണ്ട് അതുകൊണ്ടാണ് ബസ് സർവീസ് നടത്തുന്നതെന്നും  അറിയുവാൻ കഴിഞ്ഞത്. എന്റെ രണ്ടു മക്കളും അപ്പോഴേക്കും ഒരുവിധം തളർന്നു കഴിഞ്ഞിരുന്നു. അങ്ങനെ ഞങ്ങൾ ബസ്സിൽ കയറി എയർപോർട്ടിലെത്തി. ചെക്കിങ് ഒക്കെ  കഴിഞ്ഞ് പുറത്തിറങ്ങി. എന്നെ പരിശോധനയ്ക്കായി ഗ്രീൻ റൂമിലേക്ക് കടത്തുമ്പോഴേക്കും എന്റെ രണ്ടാമത്തെ മകൻ “മമ്മിയേ” എന്നും പറഞ്ഞു ഓളിയിട്ടു കരയും. അതുകൊണ്ട് പരിശോധനകൾ ഒക്കെ പെട്ടെന്ന് കഴിഞ്ഞു എന്ന് വേണം പറയാൻ. പിന്നെ പുറത്ത് കാത്തുനിന്ന ഭർത്താവിന്റെ അടുത്തേക്ക് ഞാനും മക്കളും, ആശ്വാസത്തോടെ അതിലേറെ പുതിയൊരു  ലോകം കണ്ട് സന്തോഷത്തോടെ, അത്ഭുതത്തോടെ  ഓടി ചെല്ലുകയായിരുന്നു.

ഇനി അവിടെ ചെന്നിട്ടുള്ള  കഥകളൊന്നും പറയാതിരിക്കുന്നതാവും ഭേദം. ടൈൽ വിരിച്ച ഫ്‌ളോറിലൂടെ നടക്കുമ്പോൾ ടൈലിന്റെ മിനുസം കണ്ട് വെള്ളം ആണെന്ന് തെറ്റിദ്ധരിച്ച് സാരി പൊക്കി പിടിച്ച് നടന്നതും, ഗ്രിപ്പില്ലാത്ത  ചെരിപ്പിട്ട് മിനുസമുള്ള  തറയിലൂടെ നടക്കുവാൻ ബുദ്ധിമുട്ടി ഒറ്റയടിവെച്ചു ഒറ്റയടിവെച്ചു  നടന്നതും, പലപ്പോഴും അടിതെറ്റി നിലത്തു വീണതും, ഭാഷ അറിയാതെ കഷ്ടപ്പെട്ടതും, അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ നിങ്ങൾക്കറിയണ്ടേ? അപ്പോൾ അത് നമുക്ക് ഇതിന്റെ രണ്ടാം ഭാഗത്തിൽ വായിക്കാം. എന്താ പോരേ???

                                                                                                                                                      എന്ന്

                                                                                                                                                       സ്വന്തം…………..

Related posts

1 comment

sree
sree February 3, 2018 at 11:03 pm

Very nice !!

Reply

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: