27.5 C
Bengaluru
January 17, 2020
Untitled

North East Diaries

 

തുടക്കം

ഒരു ദിവസം കട്ടപ്പോസ്റ്റായി തുരുമ്പെടുത്തു തുടങ്ങിയപ്പോഴാണ് ഒരു ദൂരയാത്ര പോയാലോ എന്ന് തോന്നിയത്. ദൂരം ന്നു പറയുമ്പോൾ അങ്ങ് നോർത്ത് ഇന്ത്യയിലേക്ക്, അതായത് ഹിമാലയം തന്നെ ഉന്നം. എവിടേക്ക് എന്നതായിരുന്നു ആദ്യത്തെ ചോദ്യം. കുളവും മണാലിയും ഷിംലയുമൊന്നുമല്ല എനിക്ക് പോവാൻ തോന്നിയത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിൽ ദുൽഖർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് “തവാങിൽ മഞ്ഞു പെയ്ത് തുടങ്ങിയിട്ടുണ്ടാവും, ഡു യു വാണ്ട് ടു ഗോ?”. ആ ഒരൊറ്റ ഡയലോഗ് കേട്ടപ്പോൾ എന്റെ കൂടെ കൂടിയ ജിന്നായിരുന്നു തവാങ്.

തവാങ്.. അരുണാചൽ പ്രദേശിലുള്ള നോർത്ത് ഈസ്റ്റിന്റെ സ്വർഗം എന്നറിയപ്പെടുന്ന അവിടേക്കല്ലാണ്ട് വേറെ എവിടെപ്പോയാലും തവാങ് പോയപോലൊരു തൃപ്തി കിട്ടില്ലെന്ന്‌ എന്റെ മനസ്സ് പറഞ്ഞു. അങ്ങനെ തവാങ് ഉറപ്പിച്ചിരിക്കുമ്പോഴാണ് സിക്കിമിനെക്കുറിച്ചും ആസ്സാമിലെ കാസിരിംഗ നാഷണൽ പാർക്കിനെക്കുറിച്ചും വായിച്ചറിഞ്ഞത്. ഒടുവിൽ എന്റെ ഭ്രാന്തമായ ആവേശം മൂലം പതിനഞ്ചു ദിവസത്തോളമെടുത്ത് തവാങും ആസ്സാമും സിക്കിമും കണ്ടു വരാമെന്ന് തീരുമാനിച്ചു. അങ്ങനെ ഒരുവിധത്തിൽ ലീവും ഒപ്പിച്ച് ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്തു. ട്രെയിനിൽ പോയാൽ അഞ്ചാറ് ദിവസം നഷ്ടപ്പെടുമെന്നതുകൊണ്ട് ഫ്ലൈറ്റല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു, അതുകൊണ്ടു തന്നെ നേരത്തെ ടിക്കറ്റെടുത്തു വച്ചു. ചെറിയ ടൂർ അല്ലാത്തതുകൊണ്ട് നമ്മുടെ മെന്റാലിറ്റിക്ക് ചേരാത്തവരെ കുത്തിപ്പൊക്കി കൊണ്ടുപോവാൻ പറ്റില്ല. കൂടെ വരുന്ന സ്ഥിരം ചങ്ങായിമാർക്ക് ലീവ് ഇല്ലാത്തതുകൊണ്ടും എന്റെ മുടിഞ്ഞ ആവേശം കുറയാത്തതുകൊണ്ടും ഇതൊരു സോളോ ട്രിപ്പ് ആക്കാമെന്നു വച്ചു. സോളോ ട്രിപ്പ് ആയതുകൊണ്ടും പ്രത്യേകിച്ച് പ്ലാനുകൾ ഇല്ലാത്തതുകൊണ്ടും റൂമുകൾ ബുക്ക് ചെയ്തില്ല. അങ്ങനെ തവാങ് എന്ന ഭ്രാന്തിലേക്കെത്താൻ ദിവസങ്ങൾ എണ്ണിയെണ്ണി ഞാൻ കാത്തിരുന്നു.

തവാങ് ഡയറീസ്

ഇന്നർ ലൈൻ പെർമിറ്റ്

തവാങ് എന്നത് ഇന്ത്യയിലെ അരുണാചൽ പ്രദേശിലെ ഒരു ജില്ലയാണ്, പക്ഷേ നമുക്ക് നേരെയങ്ങ് കേറിപ്പോവാൻ പറ്റില്ല. ചൈനയുമായി അതിർത്തി പങ്കിടുന്നതുകൊണ്ടും വേറേ ചില സുരക്ഷാസംബന്ധിയായ കാരണങ്ങൾ കൊണ്ടും അരുണാചലിൽ പ്രവേശിക്കും മുമ്പേ ഒരു പെർമിറ്റ് എടുക്കണം അതിന്റെ പേരാണ് ഇന്നർ ലൈൻ പെർമിറ്റ്. ഓൺലൈനിൽ എടുക്കുന്നതാണ് ഏറ്റവും എളുപ്പം, നൂറു രൂപക്ക് സാധനം കിട്ടും. അതില്ലാതെ പോവാമെന്ന് കരുതണ്ട, അരുണാചലിലേക്ക് കടക്കുന്ന സ്ഥലങ്ങളിലെ ആർമി ചെക്ക്‌പോസ്റ്റിൽ നിങ്ങളെ തടയും. ഓൺലൈൻ അപ്ലൈ ചെയ്യാനുള്ള ലിങ്കും മറ്റു വിവരങ്ങളും arunachalilp.com എന്ന സൈറ്റിലുണ്ട്. ഒരു ദിവസം വേണം പെർമിറ്റ് പ്രോസസ്സ് ചെയ്യാൻ അതുകൊണ്ടുതന്നെ ഞാൻ ഒരാഴ്ച മുന്നേ ഓൺലൈൻ വഴി പെർമിറ്റ് എടുത്തുവച്ചു. ആദ്യം നിങ്ങളുടെ ഫോട്ടോയും ഐ.ഡി കാർഡും സ്കാൻ ചെയ്തു വച്ചത് അപ്‌ലോഡ് ചെയ്യണം. അതിന്റെ വെരിഫിക്കേഷൻ കഴിഞ്ഞാൽ പൈസ അടക്കാനുള്ള ലിങ്ക് കിട്ടും. അത് കഴിഞ്ഞു പെർമിറ്റ് പ്രിന്റെടുക്കാം. മൂന്ന് കോപ്പികളെങ്കിലും എടുത്തുവക്കുന്നതാണ് നല്ലത് കാരണം പിന്നീട് ആവശ്യം വരും.

തവാങിലേക്ക്

അങ്ങനെ പോവുന്ന ദിവസമായി, ആകെ കയ്യിലുള്ളത് മുറിഞ്ഞ ഹിന്ദിയും മുറിയാത്ത ആത്മവിശ്വാസവും മാത്രം. പക്ഷേ ഇറങ്ങാറാവുമ്പോൾ ചെറിയൊരു പേടി തോന്നി. ഇത്രേം ദൂരം അതും പത്തുപതിനഞ്ചു ദിവസം ഒറ്റക്ക് കഴിയണമെന്ന് അപ്പോഴാണ് ശരിക്കും ആലോചിച്ചത്. ഇങ്ങനുള്ള സമയങ്ങളിൽ ഞാൻ എന്നോടുതന്നെ പറയാറുള്ള പഴയ ഒരു ഡയലോഗുണ്ട്

‘അയാം നോട്ട് സെയിങ് ഇറ്റ്സ് ഗോയിങ് ടു ബി ഈസി, അയാം ടെല്ലിംഗ് യു ഇറ്റ്സ് ഗോയിങ് ടു ബി വെർത്ത് ഇറ്റ്’

ആ ഒരൊറ്റ ഡയലോഗിൽ ചോർന്നുപോയ ആത്മവിശ്വാവും വീണ്ടെടുത്ത് ഞാൻ നേരെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. അങ്ങനെ ഏപ്രിൽ ഇരുപത് രണ്ടായിരത്തി പതിനെട്ടിന് ഞാനെന്റെ യാത്ര തുടങ്ങി. അവിടന്ന് രാത്രി പത്തുമണിക്ക് ട്രെയിൻ കേറി ചെന്നൈയിലെത്തി. ചെന്നൈയിൽ നിന്നും സ്റ്റേഷന്റെ എതിർവശത്തുള്ള സബർബൻ മെട്രോയിൽക്കയറി എയർപോർട്ടിലേക്ക് പോയി. ആദ്യമായിട്ടാണ് ഫ്ലൈറ്റിൽ കേറുന്നതെങ്കിലും അതിനേക്കാൾ ആവേശം തവാങ് തന്നെയാണെന്ന് ഞാൻ ഒന്നുകൂടി പറയട്ടെ. അവിടന്ന് രാവിലെ പത്തരയോടെ പുറപ്പെട്ട ഞാൻ കൊൽക്കത്ത വഴി ഗുവാഹത്തി എത്തി.

എ.പി.എസ്.ടി.എസ് അഥവാ ഐരാവതം

ഗുവാഹത്തിയിൽ നിന്നും അഞ്ഞൂറ് കിലോമീറ്റർ മാത്രമേ തവാങിലേക്കുള്ളൂ എങ്കിലും രണ്ടു ദിവസം വേണം അവിടെയെത്താൻ. റോഡുകൾ മോശമായതുകൊണ്ടും വിജനമായ മലമ്പാതകളായതുകൊണ്ടും രാത്രി വണ്ടികൾ ഓടില്ല എന്നതുതന്നെ കാരണം. ഗുവാഹത്തിയിൽ നിന്നും പോവുന്ന വഴി ബൊംഡില എന്ന സ്ഥലത്ത് ഒരു ദിവസം താമസിച്ച് അടുത്ത ദിവസം വേണം തവാങ് പോവാൻ. അല്ലെങ്കിൽ ഗുവാഹത്തി നിന്നും തേസ്പൂർ പോയി അവിടന്ന് ബാലുക്പോങിൽ നിക്കണം, പക്ഷേ അത് ദൂരം കൂടുതലാണ്. അങ്ങനെ ഞാൻ എയർപോർട്ടിൽ നിന്നും ഒരു ഷെയർ ഓട്ടോ പിടിച്ച് ഗുവാഹത്തി ഐ.എസ്.ബി.ടി സ്റ്റാന്റിലെത്തി, രാത്രിയായതുകൊണ്ട് അതിനടുത്തുള്ള ചെറിയൊരു ലോഡ്ജിൽ മുറിയെടുത്തു. കേരളത്തിൽ നിന്നും ഒറ്റക്ക് കുറ്റിയും പറിച്ച് വന്നതാണെന്ന് കേട്ടപ്പോൾ ആ ലോഡ്ജിലെ പയ്യന് അത്ഭുതം. അങ്ങനെ നാന്നൂറ് രൂപക്ക് ഒരു മുറി കിട്ടി. മുറിയിലിരിക്കുമ്പോഴാണ് അവിടേക്ക് ആ ലോഡ്ജ് മൊതലാളിയുടെ മകൻ മനാഷ് വന്നത്. രണ്ടാഴ്ച മുന്നേ അവൻ തവാങ് പോയെന്നും ഞാൻ അങ്ങോട്ട് പോവുകയാണ് എന്നറിഞ്ഞപ്പോൾ ടിപ്‌സ് പറഞ്ഞുതരാൻ വന്നതാണെന്നും അവൻ പറഞ്ഞു. അവിടേക്ക് പോവേണ്ട ബസ്സിനെക്കുറിച്ചും തവാങിനെക്കുറിച്ചും അവൻ ഒരുപാട് പറഞ്ഞു തന്നു. കൂട്ടത്തിൽ രാവിലെ അവൻ തന്നെ ബസ് സ്റ്റാന്റിലേക്ക് കൊണ്ട് വിടാമെന്നും പറഞ്ഞെന്നെ അമ്പരപ്പിച്ചു.

