23.7 C
Bengaluru
June 11, 2020
Untitled

മറുക് ഒരു അടയാളമാണ്

മുഖപുസ്തകത്തിലൂടെ എഴുതി വളർന്ന എഴുത്തുകാരുടെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ‘ബുക്ക് കഫേ’ എന്ന ഈ പുതിയ പരമ്പരയുടെ ആദ്യലക്കം ടീം നീലാംബരി എന്നെ ഏൽപ്പിച്ചപ്പോൾ എന്റെ മേശപ്പുറത്ത് നിരവധി പുസ്തകങ്ങൾ ഉണ്ടായിരുന്നു. എല്ലാവരും എനിക്ക് പ്രിയപ്പെട്ടവർ തന്നെ. മുഖപുസ്തകം നൽകിയ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി വായനക്കാർക്കിടയിൽ സ്വന്തമായി ഇടം നേടിയവരാണ് എല്ലാവരും. എന്നാൽ എനിക്ക് ആദ്യം തെരഞ്ഞെടുക്കേണ്ടിവന്നത് താഹാ ജമാലിന്റെ ‘മറുക് ‘ എന്ന പുസ്തകമാണ്. ബുക്ക് കഫേയുടെ ആദ്യലക്കത്തിലേക്ക് മറുകും താഹാജമാലും കടന്നു വരാൻ രണ്ട് കാരണങ്ങൾ ഉണ്ട്.
ഒന്നാമത്തെ കാരണം താഹാജമാൽ എന്ന കവി മുഖ പുസ്തകത്തിലൂടെ എഴുതി വന്ന എഴുത്തുകാരൻ അല്ല. മറിച്ച് അച്ചടിമാദ്ധ്യമത്തിൽ സ്വന്തം മേൽവിലാസം നേരത്തേ തന്നെ ഉറപ്പിക്കുകയും അതിൽതന്നെ നിന്നുകൊണ്ട് മുഖപുസ്തകത്തിലെ സാദ്ധ്യതകൾ കൂടി പരമാവധി കണ്ടെത്തി ഇവിടെ സജ്ജീവമായ എഴുത്തുകാരനാണ്.
ഏതാണ്ട് 2000 മുതൽ താഹാ ജമാൽ എഴുതിയ 34 കവിതകളാണ് മറുക് എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നുവെച്ചാൽ പല കവിതകൾക്കും പ്രായം പതിനെട്ട് എന്ന് സാരം. പതിനെട്ടെന്നാൽ കൗമാരത്തിന്റെ അവസാനമോ യുവത്വത്തിന്റെ ആരംഭമോ ആയി കണക്കാക്കിയാൽ മറുകിലെ പല കവിതകൾക്കും ഒരു യുവത്വമുണ്ടെന്ന് ഞാൻ പറയും. അതാണ് ഈ പുസ്തകം തെരഞ്ഞെടുക്കാനുള്ള രണ്ടാമത്തെ കാരണം. നീലാംബരിയുടെ ഈ പുതിയ സംരംഭത്തിന് മറുക് ആദ്യത്തെ അടയാളമാകട്ടെ. ഒപ്പം താഹാ ജമാലിന്റെ സാഹിത്യപ്രവർത്തനങ്ങൾക്ക് ഈ അടയാളം ഒരു അലങ്കാരമാകട്ടെ. മറുകിന്റെ രണ്ടാം പതിപ്പിലേക്ക് കടക്കുന്ന ഈ കവിക്ക് നീലാംബരിയുടെ എല്ലാ ആശംസകളും നേരുന്നു.

മുൻപൊരിക്കൽ ഞാൻ പറഞ്ഞിരുന്നത് ഇവിടെ ഒരിക്കൽ കൂടി ആവർത്തിക്കാതെ തരമില്ല. കവികൾ പൊതുവെ ഉഷ്ണമേഖലയിലാണ് താമസിക്കുന്നതെങ്കിൽ കൃത്യമായി ഭൂമദ്ധ്യരേഖയുടെ ഒത്ത നടുക്ക് താമസിക്കുന്ന കവിയാണ് താഹാ ജമാൽ. ആ ഉഷ്ണം പൊള്ളിക്കുന്ന ദർശനങ്ങൾ താഹയുടെ കവിതകളിൽ കാണാനും അനുഭവിക്കാനും നമുക്ക് മറുക് ഒന്ന് മറിച്ചു നോക്കാം. നമുക്ക് പരിചയമുള്ള പലതും ഉണ്ട് ഈ പുസ്തകത്തിൽ. ബന്ധങ്ങൾ, പ്രണയം, തത്വചിന്തകൾ, പ്രകൃതി, സാമൂഹ്യപ്രശ്നങ്ങൾ, കാലികവിമർശനങ്ങൾ അങ്ങനെ വ്യത്യസ്തമായ എല്ലാ വിഷയത്തിലും കവി കൈവെച്ചിട്ടുണ്ട്.

ഭൂമിശാസ്ത്രപരമായി നോക്കിയാൽ കുട്ടനാടിനോട് ചേർന്ന് കിടക്കുന്ന പായിപ്പാട് എന്ന ഗ്രാമത്തിൽ ജനിച്ച താഹാ ജമാലിന് അല്പമൊന്നുമല്ല കുട്ടനാടൻപ്രേമമുള്ളത്. കുട്ടനാടിന്റെ മണ്ണിന്റെ പ്രത്യേകതകളൊക്കെ അതുകൊണ്ടുതന്നെ താഹാജമാലിന് ജന്മസിദ്ധമായി ലഭിച്ചിട്ടുണ്ട്. എത്ര ചവുട്ടിക്കുഴച്ചാലും കൊതിതീരാത്ത പശിമയും എങ്ങനെയെല്ലാം രൂപപ്പെടുത്തിയാലും വിട്ടുപോകാത്ത അന്തസത്തയും താഹയുടെ ഭാഷയിലുള്ളത് ആ മണ്ണിന്റെ ശ്വാസം ലഭിക്കുന്നതുകൊണ്ടാണ്‌.

കുട്ടനാടിനെക്കുറിച്ചുള്ള രണ്ട് കവിതകൾ ഈ സമാഹാരത്തിൽ ഉണ്ട്. ‘കുട്ടനാട്ടിലെ മഴ’ എന്ന കവിതയിലൂടെ ഇന്നത്തെ കുട്ടനാടിന്റെ പുതിയ പ്രവണതകളും ‘വേമ്പനാട്ടുകര’ എന്ന കവിതയിലൂടെ കുട്ടനാടിന്റെ യഥാർത്ഥആത്മാവും കവി നമുക്ക് വെളിപ്പെടുത്തിത്തരുന്നു. രണ്ടിലും രണ്ട് വ്യത്യസ്തമായ വീക്ഷണത്തിലൂടെ ഒരു നാടിനെക്കാണുന്ന കവിയെ നമുക്ക് കാണാം.

താഹാ ജമാലിന് പ്രണയമുണ്ടോ എന്നത് എന്നിലെ വായനക്കാരന്റെ ന്യായമായ ഒരു സംശയമാണെന്ന് പറഞ്ഞാൽ താഹാ ജമാൽ പോലും അത് സമ്മതിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. പ്രണയത്തെക്കുറിച്ച് എഴുതുമ്പോഴെല്ലാം വല്ലാതെ പിശുക്കുകാണിക്കുന്ന കവിയുടെ പ്രണയകവിതകൾക്ക് മിക്കവാറും എട്ടു വരികൾ മാത്രമേയുള്ളു എന്നതാണ് ഈ പ്രണയപ്പിശുക്ക് ഞാൻ നിരീക്ഷിക്കാൻ കാരണം. പിശുക്ക് കൂടുതൽ കാണിക്കുന്നവരാണല്ലോ എന്തും മറ്റൊരാൾക്ക് കൊടുക്കാൻ മടി കാണിക്കുന്നത്. കവിയുടെ പ്രണയം ഒരിക്കലും ആർക്കും വിട്ടുകൊടുക്കാൻ കവിക്ക് കഴിയുന്നില്ല എന്നതിനുള്ള തെളിവാണ് പ്രണയം എന്ന പേരിൽ തന്നെയുള്ള കവിത. വായനക്കാരന് വിട്ടുകൊടുത്ത ആ കവിതയിലെ എട്ടുവരികൾ ഈ കവിയുടെ പ്രണയസങ്കല്പങ്ങളുടെ എട്ടു നിലകളാണ്. ഈ കവിതയിലെ കഥാപാത്രങ്ങളായ നീലാകാശവും നീലക്കടലും പല കവികൾക്കും പല രീതിയിലുള്ള പ്രണയബിംബങ്ങളാണ്. എന്നാൽ എത്രയോ നാളായി നേർക്കുനേരേ നിന്നിട്ടും ഇവർ ഒന്നായില്ല എന്നും വഴിപിഴച്ചില്ല എന്നുമുള്ള കണ്ടെത്തൽ താഹാ ജമാലിനു മാത്രം അവകാശപ്പെട്ട നിരീക്ഷണമാണ്. അതാണ് താഹാ ജമാൽ നൽകുന്ന പ്രണയസന്ദേശം.

‘പ്രണയപ്പനി’ എന്ന കവിതയിലെ വിമർശനവും  ‘പ്രണയാനന്തരം’  എന്ന കവിതയിലെ മുന്നറിയിപ്പും  ‘കരിയില’ എന്ന കവിതയിലെ കല്പനയും ‘ ഹൃദയാർദ്രമായ പ്രണയത്തിന്റെ ഓർമ്മയ്ക്ക്’ എന്ന കവിതയിലെ വിരഹഗന്ധവുമെല്ലാം കവിയുടെ പ്രണയപ്പിശുക്ക് മറികടക്കുന്ന രചനകളാണ്.

