18.1 C
Bangalore
November 19, 2018
Untitled

മൈ ബെറ്റർ ഹാഫ്

my-best-half-image

രാവിലെ എണീറ്റ് വാട്സാപ്പ് നോക്കി, പതിവ് ഗുഡ് മോർണിംഗ് മെസ്സേജുകൾ മാത്രം. സ്റ്റാറ്റസുകൾ നോക്കിയപ്പോൾ ചറ പറാ സ്നേഹം തുളുമ്പുന്ന പിക്ച്ചറുകൾ. ഫേസ്ബുക് നോക്കി, ഹോ..! ഫെബ്രുവരി പതിനാല് വരാൻ ഒരുപാട് പേര് കാത്തിരുന്ന പോലെ തോന്നി. ഭാര്യയും ഭർത്താവും ഒരുമിച്ച് നിക്കുന്നതും, കാമുകീ കാമുകന്മാർ ഒരുമിച്ചിരുന്നതുമായ ഫോട്ടോസും നീയാണ് എന്റെ പകുതി, നീയില്ലെങ്കിൽ ഞാനില്ല എന്നുള്ള ഒടുക്കത്തെ വാക്കുകളും. പോരേ? വെറുത്തു പോയി. കുറച്ചുകൂടി അപ്പോഴാണ് അത് കണ്ടത്, ദീപക്കിന്റെ ഫേസ്ബുക് പോസ്റ്റ്. ഭാര്യയുടെ കൂടെ ചിരിച്ചുകൊണ്ട് നിക്കുന്ന പടവും കൂടെയൊരു ക്യാപ്‌ഷനും “യു ആർ മൈ ബെറ്റർ ഹാഫ്. ഐ വാണ്ട് ടു ലവ് ആൻഡ് ലിവ് വിത്ത് യു ഫോർ അനതർ തൗസൻഡ് ഇയേഴ്‌സ്”. കല്യാണം കഴിയും മുന്നേ വാലെന്റൈൻസ് ഡേ ഒക്കെ വെറുതെയാണ്, എന്തിനു ഇങ്ങനെ സ്റ്റാറ്റസ് ഒക്കെ ഇടണം എന്ന് പറഞ്ഞവനാ, കല്യാണം കഴിഞ്ഞു ഒരു വർഷം തികയും മുന്നേ ഇങ്ങനെ മാറുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല.

