27.5 C
Bengaluru
January 17, 2020
Untitled

മഴ നനഞ്ഞ കാക്ക

മഴ നനഞ്ഞ കാക്ക - MAZHA-NANANJA-KAKKA-BOOK

   ജല മനുഷ്യൻ

ഊറ്റു പൊട്ടി വരും വെള്ളം
ചോരക്കുഞ്ഞിന്റെ കണ്ണുകൾ,
വളരാനുള്ള വെപ്രാളം
തള്ളി മാറ്റുന്നു കല്ലിനെ.

കിണർ വെള്ളം താരാട്ടിന്നു
കൊതിച്ചീടുമിളം പൈതൽ
പുലരുമ്പോൾ കോരിയെടുക്കാൻ
തോന്നിപ്പിക്കുന്നൊരാർദ്രത .

നിറഞ്ഞോടും തോട്ടു വെള്ളം
സ്കൂളിൽ തോറ്റു പഠിച്ചവൻ!
നെല്ലിൻ പാവാടയിൽ മഷി-
കുടഞ്ഞേറെ ചിരിച്ചവൻ.

ഒഴുകുന്ന പുഴവെള്ളം
പ്രണയിച്ചു നടപ്പവൻ
കായൽ കാത്തു കിടക്കുന്നു
അണകെട്ടി നിറുത്തൊലാ.

സമുദ്രം, ജല വാർദ്ധക്യം
നീറുന്ന മൗന ഭാഷയെ
നീലത്തിരമാലയാക്കി
തീരങ്ങളെ തലോടവേ,

മുത്തച്ചിപ്പികൾ ത്തരാമെ-
ന്നാരെ മാടി വിളിച്ചുവോ
അപാരത തൊട്ടിത്തിരി-
യുപ്പു നോക്കാൻ ക്ഷണിച്ചുവോ ?

കവി – Kalathara Gopan
സമാഹാരം – “മഴ നനഞ്ഞ കാക്ക”

