അസാധാരണമാം വിധമാണ് പലപല മീശകൾ പലവഴിയെ ഓർമ്മയിലേക്ക് അതിന്റെ രോമപ്പടുതി നീട്ടിയത്.

‘ധ’ ആകൃതിയിൽ ഇരുപുറവും ജെല്ലിതേച്ച് കൊമ്പിപ്പിച്ച ഒരു സർദാർജ്ജി തൊണ്ണൂറുകളിലെ എന്റെ ബോംബെ ജീവിതത്തിൽ ഥാനാ ടു വി ടി ബോഗികളിൽ പലവുരു എനിക്കരികിൽ വന്നുനിന്നു. ഓടുന്നവണ്ടിയിൽ കുത്തനെ നിന്നുകൊണ്ട് അയാൾ കൈയ്യിലെ പഞ്ചാബി പത്രത്തിൽ മുഴുകും. അയാളുടെ മീശപോലെ അറ്റം കൂർത്ത അക്ഷരങ്ങളായിരുന്നു പഞ്ചാബിലിപികളുമെന്ന് ഞാനയാളെനോക്കി സ്വയം സല്ലപിച്ചിരുന്നു.

തിരുപ്പൂർ ജീവിതകാലത്ത് ടി വി എസ് വണ്ടിയിൽ എനിക്കുമുന്നിൽ പലവട്ടം വന്നിറങ്ങിയ രാമനായ്ക്കരുടെ മീശ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. പനത്തേങ്ങയിൽ നിർമ്മിച്ച ആൺമുഖം പോലത്തേതിൽ നിന്ന് കീഴ്ച്ചുണ്ടിനടിയിൽ നിന്നും ഇത്തിരിരോമം മാത്രം ചുരണ്ടിക്കളഞ്ഞ് ബാക്കിയൊക്കെ മീശയാണെന്നപോലെയാണയാൾ വളർത്തുന്നത്. ആ മീശപോറ്റുന്ന ശബ്ദം അത്രക്ക് ഘർഷണമുളവാക്കുന്നതായിരുന്നു കേൾവിക്കാരന്. അയാൾ നിത്യവും ചിട്ടിപിരിച്ചും മീശപിരിച്ചും എന്റെ മുന്നിൽ ഒരേ താളത്തിൽ ജീവിച്ചു. അജാനുബാഹുവായ അയാൾ ടി വി എസ് എന്ന സാധുവാഹനത്തിൽ യാത്ര ചെയ്യുന്നത് അത്രക്ക് അരോചകവുമായിരുന്നു.

വയനാട്ടിലെ വാളാട് കുന്നിൻ നെറുകയിൽ ആസ്ത്മാക്കുള്ള മരുന്നുതേടിച്ചെന്ന എന്റെ ശ്വാസം നിലച്ചുപോകും വിധമായിരുന്നു ആദിവാസി മൂപ്പൻ വൈദ്യരുടെ താടി മീശ. ഉരുണ്ട് ജടകെട്ടി അതൊരു രുദ്രാക്ഷമാലയായി മാറിയിരുന്നു.

അതിനുമുമ്പെപ്പൊളോ, മടപ്പള്ളിയിൽ കണ്ട ഭ്രാന്തനെ മുണ്ഡനം ചെയ്യിച്ച്, ക്ഷൗരം ചെയ്യിച്ച് പുതുവസ്ത്രങ്ങളണിയിച്ചപ്പോൾ, അന്നേരമാണ് അയാൾ കൂടുതൽ നഗ്നനും വിരൂപനുമായിപ്പോയെന്നുതോന്നിയ തോന്നലുകളും ഇപ്പോൾ എനിക്കു പിന്നാലെ വരുന്നുണ്ട്.

അടക്കം ചെയ്ത് ഇരുപത്തിഎട്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും ദാലിയുടെ മീശ മേലോട്ടുതന്നെ നിന്നിരുന്നെന്ന് വായിച്ച ഒരോർമ്മയുണ്ട്. കലാചരിത്രത്തിലെ തന്നെ നിര്‍ണായകമായ ഒരു സംഭവമായിരുന്നു അന്ന് സ്‌പെയ്‌നില്‍ നടന്നത്. സര്‍റിയലിസ്റ്റ് കലാശാഖയുടെ പ്രമുഖ വക്താവായിരുന്ന ചിത്രകാരന്‍ സാര്‍വദോര്‍ ദാലിയുടെ ജഡം ഡി എൻ എ പരീക്ഷണങ്ങൾക്കായി പുറത്തെടുത്തപ്പോള്‍ എംബാം ചെയ്ത ശരീരത്തിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ലെന്നും മീശപോലും അതേ മൂർച്ചയോടെ നില്ക്കുകയായിരുന്നെന്നും കണ്ടെത്തുകയായിരുന്നു.