രാവിലത്തെ ആ ഡെസ്പ് സിറ്റുവേഷൻ മാറ്റാൻ ചങ്കായ വേണുവിനെ വിളിച്ചു.
“എന്ത് ചെയ്യുന്നു വേണു?” ഞാൻ ചോദിച്ചു.
“നിന്റെ കാൾ നോക്കിയിരുന്നതാ. ഇന്ന് നീ എന്നെ എന്തായാലും വിളിക്കുമെന്നറിയാം, വേറെ ആരും വിളിക്കാൻ​ ഇല്ലാലോ..” അവൻ പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു.
“എനിക്ക് നീയൊക്കെ മതി വേണു” ഞാൻ തിരിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു.
“പിന്നെന്താ വാട്സാപ്പിൽ ‘ഇറ്റ്സ് ഗുഡ് ടു ബി സിംഗിൾ റാതർ ദാൻ എലോൺ’ എന്നൊക്കെ ഇട്ടിരിക്കുന്നത്?” അവൻ ചൊറി തുടങ്ങി.
“ആരുമില്ലാത്ത എനിക്ക് അതൊക്കെയാണ് ഏക ആശ്വാസം” ഞാൻ എസ്‌കേപ്പ് ആവാൻ പറഞ്ഞു.
“അപ്പോൾ ട്രിപ്പ് പോവുന്നതാണ് ഏക ആശ്വാസം എന്ന് കഴിഞ്ഞയാഴ്ച പറഞ്ഞതോ?” അവൻ വിടാൻ ഉദ്ദേശമില്ല”
“അത് മറ്റൊരാശ്വാസം, നീ ദീപക്കിന്റെ ഫേസ്ബുക് സ്റ്റാറ്റസ് കണ്ടോ” ഞാൻ ടോപ്പിക്ക് മാറ്റാൻ പറഞ്ഞു.
“കണ്ടു, ഡെസ്പ് ആയി നിന്നെ വിളിക്കാൻ നിക്കുമ്പോഴാ നീ ഇങ്ങോട്ട് വിളിച്ചത്” അവൻ പറഞ്ഞു.
“ആഹ്.. കല്യാണം കഴിഞ്ഞാൽ ആൾക്കാര് ഇത്തിരിയൊക്കെ മാറുമെടാ വേണൂ” ഞാൻ പറഞ്ഞു.
“ഇപ്പോൾ തന്നെ അവനെ കോൺഫറൻസ് ഇട്ട് ചൊറിയാം” വേണു പറഞ്ഞത് ഞാൻ സമ്മതിച്ചു. അങ്ങനെ ഞാൻ ദീപക്കിനെ വിളിച്ചു. അവൻ കാൾ എടുത്തു.
“എന്തൊക്കെയായൊരുന്നു, വാലെന്റൈൻസ്‌ ഡേക്ക് സ്റ്റാറ്റസ് ഇടില്ല, അതൊക്കെ വെറുതെയാണ്. എന്നിട്ടിപ്പോ ഒരു പെണ്ണ് വന്നതും എല്ലാം മറന്നില്ലേടാ ഹിമാറെ?” വേണു അവന്റെ ഹലോ കേട്ടതും ഒരു ഡയലോഗ് കാച്ചി.
“അളിയാ രാവിലെ അടുക്കളയിൽ ചായ കുടിക്കാൻ പോയപ്പോഴാണ് കെട്യോളുടെ കൈയിൽ എന്റെ ഫോൺ കണ്ടത്. എടുത്ത് നോക്കിയപ്പോൾ കുറേ നോട്ടിഫിക്കേഷൻസ്. ഫേസ്ബുക്ക് എടുത്തു നോക്കിയപ്പോൾ എന്റെ കെട്യോള് തന്നെ എന്റെ ഫോണിൽ നിന്നും പോസ്റ്റ് ഇട്ട് അതിനു താഴെ അവളുടെ ഫോണിൽ നിന്നും കമന്റ് ചെയ്ത് വച്ചിരിക്കുന്നു. ഞാൻ കലിപ്പായി അത് ഡിലീറ്റ് ചെയ്യാൻ പോവുമ്പോ കഴുത്തിൽ കറിക്ക് അറിയുന്ന കത്തി വച്ചിട്ട് പറയുവാണ് ഡിലീറ്റ് ചെയ്താൽ ഒരാഴ്ച അടുക്കള അവധിയായിരിക്കും, ഫോണ് താഴെ വയ്ക്ക് ചേട്ടാ എന്ന്. ഞാൻ പുറത്തുന്നു കഴിച്ചോളാം എന്ന് പറഞ്ഞപ്പോൾ തിരിച്ച് അവൾ അവളുടെ വജ്രായുധം എടുത്തിട്ടു. എന്നാ കഴിപ്പ് മാത്രമല്ല കിടപ്പും പുറത്താക്കേണ്ടി വരും എന്ന്.” അവൻ നിർവികാരനായി പറഞ്ഞു.
ഞങ്ങൾ പൊട്ടിച്ചിരിക്കുന്നതിനിടയിൽ അവൻ പറഞ്ഞു
“എന്ത് ചെയ്യാനാടാ. അവൾ പോസ്റ്റ് ഇടുന്നു അവൾ റിപ്ലൈ ഇടുന്നു. ഞാൻ അടുത്തിരുന്നു ദോശ തിന്നുന്നു. നിന്റെയൊക്കെ കല്യാണം കഴിയുമ്പോ അതൊക്കെ മനസ്സിലായിക്കോളും”
അത് കേട്ട് കഴിഞ്ഞു ഫേസ്‌ബുക്കിൽ കണ്ട സ്റ്റാറ്റസുകൾ എന്നെ ചിരിപ്പിച്ചു..

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.