ഗുവാഹത്തി – ബൊംഡില റോഡിൽ നിന്നുള്ള ചിത്രം

ഗുവാഹത്തി നിന്നും രാവിലെ ആറുമണിക്ക് ബൊംഡില എന്ന സ്ഥലത്തേക്ക് ഒരേയൊരു ബസ്സ് മാത്രമേയുള്ളൂ, അതു കഴിഞ്ഞാൽ ഷെയർ ടാക്സി വിളിച്ചു പോവണം. പിറ്റേന്ന് രാവിലെ ഞാൻ മനാഷിനേയും കൊണ്ട് ഐ.എസ്.ബി.ടി സ്റ്റാന്റിലെത്തി. അരുണാചൽ പ്രദേശിന്റെ ഒരു വെള്ള നിറമുള്ള വണ്ടി അവിടെ നിൽക്കുന്നുണ്ടായിരുന്നു. വിളിക്കാൻ സൗകര്യത്തിന് ഞാനതിനെ ഐരാവതം എന്ന് വിളിച്ചു. അങ്ങനെ ആറുമണിയോടെ ആ ഐരാവതം നീങ്ങിത്തുടങ്ങി. യാത്രക്കാരായി ഏതാണ്ട് അഞ്ചാറുപേർ മാത്രം.

ഇടക്ക് വണ്ടി നിർത്തി നാസ്‌താ എന്ന് പറഞ്ഞതും ഞാൻ ചാടിയിറങ്ങി അടുത്തുകണ്ട ഹോട്ടലിൽ കയറി പൂരി കഴിച്ചു. വണ്ടി പിന്നീട് ബ്രഹ്മപുത്ര നദിയുടെ ഏതാണ്ട് ഒരു കിലോമീറ്റർ നീളമുള്ള പാലം കഴിഞ്ഞു മുന്നോട്ടു നീങ്ങി. കുറച്ചു കഴിഞ്ഞതും ബസ്സ് ഹൈവേ വിട്ട് മലമ്പാതയിലേക്ക് കടന്നു. പിന്നീട് കണ്ടത് റോഡാണോ തോടാണോ അതോ റോഡിന്റെ നടുവിലൂടെ തോട് കീറിയതാണോ അതോ തോടിനു നടുവിലൂടെ റോഡ് വെട്ടിയതാണോ എന്നറിയാത്ത പാതകളായിരുന്നു. അരുണാചൽ ബോർഡറിൽ ഒരു പട്ടാളക്കാരൻ വന്ന് പെർമിറ്റ് ചെക്ക് ചെയ്തു. പിന്നീട് വണ്ടി കോടമഞ്ഞിലൂടെ ഓടി രൂപയും തേംഗയും കഴിഞ്ഞ് വൈകിട്ട് മൂന്നരയോടെ ബൊംഡിലയെത്തി. രൂപയും തേംഗയും ആർമി ഏരിയയാണ്, അതുകൊണ്ടു തന്നെ ഒരുപാട് ആർമി ക്യാമ്പുകൾ കാണാം. ബൊംഡിലയിൽ റൂം തപ്പി ഒടുവിൽ അറുനൂറ് രൂപക്ക് ഹോട്ടൽ പൊട്ടാലയിൽ ഒരു റൂം കിട്ടി. പിറ്റേന്ന് രാവിലെ ആറുമണിക്ക് ബൊംഡിലയിൽ നിന്നും അടുത്ത ഐരാവതത്തിൽ ഞാൻ തവാങിലേക്ക് യാത്രയായി.

അരുണാചലിൽ റോഡുകൾ പരിപാലിക്കുന്നത് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ എന്ന സംഘടനയാണ്. അവിടെയുള്ള റോഡുകൾ തുടർച്ചയായ ഉരുൾപൊട്ടലിലും മഴയിലും പെട്ട് തകർന്നു കിടന്നിരുന്നു. പോവുന്ന വഴിക്ക് രണ്ടുമൂന്നു സ്ഥലത്തു പാറ പൊട്ടിച്ച് റോഡ് നന്നാക്കുന്നത് കൊണ്ട് ബസ്സ് നിർത്തിയിടേണ്ടി വന്നിരുന്നു.

സേലാ പാസ് – പ്രണയത്തിന്റെ ചുരം

ഏതാണ്ട് ഉച്ചയോടെ മലകൾ കയറിയിറങ്ങി ഞാൻ സേലാ പാസ്സ് എത്തിച്ചേർന്നു. സേലാ പാസ്സിൽ വർഷത്തിൽ എല്ലാ സമയത്തും മഞ്ഞുണ്ടാവുമെങ്കിലും വേനൽക്കാലമായതുകൊണ്ട് കുറച്ച് കുറവായിരുന്നു. തവാങ് ജില്ലയുടെയും വെസ്റ്റ് കാമേങ് ജില്ലയുടെയും ബോർഡറായ സേലാ പാസ്സിലാണ് വെൽക്കം ടു തവാങ് എന്നെഴുതിയ ടിബറ്റൻ ആർക്കിടെക്ച്ചർ വിളിച്ചോതുന്ന ഗേറ്റുള്ളത്.

സേലാ പാസ്സിലെ വെൽക്കം ടു തവാങ് എന്നെഴുതിയ ഗേറ്റ്

ആയിരത്തി തൊള്ളായിരത്തി അറുപത്തിരണ്ടിൽ ഇന്ത്യ ചൈന യുദ്ധം നടക്കുന്ന സമയം. ജസ്വന്ത് സിങ് റാവത്ത് എന്ന ധീരനായ പട്ടാളക്കാരൻ ഒറ്റക്ക് ചൈനീസ് പട്ടാളത്തെ നേരിട്ടുകൊണ്ടിരുന്നു. ആ സമയത്ത് അദ്ദേഹത്തിന് ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുത്ത് സഹായിച്ചത് സേല എന്ന യുവതിയായിരുന്നു. ഒടുവിൽ ഒരുനാൾ ഒരുപാട് ചൈനീസ് പട്ടാളക്കാരെ വകവരുത്തിയ ആ രാജ്യസ്നേഹിയുടെ ആത്മാവില്ലാത്ത ശരീരം കണ്ട സേല ദുഃഖം താങ്ങാനാവാതെ ജീവനൊടുക്കി. ആ യുവതിയുടെ പേരാണ് ഈ മലയിടുക്കിന് നൽകിയിരിക്കുന്നത്. അതിനെ പ്രണയത്തിന്റെ ചുരമെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്?

സേലാ പാസ്സിൽ മഞ്ഞുപെയ്യുമ്പോൾ

ഏതാണ്ട് പത്തുമൂന്നായിരുത്തി എഴുന്നൂറ് അടി ഉയരമുള്ളൊരു ചുരമാണ് സേലാ പാസ്. വേനൽക്കാലമായതിനാൽ മഞ്ഞ് കുറച്ചു കുറഞ്ഞ് ഇടക്കിടക്ക് കറുത്ത പാറകൾ കാണുന്നുണ്ടായിരുന്നു. ആകെ മൊത്തത്തിൽ വലിയ ഒരു ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് കൊണ്ടുണ്ടാക്കിയ ഒരു മല പോലെയുണ്ടായിരുന്നു അത്. അതിനടുത്ത് സേലാ തടാകവും മറ്റനേകം ചെറു തടാകങ്ങളുമുണ്ടായിരുന്നു എങ്കിലും അധികനേരം അവിടെ ചെലവഴിക്കാൻ നിന്നില്ല.

തവാങ് – നോർത്ത് ഈസ്റ്റിന്റെ സ്വർഗം

സേലാ പാസിൽ നിന്നും ഏതാണ്ട് മൂന്നു മണിക്കൂർ കഴിഞ്ഞ് എന്റെ ഭ്രാന്തിന്റെ പേരായ തവാങിൽ ചെന്നിറങ്ങി. അതേ.. ഞാൻ തവാങിൽ എത്തിയിരിക്കുന്നു. സീസൺ കഴിയാറായതുകൊണ്ട് ടൂറിസ്റ്റുകൾ കുറവായിരുന്നു. മുറി തപ്പിനടന്ന് ഒടുവിൽ നെഹ്‌റു മാർക്കറ്റിലെ ഹോട്ടൽ ഷംബാലയിൽ അറുന്നൂറു രൂപക്ക് മുറി തരപ്പെട്ടു. തവാങിൽ മൂന്ന് മാർക്കറ്റുകളുണ്ട്. നെഹ്‌റു മാർക്കറ്റ്, ഓൾഡ് മാർക്കറ്റ്, ന്യൂ മാർക്കറ്റ്. എല്ലാം കൂടി ഒരു കിലോമീറ്ററിന്റെ ഉള്ളിലാണ്, നെഹ്‌റു മാർക്കറ്റിൽ നിന്നും ഇരുന്നൂറു മീറ്റർ നടന്നാൽ ഓൾഡ് മാർക്കറ്റ് എത്തും അവിടന്ന് ഒരു അരക്കിലോമീറ്റർ കൂടി നടന്നാൽ ന്യൂ മാർക്കറ്റും എത്തിച്ചേരും.

കുളി കഴിഞ്ഞ് ഞാൻ കഴിക്കാനിറങ്ങി, മൂന്നു ദിവസം പൂരിയും റൊട്ടിയും സബ്ജിയും തന്നെയായതുകൊണ്ട് മടുത്തു തുടങ്ങിയിരുന്നു. അപ്പോഴാണ് ഓൾഡ് മാർക്കറ്റിൽ ഹോട്ടൽ മാ എന്ന ബോർഡിനു കീഴെ ‘സൗത്ത് ഇന്ത്യൻ ഫുഡ്’ എന്നു കണ്ടത്. പോയി നോക്കിയപ്പോൾ സൗത്ത് ഇന്ത്യക്കാർ ആരുമില്ല. ആള് അരുണാചലുകാരൻ തന്നെ പക്ഷേ ദോശ കിട്ടും. രണ്ടു ദോശയും രണ്ടുചായയും മിനിറ്റുകൾക്കകം കഴിച്ചുതീർത്ത് ഞാൻ വിശപ്പിനു ഷട്ടറിട്ടുകൊണ്ട് റൂമിലേക്ക് നടന്നു.

തവാങ് ടൗൺ – തവാങ് മൊണസ്റ്ററിയിൽ നിന്നുള്ള ചിത്രം

തവാങിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്ന് ഇന്ത്യ ചൈന ബോർഡറിലെ ബുംല പാസ്സാണ്. ബുംല പോവാൻ ടാറ്റാ സുമോ പിടിക്കണം, ഒരാളായാലും പത്തുപേരായാലും അയ്യായിരം രൂപയാകും ടാക്സി ചാർജ് പക്ഷേ ആളുകൂടിയാൽ ഷെയർ കുറയും. ബൈക്കിൽ പാസ്സെടുത്ത് പോവാമെങ്കിലും കാലാവസ്ഥയുടെ അവസ്ഥക്കനുസരിച്ച് ചിലപ്പോൾ കടത്തിവിട്ടെന്നു വരില്ല, ഒറ്റക്കാണെങ്കിൽ സാധ്യത വീണ്ടും കുറവാണ്. എന്നിരുന്നാലും ബൈക്കോടിക്കാനുള്ള മുടിഞ്ഞ ആഗ്രഹംകൊണ്ട് ഓൾഡ് മാർക്കറ്റിലെ ഡങ്ഫൂ ഹോട്ടലിന്റെ താഴെയുള്ള സ്ഥലത്ത് പോയി ആയിരത്തി അഞ്ഞൂറു രൂപക്ക് ഒരു ബുള്ളറ്റ് ബുക്ക് ചെയ്തു, അഞ്ഞൂറ് രൂപക്ക് പാസ്സും അവർ ശരിയാക്കിത്തന്നു. അൾട്ടിട്യൂഡ് കൂടുതലായതുകൊണ്ട് വെള്ളം ഞാൻ കുടിച്ചുകൊണ്ടേയിരുന്നു, ഇല്ലെങ്കിൽ അൾട്ടിട്യൂഡ് മൗണ്ടൈൻ സിക്ക്നെസ്സ് അഥവാ എ.എം.എസ് എന്നൊരു അവസ്ഥ വരാൻ സാധ്യതയുണ്ട്. ഉയരം കൂട്ടുമ്പോൾ ഓക്സിജന്റെ അളവ് കുറഞ്ഞ് ശരീരം ഡീഹൈഡ്രേറ്റ് ആവുന്ന അവസ്ഥയാണ് ഈ എ.എം.എസ്. അത് തടുക്കാൻ ഡയമോക്സ് എന്ന മരുന്ന് മെഡിക്കൽ ഷോപ്പുകളിൽ കിട്ടും.

