27.1 C
Bengaluru
January 17, 2020
Untitled

നാടകം കാലത്തിന്റെ കണ്ണാകുന്നു

dramaday

ഇന്ന് ലോകനാടക ദിനം…… ലോകമെമ്പാടുമുള്ള നാടകപ്രവർത്തകരെ ഓർക്കാനും പ്രചോദിപ്പിക്കാനും നാടക കലയെ ഉത്തേജിപ്പിക്കാനുമായി നടത്തിവരുന്ന ഒരു ആഗോള സ്മരണദിനം….. നാടകം ഒരു വെറും കളിയല്ലെന്നും അത് ഗൌരവമായൊരു കാര്യമാണന്നും നമ്മെ ബോധ്യപ്പെടുത്തിയ അറിയപ്പെട്ടവരെയും അല്ലാത്തരെയും ഓർക്കാനുള്ള ഒരു ദിനം. നാടകം ഒരു വികരമെന്നതിലുപരി ഒരുവിചാരമാണെന്നും വേട്ടയാടപ്പെടുന്ന കാലത്തിന്റെ കണ്ണാണെന്നും നമ്മെ ബോധ്യപ്പെടുത്തി രംഗവേദി വിട്ടവരെ ഓർമ്മിപ്പിക്കാനും പുതിയ സർഗ്ഗാത്മകതയുടെ കൂട്ടായ്മ സാധ്യമാക്കാനും വേണ്ടിയുള്ള ഒരു ദിനം. ഒരു സമൂഹത്തിന്റെ സമകാലീനാനുഭവങ്ങളുടെ തീക്ഷ്ണശബ്ദം ആദ്യം മുഴങ്ങിയിരുന്നത് അരങ്ങുകളിലായിരുന്നു. ഒരു ജനതയുടെ ഭാവനയെയും സർഗ്ഗക്രിയകളേയും ഗൌരവതരമായ ഒരു ഭൌതിക രൂപത്തിലെക്കെതിക്കുവാൻ നാടകം വഹിക്കുന്ന പങ്കു ചെറുതല്ല.

യുനെസ്കോ ലോകനിലവാരത്തിലുള്ള രംഗകലാ പ്രവർത്തകരുടെ കൂട്ടായ്മയോടെ 1948 ൽ പാരിസിൽ രൂപം കൊടുത്ത INTER NATIONAL THEATRE INSTITUTE (ITI)ന്റെ അഭി മുഖ്യത്തിൽ 1962 ൽ പാരിസിൽ വെച്ച് രംഗകലകളെ കുറിച്ചുള്ള വിജ്ഞാനവും പ്രയോഗവും അന്തർദേശിയ തലത്തിൽ പ്രോത്സാഹിപ്പിക്കാനും അത് വഴി ലോകമെമ്പാടുമുള്ള നാടക കലാകാരന്മാരുടെ സൌഹൃദവും കൂട്ടായ്മയും ലക്‌ഷ്യം വെക്കാനാണ് മാർച്ച് 27 നു ലോകനാടകദിനമായി ആചരിച്ചു വരുന്നത്. ITI യുടെ നേതൃത്വത്തിൽ ഇന്ത്യയടക്കമുള്ള നൂറോളം രാജ്യങ്ങൾ ഇതാചരിച്ചു വരുന്നുണ്ട് ഇന്ന്. ഓരോ വർഷവും ITI യുടെ ക്ഷണം അനുസരിച്ച് ലോക നിലവാരമുള്ള ഒരു നാടകപ്രതിഭ അന്തർദേശിയ നാടക സന്ദേശം ഈ ദിനത്തിൽ നാടക പ്രവർത്തർക്കായി നിൽക്കുന്നു. ഇന്ത്യയിൽ നിന്നും ഗിരീഷ് കർണാടിനു മാത്രമാണ് ഈ സൌഭാഗ്യം ലഭിച്ചിട്ടുള്ളത്(2002). മെക്സിക്കൻ നാടകകൃത്തും എഴുത്തുകാരിയുമായ സെബീന ബെർമ്മൻ ആണ് ഈ വർഷത്തെ നാടക ദിന സന്ദേശം നൽകുന്നത്.

