25 C
Bangalore
December 17, 2018
Untitled

മറഞ്ഞിരിക്കുന്ന മന്ത്രവാദിനികൾ

ഈ കഥ ആദ്യം പറയുന്നത് പ്രണയ പൂക്കൾ കൊണ്ട് ആകാശം നിറച്ച ഗലീൽ ജിബ്രാൻ ആയിരുന്നോ അതോ അതിന് മുമ്പേ എവിടെയെങ്കിലും ഏതെങ്കിലും ജനവിഭാഗത്തിനിടയിൽ ഇതൊരു നടോടി കഥയായി പ്രചാരത്തിൽ ഉണ്ടായിരുന്നോ എന്നറിയില്ല. ഏതായാലും ഇരുപതാം നൂറ്റാണ്ടിലെ ജനപ്രിയ എഴുത്തുകാരിൽ അഗ്രിമ സ്ഥാനം അലങ്കരിക്കുന്ന പൌലോ കൊയിലോവിന്റെ ഒരു നോവലിൽ ഈ കഥ സന്ദർഭോചിതമായി പറയുന്നുണ്ട്. മൂല കഥാകാരൻ ആരു തന്നയായാലും ഈ കഥ എക്കാലവും ഒരു ക്ലാസ്സിക്കൾ പരിവേഷത്തോടെ വായനക്കാരനെ അകർഷിക്കും എന്ന കാര്യത്തിൽ സംശയമില്ല. പ്രത്യേകിച്ചും വർത്തമാനകാല സാമൂഹ്യ സാമ്പത്തിക, രാഷ്ട്രിയ പശ്ചാത്തലത്തിൽ ഈ കഥക്ക് ഏറെ പ്രസക്തിയുണ്ടെന്ന് നിങ്ങൾക്കും ബോധ്യമാകും.ഒരു പക്ഷെ നിങ്ങളും ഈ കഥ വായിച്ചതാകാം കേട്ടതാകം. എന്നാലും ചില കഥകൾ സമകാലീന പശ്ചാത്തലത്തിൽ വായിയിക്കുമ്പോൾ അതിന്റെ അർത്ഥതലങ്ങൾക്ക് പുതിയ സാധ്യതകൾ തെളിയുകയും പഴയ കഥയെങ്കിലും അതിന് നൂതനത്വം തോന്നുകയും പുതിയതൊന്നായി അനുഭവപ്പെടുകയും ചെയ്യും.

കൂടുതൽ വിശദികരങ്ങളിലേക്ക് നീങ്ങാതെ നമുക്ക് ആ കഥയിലേക്ക് കടക്കാം

പണ്ടൊരിക്കൽ ഒരു ഉഗ്രമന്ത്രവാദിനി ഒരു രാജ്യത്തെ നശിപ്പിക്കുവാനായി ആ രാജ്യത്തെ ജനങ്ങൾമുഴുവന് വെള്ളം കുടിക്കനുപയോഗിച്ചിരുന്ന പൊതു കിണറ്റിൽ ഒരു മാന്ത്രിക വിഷം കലർത്തുന്നു.ഇതൊന്നുമറിയാതിരുന്ന ജനങ്ങൾ പിറ്റേന്ന് ആ പൊതുകിണറ്റിലെ വള്ളം കുടിക്കുകയും കുടിച്ചവരൊക്കയും സ്വബോധമില്ലാതെ ഭ്രാന്തന്മാരെപോലെ പുലമ്പാനാരംഭിക്കുകയും ചെയ്തു.എന്നാൽ രാജാവും കുടുംബവും കൊട്ടരത്തിനകത്തെ മറ്റൊരു കിണറായിരുന്നു ഉപയോഗിച്ചിരുന്നത്.അതിനകത്ത് മന്ത്രവാദിനിക്ക് വിഷം കലർത്താൻ സാധിച്ചിരുന്നില്ല.അതിനാൽ രാജാവിനും കുടുംബങ്ങൾക്കും ഭ്രാന്ത് ഉണ്ടായില്ല.ജനങ്ങൾക്കെല്ലാം എന്തോ സംഭവിച്ചതായി രാജാവിനും റാണിക്കും മനസ്സിലായി.രാജാവ് ആകെ വിഷമത്തിലായി നാട്ടുകാർക്കെല്ലാം സുരക്ഷയും ആരോഗ്യവും ഉറപ്പു വരുത്താനായി പല ശാസനങ്ങളും പുറപ്പടുവിച്ച്‌ അവരെ നിയന്ത്രിക്കുവാൻ രാജാവ് ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരും സഹപ്രവർത്തകരും നീതിപാലകരും വിഷവെള്ളം കുടിച്ചിരുന്നതിനാൽ രാജാവിന്റെ ഉത്തരവുകൾ മനസ്സിലാക്കുവാനോ അനുസ്സരിക്കുവാനോ നടപ്പിലാക്കുവാനോ സാധിച്ചില്ല.അവർക്കെല്ലാം രാജാവിന്റെ കല്പനകൾ അസംബദ്ധമായാണ് തോന്നിയത്. കൽപ്പനകൾ കേട്ട നാട്ടുകാരെല്ലാം രാജാവിന് ഭ്രാന്തായി പോയെന്നും അതിനാലാണ് ഇത്തരം ജൽപ്പനങ്ങൾ പുറപ്പെടുവിക്കുന്നത് എന്നും കരുതി.

