25 C
Bangalore
December 17, 2018
Untitled

എം.ജി മെസ്സിലെ സൗഹൃദങ്ങൾ

റൂമിലിരുന്ന് ലാപ്‌ടോപ്പിൽ സിനിമ കാണുന്നതിനിടക്കാണ് അപ്പുറത്തെ റൂമിൽ നിന്നും വേണു ചോദിച്ചത്
“ടാ ദാസൻ വന്നോ?”
“ഇല്ല, കുറച്ചൂടെ കഴിയും തോന്നുന്നു. ഒടുവിലത്തെ മീറ്റിംഗ് അല്ലേ അതുകൊണ്ട് കുറേ പറയാൻ കാണും.”ഞാൻ പറഞ്ഞു.
വേണു എന്റെ കൂടെയാണ് ജോലിയെങ്കിലും ദാസൻ എന്ന വിപിൻ ദാസിന് സപ്ലികളുടെ ഒരു കൊട്ടാരം തന്നെ ഉള്ളതുകൊണ്ട് നല്ലൊരു ജോലിയില്ല. വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾ കേട്ടുമടുത്ത് തൽക്കാലം ഒരു സ്ഥലത്തു ചെറിയൊരു ജോലിക്ക് പോവുന്നു എന്നേയുള്ളു. നാട്ടിലെ പൊറോട്ടയും ബീഫും അതേ സ്വാദിൽ കിട്ടുന്ന എം.ജി.മെസ്സിലാണ് ഞങ്ങൾ മിക്ക ദിവസങ്ങളിലും കഴിക്കാൻ പോവാറുള്ളത്.

കേരളത്തിനു പുറത്തെത്തിയാൽ മലയാളികളുള്ള സ്ഥലങ്ങളിലെല്ലാം തന്നെ ഒരു കേരളാ ഹോട്ടൽ കാണാം.  അതുപോലുള്ള ഹോട്ടലുകളിലാണ് മലയാളികൾ നാടിന്റെ നൊസ്റ്റാൾജിയ മാറ്റാൻ വരിക. കോയമ്പത്തൂരിലെ പീളമേട് എന്ന സ്ഥലത്തിനടുത്ത് ഹോപ്പ് കോളേജ് എന്ന സ്ഥലമുണ്ട്, അവിടെയുള്ള മലയാളികൾ വരുന്ന ഒരടിപൊളി ഹോട്ടലുണ്ട് അതാണ് എം.ജി.മെസ്സ്. നല്ല മട്ടയരി ചോറും നെയ്ച്ചോറും മീൻചാറും പിന്നെ നമ്മടെ ദേശീയ ഭക്ഷണമായ പൊറോട്ടയും ബീഫും കിട്ടുന്ന ഒന്നാന്തരമൊരു ഹോട്ടലാണത്. ബീഫ് നിരോധനം വന്നെന്നു കേട്ട ദിവസം ഞാൻ പൊറോട്ട ബീഫിന്റെ കറിയിൽ മുക്കി കഴിച്ച് ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചത് ഈ എം.ജി മെസ്സിലാണ്. എം.ജി.മെസ്സിലെ കുരുമുളകിട്ടു വരട്ടിയ ബീഫ് കറിയിൽ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഒരുപാട് കഥകൾ മറഞ്ഞു കിടക്കുന്നുണ്. എം.ജി.മെസ്സിൽ ഒരുമിച്ചു കഴിച്ചു തുടങ്ങിയ പ്രണയങ്ങളും അവിടെ വച്ച് അവസാനമായി ഒരുമിച്ചു കഴിച്ചുള്ള വേർപിരിയലുമെല്ലാം അവിടെയുള്ള ഗിരീഷേട്ടനോ കാഷ്യർ കം മൊതലാളിയായ ബാബുവേട്ടനോ പറഞ്ഞാണ് ഞങ്ങൾ അറിയാറുള്ളത്.

ദാസനും ഞാനും ഒരിക്കൽ എം.ജി.മെസ്സിൽ കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് “ടാ വിപി” എന്നൊരു വിളി കേട്ടത്. രണ്ടു പെൺകുട്ടികൾ, അതിലൊരുത്തിയാണ് അവനെ വിളിച്ചത്.
“നീയെന്താ ഇവിടെ?” ദാസൻ അതിലെ ചിരിച്ചുകൊണ്ട് നിക്കുന്ന കുട്ടിയോട് ചോദിച്ചു.
“ഞാനിവിടെ സി.ടി.എസിലാണ് വർക്ക് ചെയ്യുന്നത്” ആ കുട്ടി പറഞ്ഞു.
“നീയോ?” അവൾ തിരിച്ച് അവനോടു ചോദിച്ചു.
“ഞാനിവിടെ അടുത്തുള്ള ഒരു കമ്പനി” അവൻ എങ്ങും തൊടാതെ മറുപടി പറഞ്ഞു.
കൈകഴുകി അവരും ഞങ്ങടെ കൂടെ ഇരുന്നു. അവളും അവനും വിശേഷം ചോദിക്കുന്നതിനിടയിൽ ഒരു ഇടക്കാലാശ്വാസത്തിന് ഞാൻ അവളുടെ കൂടെ വന്ന കുട്ടിയോട് പേര് ചോദിച്ചു
“സ്വപ്‌ന” ചിരിച്ചുകൊണ്ട് പറഞ്ഞു
സ്വപ്‌ന, നല്ല പേര്. നാടും ജോലിയും ഒക്കെ ചോദിച്ചു. കോട്ടയംകാരിയാണ് കക്ഷി. എന്റെ രണ്ടുമൂന്നു ചോദ്യങ്ങൾ കഴിഞ്ഞതും മൊബൈൽ എടുത്ത് ആരെയോ വിളിച്ചുകൊണ്ട് “കൂടുതൽ ചോദ്യങ്ങളൊന്നും വേണ്ടാ” എന്ന് ഡീസന്റ് ആയി അറിയിച്ചു. ഞാൻ എന്നോട് തന്നെ പറഞ്ഞു ‘താൽപ്പരകക്ഷിയല്ലാ’.
“ഇതെന്റെ ചങ്ങാതിയാണ്” എന്നും പറഞ്ഞുകൊണ്ട് വേണു എന്നെ അവന്റെ കൂട്ടുകാരിക്ക് പരിചയപ്പെടുത്തി. ഞാൻ അവളുടെ പേര് ചോദിച്ചു.
“ഹീര, തൃശൂർ നിന്നാണ്” അവൾ ചട പടാ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. മറ്റവൾ ഫോൺ കട്ട് ചെയ്തു ശേഷം മൊബൈലിൽ അവളും അവളുടെ കാമുകനും നിക്കുന്ന ഫോട്ടോ ഞാൻ കാണാത്തക്ക വിധത്തിൽ നോക്കിക്കൊണ്ട് നൈസ് ആയി എന്നെ ബ്ലോക്ക് ആക്കിയതായി അറിയിച്ചു. ഹീരയും ദാസനും പഴയ എഞ്ചിനീയറിംഗ് എൻട്രൻസ് ക്ലാസ്സ്മേറ്റ്‌സാണ്. രണ്ടുപേർക്കും ബീഫ് ഇഷ്ടമായതുകൊണ്ടും ബീഫ് കിട്ടുന്ന ചുരുക്കം സ്ഥലങ്ങളിലൊന്ന് എം.ജി മെസ്സായതുകൊണ്ടും പിന്നീട് ഇടക്കിടെ അവർ കാണാനും തുടങ്ങി. ഇടക്കിടെയുള്ള കൂടിക്കാഴ്ച്ചകൾ അവരുടെ സൗഹൃദത്തിന് വെള്ളവും വളവും ഇട്ടുകൊടുത്തു. പിന്നീടുള്ള ഞായറാഴ്ചകളിലെ വൈകുന്നേരങ്ങൾ കൂടുതലും അവരുടേതായിരുന്നു. എന്റെ കൂടെ നൈഷ്ഠിക ബ്രഹ്മചര്യം അനുഷ്ഠിച്ചിരുന്നു എന്റെ ബൈക്ക് അവൻ ഇടക്കിടക്ക് എടുത്തുകൊണ്ടു പോവാൻ തുടങ്ങി. പക്ഷേ ഞാനും വേണുവും എന്ത് പറഞ്ഞാലും “വി ആർ ജസ്റ്റ് ഫ്രണ്ട്‌സ്” എന്ന ഒരൊറ്റ വാക്കിൽ അവൻ മറുപടി തരും. അങ്ങനെ ആറേഴു മാസം കഴിഞ്ഞുപോയി. എന്നും സപ്ലികളെക്കുറിച്ചു പറഞ്ഞുകൊണ്ടിരുന്ന അവൻ അവളെക്കുറിച്ച് പറയാൻ തുടങ്ങി. കൈ പോലും മര്യാദക്ക് കഴുകാത്തവൻ ടിഷ്യൂ പേപ്പർ ചോദിച്ചുവാങ്ങി കൈ തുടക്കാൻ തുടങ്ങി. മൊത്തത്തിൽ റേഷൻ കടയിൽ മണ്ണെണ്ണ വാങ്ങാൻ പോവുന്ന പോലെ നടന്നിരുന്നവൻ ഒന്ന് നന്നായി എന്ന് പറയാം.

