27.5 C
Bengaluru
January 17, 2020
Untitled

നട  തള്ളിയവർ 

 

അമ്പലത്തിലെ  നട  അടച്ചു  കയ്യിൽ  പടച്ചോറു  നിറച്ച  ഉരുളിയുമായി  ശാന്തിക്കാരൻ  പുറത്തു  വന്നു  .

“വാര്യരെ …”

വാര്യർ  ഓടിവന്നു .

“ദാ ! പതിവ്  പോലെ  ആ  പൊറത്തിരിക്കണ  മുത്തശ്ശിക്ക്  ഇതങ്ങട്  കൊട്ക്ക !”

വാര്യർ  പടച്ചോറുമായി  ശാന്തിക്കാരനോടൊപ്പം  മതിൽക്കെട്ടിനു  പുറത്തുവന്നു . ശാന്തിക്കാരൻ  തോർത്തുമുണ്ട്  കൊണ്ട്  ദേഹത്ത്  വീശി  നടന്നകന്നു .

അതാ  മതിലിന്റെ  ഒരു  മൂലയിൽ  കമ്പിളിപ്പുതപ്പും  പുതച്ചു  ചുരുണ്ടു  കൂടി  കിടക്കുന്നു  ആ  മുത്തശ്ശി !

“എണീറ്റോള്ളൂ ! പടച്ചോറു  കൊണ്ട്  വന്നിട്ടുണ്ട് !”

ചുമച്ചു  ചുമച്ചു  കൊണ്ട്  ആ  മുത്തശ്ശി  എഴുന്നേറ്റു . കൈകൾ  കൊണ്ട്  ചുറ്റും  തപ്പി  ഒരു  കിണ്ണമെടുത്തു  നീട്ടി .

വാര്യർ  കൈ  കൊണ്ട്  ഉരുളിയിൽ  നിന്ന്  ചോറുവാരി  ആ  കിണ്ണത്തിലിട്ടു  കൊടുത്തു . ആ  മുത്തശ്ശി  ദയനീയമായി  അയാളെ  നോക്കി .

“എന്താ  മുത്തശ്ശി ? ഇന്ന്  കണ്ണ്  നിറഞ്ഞിട്ടുണ്ടല്ലോ ? സാധാരണ  നാരായണ  നാമം  ജപിച്ചല്ലേ  ഇത്  സന്തോഷത്തോടെ  മേടിക്കാറുള്ളത് ?”

“നാരായണ ! നാരായണ ! മോനെ ! ഇന്ന്  എൻ്റെ  മോന്റെ  ഷഷ്ഠിപൂർത്തിയാണ് ! എന്നിട്ടു  സദ്യ  ഉണ്ണേണ്ട  ഞാൻ  ഇന്നിത്  കഴിക്കുന്നു !”

” ആ ! മുത്തശ്ശിക്ക്  മോനുണ്ടോ ?”

“ഉവ്വ് ! എന്നെ  നട  തള്ളിയതാ !”

“എന്ത്  ചെയ്യാം  മുത്തശ്ശി ? കാലം  അങ്ങനെ  ആയിപ്പോയി ! അല്ലാ  എന്തിനാ  അവനങ്ങനെ   ചെയ്തത് ?”

” അവൻ  മദ്യപിച്ചു  ഉത്തരവാദിത്വ  ബോധമില്ലാതെ  നടക്കുന്ന  കാലം . കല്യാണം  കഴിഞ്ഞിട്ടും  മാറ്റമുണ്ടായിരുന്നില്ല . എല്ലാം  കുടിച്ചു  നശിപ്പിക്കാൻ  നോക്കിയപ്പോൾ  ഞാൻ  എൻ്റെ  സ്വത്ത്  മോളുടെ  പേരിൽ  എഴുതിവെച്ചു . ഭാര്യയുടെ  തലയണ  മന്ത്രം  കേട്ട്  അവൻ  എൻ്റെ  മോളെ  വിവാഹം  കഴിച്ചു  കൊടുക്കാമെന്നേറ്റ്  സ്വത്ത്  എഴുതി  മേടിപ്പിച്ചു . ഒരു  രോഗിയെക്കൊണ്ട്  അവളെ  വിവാഹം  കഴിപ്പിച്ചു  ബാദ്ധ്യത  തീർത്തു  അവരുടെ  കൂടെ  എന്നേയും  പറഞ്ഞയച്ചു !”

“എന്നിട്ടോ ?”