തവാങ് ടൗണിലെ കാഴ്ചകളും മനോഹരേട്ടന്റെ മസാല ദോശയും

ബുംലയിലേക്ക് പോവാനുള്ള പാസ് കിട്ടാൻ ഒരു ദിവസമെടുക്കും. അതുകൊണ്ട് ആദ്യത്തെ ദിവസം ഞാൻ തവാങ് ടൗണിലെ കാഴ്ചകൾ കാണാനിറങ്ങി.

മനോഹരേട്ടന്റെ മസാലദോശ

രാവിലെ തന്നെ ഹോട്ടൽ മാ എത്തി ഒരു മസാല ദോശ ഓർഡർ ചെയ്തു, കൂടെ ഉരുളക്കിഴങ്ങു കൊണ്ടുള്ള കറിയും നല്ല തേങ്ങാച്ചമ്മന്തിയും കിട്ടി. ആ കടക്കാരന്റെ പേര് ചോദിച്ചപ്പോൾ പറഞ്ഞ പേര് പറഞ്ഞപ്പോൾ തുമ്മിയതുപോലെയാണ് തോന്നിയത്. ആ പേരെനിക്ക്‌ മനസ്സിലാവാത്തതുകൊണ്ട് എന്റെ സൗകര്യത്തിന് ഞാൻ അയാൾക്ക് മനോഹരൻ എന്ന പേരിട്ടു. അങ്ങനെ മനോഹരേട്ടന്റെ മസാല ദോശയും കഴിച്ച് ഞാൻ തവാങ് മൊണസ്റ്ററി കാണാൻ പോയി.

ജയന്റ് ബുദ്ധ സ്റ്റാച്ച്യൂ

ടിബറ്റൻ പ്രഭാവത്തിന്റെ തെളിവുകൾ പോലെ അവിടെയുള്ള ആർക്കിടെക്ച്ചറും അരുണാചലിൽ എല്ലായിടത്തും പാറിക്കളിക്കുന്ന കൊടികളും ഒരു ടിബറ്റൻ ടൗണിനെ ഓർമിപ്പിച്ചു. നാനൂറു വർഷത്തിലേറെ പഴക്കമുള്ള മൊണസ്റ്ററിയും ജയന്റ് ബുദ്ധ സ്റ്റാച്യൂയും പഴയ ഇന്ത്യ ചൈന യുദ്ധത്തിന്റെ ഓർമ്മ നിറഞ്ഞ വാർ മെമ്മോറിയലും കണ്ട ശേഷം റൂമെത്തി. നാളെ ബുംല പോവാനുള്ളതുകൊണ്ട് ആകെ ത്രില്ലിലായിരുന്നു.

പി.ടി.സോ ലേക്ക്

പതിനയ്യായിരം അടി മുകളിലുള്ള ബുംല പാസ് എന്ന ആ മഞ്ഞുമലയിലേക്ക് പോവാൻ ഞാൻ ഏഴരയോടെ അഞ്ചാറ് ടീ ഷർട്ടുമിട്ട് ഗ്ലൗസും ജാക്കറ്റും എടുത്ത് ഞാൻ ഡങ്ഫൂ ഹോട്ടലിലെത്തി ആ കറുത്ത കുതിരയുടെ ചാവി വാങ്ങി. ഒരു കറുത്ത റോയൽ എൻഫീൽഡ് ക്ലാസ്സിക് 350. എട്ടരയോടെ മനോഹരേട്ടന്റെ കടയിൽ നിന്നും ദോശയും കഴിച്ച് ഞാനാ ബുള്ളറ്റിൽ യാത്ര തിരിച്ചു. ഏതാണ്ട് പത്തു കിലോമീറ്റർ കഴിഞ്ഞുള്ള ആർമി ചെക്പോസ്റ്റ് എത്തിയപ്പോൾ എന്നെ തടഞ്ഞിട്ടു പറഞ്ഞു ‘ഇന്ന് കാലാവസ്ഥ മോശമാണ്, ബൈക്ക് കടത്തി വിടില്ല. തിരിച്ചു വിട്ടോ’ എന്ന്. കർത്താവേ കട്ടപ്പണിയാണല്ലോ നീയെനിക്ക് തന്നത് എന്നുമാലോചിച്ച് കിളി പോയ അവസ്ഥയിൽ ഞാനവിടെ നിന്നു. ഒടുവിൽ അരമണിക്കൂറോളം അവിടെ നിന്ന് അവരോട് സംസാരിച്ചപ്പോൾ പത്തു കിലോമീറ്റർ ദൂരെയുള്ള പി.ടി.സോ ലേക്ക് വരെ പോയി വരാൻ പറഞ്ഞു. അങ്ങനെ ഞാൻ ആ ചെക്ക്പോസ്റ്റ് കടന്നു യാത്ര തുടർന്നു. ബൈക്കിൽ പോവാൻ ഉദ്ദേശമുള്ളവർ പാസ്സ് കിട്ടിയെന്നു കരുതി സന്തോഷിക്കണ്ട, ഭാഗ്യമുണ്ടെങ്കിൽ മാത്രമേ കടത്തിവിടൂ.

നോർത്ത് ഈസ്റ്റിന്റെ കാലാവസ്ഥ ഓട്ടോ പോലെയാണ്. എപ്പോഴാണ് എങ്ങോട്ടാണ് തിരിയുക എന്ന് ഒരു പിടിയും കിട്ടില്ല. അത്രയും നേരം തെളിഞ്ഞിരുന്ന മാനം പെട്ടന്ന് കറുത്തിരുണ്ട് മഴയുടെ വരവറിയിച്ചു. മഴ പെയ്താൽ കയറിനിക്കാൻ ഒരു ഓലപ്പുര പോലുമില്ലാത്ത സ്ഥലമായിരുന്നു അത്, കൂടാതെ മഴ തടയാൻ പറ്റുന്ന മരങ്ങളുമില്ല. എല്ലാം ക്രിസ്‌മസ്‌ ട്രീ പോലുള്ളവയായിരുന്നു. ഒന്നുരണ്ടു തുള്ളികൾ വീണുതുടങ്ങിയതും പടച്ചോനേ ഇങ്ങള് കാത്തോളീന്ന് പറഞ്ഞുകൊണ്ട് ഞാൻ ബൈക്ക് സ്പീഡ് കൂട്ടാൻ തുടങ്ങി. അപ്പോഴാണ് എനിക്കത് മനസ്സിലായത് ഇത് മഴത്തുള്ളിയല്ല നല്ല അഡാറ് മഞ്ഞുതുള്ളി. ഞാൻ കൂക്കിവിളിച്ചു, അമ്മാതിരി സന്തോഷം. നാക്കു നീട്ടി രണ്ടു മൂന്നു മഞ്ഞ് കഷണങ്ങൾ വായിലാക്കിയ ശേഷം ഞാൻ ആ ചെറിയ മഞ്ഞുമഴയും കൊണ്ട് പതിയേ ആ ബുള്ളറ്റിൽ നീങ്ങിത്തുടങ്ങി. ചുറ്റും മഞ്ഞുവിരിച്ച പാടങ്ങൾ പോലെ മലകൾ മാറിത്തുടങ്ങി. അങ്ങനെ ഞാൻ പി.ടി.സോ എന്ന ആ ചെറിയ തടാകത്തിലെത്തി.

പി.ടി.സോ ലേക്ക്

തൂവെളള ചോറിന് നടുവിൽ ചെറിയൊരു കുമ്പിളിൽ വെള്ളം വച്ച പോലുള്ള ഒരു തടാകം. എത്തിയ പാടെ ഇറങ്ങി ഞാൻ മഞ്ഞ് വാരിക്കളിച്ചു. പണ്ട് മണല് വാരിയെറിഞ്ഞ പോലെ ഞാൻ മഞ്ഞ് വാരി മുകളിലേക്കെറിഞ്ഞു. ചെറിയ മഞ്ഞുമഴയുടെ കൂടെ ഞാനെറിഞ്ഞ മഞ്ഞുകട്ടകളും എന്റെ മേലെ വന്നുവീണു. കുറച്ചുനേരം അത് ആസ്വദിച്ച ശേഷം പോവുന്നത്ര പോവട്ടെ എന്നും പറഞ്ഞ് ഞാൻ നേരേ ബുംല പാസ്സിലേക്കുള്ള വഴിയിലേക്ക് ബൈക്കോടിച്ചു.

വൈ ജംഗ്‌ഷനിലെ പ്രശ്നങ്ങൾ

ചുറ്റും മഞ്ഞു വീണുകിടക്കുന്ന വിജനമായ ആ വഴിയിലൂടെ ഞാൻ ചെറിയ മഞ്ഞുമഴയും കൊണ്ട് വണ്ടിയോടിച്ച് അടുത്ത ചെക്ക്പോസ്റ്റായ വൈ ജംഗ്ഷനെത്തി. അവിടെയും ആർമി ക്യാമ്പാണ്, ചുറ്റും മഞ്ഞുവീണ് കൂമ്പാരമായി കിടന്നിരുന്നു. ബൈക്ക് കടത്തി വിടില്ല എന്ന് കട്ടക്ക് പറഞ്ഞു അവിടെയുള്ള പട്ടാളക്കാരൻ. ഇനി തിരിച്ചുപോണല്ലോ എന്നോർത്ത് ശോകമായി നിക്കുമ്പോൾ ഒരു പട്ടാളക്കാരൻ എന്നെ ചായ കുടിക്കാൻ വിളിച്ചു. ആ ചെക്‌പോസ്റ്റിൽ ഒരു കാന്റീനുണ്ട്. അത് മാത്രമാണ് അവിടെയുള്ള ഒരേയൊരു കടയും. അവിടെ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അയാളെന്നോട് നാടെവിടെയാണെന്ന് ചോദിച്ചു. കേരളമാണെന്ന് പറഞ്ഞപ്പോൾ അയാൾ കേരളത്തിൽ നിന്നുള്ള ശബരീഷ് എന്ന പട്ടാളക്കാരനെ വിളിച്ച് നിങ്ങടെ നാട്ടുകാരനാണ് എന്നവനോടു പറഞ്ഞു. അവനോട് സംസാരിച്ചുകൊണ്ടു നിക്കേ കണ്ണൂർ നിന്നുള്ള ധീരജ് ചേട്ടനും അവിടെയെത്തി. ഒടുവിൽ ധീരജേട്ടന്റെ വാക്കുകൾ കേട്ട് ചെക്പോസ്റ്റിലെ ആ പട്ടാളക്കാരൻ ബൈക്ക് ഇവിടെ നിർത്തി പുറകിൽ വരുന്ന ഏതെങ്കിലും ടൂറിസ്റ്റ് വണ്ടിയിൽ ബുംല പാസ് കാണാൻ കയറ്റി വിടാമെന്നേറ്റു.

വൈ ജംഗ്ഷനിലേക്കുള്ള വഴിയിൽ നിന്നും

നമ്മൾ പുറത്തു പോയാൽ തിരിച്ച് ഒരു നന്ദി വാക്കുപോലും ആഗ്രഹിക്കാതെ നമ്മളെ സഹായിക്കുന്നത് പട്ടാളക്കാരാവും. ഒരു പട്ടാളക്കാരന്റെ സഹോദരൻ എന്ന നിലയിൽ ഞാനതിൽ അഭിമാനിക്കുന്നു. അങ്ങനെ ധീരജേട്ടനോട് നന്ദിയും പറഞ്ഞ് ഞാൻ അവിടെ നിന്നും കിട്ടിയ ഒരു ടാറ്റാ സുമോയിൽ ബുംലയിലേക്ക് യാത്രയായി.