ലോകത്താകമാനമുള്ള വൈകാരികഭാവങ്ങളുടെ ചക്രവർത്തിമാരായിട്ടാണല്ലോ കവികളെ ഒരു കൂട്ടമാളുകൾ വിലയിരുത്തുന്നത്. നമ്മുടെ ഈ കവിയിലും കാണാം അല്പസ്വല്പം ഈ അസുഖം. ബന്ധങ്ങളുടെ തീവ്രതയും അത് വെട്ടിമുറിക്കുമ്പോൾ ഒഴുകുന്ന ചോരയുടെ ഗന്ധവും നല്ല അയൽക്കാരൻ പോകുമ്പോൾ, തലച്ചോറുകൊത്താൻ വന്നവർ, ടെറാഫെസ്റ്റിലെ മതിലറ്റങ്ങൾ, നല്ല നാട്ടുകാർ തുടങ്ങിയ കവിതകളിലൂടെ നമ്മൾ അനുഭവിക്കുന്നു.

എത്ര തവണ തിരിച്ചും മറിച്ചും ഇട്ടാലും ആവി മാറാത്ത ദർശനങ്ങൾ ഉണ്ട് അരിമ്പാറ, മറുക് തുടങ്ങിയ കവിതകളിൽ. ഇത് രണ്ടും മനുഷ്യന്റെ പ്രധാന തിരിച്ചറിയൽ രേഖകളാണ്. ഒരാളിൽ നിന്നും മറ്റൊരാളിനെ മാറ്റി നിർത്തുന്ന അടയാളങ്ങൾ. ഇതിനെ രണ്ട് കാഴ്ചയിലൂടെ കാണാൻ ആണ് കവിയുടെ ശ്രമം. അരിമ്പാറയിൽ അല്പം കടുപ്പം കുറച്ചും മറുകിൽ അല്പം കടുപ്പം കൂട്ടിയും കവി പകർന്നു നൽകുന്ന ദർശനങ്ങൾക്ക് നല്ല ആഴമുണ്ട്. കാണാതായാൽ കണ്ടു പിടിക്കാൻ എളുപ്പം എന്ന് വീട്ടുകാർ ആശ്വസിക്കുന്ന മറുക് ശരീരത്തിന്റെ മാത്രമല്ല മനസിന്റെയും അടയാളമാണ് എന്ന ദർശനമാണ് കവി നമുക്ക് തരുന്നത്. ആ അടയാളം പിന്നീട് ഒരു ഭാഷയും അറിവും സംസ്ക്കാരവും സംസ്കൃതിയും ഒക്കെയായി നിർവ്വചിക്കപ്പെടുന്നു. മതക്കാരന് മതം ചാർത്തിക്കൊടുക്കുന്ന അടയാളങ്ങളെ മറുകായി നിർവ്വചിച്ചുകൊണ്ട് ദർശനത്തെ വിമർശബുദ്ധിയോടെ സമീപിക്കാനും കവിക്ക് കഴിയുന്നുണ്ട്. എടുത്തു മാറ്റാനും ഉപേക്ഷിക്കാനും കഴിയുന്ന അടയാളങ്ങളെല്ലാം ഒന്നുകിൽ എടുത്തുകളയുകയോ ഉപേക്ഷിക്കുകയോ ചെയ്യണം എന്ന വിപ്ലവകരമായ ചിന്തകൂടി ഈ രണ്ട് കവിതകളിലും ഒളിഞ്ഞിരിപ്പുണ്ട്. ശരീരത്തിലെ മറുക് വളരില്ല. എന്നാൽ മനസിലെ മറുക് വളരാതെ നോക്കണം എന്നതാണ് ഈ കവിതകളിലൂടെ നന്മയുടെ കാലത്തിൻ എന്നും നിൽക്കുന്ന കവി നമുക്ക് നൽകുന്ന ഉപദേശം.

ജീവിക്കുന്ന കാലഘട്ടത്തിലെ സാമൂഹ്യ-രാഷ്ട്രീയപ്രശ്നങ്ങളോട് സ്വന്തം കാഴ്ചപ്പാടിൽ പ്രതികരിക്കുകയും ജീർണ്ണതയ്ക്കും അപചയത്തിനുമെതിരായി സമരം ചെയ്യുകയും ചെയ്യുക എന്നത് കവിധർമ്മമായി ഈ കവിയും കാണുന്നുണ്ട്. അല്പം പോലും ദാഷിണ്യമില്ലാത്ത സാമൂഹ്യവിമർശനം തന്നെയാണ് താഹാ ജമാലിന്റെ കവിതകളുടെ മുഖമുദ്രയെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെ കാലത്തിനും ദേശത്തിനും ഉള്ളിൽ നിൽക്കാതെ സ്വതന്ത്രമായി പറന്ന് ‘പായിപ്പാട് ‘വിട്ട് പലപ്പോഴും കവി എല്ലായിടത്തും പറന്ന് എത്തുന്നുണ്ട്.

