1) ചിറകു മുറിഞ്ഞു വീഴുമ്പോള്‍ മാത്രം നാം
നമുക്കുണ്ടായിരുന്ന ആകാശത്തെക്കുറിച്ച്
വാചാലമായിപ്പാടുന്നു
അതുവരെ നാം അതിന്‍റെ കുറവുകളെ മാത്രം
ചിന്തകളില്‍ ഇട്ട് ചേറ്റിക്കൊണ്ടെയിരുന്നു.

2) നോക്കൂ,
ഉള്ളതിനും ഇല്ലാത്തതിനും ഇടയില്‍
ഒരു മുറിവിന്‍റെയാ കിടങ്ങുമാത്രം,
അത്രയും അടുത്തെത്തുമ്പോള്‍ മാത്രം
നാമറിയുന്ന ഒരു സുവിശേഷമാണത്!

3) തിന്നുകൊണ്ടേ ഇരിക്കുന്നവന്‍ വിശപ്പറിയുന്നില്ല
തിന്നാന്‍ സമയമില്ലാത്തവനും അങ്ങിനെത്തന്നെ
എങ്കിലോ,
വിശപ്പുകള്‍ കൊണ്ട് മുറിവേറ്റവരാണ് അധികവും
എന്നതു നമ്മെ
ആശ്ചര്യപ്പെടുത്തുക തന്നെ ചെയ്യും.

4)കുരുവികളുടെ ആകാശവും
പരുന്തുകളുടെ ആകാശവും
ശലഭങ്ങളുടെ ആകാശവും
മഴത്തുമ്പികളുടെ ആകാശവും
ചീവീടുകളുടെ ആകാശവും
ഒന്നെന്നു തോന്നിക്കുമെങ്കിലും
പലതാണ്.

5) ഇരിക്കാന്‍ ഒരിരിപ്പിടം ഇല്ലാവന്റെ സ്വപ്നങ്ങളില്‍
കാലൊടിഞ്ഞതെങ്കിലും ഒരു കസേരയുടെ ചിത്രമായിരിക്കും.
നമ്മള്‍ അതിനെ ഭ്രാന്തെന്ന് ചിരിച്ചു കടന്നുപോകുമെങ്കിലും
അത്രയും കഠിനമായി ആഗ്രഹിച്ചത് കൊണ്ട് അവന്‍റെയാ സിംഹാസനം അവനെത്തെടി വരികതന്നെ ചെയ്യും.
രണ്ടുകാലില്‍ നടക്കുന്നവന്റെ യാത്രകള്‍
ചക്രക്കസേരകളിലാക്കുന്ന ആരോ നമുക്കിടയിലൂടെ സഞ്ചരിക്കുന്നുണ്ടല്ലോ,
സാധ്യതകള്‍ പലപ്പോഴും അകലയല്ലല്ലോ സ്നേഹിതാ!

6)പാവമാകുക എന്നാല്‍
പാകമാവുക എന്നുകൂടി
മാറ്റിവായിക്കേണ്ടിയിരിക്കുന്നു.
അവസ്ഥയെ വിഴുങ്ങുകയോ
അവസ്ഥയിലേക്ക് വിഴുങ്ങപ്പെടുകയോ ചെയ്ത്
അവര്‍ തന്‍റെ നിലപാടുകളിലെ നിശബ്ദതയെ
തുറന്നുവച്ചിരിക്കുന്നു.

7)അവനവനെ ചിന്തിക്കാന്‍ നേരമില്ലാത്തവന്റെ നേരത്തെ
ഒരു കാക്കകൊത്തിക്കൊണ്ടു പോകും,നോക്കിക്കോ

8)ജീവിതം അങ്ങിനെയും മിങ്ങിനെയും
ആളിത്തീരുകയത്ര എളുപ്പമല്ല,
എങ്കിലും
ഒരു കാറ്റു വന്നു വിളിച്ചു
വിളി കേള്‍ക്കും പോലെയാകണം
അതിന്‍റെ നിശബ്ദത
എന്നു നാം കൊതിക്കുന്നു!

Sony Dith
I am a മനുഷ്യന്‍ with normal Heartbeat rate . Made in India. Writer and poet in Malayalam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.