ബുംല പാസ്സ് – തവാങിന്റെ കിരീടം

വൈ ജംഗ്ഷനിൽ നിന്നും യാത്ര തുടങ്ങിയ എന്നെ കാത്തിരുന്നത് കണ്ണുകളേയും മനസ്സിനേയും ഭ്രമിപ്പിക്കുന്ന വെള്ളയും കറുപ്പും കലർന്ന താഴ്‌വരകളായിരുന്നു. റോഡ് എന്ന് പറയുന്നത് കല്ലും മണ്ണും ചളിയും നിറഞ്ഞ ഒരു പാതയായിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും രണ്ടു മൂന്നടി ഉയരമുള്ള മഞ്ഞു കൂമ്പാരങ്ങൾ. ചിലയിടത്ത് അത് നാലടി വരെ ഉയർന്നിരുന്നു. മലകളിലെ പുലിയെന്നു പേരുകേട്ട ടാറ്റാ സുമോ ചില സമയത്ത് കയറ്റം കയറാൻ കഷ്ടപ്പെട്ടു കാരണം ചളി നിറഞ്ഞ ആ റോഡുകൾ നല്ലോണം വഴുക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോഴാണ് ബൈക്കുകൾ കടത്തിവിടാത്തതിന്റെ അർത്ഥമെനിക്ക് മനസ്സിലായത്. ചുറ്റും കൂട്ടിയിട്ട ബ്ലാക്ക് ഫോറസ്റ്റ് കേക്ക് കഷണങ്ങൾ പോലെ വെള്ളയും കറുപ്പും കലർന്ന മലകൾ. കൂടാതെ സിനിമയിൽ മാത്രം കണ്ടിട്ടുള്ള പഞ്ഞി വീഴുന്നപോലെ മഞ്ഞുവീഴുന്ന താഴ്വരകളായിരുന്നു എന്റെ ചുറ്റുമുണ്ടായിരുന്നത്.

ബുംല പാസ്സിലെ ഇന്തോ-ചൈന ‘റോക്ക് ഓഫ് പീസ്’ ന്റെ അടുത്ത്

മിലിട്ടറി ട്രക്കുകൾ ഇടക്കിടക്ക് പോവുന്ന ആ കച്ചറ റോഡിൽ വണ്ടി ഇടക്കിടക്ക് നിർത്തേണ്ടി വന്നു. ഓരോ തവണ നിർത്തുമ്പോഴും ഞാൻ ചാടിയിറങ്ങും. എന്നിട്ട് ആ മഞ്ഞുമഴയിൽ ഓടിനടക്കും. മഞ്ഞു വാരിക്കളിക്കും, മഞ്ഞെടുത്ത് കൊഴക്കട്ട, ഉണ്ണിയപ്പം എന്നിവയുണ്ടാക്കും. അത് മുകളിലേക്കെറിഞ്ഞ് താഴെ വീഴും മുന്നേ കാലുകൊണ്ട് ഫുട്ബോൾ പോലെ അടിച്ചുകളയും. ഒടുവിൽ ഞങ്ങൾ പതിനയ്യായിരം അടിയിലധികം ഉയരമുള്ള ആ ഇന്തോ-ചൈന ബോർഡിയിലെത്തി. വെൽക്കം ടു ബുംല എന്ന ബോർഡ് ഞങ്ങളെ സ്വാഗതം ചെയ്തു. അവിടെയാണേൽ മഞ്ഞ് മാത്രമേയുള്ളൂ. മഞ്ഞെന്നു വച്ചാൽ എജ്ജാതി മഞ്ഞ്. സൂര്യപ്രകാശം ആ മഞ്ഞുകൂമ്പാരങ്ങളിൽത്തട്ടി പ്രതിഫലിക്കുന്നത് മൂലം ട്യൂബ്‌ലൈറ്റിലേക്ക് നോക്കുന്നപോലെയാണ് തോന്നിയത്. കുറച്ചുനേരം നോക്കിയാൽ കണ്ണുവേദനയെടുക്കും. അതുകൊണ്ട് കൂളിംഗ് ഗ്ലാസ് കൊണ്ടുപോവുന്നതാണ് ഉത്തമം. അവിടെ വച്ചാണ് ഞാൻ കോട്ടയത്ത് നിന്നും വന്ന പോളേട്ടനെയും ഫാമിലിയേയും പരിചയപ്പെടുന്നത്.

പത്തു പതിഞ്ഞഞ്ചു മിനിറ്റ് കഴിഞ്ഞതും ഞങ്ങൾ അവിടന്നിറങ്ങി. കാരണം ഉച്ചക്ക് രണ്ടുമണിയാവുമ്പോഴേക്കും കാലാവസ്ഥ മാറിത്തുടങ്ങിയിരുന്നു. ഒടുവിൽ വന്ന വഴി തിരിച്ച് വന്ന് വൈ ജംഗ്ഷനെത്തിയപ്പോഴേക്കും ഞാൻ നിർത്തിയിട്ട ആ ബുള്ളറ്റിനു പുറത്ത് മഞ്ഞുവന്നു മൂടിയിരുന്നു. അവിടെ നിന്നും മാധുരി ലേക്ക് എന്ന തടാകത്തിലേക്കും പോവാമായിരുന്നെങ്കിലും കാലാവസ്ഥ മാറിയതു കാരണം അങ്ങോട്ടേക്ക് പോവാൻ പറ്റില്ലെന്നറിയിച്ചു. ഒടുവിൽ അവിടെനിന്നും ഒരു മാഗിയും ചായയും കുടിച്ച് ഞാൻ തിരിച്ച് തവാങിലേക്കുള്ള യാത്ര തുടങ്ങി.

ബുള്ളറ്റും മഞ്ഞുപൊതിഞ്ഞ വഴികളും

ഉച്ച കഴിഞ്ഞതുമൂലം മഞ്ഞുവീഴ്ച കൂടി ബുള്ളറ്റിനു മുകളിൽ മഞ്ഞുവന്നു മൂടിയിരുന്നു. സ്റ്റാർട്ടാവാൻ മടിച്ച അവനെ ഒരു വിധത്തിൽ സ്റ്റാർട്ടാക്കി അവിടെ നിന്നുമിറങ്ങി. കുറച്ചുദൂരം കഴിഞ്ഞതും ആ മഞ്ഞുമലയിൽ ഞാനും എന്റെ ബുള്ളറ്റും മാത്രമായി. മറ്റൊരു ജീവിപോലുമില്ലാതിരുന്ന ആ വഴിയിൽ വല്ലപ്പോഴും ബുംലയിൽ നിന്നും തിരിച്ചു വരുന്ന വണ്ടികൾ മാത്രമാണ് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നത്. ആ ദിവസം അതിലെപോയ ഒരേയൊരു ബൈക്കുകാരൻ ഞാൻ മാത്രമായിരുന്നു എന്നുപറയുമ്പോൾ ആ ഒരവസ്ഥ നിങ്ങൾക്ക് മനസ്സിലാവും.തണുപ്പുകൂടി കൈവിരലുകൾ മരവിച്ചപോലെയായി, ഷൂസിന്റെ ഇടയിലൂടെ മഞ്ഞു കടന്ന് കാലുകളും മരവിച്ചു തുടങ്ങി. മൂക്കിൽ നിന്നും വായിൽ നിന്നും പോവുന്ന ശ്വാസത്തിന്റെ കൂടെ പുക പോയിക്കൊണ്ടിരുന്നപ്പോൾ ചെറുതായി പേടി തോന്നിപ്പോയി. എങ്കിലും പേടിയും സന്തോഷവും നിറഞ്ഞ ആ മുടിഞ്ഞ സന്തോഷം ആസ്വദിച്ചുകൊണ്ട് ബുള്ളറ്റിന്റെ ധക്ക് ധക്ക് എന്ന ശബ്ദത്തിന്റെ അകമ്പടിയോടെ ഞാൻ തവാങിലേക്ക് യാത്രയായി.

വൈ ജംഗ്ഷനിൽ നിന്നും തിരിച്ച് തവാങിലേക്ക്

റൂമിലെത്തിയപ്പോഴും എന്റെ കണ്ണിലും മനസ്സിലും മഞ്ഞുപെയ്യുകയായിരുന്നു. അപ്പോൾ തോന്നിയ മുടിഞ്ഞ സന്തോഷത്തിന് ഇനിയിപ്പോ കാണാനെന്ത് കിടക്കുന്നു, തിരിച്ചുപോയാലോ എന്നുവരെ ചിന്തിച്ചു. റൂമിൽ കിടന്നിട്ടും ഉറക്കം വരുന്നിലായിരുന്നു. അഞ്ചാറ് വർഷം കാത്തിരുന്ന ആ സ്വപ്നം അനുഭവിച്ച ദിവസമല്ലേ.. എങ്ങനെ ഉറങ്ങാനാണ്..!

പിറ്റേന്ന് തിരിച്ച് ദിരംഗിലേക്ക് ബസ്സ് കയറി. തവാങിലെ ബസ്സ് സ്റ്റാൻഡിൽ നിന്നും രാവിലെ ആറുമണിക്ക് ദിരംഗിലേക്കും ബൊംഡിലയിലേക്കുമൊക്കെ ബസ്സ് കിട്ടും. മഞ്ഞുവീഴ്ച തുടങ്ങിയ സേലാ പാസ്സും കണ്ട് തിരിച്ചിറങ്ങുമ്പോഴേക്കും തവാങ് എന്ന എന്റെ മുടിഞ്ഞ ആഗ്രഹം പൂർത്തിയായിരുന്നു. രാത്രി റൂമിൽ കിടക്കുമ്പോൾ എന്റെ മനസ്സിലും അങ്ങ് ബുംലയിലും മഞ്ഞുപെയ്യുന്നുണ്ടായിരുന്നു.

ദിരംഗ് താഴ്‌വര

അങ്ങനെ സേലാ പാസും കഴിഞ്ഞ് ഞാൻ ഉച്ചയോടെ ദിരംഗ് എന്ന സ്ഥലത്ത് എത്തിച്ചേർന്നു. റൂമിനായുള്ള അന്വേഷണം ഒടുവിൽ ശ്രീബുദ്ധ ലോഡ്ജിലെ മൂന്നാം നമ്പർ മുറിയിലവസാനിച്ചു. ക്ഷീണം കാരണം ഉച്ചക്ക് തന്നെ ഞാൻ ഉറങ്ങിപ്പോയി. വൈകീട്ട് മൂന്നരയോടെ എണീറ്റ് നോക്കുമ്പോൾ തെളിഞ്ഞു നിന്ന മാനം മാറി മഴ തുടങ്ങിയിരുന്നു. ദിരംഗ് മൊണസ്റ്ററിയും ദിരംഗിലെ ഹോട്ട് സ്പ്രിങ്ങും കാണണമെന്ന് കരുതിയെങ്കിലും കാലാവസ്ഥ ചതിച്ച കാരണം കുറച്ചു ദൂരെയായി ഒഴുകുന്ന ദിരംഗ് നദിക്കരയിലെത്തി ദിരംഗ് താഴ്‌വര കണ്ട ശേഷം അവസാനിപ്പിക്കേണ്ടി വന്നു. അങ്ങനെ എന്റെ തവാങ് ഡയറീസ് ദിരംഗിൽ അവസാനിച്ചു.

