അയാള്‍ പുഴുക്കുത്തുള്ള റേഷനരി കൈവെള്ളയിലിട്ട് കടക്കാരനോട് ചോദിച്ചു;
ഇതെങ്ങനെയാ മനുഷ്യന്‍ കഴിക്കുന്നത് ..?

ഒരു രൂപയ്ക്ക് കിട്ടുന്നതല്ലേ..വേണേല്‍ വാങ്ങിച്ചിട്ട് പോ..കൂടുതല്‍ വര്‍ത്തമാനം പറയേണ്ട.

നാലു പുളിച്ചതെറി വായിലേക്ക് തികട്ടിവന്നെങ്കിലും, വീണ്ടും തനിക്കീ റേഷന്‍കടയില്‍ വരേണ്ടതാണെന്ന ബോധ്യം അയാളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.
അല്ലേലും പാവപ്പെട്ടവന് അന്നും ഇന്നും ഒരേ അവഗണനയാണ് എവിടെയും.

പുറത്ത് നിലം കുത്തിപ്പെയ്യുന്ന മഴ.

തകരട്ടിന്നില്‍ കോരിത്തന്ന എട്ടുകിലോ അരിയെ തലയിലേക്ക് ഉയര്‍ത്തിവെച്ച്, നാലാം ക്ളാസുകാരിയുടെ കുടവട്ടത്തിലേക്ക് അയാള്‍ ചുരുങ്ങി. കുപ്പായക്കോളറിന്‍റെ ഉള്ളിലൂടെ, കുടയുടെ പിടിയെ ഇറക്കിവിട്ട് കൈകള്‍ സ്വതന്ത്രമാക്കി, നീളം കൂടിയ കാവിമുണ്ട് മടക്കിക്കുത്തി, ദാരിദ്രരേഖയുടെ വരയ്ക്ക് കീഴിലൂടെ അയാള്‍ നെഞ്ചും വിരിച്ച് നടന്നു.
നടപ്പിനിടയില്‍ ഒന്നു ചെരിഞ്ഞ് ,ട്രൗസറിന്‍റെ വലത്തേ കീശയില്‍ നിന്നും ബീഡിയും തീപ്പെട്ടിയും വലിച്ചെടുത്ത്, ഒരെണ്ണം കടിച്ചുവലിച്ചെടുത്ത് കത്തിച്ചു. കത്തിയബീഡി ചുണ്ടിലുറപ്പിച്ച് ബീഡിക്കെട്ടും തീപ്പെട്ടിയും യഥാസ്ഥാനത്തെത്തിച്ചു. അതിനിടയില്‍ രണ്ട് പുക അകത്തേക്കും പുറത്തേക്കും സഞ്ചാരം കഴിഞ്ഞ് മഴയത്തിറങ്ങിപ്പോയിരുന്നു.

കുട തരില്ലെന്ന് വാശിപിടിച്ചുകരയുന്ന അമ്മാളുവിന്‍റെ മുഖം അയാളുടെ മനസ്സില്‍തെളിഞ്ഞു. കഴിഞ്ഞ രണ്ടുതവണയും കടയില്‍ പോയിവരുമ്പോള്‍ കക്ഷത്തായിരുന്ന കുട ഇന്നാണ് നിവര്‍ന്നു നിന്നത്. ആ രണ്ടുതവണയും ചുണ്ടില്‍ നിന്നും ബീഡിക്കനലൂര്‍ന്ന് കുടയില്‍ ചെറിയ തുളവീണതു കണ്ട് അമ്മാളു പൊട്ടിക്കരഞ്ഞ് കുടവലിച്ചെറിഞ്ഞ് അകത്തേക്ക് നടന്നു പോവുന്ന കാഴ്ച്ച അയാള്‍ കൗതുകത്തോടെ നോക്കിനിന്നിരുന്നു. ഇത്തവണ ഏതായാലും നിവര്‍ന്ന കുടയെ വീടെത്തുന്നതുവരെ താഴെയിറക്കേണ്ടെന്നത് അയാളെ സന്തോഷിപ്പിച്ചു.

റോഡില്‍ നിന്നും പാടത്തേക്കിറങ്ങുമ്പോള്‍
വരമ്പു ചാടിമറിഞ്ഞ് ഒരു നീര്‍ക്കോലി വെള്ളത്തിലേക്ക് മുങ്ങാംകുഴിയിട്ടു. മഴകണ്ട് ഒറ്റയടിവീതിക്കുള്ളില്‍ കയറിനിന്ന തവളകള്‍ കാല്‍വിരലിലേക്കും വരമ്പത്തെ പുല്ലിനിടയിലേക്കും മലക്കം മറിഞ്ഞു. അമര്‍ന്നുനിന്ന് കിളയ്ക്കുന്ന ഇടം കാലിലെ ഞരമ്പുകള്‍ ഉയര്‍ന്നുതടിച്ച് , മണ്ണിനുമീതെയുള്ള വേരിന്‍റെ രൂപത്തിലേക്ക് പരിണമിച്ചിരുന്നു.

ഒരു നിമിഷം വരമ്പില്‍ നിന്നുകൊണ്ട് അയാള്‍ രണ്ടാമത്തെ ബീഡിക്ക് തീക്കൊളുത്തി. കുടയറ്റത്തുകൂടെ കുതിച്ചിറങ്ങുന്ന മഴയൊഴുക്കിനെ കൈനീട്ടിപ്പിടിച്ച്, ഉള്ളംകൈ നിറച്ച് വിരല്‍കൂട്ടിപ്പിഴിഞ്ഞ് ഉടുമുണ്ടില്‍ കൈപ്പടം തുവര്‍ത്തി. തലക്കുട ചൂടിയ കര്‍ഷകനെപ്പോലെ പാടം മുറിച്ചുകടന്ന് വീടിന്‍റെ പടിക്കലെത്തിയപ്പോള്‍ നീട്ടിവിളിച്ചു.
അമ്മാളൂ…..
അമ്മാളൂ….

ആരും അയാളെ വരവേറ്റില്ല. മുറ്റത്തുനിന്ന് അരിയും കുടയും ഒന്നിച്ചു തലയില്‍നിന്നിറക്കി, കുടയെ വരാന്തയിലെ അരഭിത്തിയിലേക്കും അരിയെ അടുക്കളയിലേക്കും സ്വതന്ത്രരാക്കി.

മുറ്റത്ത്, അയാളുടെ കാലടയാളമുള്ള മഴക്കുഴിയിലേക്ക് ജലമൂര്‍ന്ന് നിരന്നു.

താന്‍ നടന്നുതീര്‍ത്തവഴിയിലെ അവസാനത്തെ അടയാളവും മാഞ്ഞുപോവുന്നത് അയാള്‍ നോക്കിനിന്നു.

Saji Kalyani
Writer and poet in malayalam

1 Comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: