20 C
Bangalore
March 26, 2019
Untitled

നിന്നോളം ആഴമുള്ള കിണറുകള്‍ – അവലോകനം

ninnilam azhamulla kinarukal

കാറ്റില്‍ കിണര്‍ കുഴിക്കുന്നവന്‍ ;
ആരെങ്കിലും മദ്യശാലയില്‍ വൈകീട്ട്
വയലിന്‍ വായിക്കും, ആരെങ്കിലും
“മതി” എന്നവാക്കിനകത്ത്
തലകുത്തിനില്‍ക്കും,
ആരെങ്കിലും പടിവാതില്‍,
കാശിത്തുമ്പയ്ക്കരികില്‍
കാല്‍പിണച്ച് തൂങ്ങികിടക്കും ..

ഈ വര്‍ഷം അലറിക്കടന്ന് പോകുന്നില്ല.
അത് ഡിസംബറും,നവംബറും
തിരിച്ചുവലിച്ചെറിയുന്നു.
അത്,
അതിന്‍റെ മുറിവുകളുടെ മണ്ണ്
കിളച്ചുമറിക്കുന്നു,
അത് നിന്നിലേക്ക് തുറക്കുന്നു,
പൂത്തന്‍ ശവക്കുഴിയായി
പന്ത്രണ്ട് വായയുള്ള കിണര്‍ ”

-പോള്‍ സെലാല്‍

 

മണ്ണിന്‍റെയും, കൊടുങ്കാറ്റിന്‍റെയും നിറങ്ങളോളം
കുഴഞ്ഞ് മറിഞ്ഞൊരാള്‍….
‘പച്ച .. എത്രമേലഗാധമായ പച്ച’
എന്ന് നിരന്തരം പറയാന്‍ ശ്രമിക്കുന്ന
കവിത-
ഇങ്ങനെയാണ് സജികല്യാണിയേയും,
കവിതകളെയും യഥാക്രമം ഞാന്‍
പരിചയപ്പെടുത്തുക..

ഇതിലുകളിലൂടെ അലസസഞ്ചാരത്തിന്‍റെ
പുറന്തോടുകള്‍ വെടിഞ്ഞ്,
നാം സഞ്ചരിക്കുമ്പോള്‍ –
ആമയായുസ്സോളം വലുതാവുന്ന
ജനിത കല്ലുകളെ കാണാം.
മണ്ണിന്‍റെ മലകളിലെ കുതിരകള്‍,
അതിനോളം ആഴത്തിലെ
ജല ജിപ്സികളുടെ
നനഞ്ഞമര്‍ത്തിപ്പിടിച്ച ഭാഷ,
മരങ്ങളുടെയും, മനുഷ്യരുടെയും ഇടയിലെ
ദുഃഖം ഘനീഭവിച്ച കൊടുങ്കാട്,
എന്നിവ കാണുകയെന്നല്ല,
അനുഭവിച്ചറിയാനാകും
എന്നതാണ് സത്യം.

സജിയുടെ കവിതകളുടെ
അവലോകനക്കുറിപ്പ് ഒരുപക്ഷേ –
വാക്കുകള്‍ക്ക്
പറഞ്ഞ് വെയ്ക്കാവുന്നതിനപ്പുറമാണ്..,
അത് ആഴങ്ങളുടെയും ആഴങ്ങളിലേക്കുള്ള കുഴിച്ചിറങ്ങലുകളാണ്.
ആത്മാവിന്‍റെ ആഴങ്ങളോടുള്ള
നിസ്സഹായനായ മനുഷ്യന്‍റെ അഭിമുഖം നല്‍കലുകളാണ്,
ജലമണ്ഡലങ്ങളിലൂടെയുള്ള ജ്വലനപദ്ധതിയാത്രകളാണ്
ഈ കവിതകള്‍.

മണ്ണൊരു കരുതല്‍ മാത്രമല്ല,ഒരു
പൊരുതല്‍ കൂടിയാണ് എന്ന രാഷ്ട്രീയം
ഈ കവിതകള്‍ മുറുകെപ്പിടിക്കുന്നുണ്‍്.

സജിയുടെ,
കവി ജീവിതം ജലവഴികളിലൂടെയുള്ള ഏകതാനമായ യാത്രയാകുന്നു. അപരിചിത നഗരഗന്ധങ്ങളും വിദൂരദേശങ്ങളുടെ വിയര്‍പ്പുമണങ്ങളും അതിന്‍റെ ഉപ്പും ശേഖരിച്ചുള്ള മടങ്ങിവരവുകളാണ് ഇയാളുടെ കവിതകള്‍.

ചലനാത്മകമായ ധ്യാനവും
ബുദ്ധസമാനമായ നേര്‍ക്കാഴ്ചകളും
കവിയുടെ അസ്തിത്വദുഃഖമാകുന്നിടത്ത്,മറ്റൊരുഭാഷയുടെ പുനഃനിര്‍മ്മിതിയും, പ്രയോഗവുമാണ്
സജികല്യാണിയെ കവിതയുടെ ശാസ്ത്രകാരനാക്കുന്നതും,ജീവിതത്തിന്‍റെ ‘ഭൗതിക’ ശാസ്ത്ര പരീക്ഷകനാക്കുന്നതും.

വിതയ്ക്കുകയും,കൊയ്യുകയും ചെയ്യപ്പെടുന്ന
വാക്കുകള്‍ക്കിടയിലേക്ക്
നഗ്നപാദങ്ങളും മഴകൊണ്‍ ശിരസും വേനലേറ്റ കണ്ണുകളുമായി അയാള്‍ ഇറങ്ങി നടക്കുമ്പോള്‍,
വേദനിപ്പിക്കപ്പെട്ട തണ്ണീര്‍ക്കുടിയനും കാറ്റാടിമരങ്ങള്‍ക്കും കുന്നുകളിലെ ശലഭങ്ങള്‍ക്കും നാവ്മുളയ്ക്കുന്നു,
ജലത്തവളകള്‍ അവരുടെ ഭാഷയെ പുനഃസംഘടിപ്പിക്കുന്നു.

അധ്വാനത്തിന്‍റെ യുദ്ധമുഖങ്ങളില്‍ സജി കല്യാണിയുടെ പേശികള്‍ അതീവ സാന്ദ്രമായി സങ്കോചിക്കുകയും സമരസപ്പെടുകയും ചെയ്യുമ്പോള്‍ അത് കവിതയുടെ തന്നെ മണ്ണ് കണ്ണുതുറന്ന് പിടിക്കുകയാണ് എന്ന് നിസ്സംശയം പറയാം.
ഭവനങ്ങളുടെ അഭയ മേല്‍ക്കൂരയ്ക്ക് കീഴില്‍ അയാള്‍
വേര്‍പ്പാവി പൊന്തുന്ന
സ്നേഹത്തിന്‍റെ ഒരു പാത്രം കഞ്ഞി
വന്നുചേരാവുന്ന ഒരപരിചിത അതിഥിക്ക് കരുതിവെക്കുകയാണ്.

ഈ കവിതകള്‍
കേരളീയ സമൂഹത്തിനിടയിലൂടെ കറുത്ത സങ്കടങ്ങളുടെ വീണവായിച്ച് കൊണ്ട് കടന്നുപോവുകയും
അത് മനസ്സുകളെ ജീവിതത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.. തീര്‍ച്ച.

കവിത കവിയുടെ സമാനതകളില്ലാത്ത സാഹസികതകളാണ്.
അയാള്‍ വേദനിക്കുന്ന വസ്തുതകളുടെ വീട്ടുകാരനാണ്.
അതിന്‍റെ അടുക്കളയില്‍ എപ്പോഴും വാക്ക് പുകഞ്ഞുകൊണ്‍ിരിക്കുന്നു.
അത് ,
വായനക്കാരന്‍റെ അസ്വസ്ഥതകളും ആകുലതകളുമായി, ആനന്ദവും ആഹ്ലാദവുമായി മാറുന്നിടത്താണ് കവിയും കവിതയും അതിന്‍റെ നേരിടങ്ങളിലെത്തുകയെന്നു തന്നെ പറയാം.
സജികല്യാണി തീര്‍ച്ചയായും ആ നേരിടങ്ങളിലാണ് എന്ന് പറയുന്നതെന്തുകൊണ്‍െന്നാല്‍,
ഈ കവിതയുടെ കിണറാഴങ്ങളിലെ ഇലപ്പന്തികളില്‍ വെച്ച് ഇത് പാവപ്പെട്ടവരോടും കൂടില്ലാത്തവരോടും മഴകൊള്ളുന്നവരോടും പകലന്തികളില്‍ പണികഴിഞ്ഞ് റേഷന്‍ പീടികയിലേക്കോടുന്ന പച്ചമനുഷ്യരോടും വാക്കുകൊണ്‍ും ഹൃദയം കൊണ്‍ും കടപ്പെട്ടിരുക്കുന്നു.

നിന്നോളം ആഴമുള്ള കിണറുകള്‍
നമ്മളോളം ആഴമുള്ള കിണറുകള്‍
ആവുകയും,
മലയാള കവിതാ ലോകത്ത്,
ഒരു പുതുചലനത്തിന്‍റെ
ഇലത്തളിര്‍പ്പായി മാറുകയും ചെയ്യും എന്ന പൂര്‍ണ്ണ വിശ്വാസത്തോടെ
മുത്തശ്ശിക്കോശങ്ങളുടെ കാവലുള്ള പ്രിയ കവിക്ക്,

– സ്നേഹത്തോടെ
സജീവന്‍ പ്രദീപ്

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.