ആസ്സാം ഡയറീസ്

കോലിയാ ബോമോര സേതു അഥവാ തേസ്‌പൂർ ബ്രിഡ്ജ്

ദിരംഗിൽ നിന്നും എനിക്ക് പോവേണ്ടത് ആസ്സാമിലെ തേസ്പൂർ എന്ന സ്ഥലത്തേക്കായിരുന്നു. ദിരംഗിൽ നിന്നും തേസ്പൂരിലേക്ക് ബസ്സ് ഇല്ല, ടാറ്റാ സുമോ തന്നെ ശരണം. അതിന് തലേദിവസം നമ്മൾ ബുക്ക് ചെയ്യണം. രാവിലെ ആറുമണിയോടെ ഞാൻ ശ്രീ ബുദ്ധ ലോഡ്ജിൽ നിന്നുമിറങ്ങി തേസ്പൂരിലേക്ക് തിരിച്ചു. ഞാൻ ഇത്രയും ദിവസം കണ്ടതിനേക്കാൾ ദയനീയമായിരുന്നു തേസ്പൂരിലേക്കുള്ള റോഡ്. കല്ലും മണ്ണും മാത്രമുള്ള ഉരുൾപൊട്ടി നാശകോശമായി കിടക്കുന്ന റോഡായിരുന്നു അത്. ഒരുപാട് സ്ഥലത്ത് റോഡുപണി നടക്കുന്നുണ്ടായിരുന്നു, എങ്കിലും അവിടത്തെ മലയുടെ പ്രശ്നം കൊണ്ട് ഇടക്കിടക്ക് റോഡുകൾ പൊട്ടിപ്പൊളിഞ്ഞുകൊണ്ടിരിക്കും. അവിടെ റോഡ് നന്നാക്കുന്നത് കുട്ടികളുള്ള വീട്ടിൽ ഷെൽഫുകൾ അടുക്കിവക്കുന്ന പോലെയാണ്. ഒരു ഷെൽഫ് അടുക്കിവച്ച് അടുത്തത് അടുക്കുമ്പോഴേക്കും കുട്ടികൾ ആദ്യത്തെ ഷെൽഫിലെ സാധനങ്ങൾ വലിച്ചുവാരിയിട്ടിട്ടുണ്ടാവും. അതുപോലെ തന്നെയാണ് അരുണാചലിലെ റോഡുകളും. എന്റെ നടുവൊടിച്ച ആ യാത്ര അരുണാചലിലെ ബാലുക്പോങ് എന്ന സ്ഥലത്തിലൂടെ കടന്ന് ആസ്സാമിലെ തേസ്പൂർ എന്ന സ്ഥലത്തവസാനിച്ചു.

അവിടെയുള്ളവർ സംസാരിക്കുന്നത് ആസ്സാമീസ് എന്ന ഭാഷയാണ്. എന്റെ ഹിന്ദിയിലുള്ള ചോദ്യങ്ങൾക്ക് അവർ ഹിന്ദിയിൽ തന്നെയാണ് മറുപടി പറഞ്ഞതെങ്കിലും കടുത്ത ആസാമീസ് ചുവയുള്ള അവരുടെ ഹിന്ദി മനസ്സിലാക്കാൻ ഞാൻ നന്നേ ബുദ്ധിമുട്ടി. ആസ്സാമിൽ എനിക്ക് കാണണമെന്നു തോന്നിയ രണ്ടു കാര്യങ്ങളാണുള്ളത്, ഇന്ത്യയിലെ ഏറ്റവും വീതി കൂടിയ നദിയായ ബ്രഹ്മപുത്ര നദിയും കാണ്ടാമൃഗങ്ങളുള്ള കാസിരിംഗ നാഷണൽ പാർക്കും. കോലിയാ ബോമോര സേതു എന്ന ആ മൂന്നു കിലോമീറ്റർ നീളമുള്ള ആ പാലത്തിലൂടെ സഞ്ചരിച്ചപ്പോഴാണ് ബ്രഹ്മപുത്രയുടെ വീതി മനസ്സിലായത്. മൂന്നു കിലോമീറ്റർ എന്നത് ബ്രഹ്മപുത്രയുടെ വീതി കുറവുള്ളൊരു ഭാഗമാണ് എന്നോർക്കണം. അങ്ങനെ ഞാനാ പാലവും കണ്ട് കാസിരിംഗ നാഷണൽ പാർക്കിലേക്ക് വച്ചുപിടിച്ചു

കാസിരിംഗയിലെ കാണ്ടാമൃഗങ്ങൾ

കാസിരിംഗ നാഷണൽ പാർക്കിലാണ് ഇന്ത്യയിൽ കാണ്ടാമൃഗങ്ങളെ കാണാൻ കഴിയുക കാസിരിംഗയെ നാല് റീജിയണുകളായി തിരിച്ചിട്ടുണ്ട്. അതിൽ കണ്ടാമൃഗങ്ങളെ കൂടുതലായി കാണാൻ സാധ്യതയുണ്ടെന്ന് കേട്ട കൊഹോറ റീജിയണിലെ സ്റ്റോപ്പിൽ ഞാൻ ഇറങ്ങി. അവിടെ സ്റ്റോപ്പിൽ കണ്ട റൈനോ കഫേയിൽ കയറി ഞാൻ റൂമെടുത്തു. പക്ഷേ മുഴുവൻ മുറികളും വേണമെന്ന് പറഞ്ഞ് ഒരു കൂട്ടം ആൾക്കാർ വന്നപ്പോൾ അയാൾ വേറെ മുറി ശരിയാക്കിത്തരാമെന്ന് പറഞ്ഞു. ഒടുവിൽ വേറെ മുറിയൊന്നും കിട്ടാതെ ഞാനും അവിടെ ഫുഡ് ഉണ്ടാക്കുന്ന തപുൻ എന്ന പയ്യനും കൂടി ഹോട്ടലിലെ ഹാളിൽ കിടന്നു, അതിന്റെ മുതലാളിയായ അയാൾ ടേബിളിലും.

കാസിരിംഗയിൽ സഫാരിക്ക് ഉപയോഗിക്കുന്ന മാരുതി ജിപ്‌സി

രാവിലെ ആറുമണിക്ക് എഴുന്നേറ്റ ശേഷം ഞാൻ അവിടെയുള്ള ജീപ്പ് സഫാരി നടത്തുന്ന സ്ഥലത്തേക്ക് പോയി. കൊഹോറ ജംഗ്ഷനിൽ നിന്നും ഏതാണ്ട് അര കിലോമീറ്ററോളം ഉള്ളിലേക്കാണ് ജീപ്പ് സഫാരി ബുക്ക് ചെയ്യുന്ന സ്ഥലം. രണ്ടായിരം രൂപയാണ് ജീപ്പ് വാടക. ഒരു ജീപ്പിൽ ആറുപേർ വരെ പോവും. തുറന്നിട്ട മാരുതി ജിസ്‍പി വണ്ടിയിലാണ് സഫാരി നടത്തുന്നത്.

അവിടെ വച്ചാണ് കാനഡയിൽ നിന്നും സ്‌കേറ്റ്ബോർഡ് ചാമ്പ്യൻഷിപ്പിനു വന്ന നിക്കിനെ പരിചയപ്പെടുന്നത്. ഇവിടെ ആനപ്പുറത്തു സഫാരിയുണ്ടെന്നു കേട്ടു വന്നതാണ്. വേർ ഈസ് എലിഫന്റ് സഫാരി? വേർ ഈസ് എലിഫന്റ് സഫാരി എന്നുംപറഞ്ഞു കുറേ ഓടി നടന്നെങ്കിലും ആൾക്കാർ കുറവായതുകൊണ്ട് എലഫന്റ് സഫാരി തരപ്പെട്ടില്ല, അങ്ങനെ എന്റെ കൂടെ ജീപ്പ് സഫാരി പോവാമെന്നു കരുതി കാത്തുനിന്നു. ആനപ്പുറത്ത് കയറാൻ പറ്റാത്ത വിഷമം കാരണം ഇടക്കിടക്ക് എന്നോട് പറയും “അങ്ങനെ ഞാൻ കൊടുക്കുന്ന കാശു കൊണ്ട് ആ പാവം ആനകളെ ഉപദ്രവിച്ച് പണിയെടുപ്പിക്കണ്ട. അതുങ്ങള് സമാധാനത്തോടെ ഫുഡ് അടിച്ച് നടന്നോട്ടെ, അല്ലെങ്കിലും ജീപ്പ് തന്നെയാണ് സേഫ്” എന്ന്. ഒറ്റക്കോ രണ്ടുപേരോ ഒക്കെയായി പോവുമ്പോൾ ആറുമണിയോടെ അവിടെയെത്തുന്നതാണ് നല്ലത്. വൈകിയാൽ ജീപ്പ് ഷെയർ ചെയ്യാൻ ആൾക്കാരെ കിട്ടില്ല. നാട്ടിലെ ഉത്സവത്തിന് എടുത്ത പടങ്ങൾ നിക്കിന് കാണിച്ചപ്പോൾ അതിലെ നെറ്റിപ്പട്ടം കെട്ടിയ ആനകളെക്കണ്ട് അത്ഭുതത്തോടെ പറയുന്നുണ്ടായിരുന്നു ‘വാട്ട് എ കോസ്റ്റ്യൂം’ എന്ന്. ജീപ്പ് സഫാരിക്ക് ഞാൻ പോയത് സെൻട്രൽ റേഞ്ച് അഥവാ കൊഹോറ റേഞ്ചായിരുന്നു. അവിടെയാണ് കാണ്ടാമൃഗങ്ങൾ കൂടുതലുള്ളത് എന്ന് ഞാനെവിടെയോ വായിച്ചിരുന്നു.

കാണ്ടാമൃഗവും അതിന്റെ കുഞ്ഞും

പോവുന്ന വഴിക്ക് ഫോറസ്റ്റ് ചെക്ക്പോസ്റ്റിനടുത്ത് വച്ചുതന്നെ എന്റെ ആഗ്രഹം നടന്നു. കുറച്ചടുത്തായി അതാ നിക്കുന്നു ഒരു മുഴുത്ത കാണ്ടാമൃഗം. ഇവിടെ കാടുപോലെ ഇടതൂർന്നു നിക്കുന്ന ഭാഗങ്ങൾ കുറവാണ്. സമതല പ്രദേശവും കുറേ പുൽക്കാടുകളും മാത്രമാണ് മിക്കയിടത്തും കാണാനാവുക. അതിനിടക്ക് ഞങ്ങൾ കുറച്ചുദൂരെയുള്ള കുളത്തിൽ കുളിച്ച് വെയില് കൊള്ളാൻ നിക്കുന്ന മറ്റൊരു കാണ്ടാമൃഗത്തെയും കണ്ടു. ഹൌ..എന്താ സൈസ്.. പിന്നീട് അവിടെയുള്ള ചളി നിറഞ്ഞ ചെറിയ നദിയുടെ തീരത്ത് ചളിയിൽ കിടക്കുന്ന ഒരുപാടെണ്ണത്തെക്കണ്ടു. കൂട്ടത്തിൽ ആനകളേയും വേഴാമ്പലിനെയുമെല്ലാം കണ്ടു. ഒടുവിൽ രാവിലെ എട്ടരയോടെ ആ രണ്ടുമണിക്കൂർ സഫാരി കഴിഞ്ഞ് ഞങ്ങൾ തിരിച്ചെത്തി.