ചുറ്റുമുള്ളതെല്ലാം കാണാനും അറിയാനും പ്രതികരിക്കാനും കവി കാണിക്കുന്ന ശ്രദ്ധ പൂരപ്പറമ്പിലെ ആനയ്ക്ക് മദം പൊട്ടിയാൽ, പട്ടാമ്പിപ്പുഴ റോഡ്, പാഠം ഒന്ന് – പട്ടി ഒരു വിലാപം, ദേശപക്ഷികളോട് കലഹിക്കുന്ന ദേശാടനപ്പക്ഷികൾ തുടങ്ങിയ കവിതകളിൽ കാണാം. ഇതിലൊക്കെ വരികൾക്കിടയിൽ മൂർച്ചയുള്ള ആയുധങ്ങൾ ഒളിച്ചുവെക്കാതെ തെളിച്ചമുള്ള ആശയങ്ങൾ മുന്നിൽ നിർത്തി അത് പലരിലും എയ്തുകൊള്ളിക്കുന്നുണ്ട് കവി. തെരുവുനായ്ക്കൾ ഒരു സാമൂഹ്യപ്രശ്നമായി അടുത്തിടെ വളർന്ന് അങ്ങ് പാർലമെന്റിൽ വരെ കുരച്ചു ചാടിക്കയറുന്നതിന് മുൻപ് ആയിരിക്കാം പാഠം ഒന്ന്-പട്ടി ഒരു വിലാപം എന്ന കവിത താഹാ ജമാൽ ഒരുപക്ഷേ എഴുതിയത്. കവിതയിൽ പട്ടി ഒരു പ്രത്യയശാസ്ത്രപ്രശ്നവുമാണ്. പട്ടികളെ പേടിച്ച് നാട്ടുവഴിയിലിറങ്ങാത്ത എനിക്ക് ഈ കവിതയിലെ സാമൂഹ്യവിമർശനത്തേക്കാൾ പിടിച്ചത് കവിയുടെ രചനയിലെ മറ്റൊരു രസതന്ത്രമാണ്. പട്ടിസ്നേഹികൾ കോടതി കയറുന്നതും താഹാ ജമാലിന്റെ പള്ളിക്കൂടത്തിലെ കുട്ടികൾ പട്ടി ഒരു നന്ദിയുള്ള മൃഗമെന്ന്ചൊല്ലി പഠിക്കുന്നതുമല്ല ആ രസതന്ത്രം. ഒരു പട്ടിയുടെ പാഠത്തിലൂടെ രണ്ട് കാലഘട്ടത്തിലെ മനുഷ്യനെ വരച്ചുകാണിക്കാനും ആ വ്യത്യാസം അളന്ന് കുറിക്കാനും ഈ കവിതയിൽ താഹാ ജമാലിന് കഴിയുന്നുണ്ട് എന്നതാണ് രസം.

മറുക് എന്ന പുസ്തകത്തിലെ കവിതകളുടെ വരികൾ വെട്ടിക്കുഴിച്ച് എടുക്കുമ്പോൾ എനിക്ക് എന്റെ പത്തു വിരലിൽ കിട്ടുന്നതൊക്കെ പുറത്തെടുക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളു എന്നത് ഈ ലേഖനത്തിന്റെ ഒരു അപാകതയായി ഞാൻ തന്നെ കാണുന്നുണ്ട്. ഇതിലധികമുണ്ടാകും ഈ ആഴങ്ങളിൽ. അങ്ങോട്ട് ഇറങ്ങിപ്പോകാൻ കൂടുതൽ കൊതിക്കുന്ന വായനക്കാരൻ കുബേരനായിത്തന്നെ മാറും എന്നത് ഉറപ്പാണ്. ഇതിലെ ചില രചനകൾ നമ്മൾ വായിച്ച് അവിടെത്തന്നെ വെച്ചിട്ട് പോയേക്കാം. എന്നാൽ ചിലത് നമ്മൾ കൂടെ കൊണ്ടുപോകുക തന്നെ ചെയ്യും. മറ്റ് ചിലത് നമ്മളെ പിന്തുടരും.
എന്റെ പിന്നിൽ ‘മറുക്’ എന്നെ പിന്തുടരുന്നു. അത് ഒരു നല്ല അടയാളമാകട്ടെ . . . . . .

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.