ചിര കാല ബന്ധനം പൊട്ടിച്ചെറിയുന്നു
അറിയാവഴിയിലിരുട്ടു മാത്രം
ഒരു മൌന സാഗരം നീന്തിക്കടക്കട്ടെ
നിറയുമെന്നാത്മ സ്മൃതി പടവിൽ
വെറുതെ പ്രതിഷ്ഠിച്ച വിഗ്രഹ ഭ്രാന്തിന്റെ
മൃതമാകും പാദത്തിലർപിക്കുവാൻ
ഒരു സൂന ഗന്ധമെനിക്ക് നൽകീടുക
അഴൽ നിഴലാഞ്ചലെടുത്തു മാറ്റാൻ
കാത്ത് കഴയ്ക്കുന്നു പാദം തളരുന്നു
പ്രാർത്ഥനാ കീർത്തനം അപശ്രുതിയായ്
ഇനി വയ്യ കാവലിൽ നീളും നിഴലിന്റെ
അടിമത്വ ഭാരം ചുമന്നിടുവാൻ
നിറമറ്റു ഗന്ധം വരണ്ടു പോം പുഷ്പത്തിന്നെ-
ളുതാമോ കാറ്റിൽ പിടിച്ചു നിൽക്കാൻ
ഇനി വയ്യ പൊട്ടിച്ചെറിയുന്നു ചങ്ങല
കാമന ബന്ധിച്ച കർമ്മ മോഹങ്ങളെ
ഒരു യാമമെങ്കിലും ഇരുളു ഭേദിച്ചുള്ള
നിറ ശോഭയായി പ്രകാശിക്കണം
ഒരു മിന്നാമിന്നുങ്ങിൻ തിളക്കമായീടണം
രാവിന്റെ ഹൃദയ വെളിച്ചമാവാൻ
ഇടറുന്ന പാദങ്ങൾക്കടരിന്റെ ഗാനമായ്
അടിമതൻ ഗരിമയാം സ്വാതന്ത്യ മാകണം
ഒരു പാഞ്ചജന്യം മുഴക്കുന്ന തത്ഭുതമൊരു
മുക്തി മന്ത്ര ധ്വനിയുണർത്തുന്നു ഞാൻ.

Murali Mohan
In the crowd but alone in the shores of life

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.