അധികാരം കൊണ്ടും വംശവെറികൊണ്ടും ലോകത്തിലെ ഏറ്റവും ക്രൂരനായ ഹിറ്റ്ലർക്കുനേരെ അക്കാലത്തെ ഏറ്റവും ദുർബ്ബലനായ മറ്റൊരു മനുഷ്യൻ വന്നുനിന്നത് അയാളുടെ മീശകൾക്കു കുറുകെ ഫലിതാകൃതിയിൽ ഗില്ലറ്റിൻ പായിച്ചാണ്. കരയുന്നത് ആരുമറിയില്ലെന്ന കാരണത്താൽ മഴയത്തു നടക്കാൻ കൊതിച്ച ആ മഹാനടൻ ചാപ്ലിനേയും ഞാനിന്ന് ഏറെനേരം ഓർത്തു.

ഇപ്പറഞ്ഞ വേഷങ്ങളൊക്കെ അവരവരുടെ മീശകൾക്കു ചോട്ടിലൂടെ തനതു ജീവിതങ്ങളാടിപ്പോയവരാവാം. പക്ഷേ മതമീശകൾ പിരിച്ചുവെച്ച് കാലം നമുക്കുപിന്നാലെ പായുമ്പോൾ ഞാൻകണ്ട വിചിത്രമീശകളെ ഓർത്ത് ഭയന്ന് ഞാനെന്റെ ഏകാന്തതയിൽ കൂനിക്കൂടിയിരിപ്പാണ്. മീശവെക്കാൻ കരമൊടുക്കിയ ഒരു കാലമുണ്ടായിരുന്നു നമുക്ക്! ഉയർന്ന ജാതിക്കാർ വെക്കുന്ന ആകൃതിയിൽ കീഴ്ജാതിക്കാർ മീശവളർത്തിയതു കാരണം അന്യസംസ്ഥാനങ്ങളിൽ നടപ്പാക്കപ്പെടുന്ന കൈയ്യേറ്റങ്ങളും കൊലയും വാർത്തകളേയല്ല. നമ്മളിപ്പോൾ പതിയെ അന്യസംസ്ഥാനമാവുകയാണ്. അവനവനെ അറിയുക എന്നതിൽ നിന്നും സ്വയം അന്യമാകുക എന്നൊരു രീതിയിലേക്ക് മതം അതിന്റെ പാഠശാലകൾ തുറക്കുകയാണ്.

എഴുത്തുകളൊക്കെ ഫ്രന്റ്സ് ഓൺലി ആക്കിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് Saradakutty ടീച്ചർ അവരുടെ ഒരു പോസ്റ്റിനുള്ള എന്റെ കമന്റിന് മറുപടി പറഞ്ഞത്. ക്രമേണ നമ്മുടെ എഴുത്തുകളൊക്കെ ഫ്രന്റ്സ് ഓൺലിയിൽ നിന്നും ചുരുങ്ങി ഓൺലി മി ആവും. അങ്ങിനെ അങ്ങിനെ നമ്മൾ ജീവിച്ചിരിക്കുന്നതിന്റെ ഒച്ചകൾ നിലക്കും. അച്ചടി മാദ്ധ്യമങ്ങൾ ഫ്രൻസ് ഓൺലി എഡിഷനുകൾ ആലോചിക്കുന്ന കാലം വിദൂരമല്ല.

എസ്. ഹരീഷിനെ നേരിട്ട് പരിചയമില്ല. ‘ഓർമ്മ ഒരു മഴക്കാലമാണ്’എന്ന എന്റെ ആദ്യപുസ്തക ത്തിന്റെ പുറംചട്ടയിൽ കല്പറ്റ നാരായണൻമാഷ് എന്നേയും ഹരീഷിനേയും ഒറ്റവരിയിൽ കെട്ടിയിട്ടിട്ടുണ്ട്. അന്നു തുടങ്ങിയതാണ് ഒരു മീശരോമം എന്നിൽ നിന്നും അയാളിലേക്കു വളരാൻ. ചങ്ങാതീ ഓരോ ദിവസവും ഉറക്കമുണർന്നാൽ നമ്മളാദ്യം വിളിച്ചു പറയേണ്ടത് ഇന്നലെ രാത്രി നമ്മൾ കൊല്ലപ്പെട്ടില്ല എന്നതു മാത്രമാണ്.

Dharma Raj Madappally
"A writer should write what he has to say and not speak it."

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.