ദി വണ്ടർ ജേർണി

അടുത്തതായി എനിക്ക് പോവേണ്ടിയിരുന്നത് സിക്കിമായിരുന്നു. റൂമിൽ പാക്കിങ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് തപുൻ എന്ന അവിടത്തെ സഹായിയായ പയ്യൻ അവിടെയെത്തിയത്. ഇനിയെവിടേക്കാണ്‌ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ഗാങ്ടോക്ക്. കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അവന് അറിയില്ല. ഡാർജീലിങ്, സിക്കിം ഒന്നും അവന് അറിഞ്ഞൂടാ. നേപ്പാൾ എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ വേറെയൊന്നും അറിയില്ല എന്നുകൂടി അവൻ പറഞ്ഞപ്പോൾ അവിടത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് എനിക്ക് ഏതാണ്ടൊരു ധാരണ കിട്ടി. ഒമ്പതാം ക്ലാസ്സിൽ പഠിത്തം നിർത്തിയെന്ന് കേട്ടപ്പോൾ പിന്നീടൊന്നും ചോദിക്കാൻ നിന്നില്ല. വരുന്ന വഴിക്കു കണ്ട എണ്ണമറ്റ മുറുക്കാൻ കടകളും മുറുക്കിത്തുപ്പി വൃത്തികേടായ ബസ്സ് സ്റ്റാന്റുകളും നടപ്പാതകളുമെല്ലാം അവിടെയുള്ളവരുടെ മുറുക്കുന്ന ശീലം വിളിച്ചോതി. ഡ്രൈവറും കണ്ടക്ടറും കടക്കാരനുമെല്ലാം സദാ സമയവും പശു അയവിറക്കുന്നതുപോലെ ചവച്ചുകൊണ്ടിരുന്നു. സിക്കിമിലേക്ക് പോവാൻ ആദ്യം ഞാൻ ഗുവാഹത്തി എത്തണം. അവിടന്ന് ട്രെയിൻ പിടിച്ച് ന്യൂ ജൽപൈഗുരി എന്ന സ്റ്റേഷനെത്തണം. അവിടന്ന് ഷെയർ ടാക്സിയോ ബസ്സോ പിടിച്ച് വേണം ഗാങ്ടോക്ക് എത്താൻ. കാസിരിംഗയിൽ നിന്നും ഏതാണ്ട് പത്തുപതിനെട്ടു മണിക്കൂറിലധികം യാത്രയുണ്ട് അവിടെയെത്താൻ.

പതിനൊന്നോടെ ഞാൻ കൊഹോറയിലെ റൈനോ കഫേയിൽ നിന്നിറങ്ങിയ ഞാൻ വൈകീട്ട് അഞ്ചുമണിയോടെ ഗുവാഹത്തി എത്തിച്ചേർന്നു. നിങ്ങൾക്ക് എ.സി ആസ്വദിക്കണമെങ്കിൽ മാത്രമേ ഗുവാഹത്തിയിലെ എ.സി ടൌൺ ബസ്സിൽ കയറാവൂ. അഞ്ചാറ് കിലോമീറ്റർ ദൂരമുള്ള റെയിൽവേ സ്റ്റേഷൻ എത്താൻ നാൽപ്പതു മിനിറ്റോളമാണ് ആമ പോലെ ഇഴഞ്ഞ ആ ബസ്സെടുത്തത്.

ടിക്കറ്റെടുത്ത് ഞാൻ ഗുവാഹത്തി സ്റ്റേഷനിലെ പ്ലാറ്റഫോമിലിരുന്നു. നോർത്ത് ഈസ്റ്റിലെ ട്രെയിനുകളിൽ റിസർവ് ചെയ്യാതെ യാത്ര ചെയ്യാൻ നിക്കരുത് എന്ന ചെറിയ വിവരം ഞാനിത്തിരി ഉച്ചത്തിൽ പറഞ്ഞുകൊള്ളട്ടെ. നല്ല എട്ടിന്റെ പണി കിട്ടിയെന്ന് ട്രെയിൻ വന്നപ്പോഴെനിക്ക് മനസ്സിലായി കാരണം കയറാൻ പോയിട്ട് ശ്വാസം എടുക്കാനുള്ള സ്ഥലമില്ല. ഒടുവിൽ എസ്, എൻ, എം, വൈ തുടങ്ങിയ ഇംഗ്ലീഷ് അക്ഷരങ്ങളുടെ ആകൃതിയിൽ ഇരുന്നും ഉറങ്ങിയും ഏതാണ്ട് എട്ടൊമ്പത് മണിക്കൂർ യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ ഞാൻ ന്യൂ ജൽപൈഗുരി സ്റ്റേഷൻ എത്തിച്ചേർന്നു. ആ മുടിഞ്ഞ യാത്രയോടുകൂടി ആസ്സാമിനോട് ഞാൻ സലാം പറഞ്ഞു, ഇനി സിക്കിം ദിനങ്ങൾ.

സിക്കിം ഡയറീസ്

ഗാങ്ടോക്ക്

ഗാങ്‌ടോക്കിലേക്ക് ട്രെയിനിൽ വരുമ്പോൾ ഇറങ്ങേണ്ടത് ന്യൂ ജൽപൈഗുരി എന്ന സ്റ്റേഷനാണ്. ന്യൂ ജൽപൈഗുരിയിൽ നിന്നും ഒരു ഷെയർ ടാക്സി വിളിച്ച് ഞാൻ ഗാങ്ടോക്കിലെക്ക് യാത്രയായി. പോവുന്ന വഴിയിൽ പച്ചനിറത്തിൽ സമാധാനത്തോടെ ഒഴുകുന്ന തീസ്‌ത നദി കണ്ടു. മുടിഞ്ഞ സൗന്ദര്യമുള്ള കന്യകയായ ആ തീസ്താ നദിയിൽ റിവർ റാഫ്റ്റിങ് നടത്തുന്നുണ്ട്, പക്ഷേ കൂടെയാരും ഇല്ലാത്തതുകൊണ്ട് ഞാൻ അതിനു പോയില്ല..

റോപ്പ്‌വേയിൽ നിന്നുള്ള ഗാങ്ടോക്ക് ടൗണിന്റെ ദൃശ്യം

സിലിഗുരിയിൽ നിന്നും വരുന്ന ബസ്സുകൾ മാത്രമേ ഗാങ്ടോക്ക് ടൗണിൽ പോവുകയുള്ളൂ. ടാക്സികൾ ടൗണിനു രണ്ടു കിലോമീറ്റർ മുമ്പേയുള്ള ദെയൊരാലി ടാക്സി സ്റ്റാൻഡ് വരെയേ എത്തുകയുള്ളൂ. ഗാങ്ടോക്കിൽ ഓട്ടോറിക്ഷകളില്ല, ടാക്സികൾ മാത്രം. പക്ഷേ നമ്മുടെ നാട്ടിലെ ഓട്ടോയുടെ പൈസയേ ഷെയർ ടാക്സികൾക്ക് ആവുകയുള്ളൂ. ഏതാണ്ട് എല്ലായിടത്തേക്കും ഷെയർ ടാക്സി കിട്ടും. ചില തിരക്കുള്ള സ്ഥലങ്ങളിലേക്ക് ഷെയർ ടാക്സി കിട്ടില്ല, പക്ഷേ അതിനടുത്തുള്ള മെയിൻ റോഡ് വരെ കിട്ടും, ശേഷം നടക്കാവുന്നതാണ്. ഉദാഹരണം എനിക്ക് പോവേണ്ടത് എം.ജി.മാർഗ് എന്ന ഷോപ്പിംഗ് ഏരിയയിലേക്കാണ് പക്ഷേ അങ്ങോട്ടേക്ക് ഷെയർ ടാക്സി കിട്ടില്ല. അതുകൊണ്ടു ഹോസ്പിറ്റൽ സ്റ്റോപ്പിലിറങ്ങി ഇരുന്നൂറു മീറ്റർ നടന്ന് ഞാൻ എം.ജി.മാർഗിലെത്തി. നേരിട്ട് ടാക്സി വിളിച്ചാൽ നൂറ്റിയമ്പത് രൂപ പറയും അത്രേം ദൂരത്തിന്.

എം.ജി.മാർഗ്

ഗാങ്ടോക്കിലെ പ്രസിദ്ധമായ ഷോപ്പിംഗ് സ്ട്രീറ്റാണ് എം.ജി.മാർഗ്. രണ്ടു വശവും തട്ടുകട പോലെ വൃത്തിയുള്ള ഭക്ഷണം കിട്ടുന്ന ചെറിയ കടകളും. തുണിക്കടകളും, ഫാൻസി കടകളൂം, ഐസ് ക്രീം കടകളുമൊക്കെയായി ഏതാണ്ട് എല്ലാത്തരം സാധനങ്ങളും കിട്ടുന്നൊരു തെരുവാണത്. സൗത്ത് ഇന്ത്യൻ ഭക്ഷണം കിട്ടാൻ എം.ജി മാർഗിലുള്ള അഗർവാൾ സ്വീറ്റ്‌സിലോ അല്ലെങ്കിൽ എം.ജി.മാർഗിന്റെ അറ്റത്തുള്ള ദോശ കടയിലോ പോയാൽ മതി. രാവിലെ ഏഴുമണിക്ക് മുന്നേ കോർപ്പറേഷൻ തൊഴിലാളികൾ വന്ന് ആ തെരുവിലെ ചപ്പുചവറുകളെല്ലാം വൃത്തിയാക്കി പോവുന്നതുകൊണ്ട് അങ്ങേയറ്റം വൃത്തിയുള്ള തെരുവായിരുന്നു എം.ജി.മാർഗ്. ഇരിക്കാൻ ഇരിപ്പിടങ്ങളും ലൈറ്റുകളും പൂച്ചെടികളുമൊക്കെയായി അതൊരു വിദേശ രാജ്യത്തിലെ തെരുവുപോലെ തോന്നിപ്പോവും. രാത്രി ഒരുപാട് ടൂറിസ്റ്റുകൾ വന്നു ആ തെരുവ് ഒരു കല്യാണവീടിന്റെ തലേദിവസം പോലെ തിരക്കിലായിപ്പോവും.

ഞാൻ താമസിക്കുന്നത് എം.ജി.മാർഗിലെ ഗോ ഹിൽസ് എന്നെ ഹോസ്റ്റലിലായിരുന്നു. എം.ജി.മാർഗിന്റെ അടുത്തായതുകൊണ്ട് എന്റെ സിക്കിമിലെ സയാഹ്നങ്ങൾ എം.ജി.മാർഗിൽ തന്നെയായിരുന്നു. സംസാരിക്കാൻ പ്രത്യേകിച്ച് ആരുമില്ലാത്തതുകൊണ്ട് ആ തെരുവോരത്തുകൂടി ചൂട് ചായയും കുടിച്ച് നടക്കുകയും ഇടക്ക് കോടമഞ്ഞു വീശുന്ന ആ തെരുവിലെ ബെഞ്ചിൽ ഇരിക്കുകയും ചെയ്യുമായിരുന്നു.

നോർത്ത് സിക്കിം

സിക്കിം ടൂറെന്നു പറയുമ്പോൾ പ്രധാനമായും പോവുന്നത് നോർത്ത് സിക്കിമിലെ ഗുരുദോങ്മർ ലേക്ക്, കാലാപത്തർ, യുംതാങ് വാലി, സീറോ പോയിന്റ്, നാഥുലാപാസ്സ്‌, ചങ്കു ലേക്ക് അഥവാ സോംഗോ ലേക്ക് എന്നിവയാണ്. സിക്കിമിൽ പാക്കേജ് എടുത്തുപോവാനേ സാധിക്കു. കാരണം നോർത്ത് സിക്കിമിലെ മേൽപ്പറഞ്ഞ സ്ഥലത്തേക്ക് വണ്ടി കിട്ടില്ല എന്നതുതന്നെ. ഗുരുദോങ്മർ ലേക്ക്, യുംതാങ് വാലി എന്നിവയുൾപ്പെട്ട നാലായിരം രൂപക്കുള്ള മൂന്നു ദിവസത്തെ പാക്കേജാണ്‌ ഞാനെടുത്തത്. മഞ്ഞുമൂടിക്കിടക്കുന്ന കലാപത്തർ, സീറോ പോയിന്റ് എന്നിവ പോവാൻ ഡ്രൈവർക്ക് മൂവായിരം രൂപ വീതം എക്സ്ട്രാ കൊടുക്കണം. പത്തുപേരാണ് പോവുന്നതെങ്കിൽ ഒരാൾ മുന്നൂറു രൂപ വച്ച് ഷെയറിട്ടാൽ മതി. സിക്കിമിൽ ചൈനയുമായി അതിർത്തി പങ്കിടുന്ന നാഥുലാ പാസ്സ് കാണാൻ എണ്ണൂറു രൂപ വീണ്ടും കൊടുക്കണം. ഒരു ദിവസം എഴുപത്തിയഞ്ച് വണ്ടികളെയേ നാഥുല പാസ്സിലേക്ക് കടത്തിവിടുകയുള്ളൂ. അതുകൊണ്ടു തന്നെ പോവാൻ പറ്റുമോ ഇല്ലയോ എന്നത് ഭാഗ്യം പോലെയിരിക്കും.