അതിനിടക്കാണ് ആ മാരക ട്വിസ്റ്റ് സംഭവിച്ചത്. അവളുടെ അച്ഛന്റെയും അമ്മയുടേം ഷുഗറും പ്രഷറും അവരെക്കൊണ്ട് ഹീരയുടെ കല്യാണം എന്ന ടോപിക്കിൽ എത്തിച്ചു. അച്ഛന്റെ സുഹൃത്തിന്റെ മകനായതുകൊണ്ട് കാര്യങ്ങൾ പെട്ടന്നായിരുന്നു. ഒരു ഫോർമാലിറ്റിക്ക് പെണ്ണുകാണൽ നടത്തിയ ശേഷം രണ്ടു മാസം കഴിഞ്ഞു കല്യാണം ഫിക്സ് ചെയ്തു. പയ്യൻ അബുദാബിയിലായതുകൊണ്ട് ഹീര ജോലി രാജി വച്ചു. അങ്ങനെ അവൾ തിരിച്ചുപോവുന്ന ദിവസത്തിനു തലേദിവസം അവളെക്കണ്ട് ഒരു ബായ് പറഞ്ഞു വരാം എന്നുപറഞ്ഞു ഇറങ്ങിയതാണ് ദാസൻ.

മൂന്നര മണിയോടെ അവൻ ഞങ്ങളുടെ റൂമിലെത്തി. അതുകണ്ട വേണു എന്നോട് ഉറക്കെ ചോദിച്ചു
“അളിയാ പരിശുദ്ധ സൗഹൃദത്തിന്റെ ബ്രാൻഡ് അംബാസഡർ എത്തിയോ?”
“നീയൊന്നു മിണ്ടാണ്ടിരുന്നേ വേണൂ. ചെക്കൻ ആകെ ഡൗണാണ് തോന്നുന്നു” ഞാൻ വേണുവിനോട് ചൂടായി.
“പറയാനുള്ളതൊക്കെ പറഞ്ഞു തീർത്തോ ദാസാ?” ഞാൻ ചോദിച്ചു.
“എന്ത് പറയാൻ. പറഞ്ഞു തീർക്കാൻ മാത്രം ഞങ്ങൾ തമ്മിൽ എന്താണുള്ളത്?” അവൻ എന്നോട് ഇത്തിരി ദേഷ്യം കലർത്തി ചോദിച്ചു.
“നിനക്ക് വേണമെങ്കിൽ ഒന്ന് നോക്കാമായിരുന്നു. നിങ്ങടെ കാസ്റ്റ് തന്നെയല്ലേ, മാത്രമല്ല നിന്റെ വീട്ടിനു രണ്ടു രണ്ടര മണിക്കൂർ ദൂരമല്ലേയുള്ളൂ” ഞാൻ പറഞ്ഞു.
“നീയൊന്നു മിണ്ടാണ്ടിരുന്നേ. ഇവിടെ ബാക്കിയുള്ള പന്ത്രണ്ട് സപ്ലി എഴുതി തീർത്തിട്ട് വേണം എജ്യുക്കേഷൻ ലോൺ അടക്കാൻ. പോയത് പോട്ടെ. നമ്മള് വെറുതെ ആവശ്യമില്ലാതെ ഓരോന്ന് ആലോചിച്ചിട്ട് കാര്യമില്ല. കെട്ടാൻ കൈ മാത്രം പോരല്ലോ” അവൻ പറഞ്ഞു.
“പോവാൻ പറ ദാസാ. നിനക്ക് ഓളെക്കാൾ നല്ലവളെ കിട്ടും.” ഞാൻ മറ്റെല്ലാവരും പറയുന്ന ഡയലോഗ് അതുപോലെ പറഞ്ഞു.
“ഞാൻ ഇവളടക്കം ഒരുപാട് പേരെ കണ്ടിട്ടുള്ളതാ. എന്താ വ്യത്യാസം ന്നു വച്ചാൽ.. ഇവളെ വച്ചാണ് ബാക്കിയുള്ളവരെ കമ്പയർ ചെയ്യുന്നത് എന്നുമാത്രം.” അവൻ സെന്റിമെന്റലായെങ്കിലും പുറത്തു കാണിക്കാതെ പറഞ്ഞു.