Kalathara Gopan

കവിതയിൽ കാഴ്ചയൊരുക്കുന്നത് ആരോപിതങ്ങളിലൂടെയാണെങ്കിൽ അതിനുപയോഗിക്കുന്ന പ്രതീകങ്ങൾ നിറമുള്ള കിനാവുകൾ പോലെ വായനക്കാരനെ പിൻ തുടർന്നു കൊണ്ടേയിരിക്കും. ഈ പിൻതുടർച്ച അവന്റെ ചിന്തകളെ കവിതയിൽ നിർത്തിക്കൊണ്ട് തന്നെ പല തലങ്ങളിലേയ്ക്ക് എടുത്തെറിയുന്നു.ഈയേറ് കവിതയെ അനേകം കഷ്ണങ്ങളാക്കി വ്യാഖ്യാനിക്കുന്നു. ശ്രീ.കളത്തറ ഗോപന്റെ ‘ജല മനുഷ്യൻ’ എന്ന കവിത ജല സഞ്ചാരങ്ങളുടെ മാനുഷിക വശമാണ്. ജലമെന്ന നിത്യത അതിന് ഭൂമിയിൽ ഇടപെടാൻ ഒരുക്കിയിട്ടുള്ള വഴികളിലൂടെ നടത്തുന്ന ഇടപെടലുകളിൽ ചിലതിനെ മനുഷ്യ ജീവിത ചക്രവുമായി താരതമ്യപ്പെടുത്തുകയാണ് കവിയിവിടെ.കല്ലുകളെത്തട്ടിമാറ്റി വഴി തെളിച്ചെടുക്കുന്ന ” ഊറ്റു പൊട്ടി വരും വെള്ളം ” വളരാൻ വെമ്പുന്ന ചോരക്കുഞ്ഞിന്റെ കണ്ണുകളാണ് കവിക്ക് .ജീവിതാവസാനം വരെ വളരാനാഗ്രഹിക്കുന്ന മനുഷ്യനും ഒഴുകിത്തീരും വരെ നിലയ്ക്കാതിരിക്കുന്ന ജലവും തമ്മിലുള്ള കാവ്യാത്മകമായൊരിണ ചേരൽ !. കിണർ വെള്ളം താരാട്ടിനു കൊതിക്കുന്ന ഇളമ്പൈതലാണ്. കോരിയെടുത്ത് നിർവൃതിയടയാനായി ഒരുക്കിക്കൂട്ടി വച്ച നന്മയാണ് കിണർ വെള്ളം. പൈതൽ ഇതു പോലെയുള്ള ഒരു സമ്മാനമാണ് .ആർദ്രതയോടെ ആരും കോരിയെടുത്ത് താരാട്ടു പാടി ലാളിച്ചു പോകുന്നൊരു വലിയ സമ്മാനം.
സ്കൂളിലെ ഏതെങ്കിലുമൊരു ക്ലാസ്സിലെ അവസാന ബഞ്ചിൽ തഴമ്പുറപ്പിച്ചു കഴിയുന്ന ചില കുട്ടിക്കുസൃതികൾ ( ഇന്ന് ക്ലാസ്സുകളിൽ ഇല്ലെന്നു തന്നെ പറയണം ) ഓർമ്മയുടെ താലത്തിൽ കണി വെള്ളരി തന്നെയാണ്. കൗമാരത്തിന്റെ തിരച്ചൂടിൽ വളർന്നവനായി തന്നെ സ്വയം തോന്നലന്നെ ബലത്തിൽ കൂട്ടുകാരികളിലൊരുത്തിയോടുള്ള പ്രണയവും മനസ്സിലൊളിപ്പിച്ച് ഒരു തമാശയ്ക്കു വേണ്ടി അവരിൽ ചിലരുടെ പാവാടയിൽ മഷി തെറിപ്പിച്ച്‌ ജീവിതമാഘോഷിച്ച് തിമർക്കുന്നവൻ .’ജല മനുഷ്യൻ’ എന്ന കവിതയിൽ ” തോട്ടു വെള്ളം ” കവിക്ക് ഇതു പോലെ
“സ്കൂളിൽ തോറ്റു പഠിച്ചവൻ !”
ആണ്. ആർത്തലച്ച് ഓടിയൊഴുകി ഏതെങ്കിലും വയലിലോ കുളത്തിലോ വിലയം പ്രാപിക്കുന്നതാണ് തോട്ടു വെള്ളം.ഇങ്ങനെ തന്നെയാണ് ഭൂരിഭാഗം കൗമാര പ്രണയങ്ങളും ഏതെങ്കിലും നാലു ചുവരുകൾക്കുള്ളിൽത്തന്നെ അതവസാനിക്കുന്നു. കവിത “പുഴ വെള്ള “ത്തിലെത്തുമ്പോൾ കവി യൗവ്വനത്തിലൂടെയാണ് നടക്കുന്നത്. അത് അതായത്;പുഴ വെള്ളം പ്രണയിച്ചു നടക്കുന്നവനാണ്. അണകെട്ടി നിർത്താനാവില്ലവനെ .ആർക്കും സാധിക്കില്ലത്.കാരണം; അവനെക്കാത്തൊരു കായ(കാലം) ൽ കിടക്കുന്നുണ്ട്. സമുദ്രമിവിടെ അനുഭവ സമ്പത്തിന്റെ മൂർത്തിമദ് ഭാവമാണ്.
” സമുദ്രം , ജല വാർദ്ധക്യം ”
കുടിച്ചിറക്കിയ കയ്പു നീരിനോട് യാതൊര മർഷവുമില്ലാതെ തീരം തൊട്ടുഴിഞ്ഞ് പോകുന്നവൻ.

ഇത്തരം കവിതകൾ അതർഹിക്കും വിധം വായിക്കപ്പെടുന്നില്ലെന്നതാണ് വിഷ (മം)യം.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.