കേരളത്തിലെ സാമൂഹ്യ രാഷ്ട്രിയ നവോത്ഥാന പ്രക്രിയയിൽ കൊടുങ്കാറ്റഴിച്ചുവിട്ട ഒരു രംഗകലാരൂപമാണ്‌ നാടകം. ഒരു ജനതയുടെ സമകാലികനുഭവങ്ങളുടെ തീഷ്ണമായശബ്ദം ആദ്യം മുഴങ്ങിയതും നമ്മുടെ രംഗവേദികളിലായിരുന്നു. സമൂഹത്തോടും വ്യവസ്ഥിതിയോടും കലഹിച്ചു പൊള്ളുന്ന നേരിനെ അരങ്ങിലെത്തിക്കാൻ നാടകങ്ങൾ വഹിച്ച പങ്കിനോളം വരില്ല മറ്റൊരു കലാരൂപവും.
പുറമ്പോക്കിൽ തള്ളപ്പെട്ടവന്റെ ജീവിതങ്ങളും അടിച്ചമർത്തപ്പെട്ടവന്റെ വികാരങ്ങളും അധ:സ്ഥിതന്റെ സ്വപ്നങ്ങളും, കീഴാളന്റെ അസ്ഥിത്വദുഃഖവും, അരങ്ങുകളിൽ ആവാഹിച്ചു ദൃഷ്ടിയിൽപ്പെട്ടാൽ പോലും ദോഷം ചെയ്യുന്ന ഒരു ജനസമൂഹത്തെ മനുഷ്യരാക്കി മാറ്റിയെടുക്കുന്നതിൽ നാടകങ്ങല്‍ വഹിച്ച പങ്ക് ആർക്കാണ് നിഷേധിക്കാനാവുക. കേരളത്തിൽ അക്കാലത്ത് വീശിയടിച്ച പുരോഗമന വിപ്ലവ ചിന്തയുടെയുടെയും സാമൂഹ്യ മാറ്റത്തിന്റെയും പ്രധാന ചാലക ശക്തിയായി വർത്തിച്ചതും നാടകങ്ങൾ തന്നെയായിരുന്നു.

‘അടുക്കളയിൽ നിന്നും അരങ്ങത്തേക്കും, “ഋതു മതിയും “, “പാട്ടബാക്കിയും” , ഒടുവിൽ കെ.പി.എ.സി. “നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി” എന്ന് അരങ്ങിൽ നിന്നും ആഹ്വാനം മുഴക്കിയപ്പോൾ അതേറ്റു പാടാൻ പതിനായിരങ്ങളാണ് കേരളത്തിലന്ന് സജ്ജരായിരുന്നത്. തോപ്പി ൽ ഭാസിയും, വയലാറും, ഓ.എന്.വി.കുറുപ്പും, ദേവരാജനും, കെ.സ്.ജോര്ജ്ജും, കെ. പി. എ. സി.സുലോചനയും മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമായത് നാടകത്തിന്റെ ശക്തി ചൈതന്യം കൊണ്ട് തന്നെയായിരുന്നല്ലോ?. കരയാനും, ചിരിക്കാനും, പിരിയാനും, ഒരുമിക്കാനും പ്രണയിക്കാനുമെല്ലാം ജോര്‍ജ്ജിന്റെയും, സുലോചനയുടെയും പാട്ടുകൾ ഒരു ജീവരക്തമായി മലയാളികളുടെ സിരകളിലൂടെ അവരറിയാതെ തന്നെ ഒഴുകി. കെ ടി മുഹമ്മദിന്റെ ‘ഇത് ഭൂമിയാണ്‌’, ‘കാഫർ,’ ആയിമുവിന്റെ ‘ഇജ്ജു നല്ല മനുഷ്യനാകാന് നോക്ക്’, എന്നിവ ഒരു സമുദായത്തിന്റെ പുരോഗതയിൽ വഹിച്ച പങ്കു കുറച്ചുകാണാൻ കടുത്ത യാഥാസ്ഥിതികർക്ക് പോലും സാധിക്കുമെന്ന് തോന്നുന്നില്ല. താജ് ഒരു പടി കൂടി മുന്നോട്ടുകടന്ന് നിലവിലെ രാഷ്ട്രിയ സാമൂഹ്യവ്യവസ്ഥിതിയോട് സന്ധിയില്ലാത്ത സമര പ്രഖ്യാപനം തന്നെ നടത്തി അരങ്ങിനെ ചെറുത്തു നിൽപിന്റെയും പരിവർത്തനത്തിന്റെയും ഉപാധിയാക്കി മാറ്റി. അദ്ദേഹത്തിന്റെ ‘കുടുക്ക’ അഥവാ ‘വിശക്കുന്നവന്റെ വേദാന്തം ‘എന്ന നാടകം വിശപ്പ്‌ വർഗ്ഗപരമായും രാഷ്ട്രിയപരമായും ഒരാഗോളവിഷമായികാണികളോട് സംവേദിച്ചപ്പോൾ ‘രാവുണ്ണി’ കടത്തിന്റെ തത്വശാസ്ത്രം ഭരണ കൂടം എങ്ങനെയാണു പ്രാവർത്തികമാക്കുന്നത് എന്ന് അതിലെ നായകൻ സ്വജീവിതത്തിലൂടെ പ്രാവർത്തികമാക്കി ഭരണ കൂടത്തെ പരിഹസിക്കുന്നു. ആ പരമ്പര അവിടെ അവസാനിച്ചില്ല.

യഥാർത്ഥ കലക്ക് മാത്രമേ നമ്മുടെ ചിന്തയേയും വികാരങ്ങളെയും തരളിതമാക്കാനും മായകാഴ്ചകളിലും മോഹന വിഭ്രാന്തികളിലും അഭിരമിക്കുന്ന അലസമധ്യവർഗ്ഗ ജാടകളെ മോചിപ്പിച്ചു യഥാർത്ഥ ലോകത്തിലേക്ക് നയിക്കാനും സാധിക്കുകയുള്ളൂ. നാടകം സിനിമയല്ല സിനിമ നാടകവും. രണ്ടും രണ്ടമ്മ പെറ്റ മക്കളാണ് എന്ന ബോധം ഇരു മാധ്യമ പ്രവർത്തകർക്കും ഉണ്ടാകണം. ഭാവനയുടെയും സർഗ്ഗാത്മകതയുടെയും ഗൗരവരൂപമയ നാടകം കാലത്തിനു നേർക്ക്‌ പിടിക്കുന്ന കണ്ണാടിയാണ്.
അനിവര്യതയിൽ നിന്നും ജന്മമെടുക്കുമ്പോഴേ കല ജീവനുള്ളതായി തീരുകയുള്ളു. നാടകം എന്നും ഒരു ജീവനുള്ള കലയാണ്‌. അത് ജനങ്ങളുമായി നിരന്തരം സവേദിച്ചുകൊണ്ടിരിക്കുന്നു. കല കലാപമാണ്‌. പ്രത്യേകിച്ചും നാടകം. അത് തുടരുക തന്നെ വേണം ആലസ്യത്തിൽ ആണ്ടു പോയ മനുഷ്യനെ ഉണർത്താനും ഉത്തേജിപ്പിക്കാനും പ്രതികരണബോധം ഉണ്ടാക്കാനും. കാലഘട്ടം ആവശ്യപ്പെടുന്ന ചരിത്ര ദൗത്യം ഭംഗിയായി നിർവഹിക്കാൻ എല്ലാ നാടക പ്രവർത്തകർക്കും ആർജ്ജവവും സാഹചര്യവും ഉണ്ടാകട്ടെ. അരങ്ങിൽ തിമിർത്താടിയ അറിയപ്പെടുന്നവർക്കും അല്ലാത്തവർക്കും എന്റെ ഹൃദയംഗമായ നാടക ദിനാശംസകൾ.drama malayalam

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.