“എടാ ദാസാ കെ.എസ്.ആർ.ടി.സി യുടെ ടൌൺ ടു ടൌൺ ബസ്സ് പോയാൽ വോൾവോ എ.സി ബസ്സ് കിട്ടും. അല്ല പിന്നെ” ഞാൻ ആശ്വസിപ്പിച്ചു.
“ടൌൺ ടു ടൌൺ ബസ്സിന്റെ സൈഡ് സീറ്റിലിരുന്നു പോവുന്ന സുഖം വോൾവോയുടെ ബസ്സിനു തരാൻ കഴിയില്ലല്ലോ ഷാജിയേട്ടാ” അവൻ എന്നെ നോക്കിപ്പറഞ്ഞു.
അവൻ പേഴ്‌സ് എടുത്ത് മേശയുടെ മുകളിൽ വയ്‌ക്കുന്നതിനിടയിൽ ഒരു വെളുത്ത കടലാസു കഷണം നിലത്തു വീണു. അവൻ ആ കടലാസിലേക്ക് നോക്കി നിന്നു.
“എന്താടാ അത്?” ഞാൻ ചോദിച്ചു.
“എന്റെ ഭൂതകാലം” ഇതും പറഞ്ഞുകൊണ്ട് അവൻ എം.ജി മെസ്സിൽ കിട്ടുന്ന ആ വെളുത്ത ടിഷ്യൂ പേപ്പർ എടുത്ത് ജനലിലൂടെ പുറത്തേക്കെറിഞ്ഞു.
‘പോയത് പോട്ടേ” എന്ന് ഇടക്കിടക്ക് റൂമിലെ ചെയറിലിരുന്ന് ദാസൻ പറയുന്നുണ്ടായിരുന്നു.
“അവളോട് പോവാൻ പറയെടാ. അല്ലെങ്കിലും അതൊരു ഊള സാധനമാണ്” ഞാൻ അവനെ മോട്ടിവേറ്റ് ചെയ്യാൻ പറഞ്ഞു. എന്നെ ഷാർപ് ആയൊരു നോട്ടം നോക്കിയിട്ട്  ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു
“അളിയാ, നീ എന്നെ മോട്ടിവേറ്റ് ചെയ്യാൻ പറഞ്ഞതാ എന്നറിയാം. പക്ഷേ അതിന് അവളെ ഇങ്ങനെ പറയേണ്ട. ഷി ഈസ് എ വണ്ടർ ഗേൾ ഐ ഹാവ് എവർ മെറ്റ്”
“ഊഞ്ഞാലാടി വന്നാലും ഇംഗ്ലീഷേ പറയൂ” വേണു അവനെ ചൂടാക്കാൻ പറഞ്ഞു. ദാസൻ അവനെ കടുപ്പിച്ചു നോക്കി.
“പണ്ട് രേഷ്‌മ പോയപ്പോൾ എന്റെ അവസ്ഥയും ഇങ്ങനെയായിരുന്നു” വേണു അവന്റെ പഴയകാല കോഴിക്കഥ പറയാൻ തുടങ്ങി. ദേഷ്യം വന്നു വട്ടായിരിക്കുന്ന ദാസൻ കൈയിൽ കിട്ടിയ പഴയ മൊബൈൽ കവറെടുത്ത് വേണുവിന് നേരെ എറിഞ്ഞുകൊണ്ട് പറഞ്ഞു
“കൊടുങ്കാറ്റിൽ ആന പാറിയ കഥ പറയുന്നതിനിടക്കാണ് അവന്റെ കോണകം പാറിയ കഥ”. കാര്യം ദാസൻ ദേഷ്യം കൊണ്ട് പറഞ്ഞതാണെങ്കിലും ഞാൻ ചിരിച്ചു മറിഞ്ഞു.
“നീ അന്ന് പാടിയ ആ രണ്ടുവരി തുണ്ടുകവിത ഒന്ന് പാടാമോ അളിയാ?” ദാസൻ ചോദിച്ചു.
“നീ അന്ന് എടുത്തുകൊണ്ടു പോയി കളയാൻ പറഞ്ഞ ആ രണ്ടുവരിയോ?” ഞാൻ സംശയത്തോടെ നോക്കി.
“അതേ”
“കള്ളടിച്ചവനേ കരിമീനിന്റെ സ്വാദറിയൂ എന്ന് കേട്ടിട്ടില്ലേ? നീ പാടെടാ, അവനിപ്പോ ഇഷ്ടപ്പെടും. ഞാനും കൂടാം” വേണു പറഞ്ഞു. അങ്ങനെ വേണുവിനു വേണ്ടി ഞാൻ ഉണ്ടാക്കിയ ആ തുണ്ടുകവിത ഞങ്ങളൊരുമിച്ച് പാടി

“ഒരുനാള് കൊഴിയുമെന്നറിയാമതെങ്കിലും
ഒടുവിലായ് കൊഴിയുവാനാഗ്രഹിച്ചു..
ഒരുപാട് പറയുവാനിനിയുമുണ്ടെന്നാലും
പകുതിയായ് കേട്ടുനീ പോയ്‌മറഞ്ഞു..”

നോട്ട്: ബീഫ് കഴിക്കാനാഗ്രഹിക്കുന്ന കോയമ്പത്തൂർ ഉള്ളവർ ഹോപ്പ് കോളേജ് സ്റ്റോപ്പിലെ സുമിത് ഹോസ്പിറ്റലിന്റെ പുറകിലുള്ള രാജം ഹോസ്പിറ്റലിന് മുന്നിലുള്ള എം.ജി മെസ്സിൽ പോയിനോക്കുക.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.