അവർ രാജാവിനെതിരെ പ്രക്ഷോഭം ആരംഭിക്കുകയും രാജധാനിയിലേക്ക് കൂട്ടമായി വന്ന് രാജാവ് സ്ഥാനമൊഴിയണമെന്ന് ആവിശ്യപ്പെടുകയും ചെയ്തു.രാജാവ് എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് തന്റെ ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും മനംമാറ്റാൻ ആവുന്നശ്രമങ്ങളൊക്കെ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ജനങ്ങളാൽ വെറുക്കപ്പെട്ട രാജാവ് ഒടുവിൽ സിംഹാസനം ഒഴിയാൻ തീരുമാനിച്ചു.രാജകുടുംബങ്ങൾക്ക് അതൊരു കനത്ത ആഘാതമായിരുന്നു.അവർ പലമാർഗ്ഗങ്ങളും ആലോചിച്ചു.ഒടുവിൽ ബുദ്ധിമതിയായ രാജ്ഞി രാജാവിന്റെ തീരുമാനത്തെ എതിർത്തുകൊണ്ട് പറഞ്ഞു ” എന്നാൽ നമുക്കൊരു കാര്യം ചെയ്യാം.. നമുക്കെല്ലാം ആ പൊതു കിണറ്റിലെ ഭ്രാന്തിന്റെ വെള്ളം കുടിക്കാം അപ്പോൾ നമ്മളും അവരെ പോലെ ഭ്രാന്തന്മാരായി പിച്ചും പേയും പറയാനാരംഭിക്കും. അപ്പോൾ നമുക്കുമവർക്കും തമ്മിൽ അഭിപ്രയഭിന്നതയോ കലഹമോ ഉണ്ടാകില്ലല്ലോ ?.രാജാവിന് റാണിയുടെ അഭിപ്രായം സ്വീകരിക്കാതെ മറ്റു മാർഗ്ഗമില്ലാന്നായി.അങ്ങനെ രാജാവും കുടുംബംഗങ്ങളും ഭ്രാന്തിന്റെ വെള്ളം കുടിക്കുകയും ഉടൻ തന്നെ അസംബന്ധങ്ങൾ പുലമ്പാൻ ആരംഭിക്കുകയും ചെയ്തു.ഒരിക്കൽ രാജാവിനെ എതിർത്തിരുന്നവർ രാജാവ് അറിവുള്ള ആളുകളെ പോലെ സംസാരിക്കുവാനും പ്രവർത്തിവാനും തുടങ്ങിയതോടെ അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കുകയും രാജാവിന് ശിഷ്ടകാലം സന്തോഷത്തോടും സംതൃത്തിയോടും ഭരിക്കാൻ സാധിക്കുകയും ചെയ്തു.

നാട് ശാന്തിയോടും സമാധാനത്തോടും സമൃദ്ധിയോടും പുലരുകായാണെന്ന് ജനം കരുതുകയും രാജവിനാകട്ടെ തന്റെ ഭരണകാലത്ത് യാതൊരു എതിർപ്പുകളോ കലാപങ്ങളോ നേരിടണ്ടി വരാതെ സുന്ദരമായി ഭരിക്കാനും സാധിച്ചു. യഥാ രാജ തഥാ പ്രജാ എന്നായിരുന്നു പഴമൊഴിയെങ്കിൽ അവിടെ യഥാ പ്രജാ തഥാ രാജ എന്ന പുതിയ കീവഴക്കങ്ങളാലോടെ എന്തോ ഒരു ജീവിതം നയിച്ചുപോകുകയും ചെയ്തു

കാലകാലങ്ങളിൽ ഇത്തരത്തിലോരോ വിഷവെള്ളം കുടിപ്പിച്ചു നായയെ നാരിയോ എന്നറിയാതെ ജീവിച്ചുപോകുന്ന, യഥാർത്ഥ സ്വത്വമെന്തെന്നറിയാതെ വഴി തെറ്റി പോകുന്ന നമ്മൾ പൊതുജനം കരുതുന്നത് നാമെല്ലാം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നു എന്നാണ്.ഇതെല്ലാം കണ്ടുംകേട്ടും ആഹ്ളാദിക്കുന്നൊരു ഗൂഢമന്ത്രവാദിനി നമ്മൾക്കിടയിൽ എവിടെയോ പതുങ്ങിയിരിപ്പുണ്ട് എന്നത് നാം മറന്നേ പോയിരിക്കുന്നു. നാം മറന്നേ പോയിരിക്കുന്നു……

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.