“അവന്  അല്പായുസ്സായിരുന്നു ! മോള്  കാമുകന്റെ  കൂടെപ്പോയി ! ഞാൻ  ഒറ്റക്കായി . ഏതായാലും  അവനെന്നെ  കൂട്ടിക്കൊണ്ടു  പോകാൻ  വന്നു !”

“പിന്നെയെങ്ങനെ  ഇവിടെ  വന്നു  പെട്ടു ?”

“വീട്ടിലെത്തിയപ്പോൾ   എന്നെ  കൂട്ടിക്കൊണ്ടു  വന്നതിന്  അവൻ്റെ  ഭാര്യ  അവനെ  ശകാരിക്കാൻ  തുടങ്ങി . അങ്ങനെ  അന്ന്  വൈകുന്നേരം  മോനോടൊപ്പം  ഞാൻ  അമ്പലത്തിൽ  വന്നു . പ്രദക്ഷിണം  വെച്ചിട്ടു  വരാമെന്നു  പറഞ്ഞിട്ട്  അവൻ  അന്ന്  പോയതാ ! പിന്നെ  വന്നിട്ടേയില്ല !”

മുത്തശ്ശി  തേങ്ങിക്കരയാൻ  തുടങ്ങി .

പെട്ടെന്നാണ്  ഒരു  കാർ  അവിടെ  വന്നു  നിന്നത് . അതിൽ  നിന്ന്  ഒരു  വൃദ്ധനും  ചെറുപ്പക്കാരനും  ഇറങ്ങി .

മുത്തശ്ശി  കണ്ണീർ  തുടച്ചു .

“അയ്യോ ! നട  അടച്ചു  പോയല്ലോ !”- ചെറുപ്പക്കാരൻ  പറഞ്ഞു .

“നട  തള്ളാൻ  കഴിയാതെ  പോയതിൽ  സങ്കടായി  അല്ലേ ? വിഷമിക്കേണ്ട ! നീ  പൊയ്‌ക്കോ !” മതിലിൽ  ചാരി  വൃദ്ധൻ  ഇരുന്നു .

പടച്ചോറു  വിളമ്പിയ  കിണ്ണവുമായി  വാര്യരുടെ  കൈ  പിടിച്ചു  മുത്തശ്ശി എഴുന്നേറ്റു  അവരുടെ  അടുത്തേക്ക്  വന്നു .

“ഇപ്പോ  കൂട്ടായല്ലോ ! ഞാൻ  പോവ്വാ !” ചെറുപ്പക്കാരൻ  നടന്നകന്നു .

മുത്തശ്ശി  ആ  മുഖത്തേക്ക്  നോക്കി . ആ  കണ്ണുകൾ  നിറഞ്ഞു .

“ന്റെ  മോനേ …” ആ  ചുണ്ടുകൾ  മന്ത്രിച്ചു .

അയാൾ   അപ്പോഴാണ്  ആ  മുഖത്തേക്ക്  നോക്കിയത് . ആ  കണ്ണുകളും  നിറഞ്ഞുവോ ?

“കുറേ  ദിവസമായി  അമ്മേ  ഞാൻ  വല്ലതും  കഴിച്ചിട്ട് ! മരുമകൾ  കുത്തുവാക്കല്ലാതെ  ഒന്നും  തരാറില്ല ! ങ്ഹാ ! ഞാൻ  ചെയ്ത  തെറ്റിനുള്ള  ശിക്ഷ  തന്നെ !”

മുത്തശ്ശി  അയാളുടെ  കണ്ണീർ  തുടച്ചു . പടച്ചോറു  ചെറിയ  ചെറിയ  ഉരുളകളാക്കി  വെച്ചു .

“മോന്റെ  കുട്ടിക്കാലത്തു  അമ്മ  ചോറ്  ഉരുളയാക്കിത്തന്നത്  ഓർമ്മയുണ്ടോ ?”

അയാൾ  വീണ്ടും  കരയാൻ  തുടങ്ങി . ആ  കരച്ചിലിനിടയിലും  ആ  അമ്മ  മകനെ  ഊട്ടി . അവസാനം  ഒരു  ഉരുള  മാത്രം  ബാക്കിയായി .

“അമ്മക്ക്  ആദ്യമായി  എൻ്റെ  ഉരുള !” അയാൾ  ആ  ഉരുള  അവരുടെ  വായിൽ  വെച്ച്  കൊടുത്തു .

“ദൈവം  എല്ലാം  കാണുന്നുണ്ട് ! ” കണ്ണീർ  തുടച്ചു  വാര്യരും  നടക്കാൻ  തുടങ്ങി .

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.