ഗാങ്ടോക്കിൽ നിന്നും ലാച്ചനിലേക്ക് പോവുന്ന വഴിയിൽ നിന്നും

ഗാങ്ടോക്ക് നിന്നും രാവിലെ പതിനൊന്നരയോടെ പത്തുപേരുമായി ഞങ്ങളുടെ വണ്ടി നോർത്ത് സിക്കിമിലെ ലാച്ചൻ എന്ന സ്ഥലത്തേക്ക് തിരിച്ചു. കൂടെയുള്ളവരെ ടൂർ ഓപ്പറേറ്റർ സംഘടിപ്പിച്ചു തന്നതായിരുന്നു. അത്ഭുതമെന്നു പറയട്ടെ മലയാളികളും തമിഴ്‌നാട്ടുകാരും അതിലുണ്ടായിരുന്നു. ലാച്ചനിലേക്ക് പോവുന്ന വഴിക്ക് തലേന്ന് പെയ്ത മഴയുടെ ബാക്കിയെന്നോണം ചെറുതും വലുതുമായ ഒരുപാട് വെള്ളച്ചാട്ടങ്ങൾ റോഡിനിരുവശവും കാണാമായിരുന്നു. ആദ്യമൊക്കെ ‘ദേ.. വെള്ളച്ചാട്ടം’ എന്ന് പറഞ്ഞ ഞങ്ങൾ പിന്നീട് ‘ഓഹ്, ഇവിടെയും വെള്ളച്ചാട്ടമുണ്ടല്ലോ’ എന്ന് പറയുന്നതുവരെയായി കാര്യങ്ങൾ. ഇടക്ക് കണ്ട ബട്ടർഫ്‌ളൈ ഫാൾസിൽ നിർത്തി ഒരു ചായയും കുടിച്ച് ഏതാണ്ട് എട്ടുമണിയോടെ ലാച്ചനിലെ താമസ സ്ഥലത്ത് ഞങ്ങൾ എത്തിച്ചേർന്നു.

സിക്കിമിലെ രജനികാന്ത്

ഇത് മറ്റാരുമല്ല ഞങ്ങളുടെ ഡ്രൈവറായ വിനോദ് ഭായിയാണ്. വെറുതേ രജനികാന്ത് എന്ന് വിളിച്ചതല്ല കേട്ടോ. ഇരുപത്തിയാറ് വർഷങ്ങളായി ആ വഴിയിലൂടെ വണ്ടിയോടിക്കുന്ന അവിടെയുള്ള ഓരോ തിരിവുകളും വളവുകളും കല്ലുകളും കുഴികളും കൈവെള്ളയിലെ വരകൾ പോലെ മനഃപ്പാഠമായ ഒരു ഒന്നൊന്നര ഡ്രൈവറാണ് ഈ രജനിയണ്ണൻ. ഏതാണ്ട് ഇരുപതു പേർക്കോളം ഡ്രൈവിംഗ് പഠിപ്പിച്ച ഒരാൾ കൂടിയാണ് വിനോദ് ഭായ്. ആ ദിവസങ്ങളിലൊക്കെയും ഞങ്ങളുടെ എതിരേ വരികയോ ഞങ്ങളുടെ പുറകേ വരികയോ ചെയ്ത വണ്ടികളിലെ ഡ്രൈവർമാർ മുഴുവനും മൂപ്പരെ കണ്ടാൽ ഒരു നിമിഷം വണ്ടി നിർത്തി ഒരു ഹായ് പറഞ്ഞിട്ടേ പോവുമായിരുന്നുള്ളൂ. അതിനിടക്ക് ഒരു ചെറിയ വഴിയിൽ ഞങ്ങൾക്കെതിരേ ഒരു സുമോ വന്നു നിന്നു. ഏതെങ്കിലും വണ്ടി പുറകോട്ടു പോയാലേ രണ്ടാൾക്കും പോവാൻ കഴിയൂ. ഞങ്ങളുടെ എതിരേ നിക്കുന്ന വണ്ടിയിലെ ഡ്രൈവർ വണ്ടിയിൽ നിന്നിറങ്ങി നേരേ വിനോദ് ഭായിയുടെ നേരെ വന്ന് ഡ്രൈവർ സീറ്റിന്റെ വാതിലിനടുത്ത് കൈ വച്ചുകൊണ്ട് ഒരൊറ്റ ഡയലോഗ് “നിങ്ങളായതു കൊണ്ടു മാത്രം ഞാൻ വണ്ടി പുറകോട്ട് എടുക്കുന്നു. ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരടി പുറകോട്ടു പോവില്ലായിരുന്നു.” വിനോദ് ഭായ് ചിരിച്ചു. ആ വണ്ടിക്കാരൻ പാട്ടുംപാടിക്കൊണ്ട് വണ്ടി പുറകോട്ടെടുത്തു. കണ്ടില്ലേ മൂപ്പരുടെ ഒരു പവർ.

ഇത് മാത്രമല്ല ഒരു വശത്ത് അഗാധമായ കൊക്ക, മഴച്ചാറ്റൽ, കൊടും വളവുകൾ എന്നിവയൊക്കെ ഉണ്ടായിട്ടും വിനോദ് ഭായ് ഒരു കൂസലുമില്ലാതെ ഹൈവേ പോലെ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. എനിക്ക് കുതിരവട്ടം പപ്പുവിന്റെ ഡയലോഗാണ് ഓർമ്മ വന്നത്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ പോയാൽ ഞങ്ങളും വണ്ടിയും തവിടുപൊടി. പുറകിലിരുന്ന് ഞാൻ മനസ്സിൽ പടച്ചോനേ ഇങ്ങള് കാത്തോളീ ന്ന് ഒരൊറ്റ വിളി. പക്ഷേ രജനിയണ്ണൻ ധൂം മച്ചാലേ എന്ന പാട്ടിന് ചേരുന്നപോലെ ആ വണ്ടിയെ ശറ ശറോന്ന് വിട്ടുകൊണ്ടിരുന്നു. പക്ഷേ  പെർഫെക്റ്റ് കൺട്രോളായിട്ടാണ് മൂപ്പരുടെ ഡ്രൈവിംഗ്. ഇങ്ങേരെ രജനികാന്ത് എന്നല്ലാതെ മറ്റെന്തു വിളിക്കാനാണ്..!

ഗുരുദോങ്മർ ലേക്കും കാലാപത്തറും

ലാച്ചനിൽ നിന്നും ഞങ്ങൾ രാവിലെ അഞ്ചരയോടെ ഗുരുദോങ്മർ ലേക്ക് കാണാനിറങ്ങി. തലേന്ന് പെയ്ത മഴയിൽ കല്ലും മണ്ണും നിറഞ്ഞ ആ റോഡുകൾ നനഞ്ഞു കുതിർന്നെങ്കിലും ഇരുപത്തിയാറു വർഷത്തെ പരിചയമുള്ള വിനോദ് ഭായിക്ക് ഒരു കൂസലുമില്ലായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ പതിയെ വീടുകൾ അപ്രത്യക്ഷമായി ശേഷം മിലിട്ടറി ക്യാമ്പുകൾ കണ്ടുതുടങ്ങി. ഇടക്കൊരു ചെക്പോസ്റ്റുണ്ട്, അവിടെ ചെക്കിംഗ് കഴിഞ്ഞേ നമ്മളെ വിടൂ. പിന്നീട് കണ്ടത് മൊട്ടക്കുന്നുകളും കല്ലുകളും ഉണങ്ങിയ പുല്ലും നിറഞ്ഞ കുന്നുകളായിരുന്നു. ദൂരെ മഞ്ഞുമലകൾ കാണാനുണ്ടായിരുന്നു.

ഗുരുദോങ്മർ തടാകം

ഏതാണ്ട് പതിനൊന്നു മണിയോടെ ഞങ്ങൾ പതിനേഴായിരത്തി അഞ്ഞൂറിലധികം അടി ഉയരത്തിലുള്ള ആ തടാകത്തിലെത്തിച്ചേർന്നു. അരമണിക്കൂറോളം അവിടെ ചെലവഴിച്ച് ഞങ്ങൾ കാലാപത്തർ പോവാനിറങ്ങി. തിരിച്ചു വരുന്ന വഴി മഞ്ഞുവീഴ്ച തുടങ്ങിയിരുന്നു. പോവുമ്പോൾ കണ്ട മൊട്ടക്കുന്നുകളിലും പാറകളിലുമെല്ലാം മഞ്ഞുവീണ് വെള്ള പുതച്ചുതുടങ്ങിയിരുന്നു. അപ്പോഴും ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ആ താഴ്‌വരയിൽ മഞ്ഞുവീഴ്ചയും കൊണ്ട് യാക്കുകൾ മേയുന്നുണ്ടായിരുന്നു.

കാലാപത്തർ

സിക്കിമിൽ വർഷം മുഴുവൻ മഞ്ഞുവിരിച്ചു കിടക്കുന്ന സ്ഥലങ്ങളിൽ ഒരെണ്ണമാണ് കാലാപത്തർ. അവിടെത്തിയ ഞാൻ ഉപ്പുഭരണിയിൽ വീണ ഉറുമ്പിന്റെ അവസ്ഥയിലായി. ചുറ്റും മഞ്ഞ്, കൂടാതെ നടക്കുമ്പോൾ കാൽമുട്ടുവരെ മഞ്ഞിൽ പൂഴ്‌ന്നു പോവുന്നുണ്ടായിരുന്നു,  അകമ്പടിയായി മഞ്ഞുമഴയും തുടങ്ങി. പിന്നത്തെ പൂരം പറയാനുണ്ടോ, മഞ്ഞ് ഉരുട്ടിയെടുത്ത് മുകളിലേക്കെറിഞ്ഞ് ഫുട്ബാൾ പോലെ ഹെഡ് ചെയ്തും കാലുകൊണ്ട് തട്ടിയും ഫുട്ബോൾ കളിച്ചു. ഒടുവിൽ രണ്ടുമണിയോടെ അവിടെ നിന്നിറങ്ങി അടുത്ത താമസസ്ഥലമായ ലാച്ചുങ് എത്തിയപ്പോഴേക്കും നേരം രാത്രി ഒമ്പതുമണി കഴിഞ്ഞിരുന്നു.

യുംതാങ് വാലിയും സീറോ പോയിന്റും

പിറ്റേന്ന് ഞങ്ങൾക്ക് പോവാനുള്ളത് യുംതാങ് വാലിയും സീറോ പോയിന്റുമായിരുന്നു. പക്ഷേ സീറോ പോയിന്റ് കാലാപത്തറിനെ പോലുള്ള മഞ്ഞുമലയായതുകൊണ്ടും പൂക്കളുടെ താഴ്‌വരയായ യുംതാങ് വാലിയിൽ പൂക്കൾ കുറവാണ് എന്ന് കേട്ടതുകൊണ്ടും ഞങ്ങൾ ആതുരണ്ടും ഒഴിവാക്കി തിരിച്ച് ഗാങ്ടോക്ക് പോവാമെന്നു തീരുമാനിച്ചു. പിറ്റേന്ന് ഞാൻ അതിരാവിലെ എണീറ്റപ്പോൾ അടുത്തുള്ള ലാച്ചുങ് നദി കാണാനിറങ്ങി, കൂടെ ലാച്ചുങ് മൊണസ്റ്ററിയും കണ്ട് തിരിച്ചുവന്നു. ഏതാണ്ട് ഒമ്പതരയ്ക്ക് ഞങ്ങൾ ലാച്ചുങിൽ നിന്നുമിറങ്ങിയ ഞങ്ങൾ ഏതാണ്ട് ആറുമണിയോടെ ഗാങ്ടോക്ക് എത്തിച്ചേർന്നു.

നാഥുലാപാസ്സ്

പിറ്റേന്ന് രാവിലെ ഒമ്പതുമണിയോടെ ഞാൻ നാഥുലയിലേക്ക് പുറപ്പെട്ടു. പോവുന്ന വഴി ആർമി വണ്ടികൾ വരുന്നതുകൊണ്ട് കുറച്ച് നേരം ബ്ലോക്കുണ്ടായി. പോവുന്ന വഴിയാണ് ചങ്കു ലേക്ക് എന്ന തടാകം എങ്കിലും സമയം വൈകിയതുകൊണ്ട് ഡ്രൈവർ വണ്ടി നേരെ നാഥുല പാസ്സിലേക്ക് വിട്ടു. അവിടെയെത്താറായപ്പോൾത്തന്നെ റോഡിന്റെ ഇരുവശങ്ങളിലും മഞ്ഞ് കൂമ്പാരം പോലെ കിടക്കുന്നുണ്ടായിരുന്നു. പോവുന്ന വഴിക്കുള്ള കടകളിൽ ജാക്കറ്റും മഞ്ഞിൽ ഇടാൻ പറ്റിയ ഗം ബൂട്സും അമ്പതുരൂപക്ക് വാടകയ്‌ക്ക് കിട്ടും. സാധാരണ ഷൂസിട്ടാൽ കുറച്ചു തണുപ്പ് സഹിക്കേണ്ടി വരും, അനുഭവസ്ഥന്റെ വാക്കാണ്.

നാഥുല പാസ്സിലെ ഇന്ത്യൻ ആർമി ബോർഡിനരികിൽ

നാഥുലാപാസ്സ്‌ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയായതുകൊണ്ട് കുറേ സ്ഥലങ്ങളിൽ ഫോട്ടോ എടുക്കാൻ സമ്മതിക്കില്ല. വണ്ടി നിർത്തുന്ന സ്ഥലത്തുനിന്നും ബോർഡറിലേക്ക് ഏതാണ്ട് മുന്നൂറുമീറ്റർ ദൂരം കാണും. അതിൽ ഇരുന്നൂറു മീറ്ററോളം മഞ്ഞുനിറഞ്ഞ ചരിവാണ്, സൂക്ഷിച്ചില്ലെങ്കിൽ മഞ്ഞിൽ വഴുതിവീഴും, സംഭവം വേദനയൊന്നും തോന്നില്ല എന്നുള്ളതുകൊണ്ട് രസമായിരുന്നു. മുകളിലേക്ക് കയറാൻ സ്റ്റെപ്പ് ഉണ്ടായിരുന്നെങ്കിലും മഞ്ഞുവന്നുമൂടി അത് കാണാനില്ലായിരുന്നു. നാഥുലാപാസ്സ്‌ ബോർഡറിൽ പ്രതീകാത്മക അതിർത്തിയായി ഒരു കയർ വലിച്ചുകെട്ടിയിരുന്നു. അതിനപ്പുറത്ത് ചൈനയുടെ ഒരു കെട്ടിടവും ഒരു കൊടിയും ചെക്കിങ്ങിനു വന്ന മൂന്നു ചൈനീസ് പട്ടാളക്കാരെയും കണ്ടു. തിരിച്ചിറങ്ങുന്ന വഴി പാർക്കിലെ സ്ലൈഡറിൽ ഉരുത്തിയിറങ്ങുന്ന പോലെ മഞ്ഞിൽ സ്ലൈഡ് ചെയ്താണ് ഇറങ്ങിയത്. ഹോ.. വല്ലാത്ത ജാതി ഫീലാണത്. ഉച്ച കഴിഞ്ഞതുകാരണം മഞ്ഞുവീഴ്‌ച്ചയും കോടമഞ്ഞും കാരണം തണുത്ത് മരവിച്ച് ഞാൻ വണ്ടിയിൽക്കയറിയിരുന്നു.

ബാബാ മന്ദിറും ചങ്കു ലേക്കും

നാഥുലാപാസ്സിൽ നിന്നും ഇറങ്ങിയ ഞങ്ങൾ പോയത് ബാബാ മന്ദിറിലേക്കാണ്. അമ്പലം തന്നെ പക്ഷേ പ്രതിഷ്ഠയായി ബാബാ ഹർഭജൻ സിങ് എന്ന രാജ്യസ്നേഹിയായ പട്ടാളക്കാരന്റേതായിരുന്നു. പ്രസാദമായി അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൽക്കണ്ടും കിട്ടും, തരുന്നത് പട്ടാളക്കാർ തന്നെ. ആ രാജ്യസ്നേഹിയുടെ അമ്പലത്തിൽ പട്ടാളക്കാർ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അവിടെയുള്ള കഫേ തേർട്ടീൻ തൗസൻഡിൽ നിന്നും ചൂടുള്ള മോമോസ് കഴിച്ച ശേഷമാണ് ഞങ്ങൾ ഇറങ്ങിയത്.

ചങ്കു ലേക്കിനരികിൽ നിൽക്കുന്ന യാക്ക്

തിരിച്ച് വരുന്ന വഴിയിലുള്ള ചങ്കു ലേക്ക് അഥവാ സോംഗോ ലേക്കിൽ മഞ്ഞുമൂടിയ കാരണം തടാകം വ്യക്തമായി കാണുന്നില്ലായിരുന്നു. അതിന്റെ സൈഡിൽ നീളമുള്ള മുടിയുള്ള പോത്തിന്റെ രൂപമുള്ള യാക്ക് നിക്കുന്നുണ്ടായിരുന്നു. യാക്ക് റൈഡ് കുറച്ച് കാശ് പൊട്ടുന്ന പരിപാടി ആയതുകൊണ്ടും സമയം കുറവായതുകൊണ്ടും വേണ്ടെന്നു വച്ചു. തിരിച്ച് വണ്ടിയിൽ കയറിയ ഞാൻ ഏഴുമണിയോടെ എം.ജി.മാർഗിൽ എത്തിച്ചേർന്നു. റൂമിലെത്തിയ ഞാൻ കുളിച്ച ശേഷം എം.ജി.മാർഗിലേക്കിറങ്ങി കുറച്ചു സമയം ചെലവഴിച്ച ശേഷം തിരിച്ച് റൂമെത്തി. എം.ജി.മാർഗിൽ നിന്നും ഏതാണ്ട് അര കിലോമീറ്റർ നടന്നാൽ റോപ്പ്‌വേ തുടങ്ങുന്ന സ്ഥലത്തെത്താം. പിറ്റേന്ന് നൂറ്റിരുപതു രൂപക്ക് അതിൽക്കയറി ഗാങ്ടോക്ക് ടൗണിന്റെ മുകളിൽ നിന്നുള്ള വ്യൂ കണ്ടശേഷം തിരിച്ച് റൂമിലെത്തി.

ഒടുക്കം

ഉച്ചയോടെ ഗാങ്ടോക്കിലെ എസ്.എൻ.ടി ബസ് സ്റ്റാൻഡിൽ നിന്നും ഞാനെന്റെ മടക്കയാത്ര തുടങ്ങി. നൂറ്റിയമ്പത് രൂപക്ക് ഗാങ്ടോക്കിൽ നിന്നും സിലിഗുരിയെത്താം. ടിക്കറ്റ് കൗണ്ടറിൽ ബുക്ക് ചെയ്‌താൽ സീറ്റ് കിട്ടും. വൈകീട്ടോടെ സിലിഗുരിയെത്തിയ ഞാൻ ഒരു ഷെയർ ഓട്ടോ വിളിച്ച് ന്യൂ ജൽപൈഗുരി സ്റ്റേഷനെത്തി. ഒമ്പതുമണിയോടെ കൊൽക്കത്തയിലേക്ക് പോവുന്ന ട്രെയിനെത്തി. അവിടെ നിന്നും രാത്രി ഒമ്പതരയ്ക്ക് യാത്ര തുടങ്ങിയ ഞാൻ രാവിലെ കൊൽക്കത്തയിലെ സിയാൽദ സ്റ്റേഷനിൽ ചെന്നിറങ്ങി. ആ സ്റ്റേഷന്റെ പുറത്തുള്ള ചെറിയ കടയിൽക്കയറി ഒരു ചായയും പാവ് ബട്ടറും കഴിച്ച ശേഷം ഞാൻ നേതാജി സുഭാഷ് ചന്ദ്രബോസ് എയർപോർട്ടിലെത്തി. കൊൽക്കത്തയിൽ പകുതിയിലധികം ടാക്‌സികളും മഞ്ഞനിറമുള്ള അംബാസഡർ കാറുകളാണ്, അതുകണ്ട മാത്രയിൽ തൊണ്ണൂറുകളിൽ ബോംബെ കേന്ദ്രമാക്കി ചിത്രീകരിച്ച മലയാള അധോലോക സിനിമകളാണ് എനിക്ക് ഓർമ്മ വന്നത്. മെയ് അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നരക്കെടുത്ത വിമാനം രാത്രി എട്ടര മണിയോടെ കോയമ്പത്തൂർ എത്തിച്ചേർന്നപ്പോഴേക്കും എന്റെ ജീവിതത്തിലെ മനോഹരമായ പതിനഞ്ചു ദിവസങ്ങൾ കടന്നുപോയിരുന്നു.

നല്ലതും അല്ലാത്തതുമായ ഒരുപാട് അനുഭവങ്ങൾ തന്ന യാത്രയായിരുന്നു ഇത്. അതിലൊന്ന് നമുക്കെത്ര ബന്ധങ്ങളുണ്ടെങ്കിലും ചില സമയത്ത് അവരിൽ ഒരാൾക്കുപോലും നമ്മളെ സഹായിക്കാൻ പറ്റാത്ത അവസ്ഥകൾ നമ്മുടെ ജീവിതത്തിലുണ്ടാവും എന്നതാണ്. എല്ലാവർക്കും സംശയം തോന്നുന്ന ഒരു കാര്യമാണ് ബഡ്ജറ്റ്. അത് നമ്മൾ പോവുന്ന രീതിയും താമസിക്കുന്ന സ്ഥലവുമെല്ലാം പോലെ മാറിക്കൊണ്ടിരിക്കും. പക്ഷേ വളരെ ചെറിയ രീതിയിൽ പോയിവരാൻ എത്രയാവുമെന്നു ചോദിച്ചാൽ എനിക്ക് കൃത്യമായി പറയാനറിയില്ല എങ്കിലും പോക്കുവരവ് ട്രെയിനിലാക്കിയാൽ ഏതാണ്ട് പന്ത്രണ്ടായിരം രൂപക്കുള്ളിൽ തവാങ് അല്ലെങ്കിൽ സിക്കിം അടിപൊളിയായി കണ്ടുമടങ്ങാം. ഇത് വായിക്കുമ്പോൾ നിങ്ങൾക്ക് പോവാൻ പറ്റുമോ ഇല്ലയോ എന്ന് സംശയം തോന്നുന്നുണ്ടെങ്കിൽ ഞാൻ ഒന്നേ പറയുന്നുള്ളൂ എനിക്ക് പറ്റുമെങ്കിൽ നിങ്ങൾക്കും പറ്റും. ഇടക്ക് ഇത്രയും വലിയ യാത്ര ചെയ്യാൻ എന്നെക്കൊണ്ട് പറ്റുമോ എന്ന് തോന്നിയപ്പോഴൊക്കെ ഞാൻ എന്നോടുതന്നെ പറഞ്ഞ ആ വാക്കുകൾ ഞാൻ വീണ്ടും പറയുന്നു

‘അയാം നോട്ട് സെയിങ് ഇറ്റ്സ് ഗോയിങ് ടു ബി ഈസി, അയാം ടെല്ലിംഗ് യു ഇറ്റ്സ് ഗോയിങ് ടു ബി വെർത്ത് ഇറ്റ്’

ഞാൻ ഇതെഴുതുമ്പോഴും നിങ്ങളിത് വായിക്കുമ്പോഴുമെല്ലാം തവാങിൽ മഞ്ഞുപെയ്യുന്നുണ്ടാവും.

https://www.facebook.com/sujeeshkks

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.